ഏഴാം ബഹർ: ഭാഗം 74

 

രചന: SHAMSEENA FIROZ

"ഇനി എന്ത് ചെയ്യും..? " മുന്ന രണ്ടുപേരോടുമായി ചോദിച്ചു.. "എന്ത് ചെയ്യാൻ..ഇന്ന് തന്നെ മടങ്ങാൻ വയ്യ..നല്ല ക്ഷീണം..ഒന്നു ഫ്രഷ് ആവണം..അല്പം മയങ്ങണം..ഇന്നലെ ഒന്നു കണ്ണടച്ചിട്ടില്ല..ഈ പിശാശ്ശിനെ തോളിലിട്ട് ഉറക്കലായിരുന്നു പണി.. ഏതായാലും ഇവളെയും കൂട്ടി ഇവിടേം വരെ വന്നത് അല്ലേ..ഇനി ഈ ബാംഗ്ലൂർ ഒന്നു മൊത്തത്തിൽ ചുറ്റി കറങ്ങിയിട്ടു തന്നെ മടങ്ങാo.. കല്യാണം കഴിഞ്ഞിട്ട് എവിടേം കൊണ്ട് പോയില്ലന്ന പരാതിയും ഉണ്ടാകില്ല പിന്നീട്..അല്ലേടി..? " അവൻ ചിരിയോടെ അവളെ നോക്കി.. "ആണോടാ..ദേ..കണവൻ ആണെന്നൊന്നും നോക്കില്ല.. കാലു മടക്കി ഒരു ചവിട്ടു വെച്ചു തന്നാൽ ഉണ്ടല്ലോ..മനുഷ്യൻമാരിവിടെ ടെൻഷൻ അടിച്ചു ചാവാറായി.. അന്നേരമാ അവന്റെയൊരു ചുറ്റി കറങ്ങൽ.. ഞാൻ എങ്ങും ഇല്ല..നീ ഒറ്റയ്ക്ക് അങ്ങ് ചുറ്റി കറങ്ങിയാൽ മതി.. വീട്ടീന്ന് ഇറങ്ങുമ്പോൾ എത്രവട്ടം പറഞ്ഞതാ ഞാൻ നിന്നോട് ക്ഷമ കാണിക്കണമെന്ന്.. ഉമ്മ എന്ത് പറഞ്ഞാലും നീ നിയന്ത്രിച്ചു നിക്കണമെന്ന്..ഉപ്പയും നിന്നോട് പറഞ്ഞത് അതുതന്നെയല്ലേ.. അതെങ്ങനെയാ.. ആര് പറയുന്നതും ഇഷ്ടമല്ലല്ലോ.. ഒന്നും കേൾക്കില്ലല്ലോ.. ഉമ്മാൻറെ മുന്നിൽ ഒന്നു ഒതുങ്ങി നിന്നാൽ എന്തായിരുന്നു നിനക്ക്..

മുന്ന സംസാരിച്ചതും വിളിച്ചതുമൊക്കെ നീ കേട്ടതല്ലേ.. അതുപോലെ ബഹുമാനത്തോടെ ആവാമായിരുന്നില്ലേ നിനക്കും.. എന്നാൽ ഇപ്പൊ ഉമ്മ വരില്ലായിരുന്നോ നമ്മടെ ഒന്നിച്ച്.. " "ഇല്ല..വരില്ലായിരുന്നു..കൂടെ വരാൻ വെച്ച കണ്ടിഷൻ നീയും കേട്ടതല്ലേ.. എന്റെ മമ്മയെ നീ ഇനിയും മുഴുവനായും അറിഞ്ഞിട്ടില്ല ലൈല..പിന്നെ മമ്മയുടെ മുന്നിൽ ഒതുങ്ങാൻ എന്നെ കിട്ടില്ല..കാരണം നീ ഇന്നലെ പറഞ്ഞത് തന്നെയാ.. വളർത്തിയതു ഡാഡ് ആണെങ്കിലും എനിക്ക് മമ്മയുടെ സ്വഭാവമാ.. ആ വയറ്റിൽ പിറന്നതിന്റെ ഗുണം ഞാൻ കാണിക്കാതെ നിക്കുമോ.. ആ അഹങ്കാരവും വാശിയുമൊക്കെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ ഒരംശമെങ്കിലും എനിക്ക് ഇല്ലാതെ ഇരിക്കുമോ..? " "കൊണ്ട് പോയി പുഴുങ്ങി തിന്നെടാ നിന്റെ ഈ അഹങ്കാരവും വാശിയുമൊക്കെ..ആർക്കും ഉപകാരമില്ലാത്ത ഈ സാധങ്ങളൊക്കെ ലോഡ് കണക്കിന് കൊണ്ട് നടക്കാൻ മാത്രം അറിയാം നിനക്ക്..നഷ്ടമല്ലാതെ ഒരു ലാഭവും ഇല്ല ഇതിനെക്കൊണ്ട് ഒക്കെ.. ഉമ്മയും കണക്ക്..മോനും കണക്ക്...

