ലക്ഷ്മീനന്ദനം: ഭാഗം 14

 

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഇപ്പോൾ ചേട്ടൻ പോട്ടേ മോളെ.... അതും പറഞ്ഞു വിശ്വൻ ഒരു പുച്ഛച്ചിരിയോടെ നന്ദനെയൊന്നുനോക്കി.... എന്നാൽ നന്ദൻ ഇതൊന്നും ശ്രദ്ധിക്കാത്തപോലെ സ്റ്റിയറിങ്ങിൽ താളമടിച്ചിരുന്നു... അതുകണ്ടിട്ടു വിശ്വന് ദേഷ്യം വന്നെങ്കിലും കടിച്ചുപിടിച്ചു തിരിഞ്ഞുനടന്നു.. അതുകണ്ടിട്ടു വിശ്വന് ദേഷ്യം വന്നെങ്കിലും കടിച്ചുപിടിച്ചു തിരിഞ്ഞുനടന്നു.. നന്ദൻ അപ്പോഴേ കാർ തിരിച്ചു പോയി... പകയെരിയുന്ന കണ്ണുകളിൽ കൗശലക്കാരന്റെ കുശാഗ്രതയോടെ വിശ്വൻ ആ കാഴ്ച നോക്കി നിന്നു. കാറിൽ നീതുവിനോട് ചേർന്നിരിക്കുമ്പോഴും ലെച്ചുവിന്റെ മനസിൽ തൊട്ടുമുൻപ് നടന്ന സംഭവങ്ങളായിരുന്നു... " ഞാൻ ഇപ്പോൾ പോകുന്നത് കണ്ടു എല്ലാം കഴിഞ്ഞെന്നു വിചാരിക്കണ്ട... വരുന്ന ഉത്സവത്തിന് നമ്മുടെ കല്യാണം തീരുമാനിച്ചപോലെതന്നെ നടക്കും... അതിനു എന്തേലും മാറ്റം വന്നാൽ... അങ്ങ് തറവാട്ടിൽ ഈ ബുദ്ധിയൊക്കെ നിനക്ക് ഉപദേശിച്ചുതരുന്ന ആ കിളവനും കിളവിയുമുണ്ടല്ലോ.... അവരെ ഞാൻ അങ്ങ് തീർക്കും.. "

വിശ്വന്റെ വാക്കുകൾ വീണ്ടും വീണ്ടും മനസിൽ ഇടിമുഴക്കം സൃഷ്ടിച്ചു... മുത്തശ്ശനും മുത്തശ്ശിക്കും എന്തെങ്കിലും പറ്റുമോയെന്ന ഭയം അവളെ വേട്ടയാടി... മിററിൽകൂടി ലെച്ചുവിന്റെ അവസ്ഥ നന്ദൻ നോക്കിക്കാണുന്നുണ്ടായിരുന്നു. മുഖത്ത് മിന്നി മായുന്ന ഭാവങ്ങളും കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർചാലുകളും അവളുടെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളുടെ പ്രതിഭലനമാണെന്നവൻ അറിഞ്ഞു... എന്നാൽ നടക്കുന്നതും അറിഞ്ഞതുമെല്ലാം മനസ്സിലിട്ട് പലവുരു മഥിയ്ക്കുകയായിരുന്നു നീതു... ആത്മമിത്രമായിരുന്നിട്ടും ഇതുവരെ ഒന്നുംതന്നെ ലക്ഷ്മി പറഞ്ഞിട്ടില്ല. അതിന്റെ ഒരു പരിഭവം മനസ്സിലുണ്ട്. എന്നാലും അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടവുമുണ്ട്. ലെച്ചുവിനെ ഒന്നുകൂടി തന്നോട് ചേർത്തുപിടിച്ചു നീതു നന്ദനെ നോക്കി. നീതുവിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കാണുമല്ലേ? അവളോട്‌ ഒന്നും ചോദിയ്ക്കണ്ട. ഞാൻ പറയാം... തിരിഞ്ഞു നോക്കാതെതന്നെ നന്ദൻ നീതുവിന്റെ മനസ്സറിഞ്ഞെന്നോണം പറഞ്ഞു.

