മണിവാക: ഭാഗം 41

 

രചന: SHAMSEENA FIROZ

"ചന്ദനാ..." സേതുരാമന്റെ ആദ്യത്തെ വിളിയിൽ തന്നെ സ്വീകരണ മുറിയുടെ ഒരോരത്തേക്ക് വന്നു നിന്നവൾ.. വിളിക്കു കാത്തു നിന്നെന്ന പോൽ.. ആ നേരമത്രയും ഒരു ഭിത്തിയ്ക്കപ്പുറം ചേർന്ന് നിന്നു സംസാരങ്ങൾക്ക് കാതോർക്കുകയായിരുന്നു.. വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ആ മുന്നിലേക്ക് ഓടി ചെല്ലുവാനും കൺകുളിർക്കെ കാണുവാനും ആ വിരി മാറിലേക്ക് ഒതുങ്ങി നിൽക്കുവാനും മനസ്സ് വെമ്പൽ കൊണ്ടിരുന്നു..മുന്നിലുള്ള തടസ്സങ്ങളെ ഓർത്തു മനസ്സിനേം തടഞ്ഞു നിർത്തി.. "ചന്ദു... ഇവര് വന്നതിന്റെ ഉദ്ദേശം എന്താണെന്ന് അറിയാമോ മോൾക്ക്..ഈ പയ്യൻ വിളിച്ചാൽ നീ കൂടെ ചെല്ലുമെന്നാണ് പറയുന്നത്.. നിന്റെ അപ്പായോ ഞാനോ പറഞ്ഞിട്ടുമൊന്നും ഇവർക്കു വിശ്വാസം പോരാ..അതോണ്ട് നീ തന്നെ പറയുന്നതാകും നല്ലതെന്ന് തോന്നി.. അതോടെ എല്ലാം അവസാനിക്കുമല്ലോ.." സേതുരാമന്റെ വാക്കുകളിൽ ആത്മ വിശ്വാസം നിറഞ്ഞിരുന്നു. "എനിക്ക് വസുദേവിനെ ഇഷ്ടമാണ് ചെറിയച്ഛ.. ഇപ്പോൾ നിങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവാഹത്തിനോട് താല്പര്യമില്ല..

അത് ഞാൻ അപ്പായോട് പറഞ്ഞതുമാണ്.. എനിക്കീ വിവാഹം വേണ്ട.. ചെറിയച്ഛനെങ്കിലും ഞാൻ പറയുന്നത് മനസ്സിലാക്കണം.." വളരെ ശാന്തമായി എന്നാൽ പരമാവധി ഉറച്ച സ്വരത്തിൽ പറഞ്ഞു ചന്ദന.. എന്താണോ പ്രതീക്ഷിച്ചത് അത് തന്നെ.. തിലക രാമനിൽ വല്യ ഞെട്ടലൊന്നും ഉണ്ടായില്ല.. എന്നാൽ സേതുരാമൻ അങ്ങനൊന്നു തീരെ പ്രതീക്ഷിച്ചത് അല്ലെന്ന് അയാളുടെ മുഖ ഭാവം വ്യക്തമാക്കി. ഉടനെ അയാൾ തിലക രാമനിലേക്ക് നോട്ടമെയ്തു.. ഒരുവേള തിലക രാമന്റെ ശിരസ്സ് അനുജന് മുന്നിൽ കുനിഞ്ഞു പോയ്‌.. ആദ്യമായി.. അതും സ്വന്തം മകള് കാരണം.. അയാൾക്ക് വല്ലാത്ത അപമാന ഭാരം അനുഭവപ്പെട്ടു.. ഒപ്പം ചന്ദനയെ ആ നിമിഷം അടിച്ചു കൊല്ലുവാനുള്ള ദേഷ്യവും.. "മോളെ.. നിനക്ക് ദോഷം വരുന്നതു നിന്റെ അപ്പ ചെയ്യുമോ.. ഇന്നുവരെ ചെയ്തിട്ടുണ്ടോ.. നിഖിൽ നല്ല പയ്യൻ അല്ലേ.. നമുക്ക് ഒക്കെ നേരത്തെ അറിയാവുന്നവൻ.. പിന്നെ കാര്യങ്ങളൊക്കെ ഏകദേശം മുന്നോട്ടു പോയില്ലേ.. നാളെ വിവാഹത്തിനുള്ള ഡേറ്റ് കുറിക്കാനും വരും.. ആ ഇടയ്ക്ക് നീയിങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്..

