{"vars":{"id": "89527:4990"}}

കാശിനാഥൻ-2: ഭാഗം 21

 

രചന: മിത്ര വിന്ദ

നിമിഷങ്ങൾ കടന്നു പോയ്കൊണ്ടേ ഇരുന്നു. ജാനി ആണെങ്കിൽ ദേവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരുന്നപ്പോൾ അവൻ അവളുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാൻ പറ്റാതെ മൗനം വരിച്ചു. "ദേവേട്ടാ... ടെൻഷൻ ആകുവൊന്നും വേണ്ടന്നെ, ആലോചിക്കാൻ സമയം വേണമെങ്കിൽ അങ്ങനെ തന്നെ.... ഒരു ദിവസം, അല്ലെങ്കിൽ ഒരാഴ്ച... ഇനി ഒരു മാസം വേണേലും എടുത്തോളൂ, ഞാൻ വെയിറ്റ് ചെയ്തോളാം.. മറുപടി സത്യസന്തം ആവണം എന്ന് മാത്രം " ജാനിയുടെ ശബ്ദം അവന്റെ കാതിൽ വീണ്ടും മുഴങ്ങി. അവന്റെ ഇരുപ്പും ഭാവോം കണ്ടപ്പോൾ ജാനിയ്ക്ക് സങ്കടം ആയി. ആ തുടയിൽ ഒരു അടി വെച്ചു കൊടുത്തു കൊണ്ട് അവൾ വീണ്ടും അവനെ വിളിച്ചു. ദേവേട്ടാ... ഇക്കുറി മുഖം തിരിച്ചു, ദേവ് അവളെ നോക്കി. "തെക്കേപ്പുരയിടത്തിലെ കൃഷ്ണൻനായരുടെ മകന് കല്യാണം ആലോചിച്ചു കേറി ചെല്ലാൻ ഉള്ള കുടുംബം അല്ല ദി ഗ്രേറ്റ്‌ മിസ്റ്റർ കാശിനാഥന്റെത്,, അഥവാ അങ്ങനെ ചെന്നിട്ടുണ്ടെങ്കിൽ കുറ്റിചൂല് എടുത്തു ആട്ടി ഒടിയ്ക്കും അവിടെ ഉള്ളവര്.... ആ സ്ഥിതിയ്ക്ക് തന്റെ ഈ പ്രണയം വെറും നേരമ്പോക്ക് മാത്രം ആകും ജാനി.." ദേവ് പറയുന്നത് കേട്ട് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നു ജാനി.. "ഈ കമ്പനിയിൽ വർഷങ്ങൾ ആയിട്ട് ജോലി നോക്കിയവൻ ആണ് എന്റെ അച്ഛൻ,ഏകദേശം 36വർഷത്തോളം... അതായത് കൃത്യം ആയിട്ട് പറഞ്ഞാൽ കാശിസാറിന് 20വയസ് ഉള്ളപ്പോൾ ഈ കമ്പനിയിൽ വന്നത് ആണ് അച്ഛൻ.. സെക്യൂരിറ്റി ആയിരുന്നു കേട്ടോ.. ആ സമയത്തു ജാനിയുടെ മുത്തച്ഛൻ ആയിരുന്നു ഇവിടുത്തെ നടത്തിപ്പ് ഒക്കെ.അതൊക്കെ കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം ആണ് കാശിസാറ് ഇവിടെ എത്തിയത്... എന്റെ അച്ഛൻ ഒരു ഡ്രൈവറും കൂടെ ആയിരുന്നു, സാറിന് എവിടെ എങ്കിലും ഒക്കെ പോകേണ്ട നേരത്തു അച്ഛനെ വിളിക്കും. അങ്ങനെ അങ്ങനെ അവര് തമ്മിൽ പരിചയം ആയി. ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ മക്കൾക്ക് ഏറ്റവും ഉയർന്ന സ്കൂളിൽ വിദ്യാഭ്യാസം,നൽകി അവരെ പഠിപ്പിച്ചു ഈ നിലയിൽ ആക്കിയത് സാറ് ആണ്. ഞാനും എന്റെ അനുജത്തിമാരും നന്നായി പഠിയ്ക്കുമായിരുന്നു കെട്ടോ. എം ബി എ യ്ക്ക് ഞാൻ പഠിക്കുന്ന നേരത്തു ആണ് എന്റെ അച്ഛന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു കിടപ്പിലായത്. അന്ന് ഹോസ്പിറ്റലിൽ ചിലവും കാര്യങ്ങളും ഒക്കെ നടത്തിയത് സാർ ആയിരുന്നു. പഠനം പൂർത്തിയാക്കി ഇറങ്ങിയപ്പോൾ തന്നെ ഇവിടെ എനിക്ക് ജോലി തന്നു.