മണിവാക: ഭാഗം 46

 

രചന: SHAMSEENA FIROZ

 മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ശരീരം.. ചുറ്റിനും ഉറക്കെയുള്ള കരച്ചിലുകളും വിലാപങ്ങളും കേൾക്കാം.. സണ്ണി പകപ്പോടെ അരികിലേക്ക് ചെന്നു ആ രൂപത്തിന് മുകളിൽ നിന്നും തുണിയുയർത്തി. "തൊട്ട് പോകരുത്.. നീ കാരണമാ..നീ ഒറ്റ ഒരുത്തൻ കാരണമാ.. നീ കാണുക കൂടി ചെയ്യരുത് അവളെ.. എത്ര കരഞ്ഞു പറഞ്ഞതാ എന്റെ കൊച്ച്.. ഒന്നു നീ കേട്ടിരുന്നെങ്കിൽ ഇന്ന് ഈ കിടപ്പ് കിടക്കുമായിരുന്നോ.." നിലവിളിച്ചു കരയുന്നതിന് ഇടയിൽ തെരേസ ഓടി വന്ന് അതി ശക്തമായി തന്നെ സണ്ണിയെ തള്ളി മാറ്റി.. "അമ്മച്ചി.. ഞാൻ.." സണ്ണി ഉരുകുകയായിരുന്നു. "ഒരു തുള്ളി കണ്ണീരു വീണ് പോകരുത് നിന്റെ കണ്ണീന്ന്.. നിന്നോട് യാചിക്കും പോൽ പറഞ്ഞതല്ലേ ടാ ഞാൻ അവളെ കൊലയ്ക്ക് കൊടുക്കരുത് എന്ന്.. ഞാൻ എന്തിനാണിനി ജീവിക്കുന്നത്.. ആർക്ക് വേണ്ടിയാണ്.. ഞാനും പോകുവാ എന്റെ കൊച്ചിന് ഒപ്പം.. എന്റെ സെലിനും ഉണ്ടാവുമവിടെ.." തെരേസ അടുക്കള ലക്ഷ്യമാക്കിയോടി.

പിന്നാലെ സണ്ണി ഓടി ചെല്ലുമ്പോഴേക്കും വാതിൽ ശക്തമായി അടഞ്ഞിരുന്നു.. സെക്കന്റ്‌ നേരങ്ങൾക്കുള്ളിൽ അവിടമാകെ മണ്ണെണ്ണയുടെ ഗന്ധം പടരുകയും തെരേസയുടെ നിലവിളി ഉയരുകയും ചെയ്തു.. "അമ്മച്ചി.." അവൻ ഉറക്കെ വിളിച്ചു.. നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.. ഒന്നും വ്യക്തമായില്ലവന്.. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം കണ്ടപ്പോൾ മാത്രമാണ് അതൊരു സ്വപ്നമായിരുന്നെന്ന് അവൻ തിരിച്ചറിഞ്ഞത്. നെഞ്ചിൽ കൈ വെച്ചു നന്നായി ശ്വാസം എടുത്തു വിട്ടു.. ചെയറിൽ കിടക്കുന്ന ടവൽ എടുത്തു കഴുത്തും മുഖവും ഒപ്പി.. അൽപ്പം വെള്ളം കുടിക്കാൻ വേണ്ടി എടുത്ത ജഗ്ഗിലെ വെള്ളം മുഴുവൻ മടക്കു മടക്കായ് കുടിച്ചു തീർത്തു.. എന്നിട്ടും പരവേശമടങ്ങിയില്ല.. അത്രയ്ക്കും ഭയന്നു പോയിരുന്നു.. മുന്നിൽ വീണ്ടും വീണ്ടും തെളിയുന്നത് ആ സ്വപ്നം മാത്രം. സാന്ദ്രയുടെ ചേതനയറ്റ ശരീരവും അമ്മച്ചിയുടെ അലറിയുള്ള കരച്ചിലും.. എണീറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നുവെങ്കിലും പിന്നെ ഒന്ന് ഇരിക്കുവാനോ കിടക്കുവാനോ സാധിച്ചില്ലവന്..

