കൃഷ്ണകിരീടം: ഭാഗം 15

 

രചന: രാജേഷ് വള്ളിക്കുന്ന്‌

"അച്ഛാ എന്താണ് ആ രഹസ്യം... ഞങ്ങൾ അറിയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ... " സൂര്യൻ ചോദിച്ചു... "നിങ്ങൾ അറിയുന്നതുകൊണ്ട് പ്രശ്നമുണ്ടായിട്ടല്ല... പക്ഷേ സമയമായിട്ടില്ല ആവുമ്പോൾ ഞാൻ തന്നെ പറയും.. " കേശവമേനോൻ അകത്തേക്ക് നടന്നു... അടുത്തദിവസം ആദി കൃഷ്ണയുമൊന്നിച്ച് ആർ കെ ഗ്രൂപ്പിന്റെ മെയിൻ ഓഫീസിലെത്തി... പുതിയ എംഡിയെ കണ്ട് എല്ലാവർക്കും അതിശയമായിരുന്നു... അവളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരിൽ കൂടുതൽ ബഹുമാനമുണ്ടാക്കി... ഒരു വീട്ടിലെ അംഗത്തെപ്പോലെ എല്ലാവരോടുമുള്ള പെരുമാറ്റമായിരുന്നു അതിന് കാരണം... എന്നാൽ ഒരാൾക്ക് മാത്രം അവളുടെ വരവും പെരുമാറ്റവുമൊന്നും പിിടിച്ചില്ല... അവിടുത്തെ സൂപ്പർവൈസർ രാമചന്ദ്രന്... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി... കൃഷ്ണ ഇടക്കിടക്ക് ഓഫീസിൽ ആദിയോടൊപ്പം പോയിത്തുടങ്ങി... നന്ദു മോളെ അവിടുത്തെ സ്കൂളിൽ ചേർത്തു.. നകുലനും സുധാകരനും കരുണാകരനും കൃഷ്ണയെപ്പറ്റി ഒരു വിവരവും ലഭിക്കാൻ സാധിച്ചില്ല... അതിലുള്ള ദേഷ്യവും അവരിൽ കാണുന്നുണ്ടായിരുന്നു... അന്ന് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് നകുലന്റെ ഫോൺ റിംഗ് ചെയ്തത്... അവൻ ഫോണെടുത്തു... "ഹലോ... "

"നിങ്ങൾ തേടിനടക്കുന്ന ആൾ ഇപ്പോൾ ആർ കെ കമ്പനിയുടെ ഓഫീസിലുണ്ട്... ഇപ്പോൾ വന്നാൽ അവളെ നേരിട്ടു കാണാം... " "നിങ്ങൾ ആരാണ്....." അതല്ലല്ലോ ഇപ്പോൾ മുഖ്യം... അവളെ കണ്ടെത്തുക എന്നതല്ലേ... നിങ്ങളെപ്പോലെ അവളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ഒരാളാണെന്ന് കൂട്ടിയാൽ മതി... " അതും പറഞ്ഞ് മറുവശത്ത് കോൾ കട്ടുചെയ്തു... "ആരാടാ ഫോണിൽ... എല്ലാം കേട്ടുനിന്ന സുധാകരൻ ചോദിച്ചു... അറിയില്ല... പക്ഷേ അവൾ ആ കൃഷ്ണ ആർ കെ ഗ്രൂപ്പിന്റെ ഓഫീസിലുണ്ടെന്നാണ് അയാൾ പറഞ്ഞത്... നമ്മളെപ്പോലെ അവളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞു... " "അതാരാണ് അങ്ങനെയൊരു.... ചിലപ്പോൾ ആർ കെ ഗ്രൂപ്പിൽ ജോലിചെയ്യുന്ന ഏതവനെങ്കിലുമാകും... എന്നാൽ സമയം കളയേണ്ട... ഇപ്പോൾ തന്നെ പോകാൻ നോക്ക്.. പിന്നെ ഇപ്പൊൾ അവളുടെ മുന്നിൽ ചെന്നുചാടേണ്ട... അവളെ നിരിക്ഷിക്ക്.. എവിടെയാണ് ഇപ്പോഴവളുടെ താമസമെന്ന് കണ്ടുപിടിക്ക് എന്നിട്ടുമതി ബാക്കിയെല്ലാം.. "അതെന്തിനാണ്... അവളെ നേരെ അവിടെ നിന്നും കടത്തി കൊണ്ടുവന്നാൽ പോരെ... നമുക്ക് സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു അളയവളുടെ കയ്യിൽനിന്നും പണ്ട് മുത്തശ്ശൻ എഴുതി വാങ്ങിച്ചതുപോലെ ചെയ്താൽ മതി...