എങ്ങനെയാ വീട്ടിൽ പോകുക.. ഉമ്മനെയും കൊണ്ട് വരാമെന്നു ഉപ്പാക്ക് വാക്ക് കൊടുത്തതല്ലേ.. ഉപ്പ ഇപ്പൊ പ്രതീക്ഷിച്ചു നിക്കയായിരിക്കില്ലേ.. പാവം.. വിഷമം ആവൂലെ..? " "ഇല്ല..തീരെ ആവില്ല.. കാരണം ഡാഡ്നു മമ്മയെ അറിയാത്തത് ഒന്നും അല്ലല്ലോ..ഇവിടെ ഇതൊക്കെയെ സംഭവിച്ചു കാണുള്ളൂന്ന് ഡാഡ് ഊഹിച്ചിട്ട് ഉണ്ടാകും.അതോണ്ട് അമിതമായി പ്രതീക്ഷിച്ചിട്ടും ഉണ്ടാകില്ല.. " "പോടാ അവിടെന്ന്..നിന്നോട് ഒന്നും എന്ത് പറഞ്ഞിട്ടും കാര്യമില്ല.. എല്ലാം ഉണ്ടാക്കി വെച്ചിട്ടു നിൽക്കുന്ന നിൽപ് നോക്കിയേ.. ഒരു കൂസലുണ്ടോ പോത്തിന്.. എല്ലാം നിസ്സാരമാ..ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലെ നിനക്ക്.. നിന്റെ ഈ കളി ഞാൻ മാറ്റി തരാടാ.. കൊല്ലും നിന്നെ ഞാൻ ഇന്ന്.. " അവൾ ചവിട്ടി തുള്ളിക്കൊണ്ട് അവന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ നോക്കി.. "ഞാൻ പോകുന്നു..നിങ്ങടെ അടിപിടി കഴിയുമ്പോൾ വിളിക്ക്.. പോയിട്ട് പണിയുണ്ട്..മതില് ചാടിയാ വന്നത്..വൈകുന്നേരം ആകുന്നതിനു മുന്നേ തിരിച്ചു ചാടണം..ഏതു നേരം നോക്കിയാലും കാക്ക കൂട്ടിൽ കല്ലിട്ട അവസ്ഥ..

എന്ന് നന്നാവുമെടാ നിങ്ങള്..ഉമ്മാൻറെ പ്രശ്നമൊക്കെ പിന്നെ തീർക്കാം.ആദ്യം നിങ്ങളെ രണ്ടിന്റെയും ഇടയിലുള്ള പ്രശ്നം തീർക്ക്.. " "അതീ ജന്മത്തിൽ തീരില്ല..ഈ അടിപിടിക്ക് ഒരു അന്ത്യമില്ല. അതോണ്ട് അക്കാര്യത്തെ കുറിച്ച് സംസാരിച്ചു നീ ടൈം വേസ്റ്റ് ചെയ്യുകയേ വേണ്ട...ലേറ്റ് ആവുന്നെന്നല്ലേ പറഞ്ഞത്..നീ പൊക്കോ..ഞങ്ങളു നാളേം കൂടെ കാണും ഇവിടെ..." "നാളേം കൂടെയോ..അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ.. ഞാൻ പറഞ്ഞല്ലോ.. ഞാൻ ഇല്ല ഇവിടെ നിക്കാനും ചുറ്റാനുമൊന്നും..നാട്ടിൽ പോകാം.. എന്നിട്ടു ഉപ്പാനേം കൂട്ടി വരാം.. " "എന്റെ ലൈലാ..നീയും ഇങ്ങനെ വാശി കാണിക്കല്ലേ..ഇതിപ്പോ ഉമ്മനെയും ഇവനെയും ഒരുമിപ്പിക്കാൻ വന്നിട്ടു നീയും ഇവനും തല്ലി പിരിയുന്ന ലക്ഷണം ഉണ്ടല്ലോ.. " "ഇവള് ഇവിടെ ചീറ്റിക്കോണ്ട് നിക്കട്ടെ..നീ അത് കാര്യമാക്കണ്ട.. ഏതായാലും ഒറ്റയ്ക്ക് തിരിച്ചു പോകാനുള്ള ധൈര്യമൊന്നും ഇവള് കാണിക്കില്ല..വേറൊന്നും കൊണ്ടല്ല.. എന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടാനുള്ള ശക്തി ഇല്ല ഇവൾക്ക്..നീ വാ..റൂം നോക്കണം.." അവളൊരുത്തി ഉണ്ടെന്ന ഭാവം പോലും കാണിച്ചില്ല അവൻ.. മുന്നയെയും കൂട്ടി നടന്നു.. രണ്ടിന്റെയും കളി കണ്ടു മുന്നയ്ക്ക് വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു..

മുന്നോട്ടു നടക്കുന്നതിന്റെ ഇടയിൽ തിരിഞ്ഞു നോക്കി..അവൾ നിലത്തേക്ക് ആഞ്ഞു ചവിട്ടി ദേഷ്യം തീർക്കുന്നത് കണ്ടു..അതൂടെ ആയതും അവന്റെ ചിരി പൊട്ടിച്ചിരിയായി.. "പോടാ.. " "വരുന്നുണ്ടേൽ വാ...നിന്റെ കെട്ട്യോനെ നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ..പറഞ്ഞാൽ പറഞ്ഞതാ..വാശി കാണിച്ചു നിന്നാൽ ഇവിടെ കിടക്കും നീ.. ഇവൻ വിളിക്കാനോ കൂട്ടാനോ ഒന്നും വരില്ല.. അതോണ്ട് നിന്നു ചവിട്ടു നാടകം കളിക്കാതെ വേഗം വരാൻ നോക്ക്.." മുന്ന ചിരി നിർത്തിയിട്ടു അവളെ വിളിച്ചു..വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് അവൾ താജ്നെ പ്രാകിക്കൊണ്ടും പിറു പിറുത്തോണ്ടും ബാഗും തൂക്കി രണ്ടിന്റെയും പിന്നാലെ വിട്ടു.. ** ബാംഗ്ലൂർ സിറ്റി മുഴുവനും ചുറ്റി കറങ്ങി ഇഷ്ടമുള്ളത് ഒക്കെ നോക്കിയും വാങ്ങിച്ചുമൊക്കെ തിരിച്ചു റൂമിലേക്ക്‌ എത്തുമ്പോൾ നേരം പന്ത്രണ്ട് കഴിഞ്ഞിരുന്നു.. വന്നപ്പാടെ അവൾ മേലു കഴുകാൻ കയറി..അവൾ ഇറങ്ങിയതും അവൻ കയറി..നനഞ്ഞ മുടിയും കുടഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടത് ബെഡിൽ കാലും നീട്ടി ചാരിയിരിക്കുന്ന അവളെയാണ്..അവൻ കയ്യിലെ ടവൽ ഹാങ്ങറിലേക്ക് ഇട്ടു വന്നു ബെഡിൽ കയറി അവളുടെ മടിയിൽ തല വെച്ചു മലർന്നു കിടന്നു..

