നീലത്താമര💙: ഭാഗം 51

 

രചന: തൻസീഹ് വയനാട്

 ആനി മഴ പെയ്തു പൊതിർന്ന നിലത്തു പതിയെ അമർത്തി പാദമുറപ്പിച്ചു ശ്രദ്ധയോടെ ആൽവിയെ ചേർന്നു , സാരിത്തുമ്പുകൊണ്ട് ശരീരത്തെ പുതച്ചു നടന്നു വരുന്ന സ്ത്രീയെ കണ്ടതും പത്മയുടെ അച്ഛന്റെ കാലുകൾ കനലിൽ ചവിട്ടിയ പ്രതീതിയിൽ ശരീരം മുഴുക്കെ ചുട്ടു പൊള്ളി. ഒരു തരം മരവിപ്പോടെ അയാൾ അവരെ നോക്കി നിന്നു. അയാൾ അറിയാതെ നിലതെറ്റി വീണു പോയേക്കാമെന്നു കരുതി വലതു കൈ പൊക്കി പൂമുഖ പടിയിൽ ഉയർന്ന ഭാഗത്തു അമർത്തി പിടിച്ചു. ഇടം കയ്യിൽ കഴുത്തിലെ രുദ്രാക്ഷത്തിൽ മുറുകെ അമർന്നു. "എന്റെ ദേവീ...? !" അയാൾ പോലുമറിയാതെ തൊണ്ടക്കുഴിയിൽ നിന്നും അത്ഭുതവും ഭീതിയും ആശ്ചര്യവും കൂടിക്കലർന്ന വാക്കുകൾ ഇടറി കൊണ്ട് പുറത്തേക്കു വന്നു. "ടാ.. ചിന്നു.. അവൾ ഓക്കേ അല്ലെ.. കുഴപ്പമൊന്നുമില്ലല്ലോ... എന്താ സംഭവിച്ചേ പെട്ടെന്ന്..?? " അമ്മച്ചിയേം കൂട്ടി നടക്കുന്നതിനിടയിൽ ഞാൻ അവന്മാരോട് ആവലാതിയോടെ ചോദിച്ചു. "ഇല്ലടാ... അവൾക് കുഴപ്പമൊന്നുമില്ല.. സംഭവിച്ചത് എന്താണെന്ന് അറിയണമെങ്കിൽ അവളുണരണം. കയ്യുടെ വെയ്ൻ കട്ടായതാണ്. അത് തിരുമേനി പറഞ്ഞു. നീയെവിടെയ പോയത്.. ഒരു വാക്ക് പോലും മിണ്ടാതെ.. "(വിച്ചു )

"അത്.... എല്ലാം പറയാം ഞാൻ... " ഞാൻ ഒരു തരം വെപ്രാളത്തോടെ പറഞ്ഞു തീർത്തു. "ഞാൻ വിളിച്ചപ്പോൾ അപ്പായിയും ആന്റിയും പറഞ്ഞത് ആൽവി അവിടെ ഇല്ലെന്നാണല്ലോ.. എന്നെ പറ്റിച്ചതാണല്ലേ.. "? തറവാട്ടിലേക്ക് ആൽവിയുടെ കൂടെ നടന്നു കയറുന്ന അമ്മച്ചിയേയും അപ്പച്ചനെയും പിൻതുടർന്നു വരുന്ന നടത്തത്തിൽ ആദി പരിഭവം കലർത്തി പറഞ്ഞു. "ഇല്ലാന്നേ.. അപ്പോൾ അവനങ്ങേത്തിയിട്ടില്ലായിരുന്നു ആദി മോനെ.. നീ വിളിച്ചു വെച്ചപ്പോൾ ചെറുക്കൻ എവിടെ പോയെന്നു ആലോചിച്ചു പേടിച്ചു ഞാൻ നേരെ നോക്കിയത് ഇവന്റെ മുഖത്തേക്ക്... അല്ലാതെ ഞാൻ നിന്നെ പറ്റിച്ചേയൊന്നുമല്ല... നിന്നെ വിളിച്ചു പറയാൻ അപ്പച്ചനോട് പറഞ്ഞേല്പിച്ചതും ഇവൻ തന്നെയാ പറഞ്ഞത് അവൻ നിന്നെ ഉടനെ വിളിച്ചോളാമെന്ന്. " അമ്മച്ചി ആദിയോട് "എന്നിട്ടെന്നെ വിളിചില്ലല്ലോടാ പര... ഹമ്മേ...... !!!"എന്നു പറഞ്ഞു പൂർത്തീകരിക്കാൻ ആദിയെ ഞാൻ അനുവദിച്ചില്ല അവന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു... "ഏഹ്.. എന്നാടാ.. പറ്റിയെ..? "ഉടനെ ഞാൻ തന്നെ കാലും കയ്യിൽ പിടിച്ചു നിൽക്കുന്ന ആദിയെ നോക്കി കണ്ണുരുട്ടി മിണ്ടരുതെന്ന് അമ്മച്ചി കാണാതെ കാണിച്ചു കൊണ്ട് ചോദിച്ചു..

