നീലത്താമര💙: ഭാഗം 52

 

രചന: തൻസീഹ് വയനാട്

 ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് അനന്തപുരം..... "అతడు దీర్ఘకాలం జీవించగలడు!!!" "വിജയദേവുഡ്ഗൊപ്പ നീണാൾ വാഴട്ടെ... !!!!" "വാഴട്ടെ... മിഴിവേറട്ടെ.... !!" "ഹെലെസ്സാ..... ഹേയ്.. ഹെലസ്സ... !!" കുതിര കുളമ്പടിയോടൊപ്പം മുപ്പത്തി രണ്ട് അനുയായികളുടെ അകമ്പടിയിൽ നടുവിൽ സ്വർണത്തിൽ തീർത്ത, നൂറ്റിപ്പത്തു സിംഹത്തല കൊത്തിവെച്ച കനമേറിയ, വെളുത്ത വിരികളാൽ മറച്ച പല്ലക്ക് മുൻപിൽ വെളുത്ത കുതിരയുടെ മുകളിൽ നെഞ്ച് വിരിച്ചു ഉടവാളുയർത്തി പിടിച്ചു കൊണ്ടു വഴിയൊരുക്കി കൊടുക്കുന്ന പടനായകനെ പിന്തുടർന്ന് കൊണ്ടു മന്ദം മന്ദം യാത്ര തുടർന്നു.. അനന്ദപുരം ഉണർന്നു... അടിമകൾക്കുറക്കമില്ല രാവും പകലും എല്ലുമുറിയെ പണിയെടുത്തു തളർന്നവർ വീണ്ടും അവരുടെ "കർമ്മം " തുടർന്നു കൊണ്ടിരുന്നു. പടനായകൻ വീരഭദ്രന്റെ കുതിരയുടെ കുളമ്പടി കേട്ടതുo അടിമകൾ ഓരോരുത്തരും ഏർപ്പെട്ടിരുന്ന ഓരോ പ്രവൃത്തിയും അടുത്ത നിമിഷം ഹൃദയം വിറച്ചുകൊണ്ട് നിറുത്തി വച്ചു. ഇന്നലെ അരുൾപ്പാടുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന "തമ്പുരാന്റെ ഏകമകൾ വിജയപാർവതിദേവുടുവിന്റെ ജന്മനാൾ ആയ ദിവസം,

ദേവിക്ഷേത്രത്തിലേക്ക് പനിനീരിനു തുല്യം പരിശുദ്ധമായ നീലത്താമര വിരിഞ്ഞു കൂമ്പിയ തെളിനീരിൽ മുങ്ങിനിവരാൻ തമ്പുരാട്ടി പോകുന്നവഴിയിൽ അടിമകളുടമകളാരും തന്നെ വഴി വക്കിൽ നിന്നു തമ്പുരാട്ടിക്കുട്ടിയുടെ പത്തു ദിവസം നീണ്ട വൃതത്തിനു കോട്ടം വരുത്തി വിനവാങ്ങരുതെന്ന്... " അങ്ങിനെ വഴിവക്കിലൊരു പുൽച്ചാടിയെ കണ്ടെന്നാൽ പോലും അടുത്ത നിമിഷം ചിന്തിക്കാതെ തലയറുക്കണമെന്നാണ് രാജശാസനം. അതുകൊണ്ട് തന്നെ ശ്വാസമടക്കിപിടിച്ചു കൊണ്ടു ഓരോരുത്തരും മറഞ്ഞു മാറി നിന്നു. പരിശുദ്ധമാക്കപ്പെട്ട നീലത്താമര വിരിയുന്ന ദേവീക്ഷേത്രത്തിനു മുൻപിലെ തെളിനീരിൽ മുങ്ങിയെഴുന്നേറ്റു കണ്ണടച്ച് തുറന്നെഴുന്നേൽക്കുമ്പോൾ മനോഹരിയായ ദേവി പാർവതിയുടെ അർദ്ധനഗ്ന രൂപം കണി കാണണമെന്നാണ്. അതിനു വേണ്ടി നീണ്ട പത്തു ദിവസം തമ്പുരാട്ടിക്കുട്ടിക്ക് വൃതമാണ്.കണ്ണു തുറന്നെഴുന്നേറ്റാൽ വിഗ്രഹത്തിനു മുൻപിൽ നിന്നും കുളത്തിൽ നിന്നും പറിച്ചെടുത്ത നീലത്താമരയുടെ ഇതൾ കഴിച്ചു വൃതമവസാനിപ്പിക്കണമെന്നാണ് നിയമം. വർഷങ്ങൾക്കു മുൻപ് വിജയദേവപ്രതാഭതമ്പുരാന്റെ ആന്ധ്രായിലേക്കുള്ള കടന്നുവരവ് അന്ന് ആന്ധ്രാ ഭരിച്ചിരുന്ന രാജാവിന്റെ അഥിതി ആയിട്ടായിരുന്നു.

