ഇശൽ തേൻകണം: ഭാഗം 19

 

രചന: ജീഫ്‌ന നിസാർ

ഏട്ടാ... സിത്തു വിളിക്കുമ്പോൾ സായി ചിരിച്ചു കൊണ്ട് എഴുന്നേറ്റു ജനലിൽ ചാരി നിന്നു.. പറ സിത്തൂ... അവൻ പറയുമ്പോൾ അവളൊരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.. "ഏട്ടൻ അത്യാവശ്യം ആയത് കൊണ്ടല്ലേ മോളെ. ഇല്ലെങ്കിൽ നീ വരുമ്പോൾ പരമാവധി അവിടെ തന്നെ ഉണ്ടാവാറില്ലേ " ഒന്നും പറയാതെ തന്നെ അവളുടെ വിളിയുടെ പൊരുൾ അറിഞ്ഞത് പോലെ സായി പറയുമ്പോൾ... മനസ്സിൽ ഉണ്ടായിരുന്ന പുകച്ചിൽ അമർന്നു പോയിരുന്നു സിത്തുവിനും ഫോണിൽ സംസാരിച്ചു നിൽക്കുന്ന സായിയെ ജാസ്മി നോക്കി നിന്നു.. ചിരിച്ചു കൊണ്ടാണ് സംസാരം മുഴുവനും.. "ഏട്ടൻ നാളെ രാവിലെ അങ്ങേത്തും സിത്തു.." പറയുമ്പോൾ വാത്സല്യം ആയിരുന്നു സ്വരത്തിൽ.. അവൾക്ക് അൻസാറിനെ ഓർമ വന്നു.. ഫോൺ കട്ട് ചെയ്തിട്ട് തിരിഞ്ഞപ്പോൾ സായി കണ്ടത്... ചുവരിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ജാസ്മിയെ ആണ്..

"അനിയത്തി ആണ്.. അവൾ ലീവിന് വന്നപ്പോൾ ഞാൻ പോന്നതിന്റെ പരിഭവം പറയാൻ വിളിച്ചതാ " ചിരിച്ചു കൊണ്ട് സായി പറയുമ്പോൾ ജാസ്മി പുഞ്ചിരിച്ചു.. "അംബികേച്ചിയുടെ ബന്ധു ആണല്ലേ നിങ്ങള്.. സുധിയേട്ടൻ പറഞ്ഞു " തട്ടം നേരെ വലിച്ചിട്ടു ജാസ്മി ചോദിച്ചു.. ജനൽ പടിയിൽ ചാരി നിന്നിട്ട് സായി അതേ എന്ന് തലയാട്ടി.. എന്റെ ചിറ്റയാണ്.. ഞങ്ങൾ ഇവിടെ തന്നെ ആയിരുന്നു കുറച്ചു കാലം. പിന്നെ ഡൽഹിലേക്ക് മാറി " സായി പറയുമ്പോൾ... ജാസ്മി അറിയാം എന്ന പോലെ തലയാട്ടി.. "സുധി ഏട്ടൻ പറഞ്ഞിരുന്നു... ഡൽഹിയിൽ ആണെന്നും വല്ല്യ പാട്ടുകാരൻ ആണെന്നുമൊക്കെ " ജാസ്മി പറയുമ്പോൾ സായി ഒന്ന് ചിരിച്ചു.. "അത്ര വലിയ പുള്ളി ഒന്നും അല്ലെടോ.. ആദ്യസോങ്.. ദൈവാനുഗ്രഹം കൊണ്ട് അതങ്ങു ക്ലിക്ക് ആയി.. ഇപ്പൊ അത്യാവശ്യം അറിയാം... സായന്ത്‌ എന്ന എന്നെ " ഏറെ മനോഹരമായ ആ ചിരിയിലേക്ക് ജാസ്മി നോക്കി നിന്നിരുന്നു.. ചിരിക്കുമ്പോൾ... ചുണ്ടുകൾക്കൊപ്പം... കണ്ണടക്കുള്ളിലെ കണ്ണുകൾ കൂടി അതേറ്റു പിടിക്കുന്നത് അവനൊരു പ്രതേക ഭംഗി കൊടുക്കുന്നുണ്ട്..

