ജാനകീരാവണൻ 🖤: ഭാഗം 131

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മാപ്പ് ചോദിക്കാൻ.... മകൾക്ക് വേണ്ടി അപേക്ഷിക്കാൻ...." അത്രയിൽ ഒതുങ്ങി അവന്റെ മറുപടി.... അത് കേൾക്കാൻ താല്പര്യപ്പെടാതെ അവൾ പിന്നൊന്നും ചോദിച്ചില്ല.... തന്നെയും തന്റെ ഭർത്താവിനെയും വർഷങ്ങളോളം പിരിച്ചുകൊണ്ട് ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവർ കാണിച്ചു.... എന്നിട്ടും ക്ഷമിച്ചു.... ഒരു ആപത്ത് വന്നപ്പോൾ സ്വന്തം ജീവനും ജീവിതവും മറന്ന് ഓടി ചെന്നപ്പോൾ തനിക്ക് കിട്ടിയത് വഞ്ചനയും.... അതോർക്കവേ അവളുടെ കണ്ണുകൾ ചുവന്നു.... ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അവളപ്പോൾ..... ഗൗരിക്ക് വേണ്ടി പിന്നീട് വാദിക്കാൻ അവനും തുനിഞ്ഞില്ല.... എന്നെങ്കിലും ക്ഷമിക്കാൻ സ്വയം തോന്നിയാൽ ക്ഷമിക്കട്ടെ... പെട്ടെന്നൊരു മാപ്പർഹിക്കുന്ന തെറ്റൊന്നുമല്ലല്ലോ ഗൗരി ചെയ്തത്.... "ഇന്ന് ഭരത്തും ആമിയും നിശ്ചയം ക്ഷണിക്കാൻ വന്നിരുന്നു രാവണാ...." ആ അന്തരീക്ഷം മാറ്റാൻ എന്ന മട്ടിൽ ജാനി തന്നെ അവരുടെ വിഷയം എടുത്തിട്ടു.... "ശരിക്കും ഞാൻ ഞെട്ടിപ്പോയി....

ഇവർക്കിടയിൽ ഇങ്ങനൊരു ലവ് സ്റ്റോറി വർക്ഔട് ആവുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.."അവളത് പറഞ്ഞതും ചെറു ചിരിയിൽ അവൻ മറുപടി ഒതുക്കി.... വാ തോരാതെ സംസാരിക്കാനൊന്നും അവനറിയില്ല.... പക്ഷേ അവനോട് വാചാലയാകുന്നവളെ നിരാശയാക്കിയിരുന്നില്ല.... അവന്റെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അവൾക്ക് ആവേശം പകരാൻ.... ആ പുഞ്ചിരി കണ്ടാൽ അവൾക്ക് ആവേശം കൂടും.... അവളുടെ വാചാലതയിൽ ഉൾപ്പെടാതെ പോകുന്ന വിഷയങ്ങൾ കുറവാണ്.... അതൊക്കെ ഒരു മടുപ്പുമില്ലാതെ കേട്ടിരിക്കാൻ റാവൺ ഉണ്ടെന്നുള്ളതാണ് അവളുടെ അഹങ്കാരം.... അവൻ നല്ലൊരു കേൾവിക്കാരനായിരുന്നു.... അവൾ പറയുന്ന വിഷയം എന്തും ആയിക്കോട്ടെ, അതിനെ ചികഞ്ഞു നല്ലതും ചീത്തയും വേർതിരിച്ചു എടുക്കാനോ കടന്ന് കയറി അഭിപ്രായം പറയാനോ അവൻ നിൽക്കില്ല.... അവൾക്കും അവന്റെ ആ രീതി ഇഷ്ടമായിരുന്നു.... റാവൺ സംസാരം കുറവാണെങ്കിലും ആ കുറവ് ജാനി അങ്ങ് പരിഹരിക്കും....

