നിലാവിന്റെ തോഴൻ: ഭാഗം 108
Sep 30, 2024, 20:47 IST
രചന: ജിഫ്‌ന നിസാർ
"ഒറപ്പിക്കാവോ.." കുന്നേൽ ബംഗ്ലാവിന്റെ മുറ്റത്തേക്ക് കാറോടിച്ചു കയറ്റി ഒരുവട്ടം കൂടി ഷാനവാസ് ലില്ലിയെ നോക്കി . അവളൊന്നും മിണ്ടാതെ അയാളെ തന്നെ നോക്കി. "അല്ലാ.. എനിക്കങ്ങോട്ട് വിശ്വസിക്കാൻ കഴിയാഞ്ഞിട്ടാ. ഇത്രയും പെട്ടന്ന്.. അതും ഇയാളുടെ ഭാഗത്തു നിന്നൊരു പോസിറ്റീവ് റെസ്പോണ്ട്.. അത് ഞാനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരികുന്നില്ലടോ " വല്ലാത്തൊരു ആവേശത്തിൽ പറയുന്ന അയാളെ നോക്കുമ്പോൾ ലില്ലിയുടെ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു. താൻ കൂടെയുള്ള ജീവിത്തിലേക്കുള്ള ആ കാത്തിരിപ്പ്.. അതയാളുടെ സ്നേഹമാണല്ലോ.. "ഇനി..ഇനിയിത് മാറ്റി പറയില്ലല്ലോ ല്ലെ..?" അവളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ടതും ഷാനവാസ് വീണ്ടും ചോദിച്ചു. "എനിക്ക്.. എനിക്കിത് ന്റെ ഉമ്മാനോട് പറയാഞ്ഞിട്ട് ധൃതിയായി. " ആ പറഞ്ഞത് സത്യമായിരുന്നു.ആ ധൃതി അയാളിൽ വിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. "ധൈര്യമായിട്ട് പറയണം.. ഉമ്മാന്റെ മോളായി ഞാൻ വരുന്നുണ്ടെന്ന്..." അയാളെ തന്നെ നോക്കി പതിഞ്ഞ ചിരിയോടെ ലില്ലി പറഞ്ഞു. ഷാനവാസ് അവളെ നോക്കി തലയാട്ടി.. "പറയാം " "അകത്തേക്ക് വരുന്നില്ലേ...?" ലില്ലി ഇറങ്ങും മുന്നേ ചോദിച്ചു.. "പിന്നീടവട്ടെ.. ഇപ്പൊ ഇച്ചിരി തിരക്കുണ്ട്.." അയാളാ പറഞ്ഞ തിരക്ക് എന്താണെന്ന് ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെ ലില്ലി പിന്നൊന്നും പറയാൻ നിൽക്കാതെ ഡോർ തുറന്നിറങ്ങി.. "ഒക്കെ... ബൈ." ഡോറിന് നേരെ തല കുനിഞ്ഞു നിൽക്കുന്നവളെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അയാളാ കാർ അവിടെതന്നെയിട്ട് തിരിച്ചു. കൈ വീശി കാണിച്ച് കൊണ്ട് അയാളിറങ്ങും വരെയും ലില്ലി ഗേറ്റിലേക്ക് നോക്കി ലില്ലി അവിടുണ്ടായിരുന്നു. ❣️❣️ "ചേട്ടായി.." വാതിൽ ഇടിച്ചു കൊണ്ട് ദിലുവിന്റെ വിളി കേട്ടാണ് ക്രിസ്റ്റി പാത്തുവിൽ നിന്നും അകന്ന് മാറിയത്. ക്രിസ്റ്റിയെ നോക്കാനുള്ള മടിയോടെ പാത്തു അവന്റെ നെഞ്ചിലേക്കു മുഖം പൂഴ്ത്തി നിൽക്കുമ്പോൾ രണ്ട് പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു. പുറത്ത് നിന്നുള്ള തട്ടി വിളി കുറച്ചു കൂടി ഉച്ചത്തിലായി. "ഞാൻ കുളിക്കട്ടെ... നീ വാതിൽ തുറന്നു നോക്ക് " ക്രിസ്റ്റി ധൃതിയിൽ അവളെ പിടിച്ചു മാറ്റി കൊണ്ട് ബാത്റൂമിന് നേരെ നടന്നു. "ഇച്ഛാ...