"എന്റെ അച്ഛൻ മ്യൂസിക് സർ ആണ്.. അങ്ങനെ കിട്ടിയതാവും ഈ ഭ്രാന്ത്..." അഭിമാനത്തോടെ സായി പറയുമ്പോൾ ജാസ്മി ചിരിച്ചു.. താങ്ങൾക്കിടയിലെ അകലം പതിയെ കുറഞ്ഞു വരുന്നുണ്ട്.. ഇപ്പോൾ കണ്ണിലെ ജാള്യത മാഞ്ഞു പോയിരിക്കുന്നു.. സായിക്കും ജാസ്മിക്കും ഒരുപോലെ തോന്നി.. "ഒരനിയത്തി മാത്രം ഒള്ളോ " അവൾ ചോദിച്ചു.. "യെസ്...സിതാര... സിത്തു.. ഡിഗ്രി ലാസ്റ്റ് ഇയർ സ്റ്റുഡന്റ് ആണവൾ " സായി പറയുമ്പോൾ ജാസ്മിയുടെ കണ്ണിലേക്കു നഷ്ടബോധം ഇരച്ചു കയറി.. സായിയും അത് കണ്ടിരുന്നു.. പറയണ്ടായിരുന്നു എന്ന് തോന്നി അവന്.. കൊതിച്ചിട്ടും കിട്ടാതെ പോയതൊക്കെ വിധി എന്ന് കരുതി ആശ്വാസം കണ്ടെത്തുന്നവൾക്ക് മുന്നിൽ ഇത് പറയണ്ടായിരുന്നു.. എത്രയൊക്കെ മറന്നെന്നു പറഞ്ഞാലും അവൾക്കറിയാം അതൊരിക്കലും മറക്കാൻ ആവില്ലെന്ന്.. ചാരം മൂടിയ കനൽ പോലെ... ആഗ്രഹങ്ങളും സ്വപ്നങ്ങളും നീറി നീറി കിടപ്പുണ്ട്.. ഇപ്പഴും.. "ഉമ്മാന്റെ അസുഖം ഒക്കെ മാറിയിട്ട്... താൻ ആദ്യം ഡിഗ്രി കമ്പ്ലീറ്റ് ചെയ്യണം കേട്ടോ... നാടിന്റെ കരുത്താവുന്ന നല്ലൊരു IAS ഓഫീസർ ആവണ്ടേ ഇയാൾക്ക് "

സായി പറയുമ്പോൾ... ജാസ്മിയുടെ കണ്ണുകൾ വിടർന്നു.. നിനക്കിനിയും സ്വപ്നങ്ങളെ നേടി എടുക്കാൻ ആവുമെന്ന് പറയാതെ പറയുന്നവനെ നോക്കുമ്പോൾ വല്ലാത്തൊരു ഫീൽ.. സന്തോഷം തന്നെ ആണത്... ഹൃദയം നിറയുന്ന സന്തോഷം.. ഉമ്മാന്റെ അസുഖം മാറുമെന്നും... നിനക്കിനിയും പഠിക്കാൻ പോവാമെന്നും അവന്റെ വാക്കിൽ ഒളിച്ചിരിപ്പുണ്ട്.. IAS എന്ന മോഹത്തെ കുറിച്ച് എങ്ങനെ അറിഞ്ഞോ ആവോ.. "സുധി തന്നെ ആണ് പറഞ്ഞത് " സായി പറയുമ്പോൾ ജാസ്മി അവന്റെ നേരെ നോക്കി.. പിന്നെ ഒരു വിളറിയ ചിരിയോടെ നോട്ടം മാറ്റി.. "അതൊന്നും ഇനി നടക്കില്ല.. അതിനൊന്നും ആഗ്രഹിക്കുന്നുമില്ല.. ന്റെ ഉമ്മ ഒന്ന് പഴയ പോലെ ആയാൽ മാത്രം മതി.. അതാണിപ്പോ ഞാൻ എന്നും കൊതിക്കാറുള്ള കാര്യം... അല്ലാത്ത മോഹങ്ങൾ ഒന്നും ഇല്ല സർ " ഇടർച്ചയോടെ പറയുന്ന പെണ്ണിനെ അവനും വേദനയോടെ നോക്കി.. "എന്നും രാവിലെ എഴുന്നേറ്റു പോരുമ്പോൾ... ഞാൻ വെറുതെ ആശിക്കും.. ചെന്നു വിളിച്ചുണർത്തുമ്പോൾ ഉമ്മ പഴയ പോലെ...

അസുഖം എല്ലാം മാറിയിട്ട് ന്നെ ഒന്ന് ചേർത്ത് പിടിക്കണേ ന്ന്... ആരോടും പറയാൻ ഇല്ലാത്ത ന്റെ ഉള്ളിൽ കിടന്നു നീറുന്ന ഈ സങ്കടങ്ങൾ എല്ലാം പറഞ്ഞിട്ട് ഒന്ന് കെട്ടിപിടിച്ചു കരയാൻ ഇനിക്ക് ന്റെ ഉമ്മാനെ എങ്കിലും തിരികെ തരണേ പടച്ചോനെ ന്ന്..." നിറഞ്ഞ കണ്ണുകൾ അവളൊന്നു തുടച്ചിട്ട് ഉമ്മയെ പാളി നോക്കി.. അവൾ നോക്കുന്നത് കണ്ടപ്പോൾ അവനും തല ചെരിച്ചു നോക്കി.. ഉറക്കത്തിൽ തന്നെ ആള്. "വിളിച്ചുണർത്തി കഴിയുമ്പോൾ...ന്നെ ഒരു തുറിച്ചു നോട്ടം ഉണ്ട്.. ആരൊന്നും ഏതെന്നും അറിയാതെ ഉള്ള ഒരു നോട്ടം ഇല്ലേ.. അത് തന്നെ... ആ നോട്ടം കാണുമ്പോൾ അന്നത്തെ ദിവസത്തെ വേദന അവിടെ മുതൽ തുടങ്ങും... എന്നും അങ്ങനെ... അങ്ങനെ " വീണ്ടും ജാസ്മി മുഖം പൊതിഞ്ഞു പിടിച്ചു.. സായി അവളെ നോക്കാതെ തല താഴ്ത്തി ഇരുന്നു.. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല.. ഹൃദയവേദനകളുടെ നിമിഷങ്ങൾ.. "ഇങ്ങനെ തളർന്നു പോവല്ലേ ടോ.. എല്ലാം ശെരിയാകും... പ്രതീക്ഷകളല്ലേ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്... "

പറയുന്ന വാക്കുകൾ അവളുടെ എരിയുന്ന മനസ്സിന് അൽപ്പം പോലും ആശ്വാസം പകരില്ലെന്ന് ഉറപ്പുണ്ടായിട്ടും അവൻ അങ്ങനെ പറയുമ്പോൾ ജാസ്മി കണ്ണീര് തുടച്ചിട്ട് അവനെ നോക്കി ചിരിച്ചു.. "എല്ലാം ശെരിയാകും സർ... എന്റെ ഈ നശിച്ച ജന്മം അവസാനിക്കുമ്പോൾ " പതിയെ അവൾ പറയുമ്പോൾ... സായി വേദനയോടെ അവളെ നോക്കി.. കുറെ ഏറെ പ്രശ്നങ്ങൾക് നടുവിൽ നിന്നിട്ട് എല്ലാം ശെരിയാകും എന്നൊരു പാഴ് വാക്കിനെ മുറുകെ പിടിച്ചിട്ടു തോറ്റു പോയവനാണ്.. അവനറിയാം... എല്ലാം ശെരിയാകും എന്നൊന്നില്ല.. എല്ലാം ശീലമാകും എന്നതാണ് സത്യം.. "ഇവിടെ എന്തെങ്കിലും പരിപാടിക്ക്‌ വന്നതാണോ... ഡൽഹിയിൽ നിന്നും " വീണ്ടും ജാസ്മിയുടെ ചോദ്യം.. സായി ഒന്ന് പകച്ചുപോയി.. എന്ത് ഉത്തരം പറയും.. നിന്നെ കാണാൻ വന്നതാണെന്നോ.. നിന്റെ നോവുകൾ എന്നെയും നോവിക്കുന്നത് എന്താണ് എന്ന് ചോതിക്കാൻ ആവുമോ.. ഉത്തരം കാത്തെന്ന പോലെ അവളുടെ നിൽപ്പ്.. "അതേ... എനിക്കൊരു പ്രോഗ്രാം ഉണ്ടായിരുന്നു.. സുധി വിളിച്ചപ്പോൾ പറഞ്ഞു ഇവിടെ ഹോസ്പിറ്റലിൽ ആണെന്ന്.. അപ്പൊ ഒന്ന് കണ്ടിട്ട് പോകാ എന്ന് വിചാരിച്ചു..'

