ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 59

 

എഴുത്തുകാരി: റീനു

അതെ സർ.... ഇതിനെപ്പറ്റി ഒന്നും ഈ നിമിഷം വരെ അനുവേട്ടൻ അറിഞ്ഞിട്ടില്ല... അവളുടെ ആ വെളിപ്പെടുത്തലിൽ അവൻ നടുങ്ങി പോയിരുന്നു, ഒരു രീതിയിലും തന്റെ പേര് എവിടെയും വരാതിരിക്കാൻ ശ്രദ്ധിച്ചാണ് അവൾ ഓരോ വാക്കുകളും പറയുന്നത്... അവന്റെ കണ്ണിൽ നിന്നും എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ ധാരയായി ഒഴുകി... ആൾക്കൂട്ടത്തിനിടയിൽ നിന്നും നിറഞ്ഞ ഒരു ജോഡി കണ്ണുകൾ അവൾ കണ്ടിരുന്നു.... പക്ഷേ മനപ്പൂർവം അവൾ അവന്റെ മിഴികളെ അവഗണിച്ചു, എന്നാൽ ഇത്രയും സങ്കീർണമായ ഒരു അവസ്ഥയിൽ അവളെ ഒറ്റയ്ക്ക് നിർത്താൻ അവനിലെ പ്രണയിക്ക് സാധിക്കുമായിരുന്നില്ല, അവൻ കിതച്ച് അകത്തേക്ക് കയറി, ഒരു നിമിഷം പോലീസുകാരുടെ എല്ലാം ശ്രദ്ധ അവനിലേക്ക് ആയി... "നിങ്ങൾ ആരാ....? ആരാ ഇയാളെ അങ്ങോട്ട് കയറ്റി വിട്ടത്.... ദേഷ്യത്തോടെ അരികിൽ നിന്ന് പോലീസുകാരോട് എസ് ഐ ചോദിച്ചു "ഞാൻ അനന്ദു... ഒരുവിധത്തിൽ വിക്കി അവൻ മറുപടി പറഞ്ഞു, " ഓ ഈ കുട്ടിയുടെ ബോയ്ഫ്രണ്ട് അല്ലേ...? " അതെ " ഇവിടെ എന്താ നടന്നത് എന്ന് താൻ അറിഞ്ഞോ...? മറുപടി പറയാതെ അവളുടെ മുഖത്തേക്ക് മാത്രം ഉറ്റുനോക്കിയവൻ...

എന്ത് പറയണമെന്ന് പോലും അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൻ, " അറിഞ്ഞോന്ന്..? ഒരിക്കൽ കൂടി എസ്ഐ ചോദിച്ചു... യാന്ത്രികമായി അവൻ തലയാട്ടി " നീ ഇത്രയും നേരം എവിടെയായിരുന്നു...? ഒരു ശാസന സ്വരത്തോടെ ആയിരുന്നു എസ്ഐ അത് ചോദിച്ചിരുന്നത്.. " ഞാൻ കൂട്ടുകാരൻറെ വീട്ടിൽ പോയതാ, "എന്തിനാ അവൻ അവളുടെ മുഖത്തേക്ക് നോക്കി, താൻ പറഞ്ഞതൊന്നും മാറ്റി പറയരുത് എന്ന് ഒരു അഭ്യർത്ഥന ആ മുഖഭാവത്തിൽ നിറഞ്ഞുനിന്നത് കണ്ടു, ആ കണ്ണുകൾ അവനോട് കേഴുന്നത് പോലെ... "കുറച്ചു പണം വാങ്ങാൻ.... അവളിൽ നിന്നും ദൃഷ്ടി മാറ്റിയാണ് അവൻ അത് പറഞ്ഞത്, മനസ്സാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണെന്ന് അറിയാമായിരുന്നു, പക്ഷേ താൻ അത് മാറ്റി പറഞ്ഞാൽ അവൾ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം തനിക്ക് അവൾക്ക് നൽകാൻ സാധിക്കില്ലന്ന് അവനു തോന്നിയിരുന്നു... അത്രയെങ്കിലും അവൾക്കു വേണ്ടി താൻ ചെയ്യേണ്ടേ..? "നീയും ഇവളും തമ്മിൽ സ്നേഹത്തിലായിരുന്നോ...? "അതെ സർ.. " നീ വിളിച്ചിട്ടാണോ അവൾ വന്നത്, " അതേ സർ " പിന്നെ എന്തായിരുന്നു നിങ്ങളുടെ പ്ലാൻ " ഇവിടെ നിൽക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല,