അവർക്കിടയിൽ നല്ലൊരു ബോണ്ട്‌ ഉണ്ടാവുന്നുമുണ്ട്.... ••••••••••••••••••••••••••••••••••••••° വീട്ടിൽ വന്നിട്ടും നന്ദു ഇപ്പോഴും യുവയുടെ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണ്.... മറുപടിക്കായി യുവ പലതവണ വന്നെങ്കിലും കൃത്യമായ ഒരു ഉത്തരം അവളുടെ പക്കൽ ഉണ്ടായിരുന്നില്ല.... പിന്നെ പിന്നെ അവൻ അവളോട് ചോദിക്കുന്നതും നിർത്തി.... അങ്ങനെ ആലോചിച്ചു നടക്കുമ്പോഴാണ് മുറി തുറന്ന് ഗൗരി പുറത്തേക്ക് വരുന്നത് അവൾ കാണുന്നത്.... ഗൗരി ഇങ്ങോട്ട് വന്നത് അവൾ അറിഞ്ഞിരുന്നില്ല... അത് കൊണ്ട് തന്നെ ആദ്യം അവളൊന്ന് ഞെട്ടി.... നന്ദുവിനെ കണ്ടതും ഗൗരി ഒന്ന് പരുങ്ങി.... ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്.... അവിക്ക് വേണ്ടി യുവയെ മനസ്സിൽ ഉറപ്പിച്ചതായിരുന്നു ഗൗരി.... അത് തകർത്തുകൊണ്ട് അവന് വിവാഹം തീരുമാനിച്ചപ്പോൾ ദേഷ്യം തോന്നിയിരുന്നു.... അത് താൻ ശത്രുവായി കണ്ടിരുന്നവന്റെ പെങ്ങളുമായി.... ആറുമായുള്ള ബന്ധമാണോ താൻ അവസാനിപ്പിക്കാൻ നോക്കുന്നത് അവരുമായി തന്നെ തന്റെ കുടുംബം ബന്ധം സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ പൊട്ടി തെറിച്ചു പോയി ഗൗരി...

അന്ന് ആ വിവാഹത്തെ എതിർത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ് ഗൗരി.... ഇന്ന് അതൊക്കെ ഓർക്കുമ്പോൾ അവർക്ക് കുറ്റബോധം തോന്നി..... ഇന്ന് നന്ദുവിന് മുഖം കൊടുക്കാൻ ഒരു പ്രയാസം പോലെ.... അവളെ നോക്കാതെ ധൃതി ഭാവിച്ചു ഗൗരി സ്റ്റെയർ ലക്ഷ്യമാക്കി നടന്നു.... ധൃതി കൂടിയത് കൊണ്ട് ചെറുങ്ങനെ വേച്ചു വേച്ചാണ്‌ നടപ്പ്... കൂടാതെ കൈ അനങ്ങാണ്ടിരിക്കാൻ ഒരു സ്ലിങ്ങും.... ധൃതി കൂടിയതിനാലാവാം സ്റ്റെയർ ഇറങ്ങിയ ഗൗരി ഒരുവശത്തേക്ക് വേച്ചു വീഴാൻ പോയി... വലതുകൈ സ്ലിംഗ് ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കാൻ പോലും ആയില്ല അവർക്ക്.. അത് കണ്ടതും പിറകെ വന്നിരുന്ന നന്ദു ഗൗരിക്ക് നേരെ പാഞ്ഞു..... കാല് മടങ്ങി സ്റ്റെയറിൽ കമഴ്ന്നു വീഴാൻ പോയ ഗൗരിയെ നന്ദു പിന്നിൽ കൂടി വന്ന് വയറിലൂടെ ലോക്ക് ഇട്ടു ചേർത്തു പിടിച്ചു... ഉയർന്ന നെഞ്ചിടിപ്പോടെ ഗൗരി ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.... കണ്ണുകൾ പതിയെ തുറന്നു.... ആശ്വാസത്തോടെ തനിക്ക് പിന്നിൽ നിൽക്കുന്നവളെ ഒന്ന് നോക്കി.... ഭദ്രമായി ചേർത്തു പിടിച്ചു നിൽക്കുന്നവളെ ഗൗരി നന്ദിയോടെ ഒന്ന് നോക്കി....

