കനൽ പൂവ്: ഭാഗം 7
Aug 24, 2024, 22:11 IST
രചന: കാശിനാഥൻ
നിങ്ങൾക്ക് ഇവിടെ ജോലി തുടരണം എങ്കിൽ ഞാൻ പറയുന്നത് കേട്ടോണം. ഇല്ലെങ്കിൽ ഈ നിമിഷം ഇറങ്ങാം.... അർജുന്റെ കനപ്പിച്ചുള്ള പറച്ചിൽ കേട്ടതും അവർ ഇനി ഇത് ഒരിക്കലും ആവർത്തിക്കില്ല എന്ന് പറഞ്ഞു. പാർവതി പേടിയോടെ എല്ലാ ജോലികളും ചെയ്തു തീർത്ത ശേഷം അടുക്കളയുടെ ഒരു കോണിൽ കിടന്ന കസേരയിൽ പോയി ഇരുന്നു. സിന്ധു ചേച്ചി അപ്പോൾ കുളിച്ചു വിളക്ക് കൊളുത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. അർജുൻ ഇടയ്ക്കു ഒരു തവണ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് മുറ്റത്ത് കൂടി നടക്കുന്നത് അവൾ കണ്ടിരുന്നു. മോളെ.....സാറ് വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞതും സിന്ധുചേച്ചി വന്നു പാർവതിയെ നോക്കി പറഞ്ഞു. സമയം അപ്പോൾ 7.30ആയിരുന്നു. സാറിന്റെ ഡിന്നർ time ആണ് ഇപ്പൊൾ എന്ന് പറഞ്ഞു കൊണ്ട് ചപ്പാത്തി യും കറി യും ഒക്കെ ആയിട്ട് ചേച്ചി മുന്നേ നടന്നു. അത് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. അവരുടെ പിന്നാലെ പാറുവും ഹാളിലേക്ക് നടന്നു ചെന്നു. ചേച്ചി.... ഇനി എനിക്ക് ഉള്ള ഫുഡ് ഒക്കെ സമയസമയത്ത് ഇവൾ എടുത്തു തന്നോളും. ടൈം ടേബിൾ ഒന്ന് പറഞ്ഞു കൊടുത്താൽ മതി കേട്ടോ.. ഭക്ഷണം കഴിക്കാൻ വേണ്ടി വന്നു ഇരുന്നത് ആയിരുന്നു അർജുൻ. ടി.... അവൻ വിളിച്ചപ്പോൾ പാർവതി പെട്ടെന്ന് മുഖം ഉയർത്തി അർജുനെ നോക്കി. ഡീറ്റെയിൽസ് ഒക്കെ ചേച്ചി പറഞ്ഞു തരും, അതുപോലെ കേട്ടാൽ മതി... ഹമ്..... എന്തെങ്കിലും ചോദിച്ചാൽ വാ തുറന്ന് പറഞ്ഞോണം. അല്ലാതെ ഗോഷ്ടി ഒന്നും വേണ്ട ഇവിടെ... കടുപ്പത്തിൽ അവൻ അവളോട് പറഞ്ഞു. അവൻ കഴിക്കാൻ തുടങ്ങിയതും സിന്ധു ചേച്ചി അടുക്കളയിലേക്ക് പിൻ വാങ്ങി. അവളോട് കണ്ണ് കൊണ്ട് ഇവിടേക്ക് വരാൻ ആംഗ്യ കാണിച്ചു.. പാർവതിയും പെട്ടന്ന് അവിടെ നിന്നും രക്ഷപെട്ടു, അവരുടെ കൂടെ പോയി. ഭയങ്കര ദേഷ്യം ആണ് മോളെ, നമ്മൾ കിറു കൃത്യം ആയിട്ട് എല്ലാം ചെയ്തു കൊണ്ട് നിൽക്കണം.