ഹൃദയസഖി...♥: ഭാഗം 1

 

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"നിലാ...!!"പിറകിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ വെണ്ണില തിരിഞ്ഞ് നോക്കി... തന്നെ ലക്ഷ്യം വെച്ച് ചിരിയോടെ അടുത്തേക്ക് വരുന്ന ഹർഷനെ കണ്ടതും ചുണ്ടുകൾ അതിമനോഹരമായി ഒന്ന് പുഞ്ചിരിച്ചു.. "എങ്ങോട്ട് പോയി വരുവാ നീ...?!"അവളുടെ ഒപ്പം നടന്ന് കൊണ്ട് ഹർഷൻ ചോദിച്ചു... "ഞാൻ ഒന്ന് സത്യമാമന്റെ ചായക്കട വരെ പോയതാ... നിവ്യേച്ചി വന്നിട്ടുണ്ട്... ആൾക്ക് ഇഷ്ട്ടപ്പെട്ട മാമന്റെ ഉണ്ണിയപ്പം വാങ്ങാൻ പോയതാ... എന്റെ കൂടെ ചേച്ചിയും വരാൻ നിന്നതാ... ബാംഗ്ലൂരിൽ പോയിട്ട് മുടിക്ക് എണ്ണ ഒന്നും ഇടാറില്ലേ എന്നും പറഞ്ഞ് അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്നുണ്ട്..."കയ്യിലെ പൊതി ഉയർത്തി കാണിച്ച് കൊടുത്ത് കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു... "ആഹാ നിവ്യ വന്നിട്ടുണ്ടോ...?!"ആകാംഷയോടെ അവൻ ചോദിച്ചു... "ഹാ... അല്ല മാഷ് എവിടെ പോവുന്ന വഴിയാ... ഇന്ന് സ്കൂൾ ഇല്ലാത്തത് കൊണ്ട് നാട് കാണാൻ ഇറങ്ങിയതാണോ...?!"ചെറുചിരിയോടെ അവൾ ചോദിച്ചു... "ഞാനും നിന്റെ വീട്ടിലേക്കാ... ഹരീഷിനെ കാണാൻ വേണ്ടി ഇറങ്ങിയതാ...

എന്തായാലും വഴിയിൽ വെച്ച് നിന്നെ കണ്ടത് കൊണ്ട് കൂട്ടിന് ഒരാളായി.." ഇടുങ്ങിയ ആ വഴിയിലൂടെ ശ്രദ്ധയോടെ കാലുകൾ വെച്ച് കൊണ്ട് ഹർഷൻ പറഞ്ഞതും അവളിൽ വല്ലാത്തൊരു അനുഭൂതി പടർന്നു... വീട്ടിലേക്കുള്ള വഴിയിൽ ഉടനീളം ഹർഷൻ ചോദിക്കുന്നതിന് മാത്രം ഉത്തരം പറഞ്ഞ് കൊണ്ട് അവൾ നടന്നു... അല്ലെങ്കിലും ഉള്ളിൽ കൂട് കൂട്ടിയ ആളെ കാണുമ്പോൾ നാവിന് ചലനം നഷ്ടപ്പെട്ട് പോവും.. വേലി കൊണ്ട് കെട്ടിവെച്ച ഗേറ്റ് മെല്ലെ തള്ളി തുറന്ന് കൊണ്ട് അവൾ മുറ്റത്തേക്ക് കയറി... കയ്യിലെ പൊതി തിണ്ണയിൽ വെച്ച് കിണറ്റിനരികിൽ ചെന്ന് കാല് കഴുകി അകത്തേക്ക് കയറി... അതിന് മുന്നേ തന്നെ ഹർഷൻ അകത്തേക്ക് കയറിയിരുന്നു... നേരെ അടുക്കളയിലേക്ക് ചെന്ന് പിന്നാമ്പുറത്തെ തിട്ടയിൽ ഇരുന്ന് വെയിൽ കൊള്ളുന്ന നിവ്യയുടെ മടിയിൽ ചെന്നിരുന്നു... "ഉണ്ണിയപ്പം വാങ്ങിയോടി...?!" കൊതി കൊണ്ട് നിവ്യ ചോദിച്ചു.. "ആടി ചേച്ചിപ്പെണ്ണേ... നീ ഇവിടെ ഇരിക്ക് കുറച്ച് കഴിഞ്ഞ് തിന്നാം... എത്ര ദിവസത്തിന് ശേഷം ഒന്ന് കാണുന്നതാ... അതെങ്ങനെയാ നിനക്ക് ഇവിടെ ഒന്നും പറ്റില്ലല്ലോ അങ്ങ് ബാംഗ്ലൂരിൽ തന്നെ പോവണം എന്നും പറഞ്ഞ് വാശി പിടിക്കല്ലായിരുന്നോ..."പുച്ഛത്തോടെ മുഖം കോട്ടി കൊണ്ടവൾ മുഖം തിരിച്ചു... "ഹഹ... ഈ കുറുമ്പി പെണ്ണ് ദേഷ്യപ്പെടുമ്പോ എന്ത് ചേലാണെന്നോ...

