മണിവാക: ഭാഗം 72

 

രചന: SHAMSEENA FIROZ

"""""ഹൃദയസഖീ സ്നേഹമയീ... ആത്മസഖീ അനുരാഗമയീ... എന്തിനു നിന്‍ നൊമ്പരം ഇനിയും.. എന്തിനു നിന്‍ നോവുകള്‍ ഇനിയും.. എന്നും നിന്‍ തുണയായി നിഴലായി... നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ... ഹൃദയസഖീ സ്നേഹമയീ...."""" മാറോടു ഒതുങ്ങി ചേർന്നുറങ്ങുന്ന ചന്ദനയുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു വസു.. അത്യധികം സ്നേഹത്തോടെ.. കരുതലോടെ.. വസുവിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവർ.. ശരൺ ആണ് ഡ്രൈവ് ചെയ്യുന്നത്.. ചന്ദനയും വസുവും പുറകിൽ ഇരിക്കുകയാണ്.. procedures എല്ലാം ക്ലിയർ ചെയ്ത് ഉച്ചയോടെ തന്നെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയിരുന്നു.. എബ്രഹാമും സണ്ണിയും പാർക്കിംഗ് വരെ അനുഗമിച്ചിരുന്നു.. അവരൊന്നിച്ച് നാളെ നാട്ടിലേക്ക് തിരിച്ചോളമെന്നാണ് പറഞ്ഞിരിക്കുന്നത്.. വസുവിന്റെ അകൽച്ച മനസ്സിലാക്കി സണ്ണി മനഃപൂർവം ഒഴിഞ്ഞു നിൽക്കുകയാണെന്ന് ശരണിന് മനസ്സിലായിരുന്നു.. അല്ലെങ്കിൽ ഈ കൂടെ വരാവുന്നതേയുള്ളൂ സണ്ണിയ്ക്കും.. തിലകരാമന് പൂർണ സമ്മതമായിരുന്നു ചന്ദനയെ വസു കൊണ്ട് പോകുന്നതിൽ..

മകളോട് ചെയ്ത് കൂട്ടിയ പാപം ഈ വഴിയെങ്കിലും ഒന്ന് മാഞ്ഞു പോയിരുന്നെങ്കിൽ.. അത്രമേൽ കുറ്റബോധം പേറുന്നുന്നുണ്ടയാൾ ഇന്ന്... ദൈവം നൽകിയ അവസരമായി കണ്ടയാൾ അതിനേ.. എത്രയും വേഗത്തിൽ ചന്ദന സുഖപ്പെടണെ എന്ന് മാത്രമായിരുന്നു അയാളിലെ പ്രാർത്ഥനകൾ മുഴുവനും.. രാത്രി ഒമ്പതോടു കൂടെയാണ് വസുവിന്റെ വീട്ടിൽ എത്തിയത്.. വിവരം അറിഞ്ഞപ്പോൾ മുതൽ വിശ്വനാഥനും രാധികയും വരുണും വഴിക്കണ്ണുമായി ഉമ്മറത്ത് കാത്തു നിൽപ്പാണ്.. ചന്ദന അപ്പോഴും നല്ലുറക്കത്തിൽ ആയിരുന്നു.. മുടങ്ങാതെയുള്ള മെഡിസിൻസ് അവളെ കൂടുതൽ ക്ഷീണിതയാക്കിയിരുന്നു.. "ചന്ദനാ.." വസു ചന്ദനയുടെ കവിളിൽ തട്ടി വിളിച്ചു.. ഉറക്കം വിട്ട് മാറാത്തത് പോൽ അവൾ ഒന്നുകൂടെ ആ മാറിലേക്ക് ചുരുങ്ങി.. വസുവിന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "വീടെത്തിയത് നീയും അറിഞ്ഞില്ലേ..? ഞാൻ കരുതി നീയും ഉറക്കമാണെന്ന്.. ഇതുപോലിരിക്കാൻ ഇനിയും മുന്നിൽ എത്രയോ സമയം കിടക്കുന്നു.. ഇപ്പോൾ നീ അവളേം വിളിച്ചു ഇറങ്ങാൻ നോക്കു.

ദേ അങ്കിളും ആന്റിയും നോക്കി നിക്കുന്നു..." ശരൺ കുസൃതിയോടെ പറഞ്ഞു.. അപ്പോഴേക്കും വരുണും വിശ്വനാഥനും മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു.. "വിളിക്കാഞ്ഞിട്ടാണോ..? ആള് ഉണരണ്ടേ.." വസു പറഞ്ഞു.. "എന്നാൽ നീ ഇറങ്ങു.. അവളെ ഞാൻ ഉണർത്തിക്കോളാം. ഇനി ഉണരുമ്പോൾ തന്നെ നിന്നെ കണ്ടൊരു പുകിൽ വേണ്ട.. അവിടെന്ന് പുറകിലെ സീറ്റിൽ കയറ്റുവാനും നിന്റൊപ്പം ഇരുത്താനും ഞാൻ പെട്ട പാട്..." ആ നേരത്തെ ചന്ദനയുടെ കരച്ചിൽ ഓർക്കവേ തന്നെ ശരൺ ഒന്ന് നിശ്വസിച്ചു.. വസു അവളെ തന്നിൽ നിന്നുമടർത്തി ഡോർ തുറന്നിറങ്ങി.. ശരൺ രണ്ട് മൂന്ന് വട്ടമായി കവിളിൽ തട്ടി വിളിച്ചു ചന്ദനയെ ഉണർത്തുകയും കാറിൽ നിന്നും ഇറക്കുകയും ചെയ്തു.. അപരിചിത ഭാവത്തോടെ അവൾ ചുറ്റിനും കണ്ണോടിക്കുന്നുണ്ട്.. അപ്പോഴും അവളുടെ കൈകൾ ശരണിന്റെ കയ്യിൽ മുറുകിയിരുന്നു.. "വാ..മക്കളെ.." വിശ്വനാഥൻ മുന്നെ നടന്നു.. ചന്ദന മുന്നിലേക്ക് നടക്കുവാൻ തയാറാകാതെ നിന്നപ്പോൾ ശരൺ അവളെ കൈ ചേർത്തു നടത്തിച്ചു.. രാധിക ദൃതിയിൽ അകത്തേക്ക് ചെന്നു താലം എടുത്തു കൊണ്ട് വന്നിരുന്നു അതിനോടകം..

പൂമുഖ പടിക്കൽ എത്തിയപ്പോൾ ശരൺ ചന്ദനയെ വസുവിനരികിലേക്ക് നിർത്തി അവൻ വരുണിനരികിലേക്ക് മാറി നിന്നു.. ഭയത്തോടെ അകന്നോടുവാൻ ഒരുങ്ങിയ ചന്ദനയെ വസു കൈ ചേർത്ത് മുറുകെ പിടിച്ചു.. രാധിക നിറഞ്ഞ മനസ്സോടെ.. കണ്ണുകളോടെ.. രണ്ട് പേരെയും ആരതിയുഴിഞ്ഞകത്തേക്ക് കയറ്റി.. "ഇനിമുതൽ ഇതാണ് ചന്ദനയുടെ വീട്.. ഇവിടെയാണ് ഇനി താമസിക്കുവാൻ പോകുന്നത്..." വസുവിൽ നിന്നുമകന്നു വീണ്ടും തനിക്ക് അരികിലേക്ക് നീങ്ങി വരുന്നവളോട് ശരൺ പറഞ്ഞു. ചന്ദനയിൽ പരിഭ്രമം നിറഞ്ഞിരുന്നു.. മിഴികൾ അങ്ങിങ്ങായി ഓടുന്നത് കണ്ടു ശരൺ അവളുടെ നെറുകിൽ ഒന്ന് തലോടി.. "എന്തിനാണ് ഭയക്കുന്നത്.. ഇവിടെല്ലാരും ഉണ്ടല്ലോ..? ഒരിക്കലും തനിച്ചാകില്ല.. ഞങ്ങളാരും തനിച്ചാക്കുകില്ല.." "അതേ.. ഇനി ഒന്നിനുമേതിനും ഈ കണ്ണുകൾ നിറയരുത്.. ഇനി ഒരിക്കലും ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്തിയേക്കില്ല.." രാധിക വന്നവളെ ചേർത്ത് പിടിച്ചു.. വസു കണ്ണിലൂറിയ നനവോടെ എല്ലാം നോക്കി കണ്ടു.. "അയ്യോ.. ഇനി അങ്ങോട്ട് ചേട്ടൻ പോസ്റ്റ്‌ ആണല്ലേ..

ചേട്ടന്റെ അവശ്യമൊന്നും ഇല്ലായിരുന്നല്ലേ അപ്പോൾ.. വെറുതെ അങ്ങ് കാനഡയിന്ന് ചേട്ടനെ വരുത്തിച്ചത് മിച്ചം..." വരുൺ വസുവിനോട് പതുക്കെ പറയുകയും ചിരിക്കുകയും ചെയ്തു.. ആ വേദനിക്കുന്ന അവസ്ഥയിലും വസു മിഴികൾ കുറുക്കി അവനെ നോക്കുവാൻ മറന്നില്ല.. അതിനൊപ്പം പോടാ എന്നൊരു വിളിയും.. അത് മതിയായിരുന്നു.. അത്രയും മതിയായിരുന്നു വരുണിന്.. രാധിക ചന്ദനയെ മുകളിലെ ഏറ്റവും ആദ്യത്തെ മുറിയിലേക്ക് കൊണ്ട് പോയി.. അതു വസുവിന്റെ മുറിയായിരുന്നു.. ചന്ദനയെ കൊണ്ട് വരുന്നെന്നു ശരൺ വിളിച്ചറിയിച്ചപ്പോൾ രാധികയും വരുണും ചേർന്ന് വസുവിന്റെ വസ്ത്രങ്ങളും മറ്റും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു.. മുന്നോട്ടുള്ള ഓരോ ചുവടുകളിലും ചന്ദന തിരിഞ്ഞു ശരണിനെ പരതി.. അപ്പോഴൊക്കെ ശരൺ അവൾക്ക് ആശ്വാസമെന്ന പോൽ കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ടിരുന്നു.. ആ വീട്ടിലെ ആറു മുറികളിൽ ഏറ്റവും വലിയ മുറിയായിരുന്നു അത്.. ചുമരുകൾക്കും കിടക്കവിരിക്കും ജനാലവിരികൾക്കുമെല്ലാം വെളുപ്പ് നിറം..

ഒരു ഭിത്തി മുക്കാൽ ഭാഗവും വിൻഡോ ആയി സെറ്റ് ചെയ്തിട്ടുള്ളതാണ്.. അതിന് അഴികൾ ഇല്ലായിരുന്നു.. അതു തുറന്നാൽ താഴെ മുറ്റത്തെ വലിയ പൂന്തോട്ടവും പിന്നാംപുറത്തെ വൃക്ഷങ്ങളും മതിൽകെട്ടിൽ നിറഞ്ഞു നിൽക്കുന്ന ബോഗാൻവില്ലകളും കാണാം.. എന്തുകൊണ്ടും മനസ്സ് തണുക്കുന്നൊരു അന്തരീക്ഷം.. രാധിക പ്രത്യേകമായി ആ മുറി തന്നെ തിരഞ്ഞെടുത്തതായിരുന്നവൾക്ക്.. വരുൺ അപ്പോഴേക്കും ചന്ദനയുടെ ബാഗും മെഡിസിൻ അടങ്ങുന്ന കവറുകളും മുറിയിൽ കൊണ്ട് വെച്ചു.. ബാഗിൽ അവൾക്ക് വേണ്ടുന്ന എല്ലാ വിധ സാധനങ്ങളും ഉണ്ടായിരുന്നു.. എല്ലാം പുതിയത് തന്നെ.. വരുന്ന വഴിയിൽ വസുവിന്റെ നിർദേശ പ്രകാരം ശരൺ വാങ്ങിച്ചു കൂട്ടിയത്.. രാധിക അവളെ ബാത്‌റൂമിൽ കൊണ്ട് പോയി മേല് കഴുകിച്ചു.. രാത്രി ആയതിനാൽ തല നനച്ചില്ല.. ആദ്യമായല്ലേ അവിടം..

വെള്ളം മാറുന്നതിനാൽ പനിയോ ജലദോഷമോ മറ്റോ വന്നാലോ എന്ന് പേടിച്ചിരുന്നു.. ബാഗ് തുറന്നതിൽ നിന്നും ഒരു ടോപ്പും ലൂസ് പാന്റും എടുത്തു ധരിപ്പിച്ചു.. ഉലഞ്ഞു കിടക്കുന്ന മുടിയിഴകൾ വിടർത്തി പതിയെ അവയെ ചീകി ഒതുക്കി കെട്ടി കൊടുത്തു.. ചന്ദനയിൽ യാതൊരുവിധ എതിർപ്പുകളും ഉണ്ടായിരുന്നില്ല.. എന്നാൽ പ്രത്യേകിച്ചൊരു ഭാവവുമില്ല.. എല്ലാത്തിനും അനുസരണ കാട്ടി.. അതു രാധികയെ സന്തോഷിപ്പിച്ചു. "താഴേക്ക് പോകാം.. ഇതെല്ലാം ഞാൻ പിന്നീട് അടുക്കി വെച്ചേക്കാം.." ബാഗിൽ നിന്നും ചിതറിയ വസ്തുക്കൾ നോക്കി രാധിക പറഞ്ഞു.. രാധിക അവളേം കൂട്ടി മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ വസു മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു.. ചന്ദനയെ കണ്ടവന്റെ മനസ്സ് തണുത്തു.. പാതി ജീവൻ വെച്ചിരിക്കുന്നു അവൾക്ക്.. ആ പഴയ ചന്ദനയിലേക്ക് ഇനി അൽപ്പ ദൂരം മാത്രം......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...