ഹൃദയസഖി: ഭാഗം 16

 

രചന: SHAMSEENA

 അവൻ പോയതും മറഞ്ഞു നിന്നിരുന്നവളും തിരികെ ക്ലാസ്സിലേക്ക് തന്നെ പോവാനായി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അടിമുടി വിറച്ചു.. "നീയെതാ.. എന്തിനാ ഒളിച്ചു നിന്നെന്നെ വീക്ഷിക്കുന്നത്.. " ഗൗരവത്തോടെ സച്ചു ചോദിച്ചു.. "അത്.. ഞാൻ.. " "താളം ചവിട്ടാതെ പറയെടി.. " ഉച്ചത്തിൽ പറഞ്ഞതും ചിത്ര ഒരടി പിറകിലേക്ക് നീങ്ങി.. "ഞാൻ ഫസ്റ്റ് ഇയറിൽ ഉള്ളതാ..വെറുതെ ഇതുവഴി വന്നപ്പോൾ ചേട്ടനെ നോക്കി പോയതാ.. അല്ലാതെ മനപ്പൂർവം അല്ല.." ഒറ്റശ്വാസത്തിൽ പറഞ്ഞു.. "നിനക്ക് വെറുതെ നോക്കാൻ ഞാനെന്താ ഇവിടെ തുണിയില്ലാതെയാണോ നിൽക്കുന്നേ.. " സച്ചു വീണ്ടും അവളുടെ നേരെ ചീറി.. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അവൻ ശബ്ദം കുറച്ച് പല്ലിറുമ്മി.. ദൈവമേ,, പുലിമടയിൽ ആണോ ചെന്ന് പെട്ടത്.. ചിത്ര മനസ്സിൽ പറഞ്ഞു കൊണ്ടവനെ നോക്കി.. "അത് ചേട്ടനറിയില്ലേ,, തുണിയുണ്ടോ ഇല്ലയോ എന്ന്.. " "വിളച്ചിലെടുക്കല്ലേ.. ഞാൻ ആരാണെന്ന് അറിയില്ല നിനക്ക്.. " "എന്താടാ സച്ചു പ്രശ്നം.. " ആ സമയം അങ്ങോട്ട് വന്ന മാളു ഇരുവരുടേയും ഇടയിലേക്ക് കയറി നിന്നു.. "മാളു.. ഇവ.. " "ചേച്ചി.. ചേച്ചി..ഞാൻ പറയാം.. " സച്ചുവിനെ തടഞ്ഞുകൊണ്ട് ചിത്ര മുന്നിലേക്ക് വന്നു.. "ഞാൻ ഇവിടെ ബുക്സ് നോക്കുവായിരുന്നു..

അപ്പോഴുണ്ട് ഈ ചേട്ടൻ വന്നു അവിടെ കസേരയിലിരുന്നു.. ആരാണെന്നറിയാൻ ഞാൻ ചുമ്മാ നോക്കിയതാ.. അതിനിങ്ങേരെന്നെ കടിച്ചു കീറാൻ വന്നു.." "ഡീ... പുല്ലേ,, ഒരു കീറങ്ങ് വെച്ചു തരും ഞാൻ.. " സച്ചു അവളുടെ നേരെ കൈമുട്ട് മടക്കി ഓങ്ങി.. "കണ്ടോ,,, കണ്ടോ.. " "നീയൊന്നടങ്ങിക്കെ സച്ചു.. " മാളു ചിത്രയെ കണ്ണുകൾ കൂർപ്പിച്ചു നോക്കി.. പ്ലീസ് എന്നെ എങ്ങനെയെങ്കിലും ഒന്ന് ഈ കാലന്റെ കൈയിൽ നിന്നും രക്ഷിക്കൂ എന്ന ഭാവത്തോടെ ചിത്ര അവളെ ദയനീയമായി തിരിച്ചു നോക്കി.. മാളു ചിരിയടക്കി പിടിച്ചു കൊണ്ട് സച്ചുവിന് നേരെ തിരിഞ്ഞു.. "അത് വിട്ടേക്കെടാ.. പാവം കൊച്ചാ,, എനിക്കറിയാവുന്നതാ.. നീ വന്നേ.. " അവൾ സച്ചുവിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.. "നീ വിട്ടേ മാളു.. " പുറത്തേക്കെത്തിയതും അവനവളുടെ കൈ കുടഞ്ഞെറിഞ്ഞു അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്കിരുന്നു.. "നീയൊന്നടങ്ങെടാ.. എന്തിനാപ്പൊ ഇത്രയും ദേഷ്യം.. " പതിയെ അവന്റെ തോളിൽ കൈ വെച്ചു.. "ഇതല്ലേ നീ പറഞ്ഞ ആ വിളഞ്ഞ വിത്ത്.. "