നാട് കാണുന്നതിനിടയിൽ പച്ചപ്പു പടർന്ന അനാഥപുരിയെ കൊതിയോടെ നോക്കി നിൽക്കുന്ന തമ്പുരാന് അന്നത്തെ രാജാവ് കൊടുത്ത വിശിഷ്ട ഭോജനങ്ങളുടെ കൂട്ടത്തിൽ ഈ അനാഥപുരിയുടെ ഉടമസ്ഥാവകാശവും ഉണ്ടായിരുന്നു. കാടു മൂടി കിടക്കുന്ന അനാഥപുരിയെ ഇരു കയ്യും നീട്ടി സ്വീകരിച്ചതും ഇനിയൊരു തലമുറ പിറക്കില്ലെന്നുറപ്പിച്ച രാജദമ്പതികളുടെ ഇടയിലേക്ക് ഒരു പുതുജീവൻ ഉണരുന്നതും ഒരുമിച്ചായിരുന്നു. മക്കളുണ്ടാകില്ലെന്നുറപ്പിച്ച തമ്പുരാന്റെ പത്നിക്ക് ഗർഭമുണ്ടായത് ഈ മണ്ണിന്റെ പരിശുദ്ധി കൊണ്ടാണെന്ന് വിശ്വസിച്ച തമ്പുരാൻ കേരളം വിട്ടു അനാഥപുരിയിലേക്ക് തന്റെ സന്നാഹങ്ങളെ മുഴുവനായും പറിച്ചു നട്ടു. അനാഥപുരിയെ അനന്തപുരം എന്ന പേരിട്ടു വിളിച്ചു. തന്റെ ഭരണം ഇവിടെ തുടർന്നു. അന്ന് അനാഥപുരിയിൽ കാട്ടിൽ വസിച്ച ജനങ്ങളെയും തന്റെ അടിമകളാക്കി അദ്ദേഹം. ദേവി ക്ഷേത്രം കണ്ടുപിടിച്ചു. തന്റെ കുലദേവത ആക്കി. വർഷത്തിലൊരിക്കൽ എല്ലാവരുടെയും ജന്മനാളിൽ തൊഴാൻ നിയമം വച്ചു. അമൂല്യമായ നീലത്താമരയെ തൊടൽ വിലക്കി. സമൃദ്ധമായ ഭരണം അയാൾ നടത്തി വന്നു. ഇന്ന് വർഷങ്ങൾക്കിപ്പുറം തമ്പുരാട്ടിക്കുട്ടിക്ക് പതിനേഴു തികയുന്ന നാളാണ്.