അത് നിന്റെ അപ്പായ്ക്ക് എത്രത്തോളം മോശമാണെന്ന് അറിയാവുമോ നിനക്ക്.. നീ ഈ കുടുംബത്തിന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കരുത്.." ചന്ദനയോട് അരിശം തോന്നി എങ്കിലും ഇപ്പോൾ ദേഷ്യപ്പെടുന്നത് അവളെ തങ്ങൾക്ക് എതിരായി തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുമെന്നതിനാൽ സേതുരാമൻ വിവേകത്തോടെ പെരുമാറി.. "ഇപ്പോഴല്ല.. അപ്പായ്ക്ക് അന്നേ അറിയാമായിരുന്നു.. അമ്മായും ഇതെക്കുറിച്ചപ്പായോട് സംസാരിച്ചിരുന്നു.." വീണ്ടും പതറാത്തൊരു മറുപടി.. "ചന്ദനാ... മതി.. അകത്ത് കയറി പോ.." തിലകരാമൻ സഹികെട്ടലറി.. "അവൾ പറയട്ടെ അങ്കിൾ.. നിങ്ങളെന്തിനാണ് എതിർക്കുന്നത്.. അവളുടെ തീരുമാനമെന്തെന്ന് അറിയാനല്ലേ വിളിച്ചത്.. അവൾക്ക് പറയാൻ ഉള്ളത് പറയട്ടെ.. അതിനാണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നതും.. " തിലകരാമനോട്‌ പറഞ്ഞു കൊണ്ട് സണ്ണി ചന്ദനയ്ക്ക് അരികിലേക്ക് വന്നു.. "ചന്ദന..പറയു..നിനക്ക് പറ്റുവോ ഞങ്ങടെ വസുവിനെ മറക്കാൻ..? " അവൾ മുഖമുയർത്തി നോക്കി. പക്ഷെ മിഴികൾ നീണ്ടത് സണ്ണിയിലേക്ക് അല്ല..

കുറച്ചപ്പുറത്തായി അവളിൽ മാത്രം മിഴികൾ ഉറപ്പിച്ചു നിൽക്കുന്ന വസുവിലേക്ക് ആയിരുന്നു.. ഈ നേരമത്രയും നിശബ്ദനായിരുന്നവൻ.. ആ മുഖം നന്നേ ശാന്തമായിരുന്നു.. കണ്ണുകളിൽ ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും അലയടികൾ.. "ചന്ദന എന്താണ് ഒന്നും പറയാത്തത്..?" അവളിൽ നിന്നും മറുപടിയില്ലന്നത് കണ്ടു ശരൺ ചെറിയ ടെൻഷനോടെ തിരക്കി.. "ഞാൻ... എനിക്ക് മറക്കാൻ ആവില്ല.. മറ്റൊരു വിവാഹത്തിന് എനിക്ക് സമ്മതമല്ല..വസുദേവിനെ മാത്രമേ ഞാൻ പ്രണയിച്ചിട്ടുള്ളു..മാറ്റാരേം ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ കൂടി എനിക്കാവില്ല.." ഇപ്രാവശ്യം അവളുടെ തല താണിരുന്നു. ഒരാൾക്കു മുന്നിലും അപ്പായെ ചെറുതാക്കണമെന്ന് ഇന്നേവരെ ആഗ്രഹിച്ചിട്ടില്ല.. പക്ഷെ ഇതൊട്ട് പറയാതെയിരിക്കാനുമാവില്ല.. ചന്ദനയുടെ കണ്ണുകൾ നനഞ്ഞു.. "ഇപ്പോ എന്ത് പറയുന്നു അച്ഛനും ചെറിയച്ഛനും.. കേട്ടല്ലോ അവളെന്താണ് പറഞ്ഞതെന്ന്..?

