ജാനകീരാവണൻ 🖤: ഭാഗം 166

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഈ കാലിന്.... എന്ത് പറ്റിയതാ....?" തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം സ്വാധീനക്കുറവുള്ള അവന്റെ കാല് ചൂണ്ടി അവൾ ചോദിച്ചു.... "ഇതോ....😅 ഇത്.... ഇതൊരു സമ്മാനമാണ്...." അവൻ ചിരിച്ചു.... "സമ്മാനമോ....?" അവളുടെ മുഖം ചുളിഞ്ഞു.... "മ്മ്.... പ്രണയിച്ച പെണ്ണിന്റെ പ്രണയസമ്മാനം...."ആ മുഖത്ത് പുച്ഛമാണോ ദേഷ്യമാണോ എന്ന് വേർതിരിച്ചറിയാൻ അവൾക്ക് സാധിച്ചില്ല.... "എന്ന് വെച്ചാൽ....?" അവളിൽ ആകാംക്ഷയേറി.... "എന്ന് വെച്ചാൽ നല്ല അസ്സലൊരു തേപ്പ് കിട്ടി അത്ര തന്നെ...."അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.... "എങ്ങനെ....?" അവൾ അറിയാതെ വിടില്ലെന്ന ഭാവത്തിലാണ്.... അവളുടെ ചോദ്യം കേട്ട് അവൻ നെറ്റി ചുളിച്ചു അവളെ അടിമുടി ഒന്ന് നോക്കി.... ആ നോട്ടത്തിൽ അവളൊന്ന് പരുങ്ങിപ്പോയി.... "വന്നപ്പോ വാ പോലും തുറക്കാത്ത പെണ്ണായിരുന്നു....

ആ അവൾക്കിപ്പോ എന്റെ ജീവചരിത്രവും തേപ്പ് കഥയും ഒക്കെ അറിയണം...."അവൻ കളിയായി പറഞ്ഞു.... ചന്ദു ചെറുങ്ങനെ ചിരിച്ചു.... "അല്ല.... കാലും തേപ്പും തമ്മിൽ എന്താ കണക്ഷൻ എന്ന് അറിയാൻ ഒരു...."അവൾ ജാള്യതയോടെ തല ചൊറിഞ്ഞു.... "എന്റെ തേപ്പ് കഥ അറിയാൻ ആണെങ്കിലും തന്നെ ഇത്രയും കൂൾ ആയിട്ട് കണ്ടല്ലോ.... സന്തോഷം...." അവൻ കൈയും കെട്ടി അവളെ നോക്കി.... ചന്ദു ചിരിച്ചു.... "നമ്മുടെ ഡോക്ടർ ചില്ലറക്കാരി ഒന്നുമല്ലെന്ന് ഇപ്പൊ എനിക്ക് ബോധ്യപ്പെട്ടു...."അവൻ ഇളയെ ഓർത്ത് പറഞ്ഞു.... ചന്ദുവിനും അത് ശരിയാണെന്ന് തോന്നി.... എത്ര ചുരുങ്ങിയ സമയം കൊണ്ടാണ് തന്നെ ഡോക്ടർ മാറ്റി എടുത്തത്.... എല്ലാവരോടുമായി തന്നെ അടുപ്പിച്ചത്..... താൻ തന്നെയാണോ ഇതെന്ന പോലും ചിന്തിച്ചു പോയി അവൾ.... ആ ചിന്തയിൽ അവൾ വിക്രത്തെ നോക്കി.... അവൻ എന്തോ ഓർത്തുകൊണ്ട് കുറച്ചകലെയായി റോഡിലൂടെ പതിയെ നടന്ന് പോകുന്ന വികാസിനെയും മാനസയെയും നോക്കി ഇരിപ്പാണ്..... അവരുടെ കളിയും ചിരിയും സന്തോഷവും ഒക്കെ കാണുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി മൊട്ടിട്ടു.....