എന്തെങ്കിലും ഒരു കുറവ് വരുത്താൻ സമ്മതിക്കില്ല. അഥവാ അങ്ങനെ പറ്റിയാൽ സാറിന് അരിശമാ... അവർ ശബ്ദം താഴ്ത്തി പറയുന്നതും കേട്ടുകൊണ്ട് പാർവതി, അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു. " ഇവിടെ വേറെ ആരും ഇല്ലേ ചേച്ചീ "? "ഇല്ല മോളെ... ഞാനും, പിന്നെ ലീല ചേച്ചിയും ആണുള്ളത്, ലീല ചേച്ചി ഇടയ്ക്കൊക്കെ വരുള്ളൂ, എനിക്ക് എവിടെയൊക്കെയെങ്കിലും പോകേണ്ട നേരത്ത് മാത്രം, ചേച്ചിക്ക് സാറിന്റെ തറവാട്ടിലാണ് ജോലി." " സിന്ധു ചേച്ചിയുടെ വീട് എവിടെയാണ്,വീട്ടിൽ ആരൊക്കെയുണ്ട്," " എന്റെ വീട്, ചങ്ങനാശ്ശേരിയിൽ ആണ് മോളെ, മാസത്തിൽ ഒരു തവണയൊക്കെ ഞാൻ വീട്ടിൽ പോകും, പോകുന്ന സമയത്ത് ഒന്ന് രണ്ട് ദിവസമൊക്കെ ഞാൻ അവിടെ നിന്നിട്ട് വരുള്ളൂ, അപ്പോഴും ഇവിടെയൊക്കെ ലീല ചേച്ചി വരും, ചേച്ചിക്ക് വരാൻ സാധിച്ചില്ലെങ്കിൽ സാറ്,സാറിന്റെ വീട്ടിലേക്ക് പോകും." "ഹമ്...... സാറിന് ജോലി എന്താണ് ചേച്ചി " അവർ മറുപടി പറയാൻ തുടങ്ങിയതും അർജുൻ ഉറക്കെ വിളിച്ചു. മോളെ ഇപ്പൊ വരാം കേട്ടോ, സാർ എന്തിനാ വിളിക്കുന്നതെന്ന് നോക്കട്ടെ. സിന്ധു ചേച്ചി, അർജുന്റെ അരികിലേക്ക് ഓടിച്ചെന്നു.. പാർവതി........ അവന്റെ ശബ്ദം ഉയർന്നപ്പോൾ പാറുവും വേഗം അവിടേക്ക് പോയി. ഈ പ്ലേറ്റ്സ് ഒക്കെ എടുത്തു വാഷ് ചെയ്തു വെയ്ക്ക്.എന്നിട്ട് 8.മണി ആകുമ്പോൾ മുകളിലെ റൂമിലേക്ക് വരൂ. വാഷ്ബേസിനിൽ കഴുകിയശേഷം ഒരു ടവ്വൽ, എടുത്തു കൈ തുടച്ചു കൊണ്ട് അർജുൻ അവളുടെ നേർക്ക് നടന്നു വന്നു. പെട്ടെന്ന് തന്നെ അവൾ അതെല്ലാം എടുത്തു കൊണ്ട് അടുക്കളയിലേക്ക് ചെന്നു. മോളെ... വാ നമ്മൾക്ക് എന്തേലും കഴിക്കാം, എന്നിട്ട് മോള് റൂമിലേക്ക് ചെല്ല് കേട്ടോ. എനിക്ക് ഒന്നും വേണ്ട ചേച്ചി, തീരെ വിശപ്പില്ല. യ്യോ... അങ്ങനെ പറയാതെ കുഞ്ഞേ, എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി.. ഞാൻ എടുക്കാം, മോളിവിടെ ഇരിയ്ക്ക് കേട്ടോ.. ചപ്പാത്തിയും കറിയും എടുത്തു ഒരു പ്ലേറ്റിൽ വിളമ്പി അവർ പാർവതിയ്ക്ക് കൊടുത്തു.. അവളുടെ മിഴികൾ നിറഞ്ഞു തൂവുകയാണ് അപ്പോള്.. മോളെ.... എനിക്ക് നിന്നെ കുറിച്ചു ഒന്നും കൂടുതൽ ആയിട്ട് അറിയില്ല, എന്നാലും പറയുവാ, വിഷമിക്കണ്ട, ഒരമ്മയുടെ സ്ഥാനത്ത് നിനക്ക് എന്നേ കാണാം, പറഞ്ഞു പൂർത്തി മുന്നേ പാർവതി സിന്ധു ചേച്ചിയെ കെട്ടിപ്പിടിച്ച് കുറെ സമയം കരഞ്ഞു. കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും അവളുടെ കണ്ണീര് കണ്ടപ്പോൾ ഒപ്പം മിഴിനീർ പൊഴിക്കുവാൻ അവർക്കും കഴിഞ്ഞുള്ളൂ. മോളെ, മണി 8 ആവാറായി എന്തെങ്കിലും കഴിച്ചിട്ട് വേഗം റൂമിലേക്ക് ചെല്ല്. സാർ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ, പിന്നെ അതിലും പ്രശ്നമാകും. ഒന്നും മിണ്ടാതെ കൊണ്ട്, പാർവതി പെട്ടെന്ന് ച്ചപ്പാത്തി കഴിച്ചു എഴുന്നേറ്റ്,എന്നിട്ട് അർജുൻ കഴിച്ച പാത്രങ്ങൾ എല്ലാം കഴുകി വെച്ചു. അടുക്കള അടിച്ചുവാരി,സിങ്ക് തുടച്ചു വൃത്തിയാക്കി ഇട്ടു. എന്നിട്ട് റൂമിലേക്ക് ഓടി ചെന്നു. അർജുൻ ലാപ് എടുത്തു വെച്ചു എന്തൊക്കെയോ ചെയ്യുന്നുണ്ട്. അവളെ കണ്ടതും അവൻ ഗൗരവത്തിൽ ഒന്ന് നോക്കി. "ഞാൻ ഓർത്തത് നിന്റെ തന്ത വല്യ പ്രശ്നം ഉണ്ടാക്കും എന്നായിരുന്നു, ഇതിപ്പോ, കരഞ്ഞു നിലവിളിച്ചു ഇറങ്ങി പോയല്ലോ എല്ലാം കൂടി...നിന്നെ വേണ്ടല്ലേ ആർക്കും ." പുച്ഛത്തിൽ പാറുവിനെ നോക്കി പറഞ്ഞു കൊണ്ട് അർജുൻ ചിരിച്ചു.. മറുപടി ഒന്നും പറയാതെ നിൽക്കുന്നവളുടെ അടുത്തേക്ക് അവൻ എഴുന്നേറ്റു വന്നു.അപ്പോളേക്കും അവളെ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി. അവളുടെ കൈ ത്തണ്ടയിൽ പിടിച്ചു കൊണ്ട് അവൻ നേരെ ചെന്നത് അലമാരയുടെ മുന്നിൽ ആയിരുന്നു. അതിൽ നിന്നും ഒരു ബെഡ്ഷീറ്റ് വലിച്ചു എടുത്തു. എന്നിട്ട് പാറുവിന്റെ കൈയിൽ കൊടുത്തു. "ഇവിടെ.... ഇവിടെ കിടന്നോണം നീയ്.... "നിലത്തേയ്ക് വിരൽ ചൂണ്ടി കൊണ്ട് അർജുൻ പറഞ്ഞപ്പോൾ പാറു തല കുലുക്കി. ടി... നിന്റെ വായിൽ നാക്കില്ലെടി, അതോ സംസാരിക്കാൻ അറിയില്ലേ നിനക്ക് ചോദിച്ചു കൊണ്ട് അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു. ആഹ്.... അമ്മേ....... പാറു ശബ്ദം താഴ്ത്തി കരഞ്ഞു.. ഹമ്... അപ്പോൾ അറിയാം അല്ലേ... ഇനി എന്തെങ്കിലും ഞാൻ ചോദിച്ചാൽ ഉണ്ടല്ലോ നേരെ ചൊവ്വേ വാ തുറന്നു പറഞ്ഞോണം.... ഹമ്... പറയാം... വേദന കൊണ്ട്, ഞെരുങ്ങി ആ പാവം പറഞ്ഞപ്പോൾ അവൻ പിടിത്തം വിട്ടത്. അർജുൻ മാറിപ്പോയ ശേഷം പാറു തന്റെ കൈയിൽ ഇരുന്ന ഷീറ്റ് എല്ലാം കുടഞ്ഞു നിലത്തേക്ക് വിരിച്ചു.. എന്നിട്ട് അവിടെ കിടന്നു. ഈശ്വരാ..... എന്റെ അമ്മ.... പാവം അമ്മ, എന്നേ ഓർത്തു ഇപ്പൊ എന്ത് മാത്രം വിഷമിക്കുന്നുണ്ട്. അച്ഛനും ഏട്ടനും കൂടി ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ചെന്നു അവതരിപ്പിച്ചു കാണും.എന്റെ അമ്മയുടെ കണ്ണീരു തോർന്നു കാണില്ല... അവളുടെ ചങ്ക് നീറി പുകഞ്ഞു. തേങ്ങൽ പുറത്തേക്ക് വരാതെ ഇരിക്കുവാൻ അവൾ വായ മൂടി പിടിച്ചു ആണ് കിടക്കുന്നത്.. മുറിയിൽ ഇരുട്ട് പരക്കുന്നത് പേടിയോടെ അവൾ അറിഞ്ഞു. എന്തും വരട്ടെ, ഇയാള് കൊല്ലുകയോ വളർത്തുകയോ എന്താണ് എന്ന് വെച്ചാൽ ചെയ്യട്ടെ.........തുടരും........