എന്റെ 23ആ മത്തെ വയസിൽ കേറിയത് ആണ്.5വർഷം കൊണ്ട് ഞാൻ ഈ കമ്പനിയുടെ സി ഈ ഒ ആയെങ്കിൽ അതെന്റെ കഷ്ട്ടപ്പാടും അർപ്പണ മനോഭാവവും,അതിനേക്കാൾ ഉപരി സാറ് എന്നിൽ അർപ്പിച്ച വിശ്വാസവും ആണ്. എന്റെ നേരെ ഇളയ പെങ്ങൾക്ക്,ടീച്ചർ ആയിട്ട് അടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ ജോലി വാങ്ങി തന്നത് സാർ ആയിരുന്നു.ഇപ്പൊ അവളുടെ വിവാഹ കാര്യം പറഞ്ഞപ്പോൾ ത്തന്നെ എല്ലാ സഹായവും നൽകാം,ആലോചന കൊള്ളാമെങ്കിൽ ഉറപ്പിച്ചോളു എന്ന് സാറ് വിളിച്ചു പറഞ്ഞു. അങ്ങനെ ഞങ്ങളുടെ നെടുംതൂണ് ആണ് സാറ്. സാറില്ലായിരുന്നു എങ്കിൽ ഇന്ന് ഈ പൊസിഷനിൽ പോലും ഞാൻ എത്തില്ല.... അങ്ങനെ,ഞങളുടെ എല്ലാമെല്ലാമായ സാറിന്റെ മകളെ പ്രണയിക്കാൻ ഉള്ള യോഗ്യതയൊന്നും എനിക്ക് ഇല്ലെടോ,ഈ ഒരു ചതി ഒരിക്കലും അദ്ദേഹത്തോട് ഞാൻ ചെയ്യില്ല...അതിനു സാധിക്കില്ല ജാനി.. അതുകൊണ്ടാണ്.. സോറി.. വളരെ തെളിമയോട് കൂടി ദേവ് കാര്യങ്ങൾ എല്ലാം ജാനിയോട് പറഞ്ഞു നിറുത്തി.. എല്ലാം കേട്ട് കൊണ്ട് ജാനിയും ഇരിയ്ക്കുകയാണ്. അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനെ കൊണ്ട് സ്വന്തം മോളെ കല്യാണം കഴിപ്പിയ്ക്കാനും മാത്രം ബുദ്ധിയും വിവേകം ഇല്ലാത്തവൻ അല്ല സാറ്.. സൊ... ഇതൊക്കെ പ്രായത്തിന്റെ വെറും എടുത്തു ചാട്ടം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിയ്ക്ക്.എന്നിട്ട് നല്ല കുട്ടി ആയിട്ട് ഇരുന്ന് ഇതൊക്കെ പഠിയ്ക്ക്,സാറ് വന്നു കഴിഞ്ഞാൽ തന്നെയും ഇവിടന്നു കൊണ്ട് പോകും,,, നാളുകൾ ഏറെ കഴിയുമ്പോൾ ഈ കുറുമ്പും കുസൃതിയും ഒക്കെ ഓർത്തു സ്വയം ചിരിക്കാം... ഒരു മന്ദഹാസത്തോടെ പറഞ്ഞു കൊണ്ട് അവൻ ജാനിയെ ഒന്ന് നോക്കി. ഇപ്പൊ പൊട്ടിക്കരയും പോലെ ആണ് പെണ്ണിന്റെ ഇരുപ്പ്. അത് കണ്ടപ്പോൾ ദേവിന് എന്തോ വല്ലായ്മ പോലെ തോന്നി. താഴത്തെ ഫ്ലോറിൽ നിന്നും അകൗണ്ട്സിലെ വിവേക് ചന്ദ്രൻ കേറി വന്നപ്പോൾ പെട്ടന്ന് ദേവ് ജാനിയുടെ കൈ തണ്ടയിൽ ഒന്ന് പിച്ചി. എഴുന്നേറ്റു വേഗം തന്നെ അവൾ വാഷ് റൂമിലേക്ക് പോകുകയും ചെയ്തു. വിവേകിന്റെ സംശയം ക്ലിയർ ചെയ്തു കൊടുത്ത