ജാനകീരാവണൻ 🖤: ഭാഗം 180

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"താൻ എന്തൊക്കെയാ ഈ പറയുന്നേ..... അതിനും മാത്രം എന്താ...." "അതിനും മാത്രം ഉണ്ട് മാഷേ..... എന്റെ ഭൂതകാലം അറിയുന്ന ആരും എന്നോട് അടുക്കാൻ നിൽക്കില്ല.... ചിലപ്പോ മാഷ് പോലും പിന്നീട് ഈ അടുപ്പം കാണിക്കില്ല....."അവളൊരു വരണ്ട ചിരി അവന് സമ്മാനിച്ചു..... "ഞാൻ.... ഞാനൊരു കൊലപാതകി ആണ് മാഷേ...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... അത് കേട്ട് അവനൊന്ന് ഞെട്ടി.... ഒരിക്കൽ ഇളയും ഈ വാചകം പറഞ്ഞത് അവൻ ഓർത്തെടുത്തു..... "എന്ന് മാത്രമല്ല.... അതിന്റെ പേരിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.... പിന്നെ തലക്ക് തകരാറാണെന്ന് മനസ്സിലായപ്പോ ശിക്ഷ വെട്ടിക്കുറച്ചു.... കുറച്ച് കാലം മെന്റൽ ഹോസ്പിറ്റലിൽ...." അവൾ കൂളായി പറഞ്ഞു.... അവൾ പറയാൻ മടിച്ച.... ഓർക്കാൻ ഭയന്ന അവളുടെ ഭൂതകാലം അവൾ തുറന്ന് പറയാൻ തീരുമാനിച്ചു.... ഇളയോട് അല്ലാതെ മറ്റാരോടും ഇതുവരെ മനസ്സ് തുറന്നിട്ടില്ല.... വിക്രത്തോട് പറയാൻ അവൾ വിമുകത കാട്ടിയത് തന്നെ എല്ലാവരുടെയും മുന്നിൽ ഒരു കുറ്റവാളി ആയി ജീവിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ട് മാത്രമാണ്....

എന്നാലിന്ന് മനസ്സ് തുറക്കണമെന്ന് അവൾക്ക് തോന്നി.... വിക്രം അത് അറിഞ്ഞിരിക്കണം എന്ന് തോന്നി.... അത് എന്ത് കൊണ്ടാണെന്ന് അവൾക്കും മനസ്സിലായില്ല.... "ചന്ദു..... താൻ..... എന്തിന്....?" അതാണ് അവന് അറിയേണ്ടിയിരുന്നത്.... അവളെ അവൾക്ക് നഷ്ടമാക്കിയ ആ പഴംകഥകൾ കേൾക്കാൻ അവനും ആഗ്രഹിച്ചിരുന്നു..... പലതവണ ചോദിക്കാൻ തുനിഞ്ഞു വേണ്ടെന്ന് വെച്ച ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു... എങ്കിലും അത് അടക്കി വെച്ച് അവളുടെ വാക്കുകൾക്കായി കാതോർത്തു..... "സൂര്യ ദേവ് ശങ്കർ..... അതായിരുന്നു അയാളുടെ പേര്..... ഒപ്പം പഠിച്ചവൻ.... മൂന്ന് വർഷത്തെ പ്രണയം.... എന്നിട്ടും അവൻ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല...." അവൾ ദീർഘമായി നിശ്വസിച്ചു..... "സാമ്പത്തികമായി ഉന്നത നിലയിൽ ആയിരുന്നു അയാൾ.... അത് കൊണ്ട് പ്രണയം അറിഞ്ഞപ്പോ ബന്ധുക്കൾ ആരും എതിർത്തില്ല..... പക്ഷേ അച്ഛന് അവനിൽ വിശ്വാസം ഉണ്ടായിരുന്നില്ല..... അല്ലേലും അച്ചന്മാർ അങ്ങനെയാ....