എന്തൊക്കെയോ വശപ്പിശക് അമ്മച്ചിയും അപ്പച്ചനുമറിയാതെ ഉണ്ടെന്ന് എന്റെ കളി കണ്ടപ്പോൾ അവന്മാർക് മനസിലായതുകൊണ്ടാകാം പിന്നേ അവരൊന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. മഴ വീണ്ടും പൊടിഞ്ഞു തുടങ്ങിയിരുന്നു, ഉടനെ അമ്മച്ചിയെയും അപ്പനെയും ഞാൻ തറവാട്ടിലേക്ക് കൈ പിടിച്ചു കയറ്റി. എന്നെ നോക്കി ഈർഷ്യത്തോടെ നിൽക്കുന്ന പത്മയുടെ അച്ഛന് നേരെ എങ്ങനെ നോക്കുമെന്ന് എനിക്കറിയില്ല. ഞാൻ ഇവിടെ നിൽക്കേ ഇനിയൊരാപത്തു കൂടി ഉണ്ടായാൽ എന്റെ വിച്ചുവിന്റെ വിവാഹം മുടങ്ങാൻ അതൊരു കാരണമാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹ ദിവസം ഞാനിവിടെ നിന്നു മാറിനിന്നത്. വിവാഹം കഴിഞ്ഞെന്നുറപ്പ് വരുത്തി ഞാൻ രണ്ടും കല്പിച്ചു അമ്മച്ചിയേം അപ്പനേം കൂട്ടി വന്നത്, അവളെ പെണ്ണ് ചോദിക്കാനോ, ആലോചിക്കാനോ ഒന്നുമല്ല.

ഇന്നലെ ഞാൻ ചെന്നു കയറിയപ്പോൾ വിവാഹം കാണാതെ മടങ്ങിയതിന്റെ ചോദ്യവും പറച്ചിലുമായിരുന്നു. അവസാനം സഹികെട്ടപ്പോ.. കല്യാണപ്പെണ്ണിന്റെ അപ്പന് സുഖമില്ലാതായപ്പോൾ വിവാഹം ഒരു ദിവസത്തേക്ക് മാറ്റിവെച്ചു എന്നു കള്ളം പറഞ്ഞു. എനിക്ക് അത്യാവശ്യമായി നാട്ടിലെത്തണമെന്ന് പറഞ്ഞു ഓഫിസിൽ നിന്നും മടങ്ങി വന്നതാണ് നാളെ തന്നെ തിരിച്ചു പോകണമെന്നൊക്കെ കളവു മടിക്കാതെ പറഞ്ഞു തീർത്തപ്പോൾ ഒരുവിധം അവർ എല്ലാം കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷേ... മുറിയടച്ചിരുന്നു ഓരോന്നോർത്തു സങ്കടവും ദേഷ്യവും അടക്കിപ്പിടിച്ചു വിതുമ്പലായി പുറത്തേക്ക് വന്നപ്പോൾ അമ്മച്ചി മുറിയിലേക്ക് കയറി വന്നു. ഞാൻ പ്രതീക്ഷിച്ചില്ല അമ്മച്ചി കയറി വരുമെന്ന് ലോക്ക് ചെയ്യാൻ വിട്ടു പോയിരുന്നു. എന്റെ അവസ്ഥ കണ്ട് അമ്മച്ചിയും കരച്ചിലും പറച്ചിലും നെഞ്ചത്തടിയും തുടങ്ങിയപ്പോൾ...നിവർത്തിയില്ലാതെ പത്മയുടെ കാര്യം ഞാൻ പറഞ്ഞു പോയി. അപ്പോൾ ഇറങ്ങിയതാണ് ചട്ടയും മടക്കി കുത്തി എന്റെ അമ്മച്ചി..