ആരുടെ വിശ്വാസമാ തെറ്റിയതെന്നു മനസ്സിലായി കാണുമല്ലോ..? സ്നേഹിക്കുന്നവരെ തമ്മിൽ പിരിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്..? ഇവളുടെ സന്തോഷം മാത്രം കണക്കിൽ എടുക്കു.. അന്തസ്സും അഭിമാനവുമെല്ലാം കുറച്ചു നിമിഷത്തേക്ക് മാറ്റി വെക്കു.. അഥവാ അത് തന്നെയാണ് നിങ്ങൾ ഇനിയും നോക്കുന്നതെങ്കിൽ വസു അക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.. ജാതി മാത്രമേ മാറുന്നുള്ളു.. ബാക്കി എന്ത് കൊണ്ടും അവൻ നിങ്ങൾക്ക് മുന്നിലാണ്.." ശരൺ ഫോമിലായി.. "കയറി പോ അസത്തെ.. കുടുംബത്തിന്റെ അന്തസ്സ് കളയാൻ ഉണ്ടായവൾ..." തിലക രാമൻ ക്രോധത്തോടെ ചന്ദനയെ പിടിച്ച് തള്ളി. "മോളെ..." സ്വീകരണ മുറിക്കപ്പുറം ഒതുങ്ങി നിൽക്കുകയായിരുന്ന പാർവതി നിലവിളിയോടെ ചന്ദനയെ പിടിക്കാൻ ആഞ്ഞു വന്നുവെങ്കിലും അതിന് മുന്നേ സണ്ണി അവളെ താങ്ങി നിർത്തിയിരുന്നു.. അവൾ നിറ മിഴികളോടെ സണ്ണിയെ നോക്കി.. "വിടെടാ അവളെ...മൂന്നിനെയും അടിച്ചിറക്കാൻ അറിയാഞ്ഞിട്ടില്ല.. വെറുതെ ഒച്ചയും ബഹളവും ഉണ്ടാക്കി നാട്ടുകാരെ അറിയിക്കേണ്ട ന്ന് കരുതിയാണ് ഇത്രയും ക്ഷമിച്ചു നിന്നത്.. ഇനിയൊരു നിമിഷം കണ്ടു പോകരുത് ഇവിടെ..

നിനക്ക് തരാൻ ഇവിടെ പെണ്ണില്ല..ഇവള് നിങ്ങളുടെ ഒപ്പം വരുന്നുമില്ല.. വാടി ഇവിടെ.." സേതുരാമൻ അലറിക്കൊണ്ട് സണ്ണിയെ തള്ളി മാറ്റുകയും ചന്ദനയുടെ കയ്യിൽ അതി ശക്തിയായി പിടിച്ചു വലിക്കുകയും ചെയ്തു.. "നിങ്ങൾക്കൊന്നും ഒരു വിലയും നൽകാതെ ഇവളെ നിങ്ങളുടെ കണ്മുന്നിൽ വെച്ചു ഇറക്കി കൊണ്ട് പോകണമെന്ന് ഒരു ഉദ്ദേശം ഇത് വരെ ഇല്ലായിരുന്നു.. അങ്ങനെ ഒന്ന് മനസ്സിൽ കണ്ടിട്ടുമല്ല ഇവിടേക്ക് വന്നത്.. ഇവളുടെ ഉറച്ച ഒരു മറുപടി.. അതൊന്ന് ആഗ്രഹിച്ചിട്ട് മാത്രമാണ്.. പക്ഷെ ഇനി വയ്യ.. ഇവളെ ഇവിടെ ഇട്ടിട്ട് പോകാൻ എനിക്കാവില്ല.. ഇത്രയും നേരം ഒന്നും മിണ്ടാതെ നിന്നത് ചന്ദന നിങ്ങൾക്ക് തരുന്ന ബഹുമാനവും സ്നേഹവും എത്രത്തോളം ഉണ്ടെന്ന് അറിയാവുന്നതിനാലാണ്.അത് ഞാനും നിങ്ങൾക്ക് തരണമെന്ന് തോന്നി.. ഞാൻ കൊണ്ട് പോകുവാ ഇവളെ.. ഒന്നിനു വേണ്ടിയും നഷ്ട പെടുത്താനോ മാറ്റാർക്കേലും വിട്ടു കൊടുക്കാനോ എനിക്ക് കഴിയില്ല.. അതിന് ഞാൻ വസുദേവ് അല്ലാതെയായിരിക്കണം.. ഇങ്ങനെയൊരു മകൾക്ക് ജന്മം നൽകിയെന്നത് നിങ്ങൾ ചെയ്ത ഭാഗ്യമാണ്..