മക്കളെ ഏറ്റവും സുരക്ഷിതമായ കൈകളിൽ എത്തിക്കണമെന്ന് ഒരു വാശിയാണ്.... അതുകൊണ്ട് തന്നെ അച്ഛന് എതിർപ്പായിരുന്നു.... ശക്തമായി തന്നെ എതിർത്തു.... പക്ഷേ ഞാനെന്റെ പിടിവാശിയിൽ ഉറച്ചു നിന്നു....പലതും കാട്ടി കൂട്ടി അച്ഛന്റെ സമ്മതം വാങ്ങി.... അച്ഛൻ പറഞ്ഞുകേട്ട അവന്റെ സ്വഭാവദൂഷ്യത്തിന്റെ പഴി അവൻ വളർന്ന സാഹചര്യത്തിന് ചാർത്തി കൊടുത്തു.... അവനെ ഞാൻ ന്യായീകരിച്ചു.... വെള്ള പൂശി.... എന്റെ പിടിവാശിക്ക് മുന്നിൽ അച്ഛന് മുട്ട് മടക്കേണ്ടി വന്നു.... വീട്ടുകാരെ ഒഴിവാക്കി സ്വസ്ഥമായി മറ്റൊരിടത്തേക്ക് മാറിയപ്പോൾ സന്തോഷം തോന്നി.... മൂന്ന് വർഷത്തെ തങ്ങളുടെ പ്രണയസാക്ഷാൽക്കാരം.... മറ്റാരുടെയും ശല്യം ഇല്ലാതെ ഞാനും അയാളും മാത്രമായി ഞങ്ങളുടേതായ ലോകത്ത് സുന്ദരമായ ഒരു ജീവിതം തുടങ്ങിയതോർത്തു ഒത്തിരി ആഹ്ലാദിച്ചു..... വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വരെ ആ ആഹ്ലാദം നിലനിന്നു.... മൂന്നാം നാൾ മുതൽ എന്റെ ജീവിതം മാറി.... വർഷങ്ങളോളം അയാൾ എന്റെ മുന്നിൽ നന്മയുടെ മുഖം മൂടി അണിഞ്ഞു അഭിനയിച്ചു തകർക്കുകയായിരുന്നെന്ന് വൈകാതെ തന്നെ മനസ്സിലാക്കി...

. ഒരു പെൺശില കണ്ടാൽ പോലും വികാരം പൊട്ടിയൊഴുകുന്ന മാനസികരോഗിയാണ് മാന്യനായി എന്റെ മുന്നിൽ നിറഞ്ഞടിയതെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല.... ഇങ്ങനെ ഒരാൾക്ക് ഇത്ര കാലം അഭിനയിക്കാൻ സാധിക്കുമോ....?? "അവൾ വിക്രത്തെ നോക്കി ചോദിച്ചു..... ഏകദേശം കാര്യങ്ങളുടെ കിടപ്പ് അവന് മനസ്സിലായി..... അവൻ ഉറ്റുനോക്കിയത് അവളുടെ കണ്ണുകളിലേക്കാണ്..... ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നില്ല..... എങ്കിലും സ്ഥായീഭാവം ഒരുതരം വിഷാദം തന്നെ ആയിരുന്നു..... "അയാളെ കുറിച്ച് എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്ക് അറിയില്ല..... കാമഭ്രാന്തൻ.... ശരിക്കും അത് തന്നെ ആയിരുന്നു അയാൾ.... ആദ്യനാളുകളിൽ അയാളുടെ അസാധാരണമായ പെരുമാറ്റം കണ്ടപ്പോൾ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിച്ച സന്തോഷമായി കരുതി.... പിന്നീട് മനസ്സിലായി.... അവൻ ലഹരിക്കും അതുപോലെ അശ്ലീലചിത്രങ്ങൾക്കും അടിമയാണെന്ന്..... എന്റെ അനുവാദം ഇല്ലാതെ പല തവണ അയാൾ...."അവൾ കണ്ണുകൾ ഇറുക്കി അടച്ചു....