ഇവളെ കൊണ്ട് എവിടേക്കെങ്കിലും പോകാനാണ് തീരുമാനിച്ചത്.. "എവിടേക്ക് പോവാൻ..? " പാലക്കാട്, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തിരുന്നു.. "പാലക്കാട് എവിടെ "ഒറ്റപ്പാലം " അവിടുത്തെ രജിസ്റ്റർ ഓഫിസിൽ വിളിച്ചു ചോദിക്കണം സത്യമാണോന്ന് അറിയണമല്ലോ എസ് ഐ നിർദ്ദേശിച്ചു... " ഇന്ന് രാവിലെ 10 മണിക്ക് രജിസ്റ്റർ ചെയ്യാം എന്ന് കരുതിയത്, അതിനുശേഷം എങ്ങോട്ടെങ്കിലും പോകണം എന്നോർത്തു, തമിഴ്നാട്ടിലേക്കൊ കർണാടകയിലേക്കൊ.. "എന്നിട്ട്.. " ഡിഗ്രിയും പിജിയും പാസായത് ആണ് ഞാൻ... പിന്നെ അത്യാവശ്യം ഡിപ്ലോമ ഒക്കെ പഠിച്ചിട്ടുണ്ട്, അതുകൊണ്ട് അവളെ എങ്ങനെയെങ്കിലും നോക്കാമെന്ന് ഓർത്തു, "മ്മ്.. എന്ത് വിശ്വസിച്ച് ആണ് ഇവളെ ഇവിടെ ഒറ്റയ്ക്കാക്കി നീ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയത്, " അത് പിന്നെ... ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് നമ്മൾ കരുതില്ലല്ലോ, "ഉം... നീ എന്താ കൂട്ടുകാരൻറെ അടുത്ത് പോയിട്ട് ഇത്ര സമയം വൈകിയത്, " അവൻറെ കയ്യിലെ പണമുണ്ടായിരുന്നില്ല,

അവൻ വേറെ ഒരാളെ വിളിച്ചു ചോദിച്ചു വാങ്ങി തരാൻ വേണ്ടി നിന്നതാ.. വെളുപ്പിനെ സമയം ആയതുകൊണ്ട് വിളിച്ച ആരും ഫോണെടുത്തില്ല, അവസാനം ഞാൻ ഇങ്ങോട്ട് വരുവായിരുന്നു... "ഉം.. ഇവൾ പറയുന്നത് നിൻറെ അപ്പൻ പിടിക്കാൻ തുടങ്ങിയപ്പോൾ ആ വാശിക്ക് ഇവൾ അയാളെ കാച്ചിയെന്നാണ്.. ഇവൾ അയാളെ അങ്ങ് കൊന്നു, ഇപ്പോൾ കൊലപാതകമാണ് നടന്നിരിക്കുന്നത്, നിന്റെ അച്ഛൻ ആണ് മരിച്ചത്... "അയാൾ എന്റെ അച്ഛൻ അല്ല സർ " പിന്നെ "രണ്ടാനച്ഛൻ ആണ് "അങ്ങനെ വരട്ടെ, വെറുതെയല്ല "നീ ഇതൊന്നും അറിഞ്ഞിട്ടില്ലേ...? അതൊ നിങ്ങൾ രണ്ടും കൂടി അയാളെ കാച്ചിയിട്ട് പോയത് ആണോ.... ഒരു നിമിഷം അവനൊന്നു പതറി...ആ ചോദ്യം ഒരു നിമിഷം അവനെ ഒന്നുലച്ചു കളഞ്ഞിരുന്നു.... കുറ്റബോധത്തോടെ അവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി, മാറ്റി പറയരുതെന്ന് ആ മിഴികൾ വീണ്ടും അവനോട് കെഞ്ചി... " ഞാൻ അറിഞ്ഞില്ല സർ.... അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഉതിർന്നു വീണിരുന്നു.... അവൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നതു എസ്ഐയും കണ്ടിരുന്നു.... തുടർന്ന് അവനോട് ഒന്നും ചോദിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല....