കഷ്ടണ്ട് ട്ടോ.. അവളുമാർ രണ്ടും കൂടി ഇന്നേ.." വാതിൽ തുറന്നാലുള്ള പുകിലോർത്തു കൊണ്ട് പാത്തു ആധിയോടെ വിളിച്ചു. "ഒന്നും ഉണ്ടാവില്ല.. നീ ചെല്ല്.. ഞാൻ കുളിക്കാൻ കയറിയെന്ന് പറ.. "ക്രിസ്റ്റി ബാത്റൂമിൽ നിന്നു കൊണ്ട് പറഞ്ഞു.. "പിന്നേയ്... പോകുമ്പോൾ ആ മുഖമൊന്ന് തുടച്ചിട്ട് പോ.." അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ടാവൻ വേഗം വാത്‌ലടച്ചു. പാത്തു പെട്ടത് പോലെ.. ഒരു നിമിഷം അതേ നിൽപ്പ് തുടർന്നു. ദിലു അപ്പോഴും വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ച് പാത്തു വാതിലിന്റെ ലോക്ക് എടുത്തു മാറ്റി. പ്രതീക്ഷിച്ചത് പോലെ തന്നെ.. ദിലു കലിപ്പിട്ട് കൊണ്ടവളെ തുറിച്ചു നോക്കി നിൽപ്പുണ്ട്. "എത്ര നേരമായി വിളിക്കുന്നു.. ചേട്ടായി റെഡിയായില്ലേ.. ഇച്ചേച്ചി..." "ഇപ്പൊ വരും.. ബാത്റൂമിലാ.." പാത്തു ചിരിയോടെ പറഞ്ഞു. "ഇച്ചേച്ചി റെഡിയായോ..?" ദിലു പാത്തുവിനെ ഒന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു. "ആഹ്.. " അവളുടെ നോട്ടം കണ്ടതും പാത്തു പെട്ടന്ന് പറഞ്ഞു. "ഈ ചേട്ടായിയുടെ ഒരു കാര്യം. ഇപ്പൊ തന്നെ വൈകി..." പുറത്ത് പോകാനുള്ള ആവേശത്തിൽ ദിലു മുറിയിലേക്ക് നോക്കി വീണ്ടും പറയുന്നുണ്ട്. "ചേട്ടായി ഇപ്പൊ വരും. നീ വാ.. നമ്മക്ക് താഴേക്ക് പോവാം.." പാത്തു അവളെ അനുനയിപ്പിച്ചു കൊണ്ട് തോളിൽ പിടിച്ചു. വീണ്ടും ഒന്നൂടെ മുറിയിലേക്ക് നോക്കി കൊണ്ട് ദിലു അവൾക്കൊപ്പം നടന്നു. "മീരാ റെഡിയായോ...?" അവളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പാത്തു ദിലുവിനെ നോക്കി. "മീരേച്ചി.. താഴെയുണ്ടാവും " ദിലു പറഞ്ഞതോടെ രണ്ടു പേരും കൂടി താഴേക്ക് നടന്നു.. പത്തു മിനിറ്റ് കൊണ്ട് ക്രിസ്റ്റീയും റെഡിയായി താഴേക്ക് ചെന്നു. "കുഞ്ഞാന്റി എപ്പഴാ വന്നത്..?" അടുക്കളയിൽ അവർക്കൊപ്പമിരിക്കുന്ന ലില്ലിയെ കണ്ടതും അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു. "ഇപ്പൊ...വന്നോള്ളെടാ ." ലില്ലി വാത്സല്യത്തോടെ അവന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു. "എങ്ങനാ വന്നത്?" "ഷാനിക്ക കൊണ്ട് വിട്ടു " അത് പറയുമ്പോൾ ലില്ലിയുടെ മുഖം ചുവന്നു പോയിരുന്നു. "ഇപ്പൊ സൂപ്പർ മാർക്കറ്റിൽ അല്ല കുഞ്ഞാന്റിക്ക് ജോലി. ല്ലെ?" ക്രിസ്റ്റിയൊരു ചിരിയോടെ ചോദിക്കുമ്പോൾ ലില്ലി അതിനുള്ളിൽ അവൻ വേറെന്തെലും സംശയങ്ങൾ കൂടി ഒളിപ്പിച്ചു പിടിച്ചുണ്ടോ എന്നൊരു ആശങ്കയോടെയാണ് തലയാട്ടിയത്. "എന്നാ പോയാലോ.. ഗയ്സ്..?" ലില്ലിയെ വിട്ട് കൊണ്ട് ക്രിസ്റ്റി അവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന മീരയെയും ദിലുവിനെയും നോക്കി ചോദിച്ചു. മീരയും ദിലുവും ആവേശത്തിൽ തലയാട്ടി സമ്മതം അറിയിച്ചുവെങ്കിലും പാത്തു അവനെ നോക്കുന്നുണ്ടായിരുന്നില്ല. അതെന്തു കൊണ്ടാണെന്ന് അറിയാവുന്നതിനാൽ ക്രിസ്റ്റീയും ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. 