കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 62
Aug 31, 2024, 21:27 IST
രചന: റിൻസി പ്രിൻസ്
സുധി തന്നെ നിർബന്ധിച്ചു ഒരു ജീൻസും ഷർട്ടും അവൾക്ക് ഇടാനായി വാങ്ങിയിരുന്നു. ശീലമില്ലാത്തതു കൊണ്ടും പരിചയക്കുറവ് കൊണ്ടും അത് വേണ്ട എന്ന് അവൾ പലതവണ പറഞ്ഞുവെങ്കിലും അവൻ സമ്മതിച്ചില്ല, തിരികെ പുറത്തു നിന്ന് ഭക്ഷണവും കഴിച്ചാണ് അവർ തിരികെ വന്നത്. രാത്രി 10 മണിയോടെ യാത്രയ്ക്കായി പോകണം എന്ന് സുധി പറഞ്ഞപ്പോഴേക്കും വീണ്ടും സതിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു. ഇരുവരുടെയും യാത്ര മുടക്കാൻ എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കുകയായിരുന്നു സതി. പർച്ചേസ് എല്ലാം കഴിഞ്ഞ് സുധിയും മീരയും എത്തിയപ്പോൾ സതി മുറിയിലാണ്. ശ്രീലക്ഷ്മിയും എത്തിയിട്ടുണ്ടായിരുന്നു, അവളോട് വിശേഷങ്ങളൊക്കെ ചോദിച്ചതിന് ശേഷം സുധി മുറിയിലേക്ക് പോയിരുന്നു.. ശ്രീലക്ഷ്മിയോട് വിശേഷങ്ങൾ പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യുന്ന തിരക്കിലാണ് മീര... രണ്ടുപേരും സംസാരിച്ചു കൊണ്ടിരുന്നു .. ഇതിനിടയിൽ സുധി കുളിയൊക്കെ കഴിഞ്ഞ് പോകാൻ തയ്യാറായിരുന്നു, സുധി വിളിച്ചപ്പോഴാണ് പോകുന്ന കാര്യം മീരയും ഓർമിച്ചത്... അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്നിരുന്നു, കുളികഴിഞ്ഞ് ഒരു കുർത്തയും ലെഗിൻസ്സും അണിഞ്ഞതിനു ശേഷം പുറത്തേക്ക് ഇറങ്ങി. കുളി കഴിഞ്ഞ് എത്തിയവളെ പിന്നിലൂടെ അവൻ ചേർത്തുപിടിച്ചു.... അവളുടെ ഈറൻ മുടിയിലേക്ക് മുഖം പൂഴ്ത്തി കുറച്ച് അധികം നേരം അവളെ ഇങ്ങനെ പുണർന്നു കൊണ്ട് നിന്നു.. "കുറച്ചു ദിവസത്തേക്ക് ബാക്കി എല്ലാ ടെൻഷനും മാറ്റിവച്ച് നമ്മളുടെ മാത്രമായിട്ടുള്ള ഒരു ലോകത്തേക്ക് പോകാം, കാത്തിരിക്കുന്ന വലിയ വിരഹത്തിന് എന്നും ഓർമിച്ചു വയ്ക്കാനുള്ള ഒരു പ്രണയകാലം.... അതുവരെ മുഖം തെളിമയോടെ നിന്നവളിൽ അത് മങ്ങുന്നത് അവൻ കണ്ടിരുന്നു... എത്രയൊക്കെ ആയാലും അവൻ ഇനി തിരികെ പോകുമെന്ന സത്യത്തിനെ അംഗീകരിക്കാൻ അവൾക്ക് സാധിക്കുന്നുണ്ടാകുന്നില്ല... ഒരു നിമിഷം പോലും അവൻ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു, ആ സാന്നിധ്യം ആ സംരക്ഷണം അത് ഇനി ഒരിക്കലും വിട്ടുകളയാൻ വയ്യ. അത്രമേൽ ആ ഒരുവനിൽ മാത്രമായി ലോകം ചുരുങ്ങി പോയിരിക്കുന്നു. നിശ്വാസത്തിൽ പോലും അവനാണ് ഇപ്പോൾ. " അത് പറയേണ്ട സുധിയേട്ടാ, എനിക്കത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത വിഷമം വരും, പോകുന്ന കാര്യം ഞാൻ മനപ്പൂർവം മറക്കാൻ ശ്രമിക്കുക ആണ്... അതിനിടയില് വീണ്ടും അത് പറഞ്ഞാൽ ആ സന്തോഷം കൂടെ പോകും. എങ്കിൽ പിന്നെ ഞാൻ കാരണം സന്തോഷം കളയണ്ട, തൽക്കാലം അത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും ഓർമിക്കേണ്ട.. ഇനി കുറച്ചു ദിവസം നമ്മൾ ഒരുമിച്ച് ഉണ്ടാവുന്ന കാര്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അതു പോട്ടെ വീട്ടിൽ വിളിച്ചു പറഞ്ഞൊ നമ്മൾ പോകുന്ന കാര്യം... "ഞാൻ പറഞ്ഞിരുന്നു. "എന്തു പറഞ്ഞു അമ്മ.. "അമ്മ ചോദിച്ചത് എന്തിനാ വെറുതെ സുധിയേട്ടനെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ്.. പൈസ പോലും ഇല്ലാതിരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള യാത്രകൾ ഒക്കെ വേണമായിരുന്നൊന്ന്. ഞാൻ നിർബന്ധിച്ചോ എന്നും... " താനല്ല ഞാനാണ് എല്ലാത്തിനും നിർബന്ധിച്ചതെന്ന് പറയാമായിരുന്നില്ലേ. " ഞാൻ പറഞ്ഞു അപ്പോൾ അമ്മ പറഞ്ഞത് ആവശ്യമില്ല ബുദ്ധിമുട്ടിപ്പിക്കരുത് പണം ചെലവാക്കരുത് എന്നൊക്കെയാണ്. "ഓഹോ...! അതൊക്കെ നമ്മുക്ക് ആലോചിക്കാം... വേഗം റെഡിയാക്, ഈ നിൽപ്പു കുറച്ചുനേരം കൂടി നീണ്ടാൽ ഞാൻ ചിലപ്പോൾ ഇന്നത്തെ യാത്ര ക്യാൻസൽ ആക്കും, എന്നിട്ട് മറ്റു പലതും ആയിരിക്കും ഇവിടെ നടക്കാൻ പോകുന്നത്, ഒരു കുസൃതിയോടെ പറഞ്ഞവനെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി, പിന്നെ അവന്റെ നെഞ്ചിലേക്ക് ഒരു പൂച്ചക്കുട്ടിയെ പോലെ ചാഞ്ഞു... രോമാവൃതമായ ആ നെഞ്ചിൽ ഒരു ചെറു ചുംബനം നൽകി അവൾ വേഗം തയ്യാറായിരുന്നു. " രണ്ടുപേരും ഒരുങ്ങി ഉമ്മറത്ത് എത്തിയപ്പോൾ സതി കണ്ടിരുന്നില്ല. ശ്രീലക്ഷ്മി ടിവി കണ്ടു കൊണ്ടിരിക്കുകയാണ്. " അമ്മ എവിടെ? ശ്രീലക്ഷ്മിയോട് അവൻ ചോദിച്ചു. " അകത്ത് ഉണ്ടായിരുന്നല്ലോ അത് പറഞ്ഞുകൊണ്ട് അവൾ വീണ്ടും ടിവിയിൽ ശ്രദ്ധ കൊടുത്തു... അകത്തേക്ക് സുധി ചെന്നപ്പോൾ സതി കട്ടിലിൽ കിടക്കുകയാണ്. മുഖത്ത് ആവശ്യത്തിന് അവശതയും. "എന്തുപറ്റി അമ്മേ...? പെട്ടെന്ന് അവരുടെ മുഖഭാവം കണ്ടതും അവന് ഭയം തോന്നി, അവർക്ക് എന്തെങ്കിലും അസുഖം വന്നോ എന്ന് ആധി അവനെ കീഴടക്കി... മറ്റെല്ലാം മറന്നുകൊണ്ട് അവൻ അവരുടെ അരികിലേക്ക് ഓടിയെത്തി. " അറിയില്ല