"ശരീരസുഖത്തിനു വേണ്ടി പല വിധത്തിലും എന്നെ ദ്രോഹിച്ചു..... അറപ്പ് തോന്നിക്കുന്ന പലതും എന്നോട് ആവശ്യപ്പെട്ടു.... വിസമ്മതിച്ച എന്നെ അനുസരിപ്പിച്ചു.... ഉപദ്രവിച്ചു....." ദേവ് ചെയ്ത ഓരോ ക്രൂരതകളും അവൾ എണ്ണി എണ്ണി പറഞ്ഞു..... വിക്രത്തിന് ദേഷ്യം തോന്നി.... ഒപ്പം അവളെ ഓർത്ത് അവന്റെ കണ്ണുകളും നിറഞ്ഞു.... അവൾ കരഞ്ഞു തീർത്ത.... ഭയന്നു കഴിഞ്ഞ ഓരോ ദിനങ്ങളും ഒരു മടിയും കാട്ടാതെ അവൾ തുറന്നു പറഞ്ഞു..... ദേവിന്റെ കാമഭ്രാന്തുകൾ പങ്ക് വെക്കുമ്പോൾ അവൾക്ക് ജാള്യത തോന്നിയില്ല.... ഇളയോടുള്ളതിനേക്കാൾ സ്വാതന്ത്ര്യം തോന്നി അവൾക്ക് അപ്പോൾ. .. "മാനം രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സമൂഹത്തിന് മുന്നിൽ ഭർത്താവിന്റെ ജീവനെടുത്ത ഒരു കൊലപാതകി ആയി ഞാൻ.... എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത്.... എന്നെയാണ് കല്ലെറിഞ്ഞത്..... ഞാനെന്ത് വേണമായിരുന്നു.... ഭർത്താവിന്റെയും കൂട്ടുകാരന്റെയും ഇഷ്ടാനുസരണം രണ്ട് പേർക്കുമൊപ്പം കിടക്ക പങ്കിടണമായിരുന്നോ..... നിരന്തരം മറ്റ് സ്ത്രീകളുടെ പേര് വിളിച്ചു ഭോഗിക്കുന്ന ഭർത്താവിനെ തൃപ്തിപ്പെടുത്തനമായിരുന്നോ....? അനുവാദം ഇല്ലാതെ എന്നെ ക്രൂരമായി റേപ്പ് ചെയ്യുന്ന ഭർത്താവിനെ ദൈവമായി കണ്ട് പൂജിക്കണമായിരുന്നോ....?

ഭർത്താവിന്റെ ഇഷ്ടത്തിന് വഴങ്ങി അശ്ലീലം പറഞ്ഞു അയാളുടെ പൗരുഷത്തെ ഉണർത്തി അയാളെ സന്തോഷിപ്പിക്കണമായിരുന്നോ....? എന്നാലേ ഞാൻ ഒരു ഉത്തമഭാര്യ ആവുകയുള്ളോ....? ആത്മരക്ഷാർത്ഥം എനിക്ക് പറ്റിയ ആ കൈപ്പിഴ കൊണ്ട് ഞാനൊരു കൊലപാതകി ആയി.... തനിക്കറിയോ ..... അന്ന് ഈ സമൂഹം എന്തൊക്കെ കഥകളാണ് എനിക്കെതിരെ ആരോപിച്ചത്..... കാമുകനൊപ്പം പോകാൻ വേണ്ടി ഭർത്താവിനെ കുത്തി കൊന്നവൾ എന്ന് പോലും കേൾക്കേണ്ടി വന്നു... സ്വരക്ഷക്ക് വേണ്ടി ചെയ്ത തെറ്റിന് നീണ്ട അഞ്ച് വർഷമാണ് ജയിൽവാസം അനുഭവിച്ചത്..... ആ ശിക്ഷയുടെ ബാക്കി എന്നോണം ഭ്രാന്തി എന്ന മുൾക്കിരീടവും എനിക്ക് ചാർത്തി തന്നു..... ഞാൻ ഭ്രാന്തി അല്ലടോ.... എന്നെ ഭ്രാന്തി ആക്കിയതാണ്.... ജീവിതം തന്ന തിരിച്ചടികൾക്ക് മുന്നിൽ ഞാൻ പതറിപ്പോയി മാഷേ.... ജീവന് തുല്യം പ്രണയിച്ചവന്റെ ക്രൂരതയിൽ ഞാൻ തളർന്നു പോയി..... എന്റെ മൗനം.... എന്റെ കണ്ണുനീർ.... എന്റെ ദേഷ്യം.... ഇതൊക്കെ മറ്റുള്ളവർ ഭ്രാന്തായി കണ്ടു....