അവളുടെ അച്ഛനെ കണ്ട് ജാതി നോക്കാതെ എനിക്ക് കെട്ടിച്ചു തരാൻ അമ്മച്ചിയും അപ്പയും പറയാമെന്നു പറഞ്ഞിട്ട്. എത്ര എതിർക്കാൻ നോക്കിയിട്ടും അവർ ഇരുവരും സമ്മതിച്ചില്ല. എന്റെ കൂടെ പിന്തുടരുന്ന ആപത്തിനെ കുറിച്ച് പറയാനും പറ്റാത്ത അവസ്ഥ.. ജാതി മാത്രമല്ല പ്രശ്നം, മുഖ്യമായത് മറ്റൊന്നാണെന്ന് ഞാൻ എങ്ങിനെ പറയും. സ്വന്തം മകന്റെ ജീവിതത്തിൽ ഇത്രയും വലിയ ആപത്തു പിന്തുടരുന്നുണ്ടെന്നറിഞ്ഞാൽ അവരുടെ അവസ്ഥ.. !! അവസാനം അവരുടെ വാശിക്ക് മുൻപിൽ എനിക്ക് തോൽക്കേണ്ടി വന്നു. എന്തും വരട്ടെ ഞാൻ ഇവിടെ എത്തുമ്പോഴേക്കും വിവാഹം കഴിയുമല്ലോ എന്ന സമാധാനത്തിൽ ഞാൻ അവളെ ഒന്നു കാണിക്കാമെന്ന് കരുതി ഞാൻ അനന്തപുരത്തിലേക്ക് അവരെയും കൊണ്ട് പുറപ്പെട്ടു. നേരെ വിച്ചുവിന്റെ വീട്ടിലേക്ക് പോകാനാണ് വണ്ടി തിരിച്ചത്. ഞാൻ അവിടെ എത്താറായപ്പോൾ അമ്മച്ചിയുടെ ഫോണിൽ നിന്നും ദേവൂനെ വിളിച്ചപ്പോഴാണ് ചിന്നുവിന് ആപത്തുണ്ടായതും എല്ലാവരും അവളെയും കൊണ്ട് ഇവിടെ ആണെന്നും അറിഞ്ഞത്....

പിന്നേ ഒന്നും നോക്കിയില്ല. വണ്ടി തിരിച്ചു വിട്ടു ഇങ്ങോട്ട് ഒരുവിധം ഇരുട്ടിൽ തപ്പി ഞങ്ങൾ ഇവിടെയെത്തി. പത്മയുടെ അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. അദ്ദേഹം പൂമുഖത്തു തന്നെയുണ്ട്. ചെരുപ്പൂരി പടികയറി കൊണ്ട് ഞാൻ അദ്ദേഹത്തെ തലയുയർത്തി നോക്കി. "തിരുമേനി ഇത്... ഇതെന്റെ.. അമ്മ...?? !" "ശങ്കരൻ..??? !!!!!" ഞാൻ അമ്മചിയെ ചൂണ്ടി തിരുമേനിയുടെ മുഖത്തേക്ക് നോക്കി പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും അമ്മച്ചിയുടെ ശബ്ദം തിരിഞ്ഞു നോക്കിയപ്പോൾ.. തിരുമേനിയെ നോക്കി സ്തംഭിച്ചു നിൽക്കുന്ന അമ്മച്ചിയുടെ മുഖം. "ആനി... !!" ഉടനെ അദ്ദേഹത്തിന്റെ മറുപടി അമ്മച്ചിയെ നോക്കി കൊണ്ട്... ഞങ്ങൾ എല്ലാവരും അവരുടെ പ്രവർത്തി കണ്ട് നിശ്ചലരായി നിന്നു... എന്താണ് സംഭവിക്കുന്നത്..? എല്ലാവരുടെ മുഖത്തും ആശ്ചര്യം.. !! ഇവർക്കു പരസ്പരം എങ്ങനെ അറിയാം..??? ! എന്തെങ്കിലും ചോദിക്കാൻ ഞാൻ നാവനക്കുന്നതിനു മുൻപേ അടുത്ത നിമിഷത്തിൽ വിച്ചുവിന്റെ ഫോൺ റിങ് ചെയ്തു..... സ്തംബ്ധരായി നിൽക്കുന്ന എല്ലാവരെയും ഉണർത്താൻ ആ ഫോൺ റിങ് സഹായിച്ചു. അവൻ ഞങ്ങളുടെ നേർക്ക് നോക്കി കൊണ്ട് ഫോണെടുത്തു.. "ഹലൊ.. അച്ഛാ..? !" "ഏഹ്.. എപ്പോ...?