വൈകുന്നേരം തൊട്ട് ആകെ പാടെ ഒരു പരവേശവും തലകറക്കവും പ്രഷർ വല്ലതും താണതാണോ എന്നറിയില്ല, നെഞ്ചിലും ചെറിയൊരു എരിച്ചിൽ പോലെയുണ്ട്. "അയ്യോ, എങ്കിൽ കിടക്ക്... അമ്മ മരുന്നു കഴിച്ചില്ലേ...? എന്തെങ്കിലും മുടക്കിയോ..? പെട്ടെന്ന് അവനിൽ ആവലാതി നിറഞ്ഞിരുന്നു. " ഒന്നും ഓർക്കുന്നു പോലുമില്ല ശരിക്ക്... നമുക്ക് ആശുപത്രി പോയാലോ. " കുഴപ്പമില്ല കുറച്ച് നേരം ഒന്ന് കിടന്നാൽ മാറും വേണമെങ്കിൽ രാവിലെ പോകാം. " നീ എങ്ങോട്ട് ആണ് റെഡിയായി വന്നത്...? ആഹ് നിങ്ങൾ ഇന്ന് പോവുകയാണല്ലോ അല്ലേ? ഞാൻ അതങ്ങ് മറന്നു പോയി. എങ്കിൽ പിന്നെ നിങ്ങൾ പോയിട്ട് വാ.. അവശതയോടെ സതി അത് പറഞ്ഞപ്പോൾ അവന്റെ മനസ്സ് മറ്റ് എവിടെയോ ആയിരുന്നു... കുറെ നേരമായിട്ടും സുധിയെ കാണാത്തതുകൊണ്ട് അകത്തേക്ക് വന്നതാണ് ശ്രീലക്ഷ്മി. "എന്തുപറ്റി ഏട്ടാ..? അവൾ സുധിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " അമ്മയ്ക്ക് തീരെ വയ്യ പ്രഷറും മറ്റു താണതാണെന്ന് തോന്നുന്നു.. ആകപ്പാടെ ഒരു അസ്വസ്ഥത. " എന്തുപറ്റി അമ്മെ ഞാൻ വേഗം കുറച്ചു നാരങ്ങാ വെള്ളം എടുക്കാം . ശ്രീലക്ഷ്മിയും ഭയന്നു പോയിരുന്നു. "എങ്കിൽ മീരയോട് കുറച്ച് നാരങ്ങാ പിഴിയാൻ പറ അവശതയോടെ സതി പറഞ്ഞു. " മീര റെഡിയായി നിൽക്കുവായിരിക്കുമല്ലേ എങ്കിൽ പിന്നെ നീ തന്നെ പോയി എടുക്ക്.. അവർ അത് പറഞ്ഞപ്പോൾ കൂർപ്പിച്ചു ശ്രീലക്ഷ്മി അവരെയൊന്ന് നോക്കി പിന്നെ എന്തോ മനസ്സിലായത് പോലെ സുധിയുടെ നേരെ നോക്കി. " അമ്മയ്ക്ക് എന്തെങ്കിലും ചെറിയ അസ്വസ്ഥതയായിരിക്കും ഏട്ട, കഞ്ഞിവെള്ളമോ കുറച്ചു നാരങ്ങ വെള്ളമോ കുടിച്ചാൽ അതങ്ങ് മാറിക്കോളും... ഏട്ടൻ ടെൻഷൻ അടിക്കേണ്ട, ഏതായാലും പോകാൻ വേണ്ടി ഇറങ്ങിയതല്ലേ സമയം വൈകും നിങ്ങൾ ചെല്ലാൻ നോക്ക്... ശ്രീലക്ഷ്മി പറഞ്ഞപ്പോൾ സതിയ്ക്ക് ദേഷ്യം വന്നിരുന്നു. " അമ്മയെ ഈ ഒരു അവസ്ഥയെ കണ്ടിട്ട് ഞാനെങ്ങനെ അടിപോകുന്നത് . "അത് സാരമില്ല ഏട്ടാ അഥവാ എന്തെങ്കിലും വയ്യായ്ക വന്നാലും ഇവിടെ ശ്രീയേട്ടനും ഞാനുമുണ്ട്, അതുകൊണ്ട് ഏട്ടൻ ടെൻഷൻ അടിക്കേണ്ട, അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞിട്ട് ഇത്രയും രൂപ മുടക്കി എടുത്ത് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറ്റുമോ, ശ്രീലക്ഷ്മി ശകാരത്തോടെ സുധിയോട് ചോദിച്ചു. "ശ്രീ ഉണ്ടെന്നു പറഞ്ഞാലും കണക്കാ. അവന് രാത്രി ഒരു ആവശ്യത്തിന് വിളിച്ചാൽ പോലും തുറക്കില്ല, പിന്നെ നീ ഉള്ളതായിരുന്നു എന്റെ ഒരു ആശ്വാസം... സാരമില്ല അമ്മ ഇനി എത്ര കാലത്തേക്ക് ആണ് . സന്തോഷത്തോടെ മക്കളെ യാത്ര പോകാൻ ഇറങ്ങിയതല്ലേ പോയിട്ട് വാ. സതി കപട ദുഃഖത്തോടെ പറഞ്ഞു. " അമ്മ എന്തൊക്കെ പറയുന്നേ, ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയണ്ട. സതിയുടെ ആ വർത്തമാനം കൂടി ആയതോടെ കാര്യങ്ങൾ ഏകദേശം ശ്രീലക്ഷ്മിക്ക് മനസ്സിലായിരുന്നു. " ഏട്ട..! ഇപ്പോൾ ശ്രീയേട്ടൻ ഇല്ലെന്ന് പറഞ്ഞാലും ഞാനിവിടെ കിടന്നോളാം, അമ്മയ്ക്ക് എന്ത് അസ്വസ്ഥത ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. ഞാൻ ചെന്ന് വിളിച്ചിട്ട് ശ്രീയേട്ടൻ കതക് തുറന്നില്ലെങ്കിൽ കതക് തുറപ്പിക്കാനുള്ള വിദ്യയൊക്കെ എനിക്കറിയാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അമ്മ എന്നോട് പറഞ്ഞാൽ മതി.. മാത്രമല്ല ഇവിടെ അടുത്ത് എനിക്ക് ചില ഫ്രണ്ട്സ് ഒക്കെയുണ്ട്, പിന്നെ വിനയേട്ടനും ഇവിടെയില്ലേ, ഒരു കിലോമീറ്റർ അപ്പുറത്തല്ലേ അമ്മാവൻ താമസിക്കുന്നത് എന്തെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടായാൽ ഇങ്ങോട്ട് ഒന്ന് വണ്ടിയും കൊണ്ട് വരാൻ പറഞ്ഞാൽ ഏത് പാതിരാത്രി വിളിച്ചാലും വിനയേട്ടൻ വരും, അതുകൊണ്ട് ഏട്ടൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട... പോവാനായി ഇറങ്ങിയ യാത്ര മുടക്കാനും നിൽക്കണ്ട, പ്രഷറിന്റെ പ്രശ്നമായിരിക്കും, അത് പെട്ടെന്ന് തന്നെ മാറും അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും അമ്മയ്ക്ക് ഉണ്ടാകുല്ല, ഏട്ടൻ വിചാരിക്കുന്നത് പോലെ എന്തെങ്കിലും ആണെങ്കിൽ ഇപ്പൊ ഇങ്ങനെയൊന്നും അമ്മയ്ക്ക് സംസാരിക്കാൻ പോലും പറ്റില്ല. ഇനി ഏട്ടന് ടെൻഷൻ ആണെങ്കിൽ ഞാൻ വിനയേട്ടനെ വിളിച്ച് ഇപ്പോൾ തന്നെ അമ്മയും കൊണ്ട് ഹോസ്പിറ്റലിൽ പോകാം... സതിയുടെ പെട്ടിയിൽ അവസാനത്തെ ആണിയും ശ്രീലക്ഷ്മി അടിച്ചു കഴിഞ്ഞിരുന്നു.. ആ സമയത്ത് ശ്രീലക്ഷ്മിയോട് എന്തെന്നില്ലാത്ത ദേഷ്യമാണ് സതിയ്ക്ക് തോന്നിയത്, എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയായിരുന്നു സുധി. " ഞാൻ പോയാൽ എങ്ങനെയാടി ഈ ഒരു അവസ്ഥയിൽ എന്തെങ്കിലും ഒരാവശ്യത്തിന് ആരുമില്ലാതെ വന്നാൽ എന്താ ചെയ്യാ. സുധി വേദനയോടെ പറഞ്ഞു......കാത്തിരിക്കൂ.........