നേരെ സാന്ദ്രയുടെ മുറിയിലേക്ക് ചെന്നു..തെരേസ നല്ലുറക്കമായിരുന്നു. സാന്ദ്രയെ കണ്ടില്ല.ഒരുനിമിഷം അവന്റെ ശ്വാസമൊന്നു വിലങ്ങി.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് അവൻ ആശ്വസിച്ചത്.പതിയെ ഡോർ ചാരി പുറത്തേക്ക് ഇറങ്ങി..എന്നിട്ടും ആ സ്വപ്നം അകന്നില്ലവനിൽ നിന്നും.. മിഴിവോടെ കണ്മുന്നിൽ തെളിഞ്ഞു കൊണ്ടേയിരുന്നു..അതവനെ അത്രമേൽ അസ്വസ്ഥത പെടുത്തുകയും ചെയ്തു.. ** "Pappaaa... Have a happy news.. " കുളി കഴിഞ്ഞിറങ്ങുന്ന എബ്രഹാമിനു മുന്നിലേക്ക് ചിഞ്ചു ഓടി വന്നു.. "എന്താടി രാവിലെ തന്നെ.. ഇന്ന് കോളേജ്നു അവധി വല്ലതുമാണോ.?" തല തുവർത്തിക്കൊണ്ട് എബ്രഹാം അവളെ നോക്കി. "അയ്യോ പപ്പ..പപ്പ എന്ന് തുടങ്ങി ഇങ്ങനെ അസ്ഥാനത്തു കയറി തമാശ ചോദിക്കാൻ.. ഇത് അതൊന്നുമല്ല.. എനിക്ക് സണ്ണിയുടെ കാൾ ഉണ്ടായിരുന്നു.. Am so excited pappaa.. കർത്താവെ.. എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യായെ.." "സണ്ണിയോ..? നീയിങ്ങനെ ചാടി കളിക്കാതെ കാര്യം പറയു..

ഇപ്പോ എന്താണ് ഒരു കാൾ.. എന്താണ് അവൻ പറഞ്ഞത്..?" "എന്നെ കാണണമെന്ന് പറഞ്ഞു.. കാര്യം എന്താണെന്ന് പറഞ്ഞില്ല.. ഇന്ന് ഫ്രീ ഉണ്ടാകുമോന്ന് ചോദിച്ചു.." "നീ എന്ത് പറഞ്ഞു.. എന്നാലും ഇപ്പോൾ എന്തായിരിക്കും ഒരു മീറ്റിംഗ്..?" എബ്രഹാം ആലോചനയോടെ ചോദിച്ചു. "അറിയില്ല പപ്പാ.. ബട്ട്‌ ഞാൻ ഇപ്പോ എത്ര ഹാപ്പി ആണെന്നോ.. ആദ്യമായിട്ടാണ് സണ്ണി വിളിക്കുന്നത്.. എന്നോടൊന്നു സംസാരിക്കുന്നത്.. അതിനി ഒരു ആവശ്യത്തിന് ആണെന്നാൽ പോലും എനിക്കിതു സന്തോഷം നൽകുന്ന കാര്യമാണ് പപ്പാ..." ചിഞ്ചുവിന്റെ മുഖത്തും വാക്കുകളിലും അതിയായ ആനന്ദം നിറഞ്ഞിരുന്നു. അത് പക്ഷെ എബ്രഹാമിനെ വേദനിപ്പിക്കുകയാണ് ചെയ്തത്. അവളെന്തു മാത്രം സണ്ണിയെ സ്നേഹിക്കുന്നു.. പക്ഷെ തിരിച്ചോ..? തിരിച്ചു സ്നേഹിക്കണമെന്ന് അവനോട് ആവശ്യ പെടാനോ ഈ ഒരു കാര്യത്തിൽ അവനെ തെറ്റ് പറയുവാനോ ആകില്ല