അവളുടെ ജന്മരാശി ദേവി പാർവതിയുടേത് തന്നെ അതുകൊണ്ട് തന്നെ ആ നാമം തന്നെ തമ്പുരാട്ടിക്കുട്ടിക്ക് വെച്ചു. നീലത്താമര വിരിയുന്ന പൗർണമി നാളിൽ അവളുടെ ജന്മദിനം. അതിനാണ്. പുലർച്ചെയുള്ള നീരാട്ട് കഴിഞ്ഞാൽ... പിന്നീടുള്ള ഏഴു ദിനങ്ങളിൽ നാടിനുത്സവമാണ്. തമ്പുരാട്ടിക്കുട്ടിയുടെ ജന്മദിനാഘോഷം അതിഗംഭീരമായി ആഡംബരത്തോടെ ആഘോഷിക്കും. അതുകൊണ്ട് തന്നെ അന്ന് മുതൽ ഏഴു ദിനം അടിമകൾക്ക് വയറു മുറുക്കെണ്ടതില്ല... വിഭവസമൃദ്ധമായ ഭോജനമാണ്. അന്ന് ദേവീക്ഷേത്രത്തിനു പുറത്തുള്ള കാടുമൂടിയ പ്രദേശം ഒക്കെ വെട്ടിവെടിപ്പാക്കി വെയ്ക്കും അടിമകൾ അവർക്കു ഉള്ളിലേക്ക് പ്രവേശനമില്ല. അതിനുള്ളിലേക്ക് ദേവിക്ക് കൂട്ടുപോകുന്ന രാജഭടന്മാർക്കും പടനായകനും ഒരു തോഴിക്കും മാത്രമേ പ്രവേശനമുള്ളൂ... പക്ഷെ.. ഗുഹാകവാടം കഴിഞ്ഞു ക്ഷേത്രത്തിലേക്കുള്ള അവസാന കവചം, പുറമെ വഴുവഴുത്ത അകമേ പൂക്കളാൽ അനാവൃതമായ പ്രതലം വരെയേ തോഴിക്കും പടനായകനും ഭടനും പ്രവേശനമുള്ളൂ. അതു കഴിഞ്ഞാൽ അവിടം മുതൽ തമ്പുരാട്ടിക്കുട്ടി ഒറ്റക്കാണ് യാത്ര. ദേവിയെ കണ്ടു തൊഴുതു വൃതം മുറിച്ചവൾ തിരികെ വരുന്ന വരെ അവരവിടെ കാത്തു നിൽക്കും..

ഒടുവിൽ പല്ലക്ക് നിലത്തു നിലയുറപ്പിച്ചു കൊണ്ടു ഭടന്മാർ മാറി നിന്നു. ഇളം കാറ്റടിച്ചു വീശി... നേർത്ത ചന്ദന ഗന്ധം കാറ്റിൽ പരന്നു.... പല്ലക്കിനു മുകളിൽ മറച്ച വെളുത്ത വിരി തോഴികൾ വകഞ്ഞു മാറ്റി തലകുനിച്ചു നിന്നു. കൊട്ടും ആർപ്പു വിളിയുo നിശബ്ദമായി. പല്ലക്കിനുള്ളിൽ നിന്നും കൊലുസിന്റെ നേർത്ത ശബ്ദം... എല്ലാവരും തലകുനിച്ചു വലതു കൈ നെഞ്ചിൽ അമർത്തി നിന്നു. ഉടനെ വെളുവെളുത്ത പാദങ്ങൾ മണ്ണിലേക്ക് എടുത്തു വച്ചു കൊണ്ടു അതിസുന്ദരിയായ തമ്പുരാട്ടിക്കുട്ടി പല്ലക്കിനു വെളിയിലേക്ക് ഇറങ്ങി നിന്നു. വെള്ളിലവള്ളികൾ അവളെ സ്വീകരിക്കാനെന്ന വണ്ണം അവളുടെ സൗന്ദര്യത്തിൽ മതി മറന്നു കാറ്റിലലയടിച്ചു. കിളികളുടെ കൊഞ്ചലുകൾ അവളുടെ ചുമന്ന പനിനീർ അധരങ്ങളിൽ പുഞ്ചിരി വിടർത്തി. കൈകൂപ്പി കൊണ്ടു അവൾ ഉടവാള് നെഞ്ചോടു ചേർത്ത പടനായകനെ പിന്തുടർന്ന് നടന്നു. തോഴി ഗുഹാകവാടത്തിനു മുൻപിൽ തിരിതെളിയിച്ചു ഉള്ളിലേക്ക് വെളിച്ചം പടർത്തി. പടനായകനും തമ്പുരാട്ടിക്കുട്ടിയും മറ്റൊരു ഭടനും കൂടെ ഗുഹയിലേക്ക് പ്രവേശിച്ചു. അവസാന കവചത്തിൽ എത്തിയതും പടനായകനും ഭടനും നില്പുറപ്പിച്ചു. അവൾക്കു വഴിമാറി കൊടുത്തു. ഉടനെ..