"നല്ലൊരുഗ്രൻ നൈറ്റ് സഞ്ചാരം കഴിഞ്ഞു വന്നിട്ടും നിന്റെ മുഖത്തൊരു തെളിച്ചമില്ലല്ലോ ഭാര്യേ..മ്മ്..എന്തുപറ്റി..? " "ഞാൻ ഉമ്മാനെക്കുറിച്ച് ആലോചിക്കുവായിരുന്നു..? " "എന്തിന്..നിനക്ക് എന്താ അതിന്റെ ആവശ്യം..? " "എന്താ അമൻ നീയിങ്ങനെ..? ഉമ്മാനെയും ഉപ്പാനെയും നിന്നെയും കുറിച്ച് അല്ലാതെ ഞാൻ വേറെ ആരെ കുറിച്ചാ ആലോചിക്കേണ്ടത്..ഉമ്മ സങ്കടം കൊണ്ടായിരിക്കും അങ്ങനൊക്കെ പെരുമാറിയത്..ഉമ്മാനെ സ്നേഹിച്ചിരുന്ന മകനെ ഉമ്മാക്ക് നഷ്ടപ്പെട്ടു പോയി..ജീവിച്ചിരിക്കുന്ന മകൻ ആണേൽ ഉമ്മാനെ സ്നേഹിക്കുന്നില്ല..ആ വേദന കാണാതെ ഇരിക്കുമോ ഉമ്മാക്ക്.. ഉപ്പാനെ കുറിച്ച് ഒന്നു ചിന്തിച്ചേ.. ഉമ്മ എത്ര അഹങ്കാരിയാണെന്ന് പറഞ്ഞാലും ഉമ്മാന്റെ തിരിച്ചു വരവ് ഉപ്പ ആഗ്രഹിക്കുന്നുണ്ടാകില്ലേ..ഉണ്ട് അമൻ..ആഗ്രഹിക്കുന്നുണ്ട്.. അത് കൊണ്ടല്ലേ നമ്മള് ഇങ്ങോട്ട് വരുമ്പോൾ എതിർക്കാതെ നിന്നത്.. സന്തോഷത്തോടെ പോയി വാന്നും നീ മമ്മയോടു വഴക്ക് ഒന്നും ഉണ്ടാക്കരുത് എന്നും ഉപ്പ പറഞ്ഞത്.."

"അതിന്..?? അതിനിപ്പോ ഞാൻ എന്ത് വേണമെന്നാ നീ പറയുന്നത്.. ഇന്നും അഹങ്കാരവും പത്രാസും കെട്ടിപ്പിടിച്ചിരിക്കുന്ന മമ്മയ്ക്ക് മുന്നിൽ എന്റെ ഡാഡ് തല കുനിക്കണം എന്നാണോ..? " "അമൻ..ഞാൻ..അതല്ല..ഉപ്പ തോൽക്കണമെന്നല്ലാ.. എന്നാലും.. ആരെങ്കിലും ഒരാൾ തോറ്റാൽ അല്ലേ വിജയം ഉണ്ടാകുകയുള്ളൂ..ഇല്ലേൽ ഒരുകാലത്തും വിജയം കാണാതെ ഇതിങ്ങനെ നീണ്ടു പോകുകയേയുള്ളൂ..ഒന്ന് താണ് കൊടുക്കുന്നത് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുകയും നഷ്ടപ്പെട്ടു പോയ സന്തോഷങ്ങൾ തിരികെ ലഭിക്കുകയും ചെയ്യുമെങ്കിൽ പിന്നെന്ത് കൊണ്ട് അതായിക്കൂടാ.. " "Enough Lailaa..നീ എന്താ പറഞ്ഞു വരുന്നതെന്നു എനിക്ക് വ്യക്തമായി..ഞാൻ ഡാഡ്നെ കൊണ്ട് വരണം..എന്നിട്ടു മമ്മയുടെ മുന്നിൽ കൊണ്ട് പോയി നിർത്തണം..നിങ്ങൾ ജയിച്ചെന്നും ഞങ്ങൾ തോറ്റെന്നും പറഞ്ഞു ഞാനും ഡാഡും മമ്മയ്ക്ക് മുന്നിൽ തല കുനിക്കണം..അതല്ലേ നീ പറഞ്ഞതിന്റെ അർത്ഥം..അതല്ലേ ഈ പ്രശ്നത്തിനുള്ള പരിഹാരം.. എന്നാൽ നീ കേട്ടോ..