എന്താ പെട്ടെന്ന് സംഭവിച്ചേ..? ഞങ്ങൾ വരുമ്പോ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ.. പെട്ടെന്നെന്ത... ഞാൻ ഉടനെ എത്താം..?? " അവൻ ഫോണിലൂടെ ആധിപിടിച്ചു പേടിയോടെ ഓരോന്ന് പറഞ്ഞു.. "ഫോൺ വെച്ചതും... ടാ.. റയാനെ.. രുദ്ര.. ! " "ഏഹ്.. എന്താടാ വിച്ചു.." (ആദി ) "ടാ.. അവൾ പെട്ടെന്ന് തലചുറ്റി വീണെന്ന്... !!" "ഏഹ്..?? !" എല്ലാവരും ഒന്നിച് "എന്നോടുടനെ അങ്ങോട്ടു ചെല്ലാൻ... ഞാൻ എന്താ ചെയ്യുവാ..? "(വിച്ചു ) "നീ പേടിക്കല്ലേ.. വ.. നമുക്ക് അങ്ങോട്ടു പോകാം.. അച്ചായാ.. നീയും റയാനും ഇവിടെ നിൽക് ചിന്നുന്റെ അരികിൽ.. ഞങ്ങൾ വീട്ടിലേക്ക് ചെല്ലട്ടെ.. "(ആദി അങ്കലാപ്പോടെ പറഞ്ഞിറങ്ങി.. ) "ടാ... നിങ്ങൾ ചെന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും ഡോക്ടറെ കൂട്ടി വീട്ടിലേക്ക് ചെല്ലുന്നത് ആണ്... "(ആൽവി ) "ഈ നേരത്ത് ഏത് ഡോക്ടർ..??" (ആദി നഖം കടിച്ചു ) ""ഐറാ.. " (റയാൻ ഉടനെ പറഞ്ഞു ) "അതിനു അവളെ. .എങ്ങനെ.. "ഹോസ്പിറ്റൽ ഉണ്ടാകുമോ..? അവിടെ ഉണ്ടെങ്കിൽ തന്നെ കൂട്ടി വീട്ടിൽ എത്തുമ്പോഴേക്കും വൈകും.."(വിച്ചു )

"ഇല്ലാ.. അവളിവിടുണ്ട്.. വിവാഹം കഴിഞ്ഞിട്ട് അവളിവിടെ അടുത്തുള്ള റിലേറ്റീവിന്റെ അടുത്ത് നിൽക്കുമെന്നാണ് പറഞ്ഞത്.. നമ്പർ ണ്ട് ഇന്റയിൽ.. ഇന്ന് തന്നതാ.. "(റയാൻ ) "എങ്കിൽ ചെല്ല്.. വേഗം ഒന്നുമാലോചിക്കണ്ട.. "(ആൽവി ) ഉടനെ... റയാനും ആദിയും വിച്ചുവും അച്ചായനെയും അമ്മച്ചിയേയും അപ്പനെയും അവിടെ നിർത്തി ഐറയെ കൂട്ടാൻ പോയി. അവർ പോയ ഉടനെ ആൽവി തിരുമേനിയെയും അമ്മച്ചിയേയും നോക്കി. "നിങ്ങളെങ്ങനെ..?? !! മുൻപേ അറിയുമോ.? !? " അയാൾ ആൽവിയിടെ ചോദ്യം കേട്ടതും അവന്റെ മുഖത്തേക്ക് നോക്കി ഉടനെ അവന്റെ അമ്മച്ചിയുടെയും... "സംശയിച്ചു നോക്കണ്ട ശങ്കര... അവൻ തന്നെയാ... മേലുകാവിലെ ഇളമുറതമ്പുരാൻ കൊല്ലാൻ തന്ന തമ്പുരാട്ടിയുടെ മകൻ....തന്നെയാ.. ! നീ അവളെ ഏല്പിച്ച തമ്പുരാൻ കുഞ്ഞ്. !!!" സംശയത്തോടെ ആൽവിയെയും അമ്മയെയും നോക്കി നിശ്ചലനായി നിൽക്കുന്ന ശങ്കരൻ നമ്പൂതിരിയെ നോക്കികൊണ്ട് അപ്പച്ചൻ പിന്നിൽ നിന്നും മൃദുമന്ദഹാസത്തോടെ പറഞ്ഞു തീർത്തു. അയാൾ ആ വാക്ക് കേട്ടതും ആൽവിയുടെ അടുത്തേക്ക് നടന്നു നീങ്ങി.. ഒരുതരം തരിപ്പോടെ.. പാദങ്ങൾക് ഭാരം കൂടിയ പോലെ.. ആൽവിയെ അയാൾ നിറഞ്ഞ കണ്ണുകളാൽ നോക്കി...