പക്ഷെ അത് മനസ്സിലാക്കാൻ നിങ്ങൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.. അത് കൊണ്ടാണ് എനിക്കിപ്പോൾ ഇങ്ങനെയൊന്നു ചെയ്യേണ്ടി വരുന്നത്.." വസു പറഞ്ഞു.തിലകരാമൻ ഉൾകിടിലത്തോടെ ചന്ദനയെ നോക്കി.. അതേ നിമിഷം തന്നെ അവളും.. "ചന്ദന... തെറ്റ് ചെയ്യുന്നുവെന്ന തോന്നൽ വേണ്ട.. ഇനി നീ ഇവിടെ നിന്നാൽ ഉറപ്പായും മറ്റൊരാൾക്ക്‌ മുന്നിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വരും.. അത് അല്ലാതെ മറ്റൊരു മാർഗവും നിനക്കിവിടെ ഉണ്ടാകില്ല.. വരില്ലേ എന്റൊപ്പം.. എനിക്കിനി മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാണ്..നീ വരണം.." വസു ചന്ദനയുടെ കൈകളിൽ പിടി മുറുക്കി.. കണ്ണുനീരുറവ തീർത്ത അവളുടെ നോട്ടം പാർവതിയിലേക്ക് നീണ്ടു. ആ മുഖത്ത് സമ്മത ഭാവം.. തിലക രാമന്റെ മുഖത്തേക്ക് നോക്കാൻ അവൾ ഭയപ്പെട്ടു.. എന്നിരുന്നാലും അവൾ യാചനയെന്ന പോൽ അയാളിലേക്ക് മിഴികൾ മാറ്റി.. ശില പോലെ ഉറച്ചു നിൽക്കുന്നു.. തന്നെ നോക്കുന്നു കൂടിയില്ല.. അപ്പയെ അപമാനിക്കണമെന്നോ വേദനിപ്പിക്കണമെന്നോ ഒരിക്കൽ പോലും കരുതിയിട്ടില്ല..

ഇങ്ങനെയൊന്ന് ജീവിതത്തിൽ ഉണ്ടാകുമെന്ന് ദിവസങ്ങൾക്കു മുന്നേ വരെ നിനച്ചതുമല്ല.. ഇപ്പോ ഈ പടി ഇറങ്ങി പോയാൽ തനിക്കു നഷ്ടമാകുന്നത് അപ്പയെയും അമ്മയെയും ചൈതുവിനെയുമാണ്. പോകാതെയിരുന്നാൽ നഷ്ടമാകുന്നത് വസുവിനെയും.. അതും എന്നെന്നേക്കുമായി.. അങ്ങനൊന്നു ഓർക്കാൻ കൂടെ അവൾ വിറച്ചു..ആ മനുഷ്യനെ അല്ലാതെ മറ്റൊരാളേം മനസ്സിലേക്ക് കടത്തുന്നത് ഓർക്ക കൂടി വയ്യ.. ചിന്തകൾ ഒന്നിനൊന്നായി അവളെ തളർത്തി കൊണ്ടിരുന്നു.. "ചന്ദനാ..." അവളുടെ വ്യഥകൾ അറിഞ്ഞെന്ന പോൽ വസു അവളെ തന്നോട് ചേർത്ത് നിർത്തി.തിലക രാമൻ തീയിൽ ചവിട്ടിയെന്ന കണക്കെ പൊള്ളി പിടഞ്ഞു. തന്റെ കണ്മുന്നിൽ വെച്ച്.. തന്റെ മകളെ... അവളതിനെ എതിർക്കുന്നില്ലന്നത് അയാളെ ഭ്രാന്ത് പിടിപ്പിച്ചു.. "ചന്ദനാ... നിന്നോടകത്ത് കയറി പോകാനാണ് പറഞ്ഞത്.." കൊടുങ്കാറ്റ് പോൽ വന്നു അയാൾ അവളുടെ മുടിക്കുത്തിൽ പിടിത്തമിട്ടകത്തേക്ക് വലിച്ചു.. "വിടു.. എന്നെ വിടപ്പാ.. ഞാൻ ആ കൂടെ പോകുവാ.. എനിക്ക് മാറ്റാരേം വിവാഹം ചെയ്യാൻ സാധിക്കില്ല..