വഴുവഴുത്ത പ്രതലത്തിൽ കൂടി അവൾ കണ്ണുകൾ അമർത്തിയടച്ചു ഉള്ളിലേക്ക് കയറി... അടുത്ത നിമിഷം ഇരുട്ട് നിറഞ്ഞവെളിച്ചത്തിൽ നിന്നും മനോഹാരിത നിറഞ്ഞ ക്ഷേത്രപരിസരത്തിലേക്ക് അവളുടെ പാദം അമർന്നു. എല്ലാവർഷവും കണ്ടു ശീലിച്ച മണ്ണിലൂടെ അവൾ കൈകൂപ്പി നടന്നു. നടപ്പാതയിലൂടെ... ചെമ്പകമരങ്ങൾക്കിടയിലൂടെ മുല്ലവള്ളികൾ പടർന്നു കയറിയ ഇടുക്കിലൂടെ അവൾ നടന്നു നീങ്ങി.... ഓരോ കാൽ വെപ്പിലും അവളെ ദേവി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിനുതകുന്നവണ്ണം അവളുടെ ശരീരത്തിലേക്ക് പൂക്കൾ ചൊരിഞ്ഞുകൊണ്ടിരുന്നു.... അവയുടെ മാസ്മരിക ഗന്ധം മനം മയക്കുന്നതായിരുന്നു.... നടന്നു നടന്നു ഒടുവിലവൾ ജലം കാണാതെ തിങ്ങിനിറഞ്ഞു പൂത്തു കൂമ്പിയടഞ്ഞ നീലത്താമരകൾ വിരിഞ്ഞ കുളത്തിനു മുൻപിൽ എത്തി നിന്നു. കണ്ണിനു കുളിർമ നൽകുന്ന കാഴ്ച. അല്പം പോലും വിനാഴിക പാഴാക്കാതെ അവൾ കുളത്തിനരികിൽ കെട്ടിയുണ്ടാക്കിയ പടവിൽ വൈഡൂര്യക്കല്ലുകൾ കൊണ്ടു മനോഹരമായി പതിപ്പിച്ചുണ്ടാക്കിയ മേലുടയാട അഴിച്ചു വെച്ചവൾ ആഴം കുറഞ്ഞ ഭാഗത്തു പാദമോരോന്നായി ഉറപ്പിച്ചു വെച് കൊണ്ടു തെളിഞ്ഞ ജലത്തിൽ കാലുറപ്പിച്ചു വെച്ചു കൊണ്ടു മൂക്ക് പൊത്തി കണ്ണുകളടച്ചു കൊണ്ട് ശ്വാസം പിടിച്ചു മുങ്ങി നിവർന്നു......

രണ്ടു തവണ ആവർത്തിച്ച് കൊണ്ടു ഒന്നുകൂടെ അവൾ മുങ്ങി നിവരാൻ വേണ്ടി അവൾ കുളത്തിലേക്ക് അല്പം നീങ്ങി നിന്നതും..... ഒട്ടും പ്രതീക്ഷിക്കാതെ... അവളുടെ കൊലുസിൽ താമര വള്ളി കുടുങ്ങി തിരിച്ചു കയറാൻ കഴിയാതെ അവൾ കുളത്തിലേക്ക് മറിഞ്ഞു വീണു...... ദേവീ............ അവളുറക്കെ വിളിച്ചു കൊണ്ട് കുളത്തിലേക്ക് മുങ്ങാംകുഴിയിട്ടു താണു പോയി.. ഗുഹക്കകത്തു നിൽക്കുന്ന പടനായകനും ഭടനും പകച്ചു പോയി... "അച്ഛാ.. തമ്പുരാട്ടികുട്ടി. ..?? ! " പടനായകന്റെ മകനാണ് ഭടനായി അന്ന് കൂടെ കൂടിയത്... കാര്യങ്ങൾ ചിട്ടവട്ടത്തോടെ പഠിക്കാൻ വേണ്ടി അവനേ അന്ന് പടനായകൻ കൂടെ കൂട്ടിയതാണ്. ഉടനെ.. മറ്റൊന്നും ചിന്തിക്കാതെ പടനായകനുമുന്പേ അവൻ കവചം തള്ളി ക്ഷേത്ര പരിസരത്തേക്ക് ആദ്യമായ്‌ കാലെടുത്തു വെച്ചു. ഇതുവരെ രാജവംശം മാത്രം പാദമുദ്ര പതിപ്പിച്ച മണ്ണിൽ ഇന്നൊരു ഭടന്റെ പാദം പതിഞ്ഞിരിക്കുന്നു. എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. നിയമം തെറ്റിച്ചു. പക്ഷെ ജീവൻ രക്ഷിക്കലാണ് അവന്റെ കടമ. അവനോടി കിതച്ചു കൊണ്ടു ആ മാസ്മരിക ലോകത്തു കൂടി തമ്പുരാട്ടിയെ തിരഞ്ഞു... ഓടുന്ന ഓട്ടത്തിൽ അവന്റെ യുദ്ധകവചത്തിനു പുറത്തുകൂടെ പൂക്കൾ ശരവർഷം പോലെ ഉതിർന്നു വീണു..