അങ്ങനെയൊരു പരിഹാരം എനിക്ക് വേണ്ട..എന്റെ ഡാഡ് തോറ്റു കൊടുത്തിട്ടുള്ള ഒരു സൊല്യൂഷനോ സന്തോഷമോ ഒന്നും തന്നെ എനിക്ക് വേണ്ട..ഇത്രേം കാലം ഒറ്റയ്ക്ക് ജീവിച്ചില്ലേ.. ഇനിയങ്ങോട്ടും ജീവിക്കട്ടെ..ഒരു മകനേ മരിച്ചു പോയിട്ടുള്ളൂ.. മറ്റൊരു മകനും ഭർത്താവും ഇന്നും ജീവനോടെ ഉണ്ട്..എന്നിട്ടും മമ്മയ്ക്ക് അത് വേണ്ട..അഹങ്കാരം അല്ലേ..ഒറ്റയ്ക്ക് തന്നെ കഴിയട്ടെ.. അതോർത്തു നീ വിഷമിക്കണ്ട കാര്യമില്ല..ഇത് ലാസ്റ്റ് ആയിരിക്കണം..ഇനി വെറുതെ ഇക്കാര്യം പറഞ്ഞു നീ സമയം കളയണ്ട..കേൾക്കാൻ താല്പര്യമില്ല..ഇക്കാര്യത്തിൽ എനിക്ക് ഉണ്ടാകുന്ന ദേഷ്യം താങ്ങാൻ കഴിയില്ല നിനക്ക്.. അതുകൊണ്ടാ.. " അവൻ എണീറ്റു മാറിയിരുന്നു.. അവൾ ഒന്നും മിണ്ടുകയോ പറയുകയോ ചെയ്തില്ല..സങ്കടം വരുന്നുണ്ടായിരുന്നു.. ഇങ്ങനെ ആയാൽ എങ്ങനെയാ..? ഒരുകാലത്തും ഇവനും ഉമ്മയും ഒരുമിക്കില്ലേ.. റമിക്ക് കൊടുത്ത വാക്ക് പാഴ് ആയി പോകുമോ..? നിറഞ്ഞു വരുന്ന കണ്ണുകളെ വേഗം തുടച്ചു കളഞ്ഞിട്ടു അവൾ തലയിണ ബെഡിൻറെ ഒരു അറ്റത്തേക്ക് നീക്കി വെച്ചു..അവനെ നോക്കിയതേയില്ല. മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.. "എടീ.. " അവളുടെ മുഖം ഇരുണ്ടു കൂടിയത് അവൻ കണ്ടിരുന്നു..

സമാധാനിപ്പിക്കാൻ എന്നപോലെ നെറുകിൽ തലോടി വിളിച്ചു.. അവൾ അപ്പൊത്തന്നെ അവന്റെ കൈ തട്ടി മാറ്റി കളഞ്ഞു..എത്ര വല്യ സങ്കടത്തിൽ ആണേലും ദേഷ്യത്തിനു ഒരു കുറവുമുണ്ടാകില്ല അവൾക്ക്.. അവനൊരു ചിരിയോടെ വീണ്ടും തലോടി.. "ദേ..തൊടരുത് എന്നെ..." അവൾ നേരത്തെ ചെയ്തത് തന്നെ ചെയ്തു..എന്നിട്ടു അവനെ കാണണ്ടന്നും അവൻ തൊടണ്ടന്നുമുള്ള അർത്ഥത്തിൽ കമിഴ്ന്നു കിടന്നു.. "അല്ലാതെ തന്നെ ഏതു നേരവും നീ എന്നോട് ദേഷ്യപ്പെടലും മുഖം വീർപ്പിക്കലുമാണ്..ഇപ്പൊ ദേ ഇങ്ങനൊരു കാരണം കൂടിയായി.. നീ റമിയുടെ ആഗ്രഹത്തേയും അവന് കൊടുത്ത വാക്കിനെ കുറിച്ചും മാത്രമേ ചിന്തിക്കുന്നുള്ളൂ..എന്നെക്കുറിച്ച് ചിന്തിക്കുന്നില്ല..ഞാൻ തോറ്റു പൊക്കോട്ടെ എന്നാണോ..അതാണോ നിനക്ക് സന്തോ.... " അവനെ മുഴുവൻ ചോദിക്കാൻ സമ്മതിച്ചില്ല അവൾ..വേഗം മലർന്നു കിടന്നു അവന്റെ ചുണ്ടുകൾ പൊത്തി.. "നിന്നെ തോല്പ്പിക്കണമെന്നും നീ തോൽക്കണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു..അത് മാത്രം സ്വപ്നം കണ്ടിരുന്നൊരു ലൈല ഉണ്ടായിരുന്നു..എന്നാൽ ഇന്ന് അങ്ങനെയല്ല..നീ ഒരിടത്തും ആർക്ക് മുന്നിലും തോൽക്കുന്നത് എനിക്കിഷ്ടമല്ല..