ആദ്യം അവളുടെ കഴുത്തിലൊരു മിന്നുകെട്ടുക... അതിനുശേഷം സാവധാനം സ്വത്തെല്ലാം കൈക്കലാക്കുക..." "വിഡ്ഢിത്തം വിളമ്പാതെടാ കഴുതേ... പഴയകാലമല്ല ഇത്... അവളെ കടത്തികൊണ്ടുവന്നാൽ അത് നമ്മളാണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം... അന്നേരം നമ്മൾ അകത്തു പോകേണ്ടി വരും... " "അതിന് നമ്മളാണ് കൊണ്ടുവന്നതിനെന്ന് തെളിവെന്തെങ്കിലുമുണ്ടോ... " "ഹും.. നീയെന്റെ ചോരയിൽ തന്നെയാണോ ജനിച്ചത്... ആലോചിക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ല... എടാ നമ്മളല്ലാതെ ആരാടാ അവൾക്ക് ശത്രുവായിട്ടുള്ളത്... മാത്രമല്ല നമ്മൾ ഇപ്പോഴങ്ങനെ ചെയ്താൽ പഴയ കാര്യങ്ങൾ പോലും പുറത്തുവരും... അതായത് അന്ന് മുത്തശ്ശൻ ആ ഗോവിന്ദമേനോന്റെ കയ്യിൽനിന്നും ഭീഷണിപ്പെടുത്തി സ്വത്തുക്കൾ എഴുതിവാങ്ങിച്ചതും അയാളെ കൊല്ലാൻ നോക്കിയതും... " "എന്നു കരുതി ഇപ്പോൾ അവളെ വിട്ടുകളഞ്ഞാൽ അവൾ പിന്നെ നമ്മുടെ മുന്നിൽ വരുമെന്ന് തോന്നുന്നുണ്ടോ... " "വരും വരുത്തണം... അതിന് ആണാണെന്ന് പറഞ്ഞ് മൂക്കിന് താഴെ മീശവച്ചു നടന്നിട്ട് കാര്യമില്ല... ബുദ്ധിയുപയോഗിക്ക്... ആദ്യം വേണ്ടത് ആ വേണുഗോപാലിനേയും അവളേയും തമ്മിൽ തെറ്റിക്കണം... ഇപ്പോൾ നിന്നെ വിളിച്ചില്ലേ അയാളെ കണ്ടു പിടിച്ച് കൂടെ നിർത്ത്...

അതികപക്ഷവും അയാൾ ആ ഓഫീസിലെ ജോലിക്കാരനാകും... അയാളെ വച്ച് കളിക്കണം... ഇതിനിടയിൽ നീ അവളുടെ വിശ്വാസം നേടിയെടുക്കണം... അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്... പക്ഷേ അതിന് നീ കൂടുതൽ പരിശ്രമിക്കണം... ആ വേണുഗോപാലിനെ അവിടെനിന്നും പുറത്തുചാടിച്ചാൽ... ആ സ്ഥാനത്ത് നീ കയറിപറ്റണം... പിന്നെ കാര്യങ്ങൾ നമ്മൾ നിയന്ത്രിക്കുന്നതു പോലെ വരും... " "കേൾക്കാൻ നല്ല രസമുണ്ട്... പക്ഷേ അച്ഛന് തോന്നുണ്ടോ അവൾ എന്നെ വിശ്വസിക്കുമെന്ന്... " "അതിനൊരു വഴിയുണ്ട്... സുധാകരൻ അവൻ കേൾക്കാൻ പാകത്തിൽ ചില കാര്യങ്ങൾ പറഞ്ഞു.... "അതു കൊള്ളാം... എന്നാൽ ഞാൻ പോയി വരാം... " നകുലൻ തന്റെ ബൈക്കിൽ കയറി ഗെയ്റ്റുകടന്ന് പുറത്തേക്ക് പോയി... സുധാകരൻ മനസ്സിൽ ഊറിച്ചിരിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൃഷ്ണ... കൂടെ ആദിയുമുണ്ടായിരുന്നു... " "വേണുവങ്കിളേ ഞങ്ങൾ ഇറങ്ങുകയാണ്... മുബൈ കമ്പനിയിൽ നിന്നും ചിലപ്പോൾ നാഗരാജു വിളിക്കും... എത്ര ലോഡാണ് അവർക്ക് വേണ്ടതെന്ന് പറഞ്ഞാൽ അത് എത്രയും പെട്ടന്ന് അയക്കണം... " "അത്, ഞാനേറ്റു മോളെ... മോള് പോയിട്ടു വാ... " "ശരിയങ്കിൾ... " കൃഷ്ണ ആദിയോടൊപ്പം കാറിൽ കയറി... ആ കാർ ഓഫീസിന്റെ ഗെയ്റ്റും കടന്ന് പോയി...

