മണിവാക: ഭാഗം 49

 

രചന: SHAMSEENA FIROZ

വൈകുന്നേരം ചിഞ്ചുവിനെ കൂട്ടാൻ വന്ന എബ്രഹാമിനെ തിലകരാമൻ അകത്തേക്ക് ക്ഷണിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തു..ആ ഒപ്പം സേതുരാമനും.. അത് എല്ലാവരെയും അതിശയപ്പെടുത്തി.. ചിഞ്ചുവിന് അതെന്തോ ഉൾകൊള്ളുവാൻ കഴിഞ്ഞില്ല എങ്കിലും എബ്രഹാമിന്റെ മുഖം വിടർന്നു നിൽക്കുന്നത് കാണുമ്പോൾ അവളും സന്തോഷിച്ചു.. നേരിൽ കണ്ടാലോ അല്ലാതെയോ സംസാരിക്കാറില്ല. സ്നേഹത്തോടെ പെരുമാറാറില്ല. ഈ വീട്ട് മുറ്റത്തോളം വന്നാൽ പോലും ഒന്നകത്തേക്ക് ക്ഷണിക്കാറില്ല.. അമ്മയുമായുള്ള വിവാഹം കഴിഞ്ഞന്ന് തുടങ്ങിയതാണ് ആ ചതുർഥി. അന്യ മതക്കാരൻ ആണെന്നതും പ്രണയ വിവാഹമെന്നതും തന്നെ കാരണങ്ങൾ.. അമ്മയുടെ കുടുംബത്തിനു മുന്നിൽ പോലും ഒരു സ്ഥാനമോ വിലയോ ഇന്നുവരെ തന്റെ പപ്പയ്ക്ക് ചന്ദുവിന്റെ അപ്പയോ അമ്മയുടെ വീട്ടുകാരോ നൽകിയിട്ടില്ല.

ആകെ പാറുവമ്മ മാത്രമാണു സ്നേഹത്തോടെ ചേർത്തു നിർത്തിയിട്ടുള്ളത്. അതാണ്‌ ഇന്ന് പപ്പയ്ക്ക് ലഭ്യമായിരിക്കുന്നത്.. ആ അകൽച്ചയും വിടവുമാണ് ഇന്ന് നീങ്ങിയിരിക്കുന്നത്.. ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല എങ്കിലും എത്രയോ കാലമായി പപ്പയുടെ ഉള്ളിലുള്ളൊരു വേദനയായിരുന്നു ഇതെന്ന് ചിഞ്ചുവിന് അറിയാമായിരുന്നു.. എന്തിന്റെ പേരിലായാലും സ്വീകരിച്ചുവല്ലോ.. ആ നിമിഷം ചിഞ്ചുവിന് സന്തോഷമല്ലാതെ മറ്റൊന്നും തോന്നിയില്ല.. നിറഞ്ഞ മിഴികളോടെ ചന്ദനയെയും പാർവതിയെയും നോക്കുമ്പോൾ അവിടെയും ആനന്ദാശ്രുക്കൾ.. അന്ന് രാത്രി വരെ അവിടെ ചിലവൊഴിച്ചിട്ടാണ് രണ്ട് പേരും മടങ്ങിയത്.. ആ നേരമത്രയും സുമിത്രയെ ഒരുവിധത്തിലും ചിഞ്ചു ഗൗനിക്കാൻ പോയിരുന്നില്ല.. ഇറങ്ങാൻ നേരം അവളുടെ സന്തോഷം കെട്ടടങ്ങി അവിടം ചിന്തകൾ ഏറിയിരുന്നു. അത് നാളെ ചന്ദു വസുവിനൊപ്പം പോകുന്നതോടെ അസ്തമിക്കുന്നതല്ലേ ഇവരുടെ സന്തോഷവും ഇപ്പോൾ പുതുങ്ങിയ ഈ ബന്ധവും എന്നോർത്തിട്ടായിരുന്നു.. ** "ആന്റി.. എന്ത് ഇരുപ്പാണ് ഇത്..?