എങ്കിലും ചിഞ്ചുവിന് എങ്ങനെ സണ്ണിയോട് ഇത്ര കണ്ടൊരു സ്നേഹമുണ്ടായി എന്നത് എബ്രഹാം വീണ്ടും വീണ്ടും ചിന്തിച്ചു കൊണ്ടേയിരുന്നു.. "ഹലോ..ഇതെന്താണ് ഈ ആലോചിക്കുന്നത്...? ഫ്രീ ആണോന്ന് ചോദിച്ചപ്പോൾ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു. എങ്കിൽ ഈവെനിംഗ് മീറ്റ് ചെയ്യാൻ പറ്റോന്ന് ചോദിച്ചു.. ഒന്നും നോക്കാതെ ഞാൻ യെസും പറഞ്ഞു കഴിഞ്ഞു.." "കണ്ടിട്ട് വാ.. കാര്യം എന്താണെന്ന് അറിയാമല്ലോ..ആ പിന്നെ.. ലേറ്റ് ആവുന്നുണ്ടെങ്കിൽ എനിക്ക് ഒന്നു ടെക്സ്റ്റ്‌ ചെയ്തേക്കണം..ഞാനും പയ്യെ വന്നാൽ മതിയല്ലോ.." "ഓക്കേ..ഞാൻ കുളിച്ചിട്ട് വരാം..ഇന്ന് ഇത്തിരി മെനയിൽ ഒക്കെ ചെന്നേക്കാം.. അല്ലേ..?" "ഞാൻ പറഞ്ഞാൽ നന്നാവില്ല. സണ്ണിയുടെ ഒരു കാൾ വരുമ്പോഴേക്കും നന്നായോ നീ.." എബ്രഹാം അവളെ കൂർപ്പിച്ചു ഒന്നു നോക്കി.. "ഞാൻ എന്ന പ്രോഡക്റ്റ് എങ്ങനെ ഇരുന്നാലും അതീ പ്രൊഡ്യൂസർന്റെ കുഴപ്പം ആയിരിക്കും. കേട്ടിട്ടില്ലേ manufacturing defect ന്ന്.. ഇപ്പോ ചെല്ലട്ടെ.. തീരെ ടൈമില്ല.." എബ്രഹാമിന്റെ കവിളിൽ ഒന്നു പിച്ചി വലിച്ചു കൊണ്ടവൾ തന്റെ മുറിയിലേക്ക് നടന്നു..

കർത്താവെ.. എല്ലാം നല്ലതിനായിരിക്കണേ.. എന്ത് ഉണ്ടായാലും അവളെ തളർത്തിയേക്കല്ലേ.. എബ്രഹാം മുന്നിലുള്ള തിരുരൂപത്തിലേക്ക് നോക്കി കണ്ണുകൾ ചിമ്മി.. ** "എന്താ.. എന്താ പറഞ്ഞത്..? " കേട്ടത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..ഞെട്ടലോടെ സണ്ണിയെ നോക്കി.. "എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമില്ല.." സണ്ണിയുടെ സ്വരം ദുർബലമായിരുന്നു. "കാണണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊന്നിന് വേണ്ടിയാണെന്ന് കരുതിയില്ല..അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു.." ചിഞ്ചു അരിശത്തോടെ പറഞ്ഞു. "പിന്നെ നീ എന്ത് കരുതി..?" "ഞാൻ ആഗ്രഹിക്കുന്നത് എന്തെങ്കിലും എനിക്ക് സണ്ണിയിൽ നിന്നും കിട്ടുമെന്ന് കരുതിയല്ല ഞാൻ വന്നത്.. ആദ്യമായി ഒന്നു വിളിച്ചപ്പോൾ.. സംസാരിച്ചപ്പോൾ.. ഒരുപാട് സന്തോഷം തോന്നി.. ആ സന്തോഷത്തിന്റെ പുറത്താണ് കാണാൻ വന്നത്.. അതിൽ കവിഞ്ഞു മറ്റൊന്നുമില്ല..സണ്ണിയിൽ നിന്നും ഇങ്ങനെയൊരു ആവശ്യം ഞാൻ ഒരുക്കലും പ്രതീക്ഷിച്ചതുമല്ല.." ഉള്ളിലെ വേദന പുറത്ത് വരാതെയിരിക്കാൻ ചിഞ്ചു നന്നേ പാട് പെട്ടു. "ഞാൻ പറഞ്ഞുവല്ലോ.. എന്റെ മുന്നിൽ മറ്റു വഴികളൊന്നും ഇല്ലാത്തത് കൊണ്ടാണ്.. എനിക്ക് സാന്ദ്രയാണ് വലുത്. അവളെയും കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.."