ആ ചിരിയോടെ അവരിൽ നിന്ന് നോട്ടം പിൻവലിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു നോക്കുന്ന ചന്ദുവിനെ അവൻ കണ്ടു.... അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി.... "ഏട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരു സമാധാനം.... ഏട്ടത്തി വരുന്നതിന് മുൻപ് ഏട്ടനെ ഇനി ഇങ്ങനെ ചിരിച്ചു കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല...."അവൻ അത് പറഞ്ഞുകൊണ്ട് പഴയ ഒരു കുടുംബ ചിത്രം മനസ്സിൽ ഓർത്തു.... "ഇങ്ങനെ ഒന്നും ആയിരുന്നില്ലടോ ഞങ്ങൾ .... ഞങ്ങൾക്കും ഉണ്ടായിരുന്നു സ്വർഗം പോലൊരു കുടുംബം..... അച്ഛൻ അമ്മ അനിയത്തി..... അഞ്ച് പേരടങ്ങുന്ന ഒരു കുഞ്ഞ് സ്വർഗം.... ആ സ്വർഗം നരകതുല്യം ആയത് കുറച്ച് വർഷങ്ങൾക്ക് മുന്നെയാടോ...." അത് പറയുമ്പോൾ അവന്റെ ശബ്ദമിടറി.... കണ്ണുകൾ നീറി.... ഒരു ആശ്വാസവാക്ക് പറയാൻ അവൾ മുതിർന്നില്ല.... നല്ലൊരു കേൾവിക്കാരിയാകാൻ ആണ് അവൾക്ക് അന്നേരം തോന്നിയത്.... "വൈഗമോൾ.... അവളായിരുന്നെടോ ഞങ്ങളുടെ വീടിന്റെ ജീവൻ.... ആ ജീവനെയാ..... മനുഷ്യരൂപംകൊണ്ട കുറച്ച് ചെകുത്താന്മാര് ചേർന്ന് പിച്ചി ചീന്തിയത്....

കോളേജ് ടൂറിന് എല്ലാവർക്കും ഉമ്മയും കൊടുത്ത് എത്ര സന്തോഷത്തോടെ പോയവളാ.... തിരികെ വന്നത് ശരീരം മുഴുവൻ മുറിവുകളുമായി ജീവനില്ലാതെ...."അത് പറയുമ്പോൾ നേർത്തൊരു തേങ്ങൽ അവന്റെ വാക്കുകളെ തടസ്സപ്പെടുത്തി.... അവന്റെ വാക്കുകളിലൂടെ ആ രംഗം മനസ്സിൽ കണ്ട ചന്ദുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... "അവരൊക്കെ വലിയ ആളുകളായിരുന്നെടോ.... അവർക്കെതിരെ ഇറങ്ങി തിരിച്ചതോടെ കെട്ടി ചമച്ച ഒരു ആക്‌സിഡന്റ് അച്ഛനേം അമ്മേം കൂടി കൊണ്ട് പോയി.... അന്ന് ഞാനും എന്റെ ഏട്ടനും അനാഥരായി.... കൂടെ നിൽക്കാനും ആ നീച്ചന്മാരെ പിഴുതു എറിയാനും ഒപ്പം റാവൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ.... എല്ലാ സന്തോഷവും പ്രതീക്ഷകളും അസ്തമിച്ചിരിക്കുമ്പോഴാണ് ഏട്ടന്റെ ജീവിതത്തിലേക്ക് നഷ്ടമായ പ്രണയം തിരികെ എത്തുന്നത്.... അന്ന് ഏട്ടത്തിയുടെ അവസ്ഥ കണ്ട് തകർന്നു പോയി എന്റെ ഏട്ടൻ.... പഠന കാലത്ത് നെഞ്ചിലേറ്റിയവൾ ജന്മം കൊടുത്തവന്റെയും കൂട്ടാളികളുടെയും ക്രൂര പീഡനത്തിന് ഇരയായിട്ടും ആ പാപത്തിന്റെ ബാക്കിയെ ഉദരത്തിൽ ചുമന്നിട്ടും ഏട്ടന്റെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചില്ല....