എന്നെ നിർബന്ധിക്കല്ലേ.. എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല അപ്പാ.." കരച്ചിൽ ചീളുകൾക്കൊപ്പം അവളുടെ വാക്കുകൾ മുറിഞ്ഞു കൊണ്ടിരുന്നു... "നിങ്ങളെന്താണ് കാണിക്കുന്നത്.. ഇത്രയ്ക്കും വിവരമില്ലാത്ത മനുഷ്യരും ഉണ്ടാകുമോ.. അവളെ വിട്.. ഞങ്ങളുടെ ഒപ്പം വരാൻ തയാറാണ് എന്നല്ലേ അവളു പറഞ്ഞത്.." സണ്ണിയ്ക്ക് ഇനിയും നിയന്ത്രിച്ച് നിൽക്കാൻ ആവുമായിരുന്നില്ല.. അവൻ ക്ഷോഭത്തോടെ ചന്ദനയുടെ മേലുള്ള തിലകരാമന്റെ പിടുത്തം വിടുവിച്ചു.. "ചന്ദനാ.. ഇനിയും നിന്നാൽ ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നു പറയുവാൻ വയ്യ..നീ വാ..നമുക്ക് പോകാം.." കാര്യങ്ങൾ വഷളാക്കുവാൻ ആഗ്രഹിക്കാത്ത പോൽ വസു വേഗത്തിൽ വന്നു ചന്ദനയുടെ ഇടം കയ്യിൽ മുറുകെ പിടുത്തമിട്ടു.. "പോകുന്നത് ഒക്കെ കൊള്ളാം.. എന്റെ ശാപം അല്ലാതെ മറ്റൊന്നും നിന്റെ മേൽ ഉണ്ടാവില്ലന്ന് ഓർത്തോ നീ.. പിതാവിന്റെ ശാപം ശിരസ്സിൽ വർഷിക്കുന്ന അഗ്നി പോലെയാണ്.. അതീ ജീവിത കാലം മുഴുവനും നിന്നെ പൊള്ളിക്കുക തന്നെ ചെയ്യും.. ഈ കണ്ട കാലമത്രയും നിന്നെ വളർത്തിയതിന് നീ എനിക്ക് തരുന്ന ശിക്ഷയാണ് ഇത്..

നീയെന്റെ അഭിമാനത്തിൽ ചവിട്ടിയാണ് ഇറങ്ങി പോകുന്നത്..കുടുംബത്തിനും നാടിനും മുന്നിൽ ഞാൻ അപമാനിതനായ് തല കുനിച്ചു നിൽക്കുന്നത് കാണാനാണ് നീ ആഗ്രഹിക്കുന്നത്.. ഇതിൽ പരം മറ്റൊന്നുമെനിക്ക് നീ തരുവാൻ ഇല്ല.." തിലകരാമന്റെ വാക്കുകൾ ശരവർഷം പോലെ അവളിലേക്ക് പെയ്തിറങ്ങി..വസുവിനൊപ്പം മുന്നിലേക്ക് വെച്ച അവളുടെ ചുവടുകൾ നിശ്ചലമായി. "കുടുംബക്കാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ എത്ര ദിവസം കാണും. അവർക്ക് അടുത്തതായി ഒരു വിഷയം കിട്ടുന്നത് വരെ.. ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി ഒതുങ്ങി ജീവിച്ചു.ഇനി നാട്ടുകാർക്ക് വേണ്ടിയും അവളതു തുടരണോ..? നീ പോകൂ ചന്ദു...എന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും നിന്റെ കൂടെ ഉണ്ടാവും.. തെറ്റ് ചെയ്തിട്ടില്ലന്നൊരു തോന്നൽ മനസ്സിൽ ഉള്ളിടത്തോളം നിനക്ക് സന്തോഷമായി തന്നെ ജീവിക്കാം.." അതുവരെ യാതൊന്നും പ്രതികരിക്കാതെ നിന്നിരുന്ന പാർവതി ഭയമേതും കൂടാതെ പറയുകയും തന്റെ നിറഞ്ഞു ഒഴുകുന്ന മിഴികൾ ഒപ്പുകയും ചെയ്തു..