"അവളുടെ താടി തുമ്പിൽ പിടിച്ച് കൊഞ്ചലോടെ നിവ്യ പറഞ്ഞതും അവളും ചിരിച്ച് പോയി... അങ്ങോട്ടേക്ക് വന്ന ഹർഷനും ഹരിയും കാണുന്നത് കളി പറഞ്ഞ് ചിരിക്കുന്ന ചേച്ചിയെയും അനിയത്തിയെയും ആണ്... രണ്ട് പേരും അവർക്ക് അരികിൽ ചെന്ന് നിന്നു... ഹർഷൻ കുറച്ച് നേരം നിവ്യയെ നോക്കി നിന്നു... കണ്മഷി കൊണ്ട് വേലി തീർത്ത ഉരുണ്ട കണ്ണുകൾ കഴുത്തറ്റം വരെ ഉള്ള കളർ ചെയ്ത മുടികൾ... മൂക്കിൽ കുഞ്ഞ് വെള്ളക്കൽ മൂക്കുത്തി... ചായം തേച്ച ചുവന്ന ചുണ്ടുകൾ... ഹൃദയം വല്ലാതെ മിടിച്ചു... "ആഹാ രണ്ടുപേരും ഇവിടെ കളിച്ച് നിൽക്കാണോ... ഇങ്ങ് വന്നേ രണ്ടും കൂടെ സമയം എത്രയായി എന്ന് കരുതിയിട്ടാ... ഭക്ഷണം ഒന്നും കഴിക്കേണ്ടേ...?? എണീറ്റെ എണീറ്റെ..."ഹരി രണ്ടുപേരോടും ആയി പറഞ്ഞതും രണ്ട് പേരും എണീറ്റു... അപ്പോഴാണ് നിവ്യ ഹർഷനെ കാണുന്നത്... ചിരിയോടെ അവനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു... നില വേഗം തന്നെ അകത്തേക്ക് പോയിരുന്നു...ഭക്ഷണം കഴിക്കുമ്പോൾ ഹരിയുടെ അപ്പുറവും ഇപ്പുറവും ആയി രണ്ട് കുഞ്ഞനുജത്തികൾ ഇടം പിടിച്ചു... അവരെ ചിരിയോടെ നോക്കി കൊണ്ട് ഹർഷൻ നിവ്യയുടെ അടുത്തുള്ള ചെയർ നീക്കി അവൾക്കരികിൽ ഇരുന്നു... നിലയുടെ നോട്ടം ഇടക്കിടക്ക് ഹർഷനിൽ പാറി വീണു...