ഞാൻ എന്നെ തന്നെ ശിക്ഷിക്കുകയായിരുന്നെടോ..... അത് ആരാണ് ഒരു ഭ്രാന്തായി ചിത്രീകരിച്ചതെന്ന് എനിക്ക് ഇന്നും അറിയില്ല.... " പറഞ്ഞു വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.... "ഭയമായിരുന്നെടോ..... പിന്നീട് കാണുന്ന ഓരോ പുരുഷനിലും ഞാൻ ദേവിനെ കണ്ടു..... പിന്നെ പിന്നെ എല്ലാവരെയും ഭയത്തോടെ നോക്കാൻ തുടങ്ങി.... അച്ഛന്റെയും ബന്ധുക്കളുടെയും ചോദ്യങ്ങൾ കൂടി കൂടി വന്നു .... അപ്പോഴൊക്കെ മൗനത്തെ കൂട്ട് പിടിച്ചു..... പിന്നെ ഞാനും അത് ഇഷ്ടപ്പെട്ട് തുടങ്ങി.... ആൾക്കൂട്ടം വെറുത്ത് തുടങ്ങി..... ആരെയും വിശ്വസിക്കാതെ ആയി..... ആരോടും എന്നെ തുറന്ന് കാട്ടാൻ താല്പര്യം ഇല്ലാതെയായി.... കൊലപാതകി എന്ന ചെല്ലപ്പേര് വീണ്ടും കേൾക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നെടോ..... ഞാൻ ഭ്രാന്തി അല്ലായിരുന്നെടാ..... പിന്നീട് ഞാൻ അങ്ങനെ ആയിട്ടുണ്ടെങ്കിൽ അതീ സമൂഹം എന്നെ അങ്ങനെ ആക്കിയതാണ്....."പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ അടർന്നു വീണു.... ഒപ്പം അവന്റെയും.... വിക്രത്തിന് തിരിച്ചൊന്നും പറയാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല.....

ഏറെ നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു.... "എന്താ മാഷേ.... കഥ കേട്ടപ്പോൾ ഈ സൗഹൃദം വേണ്ടാ എന്ന് തോന്നുന്നുണ്ടോ....?" ചോദ്യത്തോടൊപ്പം അവളുടെ കണ്ണ് കലങ്ങി.... കാരണം ജീവിതത്തിൽ നല്ല സൗഹൃദങ്ങൾ ഇന്നേവരെ ഉണ്ടായിട്ടില്ല.... ഉണ്ടായിരുന്നതൊക്കെ ആപത്ത് ഘട്ടത്തിൽ തള്ളി പറഞ്ഞിട്ടേ ഉള്ളൂ.... അതിന് ശേഷം ഇഷ്ടമില്ലാതെ ഇഷ്ടം തോന്നിയ നല്ലൊരു സുഹൃത്ത് ആയിരുന്നു വിക്രം..... അവന്റെ സൗഹൃദം നഷ്ടപ്പെടരുതെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു..... പക്ഷേ തന്നെ കുറിച്ചുള്ള സത്യങ്ങൾ മറച്ചു വെച്ച് ഒരു കാപട്യക്കാരിയാവാൻ അവൾ ഒരുക്കമല്ലായിരുന്നു.... അവളുടെ ചോദ്യം കേട്ട് അവൻ അവളെ നോക്കി.... അവൻ ഒന്നും മിണ്ടാതെ അവളെ ഒന്ന് ഹഗ്ഗ് ചെയ്തു..... അവളുടെ പുറത്ത് ഒന്ന് തട്ടി കൊടുത്തു..... അവന്റെ ആ പ്രവർത്തിയിൽ അവൾ പെട്ടെന്ന് ഒന്ന് വല്ലാതായി.... "എനിക്ക് നിന്നോടുള്ള റെസ്‌പെക്ട് കൂടിയിട്ടേ ഉള്ളൂ ചന്ദൂ...." അവൻ അവളിൽ നിന്ന് വിട്ട് മാറിക്കൊണ്ട് പറഞ്ഞു..... അവന്റെ വാക്കുകൾ അവളുടെ മുഖത്തെ നഷ്ടമായ തിളക്കത്തെ തിരികെ കൊണ്ട് വന്നു....

. അവനെ നോക്കി അവൾ നന്ദിയോടെ പുഞ്ചിരിച്ചു.... "ഇനി പറയ് മാഷേ.... ഒരു കൊലപാതകി ആയ എന്നെ ആരെങ്കിലും സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുമോ....?" അവൾ കളിയായി അവനോട്‌ തിരക്കി.... അവൻ ഉത്തരമില്ലാതെ അവളെ നോക്കി... "ഇനി അങ്ങനെ ഉണ്ടായാൽ തന്നെ എന്ത് വിശ്വസിച്ചു ഞാൻ അയാളെ സ്വീകരിക്കും.... മൂന്ന് വർഷം പ്രണയിച്ചവന്റെ ചതി പോലും തിരിച്ചറിയാൻ എനിക്കായില്ല.... അതൊന്നും ആവർത്തിക്കപ്പെടില്ലെന്ന് എന്താ ഉറപ്പ്...." അവൾ വരണ്ടൊരു ചിരിയോടെ അവനെ നോക്കി ..... "ജീവിതം വെച്ച് ഇനിയൊരു പരീക്ഷണത്തിന് ഞാൻ ഇല്ലെടോ.... എനിക്ക് അതിന് കഴിയത്തുമില്ല..... ഇനിയുള്ള കാലം എല്ലാം മറന്ന് സന്തോഷത്തോടെ എന്റെ അച്ഛനൊപ്പം ജീവിക്കണം .... ഞാൻ കാരണം ഒത്തിരി വേദനിച്ചു ആ പാവം.... ആ മനുഷ്യന് വേണ്ടിയാണ് ഇനിയുള്ള ഈ ജീവിതം പോലും....

അതിന് അപ്പുറത്തേക്ക് ഞാനിപ്പോ ഒന്നും ചിന്തിക്കുന്നില്ലടോ...." ചന്ദുവിന്റെ വാക്കുകൾ അവൻ കേട്ടിരുന്നു.... മറുപടി പറയാൻ അവന്റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല.... അവൻ ഒരിക്കൽ കൂടി അവളുടെ വാക്കുകളെ മനസ്സിലിട്ട് വിശകലനം ചെയ്തു നോക്കി..... എന്തിനോ വേണ്ടി അവന്റെ മുഖം വാടി.... കാരണമില്ലാത്ത ഒരു നിരാശ അന്നേരം അവനെ ബാധിച്ചിരുന്നു.... ••••••••••••••••••••••••••••••••••••••••° അച്ഛൻ അപ്പോഴത്തെ വാശിക്ക് ഗേറ്റ് പൂട്ടി പോയെന്നും ഉടനെ തിരികെ വരുമെന്ന പ്രതീക്ഷയിലും റിയ ഒരടി അനങ്ങാതെ അവിടെ തന്നെ നിന്നു..... രാഘവിനെ പല തവണ വിളിച്ചെങ്കിലും അവൻ അറ്റൻഡ് ചെയ്തില്ല.... ഒടുവിൽ ഫോൺ സ്വിച്ച് ഓഫ്‌ ആയെന്ന് അറിഞ്ഞതും അവൾ ചുറ്റും കണ്ണോടിച്ചു.... രാത്രി ഒരുപാട് വൈകിയിരുന്നു..... അവൾ ഗേറ്റിന് ഇടയിലൂടെ അകത്തേക്ക് നോക്കി.... ആരെയും കാണുന്നില്ല.....

അവൾ ഫോൺ എടുത്ത് മൂന്ന് പേരുടെയും ഫോണിൽ മാറി മാറി വിളിച്ചു.... ആരും അറ്റൻഡ് ചെയ്യുന്നില്ല.... അവൾ അവിടെ നിന്ന് കുറേ നേരം വിളിച്ചു കൂവി.... ഒടുവിൽ തോറ്റു പിന്മാറി.... വീടിന് നേരെ രൂക്ഷമായി നോക്കി അവൾ പതിയെ അവിടെ നിന്നും മുന്നോട്ട് നടന്നു.... എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യുമെന്നോ ഒന്നും അറിയില്ല..... ചുറ്റും ഇരുട്ട് കൂടി കൂടി വന്നതും അവൾ ഫോൺ കൈയിൽ എടുത്ത്.... കോൺടാക്ട്സിലൂടെ കണ്ണോടിച്ചു..... ഒടുവിൽ കണ്ണുകൾ ആശ്വാസത്തോടെ ഒരു നമ്പറിൽ എത്തി നിന്നു ..... തന്റെ ഏറ്റവും അടുത്ത സുഹൃത്ത്..... അവൾ വേഗം ആ നമ്പറിലേക്ക് കാൾ ചെയ്തു..... റിങ് ചെയ്യുമ്പോ അവൾ അക്ഷമയോടെ നിന്നു .... ചുറ്റും വീക്ഷിച്ചു കൊണ്ട്....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...