മണിവാക: ഭാഗം 74

 

രചന: SHAMSEENA FIROZ

patient name : Chanjala Elizabath Ebraham Diagnosis : Lymphatic Cancer എബ്രഹാമിന്റെ കൈകൾ വിറ പൂണ്ടു.. കൺകോണിൽ രൂപം കൊണ്ടൊരു തുള്ളി അടർന്നാ റിപ്പോർട്ടിൽ പതിച്ചു.. തന്റെ മകൾ... ഒന്നുമേതും തന്നോട് മറച്ചു വെയ്ക്കാത്ത തന്റെ ചിഞ്ചു.. ഇത്രയും നാളുകളായ് അവൾ ഇത് മനസ്സിൽ ഇട്ടു പോരുകയായിരുന്നെന്നു എബ്രഹാമിനു ഓർക്കുവാൻ പോലും സാധിച്ചില്ല.. അവളേറ്റവും വേദനിച്ചു നടന്ന ഈ കാലയളവിൽ ഒന്നും തനിക്കു അവൾക്കൊപ്പം നിൽക്കുവാൻ കഴിഞ്ഞില്ലെന്നതും അയാളെ കൂടുതൽ വിഷമിപ്പിച്ചു.. "പപ്പ കിടന്നില്ലേ...വെള്ളം വേണ്ടായിരുന്നോ..? ഞാൻ മറന്നിരുന്നു..." കയ്യിൽ തിളപ്പിച്ചാറ്റിയ വെള്ളവും നിറച്ചൊരു ജഗ്ഗുമായി ചിഞ്ചു മുറിയിലേക്ക്‌ വന്നു.. അത് കട്ടിലിനരികിലുള്ള കുഞ്ഞു ടീ പോയിലക്ക്‌ വെച്ചു തിരിഞ്ഞപ്പോൾ മാത്രമാണ് എബ്രഹാമിന്റെ തളർന്നുള്ള നിൽപ് അവൾ ശ്രദ്ധിക്കുന്നത്.. ഒപ്പം കയ്യിൽ ഇരിക്കുന്ന ഫയലും.. ഒരുമാത്ര എന്ത് പറയണമെന്ന് അറിഞ്ഞില്ല ചിഞ്ചുവിന്..

എബ്രഹാമിന്റെ നിറഞ്ഞ മിഴികൾ കാൺകെ വല്ലാത്തൊരു വേദന അനുഭവപ്പെട്ടവൾക്ക്. അരികിലേക്ക് ചെന്നതും എബ്രഹാം അവളെ തന്നോട് ചേർത്തു ഒതുക്കി പിടിച്ചു.. നഷ്ടപ്പെട്ടു പോകുന്നതിന്റെ ഭയം അപ്പൊഴെന്ന പോൽ അയാൾ അനുഭവിച്ചറിഞ്ഞു.. സ്നേഹിച്ചും ഒരുമിച്ചു ജീവിച്ചും കൊതി തീരുന്നതിനു മുന്നേ ജീവന്റെ പാതിയായവൾ വിട പറഞ്ഞു പോയിരുന്നു.. ആ വേദനയിലും നഷ്ടത്തിലും ചിഞ്ചുവിന് വേണ്ടിയാണ് തളരാതെ പിടിച്ചു നിന്നത്.. ഇനി ചിഞ്ചുവിനെക്കൂടി.. അങ്ങനൊന്നു ചിന്തിക്കവേ തന്നെ വിറച്ചു പോയി അയാൾ.. "എന്തുകൊണ്ടാണ് നീ പപ്പയെ അറിയിക്കാതിരിക്കുന്നത്..?" തന്റെ നെഞ്ചിൽ അമർന്നു നിൽക്കുന്നവളുടെ ഉലഞ്ഞു പോകുന്ന ദേഹത്തു അത്രയേറെ വാത്സല്യത്തോടെ.. സ്നേഹത്തോടെ.. അതിലേറെ നോവോടെ.. തഴുകി തലോടിക്കൊണ്ട് അയാൾ ചോദിച്ചു..

"എനിക്ക് ഭയമായിരുന്നു പപ്പാ.. പപ്പ സ്വാർത്ഥനായി പോകുമോ എന്ന്.. എന്നെ ഓർത്തു.. എനിക്ക് വേണ്ടി.. പപ്പ ചന്ദുവിനെ മറന്ന് കളയുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.. ഒരിക്കൽ സണ്ണിയോടുള്ള വാശിയിൽ.. ഒരുവട്ടമെങ്കിലും സണ്ണിയ്ക്ക് മുന്നിൽ വിജയിക്കണമെന്ന എന്റെ സ്വാർത്ഥ ചിന്തയാൽ ചന്ദുവിന് ഉണ്ടായ നഷ്ടങ്ങൾ ഏറെ വലുതാണ്.. ആ നഷ്ടങ്ങളുടെ കണക്ക് വെച്ചു നോക്കിയാൽ എനിക്കിനി നഷ്ടപ്പെടുന്നത് എന്റെ പ്രാണൻ തന്നെ ആണെന്നാലും അത് കുറഞ്ഞു പോകുകയെയുള്ളൂ.." ചിഞ്ചു വേഗത്തിൽ തന്റെ കണ്ണുകൾ ഒപ്പി മുറിയിൽ നിന്നും പിൻവാങ്ങി.. അയാൾ ആ ഫയലിലെ മറ്റ് കൺസൾട്ടിങ് പേപ്പർസും റിപ്പോർട്ട്‌സുമെല്ലാം വിശദമായി തന്നെ വായിച്ചെടുത്തു.. ഇത് സെക്കന്റ്‌ സ്റ്റേജ് ആണ്.. പക്ഷെ അതിന്റെതായ സിംപ്‌റ്റംസ് ഒന്നും ചിഞ്ചുവിന്റെ ശരീരം കാണിച്ചു തുടങ്ങിയിട്ടില്ല.. അതാണ് ഒരിക്കൽ പോലും അവൾ ഇങ്ങനൊന്നിന് കീഴ് പെട്ടിരിക്കുകയാണെന്ന് അറിയാതെ പോയത്.. ചിലരിൽ ലിംഫോമയുടെ ലക്ഷണങ്ങൾ വളരെക്കാലം നില നിൽക്കുന്നു..

എന്നാൽ ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടാത്ത കേസുകളുമുണ്ട്.. ചിഞ്ചുവിന്റേതു ചിലപ്പോൾ അങ്ങനെയായിരിക്കാമെന്നും ഊഹിച്ചു അയാൾ.. അതോടൊപ്പം ചില തീരുമാനങ്ങളും കൈകൊണ്ടു.. ** ഒരാഴ്ച കൂടി നാട്ടിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു എങ്കിലും ശരണിന്റെ ബ്രദർ ശരത്തിന്റെ വൈഫ്ന് ഏഴാം മാസത്തിൽ സിസേറിയൻ നടക്കുകയും ഇരട്ട കുട്ടികളെ NICU വിലേക്ക് മാറ്റുകയും ചെയ്തെന്നതിനാൽ പിറ്റേ ദിവസം വൈകുന്നേരത്തോടെ തന്നെ ശരൺ തിരിച്ചു പോയി... പോകുന്ന നേരത്ത് ചന്ദന മയക്കത്തിലായിരുന്നു. അതെന്തു കൊണ്ടും നന്നായെന്ന് തോന്നി എല്ലാവർക്കും.. അല്ലെങ്കിൽ ശരൺ പോകുന്നത് അറിഞ്ഞാൽ അവൾ കരയുകയും പറയുകയും വീണ്ടുമൊരു തളർച്ചയിലേക്ക് എത്തപ്പെടുകയും ചെയ്യാം.. ഇപ്പോഴും മെന്റൽ ഹെൽത്ത് അവൾ കൈവരിച്ചിട്ടില്ല എങ്കിലും ശാരീരികമായി അവൾ പഴയതിനേക്കാൾ മെച്ചപ്പെട്ടിരുന്നു.. "ഞാൻ തിരിച്ചു വരുമ്പോഴേക്കും ആ പഴയ ആളാകണം കേട്ടോ.. വസുവിന്റെ ചന്ദന.. ഈ വീടിന്റെ മരുമകൾ..

പണ്ട് ഒരിക്കൽ ആന്റി പറഞ്ഞിരുന്നു നിന്നെ കിട്ടുവാൻ മാത്രമൊന്നും ഭാഗ്യം കാണില്ല വസുവിനും ഈ വീടിനുമൊന്നുമെന്ന്.. അതങ്ങ് തിരുത്തിയേക്കണം.. ആ ഭാഗ്യം നൽകിയേക്കണം കേട്ടോ.." എയർപോർട്ടിലേക്ക് ഇറങ്ങുന്നതിനു മുന്നേയായി ശരൺ മയക്കത്തിലായിരിക്കുന്നവളുടെ കവിളിൽ ഒന്ന് തലോടി പറഞ്ഞിരുന്നു.. ശരൺ പോകുന്നതിൽ ഏറെ വിഷമം രാധികയ്ക്ക് ആയിരുന്നു.. വസു അകന്ന് നിന്നപ്പോൾ പോലും കൂടെ ഉണ്ടായവനാണ്.. സങ്കടപ്പെടുമ്പോൾ ഒക്കെ ഒന്നുമില്ല ആന്റിയെന്നും പറഞ്ഞു ആശ്വസിപ്പിക്കുകയും കരുത്തു നൽകുകയും ചെയ്തവനാണ്.. തന്റെ വസുവിനെ അവന്റെ പ്രാണനായവളിലേക്ക് തിരികെ എത്തിച്ചവനാണ്.. ഒരിക്കലും സഹോദരന്റെ മകനായ് കണ്ടിട്ടില്ല ശരണിനെ. എന്നുമെന്നും വസുവിനൊപ്പം.. വരുണിനൊപ്പം.. ചിലപ്പോൾ അവരെക്കാൾ ഒരു പടി മുന്നിലായിരുന്നു ശരണിന്റെ സ്ഥാനം.. കാർ പോയ വഴിയേ നോക്കി നിന്നു രാധിക കണ്ണുകൾ തൂത്തു.. വസുവും വരുണുമാണ് എയർപോർട്ടിൽ പോയിരിക്കുന്നത്..

വിശ്വനാഥൻ ഓഫീസിലും പോയിരുന്നു.. രാധിക ഫ്രന്റ്‌ ഡോർ അടച്ചു മുകളിലേക്കുള്ള പടികൾ കയറി.. ചന്ദന ഉണർന്നിരുന്നു. മിഴികൾ തുറന്ന് ജാലക വാതിലിലൂടെ പുറത്തേക്ക് നോക്കി വെറുതെ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു.. "ഉണർന്നുവോ..?" രാധിക അവൾക്കരികിലേക്ക് ചെന്നു.. "കുളിക്കാം..." പറയുന്നതോടൊപ്പം കാബോർഡ് തുറന്ന് എന്തോ തിരഞ്ഞു.. "എനിക്ക് കുളിക്കണ്ട.." ചന്ദന എഴുന്നേറ്റു ജനലോരത്തേക്ക് നിന്നു.. "അയ്യോ.. അങ്ങനെ പറഞ്ഞാൽ എങ്ങനെയാണു.. കുളിച്ചു മിടുക്കിയായി ചായയൊക്ക കുടിച്ചു വേണ്ടേ നമുക്ക് മുറ്റത്തൂടെ നടക്കാൻ..." കയ്യിൽ കിട്ടിയ വെളിച്ചെണ്ണ ബോട്ടിൽ സൈഡ് ടേബിളിൽ വെച്ചു രാധികയവളുടെ മെടഞ്ഞു കിടക്കുന്ന മുടിയഴിച്ചിട്ടു.. "എന്നാൽ എനിക്കാ പൂക്കളൊക്കെ ഇറുത്തു തരുമോ..? എല്ലാം വേണം.. ആ ചുവന്നതും വെളുത്തതും നീലയുമെല്ലാം.." താഴെ പൂന്തോട്ടത്തിലേക്ക് കണ്ണും നീട്ടി കൈ ചൂണ്ടി കാണിച്ചവൾ ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ പറയുന്നുണ്ട്.. "അതിനെന്താ.. ഏതു വേണലും തരാല്ലോ..?

എല്ലാം ചന്ദനയ്ക്ക് ഉള്ളത് തന്നെയാണ്.. വേറെ ആർക്കും കൊടുക്കില്ല കേട്ടോ.." രാധികയൊരു പുഞ്ചിരിയോടെ എണ്ണ മയം വറ്റിയിരിക്കുന്ന അവളുടെ നെറുകിലും മുടിയിഴകളിലും എണ്ണ തൊട്ട് നൽകി. തോർത്തും മാറ്റി ധരിക്കുവാനുള്ള വസ്ത്രവും ബാത്‌റൂമിൽ കൊണ്ട് വെച്ചു ബക്കറ്റിൽ ചൂട് വെള്ളമെടുത്തതിനെ പാകപെടുത്തിയ ശേഷമവളെ ബാത്‌റൂമിൽ കൊണ്ട് പോയി.. തലയിലിട്ട ഷാംപൂവിന്റെ പത ആഹ്ലാദത്തോടെ.. അതിലേറെ കൗതുകത്തോടെ കയ്യിലേക്ക് എടുത്തു പിടിക്കുന്നവളെ കണ്ടു ഒരു മാത്ര രാധികയിൽ ഒരു നോവ് ഉണർന്നു.. എങ്കിലും എത്രയും വേഗത്തിൽ അവൾ പഴയ സ്ഥിതിയിൽ എത്തുമെന്ന് രാധികയ്ക്ക് ഉറച്ചൊരു വിശ്വാസമുണ്ടായിരുന്നു.. ഇനിയും അവളെ പരീക്ഷിക്കുവാൻ ഒരു ദൈവങ്ങൾക്കും ആകില്ല.. ** പാലിൽ അൽപ്പം മാത്രം തേയില ചേർത്തു ആവശ്യത്തിനു മധുരമിട്ടിളക്കിയ ലൈറ്റ് ചായയാണ് രാധിക ചന്ദനയ്ക്കായി തയാറാക്കുന്നത്. കഴിക്കാൻ രാവിലെ ഉണ്ടാക്കിയ ഉണ്ണിയപ്പവും.. ശരണിനു ഉണ്ണിയപ്പം വളരെ ഇഷ്ടമാണ്.. അവന് കൊണ്ട് പോകാനാണ് ദൃതിപ്പെട്ടു

രാവിലെ ഉണ്ണിയപ്പമുണ്ടക്കുന്നത്.. "ദേവേട്ടനെവിടെ..?" ചായ മൊത്തി കുടിക്കുന്നതിനിടെ ചുറ്റുപാടും തിരഞ്ഞു കൊണ്ടവൾ ചോദിച്ചു.. രാധികയ്ക്ക് ഒരുനിമിഷം എന്ത് പറയണമെന്ന് അറിഞ്ഞില്ല.. പോയെന്ന് പറഞ്ഞാൽ ചന്ദന ഏതു വിധം പ്രതികരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. "ഞാനിന്ന് ഉച്ചയ്ക്കും കണ്ടീലല്ലോ.. ഊണ് കഴിക്കുമ്പോഴും ഇല്ലായിരുന്നല്ലോ..?" ചന്ദന വീണ്ടും അന്വേഷിച്ചു.. നാലു മണിയോടെ ഇറങ്ങേണ്ടതിനാൽ ശരൺ ഉച്ചയ്ക്ക് പാക്കിങ്ങും കാര്യങ്ങളുമായി തിരക്കിലായിരുന്നു.. അത് കഴിഞ്ഞു വൈകിയാണ് ഊണ് കഴിക്കാൻ വന്നിരുന്നത്.. "അവരെല്ലാം പുറത്ത് പോയിരിക്കയാണ്‌.. അൽപ്പ സമയത്തിനുള്ളിൽ തിരിച്ചെത്തും.." രാധിക പറഞ്ഞു.. "എവിടെ പോയതാണ്..? എവിടെ പോകുവാണെങ്കിലും എന്നെയും കൂടെ കൊണ്ട് പോകുമെന്ന് പറഞ്ഞിരുന്നല്ലോ..? എപ്പോഴുമെപ്പോഴും നുണ പറയുകയാണോ..?"

ചന്ദനയുടെ ചുണ്ടുകൾ വിതുമ്പി.. കണ്ണുകൾ നിറഞ്ഞു.. "അയ്യോ.. അവരിപ്പോ ഇങ്ങെത്തില്ലേ.. അതിനാണോ നീ കരയണത്.. ഇനി പോകുമ്പോൾ ഒക്കെ നിന്നെയും കൊണ്ട് പോകണമെന്ന് ഞാൻ പറയാം കേട്ടോ അവനോട്.. നീ ഉറങ്ങിയത് കൊണ്ടാണ്.. അല്ലേൽ ഉറപ്പായും നിന്നെയും കൂടെ കൂട്ടുമായിരുന്നു." രാധിക അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. ഒപ്പം തന്നെ പാതി കുടിച്ചു നീക്കി വെക്കുവാൻ തുടങ്ങിയ ചായ മുഴുവനായും കുടിപ്പിക്കുകയും രണ്ട് മൂന്ന് ഉണ്ണിയപ്പം നിർബന്ധിച്ചു കഴിപ്പിക്കുകയും ചെയ്തു.. * വസുവും വരുണും വരുമ്പോൾ രാധികയും ചന്ദനയും മുറ്റത്തെ പൂന്തോട്ടത്തിലാണ്.. രാധിക ഓരോ പൂക്കൾ അവൾക്ക് കാണിച്ചു കൊടുക്കുമ്പോഴും അവൾ വിടർന്ന കണ്ണുകളോടതിനെ നോക്കി കാണുകയും ചിലതൊക്കെ കയ്യിൽ വേണമെന്ന് വാശി പിടിക്കുകയും ചെയ്തു.. തന്റെ പൂന്തോട്ടത്തിലെ പൂക്കൾ പറിച്ചെടുക്കുന്നത് രാധികയ്ക്ക് വളരെ ദേഷ്യവും വിഷമവുമുള്ള കാര്യമാണെന്നാൽ കൂടി ചന്ദന ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യാതിരിക്കാനായില്ല അവർക്ക്..

ഒരു പുഞ്ചിരിയോടെയാണ് വസു അവർക്കരികിലേക്ക് വന്നത്.. വരുൺ കളിയുണ്ടെന്നും പറഞ്ഞു വന്ന പടി വേഷം മാറി ബൈക്കുമെടുത്തു പോയി.. "ദേവേട്ടൻ വന്നില്ലേ..? " വസുവിനെ കണ്ടു ചന്ദന അവന് പുറകിലേക്ക് നോക്കി. "അവൻ പോയല്ലോ.. ഇനി വരില്ല.." വസു ഭാവഭേദമേതും കൂടാതെ പറഞ്ഞു.. "വരില്ലേ..? അമ്മ പറഞ്ഞുവല്ലോ ഇപ്പോൾ വരുമെന്ന്...? " അവൾ വേദന തിങ്ങിയ മിഴികളാലെ രാധികയെ നോക്കി. "വരും മോളെ.. ഇവൻ ചുമ്മാ പറയുന്നതാണ്.. നിന്നെ പറ്റിക്കുവാൻ.. വസു.. നീ വെറുതെ ഓരോന്ന് പറഞ്ഞതിനെ കരയിപ്പിക്കരുത്.." വസു ഒന്ന് കണ്ണുകൾ ചിമ്മി ചിരിക്കുക മാത്രം ചെയ്തു.. അവൻ നോക്കി കാണുകയായിരുന്നു അവളുടെയുള്ളിൽ എത്രത്തോളം ആഴത്തിൽ വസുദേവ് പടർന്നിറങ്ങിയിട്ടുണ്ടെന്നു.. വരില്ലെന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഉണ്ടായ പിടച്ചിൽ.. വേദന..

ഈ കഴിഞ്ഞ കാലങ്ങളിൽ ഇതുപോലെ എത്രമാത്രം വേദനിച്ചു കാണണം ഇവൾ.. വസുവിന്റെയുള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി.. അത്രമേൽ സ്നേഹത്തോടെ ഒന്ന് ഇറുകെ പുണരുവാനും ആ മിഴികളിൽ അരുമയോടെ ചുംബിക്കുവാനും അവന്റെ ഹൃദയം തുടിച്ചു.. "നീ വേഷം മാറി വാ.. എനിക്കകത്തല്പം ജോലിയുണ്ട്.. ഇവളെ ഇവിടൊക്കെ ഒന്ന് നടത്തിക്കു കേട്ടോ.. അകത്തു തന്നെ ഇരുന്നാൽ മനസ്സ് ഒന്നൂടെ ഇടുങ്ങാമെന്നേയുള്ളു.." രാധിക പറഞ്ഞു.. വസു വേഗത്തിൽ ചെന്ന് വസ്ത്രം മാറി വന്നു.. രാധിക അകത്തേക്ക് പോയതും ചന്ദനയുടെ മുഖം വാടി.. അവൾ അവിടെയുള്ള സിമന്റ് ഇരുപ്പിടത്തിലേക്ക് ഇരുന്നു.. അരികിലായി വസുവും........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...