ചിരിച്ചു കൊണ്ടവൾ തലയാട്ടി കാണിക്കുമ്പോൾ ആശ്വാസം തോന്നി അവന്.. കൂടുതൽ ചോദ്യം ഒന്നും ചോദിക്കാതിരിക്കാൻ മനസ്സിൽ പ്രാർത്ഥിച്ചു.. "ഇങ്ങനെ കുറച്ചു ആളുകൾ ചുറ്റും ഉള്ളത് കൊണ്ടാണ്.. അല്ലെങ്കിൽ എന്നേ ജീവിതം വെറുത്തിട്ട് സ്വയം മരണം തിരിഞ്ഞെടുക്കുമായിരുന്നു ഞാൻ " കുഞ്ഞു ചിരിയോടെ ജാസ്മി പറയുമ്പോൾ സായി അലിവോടെ അവളെ നോക്കി.. "ഇനി അങ്ങോട്ട്‌ ഞാൻ ഉണ്ടാവട്ടെ... നിന്റെ ഹൃദയത്തിലെ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കാവൽകാരൻ ആയിട്ട്.." നോക്കി നിൽക്കെ ഹൃദയം ഉറക്കെ വിളിച്ചു ചോദിക്കാൻ ആവിശ്യപെട്ടിട്ടും... നാവിൻ തുമ്പിലേക്ക് ആ വാക്കുകൾ സായി കടത്തി വിട്ടില്ല.. അവനറിയാം.. ഇതിപ്പോൾ പറയുമ്പോൾ അവൾക്കുള്ളിൽ തോന്നുന്ന വികാരം.. അതൊരിക്കലും പ്രണയം ആയിരിക്കില്ല.. ഒറ്റ കാഴ്ചകൾ കൊണ്ട് പ്രണയം തോന്നുമെന്ന് പറയുന്നവരെ കളിയാക്കി ചിരിച്ചൊരു കാലം ഉണ്ടായിരുന്നു തനിക്കും എന്നവൻ ഓർത്തു.. ആദ്യകാഴ്ചകൾ ഹൃദയം കൊണ്ടായിരിക്കും.. അതിനാൽ തന്നെയും പറിച്ചെറിയാൻ തുടങ്ങും മുന്നേ വെരുറപ്പിച്ചിട്ട് പറ്റി ചേരുന്നത്..