ഞാൻ എത്ര നേരമായി ആ സ്റ്റെയർൽ നിന്നും വിളി തുടങ്ങീട്ട്.. ഇതേതു ലോകത്താണ്..? പടക്കം പൊട്ടിച്ചാലും ആന്റി ഈ സ്വപ്നലോകത്തുന്നു ഉണരില്ലെന്ന് തോന്നിയോണ്ടാണ് ഞാൻ ഇറങ്ങി വന്നത്.." ശരൺ വന്ന് രാധികയ്ക്ക് അരികിലുള്ള ചെയർ നീക്കിയിട്ടതിലേക്ക് ഇരുന്നു.. രാധിക മുഖം ചെരിച്ചവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.. "ഇതെന്ത്.. ഇനി മൗന വൃതം കൂടിയാണോ..? അതോ അങ്കിളുമായി വെട്ടി പിരിഞ്ഞോ.? ഏയ്യ്.. അതിന് ചാൻസ് ഇല്ല.. ഞാൻ കണ്ടതിൽ വെച്ചു ഈ ലോകത്തിലെ ബെസ്റ്റ് കപ്പിൾ നിങ്ങളാണ്.." പതിവ് ചിരിയോടെ പറഞ്ഞു ശരൺ.. "തമാശ അല്ലടാ.. തെരേസ വിളിച്ചിരുന്നു.. സാന്ദ്രയുടെ കാര്യം പറഞ്ഞിട്ട്.. " രാധിക വിഷമത്തോടെ പറഞ്ഞു.. "സണ്ണി അറിയാതെ ആയിരിക്കും വിളിച്ചിരിക്കുക. അവനൊരു വിധത്തിലും ഈ കാര്യത്തിനോട് യോജിക്കുന്നില്ല.. വസു അറിയരുതെന്നവനെന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.." "അതെനിക്ക് അറിയില്ല.. തെരേസ വല്ലാത്ത കരച്ചിലായിരുന്നു. അറിയാമല്ലോ.. ഒരു മകളെ നഷ്ടമയതാണ്.. വീണ്ടും അതുപോലൊരു അവസ്ഥ..

ഒരമ്മയ്ക്കും ഓർക്കാനോ സഹിക്കാനോ കഴിയില്ല.. ഇതിപ്പോൾ വസുവിനു ഇങ്ങനൊരു ഇഷ്ടമുള്ളൊണ്ടാണ്.. അല്ലേൽ ഉറപ്പായും സാന്ദ്രയെ വസുവിനു ആലോചിക്കാമായിരുന്നു.. പ്രത്യേകിച്ച് അവൾക്ക് ഇത്രയും ഇഷ്ടം വസുവിനോട് ഉണ്ടാകുമ്പോൾ... വസുവിനു വേണ്ടിയായിരുന്നു സൂയിസൈഡ് അറ്റമ്പ്റ്റ്ന്നൊക്കെ പറയുമ്പോൾ.. എനിക്കിപ്പോഴും അത് വിശ്വസിക്കുവാനാകുന്നില്ല.. ഓരോരുത്തരുടെയും മനസ്സിൽ എന്തൊക്കെയാണല്ലെടാ.. ഇപ്പൊത്തന്നെ നോക്കു.. വസു ആരുമായെങ്കിലും പ്രണയത്തിൽ ആകുമെന്ന് നീ കരുതിയിരുന്നോ..? ചന്ദനയോടുള്ള അവന്റെ പ്രണയം എനിക്കിപ്പോഴും അത്ഭുതമാണ്.. ആ ഭാഗത്തുന്നു ഇനിയൊരു പോസറ്റീവ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.. വസു എത്രയും പെട്ടെന്ന് ചന്ദനയെ മറക്കുകയാണെങ്കിൽ..." രാധിക പറഞ്ഞു നിർത്തി.. "ആന്റി എന്താണ് പറഞ്ഞു വരുന്നത്.?

എങ്കിൽ വസുവിനെ സാന്ദ്രയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാമെന്നോ..? മ്മ്.. ബെസ്റ്റ്.. ഇത് പറഞ്ഞങ്ങോട്ട് ചെന്നു നോക്കു.. വസു ഇപ്പം സമ്മതിച്ചു തരും.. ഒരിക്കലും നടക്കില്ലാന്റി ഇത്.. ഒന്നാമതായി ചന്ദനയെ അവനു കിട്ടും. അങ്ങനെ തന്നെ പ്രതീക്ഷിക്കു.. അഥവാ നഷ്ടമാകുന്നുവെങ്കിൽ തന്നെ അവളെ മറക്കുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത ഒന്നായിരിക്കും.. അഥവാ മറന്നെന്നു തന്നെ കരുതു.. പക്ഷെ ഒരിക്കലും സാന്ദ്രയെ ആ സ്ഥാനത്തു കാണാൻ കഴിയില്ലവന്.. അവളെപ്പോഴും അവന്റെയുള്ളിൽ ഒരു കുഞ്ഞനുജത്തിയാണ്.. സാന്ദ്രയ്ക്ക് മനസ്സിലാവില്ല എങ്കിലും തെരെസാന്റി ഇതൊക്കെ ചിന്തിക്കേണ്ടതല്ലേ.." ശരണിൽ ചെറുതായ് ഒരനിഷ്ടം രൂപപ്പെട്ടു.. "അത് നിനക്ക് പറയാം.. തെരേസ ചിന്തിക്കുന്നത് മറ്റൊരു വഴിക്കാണ്. ഞാൻ പറഞ്ഞുവല്ലോ.. ഒരമ്മയുടെ ആധി.. ആ മനസ്സിൽ സാന്ദ്രയെ കുറിച്ച് മാത്രമേ വിചാരമുള്ളൂ.. അവൾ ആഗ്രഹിക്കുന്നത് നേടി കൊടുക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും..