വീട് സീൽ വച്ച് ബോഡിയും പ്രതിയുമായി പോലീസ് പോകാൻ തയ്യാറായി.... "കൊണ്ടുപോകാണോ സർ....? അവൻ എസ് ഐയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... "അതെ.. അയാൾ പറഞ്ഞു കണ്ണുനീരോടെ അവളുടെ മുഖത്തേക്ക് നോക്കി... എങ്കിലും അവളിൽ നിന്നും ഒരു നോട്ടം ലഭിച്ചില്ല... എല്ലാവരുടെയും മുൻപിൽ വച്ച് പോലീസ് ജീപ്പിലേക്ക് അവളെ കയറ്റിയ നിമിഷം നാട്ടുകാരുടെ അടക്കം പറച്ചിലുകൾ നന്നായി തന്നെ കേൾക്കാമായിരുന്നു... പോലീസ് വീട് സീൽ വെക്കുമ്പോൾ സർവ്വം തകർന്നവനെപ്പോലെ അവൻ ആ വീടിൻറെ മുൻപിൽ ഇരുന്നു. പതിയെ പതിയെ കാഴ്ചകാണാൻ വന്നവരെല്ലാം പിരിഞ്ഞു പോയിത്തുടങ്ങി, അരികിൽ വന്ന് ആശ്വസിപ്പിച്ച് കിരണും അവൻ ഒപ്പമിരുന്നു, എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഒരു ഭ്രാന്തനെപ്പോലെ അവൻ ഉറക്കെ കരഞ്ഞു.... അവനിലെ ആ മാറ്റം കിരണിനെ പോലും ഭയപ്പെടുത്തിയിരുന്നു.... ഇത്രയും കാലങ്ങൾക്കിപ്പുറം ആദ്യമായാണ് ഇങ്ങനെയൊരു മാറ്റം അവനിൽ കാണുന്നത്, "നന്ദു എന്താടാ ഇത്... " ഞാൻ പിന്നെ എന്താടാ ചെയ്യാ.... എന്നെ ജീവനുതുല്യം സ്നേഹിച്ച ഒരു പെണ്ണാണ് ഇപ്പോൾ പോയത്, ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഞാൻ കള്ളം പറഞ്ഞില്ലേ..?

ഞാൻ ചെയ്ത തെറ്റ് ആണ് അവൾ ഏറ്റെടുത്തത്, " എനിക്ക് ഒരു സമാധാനവുമില്ലടാ, നീ വാ നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് ഇപ്പൊൾ തന്നെ പോകാം... എന്തെങ്കിലു മാർഗം ഉണ്ടോന്ന് നോക്കാം...ഒരു വക്കിലിനെ കൂടെ കൂട്ടാം "നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞു തരണോ..? ഇത് ജാമ്യം കിട്ടുന്ന വകുപ്പ് ആണോ..? "എങ്കിലും എനിക്ക് അവളെ ഒന്നുകൂടി കാണുകയെങ്കിലും ചെയ്യാം.... °°° കാലത്തെ അടുക്കളയിലേക്ക് ദിവ്യ കാണാതായപ്പോഴാണ് മുറിയുടെ അരികിൽ വന്ന് സുഭദ്ര നോക്കിയത്, മുറി അടഞ്ഞുകിടക്കുകയാണ് അവിടെ കുറച്ചു സമയം നിന്നതിനു ശേഷം വീണ്ടും അടുക്കളയിലേക്ക് അവർ പിൻവാങ്ങി... ആ സമയത്താണ് പത്രവുമായി വരുന്ന ആൾ ഓടി കിതച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി വന്നത്, ഉമ്മറത്തിണ്ണയിൽ തന്നെ എന്തോ ആലോചിച്ചുകൊണ്ട് വിശ്വൻ ഇരിപ്പുണ്ടായിരുന്നു, അയാളുടെ വരവ് കണ്ട് വിശ്വനും ഒന്ന് ശങ്കിച്ചു " ചേട്ടാ നിങ്ങടെ മോള് ഒരാളെ കൊന്നുവെന്ന് പറയുന്നു ശരിയാണോ....?