വിതുമ്പിവന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കൊണ്ട് അയാൾ വലതു കയ്യുയർത്തി കൊണ്ട് അവന്റെ മുടിയിൽ തലോടി... പതുക്കെ രണ്ടു കൈകളും കൊണ്ട് വിശ്വസിക്കാനാകാത്ത വിധം അവന്റെ മുഖം കയ്യിലെടുത്തു ഒരുപാടു നേരം നോക്കി നിന്നു... എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആൽവിൻ അയാളുടെ പ്രവൃത്തിയിൽ ആകുലതയോടെ നിന്നു കൊടുത്തു.. അവന്റെ വിരിഞ്ഞ നെഞ്ചിലും കൈകളിലും തലോടിക്കൊണ്ട് അയാൾ.. ഒടുവിൽ അവനേ ചേർത്തു പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.... ഉറക്കെ... ഉറക്കെയുറക്കെ... പെട്ടെന്ന് ബോധോദയം വന്നത് പോലെ അയാൾ അവനിൽ നിന്നകന്നു... ഉടനെ ഇരുകൈകളും കൂപ്പി കൊണ്ട് "മാപ്പ്.. മാപ്പാക്കണം തമ്പുരാനെ... ഈ ബുദ്ധിയില്ലാത്തവനോട്... മാപ്പ്... ഈ കവിളിൽ ഞാൻ എന്റെ വൃത്തികെട്ട കൈകൾ കൊണ്ട് വേദനിപ്പിച്ചു.... മാപ്പ് തരണം അടിയന്.... ഹയ്യോ.... എന്തൊരു ബുദ്ധി മോശമാണ് ഞാൻ ചെയ്തത്.... " അയാൾ എന്തൊക്കെയോ പുലമ്പികൊണ്ട് ആൽവിയുടെ കാലുപിടിക്കാനായി തലകുനിച്ചു... അവനൊരമ്പരപ്പോടെ... ആകെ പതറികൊണ്ട്... കുനിഞ്ഞു പോകുന്ന അയാളെ പിടിച്ചുയർത്തി.... "ഏയ്‌.. അങ്ങുന്നേ.. എന്നതാ ഈ ചെയ്യുന്നേ.. എഴുന്നേൽക്ക്... അമ്മച്ചീ.. അപ്പാ... ഒന്ന് പറയു... എന്നതാ ഇത്..?? "

അയാളുടെ പ്രവൃത്തിയിൽ അമ്മച്ചി മുഖം പൊത്തി കരഞ്ഞു... അപ്പച്ചൻ അവരെ നോക്കി നിറകണ്ണുകളോടെ പുഞ്ചിരിച്ചു. ഇവരൊക്കെ എന്താണിങ്ങനെ പെരുമാറുന്നതെന്ന് ആലോചിച് തരിപ്പോടെ ആൽവിയും ഉള്ളിൽ നിന്നും അച്ഛൻ ആൽവിയുടെ കാലു പിടിക്കാൻ പോകുന്നത് കണ്ട് പത്മയും അമ്പരന്നു... "അറിഞ്ഞില്ല ഞാൻ ആനി... എന്റെ മുൻപിൽ നിൽക്കുന്നത് ഞാൻ നിനക്ക് ഏല്പിച്ച, ഈ നാടിന്റെ രാജാവിനെ ആയിരിക്കുമെന്ന്... " അയാൾ അമ്മച്ചിയെ നോക്കി കൈകൂപ്പി പറഞ്ഞു... "അവനേ ഒന്നും അറിയിച്ചിട്ടില്ല ഇത്രയും കാലം.. ഞങ്ങളുടെ മകനായി തന്നെയാണ് വളർത്തിയത് ഇക്കാലമത്രയും.. ഒരിക്കലുമറിയിക്കരുതെന്ന് കരുതിയതാണ്.. പക്ഷെ... ഇത് വിധിയാണ്.. അവനവന്റെ ജന്മ രഹസ്യം അറിഞ്ഞല്ലേ പറ്റു.. അത് കർത്താവിന്റെ തീരുമാനമാണ്..." ആൽവിയുടെ അച്ഛൻ മുഖം പൊത്തി കരയുന്ന അവന്റെ അമ്മച്ചിയെ ചേർത്തു പിടിച്ചു കൊണ്ട് നമ്പൂതിരിയോട് പറഞ്ഞു തീർത്തു. "അതെ.. അല്ലെങ്കിൽ.. വഴിതെറ്റാതെ... അവൻ ഇവിടെ തന്നെ വന്നെത്തില്ലല്ലോ.. അല്ലെ.. ഇച്ചായാ... "വിങ്ങിപൊട്ടിക്കൊണ്ട്.. അമ്മച്ചി പറഞ്ഞു.. ആൽവി ഒന്നും മനസ്സിലാകാതെ നിർകുത്തനെ അവരുടെ സംഭാഷണം കേട്ടു തരിച്ചു നിന്നു..

