മഴപോൽ: ഭാഗം 25

 

എഴുത്തുകാരി: മഞ്ചാടി

""പിന്നേയ്...ന്റെ ഉണ്ണിക്കുട്ടന്റെ അസുഖൊക്കെ മാറി നല്ല കുട്ടപ്പനായാൽ ഈ അമ്പൂട്ടിയെ വേണ്ടാന്ന് പറയോ.... ന്നെ മറക്കോ.... ഉണ്ണിയേട്ടൻ.... നിക്കി സഹിക്കില്ലാട്ടോ....അത് ഒട്ടും സഹിക്കില്ല....അമ്പൂട്ടിക്ക് വല്ലാതെ കൊതി തോന്നാ ഈ ഇടനെഞ്ചിലെ സ്നേഹം ആസ്വദിക്കാൻ.... ന്നെ ചേർത്ത് നിർത്തില്ലേ ന്റെ ഉണ്ണിയേട്ടൻ...."" ആ ഭ്രാന്തന്നോടാവൾ ദീർഘ നേരം കിന്നരിച്ചു.... പിന്നെ വെറുതെ കണ്ണുകൾ ഇറുകെ മൂടി അവനോട് പറ്റി ചേർന്ന് കിടന്നു....ഉറക്കത്തിലെപ്പഴോ ആ പെണ്ണിനെ അവൻ നെഞ്ചിലേക്ക് പിടിച്ചു കിടത്തിയിരുന്നു.... •°•°•°•°•°•°•°•°•°•°•°•°•°•°•°• ""അമ്പൂട്ടി....അമ്പൂട്ടി.... എവിടെയാ ന്റെ ബാലരമ കാണുന്നില്ലല്ലോ... എടുത്തു താ അമ്പൂട്ടി...."" ബാലരമ കാണാത്ത ദേഷ്യത്തിൽ ആ ഭ്രാന്തൻ കിടപ്പ് മുറി കീഴ്മേൽ മറിച്ചിട്ടുണ്ട്... അലമാര മലക്കെ തുറന്ന് വസ്ത്രങ്ങളും പുത്തനുടുപ്പുകളുമെല്ലാം വലിച്ച് വാരിയിട്ട് അലങ്കോലമായി കിടക്കുന്നു... ആ പെണ്ണിന്റെ പൊട്ടും ചാന്തും ചേലുള്ള കുപ്പി വളകളും ചിതറി വീണിട്ടുണ്ട്.... ""അമ്പൂട്ടി..... നീ എവിടെയാ.... ന്റെ ബാലരമ എടുത്തു താ... ദേ ഉണ്ണിക്കുട്ടന് ദേഷ്യം വരുന്നുണ്ടേ......"" കൂടുതൽ ഉച്ചത്തിലവൻ അലറിയെങ്കിലും അമ്പിളിയുടെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല...ഈർഷ്യയോടെ നിലത്താഞ്ഞു ചവിട്ടി ഉണ്ണിയേട്ടൻ മുറിക്ക് പുറത്തിറങ്ങി...

""അമ്പൂട്ടി.... അമ്പൂട്ടി "" തറവാടിന്റെ അകത്തളങ്ങളിലൊക്കെയും അവന്റെ ഉയർന്ന ശബ്ദം പ്രതിധ്വനി സൃഷ്ടിക്കുന്നുണ്ടായിരുന്നു.... മുകളിലെ ഓരോ മുറികളിലും ആ പെണ്ണിനെ അന്വേഷിച്ചവൻ കയറി ഇറങ്ങി... ഇടക്കെപ്പഴോ മറുപടിയൊന്നും കിട്ടാത്ത ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞു തൊഴിച്ചതും ചെറുതായൊന്ന് ചോര പൊടിഞ്ഞു.... ഗോവണി പടികൾ വേഗത്തിൽ ഇറങ്ങുന്നതിനിടെയവൻ എതിരെ വന്ന ഭഗീരനുമായി കൂട്ടി ഇടിച്ച് മുന്നിലേക്കൊന്ന് വേച്ചു പോയ്‌...... ""ഡാ....ഭ്രാന്താ നീ ഏത് അവതാളത്തിലേക്കാ കിടന്ന് പായുന്നത് മനുഷ്യന്റെ നെറ്റി ..."" നെറ്റി ഉഴിഞ്ഞു കൊണ്ട് ഭഗീരൻ താഴേക്ക് ഇറങ്ങിയ ഉണ്ണിയേട്ടന്റെ കയ്യിൽ മുറുകെ പിടിച്ചതും ആ ഭ്രാന്തന്റെ കണ്ണുകൾ ചുവന്ന് കലങ്ങി....അവനിലെ യാഥാർത്ഥ ഭ്രാന്തൻ ഉണരുകയായിരുന്നു...നാടി ഞരമ്പുകൾ വലിഞ്ഞു മുറുകി... കോപത്താൽ വെട്ടി തിരിഞ്ഞ് നെറ്റി പൊത്തി പിടിച്ചു നിൽക്കുന്നവന്റെ മുഖമടക്കി ഒന്ന് കൊടുത്തു....തല്ലിന്റെ ശക്തിയിൽ ഭഗീരൻ ഗോവണി പടിയിൽ പടിഞ്ഞിരുന്നു...