കണ്ണുകൾ നിറഞ്ഞു.... ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളാണ് വീഴ്ചയിൽ ഓടിയെത്തുന്നത്.... ഗൗരി കുറ്റബോധത്തോടെ ഓർത്തു.... നന്ദു മെല്ലെ ഗൗരിയുടെ കൈയിൽ പിടിച്ചു സ്റ്റെയർ ഇറങ്ങി... ഹാളിലെ സെറ്റിയിലേക്ക് പിടിച്ചിരുത്തി.... ഗൗരി അവളെ ഒന്ന് നോക്കി.... നന്ദിയോടെ... "എന്തിനാ ആന്റി ഒറ്റക്ക് ഇറങ്ങി നടന്നത്... എന്തേലും വേണമായിരുന്നോ....?" യാതൊരു അനിഷ്ടവുമില്ലാതെയുള്ള അവളുടെ ചോദ്യത്തിൽ ഗൗരി ഒന്ന് അമ്പരപ്പെട്ടു പോയി.... സിദ്ധാർഥിനൊപ്പം ചേർന്ന് താൻ ദ്രോഹിച്ചവളാണ്.... ആ ഓർമയിൽ ഗൗരിയുടെ ശിരസ്സ് താണു പോയി.... "എന്ത് പറ്റി ആന്റി... അച്ഛമ്മയെ വിളിക്കണോ....?" അവൾ അതും പറഞ്ഞു തിരിഞ്ഞതും ഗൗരി അവളുടെ കൈയിൽ പിടിച്ചു നിർത്തി.... "വേണ്ട.... ഞാൻ.... ഒറ്റക്ക് ആ മുറിയിൽ ഇരുന്ന് മടുത്തു പോയി.... അതാ പുറത്തേക്ക് ഒക്കെ...." ഗൗരി അവളോടായി പറഞ്ഞു.... "എങ്കിൽ ആന്റി വാ.... ഞാൻ സിറ്റ് ഔട്ടിലേക്ക് ഇരുത്താം.... അച്ചാച്ചനും അച്ഛമ്മയും അവിടെ ഉണ്ടാവും...." ഗൗരിയെ പിടിച്ചു എണീപ്പിച്ചു നന്ദു സിറ്റ് ഔട്ടിലേക്ക് കൊണ്ടിരുത്തി....

"നന്നായി..... ഞാൻ പറയാനിരിക്കയാർന്നു.... ഒറ്റക്ക് അതിനകത്തു അടച്ചു മൂടി ഇരിക്കാണ്ട് പുറത്തേക്ക് ഒക്കെ ഇറങ്ങാൻ...." ഗൗരിയോടായി അച്ഛൻ പറഞ്ഞു.... ഗൗരി ഒന്നും മിണ്ടാതെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.... ഇവരെല്ലാം പുറത്ത് ഇരിക്കുന്നത് കണ്ട് കിച്ചണിലേക്ക് പോകാൻ നിന്ന യാമിയും ഫോൺ സോഫയിൽ എറിഞ്ഞു പുറത്തേക്ക് വന്നു.... യുവയുടെ അച്ഛനും അമ്മയും പുറത്തേക്ക് പോയതാണ്.... യുവ മുറിയിലുണ്ട്..... നന്ദുവിന്റെ മറുപടി കിട്ടാത്തതിൽ അവനാകെ ഡൗൺ ആയിരുന്നു.... അതുകൊണ്ട് പരമാവധി അവൾക്ക് മുന്നിൽ വന്ന് ഒരു ശല്യം ആവണ്ട എന്ന് അവനും കരുതി.... ആ സമയത്താണ് നിശ്ചയം ക്ഷണിക്കാനുള്ള ഭരത്തിന്റെയും ആമിയുടെയും വരവ്.... സിറ്റ് ഔട്ടിൽ ഇരുന്ന നന്ദു അവരെ അവിടെ കണ്ട് അമ്പരന്നിരുന്നു.... നന്ദു അവരെ അവിടുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തു.... വിവാഹദിവസം കണ്ടതാണെങ്കിലും പെട്ടെന്നവരെ അച്ഛമ്മക്കും അച്ഛാച്ഛനും തിരിച്ചറിയാൻ കഴിഞ്ഞില്ല... അച്ഛാച്ഛനും അച്ഛമ്മയും കൂടി അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി....