"ആണല്ലോ.. എങ്ങനെയുണ്ട് ഐറ്റം.. അടിപൊളിയല്ലേ.." "മ്മ്.. പിന്നെ,,, ഇങ്ങനെയാണെങ്കിൽ അവൾക്ക്‌ അടി കൊള്ളും.. " "സച്ചു..അതൊരു പാവമാ ഡാ.. ഈ കാണുന്ന കുസൃതിയൊക്കെ ഉള്ളൂ.." "കുസൃതി കാണിക്കാൻ അവളെന്താ കൊച്ചു കുട്ടിയല്ലേ... നീയേ അവളോട് പറഞ്ഞേക്ക് പ്രേമം കോപ്പ് എന്നൊന്നും പറഞ്ഞു എന്റെ പിറകേ വരേണ്ട എന്ന്.." അവനവിടെ നിന്നും ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.. മാളു ഒന്ന് ദീർഘശ്വാസം വിട്ടു കൊണ്ട് തിരിഞ്ഞതും പിന്നിൽ ഇതെല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന ചിത്രയെ കാണുന്നത്.. അവളുടെ നിറഞ്ഞ കണ്ണുകളിൽ അവൾ തന്നെ തന്നെയാണ് കണ്ടത്.. പണ്ട് താനും ഇത് പോലെയായിരുന്നല്ലോ..ഒരിറ്റ് സ്നേഹത്തിന് വേണ്ടി എത്രയോ തവണ ശിവേട്ടന്റെ പിറകേ നടന്നിരിക്കുന്നു.. അവൾ ചിത്രയെ അടുത്തേക്ക്‌ വിളിച്ചു.. "വിഷമായോ.. " "ഇതെല്ലാം പ്രതീക്ഷിച്ചിട്ടു തന്നെയാണ് ചേച്ചി ഞാൻ ഇതിനിറങ്ങിയത്..." നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.. "അവനങ്ങനെയാ.. പക്ഷെ എന്റെ പ്രണയത്തിന് ഫുൾ സപ്പോർട്ട് ആയിരുന്നുട്ടോ.. അവന്റെ ഒരാളുടെ പ്രാർത്ഥന കൊണ്ടാവും എന്റെ പ്രണയം വിജയിച്ചതെന്ന് എനിക്ക് തന്നെ ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.." മാളു ശിവയോടുള്ള പ്രണയവും തുടർന്നുണ്ടായതും എല്ലാം ചിത്രയോട് പറഞ്ഞു..

"ഇപ്പോൾ പ്രണയിച്ചു നടക്കേണ്ട സമയമല്ലല്ലോ,, അതായിരിക്കും അവനിങ്ങനെ പറഞ്ഞത്... സാരല്ല പോട്ടെ.. അവനെ എനിക്കറിയാം.. ഉള്ളിൽ ആരോടും വെറുപ്പും വൈരാഗ്യവും വെച്ചു നടക്കുന്ന ആളൊന്നും അല്ല..ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.." മാളു പറഞ്ഞപ്പോൾ അനുസരണയോടെയവൾ തലയാട്ടി.. "ഇനി ഇതുപോലെ ഒളിച്ചു നോക്കി അവന്റെ മുന്നിൽ പോയി ചാടേണ്ട കേട്ടല്ലോ.. ഇപ്പൊ ക്ലാസ്സിലേക്ക് ചെല്ല്.." ചിത്ര അവളെയൊന്ന് നോക്കി അവിടെ നിന്നും എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു.. **** "കഴിഞ്ഞോ ആശ്വസിപ്പിക്കൽ .. " "ആശ്വസിപ്പിക്കലോ.. " "ആ..എന്തൊക്കെയോ പറയുന്നതും കണ്ണീര് തുടച്ചു കൊടുക്കുന്നതുമൊക്കെ കണ്ടല്ലോ.." സച്ചു പരിഹാസത്തോടെ പറഞ്ഞു.. "എനിക്കവളെ കണ്ടപ്പോൾ എന്നെ തന്നെ ഓർമ വന്നു.. ഞാനും ഇങ്ങനെ അല്ലായിരുന്നോ.. ശിവേട്ടൻ ഒന്ന് പ്രണയത്തോടെ നോക്കാൻ എങ്കിലും വേണ്ടി എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചിരിക്കുന്നു.. " "അതിന്.. " "അതിനൊന്നുമില്ല.. നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.. "