ഈ എന്റെ മുന്നിൽ പോലും..എന്നും വിജയിച്ചു കാണണം..അതാ ആഗ്രഹം..ഈ വാശിയും അഹങ്കാരവും ചങ്കൂറ്റവും ആത്മാർത്ഥതയുമൊക്കെയാ നിന്നെ നീയാക്കുന്നത്...അതൊന്നും ഇല്ലെങ്കിൽ നീ നീയല്ല അമൻ..അല്ല.. താജ്..ആ പേരാ നിന്റെ രൂപത്തിനും ഭാവത്തിനും കൂടുതൽ ചേർച്ച..നിന്റെ ഉപ്പാന്റെ വീര പുത്രനാ നീ..എന്നും അങ്ങനെ തന്നെ ആയിരിക്കണം.. പക്ഷെ അമൻ..എനിക്ക് നിന്നെ മാത്രം പോരാ..നിന്റെ ഉപ്പ ഉമ്മ നിന്റെ കുടുംബം സുഹൃത്തുക്കൾ അങ്ങനെ എല്ലാവരെയും വേണം എനിക്ക്..ചെറുപ്പത്തിലെ ഉമ്മാനെ നഷ്ടപ്പെട്ടവളാ ഞാൻ..പിന്നീട് ഓർക്കാ പുറത്തൊരു നേരത്തു ഉപ്പാനെയും..സ്നേഹിച്ചും ആ സ്നേഹം അനുഭവിച്ചും കൊതി തീർന്നിട്ടില്ലായിരുന്നു.. അതുകൊണ്ട് എനിക്ക് വേണം ഒരു ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം..ഇപ്പോൾ ഉപ്പാന്റെ സ്നേഹം ആവോളം കിട്ടുന്നുണ്ട്.പക്ഷെ അത് സന്തോഷത്തോടെ,, സമാധാനത്തോടെ ആസ്വദിക്കാൻ കഴിയണമെങ്കിൽ ഉമ്മയും വേണം അരികിൽ.. ഇല്ലെങ്കിൽ അതിനൊരു സുഖമില്ല അമൻ..മനസ് നിറയില്ല.. അതുകൊണ്ടാ പറയണേ..ഒന്ന് മാറ്റി വെച്ചൂടെ ഈ വാശി..നിനക്ക് വേണ്ടേൽ വേണ്ട..ഉപ്പാക്കും എനിക്കും വേണ്ടിയെങ്കിലും..പ്ലീസ് അമൻ.. " അവളുടെ മിഴിനീർ ചെന്നിയിലേക്ക് ഇറങ്ങി..

മുഖത്ത് ഒരു കൊച്ചു കുഞ്ഞിന്റെ സങ്കടവും കെഞ്ചലും നിറഞ്ഞിരുന്നു..അത് കാണാൻ അവന് കഴിഞ്ഞില്ല.തന്റെ ചുണ്ടുകൾക്ക് മീതെ വെച്ചിരിക്കുന്ന അവളുടെ കൈ എടുത്തു കൈക്കുള്ളിൽ ആക്കി.. "ഉറങ്ങിക്കോ...രാവിലെ സംസാരിക്കാം നമുക്ക്... " അവൻ അവളുടെ ഇരു മിഴികളിലും ഓരോ മുത്തം കൊടുത്തു.. "പോരാ..രാവിലെ പോരാ..ഇപ്പൊ പറയണം നീ..എനിക്കിപ്പോ അറിയണം നിന്റെ തീരുമാനം... " "അതല്ലേ ഒരുവട്ടം പറഞ്ഞത്.. പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നതിൽ എനിക്ക് താല്പര്യമില്ലന്നു നിനക്ക് അറിയാമല്ലോ..വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട.. നീ ഉറങ്ങാൻ നോക്ക്.. " "എത്ര ദുഷ്ടൻമാരായ പുരുഷൻമാരും സ്വന്തം ഭാര്യമാർക്ക് മുന്നിൽ പാവങ്ങളാണ്..അവളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം അഹങ്കാരവും വാശിയുമൊക്കെ മാറ്റി വെച്ചു എന്തും ചെയ്തു കൊടുക്കും അവൾക്ക്.. പക്ഷെ നീ.. നീ മാത്രം എന്താ ഇങ്ങനെ..ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കൊരു മാറ്റവും ഇല്ലല്ലോ.. നിനക്ക് എന്നോട് സ്നേഹമാണെന്നൊക്കെ പറയുന്നത് വെറുതെയാ..നിനക്ക് സ്വാർത്ഥതയാ..എപ്പോഴും വലുത് നിന്റെ അഭിമാനമാ.. " "മോളെ...നീ എന്ത് പറഞ്ഞിട്ടും എത്ര ഫീലിംഗ്സ് ഇട്ടു അഭിനയിച്ചിട്ടും കാര്യമില്ല..ഇതൊന്നും എന്റെ അടുത്ത് ചിലവാകില്ല..

നിന്നോട് പ്രണയമാണ് സ്നേഹമാണെന്നതൊക്കെ നേര് തന്നെയാ..എന്നുകരുതി ഞാൻ നിന്റെ ചൊൽപടിക്ക് നിക്കുമെന്ന് നീ കരുതണ്ട..എനിക്ക് എന്റേതായ വ്യക്തിത്വവും തീരുമാനങ്ങളുമൊക്കെയുണ്ട്.. ആർക്ക് വേണ്ടിയും ഞാൻ അതൊന്നും മാറ്റില്ലന്നു നിനക്ക് നന്നായിട്ടറിയാം..പിന്നെന്തിനാ നീ വെറുതെ ഇതുതന്നെ പറഞ്ഞു നിന്റെ എനർജിയും സമയവുമൊക്കെ കളയുന്നത്... നല്ല ഭാഷയിലാ പറഞ്ഞത് ഉറങ്ങിക്കോളാൻ.. " "പോടാ തെണ്ടി..ഇനി നിന്നോട് ഞാൻ ഒന്നും പറഞ്ഞു വരില്ല.. അവസര വാദിയാ നീ..കാര്യം എത്തുമ്പോൾ കാലു മാറി..എനിക്ക് വാക്ക് തന്നത് നീ മറന്നു.. നീ ജയിച്ചു.. പക്ഷെ അതെന്നെ പറഞ്ഞു പറ്റിച്ചിട്ടും എന്നെ സങ്കടപ്പെടുത്തിയിട്ടും ആണെന്ന് മറക്കണ്ട നീ.. " അവൾ ദേഷ്യം കൊണ്ട് മുഖം തിരിച്ചു കളഞ്ഞു..തിരിഞ്ഞു കിടക്കാൻ നോക്കിയതും ഇങ്ങോട്ട് വാടിന്നും പറഞ്ഞു അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. "വേണ്ട..നെഞ്ചിലിട്ട് ഉറക്കിയിട്ടു നീയെന്നെ നിന്റെ വഴിക്കു കൊണ്ട് വരാമെന്ന് വിചാരിക്കണ്ട..എന്ന് എന്റെ ആഗ്രഹം സാധിച്ചു തരുന്നുവോ അന്ന് മതി നിന്റെ ഈ സ്നേഹമൊക്കെ.. " അവൾ അകന്ന് മാറാൻ ഒരുങ്ങി. അവൻ അനുവദിച്ചില്ല.അവളെ തന്നോട് ചേർത്തു പിടിച്ചു..