"സണ്ണിയുടെ അനിയത്തി അല്ലേ.. നല്ല ബുദ്ധി പറഞ്ഞു കൊടുക്കണമായിരുന്നു.. എന്നെ പറഞ്ഞതും അപമാനിച്ചതും ഓർക്കുന്നുവോ.. എന്റെ പപ്പയ്ക്ക് ഞാൻ എങ്ങനെ ഉണ്ടായിന്ന് വരെ സണ്ണി ചോദിച്ചിരുന്നു.." അവളുടെ വാക്കുകളിൽ പുച്ഛമാണെന്ന് തോന്നി സണ്ണിയ്ക്ക്. "നീ റിവഞ്ചു ചെയ്യുകയാണോ..? ഇങ്ങനെയൊരു ആവശ്യം പറഞ്ഞുവെന്ന് കരുതി നിന്റെ മുന്നിൽ തല കുനിക്കുവാൻ വന്നതല്ല ഞാൻ.." "അതൊക്കെ സണ്ണിയുടെ ഇഷ്ടം.. എപ്പോഴും എന്നോട് ഈ വിരോധമെന്തിനു എന്നെനിക്കറിഞ്ഞൂടാ.. ഇനി ഞാനത് ചോദിക്കുകയുമില്ല.. എനിക്ക് ഒരിക്കലും കഴിയില്ല വസുവിനോട് ചന്ദുനെ മറക്കണമെന്ന് പറയാൻ.. ഏതറ്റം വരെയും പോയി അവരെ ഒരുമിപ്പിക്കാനാണു ഞാൻ ശ്രമിക്കുന്നത്.അല്ലാതെ വേർപിരിക്കാനല്ല. സണ്ണിയ്ക്ക് സാന്ദ്ര എത്രത്തോളം വലുതാണോ അതുപോലെയാണ് എനിക്ക് ചന്ദുവും.." ചിഞ്ചു ഉറപ്പിച്ചു പറഞ്ഞു. "അല്ലങ്കിലും വസുവും ചന്ദനയും ഒരുമിക്കാൻ പോകുന്നില്ല. ഒരിക്കലും അവളുടെ അച്ഛൻ അതിന് സമ്മതിക്കില്ല. അത് നിനക്ക് നന്നായി അറിയാവുന്ന കാര്യമല്ലേ.."

"ആയിരിക്കാം. പക്ഷെ അതൊന്നും സണ്ണിയെ ബാധിക്കുന്ന കാര്യവുമല്ല.. സണ്ണിയ്ക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യു..അത് സാന്ദ്രയെ പറഞ്ഞു മനസിലാക്കുക എന്നതാണ്.." സണ്ണി ഒരുനിമിഷം നിശബ്ദനായി.. ആർക്കും തന്റെ അവസ്ഥ മനസ്സിലാകുന്നില്ല..പക്ഷെ ഇനിയും സാന്ദ്രയുടെ കാര്യത്തിൽ റിസ്ക് എടുക്കുവാനും വയ്യ.. "നീ എനിക്കൊപ്പം നിൽക്കുകയാണെങ്കിൽ ഞാനും നിനക്കൊപ്പം നിൽക്കുന്നതായിരിക്കും...." "മനസ്സിലായില്ല.." ചിഞ്ചുവിന്റെ മുഖം ചുളിഞ്ഞു. "നിന്റെ ഇഷ്ടം ഞാൻ അംഗീകരിച്ചേക്കാമെന്ന്.." "ആഹാ.. അസ്സലായിട്ടുണ്ട്.. ഇപ്പോ സണ്ണിയ്ക്ക് ശരണിനെ കുറിച്ച് ചിന്തയില്ലേ..? ഓ.. സോറി.. വസുവിനെ കുറിച്ചും ചിന്തിക്കുന്നില്ലല്ലോ അല്ലേ..? ആകെ സാന്ദ്രയെ മാത്രമേ ഓർക്കുന്നുള്ളു.. നോക്കു.. എത്ര സ്വാർത്ഥരാണല്ലേ മനുഷ്യന്മാര്.. എത്ര വേഗത്തിലാണ് കൂടെ നിൽക്കുന്നവരെയും വിശ്വസിക്കുന്നവരെയും വഞ്ചിക്കുവാൻ കഴിയുന്നത്.. സ്വന്തം കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നത്.. ഒരിക്കൽ കൂടി പറയുകയാണ്. സണ്ണിയിൽ നിന്നും ഒരിക്കലും ഞാൻ ഇങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല.. ഇത് ഞാൻ അറിയുന്ന സണ്ണിയല്ല.. എന്റെ പപ്പയും വസുവും ശരണുമൊക്കെ പറഞ്ഞു ഞാനറിഞ്ഞ സണ്ണി ഇങ്ങനെയൊന്നുമല്ല..

എന്നെ തിരസ്കരിച്ചിട്ട് പോലും സണ്ണിയോടുള്ള എന്റെ ഇഷ്ടം ഒരണു പോലും കുറയാതെയിരുന്നത് ആ കാരണങ്ങൾ കൊണ്ടായിരുന്നു.. സണ്ണിയെന്നെ വീണ്ടും തോൽപിച്ചു കളഞ്ഞു.. എന്റെ പ്രണയത്തിനു എത്ര ഭംഗിയായി നിങ്ങൾ വിലയിട്ടു. ആ വില പക്ഷെ എന്റെ ചന്ദുവിന്റെ ജീവിതമാണ്..അവളുടെ ഇഷ്ടവും സ്വപ്നങ്ങളുമൊന്നും തകർത്തിട്ട് വേണ്ട എനിക്കെന്റെ പ്രണയം നേടുവാൻ.. കാരണം ജീവിതത്തിൽ ഒരിക്കൽ പോലും സ്വപ്നം കാണാത്തവളായിരുന്നു അവൾ.. ആദ്യമായി കണ്ട സ്വപ്നം വസുവാണ്.. അതവളിൽ നിറച്ചത് ഈ ഞാനും.. ആ ഞാനാണോ ഇനി പോയി വസുവിനോടും ചന്ദുവിനോടും പറയേണ്ടത് നിങ്ങള് മറക്കണമെന്നും പിരിയണമെന്നുമൊക്കെ.. " എത്ര ഒതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും ചിഞ്ചുവിന്റെ വിങ്ങൽ പുറത്തേക്ക് വരുക തന്നെ ചെയ്തു.. ശബ്ദം ചിലമ്പിച്ചു..കണ്ണുകൾ നിറഞ്ഞു ഒഴുകി.. "ഒരു കണക്കിന് നീ അല്ലേ എല്ലാം തുടങ്ങി വെച്ചത്. അപ്പോൾ നീയായി തന്നെ അവസാനിപ്പിച്ചേക്ക്.." സണ്ണി അവളുടെ മുഖത്തേക്ക് നോക്കിയതേയില്ല.. നെഞ്ചിനെ കല്ല് പോൽ ഉറപ്പിച്ചു നിർത്തി..

"അത് പറയാൻ സണ്ണിയാരാണ്..? എന്നാൽ വസുവിനോട് തന്നെ പോയി പറയാമായിരുന്നില്ലേ എല്ലാം.. നിങ്ങള്ക്ക് ഫ്രണ്ടും വേണം അനിയത്തിയും വേണം.. രണ്ടാളേം നഷ്ട പെടുത്താൻ വയ്യ. വസുവിനോട് ഇക്കാര്യം സംസാരിച്ചാൽ അതവന് നിങ്ങളോടുള്ള അടുപ്പം കുറയ്ക്കുമോ അതോ അവന്റെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം ഇല്ലാതെയായി പോകുമോന്നുള്ള ഭയമാണ് നിങ്ങൾക്ക്.. ചന്ദനയെ പതിയെ ഒഴിവാക്കി സാന്ദ്രയുടെ കാര്യം അവതരിപ്പിക്കണം നിങ്ങക്ക്.. അല്ലേ..? ബുദ്ധി കൊള്ളാം.. എന്ത് വന്നാലും ഞാൻ ഇതിന് സമ്മതിച്ചു തരില്ല.. " സങ്കടവും ദേഷ്യവും അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിരുന്നു.സണ്ണിയോട് ചീറ്റി അവൾ.. "ശെരി.. വേണ്ട.. ഞാൻ ചന്ദനയോട് സംസാരിച്ചോളാം ഇതെപ്പറ്റി.. അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും.." സണ്ണി പ്രതീക്ഷിച്ചത് പോലെത്തന്നെ ചിഞ്ചുവൊന്നു ഞെട്ടി.. ചന്ദന മാത്രമാണ് ചിഞ്ചുവിന്റെ ബലഹീനതയെന്നു സണ്ണിയ്ക്ക് നന്നായി അറിയാമായിരുന്നു.. "പാടില്ല.. അവൾ ഒന്നും അറിയരുത്.. അല്ലാതെ തന്നെ അവൾക്ക് സമാധാനമില്ല.."

"ഞാൻ നിന്നോട് ഒരു തർക്കത്തിനോ മത്സരത്തിനോ വന്നതല്ല.. കാര്യങ്ങളെല്ലാം ഞാൻ ആദ്യമേ പറഞ്ഞുവല്ലോ.. എന്റെ മുന്നിൽ മറ്റു വഴികളൊന്നും ഇല്ലാത്തത് കൊണ്ടാണ്.. വസുവിനോട് എനിക്കിതെ പറ്റി സംസാരിക്കാൻ കഴിയില്ല.. ശരണിനെ കൊണ്ട് സംസാരിപ്പിക്കാനും ആവില്ല.. അഥവാ ഞാൻ പറഞ്ഞെന്ന് തന്നെ ഇരിക്കട്ടെ വസുവിനോട്.മനസ്സിൽ ചന്ദന ഉള്ളിടത്തോളം അവനൊരിക്കലും ഇക്കാര്യം സ്വീകാര്യപ്രദമാകില്ല. ആദ്യം ചന്ദനയെ അവൻ മറന്ന് കളയട്ടെ.അതിനാണ് എനിക്ക് നിന്റെ സഹായം വേണ്ടത്.നീ പറഞ്ഞാലേ അവൻ വിശ്വസിക്കുകയും കേൾക്കുകയുമുള്ളൂ. അത് പോലെത്തന്നെ ചന്ദനയുടെ ഭാഗവും നീ തന്നെ ക്ലിയർ ചെയ്യണം.. അവളുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നല്ലേ പറഞ്ഞത്.. അതോണ്ട് അവൾക്ക് കാര്യങ്ങൾ പെട്ടന്ന് ഉൾകൊള്ളാനാവും.. ഈയൊരു മീറ്റ്നെക്കുറിച്ച് ഒരിക്കലും ശരണോ വസുവോ അറിയണ്ട.. അത് ചിലപ്പോൾ ഞങ്ങളുടെ ഫ്രണ്ട്ഷിപ്നെ ബാധിച്ചേക്കാം എന്നല്ലാതെ നിനക്ക് വലിയ പ്രയോജനമൊന്നുമുണ്ടാക്കില്ല..

മറിച്ചു സാന്ദ്രയുടെ കാര്യത്തിൽ എനിക്ക് സമാധാനിക്കാൻ ഒരു വക ഉണ്ടാവുകയാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ നീ അന്ന് പറഞ്ഞ ആ ഇഷ്ടം ഞാൻ അംഗീകരിച്ചു തന്നേക്കാം.. തീരുമാനിക്ക് എന്തുവേണമെന്ന്.. " പറഞ്ഞിട്ട് സണ്ണി മുന്നിലേക്ക് നടന്നു.. പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ തിരിഞ്ഞവളെ നോക്കി. "ഞാനാ വഴിക്കാണ്.. വരുന്നുണ്ടോ..?" മറുപടി ഒന്നും ഉണ്ടായില്ല..അവൾക്ക് ഒന്നു ഉറക്കെ കറയണമെന്ന് തോന്നുന്നുണ്ടായിരുന്നു.. "നിന്നോടാണ് ചോദിച്ചത്.. കേട്ടില്ലേ..?" "വരുന്നില്ല.. വണ്ടിയുണ്ട്.. ഞാൻ പൊയ്ക്കോളാം.." തന്നെ നോക്കാൻ പോലും അവളിപ്പോൾ ഇഷ്ട പെടുന്നില്ലന്ന് തോന്നി സണ്ണിയ്ക്ക്.. കുറച്ചു മുന്നേ വരെ ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് പ്രണയം മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അവിടെ തീർത്തും ദേഷ്യവും അനിഷ്ടവുമാണെന്ന് അവൻ തിരിച്ചറിഞ്ഞു.. അവളൊരുപാടു പ്രതീക്ഷയോടെയാണ് വന്നതെന്നത് അവനെ എവിടെയോ തെല്ലുലച്ചു കളഞ്ഞു. എങ്കിലും അധികമൊന്നും ചിന്തിക്കുവാനോ ഓർക്കുവാനോ കഴിയുമായിരുന്നില്ലവന്.. സാന്ദ്ര.. അവൾ മാത്രമാണ് മുന്നിൽ.. അവളുടെ കാര്യം ഓർത്തു മാത്രമാണ് ആധി.. അവൾക്ക് വേണ്ടി താൻ ഇങ്ങനെയാകേണ്ടിയിരിക്കുന്നു എന്നവൻ വേദനയോടെ ഓർത്തു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...