യാമിയും നന്ദുവും കൂടി അവർക്ക് കുടിക്കാനുള്ള ജ്യൂസ് തയ്യാറാക്കാൻ പോയി.... അന്നേരം അച്ഛമ്മ യുവിയെ പോയി വിളിച്ചു.... യുവ താഴെ വന്ന് ഭരത്തിനെ ഹഗ് ചെയ്തു അവനടുത്ത് ഇരുന്നു.... അപ്പോഴേക്കും നന്ദു ജ്യൂസുമായി വന്നു.... പിന്നാലെ യാമിയും.... യുവ അവളെ നോക്കരുതെന്ന് കണ്ണുകളോട് ചട്ടം കെട്ടി... എന്നാൽ നന്ദു ഏറു കണ്ണിട്ട് നോക്കി നോക്കിയാണ് അവർക്ക് ജ്യൂസ് കൊടുത്തത്.... അവൻ നോക്കുന്നില്ലെന്ന് കണ്ടതും അവൾ ഒന്ന് നെടുവീർപ്പിട്ടു.... "എടി... മതിയെടി.... നിനക്കുള്ളത് തന്നെയാ....."ഭരത് സ്വകാര്യം പോലെ പറഞ്ഞതും അവൾ ഒന്ന് തുറിച്ചു നോക്കി.... "അപ്പൊ ഞങ്ങൾ വന്നകാര്യം എന്താന്ന് വെച്ചാൽ.... വരുന്ന സൺ‌ഡേ ഞങ്ങളുടെ എൻഗേജ്മെന്റ് ആണ്.... ക്ഷണിക്കാനായിട്ട് വന്നതാ.... എല്ലാവരും വരണം...." എൻവെലപ്പ് യുവക്ക് നേരെ നീട്ടി ഭരത് പറയുന്നത് കേട്ട് നന്ദു ഞെട്ടിപ്പോയി.... ഇതൊക്കെ എപ്പോ എന്ന മട്ടിൽ അവൾ അവർക്ക് നേരെ ഒരു ലുക്ക്‌ വിട്ടതും ഭരത് കണ്ണിറുക്കി ചിരിച്ചു.... "ആഹാ... അപ്പൊ കുഞ്ഞളിയനും ലോക്ക് ആയല്ലോ...." യുവ കാർഡ് നോക്കി ചിരിച്ചു....

"ഇതൊക്കെ എങ്ങനെ.... എന്താ സംഭവം....?" നന്ദു പതിഞ്ഞ സ്വരത്തിൽ ആമിയെ നോക്കി തിരക്കി.... അവൾ ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ..... എല്ലാവരും ഉള്ളത് കൊണ്ട് അവൾക്കൊന്നും വിട്ട് ചോദിക്കാനും പറ്റുന്നില്ല... കുറച്ച് നേരം വിശേഷങ്ങൾ പങ്കിട്ടു അവർ യാത്ര പറഞ്ഞു പുറത്തേക്ക് നടന്നു.... പിന്നാലെ പോകാൻ ഇറങ്ങിയവരെ ഓവർടേക്ക് ചെയ്ത് നന്ദു മുന്നിലെത്തി.... അവർക്കൊപ്പം പുറത്തേക്കിറങ്ങി രഹസ്യത്തിൽ കാര്യം തിരക്കി.... അവരുടെ കഥന കഥ കേട്ട് അവൾ മൂക്കത്ത് വിരല് വെച്ചു.... "എന്നാലും ഇത്രയും കൊല്ലം കൂടെ നടന്നിട്ടും ഈ മരം ചുറ്റി പ്രേമം ഞങ്ങളറിയാതെ പോയല്ലോ ഈശ്വരാ...." അവൾ മാനം നോക്കി വിലപിച്ചു.... "ചങ്ക് ആണത്രേ ചങ്ക്..... ഇവൾ പറയാഞ്ഞത് പോട്ടെ.... നിന്നോട് പോലും തുറന്ന് പറയാതെ ചാവാൻ നോക്കിയവൾ അല്ലേ... അവളിൽ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നില്ല.... പക്ഷേ നീ... ഞാൻ നിന്റെ സഹോദരി അല്ലേ.... എന്നോടൊരു വാക്ക്.... ഏഹേ.... എല്ലാം സെറ്റ് ആയി നിശ്ചയത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്ത് അന്യരെ ക്ഷണിക്കാൻ പോകുന്നത് പോലെ കാർഡും ആയിട്ട് വന്നേക്കുന്നു..

." ഭരത്തിനെ നോക്കി അവൾ ചുണ്ട് കോട്ടി... ഇതൊക്കെ കേട്ട് സിറ്റ് ഔട്ടിൽ നിൽക്കുന്നവരുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.... ഭരത് ആണേൽ അവളെ നോക്കി ഇളിച്ചുകൊണ്ട് നിൽപ്പുണ്ട്.... "എടീ... ഇത് ഇന്നലെ നടന്ന സംഭവമാ... പിന്നെ ഇവിടുത്തെ സിറ്റുവേഷൻ അത്ര നന്നല്ലായിരിന്നല്ലോ.... നിന്നെ അറിയിച്ചില്ലെങ്കിലും ഏട്ടനെ ഞാൻ അറിയിച്ചായിരുന്നു.... എൻഗേജ്മെന്റ് ഡേറ്റ് ഫിക്സ് ചെയ്തതും ഏട്ടനാ...." അവൻ പറഞ്ഞു.... "എന്നിട്ട് ഞാൻ ഇന്നലെ അവിടെ ഉണ്ടായിരുന്നല്ലോ... ഏട്ടൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ....?" "നി മാത്രമല്ല ജാനിയും അറിഞ്ഞിട്ടില്ല... ഇന്ന് ഞങ്ങൾ ലെറ്ററും ആയിട്ട് ചെന്നപ്പോഴാ അവളും അറിയുന്നേ.... നീ അത് വിട്... അപ്പോഴത്തെ സാഹചര്യം അങ്ങനെ ഒക്കെ ആയിപോയി...."ഭരത് സാഹചര്യം ഒക്കെ പറഞ്ഞു മനസിലാക്കി അവളുടെ പരിഭവം തീർത്തു.... "അപ്പൊ സൺ‌ഡേ കാണാം.... ശരി അളിയാ...." യുവയോട് ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് ഭരത് ആമിയെ കൂട്ടി പോയി.... അവർ പോയതും എല്ലാവരും അകത്തേക്ക് കയറി പോയി.... നന്ദു തിരിഞ്ഞതും യുവ സിറ്റ് ഔട്ടിൽ നിൽക്കുന്നത് കണ്ടു.... അവൻ അവളെ കണ്ടതും ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് പോയി.... •••••••••••••••••••••••••••••••••••••••°