അവളുടെ ദേഷ്യം അടങ്ങാൻ അത് മതിയായിരുന്നു..അവന്റെ മാറിൽ തല ചായിച്ചു കിടന്നു.. "അമൻ...നീ ഇതൊക്കെ എന്നോട് ചുമ്മാ പറയുന്നത് അല്ലേ.. എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിട്ട്..? നാട്ടിൽ പോയാൽ നീ ഉപ്പാനെയും കൂട്ടി വരില്ലേ ഉമ്മാനെ കൊണ്ട് പോകാൻ..സത്യം പറാ..ഉമ്മാനെ ഇനിയും ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ നീ.. " "ഇനി ഇതേപറ്റി ഒരക്ഷരം മിണ്ടിയാൽ പിന്നെ നിന്റെ കിടത്തവും ഉറക്കവുമൊക്കെ ഈ നെഞ്ചത്ത് ആയിരിക്കില്ല.. അങ്ങ് തറയിൽ ആയിരിക്കും.ഒരൊറ്റ ചവിട്ടിനു താഴേക്കിടും ഞാൻ.. " അവൻ പറഞ്ഞു..അവളുടെ ഭാഗത്തുന്നു മറുപടിയായി കമന്നൊരു അക്ഷരം പോലും വന്നില്ല.. "അമൻ... " കുറച്ച് നേരം കടന്നു പോയിരുന്നു.. രോമം എന്തെന്ന് പോലും അറിയാത്ത അവന്റെ ഇഷ്ടിക കട്ട പോലുള്ള നെഞ്ചിൽ കളം വരച്ചോണ്ട് അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.. "എന്തെടി..? " "സ്വഭാവം മാത്രമല്ല..നിനക്ക് സൗന്ദര്യവും ഉമ്മാന്റേത് ആണല്ലേ കിട്ടിയത്..നിന്റെ അതേ കണ്ണാ ഉമ്മാക്ക്..അല്ല..ഉമ്മാന്റെ അതേ കണ്ണാ നിനക്ക്..ഉമ്മാനെ ആദ്യമായി കണ്ടപ്പോ ഞാൻ റമിയോടു ചോദിച്ചിരുന്നു നീയും ഉമ്മയും തമ്മിൽ ഒരു സാമ്യവും ഇല്ലല്ലോ..നിനക്ക് ഉമ്മാന്റെ ഭംഗി അല്ലല്ലോന്ന്...അന്ന് അവനൊന്നും പറഞ്ഞില്ല.പുഞ്ചിരിക്കുക മാത്രം ചെയ്തു..

ആ പുഞ്ചിരിയുടെ അർത്ഥം എന്താണെന്ന് ഇപ്പോഴാ മനസ്സിലായത്.." "മനസ്സിലായല്ലോ..ഇനി കിടന്നുറങ്ങ്.. എടീ..ഉറക്കം വന്നിട്ടു മേലാ..ഒന്ന് മിണ്ടാതെ കിടക്കടി..ഇനി വായ തുറന്നാൽ ഉണ്ടല്ലോ..അപ്പോ കാണിച്ചു തരാം നിനക്ക്.. " മറുപടിയായി അവൾ തല ഉയർത്തി നോക്കി..അവൻ കണ്ണുകൾ അടച്ചിരുന്നു..ശല്യം ചെയ്യാൻ ഒന്നും നിന്നില്ല..അവളും കണ്ണുകൾ അടച്ചു.. "ലൈലാ.. " അവന്റെ വിരലുകൾ തന്റെ നനഞ്ഞ മുടിയിഴകളിൽ കോർക്കുന്നത് അവൾ അറിഞ്ഞു.. പക്ഷെ ഒന്നും മിണ്ടിയില്ല.. "എടീ..ഉറങ്ങിയോ..? " "ഇല്ല.. " "പിന്നെന്താടീ കോപ്പേ മിണ്ടാത്തെ.." "ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്..നീയല്ലേ പറഞ്ഞെ ഇനി വായ തുറക്കരുത് എന്ന്.. " "ഓ..ഞാൻ പറയുന്നത് ഒക്കെ അക്ഷരം പ്രതി അനുസരിക്കുന്നവളല്ലേ..ഒന്ന് പോടീ ശവമേ അവിടെന്ന്.." "ഇത് പറയാൻ ആണോ വിളിച്ചെ..?" "അല്ല..മമ്മ അടിച്ചത് വേദനിച്ചോ നിനക്ക്.. "