ശേഷം ദേവ് പിന്തിരിഞ്ഞു നോക്കി. ജാനിയെ അവിടെ ഒന്നും കണ്ടില്ല. കുറച്ചു സമയം ആയി എഴുന്നേറ്റ് പോയിട്ട്, അവൻ ചെന്നു നോക്കിയപ്പോൾ കണ്ടു മേശമേൽ മുഖം ചേർത്തു ഇരിയ്ക്കുന്നവളെ. ജാനി.. അവൻ വിളിച്ചപ്പോൾ ജാനി ഞെട്ടി തിരിഞ്ഞു നോക്കി. ഈറനണിഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വന്നു. എന്നിട്ട് ദേവിനെ മറി കടന്ന് സിസ്റ്റത്തിന്റെ മുന്നിൽ പോയിരിന്നു. അന്ന് ഓഫീസിൽ നിന്നും ഇറങ്ങും വരെയും ഇരുവരും ഒന്നും ഉരിയാടിയില്ല. ഒരുമിച്ചു ആയിരുന്നു ലിഫ്റ്റിൽ താഴേക്ക് പോയത്. പാർക്കിങ്ങിലേയ്ക്ക് ചെന്നപ്പോൾ കണ്ടു ഓടി വരുന്ന ഗൗരിയേ. ജാനി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "എന്ത് പറ്റി മാഡം, സുഖമില്ലേ ,മുഖമൊക്കെ വല്ലാണ്ട് ആയല്ലോ," ഗൗരി ചോദിച്ചു. "തല വേദനയാണ്,വീട്ടിൽ ചെന്നിട്ട് ഒരു ടാബ് എടുക്കുമ്പോൾ മാറും " പറഞ്ഞു കൊണ്ട് ജാനി മുന്നോട്ട് നടന്നു പോയി. *** മുന്നിൽ ആർത്തിരമ്പുന്ന തിരയെ നോക്കി,ഇരുപ്പ് തുടങ്ങിയിട്ട് നേരം കുറേ ആയി. അകലെ സൂര്യൻ തന്റെ അസ്തമയത്തിലേക്ക് മെല്ലെ മെല്ലെ ചേക്കേറുകയാണ്.. ചുവപ്പ് രാശി പടർത്തി കൊണ്ട് ഉള്ള ആ പോക്കും നോക്കി അങ്ങനെ ഇരുന്ന്. സ്കൂൾ തുറന്നത് കൊണ്ട് ആളുകൾ ഒക്കെ കുറവാണ്. അതുകൊണ്ട് അല്പം ശാന്തത ഉണ്ട്. ഗൗരിയേ വീട്ടിൽ കൊണ്ട് പോയി വിട്ട ശേഷം, ഒരാളെ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോന്നത് ആണ്. ജാനിയുടെ മുഖം മനസ്സിൽ നിന്നും മായാതെ നിൽക്കുകയാണ്. അവൾ മിടുക്കിയാണ്,, വളരെ ബോൾഡ് ആയിട്ടുള്ള പെൺകുട്ടി, അതുകൊണ്ട് അല്ലേ തന്നോട് അവളുടെ ഇഷ്ട്ടം തുറന്ന് പറഞ്ഞത് പോലും. തനിക്കും ഒരുപാട് ഇഷ്ട്ടം ആണ് അവളെ,,പ്രണയം ആണോ എന്ന് ചോദിച്ചാൽ അതിന് ഉള്ള ഉത്തരം അറിയില്ല.. പക്ഷെ എത്രയൊക്കെ പ്രണയിച്ചാലും ഇഷ്ട്ടപ്പെട്ടാലും ശരി, ഒരിക്കലും ഒന്നാവില്ല,, അത് നൂറു ശതമാനം വ്യക്തമായി തനിയ്ക്ക് അറിയാം. കാര്യമൊക്കെ ശരി തന്നെയാണേലും അവളോട് ഉള്ള ഇഷ്ട്ടം ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു തുളുമ്പുകയാണ്... കുറേ നേരം അതേ ഇരുപ്പ് തുടർന്നു. പിന്നിൽ നിന്നും ഒരാൾ വന്നു തോളിൽ പിടിച്ചപ്പോൾ ദേവ് ഞെട്ടി തിരിഞ്ഞു നോക്കി. എന്നിട്ട് വേഗം എഴുന്നേറ്റു.......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...