ശത്രുക്കൾ ഒന്നായത് കൊണ്ടായിരുന്നില്ല അത്.... ഏട്ടത്തിയെ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്റെ ഏട്ടൻ.... ബുദ്ധിസ്ഥിരത ഇല്ലാത്ത ഏട്ടത്തിയെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ചു.... അന്നൊക്കെ ഏട്ടത്തി ഓർമയില്ലാതെ പലപ്പോഴും ഏട്ടനെ ദ്രോഹിച്ചിട്ടുണ്ട്.... ഒക്കെ പുഞ്ചിരിയോടെ സഹിച്ചു ആ പാവം.... ഏട്ടത്തിയുടെ ഉദരത്തിലെ ജീവനെ സ്വന്തമായി കണ്ടു.... ഒടുവിൽ ആ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ എന്റെ ഏട്ടൻ ചങ്ക് പൊട്ടി നിന്നപ്പോൾ അത്ഭുതം തോന്നിപ്പോയി എനിക്ക്.... ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോൾ ഏട്ടത്തി തന്നെ പോലെ ആയിരുന്നു.... ആരെയും അംഗീകരിക്കാൻ ആവാതെ ആരോടും സംസാരിക്കാതെ..... അതുവരെ കൈവെള്ളയിൽ കൊണ്ട് നടന്ന ഏട്ടനെ ഏട്ടത്തി മറന്ന് പോയപ്പോൾ ഏട്ടൻ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമേ ചിരിച്ചു..... വഴി മാറി നിന്ന് കൊടുത്തു....

ഒരു അവകാശവും ഉന്നയിച്ചില്ല.... ഇന്ന് തന്നെ മാറ്റിയെടുത്ത പോലെ ഇളയാണ് ഏട്ടത്തിയെ മാറ്റിയെടുത്തത്.... പക്ഷേ വർഷങ്ങളുടെ ചികിത്സ വേണ്ടി വന്നു.... മനസ്സിനേറ്റ മുറിവുകൾ മറക്കാനും ഒരു വൈവാഹിക ജീവിതത്തോട് താല്പര്യം തോന്നാനും.... വൈകിയാണെങ്കിലും എന്റെ ഏട്ടന്റെ സ്നേഹം ഏട്ടത്തി തിരിച്ചറിഞ്ഞു.... ഇന്ന് അവർ ഹാപ്പി ആണ്.... എന്റെ ഏട്ടന്റെ സന്തോഷം തിരികെ കൊടുത്തത് ഇളയാണ്.... ഞങ്ങൾക്കിപ്പോ ഞങ്ങടെ വൈഗയാണ് ഇള.... അങ്ങനെ എപ്പോഴോ കരുതിപ്പോയി.... ഏട്ടനും ഇളയും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്.... മറ്റൊന്നും വേണ്ട ഇനി ഈ ജീവിതത്തിൽ.... " വിക്രം പറഞ്ഞു നിർത്തിക്കൊണ്ട് കണ്ണ് തുടച്ചു.... എല്ലാം കേട്ടപ്പോ ചന്ദുവിന്റെ കണ്ണും നിറഞ്ഞിരുന്നു.... കുറച്ചൊക്കെ ഇള പറഞ്ഞെങ്കിലും ഇവരൊക്കെ ഇത്രത്തോളം അനുഭവിച്ചിരുന്നു എന്നവൾക്ക് പുതിയ അറിവാണ്..... ഇവരെ ഒക്കെ ഓർക്കുമ്പോൾ തന്റെ വേദനയൊക്കെ എത്ര ചെറുതാണെന്ന് അവൾ ഓർത്തു പോയി.... വിക്രത്തെ നോക്കിയപ്പോൾ അവൻ ആ ഓർമയിൽ തന്നെയാണെന്ന് അവൾക്ക് മനസ്സിലായി...