"ആ..അത് പറയാനാ ഞാൻ മറന്നത്.. നീയും നിന്റെ മമ്മയും തമ്മിൽ ആകെ ഉള്ളൊരു വ്യത്യാസം എന്താണെന്ന് അറിയാമോ നിനക്ക്.. നിന്റെ കൈക്ക് കാരിരുമ്പിൻറെ ശക്തിയാ..പക്ഷെ നിന്റെ മമ്മയുടെ കൈക്കു ഒരു ചട്ടുകത്തിന്റെ ശക്തി പോലുമില്ല..നിന്റെ തല്ലിന്റെ പകുതിയുടെ പകുതിക്ക് പോലും ഇല്ലായിരുന്നു ഉമ്മാന്റെ തല്ല്.. അതോണ്ട് എനിക്ക് വേദനിച്ചതേയില്ല.." "നുണ പറയണ്ട..സത്യം പറാ..വേദനിച്ചിട്ടുണ്ടെങ്കിൽ മരുന്ന് തരാം.. " അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു.. "അയ്യടാ മോനെ..ആ പൂതി വെച്ചിട്ടാ ചോദിച്ചത് എന്ന് മനസ്സിലായി.. ഏതായാലും എനിക്ക് വേദനയൊന്നും ഇല്ല..അതോണ്ട് നിന്റെ മരുന്നും വേണ്ട..പൊന്നു മോൻ ഉറങ്ങാൻ നോക്ക്..ഇനി വായ തുറന്നു പോകരുത്..എനിക്ക് ഉറക്കം വരുന്നു.." അവൾ മുഖം ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു.. അവന്റെ ഇരു കൈകളും അവളെ പൊതിഞ്ഞു പിടിച്ചു..അവന്റെ നെഞ്ചിൻ ചൂടിൽ അവളൊരു പൂച്ച കുഞ്ഞിനെ പോലെ നിഷ്കളങ്കമായി ഒതുങ്ങി കിടന്നു ഉറക്കത്തിലേക്ക് വഴുതി.. ** രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ മുന്നിൽ കണ്ടത് ഒരു കപ്പും കയ്യിൽ പിടിച്ചു നിൽക്കുന്ന അവനെയാണ്.. "ഇത്ര വേഗം നേരം വെളുത്തോ..? " അവൾ ഒന്ന് മൂളിക്കൊണ്ട് കൈ രണ്ടും നിവർത്തി പൊട്ടിച്ചു മടിയോടെ എഴുന്നേറ്റിരുന്നു.. "ഇല്ലടി..നിനക്ക് വേണ്ടി സൂര്യൻ കാത്തു നിക്കും.. " "ഓ.. " "ഇതാ കോഫി.. " അവൻ കപ്പ് അവൾക്ക് നീട്ടി.. "ഇതെന്താ പതിവ് ഇല്ലാത്ത ശീലമൊക്കെ..

രാവിലെ എണീറ്റു കിച്ചണിലൊക്കെ കയറിയല്ലോ.. എനിവയ് സൂപ്പർ കോഫി " അവൾ കോഫി വാങ്ങിച്ചു ഒരു കവിൾ കുടിച്ചു.. "നിനക്ക് ബുദ്ധി ഇല്ലാത്തതാണോ അതോ ഇല്ലാത്തതായി അഭിനയിക്കുന്നതാണോ..? ഇവിടെ എവിടെയാടീ കിച്ചൺ ഉള്ളത്... ഇത് ഹോട്ടൽ റൂമാ..ആവശ്യമുള്ളത് ആവശ്യമുള്ള നേരത്ത് കിട്ടുമെന്ന് അറിഞ്ഞൂടെ..? " "ആണല്ലേ..? " അവൾ പല്ല് ഇളിച്ചു.. "ഇങ്ങനൊരു പോത്ത്.. " അവൻ പോകാൻ തുടങ്ങിയതും അവൾ കയ്യിൽ പിടിച്ചു.. "എന്താടീ..? " "നീ കുടിച്ചോ..? " "ഞാൻ കുടിക്കാതെ നിനക്ക് തരാൻ ഞാൻ മഹാത്മാ ഗാന്ധിയൊന്നുമല്ലാ.. " "അയ്യേ..അപ്പോ ഇത് നീ കുടിച്ചതാ...? " അവൾ കുടിച്ച കോഫി ഓക്കാനിക്കാൻ തുടങ്ങി.. "ദേ..ഒരൊറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലോ..രാവിലെതന്നെ എന്റെ കയ്യിന്നു വാങ്ങിച്ചിട്ടേ അടങ്ങു നീ.. " "ഇപ്പൊ തല്ലു ഒന്നും വേണ്ട.. വേണ്ടപ്പോൾ ഞാൻ ചോദിച്ചോളാം.. ഇപ്പൊ നീ ഇവിടെ ഇരി.. " അവൾ അവനെ പിടിച്ചു തന്റെ അരികിൽ ഇരുത്തി.. "പതിവ് ഇല്ലാത്ത ശീലം നിനക്ക് ആണല്ലോ..എന്താ മോളെ കാര്യം.. ഇന്നലെ തൊട്ടു ഭയങ്കര സ്നേഹമാണല്ലോ ഭാര്യയ്ക്ക്.. കാര്യം പറയ് മുത്തേ..എന്താ ഞാൻ ചെയ്തു തരേണ്ടത്.. " "അത് അമൻ..വേറൊന്നുമല്ല.. ഇന്നലെ പറഞ്ഞത് തന്നെയാ.. നമ്മള് ഇന്ന് പോകുവല്ലേ..

