നവവധു: ഭാഗം 34

 

A story by സുധീ മുട്ടം

രാത്രിയോടെ സച്ചിയും അനിയനും അമ്മയും വന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടി...കുറച്ചു സമയം ചിലവഴിച്ചു അവർ മടങ്ങിപ്പോയി... അടുത്ത ദിവസം മുതൽ അമ്മയെ റെസ്റ്റ് എടുപ്പിച്ചിട്ട് സാഗര ജോലികൾ മുഴുവനും ഏറ്റെടുത്തു... ജോലി ഒതുക്കിയ ശേഷം കോളേജിലേക്ക് പോയി.. എക്സാം ആരംഭിച്ചതോടെ കുറച്ചു നേരത്തെ എഴുന്നേറ്റു.പഠിക്കാനുളള സമയവും കണ്ടെത്തി... പരീക്ഷ കഴിഞ്ഞപ്പോഴാണു അവളുടെ ശ്വാസം നേരെ വീണത്..മൂന്നു മാസം അമ്മയെ ഇടംവലം തിരിയാൻ സമ്മതിച്ചില്ല.... "ഇനിയിപ്പോൾ അമ്മ ജോലികളൊക്കെ കുറെശ്ശെയായി ചെയ്യണം... പ്രായം ചെന്ന മുത്തശ്ശിമാരെ പോലെ അമ്മയെ ഉപദേശിച്ചു...

സന്തോഷത്തോടെ അവൾ പറയുന്നത് മുഴുവനും തലകുലുക്കി സേതു സമ്മതിച്ചു... അങ്ങനെ മാസങ്ങൾ കടന്നു പോയി... എല്ലാ മാസത്തിലും സേതുവിനെ ചെക്കപ്പിനു ശേഖരൻ കൊണ്ടുപോകും....അവർ തിരികെ വരുന്നതും നോക്കി വഴിക്കണ്ണുമായി സാഗര കാത്തു നിൽക്കും... " കുഞ്ഞിനു ഞാനൊരു പേരു കണ്ടു വെച്ചിട്ടുണ്ട്... പുറത്തേക്ക് വീർത്തുന്തിയ അമ്മയുടെ വയറിനെ മെല്ലെ തടവിയ ശേഷം സാഗര സന്തോഷത്തോടെ പറഞ്ഞു.. "പറ...അമ്മ കൂടി കേൾക്കട്ടെ... " സാഗരിക... "ആഹാ..പെൺകുട്ടി ആണോന്ന് ഉറപ്പിച്ചോ മോള് .. വാത്സല്യത്തോടെ സാഗയെ ചേർത്തു പിടിച്ചു തഴുകി.. " അമ്മയുടെ വയറ്റിൽ കുഞ്ഞാവ ബഹളമൊന്നും ഇല്ലല്ലോ..

പിന്നെ എനിക്ക് ഏത് വാവ ആയാലും മതി. സേതുവിനു ഉറപ്പുണ്ടായിരുന്നു വയറ്റിൽ വലിയ കുഴപ്പമില്ലാത്ത കൊണ്ട് പെൺകുട്ടി ആണെന്ന്.. ആൺകുട്ടി ആണെങ്കിൽ ഇപ്പോൾ തകർത്തു വാരിയേനെ...പിന്നെ എല്ലാം ഈശ്വരന്റെ കയ്യിലാണ്..ദൈവം തരണത് സന്തോഷത്തോടെ സ്വീകരിക്കും... ഇല കൊഴിയും വേനൽക്കാലം പോലെ ദിവസങ്ങൾ കൊഴിഞ്ഞു വീണു... ഡോക്ടർ പറഞ്ഞ പ്രസവ ഡേറ്റിനു മുമ്പേ സേതുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ശേഖരനും സാഗരക്കും നല്ല ടെൻഷനുണ്ട്... വയസ്സ് നാല്പത്തിയഞ്ച് കഴിഞ്ഞതിനാൽ സുഖപ്രസവം നടക്കാൻ ബുദ്ധിമുട്ടാണ്..സിസേറിയനെ നടക്കൂന്നു നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു...

"സച്ചി ഹോസ്പിറ്റൽ വരെയൊന്നു വരുവോ...അമ്മയെ അഡ്മിറ്റ് ചെയ്തു.. എനിക്ക് നല്ല ടെൻഷൻ ഉണ്ട്... സാഗര കരയും പോലെയായി...ടെൻഷൻ കൂടിയപ്പോഴാണു സച്ചിയെ വിളിച്ചത്...അവൻ മറ്റൊരു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്... " ഞാൻ ഇതാ ഇറങ്ങുവാ...നീ ടെൻഷൻ ആകാതെ പെണ്ണേ.... അവളെ ആശ്വസിപ്പിച്ച ശേഷം ഫോൺ കട്ടു ചെയ്തു... ലീവിനു എഴുതി കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി സേതുവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ എത്തി.. അവനെ കണ്ടതും അവൾ പാഞ്ഞു ചെന്നു... "സച്ചി... അവളുടെ സ്വരം ഇടറിയിരുന്നു... " എന്റെ സാഗേ അച്ഛനും അമ്മക്കും ധൈര്യം കൊടുക്കേണ്ടത് നീയാണ്..ആ നീ കൂടി ഇങ്ങനെ തളർന്നാലോ...

"എനിക്ക് അറിയില്ല സച്ചി...ഒരു പേടി പോലെ.. " ഒന്നൂല്ലെടീ.. നീ വിഷമിക്കാതെ.. എന്തു വന്നാലും നമ്മൾ ഒരുമിച്ച് നേരിടില്ലേ...തുണയായി ഈശ്വരനില്ലേ...അദ്ദേഹം നിന്നെയിനി പരീക്ഷിക്കില്ല..ഉറപ്പ്... സ്നേഹത്തോടെ സാഗയുടെ കരതലത്തിൽ കോർത്തു പിടിച്ചു...തളർന്നു തുടങ്ങിയ അവൾക്ക് അത്രയും മതിയായിരുന്നു ഉയർത്തെഴുന്നേൽക്കാൻ.... ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയിൽ നിനക്ക് ഞാനില്ലേ,,, നിന്റെ കൂടെ ഞാനുണ്ട് എന്നു വാക്ക് മതി നമുക്ക് പുനർജ്ജീവനേകാനായി... സാഗര മനസ്സ് നിറഞ്ഞു സ്നേഹത്തോടെ സച്ചിയെ നോക്കി...അവളിൽ പ്രതീക്ഷയുടെ പുഞ്ചിരി തെളിഞ്ഞു... സച്ചിക്കൊപ്പം അവൾ അച്ഛന്റെ അരികിലേക്ക് ചെന്നു..

"ടെൻഷനാക്കാതെ അച്ഛാ...ഒരാപത്തും വരില്ല.... അവന്റെ വാക്കുകൾ തേന്മഴയായി കാതിലേക്ക് പെയ്തിറങ്ങി... വർഷങ്ങൾക്കു മുമ്പേ സാഗമോളുടെ അമ്മക്കായി ടെൻഷനടിച്ചു നിന്നത് ഓർമ്മ വന്നു... ആരും ആശ്വസിപ്പിക്കാനില്ലാതെ കടലോളം തീ തിന്നു...കുഞ്ഞിനും ഭാര്യക്കും ഒരാപത്തൊന്നും വരരുതേയെന്ന് പാർത്ഥിച്ചു ആശുപത്രിയുടെ വരാന്തയിലുട നീളം ഇരിക്കാനും നിൽക്കാനും കഴിയാതെ നടന്ന നിസ്സഹായനായൊരു മനുഷ്യൻ... ഇന്ന് ഒപ്പമുണ്ട് എല്ലാവരും.. ഒരുവാക്ക് പറഞ്ഞു ആശ്വസിപ്പിക്കാനായി‌.. " ഞാൻ കാന്റീനിൽ ചെന്നു ചായ വാങ്ങി വരാം... സച്ചി തിരിഞ്ഞ് നടന്നു...അവനൊപ്പം സാഗയും ചെന്നു...

"നീ വല്ലതും കഴിച്ചോടീ പെണ്ണേ.... അലിവോടെ ചോദിച്ചിട്ട് അവൻ തന്നെ മറുപടിയും പറഞ്ഞു.. " ഇല്ലെന്ന് അറിയാം...നീ ഇരിക്ക്... മടിച്ചു മടിച്ചു അവനു എതിർവശത്തായി ഇരുന്നു... "രണ്ടു പഴം പൊരിയും രണ്ടു ചായയും... ഓർഡർ കൊടുത്തു കാത്തിരുന്നു... " കഴിക്കെടീ പെണ്ണേ... അവൻ സ്നേഹത്തോടെ നിർബന്ധിച്ചു... "നമ്മുടെ ഒരുദിവസം ആരംഭിക്കുന്നത് പ്രഭാതത്തിൽ നിന്നാണ്... അപ്പോൾ രാവിലെ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റിനും മുഖ്യ പങ്കുണ്ട്...ഒരുദിവസം നമ്മളെ ഉന്മേഷമായി നില നിർത്താൻ രാവിലെ എന്തെങ്കിലും കഴിക്കണം.. ഒരു ബിസ്ക്കറ്റ് എങ്കിലും... സച്ചി പറഞ്ഞതിനു ഒന്നു മൂളി.... ചായ കുടിച്ചു കഴിഞ്ഞു അവർക്കുളളതും വാങ്ങി മടങ്ങിയെത്തി....

" അച്ഛാ ചായ കുടിക്ക്... സാഗര കപ്പിൽ പകർന്ന ചായ രാമൻകുട്ടിക്കും ശേഖരനും നേരെ നീട്ടി... "എന്തു വന്നാലും നമ്മൾ ഒരുമിച്ച് നേരിടും.... സാഗര അച്ഛനോട് പറഞ്ഞു... അയാളുടെ മിഴികളൊന്ന് തിളങ്ങി...മകളുടെ മുഖത്തെ നിശ്ചയദാർഡ്യം ശേഖരനു ധൈര്യം നൽകി.... സമയം ഇഴഞ്ഞു നീങ്ങി... സേതുവിനെ സിസേറിയൻ റൂമിലേക്ക് കയറ്റി...നഴ്സുമാർ ഇറങ്ങുന്നതും കയറുന്നതും ആധിയോടെ നോക്കി നിന്നു... അപ്പോഴും സാഗയുടെ കരതലം ധൈര്യം പോലെ അച്ഛന്റെ തോളിൽ അമർന്നു... " സേതുവിന്റെ.... ഇടക്കൊരു മാലാഖ തല പുറത്തേക്കിട്ടു.. "ഞങ്ങളാ... എല്ലാവരും അങ്ങോട്ട് അടുത്തു.... " പെൺകുഞ്ഞാ...അമ്മയും മോളും സുഖമായി ഇരിക്കുന്നു...

അവരുടെ ടെൻഷൻ കണ്ടു സിസ്റ്റർ പറഞ്ഞു.. നെഞ്ചിനകത്തു നിന്നും വലിയൊരു ഭാരം ഇറങ്ങി പോകുന്നത് അവരറിഞ്ഞു... കുറച്ചു സമയം കഴിഞ്ഞു വെളളത്തുണിയിൽ പൊതിഞ്ഞൊരു കുരുന്നിനെ അങ്ങോട്ട് കൊണ്ടു വന്നു.. "ചെന്നു വാങ്ങിക്ക് മോളെ... ശേഖരൻ അനുവാദം നൽകിയതും സാഗര പൊതിക്കെട്ട് വാങ്ങി അതിലേക്ക് നോക്കി... "വെളളത്തുണിയിൽ ഒരു കുഞ്ഞു മാലാഖ സുഖമായി ഉറങ്ങുന്നു... അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി... ഹൃദയം സന്തോഷത്താൽ തുടിച്ചു... " എന്റെ കൂടപ്പിറപ്പ്... എന്റെ അനിയത്തി... സാഗയുടെ സ്വരം വിറച്ചു... കുഞ്ഞ് നെറ്റിയിൽ അവൾ ചെറുതായി മുത്തി... "അച്ഛാ എന്റെ കുഞ്ഞാവ... അവളൊന്ന് കരഞ്ഞു...കൂടെ അവരും...സന്തോഷത്താൽ...............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...