മംഗല്യ താലി: ഭാഗം 37
Nov 22, 2024, 09:19 IST
രചന: കാശിനാഥൻ
ഐശ്വര്യയേയും അമ്മയെയും ഒരുമിച്ചു കൊണ്ടുപോവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടായ കാര്യമാണെന്ന് അനിരുദ്ധന് വ്യക്തമായി അറിയാമായിരുന്നു. കാരണം അമ്മയെപ്പോലെ തന്നെ എടുത്തുചാട്ടവും വാശിയും കൂടുതലുള്ളവളാണ് ഐശ്വര്യം, അമ്മയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുവാൻ ഇവൾ നോക്കുള്ളൂ, ഒരിക്കലും പിന്നിലേക്ക് പോകില്ല. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഏകദേശം ഐശ്വര്യയെ അവന് മനസ്സിലായിരുന്നു.. രണ്ടാളുടെയും ഇടയിൽ കിടന്ന് താൻ ഒരുപാട് പാടുപെടേണ്ടി വരുമെന്ന് അവൻ ഉറപ്പാക്കി. അരമണിക്കൂറിനുള്ളിൽ തന്നെ മഹാലക്ഷ്മി അണിഞ്ഞൊരുങ്ങി ഇറങ്ങിവന്നു. അവരെ കണ്ടതും ഐശ്വര്യയുടെ കിളി പോയ അവസ്ഥയായിരുന്നു. അത്രമേൽ സുന്ദരി ആയിട്ടുണ്ടായിരുന്നു അവർ ഒരുങ്ങി വന്നപ്പോൾ. അമ്മേ.. നേരം വൈകി നമുക്ക് ഇറങ്ങിയാലോ... മകൻ ചോദിച്ചതും അവർ തല കുലുക്കി. എന്നിട്ട് സൂസമ്മ ചേച്ചിക്ക് വേണ്ട നിർദ്ദേശങ്ങളൊക്കെ കൊടുത്ത ശേഷം മഹാലക്ഷ്മി സിറ്റൗട്ടിലേക്ക് ഇറങ്ങി. ഐശ്വര്യം ആ സമയത്ത് ഒന്നൂടെ ഒന്ന് ടച്ച് അപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു.. അനിരുദ്ധൻ കാറിന്റെ കീയും എടുത്തുകൊണ്ട് പുറത്തേക്ക് പോയി. ഐശ്വര്യ.... മോളെ വിളിക്കുന്നുണ്ട് കേട്ടോ. സൂസമ്മചേച്ചി വന്നു പറഞ്ഞപ്പോൾ അവൾ റൂമിൽ നിന്നും ഇറങ്ങിയത് വണ്ടിയിൽ കയറുവാൻ ചെന്നപ്പോഴായിരുന്നു അടുത്ത പുകില്. അനിയോടൊപ്പം മുൻവശത്തെ സീറ്റിലേക്ക് കയറുവാനായി വന്ന ഐശ്വര്യ ഞെട്ടിപ്പോയി മഹാലക്ഷ്മി ഞെളിഞ്ഞിരിപ്പുണ്ട് മുൻ സീറ്റിൽ. അവളുടെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയതും ദയനീയമായി അനിരുദ്ധൻ അമ്മയെ ഒന്ന് നോക്കി. എവിടുന്ന് അവർക്കുണ്ടോ വല്ല കുലുക്കും.. കാര്യം പിടികിട്ടിയെങ്കിലും അവർ ഫോണിൽ എന്തോ തപ്പി തടഞ്ഞുകൊണ്ട് അങ്ങനെയിരുന്നു... കുത്തി വീർപ്പിച്ച മുഖവുമായി ഒരക്ഷരം പോലും മിണ്ടാതെ ഐശ്വര്യ പിന്നിലേക്ക് കയറി. എന്തൊരു കഷ്ടമാണെന്ന് നോക്കിക്കേ, ഈ അമ്മയ്ക്ക് ഇപ്പോ ഇങ്ങനെ ഇരിക്കേണ്ട കാര്യമുണ്ടോ, ഇനി മുൻപിൽ ഇരുന്ന് വരണമെന്നുണ്ടെങ്കിൽ വേറെ രണ്ടു കാറുകൾ കൂടി വീട്ടിൽ കിടപ്പുണ്ട്, അതിൽ ഏതെങ്കിലും ഒന്നിൽ കയറിയാൽ പോരായിരുന്നോ..