ഒരുപാട് വേദനകൾക്കിടയിൽ പിടയുന്ന ഈ നെഞ്ചിൽ ഇനിയും ഒരു മുറിവ് തരാൻ അല്ല... ഒരു സങ്കടതിനും നുഴഞ്ഞു കയറാൻ ആവാത്ത വിധം നിനക്ക് ചുറ്റും ഞാൻ എന്റെ പ്രണയം കൊണ്ടൊരു വേലി തീർക്കട്ടെ.. സർ.... ജാസ്മി വിളിക്കുമ്പോൾ സായി ഞെട്ടി.. അവളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ വിളിച്ചതാവും.. അവൻ ചമ്മി പോയിരുന്നു.. ജാസ്മിയുടെ ചുണ്ടിലും ഒരു ചിരിയുണ്ട്.. "ഈ സർ വിളി വേണ്ട ട്ടോ... അതിനൊരുപാട് അകലം ഉള്ളത് പോലെ.. സായി എന്ന് വിളിച്ചോ..." അവൻ അവളോട്‌ പറഞ്ഞു.. അവളുടെ കണ്ണിലെ അമ്പരപ്പ് സായി കണ്ടെടുത്തിരുന്നു.. സായി ഏട്ടാ ന്ന് വിളിക്കട്ടെ.. ഇത്രയും വലിയ നിലയിലൊക്കെ നിൽക്കുന്ന നിങ്ങളെ ഞാൻ എങ്ങനെയാണ് പേര് വിളിക്കുന്നത് " മടിച്ചു കൊണ്ടാണ് ജാസ്മി പറയുന്നത്.. തലയാട്ടി കൊണ്ട് സായി വിരൽ ഉയർത്തി കാണിച്ചു.. നേഴ്‌സ് വന്നിട്ട് വാതിൽ തള്ളി തുറന്നപ്പോൾ രണ്ടാളും ഒരുപോലെ തിരിഞ്ഞു നോക്കി.. "ഫുഡ്‌ കൊടുത്തിട്ട് ഈ ഗുളിക കൊടുക്കൂ ട്ടോ... വേദനയ്ക്ക് ഉള്ളതാ " ജാസ്മിയെ നോക്കി പറഞ്ഞിട്ട് അവരുടെ കയ്യിലെ ഗുളിക അവളെ ഏൽപ്പിച്ചു..

തിരിച്ചിറങ്ങി പോകുമ്പോൾ സായിക്ക് നേരെ കൈ കാണിച്ചു..ചിരിച്ചു. അവനും അങ്ങനെ തന്നെ ചെയ്തു... ജാസ്മി നോക്കിയപ്പോൾ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.. ജാസ്മി ഒറ്റയ്ക്ക് പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കുമ്പോൾ കദ്ധീജുമ്മ ഒടിഞ്ഞ കൈ അനങ്ങുമ്പോൾ ഉള്ള വേദന കൊണ്ട് മുഖം ചുളിച്ചു.. അവളെ കൊണ്ട് ഒറ്റയ്ക്ക് അതിന് കഴിയില്ലെന്ന് തോന്നിയപ്പോൾ... സായി ചെന്നിട്ട് അവരെ താങ്ങി ഉയർത്തി... ചുവരിൽ ചാരി ഇരുത്തിയപ്പോൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു വീഴാൻ പോയ അവരെ അവൻ ചേർത്ത് പിടിച്ചു കൊണ്ട് ആ അരികിൽ തന്നെ ഇരുന്നു.. "കഞ്ഞി എടുത്തിട്ട് കൊടുക്ക് ജാസ്മി..." താൻ താങ്ങി ഇരിക്കുന്നത് കണ്ടിട്ട് അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടെന്ന് അവനു തോന്നി... അത് കൊണ്ട് തന്നെ അവൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ ധൃതിയിൽ തിരിഞ്ഞു നിന്നിട്ട് കഞ്ഞി പാത്രം എടുത്തു കദ്ധീജുമ്മയുടെ അരികിൽ പോയിരുന്നു.. ഒടിഞ്ഞ അവരുടെ കൈയിൽ സായി പതിയെ തലോടി കൊടുക്കുമ്പോൾ... അവരുടെ കണ്ണുകൾ ഒരു നിമിഷം അവന്റെ നേരെ പതിഞ്ഞു.. "പെട്ടന്ന് മാറും ട്ടോ..."