"നിങ്ങളെന്നായൊക്കെയാ ഈ വിളിച്ചു.. പറയുന്നേ...??? ! "പരിധി വിട്ടവൻ ചോദിച്ചു.. "അകത്തേക്കു വരു... എല്ലാം പറയാം... "തിരുമേനി ബഹുമാനത്തോടെ അവനേ നോക്കി പറഞ്ഞു... അകത്തു കയറി ഇരിപ്പുറക്കാതെ അവൻ വീണ്ടും വീണ്ടും ചോദിച്ചു.... അവസാനം അപ്പച്ചൻ അവനോട് ചേർന്നു നിന്നു പറഞ്ഞു... "നീ ഞങ്ങളുടെ മകനല്ല.. !!!ഞങ്ങൾക്ക് കർത്താവു ശങ്കരൻ നമ്പൂതിരി വഴി എത്തിച്ചു തന്ന തമ്പുരാൻ കുഞ്ഞാണ് "! ആ വാക്കുകൾ കേട്ടതും അമ്മച്ചി വാ പൊത്തി കരഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം സ്വന്തം പെറ്റമ്മയും അച്ഛനുമായി കണ്ടവർ തന്റെ ആരുമല്ല എന്നു കേൾക്കുന്ന ഒരു മകന്റെ അവസ്ഥ... ! തകർന്നു പോയ ചില്ലുപാത്രം പോലെ അവന്റെ മനസ്സ്... കുത്തികയറുന്ന കുപ്പിച്ചില്ലുകൾ ഹൃദയത്തെ കീറിമുറിക്കുന്ന അവസ്ഥ.. അവനു നിലതെറ്റുന്ന പോലെ തോന്നി.. തളർന്നു കൊണ്ടവൻ അടുത്ത് കണ്ട മരമേശയിൽ നില്പുറപ്പിച്ചു. കിതക്കുന്ന പോലെ, ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥ. ചെവിയിൽ വണ്ട് മൂളി പറക്കുന്ന ഒരു തരം അസ്വസ്ഥത. "ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഈ നാട് വാഴുന്ന തമ്പുരാന്റെ ഏക മകൾ തമ്പുരാട്ടിക്കുട്ടിക്ക് കേവലം യുദ്ധഭടനോട്‌ തോന്നിയ ദിവ്യ പ്രണയത്തിന്റെ കർമഫലം... നീയെന്ന കുഞ്ഞിന്റെ ജീവന്റെ തുടിപ്പ്.." ഒടുവിൽ അതിവിടെ വരെയെത്തി. ഒട്ടും പ്രതീക്ഷിച്ചില്ല.. യുദ്ധവുമസാനിച്ചു നാടു ചിതറിയ കാലഘട്ടത്തിൽ നാട്ടുപ്രമാണി തിരിച്ചു വരുമെന്ന് "!!! പത്മയുടെ അച്ഛൻ പഴയ കഥകളുടെ കെട്ടഴിച്ചു. ഓരോന്ന് കേൾക്കുമ്പോഴും മരമേശയുടെ മേശവിരിപ്പ് ആൽവിയുടെ കണ്ണിനീരിന്റെ ഉപ്പുരസത്തിൽ കുതിർന്നു കൊണ്ടിരുന്നു........ തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക