{"vars":{"id": "89527:4990"}}

കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 73

 

രചന: റിൻസി പ്രിൻസ്

നാട്ടിൽ വന്നിട്ട് എന്തോ ഒരു ബിസിനസിന് പ്ലാൻ ഉണ്ടെന്നും അതുകൊണ്ട് ഇനി പൈസ ചെലവാക്കുന്നില്ലന്നും എന്നോട് പറഞ്ഞത്.. തനിക്കറിയാവുന്ന കാര്യങ്ങൾ മീര പറഞ്ഞപ്പോൾ അന്തംവിട്ടു നിന്നത് സതിയാണ്. മൂത്ത മകനിൽ നിന്നും പഴയപോലെ വരുമാനം ഇനി ലഭിക്കില്ലന്ന് ഏകദേശം അവർക്ക് ഉറപ്പായി കഴിഞ്ഞിരുന്നു.. പിറ്റേദിവസം മുതൽ അതിന്റെ ദേഷ്യം മുഴുവൻ അവർ തീർത്തത് മീരയോടായിരുന്നു... അവൾ അടുക്കളയിലേക്ക് ചെല്ലുന്ന സമയത്ത് അവളോട് മിണ്ടാതെയും അരികിൽ നിന്ന് മാറിനിന്നും, അവൾ ഉണ്ടാകുന്ന ഭക്ഷണം കഴിക്കാതെയും രണ്ടുമൂന്നുവട്ടം സുധി വിളിച്ചിട്ടും ഫോൺ എടുക്കാതെയും ഒക്കെ ആ പ്രതിഷേധം അവൾ തീർത്തിരുന്നു... സതിയ്ക്ക് കൊടുത്തതുപോലെ തന്നെ ഒരു വലിയ തുക തന്നെ സുധി അവളുടെ അക്കൗണ്ടിലേക്കും അയച്ചു കൊടുത്തിരുന്നു. അവളുടെ ആവശ്യങ്ങൾക്കായി എന്നാൽ അതിൽ നിന്നും വണ്ടിക്കൂലിക്കും സാനിറ്ററി പാഡ് വാങ്ങാനും മാത്രം എടുത്ത് ബാക്കി പണം അതേപോലെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു അവൾ പരമാവധി അത് സൂക്ഷിച്ചിരുന്നു... അവൻ വരുമ്പോൾ താനധികം പണം ചിലവാക്കി എന്നൊരു പേര് കേൾക്കേണ്ടി വരരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ഒരിക്കലും അവൻ തന്നോട് അങ്ങനെ പറയില്ല. എങ്കിൽപോലും താൻ കാരണം അങ്ങനെയൊരു വാക്ക് ഉണ്ടാവരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു.. മാസാമാസമുള്ള പണം അക്കൗണ്ടിലേക്ക് വരാതായതോടെ സദിക്ക് മീരയോടുള്ള ദേഷ്യം പൂർണ്ണമായി. എങ്ങനെയും അവളുടെ പഠിത്തം നിർത്തണമെന്നാണ് അവർ കരുതിയത് അതിനായി പല അടവുകളും അവർ നോക്കി പല ദിവസങ്ങളിലും അവളെ കോളേജിൽ വിടാതിരിക്കാൻ കൂടുതൽ ജോലികളും മറ്റും അവൾക്കായി നിയോഗിച്ചു അപ്പോഴൊക്കെ അവൾക്ക് സഹായം ആയത് വിനോദ് ആയിരുന്നു പലപ്പോഴും ബസ് കിട്ടാതിരുന്ന സാഹചര്യങ്ങളിലും തിരിച്ചു വരുമ്പോൾ രാത്രിയാകുന്ന സാഹചര്യങ്ങളിലും വിനോദ് വലിയൊരു ആശ്വാസമായിരുന്നു അവളോട് അധികം ഒന്നും സംസാരിക്കില്ലെങ്കിലും അവന്റെ ആ ചിരിയിൽ ഒരു സഹോദരിയോടുള്ള സ്നേഹം അവൾക്ക് കാണാൻ സാധിക്കുമായിരുന്നു. തനിക്ക് അവൻ നൽകിയ ആ സ്ഥാനം സുധിയോടുള്ള ബഹുമാനം ആണെന്നും അവൾക്ക് നന്നായി അറിയാം. എന്നാൽ ഇതൊന്നും സദിക്ക് ഒട്ടും ഇഷ്ടം ആയില്ല, വിനോദ് കൂടി അവരുടെ ശത്രു ആയി ആ സംഭവത്തിന് ശേഷം അജയൻ വീട്ടിലേക്ക് വന്നിട്ടില്ല. അതിന് കാരണം അറിയാതെയെങ്കിലും എന്തെങ്കിലും സുഗന്ധി അറിഞ്ഞാലോ എന്നുള്ള ഭയം ആയിരുന്നു.. വീണ്ടും താൻ അവിടേക്ക് വന്നാൽ അത് മീരയെ പ്രകോപിപ്പിക്കുവാനുള്ള കാരണമാകുമെന്ന് അജയൻ വിശ്വസിച്ചു. അതുകൊണ്ടു തന്നെ ആ യാത്ര പൂർണ്ണമായും അവൻ ഉപേക്ഷിച്ചിരുന്നു. ഒരു ഞായറാഴ്ച ദിവസം മുറ്റത്തിരുന്ന് ജോലികൾ ചെയ്യുന്നതിനിടയിലാണ് അവൾക്ക് ഒരു തലകറക്കം പോലെ തോന്നിയതും, അവൾ പെട്ടെന്ന് ബോധരഹിതയായതും. സതിയും അയൽപക്കത്തുള്ള ഒരു സ്ത്രീയും കൂടി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ആ സമയം തന്നെ അപ്പുറത്ത് തൊടിയിൽ എന്തൊക്കെ ജോലികൾ ചെയ്യുകയായിരുന്നു വിനോദ്.. അവൾ വീണത് അവൻ വ്യക്തമായി കണ്ടിരുന്നു.. അതോടൊപ്പം സതിയോട് സംസാരിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയും അത് കണ്ടു. അവർ കൂടെ ഉള്ളതുകൊണ്ട് മാത്രം ഒരു അത്ഭുതവും അമ്പരപ്പും ഒക്കെ സതി മുഖത്ത് വരുത്തി. ശേഷം അവൾക്ക് അരികിലേക്ക് ഓടി വന്നു വെള്ളം തളിച്ചു നോക്കിയിട്ടും അവൾ എഴുന്നേറ്റില്ല... ആ നിമിഷം കൂടെയുണ്ടായിരുന്ന സ്ത്രീ അവരോട് പറഞ്ഞു.. " സതി ഇച്ചേയ്, ആശുപത്രിയിൽ കൊണ്ടുപോകണ്ടേ കൊച്ചിനെ "ഓ അതിന്റെ ആവശ്യമില്ല കുറച്ച് നേരം കഴിയുമ്പോൾ എഴുന്നേൽക്കും, ഈ വെയിൽ ഒക്കെ കൊണ്ടിട്ടാ " വെള്ളം ഒഴിച്ചിട്ടും എഴുന്നേൽക്കുന്നില്ലന്ന് പറയുമ്പോൾ ആശുപത്രി കൊണ്ടുപോകാതിരിക്കുന്നത് അപകടം അല്ലേ...? ഇനി വയറ്റിൽ ഉണ്ടോ....? " പിന്നെ അവൻ ഇവിടുന്ന് പോയിട്ട് രണ്ടര മാസം കഴിഞ്ഞു. മാത്രമല്ല കഴിഞ്ഞമാസം അവൾക്ക് പുറത്തായിരുന്നു. ഇനി വേറെ ആരുടെയെങ്കിലും ഉണ്ടോന്ന് എനിക്കറിയില്ല.... ഒരു നിമിഷം അവരുടെ വർത്തമാനം കേട്ട് കൂടെയുണ്ടായിരുന്ന സ്ത്രീയും അപ്പുറത്ത് നിന്നിരുന്ന വിനോദം ഒരുപോലെ ഞെട്ടിയിരുന്നു. സ്വന്തം മരുമകളെക്കുറിച്ച് ഇവർ എന്തു വർത്തമാനമാണ് പറയുന്നതെന്നായിരുന്നു ആ നിമിഷം വിനോദ് ചിന്തിച്ചത്. ഇനിയെങ്കിലും ഇടപെട്ടില്ലെങ്കിൽ ശരിയാവില്ലന്ന് തോന്നിയതുകൊണ്ട് അവൻ അപ്പുറത്ത് നിന്നും പെട്ടെന്ന് ഇപ്പുറത്തേക്ക് വന്നിരുന്നു. " എന്താ അമ്മേ മീരക്കെ എന്ത് പറ്റി...? അവൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... സുധിയുടെ അടുത്ത സുഹൃത്ത് ആയതു കൊണ്ട് തന്നെ മീര വീണ കാര്യം അവൻ സുധിയെ അറിയിക്കുമെന്ന് അവർക്ക് ഉറപ്പുള്ളതിനാൽ അവർ ഒരു അഭിനയം കാഴ്ചവയ്ക്കാൻ തയ്യാറായിരുന്നു. " അറിയില്ല മോനേ, അവൾ എന്തോ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് തലകറങ്ങി താഴെ വീണു.... ഞാൻ ഇപ്പോൾ സരസുവിനോട് പറയുകയായിരുന്നു നമ്മൾ രണ്ടു പെണ്ണുങ്ങൾ തന്നെ എങ്ങനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതെന്ന്..... എത്ര സമർത്ഥമായാണ് അവർ കള്ളം പറയുന്നത് എന്ന് അവൻ അപ്പോൾ ചിന്തിക്കുകയായിരുന്നു... "സരസു ചേച്ചിയും അമ്മയും കൂടി പിടിച്ചാൽ മതി, ഞാൻ കാർ എടുത്തോണ്ട് വരാം... പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകാം വിനോദ് പറഞ്ഞു "ശരി മക്കളെ... എന്നാൽ വണ്ടി എടുത്തോണ്ട് വാ, അവനെ മനസിൽ ഒരു നൂറുവട്ടം പ്രാകി കൊണ്ടാണ് അവരത് പറഞ്ഞത്... പെട്ടെന്നുള്ള അവരുടെ മാറ്റം കൂടെയുണ്ടായിരുന്ന സ്ത്രീയും ശ്രദ്ധിച്ചിരുന്നു... " കാര്യം എന്റെ മോന്റെ അടുത്ത സുഹൃത്താ, എന്നുപറഞ്ഞാലും അവന്റെ പെണ്ണുമ്പിള്ളയുടെ കാര്യത്തിൽ ഇവന് കുറച്ച് ശ്രദ്ധ കൂടുതൽ ആണെന്ന് പറയുന്നതാ സത്യം... അവൾ ഒന്ന് താമസിച്ചാൽ കോളേജിന്റെ മുൻപിൽ കൊണ്ടുപോയി വിടുന്നതും ബസ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടാൽ തിരിച്ചു കൊണ്ടുവരുന്നത് ഒക്കെ അവനാ... ഇപ്പോൾ തന്നെ കണ്ടില്ലേ അവളുടെ കാര്യത്തിൽ അവന് എന്താ ഒരു ശുഷ്കാന്തി... പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് ഇരട്ടിയാക്കി സുധിയോട് പറയും അവൻ. കല്യാണം കഴിഞ്ഞപ്പോൾ തൊട്ടേ സുധി പെൺകോന്തൻ ആണ്... കൂട്ടുകാരനും കൂടി സപ്പോർട്ട് ചെയ്താൽ പിന്നെ എന്നെ ഈ വീട്ടിൽ നിന്ന് ഇറക്കുമോന്ന് ആരു കണ്ടു. അതാ ഞാൻ ഒന്നും പറയാതിരിക്കുന്നത്... കെട്ടിയോൻ ഗൾഫിൽ അല്ലേ ഇവൾ ഇവിടെ കിടന്നു എന്ത് കാണിച്ചാലും അവൻ അറിയാൻ പോകുന്നില്ലെന്ന് അവൾക്ക് ഉറപ്പാ.. പിന്നെ ബന്ധകാരൻ ഭർത്താവിന്റെ കൂട്ടുകാരൻ തന്നെ ആകുമ്പോൾ ആർക്കും സംശയവും തോന്നില്ലല്ലോ.. രണ്ടുപേരും കൂടെ എന്റെ കുട്ടിയെ പറ്റിക്കാണോന് ആർക്കറിയാം... പെട്ടെന്ന് അവർ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സരസുവിന് പുതിയൊരു വാർത്ത കിട്ടിയത് പോലെയായിരുന്നു.. പെട്ടന്ന് അടുത്തടുത്ത് വീടുകളിൽ അത് അറിയിക്കാൻ അവർക്ക് താല്പര്യം കൂടി... അപ്പോഴേക്കും വിനോദ് വണ്ടിയുമായി എത്തിയിരുന്നു... സരസുവും സതിയും ഒരുമിച്ച് ചേർന്നാണ് മീരയെ പിടിച്ച് വണ്ടിയിലേക്ക് കയറ്റിയത്.. കൂടെ പോവുകയല്ലാതെ മറ്റൊരു മാർഗം അപ്പോൾ സതിക്കും മുൻപിൽ ഉണ്ടായിരുന്നില്ല... അതുകൊണ്ട് അവരും വണ്ടിയിലേക്ക് കയറി... വണ്ടി ആശുപത്രിയിലേക്ക് എത്തിയപ്പോൾ വിനോദ് കാഷ്വാലിറ്റിയിൽ പോയി മീരയെ കൊണ്ടുവരുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഡോക്ടർ വന്ന് കണ്ടതിനു ശേഷം ഒരു ട്രിപ്പ് ഇട്ടു... " ഈ കുട്ടിയുടെ കൂടെയുള്ളതാരാ..? വിനോദിനോടും സതിയോടുമായി ഡോക്ടർ ചോദിച്ചു... " ഞങ്ങളാ എന്റെ മോന്റെ ഭാര്യയാ എന്താ ഡോക്ടറെ അവൾക്ക്...? " കുട്ടിയുടെ ബിപി വളരെ ലോയാണ്, തീരെ ഉറക്കം കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ടാ തലകറങ്ങി വീണത്... രാത്രിയിൽ ഉറങ്ങാറില്ലേ..? എച്ച് ബിയും വളരെ കുറവാണ്... നല്ല രീതിയിൽ ഭക്ഷണവും ആ കുട്ടി കഴിക്കുന്നില്ലെന്ന് തോന്നുന്നു. അവസ്ഥ വളരെ മോശം ആണ്.. ഇന്നിവിടെ അഡ്മിറ്റ് ചെയ്യാനെ നിർവാഹമുള്ളൂ. ട്രിപ്പ് കുറച്ച് വിറ്റാമിൻ ഗുളികകളും ഒക്കെ തരാം, നാളത്തേക്ക് ഡിസ്ചാർജ് ചെയ്താൽ മതി... "അയ്യോ ഡോക്ടർ ഇവിടെ അഡ്മിറ്റ് ചെയ്യുകയാണെങ്കിൽ നിൽക്കാൻ ആരുമില്ല, എനിക്കാണെങ്കിൽ തീരെ വയ്യ ആശുപത്രിയിൽ ഒന്നും നിൽക്കാനുള്ള സാഹചര്യം അല്ല എനിക്ക്... സതി പറഞ്ഞു " കുട്ടിയുടെ ഹസ്ബൻഡ് എവിടെയാണ്.? " അവനങ്ങ് ഗൾഫിലാ " എങ്കിൽ പിന്നെ രണ്ടു മൂന്നു ട്രിപ്പ് ഇട്ടതിനു ശേഷം കുറച്ച് വിറ്റാമിൻ ഗുളികകൾ കൂടി തന്നിട്ട് വീട്ടിലേക്ക് കൊണ്ടുപോയിക്കോ, റെസ്റ്റ് എടുക്കാൻ പറയണം പിന്നെ കുറച്ച് ഫ്രൂട്ട്സും ഒക്കെ കഴിക്കുന്നത് വളരെ നല്ലത് ആണ്... എല്ലാത്തിലും ഉപരി നന്നായിട്ട് ഉറങ്ങാൻ പറയണം. ഉറങ്ങിയില്ലെങ്കിൽ ഒരുപാട് ഹെൽത്ത് പ്രോബ്ലംസ് ഉണ്ട്... അവരോട് പറഞ്ഞിട്ട് ഡോക്ടർ പോയപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും മീരയ്ക്ക് ലഭിക്കില്ലന്ന് വിനോദിന് ഉറപ്പുണ്ടായിരുന്നു... ദൈവം നിയോഗിച്ചത് പോലെ ആ നിമിഷം തന്നെ വിനോദിന്റെ ഫോണിലേക്ക് സുധിയുടെ ഫോൺകോൾ വന്നു... അവൻ പെട്ടെന്ന് ഫോൺ എടുത്തു ഡോക്ടർ പറഞ്ഞ അത്രയും കാര്യങ്ങൾ സുധിയോട് ആയി വിനോദ് പറഞ്ഞിരുന്നു... എല്ലാം കേട്ടപ്പോൾ അവൻ തകർന്നു പോയിരുന്നു... പെട്ടെന്ന് വിനോദിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി സതി സംസാരിച്ചു.... "എടാ അമ്മയാ.. "പറ അമ്മേ " ഡോക്ടർ പറഞ്ഞത് അവൾക്ക് ഉറക്കമില്ലെന്നാ, രാത്രി 10 മണിയാവുമ്പോൾ മുറി അടച്ച് കേറി കിടക്കുന്നവള് രാത്രി പിന്നെ എന്ത് ചെയ്യുവാടാ...? നിന്നെ ഫോൺ വിളിക്കുകയാണോ രാത്രി മൊത്തം.? ഇത് വേറെ എന്തോ കാര്യമാ, രാത്രി ഞങ്ങളെയെല്ലാം ഉറക്കി കിടത്തിയിട്ട് അവളെവിടെയെങ്കിലും ഇറങ്ങി പോകുന്നുണ്ടോന്ന് ആർക്കറിയാം... നീ ഇങ്ങനെ പെണ്ണുമ്പിള്ള പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ടിരുന്നാൽ മതി. തലകറങ്ങി വീഴണമെന്നുണ്ടെങ്കിൽ അവൾ എത്ര രാത്രി ഉറക്കം ഒഴിച്ചിട്ടുണ്ടാവും. സതിയുടെ വാക്കുകൾ കേൾക്കെ വിനോദിന് പോലും ദേഷ്യമാണ് തോന്നിയത് അപ്പോൾ സുധിയുടെ അവസ്ഥ എന്തായിരിക്കും എന്നാണ് അവൻ ആ നിമിഷം ചിന്തിച്ചത്. സുധിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതിരുന്നപ്പോൾ സതിയും ഒന്ന് ഭയന്നിരുന്നു .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...