ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 45

 

എഴുത്തുകാരി: റീനു

ഇഷയിൽ നിന്നും ഒരു മോചനം നേടാൻ, അവൻ മനസ്സിൽ ചിന്തിച്ചു കഴിഞ്ഞിരുന്നു... വീണ വീട്ടിലേക്ക് പോയതിനുശേഷം രണ്ടിൽ ഒന്ന് തീരുമാനിക്കണമെന്ന നിലയിലാണ് അനന്തുവിന്റെ വീട്ടിലേക്ക് നടന്നത്. രണ്ടുമൂന്നു ദിവസമായി വീട്ടിൽനിന്നും മറ്റെവിടെയും പോവാതെ ഷെഡ്ഡിൽ തന്നെ ഇരിക്കുകയായിരുന്നു അനന്ദു... കുറച്ചുദിവസങ്ങളായി ഒറ്റപ്പെട്ടതുപോലെ ആണ് അവന് തോന്നിയത്, അവളുടെ സംസാരവും സാന്നിധ്യവും ഇല്ലാതായതോടെ ദുരിതത്തിൽ അകപ്പെട്ട പോലെ അവനു തോന്നി... കിരൺ ആണെങ്കിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ്, പാലക്കാടോ മറ്റോ ജോലിക്ക് പോയതാണ്, അവിടെ വച്ച് കണ്ടു മുട്ടിയതാണ്... അതിനുശേഷം പെൺകുട്ടിക്കൊപ്പം ഉള്ള സെൽഫികൾ അയച്ച് തരലാണ് അവന്റെ പ്രധാന പണി... ഒരുമിച്ച് ഉണ്ടായപ്പോൾ അതുപോലെ ഒന്ന് എടുക്കാൻ സാധിച്ചില്ലല്ലോന്ന് ഒരു നിമിഷം അനന്ദു ഓർത്തു.. ഒറ്റയ്ക്കാകുമ്പോൾ കണ്ടുകൊണ്ടിരിക്കാൻ വേണ്ടിയെങ്കിലും ഒരുമിച്ച് ഒരു ചിത്രം വേണമായിരുന്നു..പ്രാണനിൽ പ്രണയത്തിന്റെ മഴ പെയ്യിച്ചവൾ.. ശലഭസാന്നിധ്യമായി തന്നിലേക്ക് ചേക്കേറിയവൾ, പറയാതെ തന്നിലേക്ക് ഒഴുകിയെത്തിയവൾ അവളില്ലായ്മ തന്നെ ഉലച്ചു തുടങ്ങി... പ്രാണന്റെ ശ്വാസം ആയവൾ. എവിടെയാണ് പ്രിയദെ നീ....? ഹൃദയം തേങ്ങി തുടങ്ങി. സംസാരിക്കുമ്പോൾ പലവട്ടം ഒരു ശല്യമായി തോന്നിയിട്ടുണ്ട്, വേറെ പണിയൊന്നും ഇല്ലാതെയാണോ തന്നെ വിളിക്കുന്നത് എന്ന് പോലും ആലോചിച്ചിട്ടുണ്ട്,