""ഡാ...."" അലറി കൊണ്ടവൻ കാറ്റ് പോലെ പാഞ്ഞു പോകുന്ന ഉണ്ണിയുടെ പിറകെ ചെന്നെങ്കിലും മുന്നിൽ തടസ്സമായി മുത്തശ്ശി ഉണ്ടായിരുന്നു..... വേണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചതും ആ ഭ്രാന്തൻ തല്ലി പൊളിച്ച കവിൾ തടത്തിൽ കൈ വെച്ചവൻ ചാടി തുള്ളി പടിക്കെട്ടുകൾ കയറി.... ""ഉണ്ണിക്കുട്ടാ..... എങ്ങോട്ടാ ഡാ.... ഇങ്ങനെ പാഞ്ഞു പോകുന്നെ....."" ഊണിനുള്ള മീൻ മുറിക്കുന്നതിനിടെ ചെറിയമ്മ വിളിച്ചു ചോദിച്ചെങ്കിലും ആ ഭ്രാന്തൻ അതിനൊന്നും ചെവികൊടുത്തില്ല....ആ പെണ്ണിനെ കാണാനുള്ള ധൃതിയിൽ അടുക്കള പുറത്തേക്കിറങ്ങി വലിയ ശബ്ദത്തിലവളെ വിളിച്ചു നോക്കി.... ആൽ മരച്ചുവട്ടിലും മുല്ല മരത്തിനടുത്തും കുറച്ചപ്പുറത്തുള്ള തൊടിയിലും ഉണ്ണിയേട്ടൻ അവളെ തിരഞ്ഞു നടന്നു.... എന്തോ ഒരു തരം പരിഭ്രാന്തി അവനെ വന്ന് മൂടുന്നുണ്ടായിരുന്നു....മുടിയിഴകൾ പിച്ചിപ്പറിച്ചു...ധന്തങ്ങൾ കടിച്ചു പിടിച്ചു... ഏറെ നേരം ഓടി നടന്നതിൽ അവൻ വല്ലാതെ കിതക്കുന്നുണ്ട്... വിയർപ്പ് തുള്ളികൾ നെറ്റിയിൽ ഇടം പിടിച്ചു തുടങ്ങി... ""അമ്പൂട്ടി...."" അവസാനമായി ഒരു തവണ കൂടി വിളിച്ചു കൂവിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല....ഉള്ളിൽ നിറഞ്ഞ ഭ്രാന്തോടെ വീണ്ടുമവൻ അടുക്കളയിലേക്ക് പകയറി ചെന്നു... ""ചെറിയമ്മേ.... അമ്പൂട്ടി...അമ്പൂട്ടി.. എവിടെ ""

നന്നേ കിതക്കുന്നതിനാൽ സ്വരം ഇടയ്ക്കിടെ മുറിയുന്നുണ്ട്... ""അമ്പൂട്ടിയെ കാണുന്നില്ലേ.... ചിലപ്പഴേ ഉണ്ണിക്കുട്ടൻ എന്തെങ്കിലും വികൃതി കാണിച്ച വിഷമത്തിൽ അമ്പൂട്ടി പിണങ്ങി പോയിട്ടുണ്ടാവും..."" കഴുകി മുറിച്ചു വെച്ച മീൻ കഷ്ണങ്ങളിലേക്ക് പൊടികൾ ചേർക്കുന്നതനിടെ ചെറിയമ്മ ഇമകൾ ചിമ്മി കളിയോടെ പറഞ്ഞതും ഒറ്റ തട്ടായിരുന്നു... തിണ്ണയിലിരുന്നിരുന്ന മൺകൂജ രണ്ടായി പിളർന്നു... അതിൽ സൂക്ഷിച്ചിരുന്ന വെള്ളം നിലത്താകെ തൂവി കിടപ്പാണ്.... ആ സ്ത്രീ വെട്ടി വിറച്ച് ഒരു മൂലയിലേക്ക് ഒതുങ്ങി കൂടി..രൗദ്ര ഭാവത്തോടെ മുഷ്ടി ചുരുട്ടി നിൽക്കുന്നവനെ നോക്കി നിൽക്കെ ആ സ്ത്രീ വിയർത്തു കുളിച്ചു... ""നിന്റെ കുരുത്തക്കേട് കുറച്ച് കൂടുന്നുണ്ട്... വന്ന് വന്ന് എന്തും ആകാമെന്നാണോ..."" ശബ്ദമുയർത്തി വല്യച്ഛനുണ്ട് അടുക്കളയിലേക്ക് പാഞ്ഞു വരുന്നു....ചുമരിനോട് ചാരി കിടന്നിരുന്ന കുറ്റിച്ചൂലെടുത്ത് ആ ഭ്രാന്തനു നേരെ ഓങ്ങിയതും വിരണ്ടു പോയവനെ ആരോ പിറകിലേക്ക് മാറ്റി നിർത്തിയിരുന്നു ... ""ഉണ്ണിയേട്ടന്റെ മാനസിക ദൗർബല്യത്തെ മറന്നു കൊണ്ട് വല്യച്ഛൻ ഒത്തിരി തവണ ഉണ്ണിയേട്ടനെ അടിച്ചിട്ടുണ്ട്....

ഇനി അത് പാടില്ല... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് വല്യച്ഛൻ ക്ഷമിക്കണം പക്ഷെ ഇനിയും എന്റെ ഭർത്താവിനെ അടിക്കാനും തൊഴിക്കാനും ഞാൻ സമ്മതിക്കില്ല...."" ശബ്ദം അൽപ്പം ഉയർത്തി ഉറച്ച സ്വരത്തിലവൾ സംസാരിക്കുമ്പോൾ ഉണ്ണിയേട്ടന്റെ വിറക്കുന്ന കൈകളിൽ മുറുകെ പിടിച്ചിരുന്നു.... ഭയപ്പാടോടെ എല്ലാം നോക്കി കാണുന്ന ചെറിയമ്മയെ നോക്കി അവളൊന്ന് കണ്ണ് ചിമ്മി.... മറുത്തൊന്നും പറയാതെ ചൂല് ദേഷ്യത്തോടെ നിലത്തേക്കെറിഞ്ഞ് വല്യച്ഛൻ നടുമുറിയിലേക്ക് നടന്നകന്നു... ""ഹയ്.... ന്റെ ഉണ്ണിക്കുട്ടാ... ന്താപ്പോ പ്രശ്നം... ന്തിനാ ആ കൂജ തല്ലി പൊളിച്ചത്...."" കൂർത്ത മിഴികളോടെ അവനെ നോക്കുമ്പോൾ തല കുനിച്ച് നിൽപ്പുണ്ട്...പരിഭവത്തോടെ ചുണ്ട് പുറത്തേക്ക് തള്ളി പിടിച്ചിരുന്നു... ""ആഹാ.... ഇങ്ങോട്ട് നോക്കാൻ..."" താടി തുമ്പിൽ ചൂണ്ട് വിരൽ വെച്ചന്റെ മുഖം ഉയർത്തി പിടിച്ചതും കുറുമ്പോടെ വീണ്ടും മുഖം തരാതെ പുറം തിരിഞ്ഞു നിന്നു...അവരുടെ കളികൾ കണ്ട് തെല്ലൊരാശ്വാസത്തോടെ ചെറിയമ്മ ഇരുവരെയും തനിച്ചാക്കി മാറി നിന്നിരുന്നു... ""അമ്പൂട്ടി... ന്നോട് മിണ്ടണ്ടാ... പിണക്കാ ഉണ്ണിക്കുട്ടൻ.... എത്ര നേരമായിന്നറിയോ അമ്പൂട്ടിയെ ഞാൻ വിളിക്കാൻ തുടങ്ങീട്ട്.... ന്നിട്ടും അമ്പൂട്ടി വിളി കേട്ടില്ലല്ലോ....""

""അശോ... ന്റെ ഉണ്ണിക്കുട്ടൻ പിണക്കാണോ.... ഞാൻ ഉണ്ണിയേട്ടൻ വിളിച്ചത് കേട്ടില്ല.... ഞാൻ പിന്നാമ്പുറത്തത് മുരിങ്ങ പൊട്ടിക്കാൻ പോയതാ...ഉണ്ണിക്കുട്ടൻ ന്തിനാ ന്നെ വിളിച്ചേ...."" ""ന്റെ ബാലരമ കാണാല്ല..."" മുഖം ഒരു കുടം വീർപ്പിച്ച് കൊച്ചു കുട്ടികളെ പോലെ അറത്ത് മുറിച്ച് പറയുമ്പോൾ ആ ഭ്രാന്തനെ കാണാൻ നല്ല ചേലായിരുന്നു... ""ബാലരമ ഞാൻ എടുത്ത് തരാല്ലോ....അതല്ല... എന്തിനാ കൂജ തള്ളിയിട്ടു ചെറിയമ്മയെ പേടിപ്പിച്ചത്...."" ഇടുപ്പിൽ കൈകുത്തി അവനെ ഭയപ്പെടുത്തി നോക്കി... ആ മുഖത്തപ്പോൾ നിറച്ചും കുറുമ്പായിരുന്നു... ""അത് പിന്നെ... ഞാൻ ചെറിയമ്മോട് അമ്പൂട്ടി എവിടെയാന്ന് ചോദിച്ചു... അപ്പല്ലേ... ചെറിയമ്മ പറയാ...ഉണ്ണിക്കുട്ടൻ വികൃതി കാട്ടിയതോണ്ട് അമ്പൂട്ടി പിണങ്ങി പോയീന്ന്... അപ്പൊ ഉണ്ണിക്കുട്ടന് ദേഷ്യം വന്നു...നിക്കറിയാല്ലോ അമ്പൂട്ടി ന്നെ വിട്ട് പോവൂല്ലാന്ന്...."" കുഞ്ഞുങ്ങളെ പോലെ എണ്ണിയെണ്ണിയവൻ പറയുന്നത് ചുണ്ടിലെ ഉറവ വറ്റാത്ത ചിരിയോടെ ആ പെണ്ണ് കേട്ടു നിന്നു....പിന്നെ അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കഴുത്തിലൂടെ കൈ കോർത്ത് അണച്ചു പിടിച്ചു...

""ആണോ.... അപ്പൊ അമ്പൂട്ടി പോയാൽ ഉണ്ണിക്കുട്ടന് വിഷമാവോ...അമ്പൂട്ടിയെ അത്രക്ക് ഇഷ്ട്ടാണോ..."" ""മഹ്ഹ്.... അമ്പൂട്ടി പോയാൽ ഉണ്ണിക്കുട്ടൻ കൊറേ കൊറേ കരയും.... നിക്കിഷ്ട്ടാണല്ലോ അമ്പൂട്ടിയെ.... അമ്പൂട്ടി പോയാ ആരാ പിന്നെ ഉണ്ണിക്കുട്ടന്റെ കൂടെ കളിക്ക്യാ... കഥ പറഞ്ഞു തരാനും പാട്ട് പാടി തരാനും പിന്നെ ആരും ഉണ്ടാവില്ലല്ലോ.... ഉണ്ണിക്കുട്ടന് ഒത്തിരി വിഷമാവും...."" പെരു വിരലിലൊന്ന് പൊങ്ങി പുറത്തേക്കുന്തിയ ചുണ്ടുകളിൽ ആ പെണ്ണ് അമർത്തി ചുംബിച്ചു.... ""അമ്പൂട്ടി എങ്ങും പോവില്ലാട്ടോ.... എന്നും ഉണ്ടാവും ന്റെ ഉണ്ണിയേട്ടന്റെ കൂടെ..."" കണ്ണുകളിൽ നീർ മുത്തുകൾ കിനിഞ്ഞിരുന്നു.... അടങ്ങാത്ത പ്രേമത്തോടെ തന്റെ പ്രിയതമനെ അവൾ മാറോട് അടക്കി പിടിച്ചു.....കുറച്ച് കഴിഞ്ഞതേ ഉണ്ണിക്കുട്ടൻ ഞെളി പിരി കൊണ്ട് പിടഞ്ഞു മാറി... ""വേണ്ട... അമ്പൂട്ടിക്ക് ഉണ്ണിക്കുട്ടനെ ഒട്ടും ഇഷ്ട്ടല്ല... ന്നോട് മിണ്ടണ്ട അമ്പൂട്ടി... ന്നെ ഇഷ്ടല്ലാഞ്ഞിട്ടല്ലേ ഞാൻ വിളിച്ചിട്ട് വിളി കേൾക്കാഞ്ഞത്...."' വീണ്ടും പരിഭവിച്ച് പുറം തിരിഞ്ഞു നിന്നതും അമ്പൂട്ടി പിറകിലൂടെ തന്നെ കെട്ടി പുണർന്നു...പുറം തോളിൽ പയ്യെ ചുണ്ട് ചേർത്തു.. ""ആരാ... പറഞ്ഞേ നിക്ക് ഉണ്ണിക്കുട്ടനെ ഇഷ്ടല്ലാന്ന്.... അമ്പൂട്ടിക്ക് ഇഷ്ട്ടാ ഒത്തിരി ഒത്തിരി ഇഷ്ട്ടാ.... ന്റെ ഉണ്ണിക്കുട്ടനെ.... ന്റെ പ്രാണനാ.... ന്റെ ഉണ്ണിയേട്ടൻ.."

" ആ പെണ്ണിന്റെ ശബ്ദത്തിൽ നിറച്ചും ആ ഭ്രാന്തനോടുള്ള പ്രണയമായിരുന്നു...മറുപടിയൊന്നും കിട്ടാഞ്ഞതിൽ അവൾക്ക് മനസ്സിലായി.... ഉണ്ണിക്കുട്ടൻ ഇപ്പഴും പിണക്കത്തിലാണെന്ന്.... ഉള്ളിൽ നിറഞ്ഞ കുറുമ്പോടെ അവനെ ഇക്കിളി കൂട്ടിയതും മുഖവും വീർപ്പിച്ചു നിന്നവൻ ഉറക്കെ പൊട്ടി ചിരിച്ചു... ""ഔ... അമ്പ്... അമ്പൂട്ടി... ഹാ.. ഹീ... ഹു... ഹു.... ഹാഹാ...നിക്ക് ഇക്കിളി ആവുന്നു... മതി...."" പിന്നെയും പിന്നെയുമവൾ ഇക്കിളിയാക്കിയതും ഉണ്ണിക്കുട്ടന്റെ പൊട്ടിച്ചിരികൾ കൂടുതൽ ഉച്ചത്തിലായി....പെട്ടന്നവൻ ആ പെണ്ണിന്റെ ഇരു കൈകളും പിടിച്ച് പിറകിലേക്കാക്കി പിണച്ചു കെട്ടി.. ""ഹമ്പടി... കാണിച്ചു തരാട്ടോ... നിന്നെ ഞാൻ ഇക്കിളിയാക്കി ഒരു വിധമാക്കും...''" അവളിലേക്ക് നീങ്ങി നിന്ന് വയറിലൂടെ ഇക്കിളി കൂട്ടുമ്പോൾ പിടഞ്ഞു കൊണ്ടാ പെണ്ണ് പൊട്ടിച്ചിരിക്കുന്നുണ്ട്...മുഖവും മൂക്കിൻ തുമ്പും ചുവന്ന് തുടുത്തപ്പോഴൊ ഒത്തിരി നേരം ചിരിച്ച് വയറ്റിലൂടെ വേദന തോന്നിയപ്പോഴും ഇരുവരും ചിരി നിർത്തിയില്ല.... ഏറെ... ഏറെ പ്രിയപ്പെട്ടതായിരുന്നു അമ്പിളി പെണ്ണിനാ സുന്ദര നിമിഷം... ""അമ്മേ.... അമ്മ വല്ലതും അറിയുന്നുണ്ടോ.... ദേ ആ അഹങ്കാരി പെണ്ണിനെ എത്രയും പെട്ടന്ന് തുരത്തണം.... എന്നോട് കയർത്തു സംസാരിക്കാൻ ആ പെണ്ണിന് എവിടുന്ന് കിട്ടി ധൈര്യം....

ഇനിയും വൈകിപ്പിക്കാൻ പറ്റില്ല.. കൊന്ന് കുഴിച്ചു മൂടണം അവളെ...."" മുത്തശ്ശിയുടെ മുറിയിലേക്ക് കലി തുള്ളി കയറി ചെന്ന വല്യച്ഛനെ അല്പ നേരം ആ പ്രായം ചെന്ന സ്ത്രീ ഉറ്റു നോക്കി... പിന്നെ കണ്ണിനിട്ടിരുന്ന സ്വർണകണ്ണട ഊരിക്കൊണ്ട് പാരായണം ചെയ്തിരുന്ന ഏതോ വേദ പുസ്തകം അടച്ചു വെച്ചു.... ""ഹും.... ന്റെ അച്യുതേട്ടാ....അവളെ അങ്ങനെ പെട്ടന്ന് ഓടിക്കാനൊന്നും പറ്റില്ല.... ഇന്ന് ഉണ്ണി ആ കണ്ട ബഹളം ഒക്കെ ഉണ്ടാക്കിയത് കുറച്ച് നേരത്തേക്ക് അവളെ കാണാത്തതിലുള്ള പരിഭ്രാന്തിയിലാ... പോരാത്തതിന് ഭഗീരന്റെ കവിളടിച്ചു പൊട്ടിച്ചിട്ടും ഉണ്ട്..... ആ പെണ്ണവനെ അത്രക്കങ്ങ് വശത്താക്കി വെച്ചേക്കുവല്ലേ.."" മുത്തശ്ശിയുടെ കാല് തിരുമ്മി കൊടുത്തിരുന്ന വല്യമ്മ ഇത്തിരി പുച്ഛം കലർത്തി അങ്ങനെ പറഞ്ഞതും ആ വൃദ്ധയുടെ മുഖം വല്ലാതെ ഓടി കറുത്തു... ""ഈ പത്മാവതിയാ അമ്പിളിയെ ഈ മനക്കലെ തറവാട്ടിലേക്ക് കൈ പിടിച്ചു കയറ്റിയത്.... ആ ഞാൻ തന്നെ അവളെ ഈ വീട്ടിൽ നിന്നും അടിച്ചിറക്കും...."" കണ്ണിൽ പകയുടെ തീ ആളിക്കത്തുകയായിരുന്നു...ഭൂത കാലത്ത് നടന്നതെന്തൊക്കെയോ ആ സ്ത്രീയുടെ മനസ്സിൽ വെണ്ണ പോലെ തെളിഞ്ഞതും എണ്ണം കുറഞ്ഞു വരുന്ന പല്ലുകൾ ഞെരിച്ചിരുന്നു... കണ്ണുകൾ ക്രോധത്തോടെയവർ ഇറുകെ മൂടി...

മനക്കലെ തറവാട്ടിലെ ശേഖര വർമ്മക്കും പത്നാവാതിക്കും[ മുത്തശ്ശി ] ജനിച്ച പുത്രന്മാരിൽ മൂത്തവനായിരുന്നു അച്യുതൻ വർമ്മ [വല്യച്ഛൻ ]..... ഇളയവൻ അനന്തവർമ്മയും [ചെറിയച്ഛൻ ].... സന്തുഷ്ടമായൊരു കുടുംബം..... എന്നാൽ ശേഖര വർമ്മക്ക് മറ്റൊരു സ്ത്രീയോട് പ്രണയം തോന്നുകയും മാറ്റാരുമറിയാതെ അവളെ വേളി കഴിക്കുകയും ചെയ്തു.... ആ സ്ത്രീയിൽ ശേഖര വർമ്മക്ക് ജനിച്ച മകനായിരുന്നു വിവേക് വർമ്മ [വിവിയേട്ടൻ ] ഒരുപാട് വർഷകാലം ശേഖരൻ തന്റെ മക്കളിൽ നിന്നും ഭാര്യയിൽ നിന്നും ഈ സത്യത്തെ തന്ത്ര പൂർവ്വം മറച്ചു വെച്ചു.... എന്നാൽ പത്മാവതി ഒരു നാൾ സത്യം തിരിച്ചറിഞ്ഞതും അവരിൽ അടങ്ങാത്ത പകയായിരുന്നു.... തനിക്കും തന്റെ മക്കൾക്കും മാത്രം അവകാശപ്പെടുന്ന കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾക്ക് മറ്റൊരാവാകാശി കൂടി ഉണ്ടെന്നുള്ളത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.... ഇത്രയും കാലം ശേഖര വർമ്മ തന്നെ ചതിച്ചതിൽ അവർക്ക് മനം നൊന്തു... ആ വിഷമം പിന്നീട് ശേഖര വർമ്മയോടുള്ള വൈരാഗ്യമായി മാറുകയായിരുന്നു.... പട്ടാപകൽ സ്വന്തം ഭർത്താവിനെ അവർ വെട്ടി നുറുക്കി കൊലപ്പെടുത്തി... അമ്മക്ക് സഹായത്തിനായി മൂത്തമകൻ അച്യുതനും....

എന്നാൽ കൊല നടത്തിയതിന് ശേഷമാണ് ശേഖരൻ എല്ലാ സ്വത്തുക്കളും വിവേകിന്റെ പേരിൽ എഴുതി വെച്ച കാര്യം അവരറിയുന്നത്... തെളിവുകളൊക്കെയും നശിപ്പിച്ച് കേസും കോടതിയും ഒഴിവാക്കാനായിരുന്നു അവരുടെ ലക്ഷ്യം... എന്നാൽ വിവേക് വർമ്മ തന്റെ അച്ഛനെ കൊലപ്പെടുത്തിയവരെ വെറുതെ വിടാൻ ഒരുക്കമല്ലായിരുന്നു... തെളിവുകൾ ശേഖരിച്ച് പത്മാവാതിയേയും മകൻ അച്യുതനെയും വർഷങ്ങളോളം ജയിലിലടച്ചു... ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അന്ന് തന്നെ വിവേകിനെ വധിക്കാൻ അവർ പദ്ധതിയിടുകയായിരുന്നു... വരുത്തി തീർത്ത ആക്‌സിഡന്റിലാണ് വിവേക് മരണപ്പെട്ടത് എങ്കിലും ആരെക്കെയോ സ്വാദീനിച്ച് അതുമൊരു സ്വാഭാവിക മരണമായി സ്ഥിതീകരിക്കപ്പെട്ടു.... പിന്നീട് അവരുടെ ലക്ഷ്യം വൈശാലിയായി [അല്ലി ].... പൂർണ്ണ ഗർഭിണി ആയിരുന്നവളെ പ്രസവത്തിലെ മരണമെന്നപോൽ കൊല ചെയ്തു.... ശേഷിച്ച വിവേകിന്റെ മൂത്ത മകൻ കാർത്തിക്കിനേയും [ഉണ്ണി ] അനിയത്തി കീർത്തനയേയും കൂടി ഇല്ലാതെയാക്കി സ്വത്തുക്കൾ മുഴുവൻ തട്ടിയെടുക്കാനായിരുന്നു തീരുമാനം.... പക്ഷെ വിവേക് എഴുതി വെച്ച വില്പത്രമനുസരിച്ച് സ്വത്തുക്കളുടെ പൂർണ്ണ അവകാശവും മൂത്ത പുത്രൻ ഉണ്ണിക്കാണ്.... ഉണ്ണിയുടെ കാല ശേഷം ഭാര്യ മക്കളുണ്ടെങ്കിൽ അവകാശം അവർക്ക് മാറ്റപ്പെടും അല്ലാത്ത പക്ഷം സ്വത്തുക്കൾ അടുത്തുള്ള അനാഥാലയത്തിന്റെ കീഴിലാകും....

ആരെങ്കിലും സ്വത്ത്‌ അനധികൃതമായി തട്ടിയെടുക്കാൻ ശ്രമിച്ചാൽ നിയമപരമായി കഠിന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വില്പത്രത്തിൽ എഴുതപ്പെട്ടിരുന്നു... അതോടെ വീണ്ടും പത്മാവാതിയുടെയും കുടുംബത്തിന്റെയും പദ്ധതികൾ പൊളിഞ്ഞു... പിന്നീടവർ എട്ടും പൊട്ടും തിരിയാത്ത ആ കൊച്ചു കുഞ്ഞുങ്ങളെ സമീപിച്ചു... അനാഥ മക്കളായതിനാൽ സ്നേഹം നടിച്ച് അവരുടെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കുകയായിരുന്നു... അതിന്റെ പിന്നിലും സ്വത്തുക്കളിൽ മാത്രം ഉന്നമിടുന്ന പത്മാവതി വീണ്ടും കുടില തന്ത്രങ്ങൾ മെനഞ്ഞു... അതിനേക്കാളപ്പുറം ശേഖരവർമ്മ മറ്റൊരു സ്ത്രീയിലൂടെ ഉണ്ടാക്കിയെടുത്ത തലമുറയെ വേരോടെ പിഴുതു കളയണമെന്ന ദുർവാശിയായിരുന്നു പത്മാവാതിയിൽ....അതിന് എത്ര കാലം വരെ കാത്തിരിക്കാനും അവർ തയ്യാറായിരുന്നു.... വിവേക് എഴുതി വെച്ച വില്പത്രമനുസരിച്ചായിരുന്നു പിന്നീടവരുടെ നീക്കങ്ങൾ.... ഉണ്ണിക്ക് വിവാഹപ്രായമെത്തുമ്പോൾ പത്മാവാതിയുടെ പേരമക്കളിൽ ഏക പെൺ തരിയായ ഗായത്രിയുമായി വേളി നടത്താൻ തീരുമാനിച്ചു....അതിന് ശേഷം ഉണ്ണിയേയും അനിയത്തിയേയും ആക്സിഡന്റിന്റെ രൂപത്തിൽ തന്നെ ആർക്കും സംശയം തോന്നാത്തക്ക വിധം കൊല്ലുകയും ചെയ്യാം...

അപ്പോൾ മാത്രമേ സ്വത്തുക്കൾ ഗായത്രിയുടെ പേരിലാവുകയുള്ളു....പിന്നെ ഒരു തടസ്സവും കൂടാതെ എല്ലാവർക്കും സ്വത്ത്‌ പങ്കിട്ടെടുക്കാമല്ലോ... എന്നാൽ അവർ സംസാരിക്കുന്നതൊക്കെയും കീർത്തന ഒളിച്ചു കേട്ടു... ഒളിച്ചു നിന്നവൾ കാര്യങ്ങളോരോന്നും വല്ലാത്ത ഞെട്ടലോടെ കേൾക്കുന്നത് മറ്റൊരു കോണിൽ നിന്നിരുന്ന ഭഗീരൻ വീക്ഷിക്കുന്നുണ്ടായിരുന്നു....ഉടനെ അവൻ ആക്കാര്യം പത്മാവതിയേയും അച്യുതനേയും അറിയിച്ചു.... അവരുടെ തന്ത്രങ്ങൾ മുഴുവനും കീർത്തന ഉണ്ണിയേട്ടനോട് പറയുന്നതിന് മുന്നേ അവളെയും തീർക്കണമെന്നത് അവർക്ക് നിർബന്ധമായിരുന്നു ....ഒരു വാടക ഗുണ്ടയെ ഏർപ്പെടുത്തി ആ കൊച്ചു പെണ്ണിനെ ക്രൂരമായി പീഡിപ്പിച്ചു... താൻ പൊന്ന് പോലെ കൊണ്ട് നടന്നിരുന്ന കുഞ്ഞു പെങ്ങൾ ഉടു തുണിയില്ലാതെ ജീവനു വേണ്ടി പിടിയുന്നത് കാൺകേ ഉണ്ണിയേട്ടൻ ഒരു മുഴു ഭ്രാന്തനായി.... തന്ത്രങ്ങളിൽ ചെറുതായി പാകപ്പിഴ പറ്റിയെങ്കിലും പത്മാവതി തോൽക്കാൻ തയ്യാറായിരുന്നില്ല.... ഗായത്രിയും ഉണ്ണിയും തമ്മിലുള്ള വിവാഹം പെട്ടന്ന് തന്നെയവർ നിശ്ചയിച്ചു.... പക്ഷെ ഗായത്രിയുടെ അച്ഛൻ അനന്തവർമ്മ [ചെറിയച്ഛൻ ] തന്റെ മകളെ ഭ്രാന്ത് പിടിച്ച ഒരാളുമായി വിവാഹം ചെയ്യിപ്പിക്കുന്നതിൽ നിന്നും വിയോജിച്ചു..... അവസാനമത് അമ്പിളിയും ഉണ്ണിയും തമ്മിലുള്ള വിവാഹത്തിൽ കലാശിക്കുകയായിരുന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...