അവരത്രയും സന്തോഷവതിയായിരുന്നു ആ നിമിഷം.. "തെറ്റ് ചെയ്തിട്ടില്ലന്നോ..? ഇവൾ ഇപ്പോൾ ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്നും അതിനുള്ള ശിക്ഷ എന്താണെന്നും ഇവളു മനസ്സിലാക്കട്ടെ..നിന്റെ പേരിൽ അപമാനിതനാവുന്നതിനേക്കാൾ നല്ലത് ഞാൻ മരിക്കുന്നതാണ്.." പറയുന്നതിനോടൊപ്പം അയാൾ വേഗത്തിൽ മുറിക്കകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.. "അപ്പാ...." ചന്ദന ഉറക്കെ വിളിച്ചു കൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചു. പാർവതിയും ഭയന്നിരുന്നു. "ഇപ്പോൾ സമാധാനമയോ നിനക്കൊക്കെ..?" സേതുരാമൻ മൂവർക്ക് നേരെ തിരിഞ്ഞു.. ചന്ദനയെ വരുതിയിലാക്കാൻ തിലക രാമൻ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന തോന്നൽ ആദ്യമേ ഉണ്ടായിരുന്നു എങ്കിലും പെട്ടെന്നുള്ള അയാളുടെ ആ നീക്കത്തിൽ അവരുമൊന്നു വല്ലാതെയായിരുന്നു.. "അപ്പാ.. വാതിൽ തുറക്കു.." "എന്തിനാണ് നീയിപ്പോ കരയുന്നത്..? എന്തുമാത്രം വേദനിച്ചിട്ടും മടുത്തിട്ടുമായിരിക്കുമിപ്പോ ഇങ്ങനൊന്നു ചെയ്യാൻ തുനിഞ്ഞത്..? നീ കാരണമാണ് ഇതൊക്കെ.. ഈ വീടിന്റ സകല സമാധാനവും കെടുത്തിയിരിക്കുന്നു..

മാറി നിൽക്കങ്ങോട്ട്..ഇറങ്ങി പോകുവാൻ നിന്നവൾ അല്ലേ.. പോടീ അവന്റെയൊപ്പം..എന്റെ ഏട്ടന് എന്ത് സംഭവിച്ചാലും നിനക്ക് എന്താണ്..?" സേതുരാമൻ ചന്ദനയെ പിടച്ചാഞ്ഞു തള്ളി.. അവൾ അതേ വേഗത്തിൽ തന്നെ പാഞ്ഞു വന്നു കതകിലേക്ക് ചേർന്ന് നിന്നു.. "ഞാൻ പോവില്ല അപ്പ.. ഞാൻ എങ്ങോട്ടും പോവില്ല.. ഞാൻ കാരണം നിങ്ങക്ക് ആർക്കും ഒരു മാനക്കേടും ഉണ്ടവില്ല... അപ്പ കതകു തുറക്ക്... പ്ലീസ് അപ്പാ..." ചന്ദന ഉറക്കെ കരയുകയായിരുന്നു.. സേതുരാമന്റെ ശ്രദ്ധ അവൾ പറഞ്ഞതിൽ കൊരുത്തു നിന്നു.. അയാളുടെ കണ്ണുകൾ തിളങ്ങി.. എന്നിട്ടും വേവലാതി ഭാവിച്ചു കൊണ്ടയാൾ കതകിൽ മുട്ടുകയും അകത്തേക്ക് തള്ളി തുറക്കാൻ ശ്രമിക്കുകയും ചെയ്തു. "അയ്യോ.. നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്.. വാതിൽ തുറക്കു.." സമയം കടന്ന് പോകുന്നതിനനുസരിച്ചു പാർവതിയും വിറച്ചു തുടങ്ങിയിരുന്നു.

"ഏട്ടാ.. അവിവേകമൊന്നും കാണിക്കരുത്.. ചന്ദന പറഞ്ഞത് കേട്ടില്ലേ...?" "അപ്പാ...തുറക്കപ്പാ..ഞാൻ അപ്പായെ മറന്ന് ഒന്നും ചെയ്യില്ല... അപ്പ പറയുന്നതെന്തും അനുസരിച്ചോളം.." കരഞ്ഞു കരഞ്ഞവശയായവൾ നിലത്തേക്ക് ഊർന്നിരുന്നു.. സണ്ണിയും ശരണും ഇനിയെന്തെന്ന്‌ മനസ്സിലാവാതെ പരസ്പരം നോക്കുമ്പോൾ വസു ചന്ദനയ്ക്ക് അരികിലേക്ക് ചെന്നിരുന്നു.ആ നേരത്തു തന്നെയാണ് തിലക രാമൻ വാതിൽ തുറന്നതും.. "അപ്പാ.." അവൾ കണ്ണുകൾ തുടച്ചു തിടുക്കത്തിൽ എണീറ്റു.. "ഈ നിമിഷം തീരുമാനിക്കണം നീ നിനക്ക് ആരെ വേണമെന്ന്.. എന്നെയോ.. അതോ ഇന്നലെ കണ്ട ഇവനെയോ..?" ചന്ദനയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു.. അതിനേക്കാൾ ഏറെ വസുവിന്റെയും... അവൻ അവളുടെ മുഖത്തേക്ക് മിഴികൾ ഉറ്റു നിന്നു.. അവളുടെ വാക്കുകൾക്കായി..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...