പക്ഷേ ആ സംസാരം ഇല്ലാതെ ആയപ്പോഴാണ് അത് എത്ര പ്രിയപ്പെട്ടതായിരുന്നു മനസ്സിലാക്കുന്നത്, ഉള്ളിൽ പടർന്ന കുളിര് ആയിരുന്നു ആ സ്വരം... എത്രയോ വട്ടം തന്റെ വഴികളിൽ അവൾ തന്നെ കാത്തു നിന്നു അന്നൊന്നും ഒന്ന് നോക്കിയിട്ട് പോലും ഇല്ല... ഇന്ന് അങ്ങനെ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു... തെന്നലിന്റെ സ്പർശം പോലും അവളുടെ ചുംബനങ്ങളെ ഓർമ്മിപ്പിക്കുന്നു... ഓർമകൾ അത്രമേൽ നിർമ്മലമാണല്ലോ....!അവന്റെ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു... പെട്ടെന്നാണ് ഇടവഴിയിലൂടെ വിവേക് കയറി വീട്ടിലേക്ക് നടന്നു വരുന്നത് അവൻ കണ്ടത്, ഒരു നിമിഷം അവനിൽ ദേഷ്യവും വെറുപ്പും ഒക്കെ തോന്നി.... പെട്ടെന്ന് തന്നെ അവൻ ഷെഡിൽ നിന്നും എഴുന്നേറ്റ് അവൻ അരികിലേക്ക് നടന്നു, അനന്ദു നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ വിവേക് അകത്തേക്ക് കയറാതെ വീടിനടുത്തുള്ള വഴിയിലേക്ക് ഇറങ്ങി.... " താനെന്താ ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത്...? അല്പം ദേഷ്യത്തോടെ ആയിരുന്നു വിവേക്കിന്റെ സംസാരം, അതും കൂടി കേട്ടതോടെ അനന്തുവിന് ശരീരത്തിലേക്ക് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി... " ഞാൻ തനിക്ക് കോൺട്രാക്ട് എഴുതി ഒപ്പിട്ട് തന്നിട്ടുണ്ടോ താൻ വിളിക്കുമ്പോൾ എല്ലാം ഞാൻ ഫോൺ എടുക്കാം എന്ന്.. വിവേകിനു അവന്റെ മറുപടിയിൽ കോപം ഇരച്ചു കയറി... " നീ എന്താണ് വിചാരിച്ചത്...? എന്നെ അങ്ങ് പൊട്ടൻ ആക്കാമെന്നോ ...? അല്പം ദേഷ്യത്തോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചാണ് വിവേക് പറഞ്ഞത്,

ഒരു നിമിഷം അനന്തുവിന് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല... തന്റെ കഴുത്തിൽ കയറി പിടിച്ചവന്റെ കൈ എടുത്ത് ആ നിമിഷം തന്നെ വലിച്ചെറിഞ്ഞു കളഞ്ഞിരുന്നു, അതിനുശേഷം അവന്റെ വലംകൈ കയ്യിൽ വിവേകിന്റെ കവിളിൽ പതിച്ച് കഴിഞ്ഞിരുന്നു.... " ഇത് എന്തിനാണെന്ന് അറിയോ കെട്ടാൻ പോകുന്ന പെണ്ണിനെ ചതിക്കാൻ മറ്റൊരുത്തനെ കൂട്ടുപിടിച്ചതിന്.... ഒന്ന് ചിന്തിക്കാൻ അവസരം നൽകാതെ അടുത്ത നിമിഷം തന്നെ ഇടത്തെ കവിളിലും അടുത്ത പ്രഹരം ലഭിച്ചിരുന്നു, " ഇത് എന്തിനാണെന്ന് അറിയാമോ നിന്റെ ജോലിക്കാരനെ പോലെ വന്ന് എന്നോട് ഓർഡർ ഇട്ടതിന്, എന്റെ ശരീരത്തിൽ പിടിച്ചതിന്... " ഡാ ###** മോനെ.... നീ സൂക്ഷിച്ചോ എന്നെ അടിച്ച ഒരു അടിയും നിനക്ക് ഞാൻ തിരിച്ചു തരും... ദേഷ്യത്തോടെ ആണ് വിവേക് പറഞ്ഞത്, " ഒന്ന് പോടാ... " നിനക്കെന്നെ അറിയില്ല... " എനിക്ക് നിന്നെ അറിയാം സ്വന്തം കൂടെപ്പിറപ്പിനെ പോലും കൂട്ടി കൊടുക്കാൻ മടിയില്ലാത്ത ഒരു പിമ്പ് ആണെന്ന്. ഇനി കേട്ടുനിൽക്കാൻ പറ്റില്ലെന്ന് വിവേകിന് തോന്നിയിരുന്നു, "പ്ഫാ നായെ എന്ത് പറഞ്ഞെടാ.... ആ നിമിഷം തന്നെ വിവേകിന്റെ കൈകൾ ഉയർന്നതും അനന്ദു മറുകൈയ്യാൽ ആ കൈകൾ തടുത്തിരുന്നു... " നീ ആണാണെങ്കിൽ എന്നെ അടിക്കടാ.... ദേഷ്യത്തോടെ വിവേകിന്റെ അരികിലേക്ക് നിന്നുകൊണ്ട് അനന്ദു പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ദേഷ്യം ഒരു നിമിഷം വിവേകിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു....