അവന്റെ വെളുത്ത മുഖമൊക്കെ ചുവന്ന തുടങ്ങി.... കണ്ണും മുഖവും തോളു കൊണ്ട് തുടച്ചിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.... അവനെ നോക്കുമ്പോൾ അവൾക്ക് അലിവ് തോന്നി... വാത്സല്യം തോന്നി.... അമ്മ നഷ്ടമായപ്പോൾ താൻ അനുഭവിച്ച വേദന എത്രത്തോളം ആണെന്ന് അവൾ ഓർത്തു.... ഈ മനുഷ്യർ എങ്ങനെ ഇതൊക്കെ തരണം ചെയ്തു എന്നോർത്തു അവളുടെ മനസ്സ് പിടഞ്ഞു.... അവന്റെ മുഖം കാണുമ്പോൾ ആകെയൊരു വീർപ്പുമുട്ടൽ.... അവനെ പുഞ്ചിരിയോടെ അല്ലാതെ കണ്മുന്നിൽ കണ്ടിട്ടില്ലവൾ..... അവനൊന്ന് ചിരിച്ചെങ്കിൽ... അവൾ അതിയായി ആശിച്ചു.... "അതേ...."അവൾ സ്റ്റെപ്പിൽ നിന്ന് എണീറ്റ് സോപാനത്തിലേക്ക് ഇരുന്നു.... വിക്രം തല ചരിച്ചു അവളെ ഒന്ന് നോക്കി... എന്താണെന്ന് പുരികം പൊക്കി തിരക്കി.... "പറഞ്ഞില്ല...."അവൾ കുറച്ച് അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു..... "എന്ത്.....?" "തേപ്പ് കഥ...." അവന്റെ അടുത്തേക്ക് തല കുനിച്ചുകൊണ്ട് അടക്കം പറയും പോലെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... അവളുടെ മട്ടും ഭാവവും ഇരിപ്പും ഒക്കെ കണ്ട് അറിയാതെ അവൻ ചിരിച്ചു പോയി....

"ഈ പെണ്ണിനെക്കൊണ്ട്.... 😅" അവൻ അവന്റെ കണ്ണുകൾക്ക് മീതെ കൈ വെച്ച് ചിരിച്ചു.... അവൾ നിഷ്കളങ്കമായി അവനെ നോക്കി ഇരുന്നു.... "ഒരാളുടെ ട്രാജഡി സ്റ്റോറി അറിയാൻ എന്താ ഇന്ട്രെസ്റ്റ്...." അവൻ അവളെ കളിയാക്കി.... അവൾ ജാള്യതയോടെ ചിരിച്ചു കാണിച്ചു.... "എന്റെ കഥ ഒക്കെ ഭയങ്കര കോമഡി ആടോ...."അവൻ ചാരി ഇരുന്നുകൊണ്ട് അവളോട് പറഞ്ഞു.... "കൈ വെള്ളയിൽ ഇരുന്ന മാണിക്യം കളഞ്ഞ് കാക്കപ്പൊന്ന് തേടിപ്പോയ വിഡ്ഢി...." നഷ്ടബോധത്താൽ അവന്റെ കണ്ണിൽ മിഴിനീർ തിളങ്ങി..... "വൈഗ പോയതോടെ കൂട്ടുകാരന്റെ പെങ്ങളെ ആ സ്ഥാനത്ത് കണ്ട് തുടങ്ങി.... നന്ദുവിനോട് അടുത്തിടപേഴുകുന്നത് ഒരു സഹോദരി എന്ന ചിന്ത മനസ്സിൽ വെച്ചായിരുന്നു.... ഒരു തരത്തിലും നന്ദുവിനോട് അങ്ങനൊരു ഇഷ്ടം തോന്നാത്ത വിധം റിയ എന്ന കള്ളിമുള്ള് മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.... പുറം ഭംഗിയിൽ വീണു പോയപ്പോൾ അവളൊരു അഴുക്കുചാൽ ആണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.... അപ്പോഴും നന്ദുവിന് എന്നോടുള്ള പ്രണയം ഞാൻ അറിയാതെ പോയി....

പിന്നിട്ട വഴികളിലേക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റും അത് തന്നെയാണ്.... ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഞാനും ഒരു കൂട്ട് ആഗ്രഹിച്ചു.... ആ കൂട്ടിനെ ഞാൻ തേടിയത് തെറ്റായിടത്തും...."അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.... ചന്ദു ബാക്കി കേൾക്കാനുള്ള ആകാംക്ഷയിലും.... "റാവണിന്റെ അമ്മാവന്റെ മകളാണ് റിയ.... വെക്കേഷനൊക്കെ അവന്റെ വീട്ടിൽ വന്ന് നിൽക്കുന്നവളെ എപ്പോഴോ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങി.... ഒളിച്ചോടിപ്പോയ അപ്പച്ചിയോടുള്ള വിദ്വേഷം റാവണിനോടും അവൾക്കുണ്ടായിരുന്നു.... ഞാൻ കരുതിയ പോലൊരു പെണ്ണായിരുന്നില്ല അവൾ.... പണത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചു പണം കൊണ്ട് മാത്രം ആളുകളെ അളക്കുന്നവൾ.... പണമില്ലാത്തവർ അവൾ പട്ടിക്ക് സമമാണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി.....