അതിപ്പോ നമ്മള് വസുവിനൊപ്പം നിൽക്കുന്നില്ലേ. അത് പോലെത്തന്നെ.." "എന്തായാലും സാന്ദ്രയുടെ കാര്യമായി എനിക്ക് അത്ര യോജിപ്പില്ല.. അത് അവളോടുള്ള ഇഷ്ട കുറവ് കൊണ്ടൊന്നുമല്ല.. ആരും ഒരിക്കലും ചന്ദനയ്ക്ക് പകരമാവില്ല..വസുവാണ് എനിക്ക് വലുത്.. അവന്റ സന്തോഷവും.. സാന്ദ്രയുമായി ഒരിക്കലും അവനാ സന്തോഷം കണ്ടെത്തുവാൻ ആകില്ല ആന്റി.. പിന്നെ ചന്ദന തന്നെ വേണ്ടന്ന് വെക്കണം വസുവിനെ.. അങ്ങനൊന്നുണ്ടായാൽ മാത്രമേ അവന്റെ പ്രതീക്ഷയും വിശ്വാസവും ഒരു തരി എങ്കിലും അസ്തമിച്ചു പോകുകയുള്ളു.. അല്ലാത്ത പക്ഷം ചന്ദനയെ നേടുവാനുള്ള ശ്രമത്തിൽ തന്നെയാണ് അവൻ... ഏതായാലും ആന്റി ഈ വിഷയം ഇവിടങ്ങനെ സംസാരത്തിൽ എടുക്കണ്ട..വസു ഇപ്പോ ഇങ്ങെത്തും..രണ്ട് ഡേയ്‌സ് ആയില്ലേ അവൻ പോയിട്ട്.. ഒട്ടും വിചാരിക്കാതെയുള്ള മരണമല്ലായിരുന്നോ.. നല്ലപോലെ വിഷമം കാണും അവന്.. നിതിൻ ഇവിടെ ജോയിൻ ചെയ്തിട്ട് മൂന്ന് മാസമേ ആയുള്ളൂ.. അപ്പോഴേക്കും. അവൻ കരുതി കാണുമോ നാട്ടിന്നു ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയപ്പോൾ മരണത്തിലേക്കുള്ള വരവ് ആണെന്ന്..

ഒരു പാവം പയ്യൻ ആയിരുന്നു.. വസുവിനെ കാണാൻ ഇടയ്ക്ക് ഓഫീസിൽ പോകുമ്പോഴൊക്കെ ഞാൻ അവനെ കാണാറുണ്ടായിരുന്നു..വസുവിനു അത്രയ്ക്ക് കാര്യമായിരുന്നവനെ.." ശരൺ നോവോടെ പറഞ്ഞെണീറ്റു.. രാധിക മറ്റെന്തോ ചോദിക്കാൻ തുനിഞ്ഞതും ശരണിന്റെ ഫോൺ റിങ് ചെയ്തു.. "ഹലോ.. പറയെടാ.." ശരൺ ഫോൺ ചെവിയോട് ചേർത്തു. "എടാ അപ്പച്ചൻ.. അപ്പച്ചന് ഒരു നെഞ്ച് വേദന..ഹോസ്പിറ്റലിലാണ് ഇപ്പോ.. ഇവിടെ കിംസിൽ തന്നെ.." നന്നേ തളർന്നിരുന്നു സണ്ണിയുടെ ശബ്ദം.. "ഞാൻ ഇപ്പോ വന്നേക്കാം.. വസു എത്തിയിട്ടില്ല... സന്ധ്യ ആകുമായിരിക്കും..നീ ടെൻഷൻ അടിക്കാതെ.." ശരൺ ഫോൺ വെച്ച് രാധികയോട് കാര്യം പറഞ്ഞു. "എന്തൊക്കെയാണ് ഈശ്വര നടക്കുന്നത്.. പരീക്ഷണങ്ങൾ തന്നെയാണല്ലോ അവന്.. ആദ്യം സെലിൻ.. തെരേസ..അത് കഴിഞ്ഞു സാന്ദ്ര.. ഇപ്പോ ദേ ഇങ്ങനെയും.ഒന്നും വരുത്തിയേക്കല്ലേ ദൈവമേ.. നീ തന്നെ എല്ലാവർക്കും തുണ.. ഡോക്ടർ ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.. സണ്ണി ഇതിനോടകം തന്നെ തളർന്നിട്ട് ഉണ്ടാകും.." "മ്മ്...അതവന്റെ ശബ്ദം കേട്ടപ്പോ തന്നെ തോന്നി.