ഇപ്പോൾ അവനുമായി ഒരു ഏറ്റുമുട്ടൽ നടക്കുകയാണെങ്കിൽ ഈ നാട്ടിൽ ഇത്ര വർഷമായി താൻ ഉണ്ടാക്കിയെടുത്ത നല്ല പേരിനെ അത് ബാധിക്കും, ഒന്നും നോക്കാൻ ഇല്ലാത്തവനാണ്, ഇത്രനാളും നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവൻ മറ്റുള്ളവർക്ക് മുൻപിൽ തുറന്നു പറഞ്ഞാൽ പാളി പോകാൻ പോകുന്നത് തന്റെ പദ്ധതികളാണ്.. ഇപ്പോൾ സംയമനം പാലിക്കേണ്ടത് താനാണെന്ന് വിവേകിന് തോന്നിയിരുന്നു, " എന്താ നിന്റെ പ്രശ്നം..? നീ എല്ലാം സമ്മതിച്ചതല്ലേ, അതുകൊണ്ടല്ലേ ഞാൻ തന്നെ വിളിച്ചത്... അല്പം ശാന്തതയോടെ വിവേക് പറഞ്ഞപ്പോൾ അവൻ കളംമാറ്റി ചവിട്ടാൻ തുടങ്ങി എന്ന് അനന്ദുവിന് മനസ്സിലായി, " നിനക്ക് പറ്റില്ലെങ്കിൽ അന്ന് പറയണമായിരുന്നു അല്ലാതെ എല്ലാ സമ്മതിച്ചതിന് ശേഷം വൃത്തികെട്ട പരിപാടി കാണിക്കരുത്.... " എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല, ഇനിമേൽ ഒരു കാര്യത്തിനും നീ എന്നെ കാണാൻ വന്നേക്കരുത് ...ഞാൻ തെറ്റ് ചെയ്തു തെണ്ടിത്തരം കാണിച്ചു, പക്ഷെ അത് നിന്നോട് അല്ല, ഒക്കെ തിരുത്തി കൊണ്ടിരിക്കുവാ ഞാൻ... അത്രയും പറഞ്ഞു അനന്ദു മെല്ലെ നടന്നു, നടക്കാൻ തുടങ്ങിയപ്പോൾ കൈകൊട്ടി വിവേക് വിളിച്ചു.... " എന്താടാ അവളോട് നിനക്ക് ദിവ്യപ്രേമം തുടങ്ങിയോ...? അതോ പ്രേമത്തിന്റെ പേരിൽ നീ അവളെ നന്നായിട്ട് തന്നെ കണ്ടോ...?

അതുകൊണ്ടാണോ ഇപ്പൊ അവളെ നിനക്ക് മറക്കാൻ പറ്റാത്ത, മറക്കാൻ പറ്റാത്ത അത്ര എന്ത് സുഖം ആണ് അവൾ നിനക്ക് നൽകിയത്..? എനിക്ക് മനസ്സിലായി നിനക്ക് അവളോട് പ്രേമം ആണെന്ന്, അതുകൊണ്ട് എങ്ങനെയെങ്കിലും എന്നെ അകറ്റാൻ നോക്കുക ആണെന്ന് മനസ്സിലായി, ഇനി എനിക്ക് അറിയേണ്ടത് പ്രേമത്തിനും അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ആണ്... അത് അറിഞ്ഞില്ലെങ്കിൽ നാളെ എനിക്ക് ഒരു കൊച്ചു ഉണ്ടായാൽ അതിന് നിന്റെ മുഖച്ഛായ വല്ലതും വന്നാൽ ഞാൻ വെറുതെ കോടതിവരാന്തയിൽ കേറി ഇറങ്ങണം എന്ന് കരുതിയാണ്.. "പ്ഫാ ചെറ്റേ... ഒറ്റച്ചാട്ടത്തിന് തന്നെ അനന്ദു അവന്റെ കഴുത്തിനു പിടിച്ച് ഭിത്തിയിലേക്ക് ചേർത്തുനിർത്തി.... ഒരു നിമിഷം ശ്വാസം കിട്ടുവാൻ പോലും ബുദ്ധിമുട്ട് തോന്നിയിരുന്നു വിവേകിന്, അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുകയും അനന്ദുവിന്റെ കൈ വിടുവിക്കുവാൻ ശ്രമിക്കുകയും ചെയ്തു.... പക്ഷേ അവന്റെ ശക്തിക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ വിവേകിന് സാധിച്ചിരുന്നില്ല, അവസാനം കണ്ണുതള്ളി തുടങ്ങിയ നിമിഷമാണ് അനന്ദു കൈ അയച്ചത്... " മേലാൽ അവളെ പറ്റി എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... പിന്നെ പറയാൻ നിനക്ക് നാവ് ഉണ്ടാവില്ല, എനിക്ക് പ്രേമമാട... ഞാൻ കെട്ടുന്നുണ്ടെങ്കിൽ അവളെ മാത്രമായിരിക്കും കെട്ടുന്നത്, പിന്നെ ഞാൻ അവളെ കെട്ടിയില്ലെങ്കിലും നിന്നെക്കൊണ്ട് ഞാൻ അവളെ കെട്ടിക്കില്ല, ഈ ലോകത്ത് ആര് സ്വന്തമാക്കിയാലും നിനക്ക് അവളെ കിട്ടില്ല ...

എനിക്ക് ജീവനുണ്ടെങ്കിൽ അതിനു ഞാൻ സമ്മതിക്കില്ല, ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ നിന്നെ കൊല്ലാൻ ഞാൻ മടിക്കില്ല.... അവൾക്കുവേണ്ടി അത്രയേങ്കിലും എനിക്ക് ചെയ്യണം... ഇനി നിന്റെ നിഴല് പോലും അവളുടെ കൺവെട്ടത്ത് ഉണ്ടാവാൻ പാടില്ല, ഞാൻ ഇത് വെറും വാക്ക് പറയുന്നതല്ല... ഈ ലോകത്ത് എനിക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് നിന്നോടാ.... അതുപോലെ എനിക്ക് ഏറ്റവും കൂടുതൽ കടപ്പാടുള്ളതും നിന്നോട് തന്നെയാണ്... അതിന് കാരണം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നീയാണ്... നീ ഇല്ലായിരുന്നെങ്കിൽ അവളുടെ സ്നേഹം എനിക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല... ആ ഒരു പരിഗണന കൊണ്ട് മാത്രം നിന്നെ ഞാൻ കൊല്ലാതെ വിടുന്നത്, ഇനി എന്നെ കാണാൻ വരരുത്, ഒന്നാമത് ഞാൻ സമനില തെറ്റി നിൽക്കുന്ന സമയത്ത് എന്നോട് ഒരുമാതിരി വൃത്തികെട്ട വർത്തമാനം പറയാൻ ആണ് നീ വരുന്നെങ്കിൽ നിന്റെ അവസാനമാണ്... അത്രയും പറഞ്ഞ് ഒന്നും മിണ്ടാതെ അനന്തു അകത്തേക്ക് കയറി പോയപ്പോൾ വിവേക് തകർന്ന അവസ്ഥയിലായിരുന്നു.... ഇനി എന്ത് ചെയ്യണമെന്നും എവിടെനിന്നു തുടങ്ങണമെന്നും അവൻ മനസ്സിൽ ചിന്തിക്കുകയായിരുന്നു.... ©©© പിറ്റേന്ന് രാവിലെ മോന് പനി ആയതുകൊണ്ട് തന്നെ ദീപ്തി ആശുപത്രിയിലേക്ക് കുഞ്ഞിനേയും കൊണ്ട് പോയിരുന്നു, അവൾക്കൊപ്പം തന്നെ സുഭദ്രയും ആശുപത്രിയിലേക്ക് പോയി.... ഒരു നിമിഷം അവൾക്ക് അനന്ദുവിനെ കാണാൻ തോന്നി,