എന്നാൽ അതെല്ലാം കണ്ട് നകുലൻ തന്റെ ബൈക്കിൽ പുറത്തു നിൽപ്പുണ്ടായിരുന്നു... അവൻ ആദിയുടെ കാറിനു പുറകെ കുറച്ചകലമിട്ട് ബൈക്കോടിച്ചു... ഇടശ്ശേരി തറവാട്ടിലേക്ക് കാർ കയറുന്നതുകണ്ട് നകുലൻ ബൈക്ക് നിർത്തി... "അപ്പോൾ ഇവിടെയാണ് അവൾ താമസിക്കുന്നതല്ലേ... ഇതാരുടെ വീടാണ്... കൂടെയുള്ള ചെറുപ്പക്കാരൻ ആരാണ്..." അങ്ങനെ ഒരുപാട് സംശയങ്ങൾ അവന്റെ മനസ്സിലുണ്ടായിരുന്നു... നകുലൻ ബൈക്ക് തിരിച്ച് വന്ന വഴിയെ പോയി... കാർ മുറ്റത്തുവന്നുനിന്ന ശബ്ദം കേട്ടപ്പോൾ നിർമ്മല പുറത്തേക്കു വന്നു... "നിങ്ങൾ വന്നോ... ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു... കൃഷ്ണയുടെ മുത്തശ്ശന് വലിവ് കുറച്ചുകൂടി... അങ്ങേര് ഹോസ്പ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്... കുഴപ്പമില്ല... അവർ തിരിച്ചു വരുന്നുണ്ട്... " "അയ്യോ മുത്തശ്ശൻ... " കൃഷ്ണ പേടിച്ചു... "പേടിക്കാനൊന്നുമില്ല മോളെ... മരുന്ന് മുടങ്ങിയിരുന്നോ... " "ഇല്ല മരുന്ന് ഞാൻ രാവിലെ കൊടുത്തതാണ്... എന്റെ മുന്നിൽ വച്ചാണ് കഴിച്ചതും... മുത്തശ്ശനിത് ഇടക്കിടക്ക് വരുന്നതാണ്... കൂടുതൽ ടെൻഷൻ വരുമ്പോഴാണ് ഉണ്ടാകാറ്... അന്ന് ആ കരുണാകരനപ്പൂപ്പന്റെ കുത്തേറ്റതിനു ശേഷമാണ് ഇത് തുടങ്ങിയത്... " അപ്പോഴേക്കും ഒരു കാർ മുറ്റത്ത് വന്നുനിന്നു... അതിൽ നിന്നും കേശവമേനോൻ ഇറങ്ങി...

പിന്നെ ഗോവിന്ദമേനോനെ കൈപ്പിടിച്ച് കാറിൽനിന്നിറക്കി... "മുത്തശ്ശാ... " കൃഷ്ണ ഗോവിന്ദമേനോന്റയടുത്തേക്കോടി.. "മുത്തശ്ശാ... " അവൾ അയാളുടെ കയ്യിൽ പിടിച്ച് കരഞ്ഞു... "എന്താ മോളെയിത്... മുത്തശ്ശനൊന്നുമില്ല... ആ വലിവ് വീണ്ടുമൊന്ന് വന്നു... ഇപ്പോൾ പ്രശ്നമൊന്നുമില്ല... അങ്ങനെ എന്റെ കുട്ട്യോളെ ഒറ്റക്കാക്കി മുത്തശ്ശന് പോകാൻ പറ്റുമോ... " ഗോവിന്ദമേനോൻ കിതച്ചുകൊണ്ട് പറഞ്ഞു... " "എന്നിട്ട് എന്നെ അരുമൊന്ന് വിളിച്ചില്ലല്ലോ.. " "അങ്ങനെ കാര്യമായിട്ടൊന്നുമില്ല... ഞാനാണ് പറഞ്ഞത് മോളെ വിളിച്ച് പേടിപ്പിക്കിക്കേണ്ടെന്ന്... ഇത് എന്തോ ടെൻഷൻ മനസ്സിൽ വന്നതു കൊണ്ടാണ്... അല്ലാതൊന്നുമില്ല... ഇന്നേതായാലും മുത്തശ്ശനേയും കൊണ്ട് അവിടേക്ക് പോകേണ്ട... ഇന്നിവിടെ കഴിഞ്ഞാൽ മതി... ഇനിയും ഇതുപോലെ വരുകയാണെങ്കിൽ മോളൊറ്റക്ക് എന്തുചെയ്യാനാണ്... " കേശവമേനോൻ നിർമ്മലയെ വിളിച്ച് താഴത്തുള്ള ഒരു മുറിയിലെ കിടക്ക വിരിച്ചിടാൻ പറഞ്ഞു... അതിനുശേഷം അയാൾ ഗോവിന്ദമേനോനെ ഉമ്മറത്തെ കസേരയിൽ കൊണ്ടുപോയിരുത്തി... നിർമ്മല അകത്തേക്ക് പോയി ഒരു മുറി തുടച്ചുവൃത്തിയാക്കി കിടക്ക വിരിച്ചിട്ടു... അപ്പോഴേക്കും ആദി കാറിന്റെ വാടക കൊടുത്ത് പറഞ്ഞുവിട്ടിരുന്നു..