"ആമി നല്ല കുട്ടിയാ കുഞ്ഞാ.... ഭരത്തിന് നന്നായി ചേരും...." വിവരമറിഞ്ഞപ്പോൾ തന്നെ ശിവദ അഭിപ്രായപ്പെട്ടു.... "ഇവിടൊരുത്തൻ ഉണ്ട്.... ഭരത്തിന് നന്ദൂന്റെ പ്രായമേ ഉള്ളൂ.... ഇവനെക്കാൾ ചെറുതുങ്ങൾ ഒക്കെ കെട്ടിപ്പോണ്.... ഇവൻ ഇവിടെ ഇരുന്ന് മൂത്ത് നരക്കത്തെ ഉള്ളൂ..." ശിവദ ആരവിനെ നോക്കി കണ്ണുരുട്ടി.... "അങ്ങനെ ഒന്നും ഈ ആരവ് മൂത്ത് നരക്കില്ല എന്റെ അമ്മ കുട്ടീ...."അവൻ ശിവദയുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു.... "അല്ലേ ഏട്ടാ....?" അവൻ റാവണിനെ നോക്കി.... റാവൺ കോഫീ കുടിക്കുന്നതിനിടയിൽ അവനെ ഒന്ന് കണ്ണുകളുയർത്തി നോക്കി.... "ഓ പിന്നെ.... ദേ ഫ്രണ്ടിലെ മുടിയൊക്കെ നരച്ചു തുടങ്ങി.... വേഗം പിടിച്ച് കെട്ടിച്ചോ ചെറിയമ്മേ... അല്ലേൽ ചിലപ്പോ പെണ്ണ് കിട്ടിയെന്ന് വരില്ല... ഇപ്പൊ തന്നെ ഇങ്ങേരെ മാർക്കറ്റ് വാല്യൂ കുത്തനെ ഇടിഞ്ഞിരിക്കുവാ...." ജാനി ഏറു കണ്ണിട്ട് അവനെ നോക്കി...

"എടി എടി.... ആരാടി പറഞ്ഞത് ഇടിഞ്ഞെന്ന്.... നിന്റെ ഈ രാവണന് പോലും ഇല്ലാത്ത ഫാൻസ്‌ പവർ ഉണ്ടെനിക്ക്.... പിന്നേ നര...ദോ അങ്ങോട്ട് നോക്ക്.... നിന്റെ കെട്യോന്റെ തലയിലേക്ക് നോക്ക്... ദതാണ് നര... ഇതല്ല..... ഇങ്ങനേം ഉണ്ടോ അസൂയ... ഹല്ലേ.... 🙄" ആരവ് അത് പറഞ്ഞപ്പോൾ ജാനിയുടെ നോട്ടം റാവണിലേക്ക് ആയി... ആ പറഞ്ഞത് ശരിയാ... അവന്റെ തലയിൽ നര വീണു തുടങ്ങിയത് അവളും ശ്രദ്ധിച്ചിരുന്നു... ഇടത് ചെവിക്ക് അല്പം മുകളിലായി ഒരേ ഒരു നരച്ച മുടി.... സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്നത്.... ഇതൊക്കെ അവൻ എങ്ങനെ കണ്ട് പിടിച്ചൂന്നാ അറിയാത്തെ... അവൾ അവനെ തന്നേ നോക്കി നിൽക്കുന്നത് അറിഞ്ഞാവാം അവൻ കണ്ണുകൾ ഉയർത്തി അവളെ നോക്കി.... അവളെ നോക്കി ചെറുങ്ങനെ ചിരിച്ചുകൊണ്ട് എന്തെന്ന് നെറ്റി ചുളിച്ചു.... അവന്റെ ആ ഭംഗിയെറിയ ചിരി അവളുടെ ചൊടികളിലേക്കും അന്നേരം പടർന്നിരുന്നു.... അവനെ നോക്കി കണ്ണ് ചിമ്മി ചിരിക്കുമ്പോൾ അവളുടെ ഉള്ളിൽ പ്രണയം നിറയുകയായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...