മാളു പിണങ്ങി തിരിഞ്ഞിരുന്നു.. "മാളൂ..മാളൂസേ.. നീ പിണങ്ങിയോടി.." സച്ചു പിന്നിലൂടെ ചെന്നവളെ കെട്ടിപിടിച്ചു.. "വിട്ടേ സച്ചു.. അവഗണനയുടെ വേദനയൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. അത് അനുഭവിച്ചു തന്നെ അറിയണം.." ശബ്‍ദം ഇടറുന്നുണ്ടായിരുന്നു.. "എടാ.. എനിക്കവളോട് വിരോധമൊന്നും ഉണ്ടായിട്ടല്ല.. അവളിപ്പോൾ ഫസ്റ്റ് ഇയർ അല്ലേ.. ഇപ്പോഴേ പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു നടന്നാൽ പഠിത്തത്തിൽ ഉഴപ്പും അതാണ് ഞാൻ അവളെ അവഗണിച്ചത്.." കൈ എടുത്തു മാറ്റി അവന്റെ നേരെ തിരിഞ്ഞു.. "നിന്നോട് ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ,, എനിക്കൊരു പെൺകുട്ടിയോട് പ്രണയം ഉണ്ടെന്ന്.." മാളു ഓർത്തെടുക്കാൻ ശ്രമിച്ചു.. ഒരിക്കലെങ്ങോ പറഞ്ഞിട്ടുണ്ട്.. പത്തിലോ മറ്റോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.. അവനെന്താ പറയുന്നതെന്നറിയാൻ മാളു കാതോർത്തിരുന്നു.. "പത്തിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു..കാലോത്സവത്തിന്റെ അന്ന് നൃത്തം പകുതിയിൽ വെച്ചു മറന്നു പോയിട്ട് സ്റ്റേജിൽ നിന്ന് കരഞ്ഞൊരു പെൺകുട്ടിയേ പറ്റി..

എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ലെന്നും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ ഉറക്കം കെടുത്തുന്നു എന്നും പറഞ്ഞു ഞാൻ കരഞ്ഞത് ഓർക്കുന്നുണ്ടോ..ആ കുട്ടിയാണ് ഈ കുട്ടി..എന്റെ വർഷങ്ങളായുള്ള പ്രണയം.." "എന്താ.. " മാളു വിശ്വാസം വരാതെ ചോദിച്ചു.. "സത്യമാടി..ഫ്രഷേഴ്‌സ് ഡേ ക്ക്‌ ഇവളെ കണ്ടപ്പോൾ എനിക്ക് എവിടെയോ കണ്ട പരിചയം തോന്നി..അവളറിയാതെ പലപ്പോഴും അവളെ പിന്തുടർന്നു.. പിന്നീട് ആർട്സ് ഡേയുടെ അന്ന് കലോത്സവത്തിന് കളിച്ച അതേ നൃത്തം അവൾ വീണ്ടും ചെയ്തപ്പോഴാണ് എനിക്ക് ഓർമ വന്നത്.. പിന്നീട് പലപ്പോഴും അവളെന്നെ വീക്ഷിക്കുന്നതായി തോന്നി.. എങ്കിൽ ഈ ഒളിച്ചു കളി തുടരട്ടെ എന്ന് ഞാനും വിചാരിച്ചു.." സച്ചുവിന്റെ തുറന്നു പറച്ചിലിൽ വായും പൊളിച്ചിരിക്കുന്നുണ്ട് മാളു.. "അടച്ചു വെക്ക് ഈച്ച കയറും.. " മാളു വാ അടച്ചു നേരെ ഇരുന്നു.. "എട ഭീകരാ.. ഇത്രയൊക്കെ ഫ്ലാഷ് ബാക്ക് ഉണ്ടായിട്ടും നീയെന്നോട് പറഞ്ഞില്ലല്ലോ.. അറ്റ്ലീസ്റ്റ് ഇന്നലെ ഞാൻ പറഞ്ഞപ്പോഴെങ്കിലും.." അവൾ പരിഭവിച്ചു..

