നിലാമഴ: ഭാഗം 27

 

എഴുത്തുകാരി: അനു രാജീവ്

ആഞ്ഞു കുത്തിയവന്റെ കൈകൾക്ക് ഒരല്പം പോലും മുന്നോട്ട് ചലിച്ചില്ല..... വിറക്കുന്ന കൈകളോടെ അവന്റെ മുഖം തനിക്ക് നേരെ നിൽക്കുന്നവനിലേക്കുയർന്നു.. വായിലൂടെ ഒലിക്കുന്ന ചോര പുറത്തേക്ക് തുപ്പി കൊണ്ട് അവൻ കണ്ണുകൾ മാത്രമുയർത്തി നോക്കി... ആ നോട്ടത്തിൽ കത്തി പിടിച്ചവൻ ഒന്ന് പതറി.. ഒരു നിമിഷം കൊണ്ട് അവന്റെ കൈ പിടിച്ചു തിരിച്ച് പിൻ കഴുത്തിലേക്ക് ആ കത്തി കുത്തിയിറക്കി.. അവൻ പിടഞ്ഞു കൊണ്ട് മഴ വെള്ളത്തിലേക്ക് പതിച്ചു.. ❤️ഹർഷിത്❤️ മുണ്ട് മടക്കി കുത്തി നേരെ നിന്നു.. ഓരോരുത്തരായി മുന്നോട്ട് വന്ന് അടിവാങ്ങി താഴെ വീഴുമ്പോഴും ആൻ തറഞ്ഞു നിൽക്കുകയായിരുന്നു.. ഇതെല്ലാം വിശ്വസിക്കണമെന്ന് ഉള്ളറിഞ്ഞ് ആഗ്രഹിക്കുമ്പോഴും പലതവണ സ്വപ്നം കണ്ട് നഷ്ടപ്പെട്ടതിന്റെ വേദന മനസ്സിലേക്ക് വന്ന് അവളുടെ ഹൃദയത്തെ വൃണപ്പെടുത്തി കൊണ്ടിരുന്നു. . ഒരു പക്ഷേ ഇതും സ്വപ്നമായി പോയാലോ എന്ന പേടി അവളെ വലിഞ്ഞുമുറുകി... ഒന്നും ഉൾക്കൊള്ളാനോ വിശ്വസിക്കാനോ കഴിയാത്ത, എന്നാൽ ഇതെല്ലാം സത്യം തന്നെയാവണേ എന്ന നിറഞ്ഞ പ്രാർഥനയോടെ അവളാ മഴയത്തു തന്നെ നിന്നു...

അപ്പോഴേക്കും സ്റ്റീഫൻ വന്ന് കരയുന്ന കുഞ്ഞിനെ കയ്യിലെടുത്തു.. അവൻ ആനിനെ ഒന്ന് തട്ടിവിളിച്ചതും അവൾ ഞെട്ടി... "സ്റ്റീ... സ്റ്റീഫൻ.. അതെന്റെ ഹർഷേട്ടനല്ലേ.. എനിക്കറിയാം.. അതെന്റെ ഹർഷേട്ടനാണ്.. അപ്പൊ ഇത്രയും ദിവസം എന്റെ അടുത്തുണ്ടായിരുന്നത് ആരവ് ആയിരുന്നില്ലേ? ഹർഷേട്ടനായിരുന്നോ? ഞാനറിഞ്ഞില്ലല്ലോ. സ്റ്റീഫൻ... എന്തിനാ എന്നോട് ഇങ്ങനെയൊക്കെ. എനിക്ക്... എനിക്കൊന്നും മനസിലാവുന്നില്ല. പറ... അത് എന്റെ ഹർഷേട്ടനല്ലേ..." അവൾ കരഞ്ഞുകൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി ചോദിച്ചു... "ആൻ.. കുറച്ച് സമാധാനിക്ക്... എല്ലാം നീ അറിയണ്ട സമയമായി ആൻ... ഞാൻ എല്ലാം പറഞ്ഞ് തരാം.. എല്ലാം നീ അറിയുമ്പോൾ കൂടെ ഹർഷും വേണം.... " അവന്റെ ആ വാക്കുകളിലുണ്ടായിരുന്നു അവൾക്ക് വേണ്ട ഉത്തരം.. അവൾ വിതുമ്പി കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു.. "ആൻ.. എഴുന്നേൽക്ക്.. കാറിൽ പോയിരിക്ക്.. എഴുന്നേൽക്ക് ആൻ.. നീ കുഞ്ഞിനെ നോക്ക്... ഈ മഴ മുഴുവൻ നനഞ്ഞ് കുഞ്ഞിന് പനി പിടിക്കും ആൻ..

കുഞ്ഞിനേയും കൊണ്ട് പോയി കാറിലിരിക്ക്.. ഹർഷ് ഇപ്പൊ വരും..." സ്റ്റീഫൻ അവളെ കയ്യിൽ പിടിച്ച് ബലമായി എഴുന്നേൽപ്പിച്ച് കാറിനടുത്തേക്ക് നടത്തി കൊണ്ടുപോയി... അപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ദൂരെ മറ്റുള്ളവരെ അടിച്ചിടുന്നവനിലേക്ക്... പക്ഷേ അവന്റെ കണ്ണുകൾക്ക് തന്റെ നേരെ ഒരു നിമിഷം പോലും വരുന്നില്ല എന്നത് അവളിൽ നേരിയ വേദനയുണ്ടാക്കി.. അവരെ കാറിലേക്കിരുത്തി സ്റ്റീഫൻ വീണ്ടും അടി നടക്കുന്നിടത്തേക്ക് പോയി.. ആനിന് സന്തോഷിക്കണോ പൊട്ടിക്കരയണോ എന്നറിയാത്ത അവസ്ഥയായിരുന്നു.. ആരവാണെന്ന് പറഞ്ഞ് തന്റെയടുത്തു വന്നതെന്തിനായിരുന്നു... അപ്പൊ ആരവ് എവിടെ?? ഞാൻ കണ്ട മൃതദേഹം.. സ്റ്റീഫനെ ഹർഷേട്ടൻ അയച്ചതാവുമോ..? ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും കാലം എന്നെയും മോളെയും അന്വേഷിച്ചു വരാതിരുന്നതെന്താവും?? അവൾ സ്കാഫ് എടുത്ത് കുഞ്ഞിന്റെ തല തുടച്ചു കൊടുത്തു.. കുഞ്ഞിന് തണുക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ ഡ്രസ്സ്‌ അഴിച്ച് മാറ്റി സ്കാഫ് മുണ്ട് പോലെ ഉടുത്തു കൊടുത്തു... പെട്ടെന്ന് മഴയത്താരോ ഓടി വന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.. ആൻ അന്താളിപ്പോടെ അവനെ നോക്കി.. "അച്ഛേ......."

കുഞ്ഞു വേഗം ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഹർഷിന്റെ മടിയിലേക്ക് ചാടിക്കയറി.. അപ്പോഴും അമ്പരപ്പിൽ ആയിരുന്നു ആൻ.. ഒരുതരം വെപ്രാളം.. എന്നാൽ ഹർഷിത് അത് ശ്രദ്ധിക്കാതെ കുഞ്ഞിനെ നോക്കി ചിരിച്ചു... " അച്ഛ മുഴുവൻ നനഞ്ഞിരിക്കുവാടാ പൊന്നേ.. എന്റെ മോള് ഉടുപ്പൊക്കെ മാറ്റിയതല്ലേ ഇനിയും നനയണ്ട ട്ടൊ... " കുഞ്ഞിനെ ഗിയർ ബോക്സിനു മുകളിൽ ഇരുത്തി കൊണ്ട് അവളുടെ മൂക്കിൽ പിടിച്ചു വലിച്ച് ഹർഷിത് പറഞ്ഞു.. "മരിയ... കുഞ്ഞിനെ പിടിക്ക്..." അവന്റെ സംസാരം കേട്ട് ആൻ ഒന്ന് ഞെട്ടി.. മരിയ എന്നുള്ള വിളിയും ആരോടോ എന്നപോലെയുള്ള സംസാരവും അവളുടെ തലയ്ക്കകത്ത് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കി.. ആൻ കുഞ്ഞിനെ പിടിച്ചു.. ഹർഷിത് വണ്ടി സ്റ്റാർട്ട് ചെയ്തു. ആ യാത്രയിൽ ഇരുവരും ഒന്നും മിണ്ടിയില്ല.. ആനിന് വല്ലാത്ത അസ്വസ്ഥത തോന്നി.. പിന്നെയും ചതിക്കപ്പെടുകയാണോ. ഉത്തരങ്ങൾ വേണമെങ്കിൽ സ്റ്റീഫൻ തന്നെ വിചാരിക്കണം.. പക്ഷെ ഇനി സ്റ്റീഫനെ എങ്ങനെ.. ചിന്തകൾ നീളുമ്പോഴേക്കും അവർ വീടെത്തി. വീടിനുമുന്നിൽ തന്നെ ദേവയാനി നിൽക്കുന്നുണ്ടായിരുന്നു.. ഹർഷിനെ കണ്ടതും അവൾ വേഗം നിലത്തേക്ക് ഇറങ്ങി വന്നു.. "ഹർഷ്...." ഹർഷിത് ചിരിയോടെ ദേവയാനിയെ ചേർത്തുപിടിച്ചു...