അവനവയെ തട്ടിത്തെറിപ്പിച്ചു കൊണ്ടു ഓടി... താമരകൾ നിറഞ്ഞ കുളത്തിനടിയിലേക്ക് പച്ച ഇലകൾക്കും പൂകൾക്കും ഇടയിലൂടെ തമ്പുരാട്ടിയുടെ നനുത്ത വിരലുകൾ അടിച്ചുയരുന്നനതവൻ കണ്ടു.... "അയ്യോ... തമ്പുരാട്ടി കുട്ടി..?? "!! ഒട്ടുമാലോചിക്കാതെ അവൻ അവന്റെ കവചമഴിച്ചുവെച്ചു കുളത്തിലേക്ക് എടുത്തു ചാടി... "ഗ്ലo... !!!" ഉടനെ വെള്ളത്തിനടിത്തട്ടിലേക്ക് ബോധം മറഞ്ഞു കൊണ്ടവൾ താഴ്ന്നു താഴ്ന്നു പോകുന്നതിനിടയിൽ അവളുടെ അരക്കെട്ടിൽ പിടിച്ചു പിടുത്തം കിട്ടിയത് അവളുടെ അരഞ്ഞാണത്തിൽ..... അവനതിൽ പിടിച് വലിച്ചു കൊണ്ടു അവളെ നെഞ്ചോടു ചേർത്തു ജലാശയത്തിനു മുകളിലേക്ക് പൊന്തി..... കിതപ്പോടെ ശ്വാസം എടുത്തു കൊണ്ട് തമ്പുരാട്ടിയെ കരയിലെത്തിച്ചു.. "തമ്പുരാട്ടി.. തമ്പുരാട്ടി..??? കണ്ണു തുറക്കു. " ഉടയാടയില്ലാതെ വിളർത്തു കൊണ്ടു അവന്റെ മടിയിൽ കിടക്കുന്ന തമ്പുരാട്ടിയുടെ കവിളിൽ മടിയോടെ തൊട്ടു കൊണ്ടവൻ വിളിച്ചു..

ഇല്ലാ.. അനക്കമില്ല... കൂടുതൽ ചിന്തിച്ചില്ല... ശിരസു ഭാഗത്തുറപ്പിച്ച ഇടതു കയ്യെടുത്തു വലതു കൈയുടെ മേൽ ചേർത്തി വച്ചു കൊണ്ടു അവളുടെ മേൽക്കുപ്പായത്തിനു താഴെ... നഗ്നമായ അവളുടെ വയറിൽ അവൻ പിടിച്ചമർത്തി.... നനുത്ത വിളർത്ത ചുണ്ടുകളിൽ കൂടി കുടിച്ച വെള്ളം പുറത്തേക്ക് ചുരത്തി.. ഒടുവിൽ.. എല്ലാത്തിനുമൊടുവിൽ അവൻ അവന്റെ അധരങ്ങളെ അവളുടെ നേർത്ത അധരങ്ങളിൽ ചേർത്തു കൊണ്ടു... അവന്റെ ശ്വാസം അവൾക്കുള്ളിലേക്ക് കടത്തി വിട്ടു... ഇടയിൽ അവന്റെ ഉമിനീർ അവളുടെ നാവിൽ പടർന്നു തൊണ്ടക്കുഴി വഴി ഇറങ്ങി.... പതുക്കെ... കൂമ്പിയടഞ്ഞ അവളുടെ മിഴികൾ അവന്റെ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് തുറന്നു. അതെ... അവളിലേക്ക് അവന്റെ ഉമിനീർ പടർന്നു... അവളുടെ വൃതം മുറിഞ്ഞു...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക