നീഹാരമായ്: ഭാഗം 62

 

രചന: അപർണ അരവിന്ദ്

വൈകുന്നേരത്തേക്കുള്ള ചായ വക്കാൻ അമ്മയും നിധിയും അടുക്കളയിലേക്ക് നടന്നതും പിന്നാലെ മാധവും പോയി. അച്ഛൻ റൂമിൽ ഉച്ച മയക്കത്തിൽ ആണ് . ഹാളിൽ ഇപ്പോൾ താനും ഹരനും മാത്രമേ ഉള്ളൂ എന്ന് മനസിലായതും ഇന്ദു എണീറ്റ് ഹരന്റെ അരികിലേക്ക് വന്നു ഹരൻ ഇരിക്കുന്ന സെറ്റിയിൽ അവൾ വന്ന് ഇരുന്നതും ഹരൻ ടി വി ഓഫ് ചെയ്ത് എണീറ്റു. " ജിത്തേട്ടാ " പിന്നിൽ നിന്നും ഇന്ദുവിന്റെ വിളി വന്നതും ഹരൻ ഒന്ന് നിന്നു . * " ഞാ..ഞാൻ എ... എനിക്ക് ജി.. ജിത്തേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട് " അവൾ ചെറിയ പതർച്ചയാേടെ പറഞ്ഞു. " എനിക്കൊന്നും കേൾക്കണ്ട" അത് പറയലും ഹരൻ കാറ്റു പോലെ മുകളിലേക്ക് പോയതും ഒരുമിച്ചാണ് . അവൻ പോകുന്നത് നോക്കി നിർവികാരതയോടെ ഇന്ദു തിരിഞ്ഞതും പിന്നിൽ അവരെ നോക്കി നിധി നിൽക്കുന്നു. " എട്ടത്തി..." അവൾ ഒരു വിതുമ്പലോടെ നിധിയെ പുണർന്നു. " എയ് ഇങ്ങനെ കരയാതെ . ഇന്ദുക്കാരണം ഇന്ദ്രേട്ടന്റെ മനസ് ഒരുപാട് വേദനിച്ചിട്ടുണ്ട്. അതാ ഇങ്ങനെ . ഇന്ദു ഒന്നുകൂടി പോയി കണ്ട് സംസാരിച്ച് നോക്ക്. ചിലപ്പോ എല്ലാം സോൾവ് ആയാലോ . ഞാൻ ഉറപ്പ് പറയുന്നില്ല. " നിധി അവളെ ആശ്വാസിപ്പിച്ചു. " എട്ടൻ ദേഷ്യപ്പെടുമോ " " അറിയില്ല , ഈ കാര്യത്തിൽ ഇന്ദ്രേട്ടനെ കുറ്റം പറയാൻ പറ്റില്ലാലോ "

ഇന്ദു ഒന്ന് തലയാട്ടി കൊണ്ട് മുകളിലേക്ക് നടന്നു. ഹരൻ മുകളിലെ ഓപ്പൺ ബാൽക്കണിയിൽ ചാരി അകലേക്ക് നോക്കി നിൽക്കുകയാണ്. ഇന്ദു ചെറിയ ഒരു പേടിയോടെ അവന്റെ അരികിലേക്ക് നടന്നു. " ഞാൻ ചെയ്തതെല്ലാം തെറ്റാണെന്ന് എനിക്ക് അറിയാം എട്ടാ . എട്ടന് എല്ലാം മറന്ന് എന്നോട് ക്ഷമിച്ചുടെ " ഹരന്റെ കൈയ്യിൽ പിടിച്ച് ഇന്ദു മുഖവുരയൊന്നും ഇല്ലാതെ ചോദിച്ചു. " അങ്ങനെ പെട്ടെന്ന് എല്ലാം മറക്കാൻ മാത്രമുള്ള തെറ്റാണോ നീ ചെയ്തിട്ടുള്ളതെന്ന് സ്വയം ഒന്ന് ആലോചിച്ച് നോക്ക്" തന്റെ കയ്യിൽ നിന്നും അവളുടെ കൈ അടർത്തി മാറ്റി ഹരൻ ദേഷ്യത്തിൽ റൂമിലേക്ക് നടന്ന് പോയി. മങ്ങിയ മുഖത്തോടെ താഴേക്ക് വരുന്ന ഇന്ദുവിനെ കണ്ടപ്പോൾ തന്നെ കാര്യങ്ങൾ ഏറെ കുറെ നിധികക്കും മനസിലായിരുന്നു. അവൾ ഇന്ദുവിനെ ഒന്ന് സമാധാനിപ്പിച്ച ശേഷം മുകളിലേക്ക് നടന്നു. തെറ്റുകൾ പറ്റാത്ത മനുഷ്യർ ഇല്ലല്ലോ. എന്താെക്കെ പറഞ്ഞാലും ഇന്ദു ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ ഇപ്പോൾ അവളായി തന്നെ അത് പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. നിധി ഓരോന്ന് ആലോചിച്ച് റൂമിൽ എത്തി.

ഹരൻ ബെഡ് റെസ്റ്റിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്നു. നിധിക അവന്റെ അരികിൽ വന്ന് തോളിൽ കൈ വച്ചു. " എനിക്ക് നിന്നോട് ഒന്നും പറയാനില്ലാ എന്ന് പറഞ്ഞില്ലേ ഇന്ദു. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇറങ്ങി പോ" അവൻ കണ്ണടച്ചിരുന്ന് പറയുന്നത് കേട്ട് നിധി ക്ക് ചിരി വന്നു. " പോകാൻ മനസില്ലെങ്കിലോ. " അത് പറഞ്ഞ് നിധി അവന്റെ തോളിലൂടെ ചുറ്റി പിടിച്ച് മടിയിലേക്ക് ഇരുന്നതും ഹരന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. " നീ പോകണം എന്ന് വിചാരിച്ചാലും ഞാൻ വിട്ടിട്ട് വേണ്ടേ " അവൻ അവളുടെ കവിളിൽ കുസ്യതിയോടെ കടിച്ച് കൊണ്ട് പറഞ്ഞു. " ഇന്ദ്രേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് " " എന്നോട് ഒന്നല്ല ഒരായിരം കാര്യം പറയാമല്ലോ എന്റെ യക്ഷി പെണ്ണിന് " " അത് ..അത് പിന്നെ ഇന്ദുവിന്റെ കാര്യമാണ് " " നമ്മുക്ക് ഈ ടോപ്പിക്ക് ഇവിടെ വച്ച് നിർത്താം. നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ " " ഇന്ദ്രേട്ടാ അവൾ ഒരുപാട് സങ്കടത്തിലാണ്. ഞാൻ അവളെ ന്യായീകരിക്കുയല്ലാ പക്ഷേ " " നിധിക നിന്നോട് ഒരു വട്ടം ഞാൻ വേണ്ടാ എന്ന് പറഞ്ഞു.

" ഹരന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞതും നിധി പറയാൻ വന്നത് നിർത്തി. " ചായ കുടിക്കാൻ വാ . അവിടെ എല്ലാവരും നിന്നെ കാത്തിരിക്കാ " " എനിക്ക് വേണ്ടാ. " അത് പറയലും ഹരൻ ബെഡിലേക്ക് കമിഴ്ന്ന് കിടക്കലും കഴിഞ്ഞിരുന്നു. നിധി ഒരു ദീർഘ നിശ്വാസത്തോടെ താഴേക്ക് നടന്നു. അച്ഛനും അമ്മയും ഹരൻ എവിടെയെന്ന് അന്വേഷിച്ചു എങ്കിലും അവന് തലവേദനയാണെന്ന് അവൾ കള്ളം പറഞ്ഞു. ഓരോ വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചിരിക്കുമ്പോഴാണ് താഴേക്ക് ഹരൻ ഇറങ്ങി വന്നത്. " ചായ വേണ്ടേ ജിത്തു " അമ്മ ചോദിച്ചപ്പോൾ അവൻ വേണ്ടെന്ന് തലയാട്ടി ഗ്ലാസിൽ വെള്ളമെടുത്തു കുടിച്ചു. ഒപ്പം ചുറ്റും ആരെയോ തിരയുകയും ചെയ്യുന്നുണ്ട്. " ഇന്ദു റൂമിൽ തന്നെയാണോ അമ്മ " ഹരന് കേൾക്കാൻ പാകത്തിൽ നിധി ചോദിച്ചു. " അതെ . തലവേദനയാണെന്നാ പറഞ്ഞത്. ഇന്ന് ആങ്ങളക്കും പെങ്ങൾക്കും ഒരുമിച്ചാണല്ലോ തലവേദന " " റൂമിൽ എന്ന് പറയുമ്പോൾ അമ്മയുടെ റൂമിലാണോ അതോ ഇന്ദുവിന്റെ മുറിയിൽ തന്നെയാണോ " " അവൾ മുകളിലെ അവളുടെ റൂമിലാ "

ഹരൻ വെള്ളം കുടിച്ച ഗ്ലാസ് ടേബിളിൽ തന്നെ വച്ച ശേഷം മുകളിലേക്ക് കയറി പോയി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലാ എന്ന് ഉറപ്പ് വരുത്തി ഇന്ദുവിന്റെ റൂമിലേക്ക് നടന്നു. ഇതെല്ലാം ഇടം കണ്ണിട്ട് കണ്ട നിധിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. കാരണം മറ്റാരെക്കാളും അവൾക്ക് അറിയാമായിരുന്നു അവളുടെ ഹരനെ . " നിങ്ങൾ നാളെ രാവിലെ തന്നെ ഇറങ്ങുമോ " മാധു " അറിയില്ലാ. ഇന്ദ്രേട്ടൻ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല. എനിക്ക് സേം ബ്രേക്കാണ്. " ചായ കുടിച്ച് കൊണ്ടവൾ പറഞ്ഞു. " എന്നാ കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാ മതി നിച്ചു. " " ഞാൻ എന്തായാലും എട്ടനോട് ഒന്ന് ചോദിക്കട്ടെ " ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് റൂമിൽ നിന്നും ഹരന്റെ ഉച്ചത്തിലുള്ള വിളി കേട്ടത്. " അച്ഛാ ... ഒന്ന് വേഗം വാ " അത് കേട്ടതും നിധി സ്റ്റയർ വേഗത്തിൽ കയറി. പിന്നാലെ മറ്റുള്ളവരും . * ഞായറാഴ്ച്ച ആയതിനാൽ അലക്സിയും ഡേവിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഹാളിൽ സെറ്റിയുടെ ഒരു ഭാഗത്തിരുന്ന് അലക്സി ടി വി കാണുന്നുണ്ട്. തൊട്ടപ്പുറത്തിരുന്ന് ഡേവി ഫോണിൽ കളിക്കുന്നുണ്ട്. രണ്ടു പേർക്കുമുള്ള ചായയുമായി മമ്മി അവിടേക്ക് വന്നു. അലക്സി ചായ എടുത്ത് ടി വി യിൽ നോക്കിയിരുന്നു. അതേസമയം മമ്മി ഡേവിയോട് കണ്ണു കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്. "

ചേട്ടായി മമ്മിക്ക് ചേട്ടായിയോട് എന്തോ പറയാനുണ്ടെന്ന് " ഡേവി പറഞ്ഞതും അലക്സി സംശയത്തോടെ മമ്മിയെ നോക്കി. " അത് മോനേ അലക്സി . ഞങ്ങൾക്ക് വയസായി വരുകയല്ലേ . ഞങ്ങൾക്കും കാണില്ലേ മകന്റെ കെട്ട് കാണാനും അവരുടെ മക്കളെ താലോലിക്കാനുമുള്ള ആഗ്രഹം. " " മമ്മി ഇതെന്താ പറയുന്നേ. സപ്ലിയും അടിച്ച് ജോലി പോലും ആവാത്ത ഈ ചെറുക്കനെ പിടിച്ച് കെട്ടിക്കാനോ " " അയ്യോ മമ്മി എന്നെയല്ലാ ചേട്ടായിയെ ആണ് ഉദ്ദേശിച്ചത്. " " എനിക്ക് കല്യാണവും കളവാണമൊന്നും വേണ്ടാ. ഞാൻ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ച് പോക്കോട്ടെ " " നീ എന്താ അലക്സി ഈ പറയുന്നെ . ജീവിത ക്കാലം മുഴുവൻ ഇങ്ങനെ ഒറ്റത്തടിയായി കഴിയാനാണോ " " അമ്മച്ചിക്ക് ഇതെന്താ. മനുഷ്യന് കുറച്ച് സമാധാനം താ" " അല്ലെങ്കിലും നിങ്ങൾക്കൊന്നും അപ്പന്റെയും അമ്മയുടേയും മനസിലെ ആധി അറിയണ്ടല്ലോ. നീ ആരോടാ ഈ വാശി കാണിക്കുന്നത്. ഞങ്ങളോടോ അതോ അപ്പാപ്പനോടോ . ആ പെണ്ണ് കെട്ടി സുഖമായി ജീവിക്കാൻ തുടങ്ങി. നീ മാത്രം ഇങ്ങനെ നിരാശ കാമുകനായി താടിയും മുടിയും നീട്ടി വളർത്തി നടന്നോ .

നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ നല്ല ആലോചനകൾ നിനക്ക് വരുന്നുണ്ട്. " മമ്മി ഓരോന്ന് പിറുപിറുത്തു കൊണ്ട് കണ്ണ് തുടച്ച് അകത്തേക്ക് കയറി പോയി. " നീ എന്തിനാടാ വെറുതെ കിടന്ന് കിണിക്കുന്നേ " ഡേവിയുടെ ചിരി കണ്ട് അവൻ ചോദിച്ചു. " ഒരു മലയാള സീരിയൽ ലൈവായി കണ്ട ഫീൽ . ഒരു കല്യാണത്തിന് ഇത്രയും ഓവർ ആക്റ്റ് ചെയ്യേണ്ട കാര്യമുണ്ടോ മമ്മിക്ക്. " " നീ കൂടുതൽ അഭിനയിക്കണ്ട . ഇതിന് പിന്നിൽ നിന്റെ കുരുട്ടുബുദ്ധി ഉണ്ടെന്ന് എനിക്കറിയാം " " എയ്. എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ എട്ടായി. മമ്മി പറയും എട്ടനോട് കുടുംബക്കാരെ കെട്ടാൻ . അതൊന്നും എട്ടൻ കേൾക്കണ്ട. എട്ടൻ അപ്പാപ്പ നോടുള്ള ദേഷ്യത്തിൽ ഒരു ഹിന്ദു കൊച്ചിനെ അങ്ങ് കെട്ട്. കള്ള കിളവന്റെ കിളികൾ എല്ലാം പോവട്ടെ " " ഡേവി മര്യാദക്ക് സംസാരിക്ക്. മൂത്തവരെ ഇങ്ങനെയാണോ പറയാ " " അതാണോ ഇവിടത്തെ പ്രശ്നം. നമ്മുടെ വിഷയം എട്ടന്റെ കല്യാണമാണ്. ഞാൻ ഒരാളെ പറയട്ടെ എട്ടന് അറിയുന്ന കുട്ടിയാ . ശ്രീലക്ഷ്മിയിൽ ഉണ്ട് ആദി ലക്ഷ്മിയിൽ ഇല്ല. അമ്പലത്തിൽ കാണാം. പള്ളിയിൽ കാണത്തില്ല. "

" നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലായി . അത് നടക്കില്ല ഡേവി " " അതെന്താ അങ്ങനെ ശ്രീദേവി നല്ല കുട്ടിയല്ലേ . എട്ടന് നന്നായി ചേരും " " പറ്റില്ല. " അത് പറഞ്ഞവൻ എണീറ്റതും ഡേവി അവന്റെ കയ്യിൽ പിടിച്ചു നിർത്തി. " അതെന്താ പറ്റാത്തത് . നിച്ചുവിനെ " " ഡേവി... വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. എന്റെ മനസിൽ നിച്ചു എന്നല്ലാ വേറെ ആരും ഇല്ല. ഇനി ഉണ്ടാവത്തും ഇല്ല " അത് പറഞ്ഞവൻ മുകളിലേക്ക് കയറി പോയി. " Mission failed " ഡേവി നിരാശയോടെ ഒരു നമ്പറിലേക്ക് മെസേജ് ചെയ്തു. * ഹരന്റെ വിളി കേട്ട് നിധി റൂമിൽ എത്തുമ്പോൾ ഇന്ദുവിനേയും എടുത്ത് പുറത്തേക്ക് ഓടി വരുന്ന ഹരനെയാണ് കണ്ടത്. " അയ്യോ ഇന്ദു.... എന്താ പറ്റിയത് "അമ്മ " അച്ഛാ വേഗം വണ്ടിയെടുക്ക്" അവളുമായി ഹരൻ സ്റ്റയറുകൾ ഓടിയിറങ്ങി. " അച്ഛൻ അപ്പോഴേക്കും കാറുമായി വന്നു. ഹരൻ അവളുമായി ബാക്ക് സീറ്റിൽ കയറി. കോ ഡ്രെവർ സീറ്റിൽ അമ്മയും. അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിധിയും മാധുവും നിന്നു. " അവൾക്ക് എന്താ നിച്ചു പറ്റിയെ " നിറകണ്ണുകളോടെ മാധു ചോദിച്ചതും നിധി ക്ക് പാവം തോന്നി .

" വാ നമ്മുക്കും പോവാം" അവർ വേഗം വാതിൽ പൂട്ടി ഇറങ്ങി മാധുവിന്റെ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് വിട്ടു. * " ഞാൻ റൂമിലേക്ക് വന്നപ്പോൾ അവൾ വെറും നിലത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും എന്നീക്കുന്നില്ല " കാഷ്വാലിറ്റിക്ക് മുന്നിൽ നിൽക്കുന്ന ഹരൻ ഡോക്ടറോടായി പറഞ്ഞു. " നിങ്ങൾ ടെൻഷനാവാതെ. ഞാൻ എന്തായാലും ഒന്ന് നോക്കട്ടെ " അത് പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി. സമയം പതുക്കെ മുന്നോട്ടു നീങ്ങി. ഹരൻ ഒരു സമാധാനവും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. " അവളെ അകത്ത് കയറ്റിയിട്ട് അര മണിക്കൂറോളം ആയല്ലോ. ഇവർ എന്താ ഒന്നും പറയാത്തത് . ഞാൻ ഒന്ന് അകത്ത് കയറി ചോദിക്കട്ടെ " " നീ സമാധാനത്തോടെ എവിടെയെങ്കിലും ഒന്നിരിക്ക് എന്റെ ജിത്തു. ഡോക്ടർ പരിശോധിക്കുകയല്ലേ " അച്ഛൻ അവനെ ആശ്വാസിപ്പിച്ചു. " ഇന്ദുലേഖയുടെ കൂടെ വന്നവരെ ഡോക്ടർ വിളിക്കുന്നുണ്ട് " നേഴ്സ് വന്ന് പറഞ്ഞതും ഹരനും അച്ഛനും അകത്തേക്ക് നടന്നു. " ഇരിക്കൂ " ഡോക്ടർ പറഞ്ഞതും ഇരുവരും ചെയറിലേക്ക് ഇരുന്നു.

" ഡോക്ടർ ഇന്ദുവിന് " " പേടിക്കാൻ മാത്രമില്ല. നിങ്ങൾക്ക് അറിയാമല്ലോ ഈ സമയത്ത് ഇങ്ങനെ ഉണ്ടാകുന്നതാണ്. പിന്നെ ഫുഡ് കഴിക്കാത്തത് കൊണ്ട് ബോഡി കുറച്ച് വീക്കാണ് " ഡോക്ടർ പറഞ്ഞത് കേട്ട് ഹരനും അച്ഛനും പരസ്പരം ഒന്ന് നോക്കി. " ഞങ്ങൾക്ക് മനസിലായില്ലാ ഡോക്ടർ " " എന്ത് മനസിലായില്ലാ എന്ന് . ഇന്ദു പ്രെഗ്നന്റാണ് . ആ കുട്ടിക്കും ഇതറിയാമല്ലോ. നിങ്ങളോട് ഇതിനെ കുറിച്ച് ഇതുവരെ പറഞ്ഞില്ലേ " " ഇല്ല ഡോക്ടർ. ഇതിന് മുൻപ് ഇതുപോലെ ചെറിയ ഒരു തലകറക്കം വന്നിരുന്നു. അന്ന് അവളുടെ അമ്മ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഇല്ലെന്നാണ് അവൾ പറഞ്ഞത് " അച്ഛൻ പറയുന്നത് കേട്ട് ഡേക്ടർ ചെയറിലേക്ക് ചാരി ഇരുന്നു. " ഇന്ദുലേഖയുടെ ഹസ്ബെന്റ് എവിടെയാണ്. അവർക്ക് എന്തെങ്കിലും ഫാമിലി ഇഷ്യു " " എയ് അങ്ങനെയാന്നും ഇല്ല ഡോക്ടർ. ഇന്ന് രാവിലെ കൂടെ അവളുടെ ഹസ്ബന്റിനോട് ഞാൻ സംസാരിച്ചതാണ്. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് അളിയനും അറിഞ്ഞിട്ടില്ല. " ഹരൻ ഉറപ്പോടെ പറഞ്ഞു. " എന്തായാലും ഇന്ദുവിനോട് നമ്മുക്കൊന്ന് സംസാരിക്കാം. ആളോരു ചെറിയ മയക്കത്തിലാണ്. നമ്മുക്ക് വെയ്റ്റ് ചെയ്യാം " ഡോക്ടർ പറഞ്ഞതും അച്ഛനും ഹരനും സംശയത്തോടെ പുറത്തേക്ക് നടന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...