അവർ അതൊന്നും അറിയില്ലെന്ന് ശെരിക്കും അറിഞ്ഞിട്ടും സായി പതിയെ പറഞ്ഞു. ജാസ്മിയുടെ കണ്ണിലേക്കു നോക്കുമ്പോൾ എല്ലാം...അവളുടെയും നോട്ടം ഇടയുന്നുണ്ട്. കഞ്ഞി മുഴുവനും കൊടുത്തു കഴിഞ്ഞു.. ഗുളിക വായിലിട്ട് കൊടുത്തിട്ട് അവരെ പിടിച്ചു കിടത്തി സായി മാറുമ്പോൾ.. നന്ദി വാക്കുകൾ ഒന്നും പകരം പോരാതെവരും അവൻ ചെയ്യുന്ന സഹായത്തിന് എന്ന് അവൾക്കും തോന്നിയിരുന്നു.. ദൈവം കണ്ടറിഞ്ഞു നിയോഗിച്ച് തരുന്നവരെ പോലെ... യാതൊരു കാരണവും ഇല്ലാഞ്ഞിട്ടും സഹായിക്കാൻ മനസ്സുള്ള ഇത്തരക്കാരെ കാണുമ്പോൾ അല്ലേ... ലോകത്ത് ഇനിയും നന്മയുടെ ഉറവുകൾ വറ്റാത്ത ഇടമുണ്ടെന്ന് നമ്മൾ അറിയുന്നത് തന്നെ... ജീവിതം കൂടുതൽ മനോഹരമാവുന്നതും അപ്പഴല്ലേ.. സഹജീവികളോട് കരുണ കാണിക്കുമ്പോൾ.. കൊടുക്കുന്ന സഹായത്തിന്റെ കണക്കുകൾ സൂക്ഷിച്ചു വെക്കാതെയിരിക്കുമ്പോഴല്ലേ...നമ്മൾ മനുഷ്യരിൽ ദൈവത്തിന്റെ കയ്യൊപ്പ് കൂടി കാണാറില്ലേ... വൈകുന്നേരം വരെയും സായി അവിടെ തന്നെ ഉണ്ടായിരുന്നു..

അവൻ തന്നെ പോയാണ് ഭക്ഷണം വാങ്ങിച്ചു വന്നതൊക്കെ.. ജാസ്മിക്ക് വീർപ്പു മുട്ടുന്നുണ്ട്... അവന്റെ പ്രവർത്തിയിൽ.. എത്രയോ വലിയൊരു സ്ഥാനം അലങ്കരിക്കുന്ന ആളാണ്‌... വെറുമൊരു പരിജയത്തിന്റെ പേരിൽ ഇതൊക്കെ.. ഇവിടെ വരുന്ന നഴ്‌സ്മാരുടെ കണ്ണിലെ അവനോടുള്ള ആരാധന അവളും കണ്ടിരുന്നു.. അങ്ങനെ ഉള്ള ആളെ.... അവൾക്ക് തന്നെ വല്ലാത്തൊരു നാണക്കേട് തോന്നിയിരുന്നു.. ഉച്ചക്ക് ചോറ് വാങ്ങി വരാം എന്ന് പറഞ്ഞിറങ്ങിയവനെ അവൾ ആവതും തടയാൻ നോക്കിയിരുന്നു.. തലയിലൊരു തൊപ്പി എടുത്തു വെച്ചിട്ട്... അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.. "സുധി വരും വരെയും അവൻ ചെയ്തതൊക്കെ എനിക്കും ചെയ്യാം.. എന്നെ വിശ്വസിച്ചു പോയവനാണ്.. ഈ വലിയൊരു കൊമ്പൗണ്ടിൽ നീ പോയിട്ട് എന്ത് ചെയ്യാനാണ്. നിനക്കറിയോ ഇവിടുത്തെ വഴികളൊക്കെ.." പുരികം ഉയർത്തി... കുസൃതിയോടെ അവൻ പറയുമ്പോൾ പിന്നെ അവൾക്ക് പറയാൻ കാരണങ്ങൾ ഏതും ഇല്ലായിരുന്നു.. മൂളി പാട്ടോടെ വാതിൽ തുറന്നിറങ്ങി പോകുന്നവനെ നോക്കുമ്പോൾ ഹൃദയം മഞ്ഞ് തുള്ളികൾ കൊണ്ട് പൊതിഞ്ഞ പോലെ....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...