ഒടുവിൽ അവളുടെ പ്രതികാരത്തിന് വേണ്ടി എന്നെ വിഡ്ഢിവേഷം കെട്ടിക്കുമ്പോൾ എനിക്ക് നഷ്ടമായത് നന്ദുവിന്റെ പ്രണയം കൂടി ആയിരുന്നു...." റിയയുടെ വാക്ക് കേട്ട് നന്ദുവിനെ അപമാനിച്ചതും അവരുമായി തെറ്റിയതുമൊക്കെ ഒരു കഥ പോലെ വിക്രം പറഞ്ഞു കൊടുത്തു.... കാര്യം കാണാൻ വേണ്ടി തന്നോട് ഇഴുകി ചേർന്ന് പ്രണയം അഭിനയിച്ചവൾ ഒടുവിൽ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതും തന്നെ അപമാനിച്ചു വിട്ടതും എല്ലാത്തിനുമുപരി പാഞ്ഞു വരുന്ന കാറിന് മുന്നിലേക്ക് തള്ളി ഇട്ടത് വരെയുള്ള കാര്യങ്ങൾ അവൻ അവളോട് തുറന്ന് പറഞ്ഞു.... "അന്ന് എന്റെ ജീവൻ രക്ഷിക്കാൻ ഞാൻ അപമാനിച്ചു വിട്ട നന്ദു തന്നെ വേണ്ടി വന്നു.... ആ ആക്‌സിഡന്റോടെയാണ് ഈ കാല് ഇങ്ങനെ ആയതും...." വിക്രം പറഞ്ഞു നിർത്തിയപ്പോൾ ചന്ദു ഒരു ഞെട്ടലിൽ ആയിരുന്നു.... ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.... ഒരു പെണ്ണിന് ഇത്രയേറെ തരം താഴാണ് കഴിയുമോ....?

ഇത്രയേറെ ദുരന്തങ്ങൾ ഒരു പുരുഷന് താങ്ങാൻ കഴിയുമോ....? അവൾ ചിന്തിച്ചു പോയി.... വിക്രത്തെ ഓർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു.... റിയയോട് അവൾക്ക് അരിശം തോന്നി.... ആ നിമിഷം റിയ തന്റെ കുടുംബത്തിൽ വലത് കാലെടുത്തു വെക്കില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.... ആ കുടുംബം ഒരു അത്ഭുതമായി അവൾക്ക് തോന്നി.... ഇത്രയേറെ ദ്രോഹിക്കപ്പെടാൻ ഇവരൊക്കെ എന്ത് തെറ്റാണ് ചെയ്തത്.... സ്നേഹിച്ചതിന്റെ പേരിൽ മുറിവേൽക്കപ്പെടാനാണ് നമ്മുടെ ഒക്കെ വിധി... അവൾ മനസ്സാൽ പറഞ്ഞു.... "നന്ദു....?" ചോദ്യം പൂർത്തിയാക്കാൻ ആവാതെ അവൾ ഒന്ന് വിഷമിച്ചു.... "ഒരുപാട് ശ്രമിച്ചു.... സ്വന്തമാക്കാൻ..... പക്ഷേ പ്രണയം ഒരിക്കൽ ഇല്ലാതെയായാൽ പിന്നെ നമ്മൾ എത്ര ശ്രമിച്ചിട്ടും കാര്യം ഇല്ല ..... അവസാന നിമിഷം വരെ ശ്രമിച്ചു.... ഒടുവിൽ വിട്ട് കൊടുത്തു.... അല്ല വിട്ട് കൊടുക്കേണ്ടി വന്നു....." ......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...