തിന്നുമ്പോൾ താടിയിൽ രൂപപ്പെടുന്ന ഗർത്ഥങ്ങളെ അത്ഭുതത്തോടെ നോക്കി ഇരുന്നു... ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് ഹർഷൻ ഇറങ്ങി... തൂണിന്റെ മറവിൽ നിന്നും അവന്റെ രൂപം മറയുവോളം അവൾ നോക്കി നിന്നു... ചിരിച്ച് കൊണ്ട് നെറ്റിയിൽ സ്വയം അടിച്ച് കൊണ്ട് അവൾ റൂമിൽ കയറി കതകടച്ചു... ബാഗിൽ ഭദ്രമായി വെച്ചിരിക്കുന്ന ഡയറി എടുത്ത് തുറന്നു... ആദ്യ പേജിൽ തന്നെ തന്റെ കൈപ്പട കൊണ്ട് മനോഹരമായി വരഞ്ഞ ഹർഷന്റെ മുഖത്ത് ചുണ്ടുകൾ അമർത്തി... കുറച്ച് നേരം കണ്ണുകൾ അടച്ച് അവയെ മാറോട് അടക്കി പിടിച്ചു... ബുക്കിന്റെ നടുഭാഗത്തിൽ പേന എടുത്ത് മനോഹരമായി എഴുതി... "ഓരോ ഞൊടികളും നിൻ സാമീപ്യം ഞാൻ അറിയുന്നു...അറിയാതെ...!?"മുന്നിലേക്ക് വീണ കുറുനരികൾ പിന്നിലേക്ക് വകഞ്ഞ് മാറ്റി കൊണ്ടവൾ ജാലകപുറത്ത് കൂടെ പുറത്തേക്ക് മിഴികൾ പായിച്ചു... താനും തന്റെ പ്രണയവും നിറഞ്ഞ് നിൽക്കുന്ന ഒരു സ്വപ്ന ലോകത്തേക്ക് അവളുടെ മനസ്സ് കുതിച്ചോടി... _________❣️

"എടി ചേച്ചി ഞാൻ പോവാ...അമ്മാ ചേച്ചി നാളെ പോവില്ലേ... അല്ലെങ്കി ഞാൻ ഇന്ന് പോണില്യാ..."ചിണുങ്ങി കൊണ്ടവൾ ബാഗും എടുത്ത് അകത്തേക്ക് കയറാൻ നിന്നു... "ദേ പെണ്ണേ മടി കാണിച്ച് നിന്നാൽ ഉണ്ടല്ലോ... അടുത്ത മാസം അവൾക്ക് എക്സാം തുടങ്ങാ...സപ്പ്ളി എങ്ങാനും വാങ്ങി ഇങ്ങ് വാ... റിസൾട്ട്‌ വന്ന പിറ്റേന്ന് തന്നെ നിന്നെ കെട്ടിച്ച് വിടും നോക്കിക്കോ..."ശാസനയോടെ അവളുടെ അമ്മ പറഞ്ഞതും അരിച്ചരിച്ച് അവർക്ക് അരികിൽ വന്ന് നിന്നു അവൾ... "സത്യാണോ അമ്മാ..? എന്നാൽ ഞാൻ ഉറപ്പായിട്ടും സപ്പ്ളി വാങ്ങും കേട്ടോ... പിന്നെ ഇന്ന് ഞാൻ പോവുന്നും ഇല്ല..."ആകാംഷയോടെ പറഞ്ഞ് കൊണ്ടവൾ അകത്തേക്ക് കയറാൻ നിന്നു... "പ്ഫാ കുരുട്ടെ..."ഒറ്റ ആട്ടായിരുന്നു അമ്മ... കണ്ട വഴിയിലൂടെ ഓടി കൊണ്ടവൾ വരമ്പിൽ വെച്ച് അവർക്ക് കൊഞ്ഞനം കുത്തി കാണിച്ച് ഓടി... അവൾ പോവുന്നതും നോക്കി പൊട്ടിച്ചിരിച്ച് അമ്മയും നിവ്യയും നോക്കി നിന്നു... _________❣️

ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ നിലയുടെ കണ്ണുകൾ ആർക്കോ വേണ്ടി തിരഞ്ഞ് കൊണ്ടിരുന്നു... വഴിയിലൂടെ പോവുന്ന ഓരോ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുമ്പോഴും പ്രതീക്ഷയോടെ അങ്ങോട്ട് നോക്കും... സമയം ആയപ്പോൾ ബസ് വന്നു... കോളേജിലേക്ക് പോവുമ്പോഴും അവളുടെ ചിന്ത ഹർഷനിൽ ചുറ്റിപറ്റി ആയിരുന്നു... "ഇന്ന് മാഷേ കണ്ടില്ലല്ലോ... ഇന്ന് സ്കൂൾ ഉണ്ടല്ലോ... ഇനി പനിയോ മറ്റോ വന്നോ... ന്റെ ദേവ്യേ ഒന്നും ഉണ്ടാവരുതേ..." ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം അവളുടെ ചിന്ത ഇത് തന്നെ ആയിരുന്നു... കോളേജ് കഴിഞ്ഞതും വേഗം തന്നെ വീട്ടിലേക്ക് ചെന്നു... കുളിച്ചൊരുങ്ങി ഹർഷന്റെ വീട്ടിൽ ഒന്ന് പോയി വരാം എന്ന് കരുതി ഇരുന്നു അവൾ... "നിലക്കുട്ടി... നിന്റെ ആഗ്രഹം പോലെ നിന്റെ ചേച്ചിയേ കെട്ടിക്കാൻ പോവാ... ഇനി ഇവിടെ ഒറ്റക്ക് വിലസാമല്ലോ..."അടുക്കളയിൽ ചെന്ന് ഗ്ലാസിൽ ചായ ഒഴിക്കുമ്പോൾ ആണ് അമ്മ ഇക്കാര്യം പറഞ്ഞത്... സംശയത്തോടെ അവൾ അവരെ നോക്കി... "ഇന്ന് ഹർഷനും അവന്റെ അമ്മയും അച്ഛനും വന്നിരുന്നു...

നമ്മടെ നിവ്യയുടെ പഠനം അടുത്ത മാസത്തോടെ കഴിയാറായില്ലേ...അവന് അവളെ ഇഷ്ട്ടാണെന്നാ പറഞ്ഞേ... പഠനം കഴിഞ്ഞിട്ട് വീട്ടിൽ വന്ന് ചോദിച്ച് കല്യാണം നടത്താൻ അവരൊക്കെ കരുതിയിരുന്നത് ആണത്രേ... നമുക്ക് ഹർഷനെ അറിയുന്നതല്ലേ.. നല്ല മോനാ ഒരു കുറവും വരുത്താതെ ന്റെ കുട്ടിനെ നോക്കും.. ഒന്നും ആലോചിച്ചില്ല സമ്മതം പറഞ്ഞു... ലത ചേച്ചിയുടെ കയ്യിലെ ഒരു വള ഇട്ട് കൊടുത്ത് ഉച്ചഭക്ഷണവും കഴിച്ചാ അവർ ഇറങ്ങിയത്..."വാ തോരാതെ അമ്മ പറയുന്നതൊന്നും അവൾ കേട്ടിരുന്നില്ല... ഒരു തരം മരവിപ്പ് ശരീരം ആകമാനം വന്ന് പൊതിഞ്ഞു... തല വെട്ടിപൊളിയും പോലെ...!!റൂമിൽ ചെന്ന് ബെഡിൽ മുഖം അമർത്തി... ഉള്ളിലെ സങ്കടം പേമാരി കണക്കെ ആർത്തലച്ച് പെയ്തു... (തുടരും...) ഇഷ്ട്ടായോ...? അഭിപ്രായം പറയണേ...