"ആനും കുഞ്ഞും മറുഭാഗത്ത് നിന്നും ഇറങ്ങി വന്നു.. ദേവയാനി വേഗം അവന്റെ കയ്യിൽ നിന്നുമുള്ള പിടി വിട്ട് ആനിനടുത്തേക്ക് വന്നു. " കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ.. എനിക്കറിയാമായിരുന്നു ഒന്നും സംഭവിക്കില്ല എന്ന്.. അപ്പോഴേക്കും ഹർഷ് വരുമെന്ന്... " എന്നാൽ ആനിന്റെ നോട്ടം മുന്നിൽ നിന്ന് സംസാരിക്കുന്നവളെ മറികടന്ന് ഷർട്ട് കുടഞ്ഞ് അകത്തേക്ക് നടന്നുപോകുന്നവനിലേക്ക് നീങ്ങി.. ദേവയാനി കൈയിൽ പിടിച്ചതും ആൻ ഞെട്ടി "ആകെ നനഞ്ഞല്ലോ ആൻ.. വാ ഡ്രസ്സ്‌ മാറ്റ്..." "ചേച്ചി.. എനിക്കൊന്നും മനസിലാവുന്നില്ല.. " അവളുടെ ദയനീയമായ ചോദ്യത്തിൽ ദേവയാനി ഒന്നു ചിരിച്ചു.. " ഞാൻ പറഞ്ഞുതരാം ആൻ. എല്ലാം പറഞ്ഞു തരാം.. നീ ആദ്യം അകത്തേക്ക് വാ" ഇരുവരും അകത്തേക്ക് പോയി.. കുഞ്ഞിനെ ഡ്രസ്സ്‌ ഇട്ട്കൊടുത്ത് ആനും ഡ്രസ്സ് മാറ്റി... കുഞ്ഞ് അച്ഛേ' എന്ന് വിളിച്ച് റൂമിൽ നിന്നും പുറത്തേക്കോടി. പുറകെ പോകാൻ നിന്ന ദേവയാനിയുടെ കയ്യിൽ ആൻ പിടിച്ചു. " എനിക്കെല്ലാം അറിയണം ചേച്ചി... ഇപ്പോൾ തന്നെ. ഇല്ലെങ്കിൽ എന്റെ തല പൊളിഞ്ഞു പോവും.....

" ദേവയാനി ഒന്ന് ചിരിച്ചു.. "ഇരിക്ക് ആൻ..." അവൾ ബെഡിലേക്കിരുന്നു... ദേവയും.... " "അത് നിന്റെ ഹർഷേട്ടൻ തന്നെയാണ്..." ആനിന്റെ മുഖം വിടർന്നു.. അറിയാമെങ്കിലും ഒരാളിൽ നിന്നും കേട്ടപ്പോൾ ഉള്ളു നിറഞ്ഞ പോലെ.. പെട്ടെന്ന് അവളുടെ മുഖത്തെ തിളക്കം മങ്ങി " എന്നിട്ടെന്താ ചേച്ചി എന്നെ കണ്ടിട്ടും ഇങ്ങനെ.... " ദേവയാനി അവളുടെ കൈകൾക്ക് മുകളിൽ കൈ വച്ചു.. "അവന് നിന്നെ അറിയാം ആൻ.. പക്ഷെ വാക്കുകളിലൂടെ മാത്രം..." ആൻ നെറ്റിചുളിച്ചു "ആൻ.. നിന്റെ വിവാഹം കഴിഞ്ഞ ദിവസം ഇവിടെ സംഭവിച്ചതെന്താണെന്ന് നിനക്കറിയണ്ടേ..." അവൾ വേണമെന്ന പോലെ തലയാട്ടി.. ദേവയാനി ഓരോ കാര്യങ്ങളായി ഓർത്തെടുത്തു.. _____❤️ "സ്വന്തം ഏട്ടന്റെ കല്യാണമായിട്ട് നേരത്തിനും കാലത്തിനും എത്തണമെന്ന ബോധമുണ്ടോ നിങ്ങൾക്ക്.. അതെങ്ങനെയാ നാട് എന്നൊരു വിചാരമേ ഇല്ലല്ലോ.." "ഹാ.. ഞാനെന്റെ ഏടത്തിയമ്മയോട് പറഞ്ഞിട്ടുണ്ട് ആളെ പോലെ ഒരു ശാലീന സുന്ദരിയെ കണ്ടു വയ്ക്കാൻ.. എന്നിട്ട് വേണം അവളെയും കെട്ടി നാട്ടിൽ സെറ്റിൽ ആവാൻ.."

"ആരെ വേണെങ്കിലും കെട്ടിക്കോ.. എനിക്കെന്താ.. ഹും..." പുച്ഛത്തോടെ ഉള്ള സംസാരം കേട്ട് ഫോണിന്റെ മറു ഭാഗത്തുനിന്നും പൊട്ടിച്ചിരി ഉയർന്നു.. അത് കേട്ട് ദേവയാനിയുടെ ചുണ്ടിലും ഒരു കള്ള ചിരി സ്ഥാനം പിടിച്ചു.. "ദേ.. വേഗം അച്ഛനോട് വന്ന് സംസാരിക്കാൻ നോക്ക്.. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം..." "ഭീഷണിയാണോ??" "ഹാ..." "ഓഹോ. എന്നാൽ പിന്നെ ഇന്ന് തന്നെ വന്നേക്കാം.." "തള്ള് നിർത്തിയിട്ട് കാര്യം പറ.. എപ്പോ വരും???" "ഇന്ന് വരാമെന്നേ..." "എനിക്ക് ദേഷ്യം വരുന്നുണ്ടേ..." "എടി വഴുക്കല്ലേ..." ഫോണിൽ നിന്നും ആ വാക്കു വരുമ്പോഴേക്കും അവൾ നടന്നു കൊണ്ടിരുന്ന വരമ്പിൽ നിന്നും തെന്നി വീഴാൻ പോയിരുന്നു.. അവൾ ഞെട്ടലോടെ ചുറ്റും നോക്കി.. "ഞാൻ വീഴാൻ പോയത് നിനക്കെങ്ങനെ അറിയാം ..." ചോദിക്കുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ ചുറ്റും പരതി കൊണ്ടിരുന്നു.. മറുപടി ഒന്നും വരാതായപ്പോൾ അവൾ ഫോണിലേക്ക് നോക്കി കോൾ കട്ടായിരുന്നു.

ഓരോ ചിന്തകളോടെ അവൾ ഫോണിൽ തന്നെ നോക്കി പാടത്തുനിന്നും മോട്ടോർ ഷെഡിന് സൈഡിലുള്ള ടാങ്കിനടുത്തേക്ക് നടന്നു.. ഫോൺ സൈഡിലുള്ള കല്ലിൽ വച്ച് ഇരു കൈകളിൽ നിറയെ വെള്ളം എടുത്ത് മുഖത്തേക്ക് ഒഴിച്ചു കൊണ്ടിരുന്നതും പെട്ടെന്ന് ഇടുപ്പിയിലൂടെ ഒരു കൈ ചുറ്റിവരിഞ്ഞ് മോട്ടോർ ഷെഡിനകത്തേക്ക് വലിച്ചു കൊണ്ടുപോയി.. അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. "ആരവ്..... എപ്പോ വന്നു...??" അവൻ അവളുടെ ചുണ്ടിലേക്കടുക്കാൻ നിന്നതും ഒരൊറ്റ അടി വച്ചു കൊടുത്തു അവൾ.. " എല്ലാം കഴിഞ്ഞിട്ടാണോ എത്തുന്നത്?? " "ഹ്മ്മ്.. ലീവ് കിട്ടാൻ ഞാൻ പെട്ട പാട്.. ഈ സമയത്തെങ്കിലും എത്താൻ പറ്റിയല്ലോ.." "എന്നിട്ട് വീട്ടിലോട്ട് പോയോ..?" "വീടെത്തി ടാക്സിയിൽ നിന്നും ഇറങ്ങുമ്പോഴാ വീട്ടിൽ നിന്ന് നീ ഇറങ്ങി വരുന്നത് കണ്ടത്.. കൂടെ നമ്മടെ ആശാനും." "നമ്മടെ ആശാനോ?? എന്റെ അച്ഛനെ ഹർഷിന്റെ മാത്രം ആശാനാ." "ആയിക്കോട്ടെ...

എന്നാൽ നിന്റെ അച്ഛൻ മിസ്റ്റർ വിജയരാഘവൻ അവിടെ ആരോടോ സംസാരിച്ചു നിൽക്കുന്നതും പുള്ളിയുടെ സുന്ദരിയായ മകൾ ഒറ്റയ്ക്ക് പാടത്ത്കൂടെ നടന്നു വരുന്നതും കണ്ട് എനിക്ക് എങ്ങനെയാടീ വീട്ടിലേക്ക് പോകാൻ തോന്നുക.. അതാ ഇങ്ങോട്ട് വന്നത്.." പറയുന്നതിനോടൊപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു കയറി .. "അയ്യടാ.. മാറങ്ങോട്ട്... ആദ്യം വന്ന് അച്ഛനോട് സംസാരിക്ക് എന്നിട്ട് മതി ഈ കൊഞ്ചലും കുഴയലുമൊക്കെ.." "അപ്പൊ നിന്റെ അച്ഛൻ വേണ്ടാന്ന് പറഞ്ഞ നീ എന്നെ കെട്ടില്ലേ..." "ഇല്ല.. അച്ഛൻ ഇന്നാള് കൂടെ പറഞ്ഞെ ഉള്ളു.. വയസ്സ് 25 ആയെ.. നല്ലൊരു ഗവൺമെന്റ് ജോലിക്കാരന്റെ ആലോചന വന്നിട്ടുണ്ട്.. നിന്നോട് എന്തോ ഒരു ഇഷ്ടം തോന്നി പോയി.. അതുകൊണ്ടാ ഇങ്ങനെയൊക്കെ.. അച്ഛൻ വേണ്ടെന്നു പറഞ്ഞാൽ സുഖമായി അയാളെയും കെട്ടി ജീവിക്കും ഞാൻ. നോക്കിക്കോ ..'" "എന്നെയല്ലാതെ വേറെയാരെയെങ്കിലും കെട്ടിയാൽ കൊല്ലും ഞാൻ.." "ഞാൻ കെട്ടും.." അവൾ വാശിയോടെ പറഞ്ഞു തീരും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ പൊതിഞ്ഞിരുന്നു...

ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ അവളവനെ തള്ളി മാറ്റി... അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. "എല്ലാം ശരിയാക്കാം.. നിന്നേം കൊണ്ടേ ഇനി തിരിച്ചു പോവൂ..." "സത്യം..." "ഹ്മ്മ്മ്..." "ഇതെന്താ മറൂൺ കളർ ഷർട്ട്... ഹർഷും ഇന്ന് ഇതേ പോലത്തെ ഷർട്ടാ ഇട്ടേക്കുന്നെ..." "ഞാൻ കണ്ടു.. അവൻ ഡ്രസ്സ്‌ എടുത്തപ്പോ തന്നെ ഫോട്ടോ അയച്ചിരുന്നു.. ഇതെന്റെ ഏടത്തിയമ്മയെ ഞെട്ടിക്കാനുള്ള പ്ലാനാ... ഇനിയും ലേറ്റ് ആയാൽ അവര് ഫസ്റ്റ് നെറ്റും ആഘോഷിക്കും.. പോവട്ടെ..." "ശെയ്.. വഷളൻ..." അവനൊന്നു ചിരിച്ചു.. "നീ വരുന്നുണ്ടോ??" "ഞാനിപ്പോ അവിടന്ന് ഇങ്ങോട്ട് വന്നല്ലേ ഉള്ളു.. വൈകുന്നേരം വരാം..." "ഹ്മ്മ്.. ശരിയപ്പോ.." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് യാത്രപറഞ്ഞ് അവൻ വരമ്പിലൂടെ വേഗത്തിൽ നടന്നു... മഴയത്ത് നടന്നു നീങ്ങുന്നവനെ പ്രണയപൂർവം നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് അവൾ തന്റെ ഡ്രെസ്സിൽ കുരുങ്ങി കിടക്കുന്ന ബ്രേസ്‌ലെറ്റ് കണ്ടത്.. തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ ഒരുപാട് മുന്നിലെത്തിയിരുന്നു..

അല്പം തോർന്നു നിന്നിരുന്ന മഴ അപ്പോഴേക്കും തുള്ളിയിടാൻ തുടങ്ങിയിരുന്നു.. അവൾ രണ്ടു വശത്തേക്കും നോക്കി.. വീട്ടിലെത്തുമ്പോഴേക്കും മുഴുവനായും നനയും എന്നുറപ്പായതുകൊണ്ട് തിരിച്ച് ഹർഷിന്റെ വീട്ടിലേക്ക് തന്നെ പോകാം, ബ്രേസ്‌ലേറ്റും കൊടുക്കാം എന്ന് ചിന്തിച്ച് അവളും അവന് പുറകെ വരമ്പിലൂടെ വേഗത്തിൽ നടന്നു... ആരവ് വീടെത്തുമ്പോൾ കണ്ട കാഴ്ച്ച ആരൊക്കെയോ ചേർന്ന് ഹർഷിനെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ്... ആരവ് മുന്നോട്ട് വന്ന് ഒരുത്തനെ ചവിട്ടി മാറ്റി.. ബാക്കിയുള്ളവർ തിരിഞ്ഞു നോക്കിയതും അടിച്ചു കൊണ്ടിരിക്കുന്നവന്റെ അതേ രൂപത്തിലുള്ള മറ്റൊരുവനെ കണ്ട് ഞെട്ടി.. ഒരു വ്യത്യാസവും ഇല്ലാതെ ഒരേ പോലെയായിരുന്നു ഡ്രസ്സ് അടക്കം എല്ലാം.. ഇരുവരും ചേർന്ന് ഓരോരുത്തരെയായി അടിച്ചു താഴെയിട്ടു... എന്നാൽ പെട്ടെന്ന് ഹർഷിന്റെ തലയ്ക്ക് പുറകെ ഒരുത്തൻ അടിച്ചു നിലത്തേക്ക് വീഴ്ത്തി... ആരവ് ഒന്ന് പതറി.. അവനടുത്തേക്ക് പോകുമ്പോഴേക്കും മറ്റൊരുത്തൻ ആരവിന്റെ ഇടുപ്പിൽ കത്തി കുത്തിയിറക്കിയിരുന്നു.. "ഇതില യാരട സാവ വേണ്ടിയവൻ???" ഒരുത്തൻ മറ്റൊരുവനോട് ചോദിച്ചു... "തെറിയലണ്ണ.. ഇവനുക്ക്താ കൊഞ്ചം തിമിറ് ഹെവിയാറുക്ക്.. ഇവന പോട്ട്ടലാം..."

ഒരുത്തന്റെ കയ്യിൽ കിടന്ന് കുതറുന്ന ആരവിനെ നോക്കി അതിൽ ഒരുവൻ പറഞ്ഞു. എന്നാൽ ആരവിന്റെ കണ്ണുകൾ നിലത്തു കമിഴ്ന്നു വീണു കിടക്കുന്ന ഹർഷിലേക്ക് മാത്രമായിരുന്നു.. തലയ്ക്ക് പുറകിൽ കിട്ടിയ അടി കാരണം അവന്റെ തലയിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. ആരവ് തന്നെ പിടിച്ചവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു... എന്നാൽ അവൻ ആരവിന്റെ കാലിൽ ചവിട്ടി നിലത്തേക്ക് വീഴ്ത്തി.. മുട്ടുകുത്തിയിരിക്കുന്ന ആരവിന്റെ മുന്നിലേക്ക് ഒരുത്തൻ കത്തിയുമായി വന്നു.. കൺപീലിയിൽ തങ്ങി നിന്ന ചോരത്തുള്ളികൾക്കിടയിലൂടെ ഹർഷിത് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.. തടയണമെന്നും അവരെയൊക്കെ കൊല്ലണമെന്നുമുണ്ടായിരുന്നെങ്കിലും ശരീരം അനങ്ങിയില്ല.. അവന് കാഴ്ച പതിയെ മറയാൻ തുടങ്ങി... അയാളുടെ കയ്യിലെ കത്തി ആരവിന്റെ കഴുത്തിനു നേരേ നീങ്ങി.. അതേസമയംതന്നെ ദേവയാനി ഗേറ്റിനു മുന്നിലെത്തി... ഒപ്പം ആൻ മുൻ വാതിൽ തുറന്നു.. ആരവിന്റെ കഴുത്തിലൂടെ വരഞ്ഞു നീങ്ങിയ കത്തി..

ചെളിവെള്ളത്തിൽ കലർന്ന ചോര... ആൻ തളർന്നു താഴെ വീണു... ദേവയാനി തറഞ്ഞു നിന്നു.. ഒന്നനങ്ങാൻ പോലും കഴിയാതെ.. അവളുടെ കരച്ചിൽ പ്രകമ്പനം പോലെ മുഴങ്ങി.. എന്നാൽ മഴ തന്റെ ശക്തി വർദ്ധിപ്പിച്ച് അവളുടെ ശബ്ദത്തെ അലിയിച്ചില്ലാതാക്കി... അവരുടെ നോട്ടം തന്റെ നേരെ നീളുന്നു എന്ന് മനസ്സിലായപ്പോൾ ദേവയാനി വായപൊത്തി ഗേറ്റിനു സൈഡിൽ മറഞ്ഞുനിന്നു.. ആരാണ് തന്റെ മുന്നിൽ നിലംപതിച്ചത് എന്നറിയില്ലെങ്കിലും രണ്ടുപേരും തനിക്ക് പ്രിയപ്പെട്ടവരാണ് എന്ന ബോധം അവളെ തളർത്തി.. "അവനയും പോട്ട്ടലാംണ്ണാ.." ഹർഷിനെ നോക്കി കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.. "അന്ത പയ്യന്ക്ക് ഒറു പൊണം താന വേണും.. ഇവനെയും പോട്ടിട്ട് നാമ എന്ന പണ്ട്രത്.. അവന തൂക്കി പോട്രാ.. ഇന്ത പൊണത്ത മട്ടും GH പക്കത്തില പൊട്ടിട്..." "സറിണ്ണ..." അവർ എല്ലാവരും ചേർന്ന് രണ്ടുപേരെയുമെടുത്ത് അവരുടെ വണ്ടിയിലേക്ക് കയറ്റി.. ദേവയാനി മറഞ്ഞുനിന്ന് അലറി കരഞ്ഞു.. "അണ്ണാ.. ഇന്ത പൊണ്ണ്..."

വാതിൽപ്പടിയിൽ വീണുകിടക്കുന്ന ആനിനെ നോക്കി ഒരുത്തൻ മറ്റൊരുത്തനോട് ചോദിക്കുന്നത് കേട്ട് ദേവയാനി അവരുടെ സംഭാഷണം ശ്രദ്ധിച്ചു.. "അന്ത പയ്യൻ വറേന്ന് സൊല്ലിറുക്കാ.. ഇന്ത പൊണ്ണ്ക്കാക താനെ എല്ലാമേ.. അവൻ വന്ത് തൂക്കിട്ട് പോവാ... നീ വാടാ..." അവരുടെ വണ്ടി പോയതും ദേവയാനി വേഗം അകത്തേക്കോടി.. ആനിനെ കടന്ന് അകത്തേക്ക് ചെന്നു... ടേബിളിൽ ഇരിക്കുന്ന ഫോണെടുത്തു.. ആൻ അവസാനമായി വിളിച്ചു വച്ച നമ്പർ വിഷ്ണുവിന്റെതായിരുന്നു.. അതിലേക്ക് വിളിക്കാൻ നോക്കിയെങ്കിലും എന്തോ മനസ്സ് സമ്മതിച്ചില്ല... പെട്ടെന്ന് ഹർഷിന്റെ ഫോണിലേക്ക് ഇങ്ങോട്ട് കോൾ വന്നു.. . സ്റ്റീഫൻ എന്ന നമ്പറിൽ നിന്നും.. ദേവയാനി ആ കോൾ കട്ടാക്കി വിട്ട് വേഗം അച്ഛന്റെ ഫോണിലേക്ക് കോൾ ചെയ്തു.. ഒരൊറ്റ ശ്വാസത്തിൽ നടന്നതെല്ലാം പറഞ്ഞു.. ഒപ്പം അലറി കരഞ്ഞു.. അയാൾ അവളെ സമാധാനിപ്പിച്ചു.. 10 മിനിറ്റ് മുമ്പ് ഇവിടെനിന്നും പോയി എന്ന് പറഞ്ഞപ്പോൾ തന്നെ വിജയൻ കണക്കുകൂട്ടി ഇപ്പോൾ അവരുടെ വണ്ടി തന്റെ കടയ്ക്ക് മുന്നിലൂടെ പോകും എന്ന്..

പെട്ടെന്ന് അയാൾക്ക് മുന്നിൽ ഒരു കാർ വന്നുനിന്നു.. അതിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി .. "ചേട്ടാ.. ഈ ഹർഷിന്റെ വീട്ടിലേക്ക് ഏതിലൂടെയാ പോവുക.." "നിങ്ങളാരാ മക്കളെ .." "ഹർഷിന്റെ ഫ്രണ്ട്സാ..." "ഹ്മ്മ്.. ഇറങ് പിള്ളേരെ ഒരു ചെറിയ പ്രശ്നമുണ്ട്..." അവരിറങ്ങിയതും വിജയച്ഛൻ കാര്യം പറഞ്ഞു.. മുഴുവനായി മനസ്സിലായെങ്കിലും തങ്ങളുടെ കൂട്ടുകാരൻ അപകടത്തിലാണ് എന്ന് മാത്രം അവർക്ക് മനസ്സിലായി.. ഒപ്പം അവന്റെ പെണ്ണും.. "അച്ഛ.. ഞാൻ ഹർഷിന്റെ വീട്ടിലേക്ക് പോവാം.. നിങ്ങൾ ആ വണ്ടി വന്നാൽ അവരെ ഫോള്ളോ ചെയ്യ്.." "മോന്റെ പേര്.." "സ്റ്റീഫൻ..." പറയുന്നതിനോടൊപ്പം സ്റ്റീഫൻ കാറിന്റെ കീ കൂടെയുള്ളവന്റെ കയ്യിൽ ഏൽപ്പിച്ചു.. വിജയച്ഛൻ ബൈക്കിന്റെ ചാവിയെടുത്ത് സ്റ്റീഫന്റെ കയ്യിലേക്ക് കൊടുത്തു.. അവന് വഴി പറഞ്ഞു കൊടുക്കുമ്പോഴേക്കും ആ ജീപ്പ് ജംഗ്ഷനിൽ എത്തിയിരുന്നു.. ദേവയാനി പറഞ്ഞ അടയാളം വെച്ച് ആ വണ്ടി തന്നെയാണെന്ന് അവർ ഉറപ്പിച്ചു.. വേഗം മൂവരും കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് ജീപ്പിനു പുറകെ പോയി..