ഞാൻ പറഞ്ഞിട്ടാണ് ലെച്ചു ബെസ്റ്റ് ഫ്രണ്ട് ആയിട്ടു കൂടി ഒന്നും പറയാതിരുന്നത്... ലെച്ചു എന്റെ കസിൻ ആണ്.. ലെച്ചുവിനെക്കുറിച്ച്നന്ദൻ നീതുവിനോട് പറഞ്ഞു. അത് കേട്ടപ്പോഴേയ്കും ഉള്ളിൽ അറിയാതെയെങ്കിലുംകടന്നുകൂടിയ പരിഭവങ്ങൾ അലിഞ്ഞില്ലാതെയായി. നീതുവിനെ വീട്ടിൽ ആക്കിയശേഷം അവർ വീട്ടിലേയ്ക്കു പോയി. യാത്രയിലുടനീളം ലെച്ചു നിശ്ശബ്ദയായിരുന്നു... കാർ നിൽക്കുന്നത് അറിഞ്ഞപ്പോൾ ലെച്ചു നന്ദനെ സംശയത്തോടെ ഒന്നുനോക്കി... കടൽത്തീരത്താണ് എത്തിയതെന്ന് മനസ്സിലായി. നന്ദൻ ഇറങ്ങി ലെച്ചുവിന് ഡോർ തുറന്നുകൊടുത്തുകൊണ്ടു പറഞ്ഞു... ഇറങ്ങു... കുറച്ച് സംസാരിക്കണം... വാടോ? പെട്ടെന്ന് പോകാം.. അവളുടെ മുഖത്തെ ചോദ്യഭാവം കണ്ട് പറഞ്ഞു. എന്നിട്ട് നന്ദൻ തിരിഞ്ഞു നടന്നു... ലെച്ചുവും പുറകെ പിന്തുടർന്നു. ഏകദേശം മൂന്നുമണിയോടടുത്തിരുന്നതിനാൽ വെയിലിനു കുറച്ചു കാഠിന്യം കുറഞ്ഞിരുന്നു. തിരക്കും ആയി വരണതെയുള്ളു ... തണലുള്ള ഒഴിഞ്ഞ ഒരു കോണിൽ മണൽപ്പരപ്പിൽ അവനിരുന്നു...

തനിക്കരികിൽ നിൽക്കുന്ന ലെച്ചുവിനോട് ഇരിക്കാൻ കൈകൊണ്ടു കാണിച്ചു. അല്പം മടിച്ചാണെങ്കിലും അവൾ അവനരികിൽ ഒരു ചെറിയ അകലമിട്ടിരുന്നു... നന്ദൻ അതുകണ്ടു ഒരു പുഞ്ചിരിയോടെ ചോദിച്ചു.. എന്താ എന്നെ പേടിയുണ്ടോ? അവൾ ഇല്ലായെന്ന് തലയാട്ടിക്കൊണ്ട് കടലിലേയ്ക്ക് ദൃഷ്ടിയൂന്നി... ലെച്ചു.... വിഷമിക്കണ്ടെടോ? അവൻ തന്നെ ഒന്നും ചെയ്യില്ല... ഒരു ചെറു പുഞ്ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി.. ലെച്ചു... നീയെന്താ ഒന്നും മിണ്ടാത്തെ? അവളുടെ മൗനം തുടർന്നപ്പോൾ നന്ദൻ ചോദിച്ചു.. എനിക്ക് പേടിയാ നന്ദേട്ടാ.... അയാള് ദുഷ്ടനാ.. ഇന്ന് നടന്നതിന്റെയൊക്കെ ദേഷ്യം തറവാട്ടിൽപോയി മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കും. അയാള് അവരെ എന്തേലും ചെയ്‌യുമോന്നാ എന്റെ പേടി... കരഞ്ഞുകൊണ്ടവൾ പറഞ്ഞു.. ഏയ്.. ഇല്ലെടോ... അങ്ങനെയൊന്നും ഉണ്ടാകില്ല... അവൻ നിന്നെ വെറുതേ പേടിപ്പിക്കാൻ പറഞ്ഞതല്ലേ... അവളെ ആശ്വസിപ്പിക്കാനെന്നോണം നന്ദൻ പറഞ്ഞു. ഇല്ല നന്ദേട്ടാ.. അയാളെ അറിയതോണ്ടാ....