ഞാൻ ഇറങ്ങുവാ.. വസു വന്നാൽ ഒന്ന് അറിയിക്കണം . എടി പിടിന്ന് അങ്ങോട്ടേക്ക് ഇറങ്ങി വരണ്ടന്നും പറയണം.. റസ്റ്റ്‌ എടുത്തോട്ടെ അവൻ.. ആവശ്യം വല്ലതും ഉണ്ടേൽ ഞാൻ വിളിച്ചോളാം" ശരൺ കീ ഹോൾഡറിൽ നിന്നും കീ എടുത്തു പുറത്തേക്ക് ഇറങ്ങി.. *** സന്ധ്യയും കഴിഞ്ഞിട്ടാണ് വസു എത്തിയത്.. പോകുമ്പോൾ ഉള്ളതിനേക്കാൾ ക്ഷീണിച്ചിരുന്നു അവൻ. നിതിൻറെ മരണം അവനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നി രാധികയ്ക്ക്. അതുകൊണ്ട് ഫെർണാൻഡസ്ന്റെ കാര്യം വന്ന ഉടനെ തന്നെ പറഞ്ഞില്ലവർ.ഭക്ഷണം കഴിക്കലും അൽപ്പ നേരത്തെ മയക്കവും കഴിഞ്ഞു താഴെ വന്നപ്പോഴാണ് രാധിക വിവരം അറിയിക്കുന്നത്. "എന്നിട്ടമ്മ ഇപ്പോഴാണോ പറയുന്നത്..?" വസു പോകാൻ ഒരുങ്ങി. "ആവശ്യം ഉണ്ടേൽ ശരൺ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്...നീ രാവിലെ പോയാൽ മതി..രണ്ട് ദിവസമായില്ലേ നന്നായി ഉറങ്ങാതെ."

ഉറക്കം നഷ്ടപെട്ട് തളർന്നു കിടക്കുന്ന അവന്റെ കണ്ണുകളിലേക്ക് ആയിരുന്നു രാധികയുടെ ശ്രദ്ധയത്രയും.. "എനിക്ക് കുഴപ്പമൊന്നുമില്ല അമ്മാ.. ശരൺ ഉണ്ടെന്ന് കരുതി എനിക്ക് മാറി നിൽക്കാൻ പറ്റുമോ.. സണ്ണി ഇപ്പോൾ ഒരുപാട് വിഷമിച്ചിരിക്കുകയായിരിക്കും.. അവന് താങ്ങാൻ പറ്റുന്നതിനേക്കാൾ കൂടുതൽ ആണല്ലോ ദൈവം അവനു നൽകുന്നത്.. പാവമാണ് അവൻ.. ഞാൻ പോയിട്ട് വരട്ടെ അമ്മാ.." അവൻ അനുവാദമെന്ന പോൽ ചോദിച്ചു..രാധിക സമ്മതത്തോടെ തലയനക്കിയതും അവൻ ഫോണും വാലറ്റും എടുക്കുവാൻ മുകളിലേക്ക് കയറി. അപ്പോഴേക്കും രാധികയുടെ ഫോൺ ശബ്ദിച്ചു. ശരണിന്റെ പേര് കണ്ടതും ഉടനെ കാൾ അറ്റൻഡ് ചെയ്തു..മറു പുറത്തുന്നു കേട്ട വാർത്തയിൽ രാധിക ഒരു നിമിഷം നിശബ്ദയായി നിന്നു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...