"രാവുണ്ണിയുള്ളതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല... അവനും ഞാനും കൂടിയാണ് മുത്തശ്ശനെ കൊണ്ടുപോയത്... കഞ്ഞി കൊടുക്കാൻ നിർമ്മല പോയപ്പോഴാണ് നെഞ്ചിൽ കൈവച്ച് വല്ലാതെ കിതച്ചുകൊണ്ട് സ്വാസംകിട്ടാതെ വലിക്കുന്നത് കണ്ടത്... അവളാകെ പേടിച്ചു പോയി... " "എന്നിട്ട് രാവുണ്ണിയേട്ടനെവിടെ... ആദി ചോദിച്ചു... " "അവൻ വീട്ടിലേക്ക് പോയി... ഇന്ന് മകളും ഭർത്താവും വരുന്നുണ്ട്... അവരുടെ ആദ്യ വിരുന്നാണ്... നാളെ ലീവല്ലേ... നീ കൃഷ്ണമോളേയും കൂട്ടി അവിടെ വരെ ഒന്നു പോകണം... ഇവൾക്കും അവരെയൊന്ന് പരിചയപ്പെടാമല്ലോ... " "ശരിയച്ഛാ ഞങ്ങൾ പൊയ്ക്കോളാം... " ആദി പറഞ്ഞു... എന്നാൽ ഇവർ പറഞ്ഞതൊന്നു ശ്രദ്ധിക്കാതെ കൃഷ്ണ ഗോവിന്ദമേനോന്റെ കാൽക്കൽ കണ്ണീരോടെ ഇരിക്കുകയാണ്... എന്താ മോളേ ഇത്... മുത്തശ്ശനൊന്നുമില്ലെന്ന് പറഞ്ഞില്ലേ... ഇനി മോളുടെ കണ്ണു നിറഞ്ഞതുകണ്ടിട്ടുവേണം മുത്തശ്ശന് വിഷമം വരാൻ... അപ്പോൾ വീണ്ടും മുത്തശ്ശന് വയ്യാതാകും... " കേശവമേനോൻ പറഞ്ഞു... "എന്താണ് മുത്തശ്ശാ മുത്തശ്ശന് മനസ്സ് വേദനിക്കാൻ മാത്രമുള്ള വിഷമം... "

"ഒന്നുമില്ല മോളെ... നിന്റേയും നന്ദുമോളേയും കുറിച്ച് ഓർത്തപ്പോൾ മനസ്സിനൊരു വേദന വന്നു... എന്റെ കാലം അടുത്തു എന്നൊരു തോന്നൽ... നിന്റെ മുത്തശ്ശിയും അച്ഛനും എന്നെ മാടിവിളിക്കുന്നതുപോലെ... എന്തോ കുറച്ചു ദിവസമായി ഇതുതന്നെ കാണുന്നു... മരിക്കാൻ മുത്തശ്ശന് ഭയമില്ല... അതിനുമുമ്പ് എന്റെ മോളെ സുരക്ഷിതമായ കയ്യിൽ ഏൽപ്പിക്കണം... എന്നിട്ട്കണ്ണടഞ്ഞാലും പ്രശ്നമില്ല... " "എന്തൊക്കെയാണ് മുത്തശ്ശാ പറയുന്നത്... ഞങ്ങളെ തനിച്ചാക്കി മുത്തശ്ശനങ്ങനെ പോകാൻ പറ്റുമോ... " "എന്തായാലും പോകണമല്ലോ... അത് എന്റെ മോള് സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയിട്ട് പോയാൽ മതിയായിരുന്നു ഇവിടെ മോള് എവിടുത്തേക്കാളും സുരക്ഷിതമാണെന്ന് മുത്തശ്ശനറിയാം... എന്നാലും അതല്ലല്ലോ... നിനക്കും വേണമല്ലോ ഒരു ജീവിതം... "....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...