സ്റ്റീഫൻ ബൈക്കിൽ കയറി ഹർഷിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു... ജീപ്പ് അല്പദൂരം മുന്നോട്ടു പോയി ആളില്ലാത്ത പ്രദേശം നോക്കി സൈഡിലേക്ക് ഒതുക്കി.. അതിൽനിന്നും ഹർഷിനെ പുറത്തേക്കെറിഞ്ഞു.. പുറകിൽ വന്ന വിജയച്ഛനും കൂട്ടുകാരും കാർ നിർത്തി ഇറങ്ങി. വിജയച്ഛന് അവന്റെ ഹർഷിനെ അറിയാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല... അവന്റെ നെറ്റിയിലെ മുറിവിന്റെ പാട് മാത്രം മതിയായിരുന്നു.. ജീവനുണ്ടെന്ന് മനസിലായതും വിജയച്ഛന് സമാധാനമായി.. വഴിയിലൂടെ വന്ന ഓട്ടോക്ക് അയാൾ കൈകാണിച്ചു.. "ഹർഷിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം.. നിങ്ങള് ആ വണ്ടിക്ക് പുറകെ പോ.. ആരവ് ഉണ്ട് അതിൽ.." അയാൾ വെപ്രാളത്തോടെ ആജ്ഞാപിച്ചു.. അവരുടെ വണ്ടി ആ ജീപ്പിന് പുറകെ പാഞ്ഞു.. ഓട്ടോ ആശുപത്രിയിലേക്കും.. ഈ സമയം കൊണ്ട് സ്റ്റീഫൻ വീട്ടിൽ എത്തി.. ഉമ്മറപ്പടിയിൽ വീണുകിടക്കുന്ന ആനിനെയും അവൾക്കരികിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ദേവയാനിയെയുമാണ് അവൻ കണ്ടത്.. സ്റ്റീഫനെ കണ്ടതും ദേവ ഭയന്ന് കൊണ്ട് ആനിനെ പിടിച്ചു..

"പേടിക്കണ്ട.. ഞാൻ ഹർഷിന്റെ ഫ്രണ്ടാ.. ജംഗ്ഷനിൽ കട നടത്തുന്ന അച്ഛൻ പറഞ്ഞു എല്ലാം.." ദേവയാനി മറുപടിയൊന്നും പറഞ്ഞില്ല.. അവൾ കരഞ്ഞു കൊണ്ടിരുന്നു.. "ആനിനെ ഇവിടെ നിന്നും മാറ്റണം.." ദേവ അവന്റെ മുഖത്തേക്ക് നോക്കി.. "ഏതെങ്കിലും സ്ഥലമറിയോ..? ഞാനിവിടെ ആദ്യമായിട്ടാ.." "എന്റെ വീട്ടിൽ പോവാം.." "ഹ്മ്മ്.. ശരി... ആ വണ്ടിയുടെ കീ ഉണ്ടോ..?" മുറ്റത്ത് കിടക്കുന്ന ഹർഷിന്റെ കാറിലേക്ക് ചൂണ്ടിക്കൊണ്ട് സ്റ്റീഫൻ ചോദിച്ചു.. അവൾ വേഗം എഴുന്നേറ്റ് അകത്തേക്ക് നടന്നു.. അവിടെയെല്ലാം ചാവിക്കായി പരതി.. ടേബിളിനു മുകളിൽ നിന്നും കീ കിട്ടിയതും അവൾ വേഗം അത് സ്റ്റീഫന്റെ കയ്യിൽ കൊണ്ട് കൊടുത്തു.. കാറിന്റെ ഡോർ തുറന്ന് തിരികെ വന്ന് ആനിനെ കയ്യിൽ തൂക്കിയെടുത്തു പുറകിലെ സീറ്റിലേക്ക് കിടത്തി... ദേവയെയും അകത്തേക്ക് കയറാൻ പറഞ്ഞ് ഡോർ ചാരിവെച്ച് അവിടെ നിന്നും അവർ വേഗത്തിൽ മടങ്ങി... ___❤️ "ഡോക്ടർ സാറേ . എന്റെ മോൻ....."

വിജയച്ഛൻ വെപ്രാളത്തോടെ icu വിൽ നിന്നും ഇറങ്ങി വന്ന ഡോക്ടറോട് ചോദിച്ചു.. "ചാൻസ് വളരെ കുറവാണ്... തലക്ക് പുറകിലാണ് അടി കിട്ടിയിരിക്കുന്നത്. ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്.. ഞങ്ങൾ മാക്സിമം ശ്രമിക്കാം..." വിജയച്ഛൻ തളർച്ചയോടെ ചെയറിലേക്കിരുന്നു... അതെ സമയം തന്നെ സ്‌ട്രക്ച്ചറിൽ ആരവിനെ ആ വരാന്തയിലൂടെ കൊണ്ട് വന്നു... ആ മുഖം കണ്ട് അയാൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. കൂടെ വന്നതിൽ ഒരുത്തൻ അയാളെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി... Icu വിലേക്ക് കൊണ്ട് പോയ ആരവിനെ കണ്ട് അയാളുടെ കണ്ണ് നിറഞ്ഞു.. ഹർഷിത് ഇനി ജീവനോടെ തിരിച്ചു വന്നാലും ആരവ് ഇല്ല എന്നറിയുമ്പോഴുള്ള പ്രതികരണത്തെ കുറിച്ചയാൾ ഓർത്തു.. എല്ലാത്തിലുമുപരി വർഷങ്ങളായി അവനെ മാത്രം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന തന്റെ മകളെ കുറിച്ചോർത്ത് ആ പിതൃഹൃദയം പിടഞ്ഞു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...