"നിങ്ങൾ രണ്ടാളും ഏത് വരെ പോകുമെന്ന് നോക്കിയതല്ലേ ഞാൻ.. ഇനി നീയിത് അവളോട് പോയി പറയുവൊന്നും വേണ്ടാ.. ഇപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കട്ടെ.. അവസരം വരുമ്പോൾ ഞാൻ തന്നെ അവളോട് പറഞ്ഞോളാം.." "പ്രപോസ് ചെയ്യാനാണല്ലേ കള്ള തിരുമാലി.." "അങ്ങനേയും പറയാം.. " മുഖത്ത് നാണം വരുത്തി കൊണ്ടവൻ പറഞ്ഞു.. "അയ്യടാ. അവന്റെ ഒരു നാണം.. ചില സത്യങ്ങൾ പുറത്ത് വന്ന സ്ഥിതിക്ക് ഇന്നത്തെ ഫുൾ ചിലവ് നിന്റെ വക കേട്ടല്ലോ.." "പൊന്നുമോളെ ചതിക്കല്ലേ.. എന്റെ കൈയിൽ പത്തു രൂപ പോലും തികച്ചെടുക്കാൻ ഇല്ല.." "അങ്ങനെയാണെങ്കിൽ ഞാനിതെല്ലാം ചിത്രയോട് പറഞ്ഞു കൊടുക്കും.. കാണണോ നിനക്ക്‌.." "അയ്യോ വേണ്ടാ.. എന്താന്ന് വെച്ചാൽ ഞാൻ ചെയ്യാം പോരെ.. " തൊഴുതുകൊണ്ട് പറഞ്ഞു.. "അങ്ങനെ വഴിക്ക് വാ.. " "അല്ല മാളു..നീയറിഞ്ഞോ ശിവേട്ടന് വീട്ടിൽ കല്യാണാലോചന നടക്കുന്നുണ്ട്.. ഇന്ന് അമ്മാവന്മാരും അച്ഛനും കൂടി ജ്യോൽസ്യന്റെ അടുത്ത് പോവുന്നുണ്ട് ശിവേട്ടന്റെ ജാതകം നോക്കാൻ.. നിങ്ങടെ കാര്യം നമുക്ക് വീട്ടിൽ പറഞ്ഞാലോ.."

ദൂരേക്ക് നോക്കി കൊണ്ട് സച്ചു പറഞ്ഞു .. "അത് വേണ്ടടാ.. ശിവേട്ടൻ എന്നെ മറന്ന് വേറെ ഒരാളെ കെട്ടുകയൊന്നും ഇല്ല.. പിന്നെ വീട്ടിൽ പറയുന്ന കാര്യം,, അതിന് സമയമാവുമ്പോൾ പറയാം.. ഇപ്പൊ ഇങ്ങനെയൊക്കെ പോട്ടെ.." "അതല്ല മാളു..അഭിയേട്ടന്റെ അമ്മ ഇങ്ങനൊരു ആലോചന മുന്നോട്ട് വെച്ച സ്ഥിതിക്ക് എത്രയും പെട്ടന്ന് നമുക്ക് വീട്ടിൽ പറയുന്നതല്ലേ നല്ലത്..." "നിനക്കെന്താ പേടിയുണ്ടോ.. ശിവേട്ടൻ എന്നെ ഉപേക്ഷിച്ചു പോകുമെന്ന്.." മാളു ചിരിയോടെ ചോദിച്ചു.. "അതൊന്നും അല്ല.. വീട്ടുകാർക്ക് നിങ്ങളെ തമ്മിൽ കെട്ടിക്കാൻ ആഗ്രഹമുണ്ടായിരുന്നേൽ അന്നവിടെ ഇങ്ങനൊരു ആലോചന നടന്നപ്പോഴേ അവർ ഈ കാര്യം പറഞ്ഞേനെ.. ഇതിപ്പോ അത് പറയാത്ത സ്ഥിതിക്ക്.. " "ഒന്നും സംഭവിക്കില്ലെടാ.. നിന്റെ ഏട്ടത്തിയമ്മയായി ഞാൻ തന്നെ വരും.. എന്നിട്ട് വേണം നിന്നെയൊക്കെ നിലക്ക് നിർത്താൻ.. " മാളു കുറുമ്പോടെ പറഞ്ഞപ്പോൾ സച്ചു ചിരിച്ചെങ്കിലും അവന്റെ ഉള്ളിൽ അരുതാത്തതെന്തോ സംഭവിക്കാൻ പോവുന്ന പോലൊരു ഭയം ഉണ്ടായിരുന്നു.. തന്റെ മാളുവിനെ വിഷമിപ്പിക്കുന്ന ഒന്നും സംഭവിക്കരുതേ.. ഈ ചിരി എന്നും അവളുടെ മുഖത്തുണ്ടാവണേ... മനസ്സുകൊണ്ടവൻ അവൾക്കായി പ്രാർത്ഥിച്ചു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...