അതിന് മുന്നേ ഒന്നൂടെ ഉമ്മാന്റെ അടുത്ത് പോയാലോ.. ഒന്നൂടെ വിളിച്ചു നോക്കാം.. ഉമ്മ അത് തന്നെയാണ് പറയുന്നത് എങ്കിൽ ഇനി ഇതിനെ കുറിച്ച് ഞാൻ ഒരിക്കലും നിന്നോട് സംസാരിക്കില്ല..പ്ലീസ് അമൻ.. " അവൾ കപ്പ് അവന്റെ കയ്യിൽ കൊടുത്തു, അവനെ ഒട്ടി കൈ രണ്ടും അവന്റെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു.. "നിനക്ക് ദേഷ്യം വരാൻ വേണ്ടി പറയുന്നത് അല്ല ലൈല..മമ്മ വരില്ല..ഒരുവട്ടം കൂടെ ഞാൻ വിളിക്കാൻ ചെന്നെന്നാലും മമ്മ വരില്ല.. ഡാഡ് വരണം.. ഡാഡ് വന്നു വിളിക്കണം..എന്നാലേ മമ്മ വരുള്ളൂ..അതാ കണ്ടിഷൻ... കൊടുംങ്കാറ്റ് അല്ല..സുനാമി ആഞ്ഞടിച്ചാലും ആ കണ്ടിഷനിൽ നിന്നും മമ്മ മാറാൻ പോകുന്നില്ല.. നിന്റെ ഉള്ളം നിറയെ നന്മയാ.. എല്ലാവരുടെയും സന്തോഷമാ നീ ആഗ്രഹിക്കുന്നത്..അതിന് വേണ്ടിയാ എന്നോട് ഈ യാചന പോലും.. പക്ഷെ ലൈല.. നിനക്ക് തോന്നുന്നുണ്ടോ നീ കൊതിക്കുന്ന സ്നേഹവും സമാധാനവും എന്റെ മമ്മ നിനക്ക് തരുമെന്ന്..നിന്നെ മരുമകളായി അംഗീകരിച്ചു മാറോടു ചേർക്കുമെന്നാണോ നീ കരുതിയിരിക്കുന്നത്..ഇല്ലടീ.. അങ്ങനൊന്നു ഉണ്ടാകാൻ പോകുന്നില്ല..നിന്നെ എത്രത്തോളം അപമാനിക്കാനും കുത്തി നോവിക്കാനും കഴിയുമോ അത്രത്തോളം ചെയ്യും..

കൂടെ വരാനുള്ള കണ്ടിഷൻ ഡാഡ് വിളിക്കാൻ വരണം എന്നതാണെങ്കിൽ വീട്ടിലേക്ക് കയറാനുള്ള കണ്ടിഷൻ നീ ആ വീട്ടിൽ നിന്നും പടി ഇറങ്ങണമെന്നതായിരിക്കും.. നീ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം..അതുമാത്രമേ മമ്മ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ.. കണ്ടത് അല്ലേ ഇന്നലെ ഈ മഹർ വലിച്ചു പൊട്ടിക്കാൻ നോക്കിയത്.. " "ഇല്ല..അങ്ങനൊന്നും ഉണ്ടാകില്ല.. ഇതൊക്കെ നീ വെറുതെ ചിന്തിച്ചു കൂട്ടുന്നതാ.. " "ആയിക്കോട്ടെ..ഞാൻ ചിന്തിച്ചു കൂട്ടുന്നതാ..എന്നാലും എന്റെ തീരുമാനം മാറ്റാൻ ഞാൻ തയാറല്ലാ..നീ ചുമ്മാ ഇരുന്നു ചിണുങ്ങണ്ടാ..അതു കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാവാൻ പോകുന്നില്ല..അഥവാ ഈ തീരുമാനത്തിൽ ഒരു മാറ്റം ഉണ്ടെങ്കിൽ തന്നെ അത് വീട്ടിൽ എത്തി ഡാഡ്നെ കണ്ടു കാര്യങ്ങൾ സംസാരിച്ചതിന് ശേഷം മാത്രം ആയിരിക്കും.. വേഗം എണീറ്റു റെഡി ആവ്.. ഇപ്പൊത്തന്നെ ഇറങ്ങണം.. മാനേജർടെ കാൾ ഉണ്ടാരുന്നു.. നാളെയൊരു മീറ്റിംഗ് ഉണ്ട്.. ഒഴിവാക്കാൻ പറ്റില്ല.. കോടിക്കണക്കിനു രൂപയുടെ പ്രോഫിറ്റ് ഉള്ളതാ.. മാനേജരെ വെച്ചു അഡ്ജസ്റ്റ് ചെയ്യാമെന്നാ കരുതിയത്.. പക്ഷെ നടക്കില്ല.. ഞാനും നീയും എന്തായാലും വേണം..സോ പെട്ടെന്ന് നോക്ക്.. " അവൻ അവളുടെ രണ്ടു കയ്യും എടുത്തു മാറ്റി അവളുടെ കവിളിൽ ഒന്ന് തട്ടി എഴുന്നേറ്റു.. "മുന്നയോടു പറയണ്ടേ പോകുന്നത്." "അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. ഉറക്കം തൂങ്ങി ഇരിക്കാണ്ട് പോയി കുളിക്കടീ..ലേറ്റ് ആയാൽ ഇവിടെ വിട്ടിട്ടു പോകും ഞാൻ.. " അവൾ പിന്നെ ഇരുന്നു മൂളാനും തിരിയാനുമൊന്നും നിന്നില്ല.. എണീറ്റു ടവലും എടുത്തു കുളിക്കാൻ പോയി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...