ഇന്നത്തെ കാര്യം പോക്കായി. അവന് ഇത്തിരി ദേഷ്യം തോന്നാതിരുന്നില്ല. ഇടയ്ക്കൊക്കെ ഐശ്വര്യയെ ഒന്ന് പാളി നോക്കുവാൻ അനിരുദ്ധൻ ശ്രമിച്ചു. കട്ടക്കലിപ്പിൽ ഇരിക്കുകയാണ് അവൾ.. എന്തും നേരിടണമല്ലോ അല്ലാതെ മറ്റു മാർഗ്ഗമില്ല... വരുന്നിടത്ത് വച്ച് കാണാം അത്രതന്നെ.. അവൻ തീർച്ചപ്പെടുത്തി. ** ഓഫീസിൽ പോയ ശേഷം, ഹരി മടങ്ങിയെത്തിയപ്പോൾ സമയം ഏകദേശം രണ്ടര കഴിഞ്ഞിരുന്നു. ഭദ്രയോട് പലതവണ ഭക്ഷണം കഴിക്കുവാൻ ബീനചേച്ചി പറഞ്ഞതാണ്, പക്ഷേ , ഹരി വന്നിട്ട് കഴിക്കാമെന്ന് പറഞ്ഞ് അവൾ അവനെ കാത്തിരുന്നു. പോളേട്ടൻ ബീനചേച്ചിമടങ്ങി പോകുവാൻ റെഡിയായി നിൽക്കുകയാണ്. കാരണം അമ്മച്ചിയുടെ അടുത്ത് പോളേട്ടന്റെ പെങ്ങളെ നിർത്തിയ ശേഷമാണ് അവർ ഇവിടേക്ക് വന്നത്, പെങ്ങൾക്ക് അവളുടെ കുട്ടികൾ എത്തും മുന്നേ തിരിച്ചു പോകണം, പ്രാവശ്യം പോളേട്ടനെയും ബീനചേച്ചിയെയും അവർ മാറിമാറി വിളിച്ചുകൊണ്ടിരുന്ന്. ചേച്ചി കഴിച്ചിട്ട് പോകാം വന്നെ... ഹരി അവരോട് പറഞ്ഞു. വേണ്ട മോനേ... അതൊക്കെ ഇനി പിന്നെയൊരിക്കൽ ആവാം,ഇപ്പോൾ നേരം വൈകി... അവർ പിന്നെയും ധൃതി കാട്ടി. ഒരു അഞ്ചുമിനിറ്റ് ചേച്ചി.. പെട്ടെന്ന് കഴിക്കാന്നേ. അയ്യോ ഇല്ല മോനേ... സീമയ്ക്ക് അവളുടെ കുഞ്ഞുങ്ങൾ വീട്ടിലെത്തുമ്പോഴേക്കും ചെല്ലണം,അല്ലെങ്കിൽ ശരിയാവില്ല, സ്കൂൾ ബസ്സിൽ വന്നതാണ് കുട്ടികൾ ഇറങ്ങുന്നത്, അവൾ ചെന്നില്ലെങ്കിലേ ജോയ് വഴക്ക് പറയും മോനേ.. അതാണ്.. ബീന ഹരിയെ നോക്കി പറഞ്ഞു.. തന്റെ പോക്കറ്റിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ട് വലിച്ചെടുത്ത് ഹരി പോളേട്ടന്റെ കയ്യിൽ ഏൽപ്പിച്ചു. വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ടുപോയ്ക്കോള് കേട്ടോ പോളേട്ടാ... ഇത്രയും സമയം വൈകുമെന്ന് ഞാൻ ഓർത്തില്ല... അതൊന്നും സാരമില്ല ഹരിക്കുട്ടാ...എന്റെ കയ്യിൽ പൈസ ഉണ്ട്.. അയാൾ ഹരി കൊടുത്ത കാശ് വാങ്ങിക്കുവാൻ വിസമ്മതിച്ചു.. ഹാ.... സാരമില്ലന്നേ... ഇതും കൂടി വെച്ചോളൂന്നേ.. ഞങ്ങളുടെ ഒരു സന്തോഷത്തിന്.. അവൻ പോളേട്ടന്റെ പോക്കറ്റിലേക്ക് പൈസ ഇട്ടു കൊടുത്തു. വൈകാതെ തന്നെ ഇരുവരും ഭദ്രയോടും ഹരിയോടും യാത്ര പറഞ്ഞു പോയി.. ഹരി തിരിഞ്ഞു കയറി വന്നപ്പോൾ കണ്ടു തൂണിൽ പിടിച്ചുകൊണ്ട് അവർ പോകുന്നത് നോക്കിനിൽക്കുന്ന ഭദ്രയേ. ഹെലോ ഭദ്രലക്ഷ്മി ഹരിനാരായൺ.. തൊട്ടരികിൽ നിന്ന് ഹരി വിളിച്ചപ്പോൾ അവൾ ഒന്നു ഞെട്ടിപ്പിടഞ്ഞു.. ഇതെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.... ഞാൻ അത്രയ്ക്ക് ഭീകരൻ ഒന്നുമല്ല കേട്ടോ... ഒരു ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ മുഖം കുനിച്ചു. ഹാ... ഇതാ എനിക്കിഷ്ടമല്ലത്തത്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഇങ്ങനെ മുഖം കുനിച്ചു നിൽക്കരുത്, എന്തിനാ ഇങ്ങനെ ഭയക്കുന്നത്.. ഹരി ചോദിച്ചതും അവൾ ബദ്ധപ്പെട്ട് മുഖമുയർത്തി. ഹ്മ്മ്... മിടുക്കികുട്ടി.. ഇങ്ങനെ വേണം കേട്ടോ.. എന്നും എപ്പോഴും. അവളെ നോക്കി ഒന്ന് കണ്ണീറുക്കി കാണിച്ചുകൊണ്ട് ഹരി അകത്തേക്ക് കയറി. പിന്നാലെ ഭദ്രയും. വല്ലാണ്ട് വിശക്കുന്നു... താൻ കഴിച്ചിരുന്നോ ഭദ്ര....? ഇല്ല ഹരിയേട്ടൻ വന്നിട്ട് കഴിക്കാമെന്ന് കരുതി... ഹ്മ്മ്... എന്നാൽ പിന്നെ ഊണ് വിളമ്പിക്കോ, ഞാനിപ്പോ വരാം. ഈ ഡ്രസ്സ് ഒക്കെ വല്ലാണ്ട് മുഷിഞ്ഞു.. ഹരി ബെഡ്റൂമിലേക്ക് പോയതും ഭദ്ര ചെന്നിട്ട് ചോറും കറികളും ഒക്കെ വിളമ്പി മേശമേൽ കൊണ്ടുവന്നു വച്ചു. 10 മിനിറ്റ് എടുത്തു ഹരി കുളിച്ചിറങ്ങുവാൻ. ഹരിയേട്ടാ..ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്. ബെഡ്റൂമിന്റെ വാതിൽക്കൽ എത്തിയശേഷം ഭദ്ര അവനോടായി പറഞ്ഞു. ആഹ്.... വരുവാടൊ.... ഹരി മുഖം തിരിച്ചു അവളെ നോക്കി. തന്റെ ഫോണിൽ എന്തോ ഒരു വീഡിയോ പ്ലേ ചെയ്തു കൊണ്ടാണ് ഹരി ഇറങ്ങിവന്നത്. ഭദ്രയ്ക്ക് കാര്യമൊന്നും പിടികിട്ടിയില്ല.. അവൻ ആ ഫോണ് അവളുടെ നേർക്ക് നീട്ടി. അനിരുദ്ധന്റെയും ഐശ്വര്യയുടെയും വിവാഹ റിസപ്ഷന്റെ ലൈവ് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അവൾ വിഷമത്തോടെ ഹരിയെ നോക്കി. ഞാൻ കാരണമല്ലേ ഹരിയേട്ടന് ഇന്നവിടെ പങ്കെടുക്കുവാൻ പോലും പറ്റാത്ത അവസ്ഥ വന്നത്. എല്ലാവരും ഹരിയേട്ടനെ പറ്റി ചോദിക്കില്ലേ... എന്തെങ്കിലുമൊക്കെ നുണകൾ അനിയേട്ടൻ അവരോടൊക്കെ പറയേണ്ടി വരും. ഒന്നും വേണ്ടിയിരുന്നില്ല ഹരിയേട്ടാ.... സത്യത്തിൽ ഇതൊക്കെ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമവും വീർപ്പുമുട്ടലുമാണ് അവൾ സാവധാനം അവനോട് പറഞ്ഞു.....കാത്തിരിക്കൂ.........