അയാളുടെ ചോദ്യം കേട്ട് വിശ്വൻ ഞെട്ടിപ്പോയിരുന്നു... അയാളറിയാതെ കസേരയിൽ നിന്ന് എഴുന്നേറ്റു, അകത്തു നിന്നും ഇത് കേട്ടുകൊണ്ടാണ് സുഭദ്രയും ഇറങ്ങി വന്നത്, മനസ്സിലാവാതെ വിശ്വൻ അവരുടെ മുഖത്തേക്ക് നോക്കി.. മറുപടി പറയാതെ അവർ ആദ്യം അകത്തേക്ക് ആണ് ഓടിയത്, അവളുടെ മുറിയുടെ വാതിൽ ഒന്ന് തട്ടിയപ്പോൾ തന്നെ തുറന്നു വന്നതും മുറിയിൽ അവൾ ഇല്ല എന്നുള്ളതും ഒരു നിമിഷം അവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.... വേവലാതിയോടെ അവർ പെട്ടെന്ന് തിണ്ണയിലേക്ക് ഓടി വന്നു, "അവളെ മുറിയിൽ കാണുന്നില്ല വിശ്വട്ടാ ശബ്ദം പോലും പുറത്തെടുക്കാനുള്ള കഴിവ് ആ നിമിഷം സുഭദ്രയ്ക്ക് ഉണ്ടായിരുന്നില്ല..... ഞെട്ടലോടെ വിശ്വൻ അവരുടെ മുഖത്തേക്ക് നോക്കി... പിന്നീട് ഒരിക്കൽ കൂടി ഉറപ്പു വരുത്താൻ അകത്തേക്ക് കയറി, മുറിയിൽ അവൾ ഇല്ലായെന്ന് അറിഞ്ഞതുമായാൾ അപകടം മണത്തു... കാറ്റുപോലെ അയാൾ ഉമ്മറത്തേക്ക് വന്നു, മധുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,

" തന്നോട് ആരാ പറഞ്ഞത്..? "കവലയിൽ ഒക്കെ എല്ലാരും അറിഞ്ഞു... ആ അമ്പിളിയുടെ ഭർത്താവിനെയാണ് കൊന്നതെന്നാണ് പറയുന്നത്, ലോറിക്കാരൻ രാഘവനെ... പോലീസ് വന്നു അയാളുടെ ശവം ഒക്കെ എടുത്തുകൊണ്ടുപോയി, അയാളുടെ മോനും നിങ്ങളുടെ മോളും തമ്മിൽ ഇഷ്ടത്തിലായിരുന്നോ..? അവൻറെ കൂടെ ഇറങ്ങി പോയെന്നോ അവിടെ ചെന്നപ്പോൾ കൊച്ചിനെ അയാൾ എന്തോ ചെയ്യാൻ ശ്രമിച്ചപ്പോൾ കൊച്ച് വെട്ടിയെന്നോ ഒക്കെ ആണ് കേൾക്കുന്നത്... എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല, ഇത് സത്യം ആണോ എന്നറിയാനാ ഞാൻ ഇങ്ങോട്ട് വന്നത്.... അയാളുടെ വാക്കുകളിൽ വിശ്വൻ സർവ്വം തകർന്നു പോയിരുന്നു, സുഭദ്ര അലറി കരഞ്ഞു തുടങ്ങി........... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...