അയാള് വീട്ടിൽ വരുമ്പോഴൊക്കെ എന്റെ പേരും പറഞ്ഞു പാവം മുത്തശ്ശനേം മുത്തശ്ശിയേയും ഒത്തിരി വഴക്കുപറയും.. എന്തേലും എതിർത്തുപറഞ്ഞാല് ഉപദ്രവിക്കും.. ഞങ്ങൾക്കു ആരാ ഉള്ളേ? പാവം പേടിച്ചിട്ടാ അവര് എന്നെ ഇവിടേയ്ക്ക് അയച്ചത്.. ഇവിടേം രക്ഷയില്ലല്ലോ ദേവീ? എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാന്നുള്ള ധൈര്യത്തിലാ ഇതൊക്കെ.. ഉള്ളിലെ ഭയവും സന്ദേഹവുമെല്ലാം കുത്തുപൊട്ടിച്ചു പുറത്തുചാടിയപ്പോൾ സംഭരിച്ച ധൈര്യമെല്ലാം ചോർന്നുപോകുകയാണെന്നവൾക്കു തോന്നി. അതിനാരാ പറഞ്ഞേ നിനക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന്? നന്ദന്റെ പെട്ടെന്നുള്ള വാക്കുകൾ കേട്ടു ലെച്ചു അതിശയത്തോടെ അവനെ നോക്കി.. ലെച്ചു.... നീ എന്നെക്കുറിച്ച് എന്താ കരുതണെന്നൊന്നും എനിക്കറിയില്ല... വർഷങ്ങളായുള്ള പ്രണയമോ സുന്ദരമായ വാഗ്ദാനങ്ങളോ ഒന്നും നിനക്ക് തരാൻ എന്റെ പക്കലില്ല... പക്ഷേ ഒന്നുമാത്രം പറയാം... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്... ഒരുപക്ഷെ എന്റെ ജീവനാണ് എന്ന് പറയുന്നതാകും ശരി...

അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാത്തതുപോലെ അവൾ അവനെത്തന്നെ നോക്കിയിരുന്നു.. എന്താ എനിക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയാമോയെന്നായിരിക്കുമല്ലേ ചിന്തിക്കണേ? ശരിയാ ഞാൻ ഒരു ചൂടനാ... ഒരു മുരടനായൊക്കെ കാണുമ്പോൾ തോന്നും.. പക്ഷേ... ആ പരുക്കൻ മുഖംമൂടിക്കുള്ളിലും എനിക്കുമുണ്ടെടോ അത്യാവശ്യം സ്നേഹിക്കാനൊക്കെ അറിയുന്ന ഒരു കുഞ്ഞു ഹൃദയം.. നിന്റെ ഭാഷയിൽ കലിപ്പനായ ഈ വാധ്യാർക്കു ഇങ്ങനൊക്കെ പറയാനേ അറിയുള്ളു. അതുകൊണ്ട് വളച്ചുകെട്ടില്ലാതെ പറയാം.. എന്നെ വിശ്വാസമാണെങ്കിൽ... അതിനേക്കാളുപരി ഇഷ്ടമാകുമെങ്കിൽ എന്റെ ജീവിതത്തിലേയ്ക്ക് വന്നൂടെ... ഒരു വിശ്വനും വിട്ടുകൊടുക്കാതെ കാത്തോളാം... ലെച്ചുവിന്റെ കണ്ണുകളിൽ നോക്കിയത് പറയുമ്പോൾ തീരത്തേയ്ക്കടിച്ചുകയറുന്ന തിരമാലയെപ്പോലെ ശക്തമായ അലയൊലികൾ ഇരുഹൃദയങ്ങളെയും പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു...

നിശബ്ദമായി തന്നെനോക്കിയിരിക്കുന്ന ലെച്ചുവിന്റെ കണ്ണുകളിൽ നിറഞ്ഞുതുളുമ്പുന്ന കണ്ണീർതുള്ളികൾ ശക്തി പ്രാപിച്ചപ്പോൾ അവൻ മെല്ലെ കണ്ണുകൾ തുടച്ചുകൊടുത്തു.. നന്ദേട്ടാ... ഞാൻ ... എന്താ പറയേണ്ടതെന്നെനിക്കറിയില്ല... എന്റെ ജീവിതത്തെക്കുറിച്ചു ഒരിക്കലും ഞാൻ സ്വപ്നം കണ്ടിരുന്നില്ല. കാരണം അതിനുള്ള അവകാശം പോലും അയാൾ നഷ്ടപ്പെടുത്തിയിരുന്നു.. ഇപ്പോഴും കഴിയുന്നില്ല... എനിക്ക് വേണ്ടി നന്ദേട്ടനെ ആപത്തിലേയ്ക് തള്ളിയിടാൻ എനിക്കാകില്ല.. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.. ചുട്ടുപൊള്ളുന്ന അവളുടെ മനസ്സിന്... തളർന്നുതുടങ്ങിയ അവൾക്കു... അപ്പോൾ ആവശ്യം ദുഃഖങ്ങൾ ഇറക്കിവയ്ക്കാനൊരു ചുമലാണെന്നു അവന് തോന്നി.. ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നീട് അവളെ അവൻ പതിയെ ചേർത്തുപിടിച്ചു.. തന്റെ ചുമലിലേയ്ക്കു തലചായ്ച്ചു ആഴിയുടെ വിധൂരതയിലേയ്ക് കണ്ണുംനട്ടിരിയ്ക്കുന്ന ആ പെൺകുട്ടിയോട് ഒരേ സമയം വാൽസല്യവും സ്നേഹവും ഒരുപോലെ തോന്നി........ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...