പക്ഷേ ഫോൺ പോലും ഇല്ല അവനെ ഒന്ന് വിളിച്ചു പറയാൻ, ലാൻഡ് ഫോൺ ലോക്ക് ആണ്... അപ്പുറത്ത് സൂരജ് ചേട്ടനും ഇല്ല, അവസാനം രണ്ടും കൽപ്പിച്ച് അവൾ മുറിയിൽ ചെന്ന് ഒരു ചുരിദാർ എടുത്തിട്ടു... അതിനുശേഷം വീട് പൂട്ടി, അനന്തുവിന്റെ വീട്ടിലേക്കുള്ള വഴി ഏകദേശം അറിയാം എന്നതുകൊണ്ട് തന്നെ വീട് ലക്ഷ്യമാക്കി നടന്നു... അവിടേക്ക് ചെന്നാലും താനാരാണെന്ന് പറയുമെന്ന് യാതൊരു ഊഹവും അവൾക്ക് ഉണ്ടായിരുന്നില്ല, ഉച്ചസമയമായത് കൊണ്ട് തന്നെ അധികം ആളുകൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല, ഒരു കോളനിയിലാണ് അവൻ താമസിക്കുന്നത് എന്ന് മാത്രമായിരുന്നു അവൾക്ക് അറിയാമായിരുന്നത്... അറിയാവുന്ന വിവരങ്ങൾ വച്ച് അവൾ അവിടേക്ക് നടന്നു, വഴിയിൽ നിന്ന് സിഗരറ്റ് വലിക്കുന്ന രണ്ടു മൂന്നു പുരുഷന്മാർ അവളെ കണ്ടു കൂക്കി വിളിക്കുവാനും കമന്റ് അടിക്കുവാൻ ഒക്കെ തുടങ്ങിയപ്പോൾ ഒരു വല്ലായ്മ അവൾക്ക് തോന്നിയിരുന്നു... പക്ഷെ ഉള്ളിൽ അവനെ കാണണം എന്ന മോഹം തിരതല്ലുകയാണ്... കുറച്ച് ദൂരം നടന്നപ്പോൾ ബൈക്കുമെടുത്ത് അവർ പുറകെ വരുന്നത് അവൾ കണ്ടു... അവളോട് മോശം കമന്റുകൾ പറഞ്ഞ വളരെ പതുക്കെ ബൈക്കുമായി അവർ പുറകെ വരുന്നത്, ഒരു നിമിഷം അവൾക്ക് ഭയം തോന്നിത്തുടങ്ങിയിരുന്നു, പെട്ടെന്നാണ് വിഷ്ണുവിന്റെ സഹോദരിയെ പറ്റി അവൾ ഓർത്തത്... അരികിൽ കണ്ട വീട്ടിലേക്ക് അവൾ കയറിയപ്പോൾ പെട്ടെന്ന് അവർ ബൈക്ക് വിട്ട് പോയിരുന്നു...

അവിടെ വീട്ടുമുറ്റത്ത് മുളക് ഉണക്കികൊണ്ടിരുന്ന സ്ത്രീയുടെ അരികിൽ ചെന്ന് അവൾ ചോദിച്ചു, " ആന്റി ഈ അമൃതയുടെ വീട് എവിടാ...? " അമൃതയോ..?ഏത് അമൃത..? കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... " ഞാൻ ഈ നാട്ടിൽ തന്നെ ഉള്ളത് ആണ്... അമൃത എന്റെ കൂടെ പഠിക്കുന്നത് ആണ്.. അമ്പിളി എന്ന് പറഞ്ഞ ആന്റിയുടെ മോളാണ് അമൃത.. " ഓ നമ്മുടെ ലോറികാരന്റെ ഭാര്യ അമ്പിളിയുടെ മോൾ... "ആ പെണ്ണിന് മോളെക്കാൾ പ്രായം കുറവാണല്ലോ... " എന്റെ കൂടെ പഠിക്കുന്ന അല്ല, ഞാൻ അവളുടെ സീനിയർ ആയിട്ട് പഠിക്കുന്നത്... സ്കൂളിലെ ഒരു ആവശ്യത്തിന് വേണ്ടിയാണ്,എവിടെയാണ് വീട്... " ഈ വയല് കഴിഞ്ഞുള്ള വഴി ഇറങ്ങി കുറച്ച് അങ്ങോട്ട് പോകുമ്പോൾ ഒരു കനാൽ കാണാം അതിന്റെ ഇപ്പുറത്തെ വീട് ആണ്... " ശരി ആന്റി....! അവൾ അവർക്ക് നന്ദി പറഞ്ഞ് അവിടേക്ക് നടന്നപ്പോൾ, അവരുടെ കണ്ണുകൾ അവൾക്ക് നേരെ നീളുന്നുണ്ടായിരുന്നു അവൾ പറഞ്ഞതൊന്നും അവർ വിശ്വസിച്ചിട്ട് ഉണ്ടായിരുന്നില്ല.. ...... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...