'പോയിട്ട് വരാം.. " മറിയാമ്മച്ചിയേയും ഡെയ്സിയെയും ത്രേസ്യയെയും നോക്കി മൂവരും യാത്ര ചോദിച്ചു. "ലില്ലിയാന്റി വരുന്നോ ഞങ്ങടെ കൂടെ..?" പാത്തു ലില്ലിയെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു. "യ്യോ.. ഞാനില്ല മോളെ..ഞാനിപ്പോ വന്നല്ലേ ഒള്ളു.ഇപ്പൊ നിങ്ങള് പോയേച്ചും വാ. നമ്മക്ക് എല്ലാർക്കും കൂടെ പിന്നെയൊരു ദിവസം പോവാലോ.." ലില്ലി അവളെ നോക്കി ചിരിയോടെ പറഞ്ഞു. വല്യപ്പച്ചനോട് കൂടി പറഞ്ഞിട്ട് ക്രിസ്റ്റി ചെല്ലുമ്പോഴേക്കും എല്ലാവരും സിറ്റൗട്ടിൽ ഇറങ്ങി നിൽപ്പുണ്ട്. ക്രിസ്റ്റി കാർ സ്റ്റാര്ട് ചെയ്തതും മീരയും ദിലുവും മുന്നേ പ്ലാൻ ചെയ്തത് പോലെ ഓടി പോയി പിന്നിൽ കയറി. പാത്തു കൂടി അങ്ങോട്ട് നുഴഞ്ഞു കയറാൻ ശ്രമിച്ചതോടെ.. ഇവിടെ ഒട്ടും സ്ഥലമില്ലെന്ന് കടുപ്പത്തിൽ പറഞ്ഞു കൊണ്ട് രണ്ട് പേരും കൂടി അവളെ പുറത്താക്കി. ക്രിസ്റ്റി അടക്കി പിടിച്ചൊരു ചിരിയോടെ ഇതെല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. ക്രിസ്റ്റിയുടെ കൂടെ കയറുകയല്ലാതെ പാത്തുവിന് പിന്നെ വേറൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അവനാവട്ടെ അവളെ നോക്കുമ്പോൾ വല്ലാത്തൊരു ചിരി ബാക്കിയുണ്ട്. "അപ്പൊ.. ഓക്കേ.. ചേട്ടായി.. കത്തിച്ചു വിട്ടോ " പാത്തു കൂടി കയറിയതോടെ ദിലു പറഞ്ഞു. "ഡൺ.. " പിന്നിലേക്ക് നോക്കി കണ്ണ് ചിമ്മി കൊണ്ട് ക്രിസ്റ്റി കാറെടുത്തു.. കൈ വീശി കാണിച്ചു കൊണ്ടവർ അവിടെ നിന്നിറങ്ങി. "പാട്ടിട് ഇച്ഛാ.." പിന്നിൽ നിന്നും മീരാ വിളിച്ചു പറഞ്ഞു. നേർത്ത ശബ്ദത്തിൽ ക്രിസ്റ്റി സ്റ്റിരിയോ ഓൺ ചെയ്തു.. ശബ്ദം പോരാന്ന് പിന്നിൽ നിന്നും രണ്ടും കൂടി ബഹളം വെച്ചതോടെ.. ക്രിസ്റ്റി വോളിയം കൂട്ടി. പിന്നിൽ നിന്നും ചിരിച്ചും കളിച്ചും ബഹളം വെക്കുന്നവരെ നോക്കി പാത്തു പല്ല് കടിച്ചു.. "തിരിച്ചു വീട്ടിലെത്തട്ടെ.. നിനക്കൊക്കെ ഞാൻ കാണിച്ചു തരുന്നുണ്ട് " "നീ എന്നെ കൂടി പരിഗണിക്കെടി പാത്തോ " പിന്നിലേക്ക് നോക്കി പിറുപിറുക്കുന്നവളെ നോക്കി ക്രിസ്റ്റി പതിയെ പറഞ്ഞു. "എന്തിന്?" പാത്തു നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി. "അല്ല.. വീട്ടിലെത്തിയിട്ട് അവർക്കെന്തോ കാണിച്ചു കൊടുക്കുന്നുണ്ടെന്ന് പറഞ്ഞില്ലേ...?" ചുണ്ടിൽ തടവി കൊണ്ട് ക്രിസ്റ്റി പറഞ്ഞതും അവൾ ചുവന്നു പോയ മുഖം കുനിച്ചു. അവൻ കൈ നീട്ടി അവളുടെ വിരലിൽ കോർത്തു പിടിച്ചതോടെ.. പാത്തു പിറകിലേക്ക് കണ്ണ് കാണിച്ചു. പക്ഷേ അവരതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. അത്രമേൽ ആഹ്ലാദത്തോടെ ആ യാത്ര ആസ്വദിക്കുകയായിരുന്നു. ❣️❣️ "എത്ര നേരമായെടാ തെണ്ടി കാത്തിരിക്കൂന്നു " ഷോപ്പിംഗ് മാളിലേക്ക് കയറി ചെന്നയുടനെ തന്നെ ക്രിസ്റ്റീയുട കൈ പിടിച്ചു ഞെരിച്ചു കൊണ്ട് ഫൈസി അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു. "നീ അതിന് എന്നെയാണോ കാത്തിരുന്നത്?" പുച്ഛത്തോടെ ക്രിസ്റ്റീയും തിരിച്ചു ചോദിച്ചു. ഫൈസി ഒന്നിളിച്ചു കാണിച്ചു. "എന്റെ പെങ്ങളെ വായിൽ നോക്കാൻ വലിഞ്ഞു കേറി വന്നിട്ട്.. അവൻ ഡയലോഗടിക്കുവാ.. ചെറ്റ." ക്രിസ്റ്റി ഫൈസിയെ നോക്കി. "പതിയെ പറയെടാ.." അവന് പിന്നിൽ വരുന്ന മീര കേൾക്കുമോ എന്നാ ആധിയോടെ ഫൈസി പല്ല് കടിച്ചു. ക്രിസ്റ്റിയുടെ കൂടെ ഫൈസിയെ കൂടി കണ്ടതോടെ മീര പതുങ്ങി കളിക്കുന്നുണ്ടായിരുന്നു.വല്ലപ്പോഴും ഫോൺ വിളിക്കുകയും ചാറ്റിംഗ് ചെയ്യുകയും ചെയ്യുമെന്നല്ലാതെ...നേരിട്ട് സംസാരിക്കുന്നത് വളരെ വിരളമായിരുന്നു. പക്ഷേ ഓരോ നോട്ടം കൊണ്ടും ഒരായിരം വസന്തം തീർക്കാനറിയാവുന്ന പ്രണയം രണ്ടു പേർക്കുള്ളിലും അപ്പോഴും പൂത്തുലഞ്ഞു നിൽപ്പുണ്ടായിരുന്നു. പാത്തുവും ദിലുവും കൂടി അവളെ നോക്കി അടക്കി ചിരിച്ചു. "ഇവിടെ നിൽക്കാതെ വാ.." തനിക് ചുറ്റും തിരിഞ്ഞു കളിക്കുന്നവരെ നോക്കി ക്രിസ്റ്റി ചിരിച്ചു. പിന്നെയൊരു ബഹളമയമായിരുന്നു. "നിങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങിക്ക് എന്നും പറഞ്ഞു കൊണ്ട് മീരയെയും ദിലുവിനെയും പാത്തുവിനെയും അതിനകത്തേക്ക് പറഞ്ഞു വിട്ടിട്ട് ക്രിസ്റ്റീയും ഫൈസിയും സോഫയിലേക്കിരുന്നു. പക്ഷേ അഞ്ചു മിനിറ്റ് കഴിഞ്ഞതും ദിലു വന്നിട്ട് രണ്ടു പേരെയും അകത്തേക്ക് വലിച്ചു കൊണ്ട് പോയി. അത് വരെയും കേട്ടു കേൾവി മാത്രമുണ്ടായിരുന്ന' പെണ്ണുങ്ങളുടെ ഡ്രസ്സെടുക്കൽ 'മാമാങ്കം അന്നാദ്യമായി ക്രിസ്റ്റീയും ഫൈസിയും അനുഭവിച്ചു. എല്ലാവരും കൂടി ആഞ്ഞു ശ്രമിച്ചതോടെ ഒരു മൂന്നു മണിക്കൂർ നേരത്തേ കഠിനധ്വാനത്തിന് ശേഷം ഏറെക്കുറെ വേണ്ടതെല്ലാം വാങ്ങിച്ചെടുത്തു. എല്ലാവരുടെ കയ്യിലും വലിയ ഓരോ ബിഗ് ഷോപ്പറുകൾ ഉണ്ടായിരുന്നു. പാത്തുവിന് മാത്രമല്ല.. ദിലുവിനും മീരക്കും.. പിന്നെ വീട്ടിലുള്ളവർക്കും കൂടി വാങ്ങിച്ചു കൂട്ടിയതിനു പുറമെ... ക്രിസ്റ്റീയെയും ഫൈസിയെയും പോലും വെറുതെ വിട്ടില്ല.ഫറക്കുള്ളത് മീരാ പ്രതേകം ഫൈസിയുടെ കയ്യിൽ ഏല്പിച്ചു. ഭക്ഷണം കൂടി കഴിച്ചിട്ട് പോകാം എന്നായിരുന്നു പ്ലാൻ. കയിലുള്ള സാധനങ്ങളുമായി പുറത്തേക്കിറങ്ങി. അവരഞ്ചു പേരുടെയും ജീവിതത്തിൽ അന്നത്തെ പോലൊരു സന്തോഷം... അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലെന്ന് എല്ലാവർക്കും ഒരുപോലെ തോന്നി. തുടക്കത്തിലുണ്ടായിരുന്ന ജാള്യത മാറിയതോടെ.. എല്ലാവരും പരസ്പരം പാര പണിതും തമ്മിൽ കളിയാക്കിയും.. ആ കുറച്ചു സമയത്തെ എന്നെന്നും ഓർക്കാനുള്ള അപൂർവ നിമിഷമാക്കി മാറ്റുകയായിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിൽ കൂടി തിങ്ങി ഞെരുങ്ങി നടക്കുന്നവർക്ക് കാവലായ് മുന്നിൽ ക്രിസ്റ്റീയും പിന്നിൽ ഫൈസിയുമുണ്ടായിരുന്നു. നടത്തത്തിനിടെ പെട്ടന്നാണ് പാത്തുവിന്റെ കൈകൾ തൊട്ട് മുന്നിൽ നടക്കുന്ന ക്രിസ്റ്റിയുടെ ഷർട്ടിൽ മുറുകിയത്. അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി. "എന്തേ..?" വിളറി വെളുത്തു പോയ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. അവളൊന്നും മിണ്ടാതെ എന്തോ തുറിച്ചു നോക്കുന്നുണ്ട്. മുഖം പേടി കിട്ടിയത് പോലെ... "പാത്തു.. ഡീ.. എന്തേ...?" മീരാ കൂടി അവളെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. "അവളൊന്നും മിണ്ടാതെ ക്രിസ്റ്റിയുടെ പിന്നിലേക്ക് മാറി. 'കാര്യം പറയെന്റെ പാത്തോ " അവളെ നെഞ്ചിൽ അടക്കി പിടിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു. "അമീൻ.." ദൂരെ ആരോടോ സംസാരിച്ച് കൊണ്ട് നിൽക്കുന്ന ഒരുവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പതിയെ പറഞ്ഞു. ക്രിസ്റ്റി അവളെയൊന്ന് സൂക്ഷിച്ചു നോക്കിയതും അതേ എന്നർത്ഥത്തിൽ പാത്തു തലയാട്ടി കാണിച്ചു. ശേഷം അവന്റെ കണ്ണുകൾ ഫൈസിക്കു നേരെ നീണ്ടു. മനസിലായെന്ന പോലെ അവനും തലയാട്ടി. മീരക്കും ദിലുവിനും അവനാരെന്ന് അറിയില്ലങ്കിലും.. പാത്തുവിനെ ഉപദ്രവിച്ച ആരോ ആണെന്ന് ഉറപ്പായിരുന്നു. കാരണം അവളുടെ മുഖം നിറയെ അത്രയും പേടിയുണ്ടായിരുന്നു. "വാ.. അവളെയും പിടിച്ചു കൊണ്ടവൻ അമീന്റെ നേരെ നടന്നു.. "പെൺകുട്ടികളെ കയറി പിടിക്കുന്നോടാ.." പാത്തുവിനെ അവന്റെ അടുത്തേക്ക് നീക്കി നിർത്തി ചോദ്യത്തോടെ ക്രിസ്റ്റി അവന്റെ മുഖം നോക്കി അടിയും കഴിഞ്ഞിരുന്നു. "കാര്യം മനസ്സിലാവും മുൻപ് അമീന്റെ കണ്ണുകൾ പാത്തുവിൽ പതിഞ്ഞു. ആ നിമിഷം തന്നെ അവന്റെ മുഖം ഭയം കൊണ്ട് വിളറി.. അറക്കൽ ഷാഹിദിനെ അടിച്ചോതുക്കി അവനായി പറഞ്ഞു വെച്ച പെണ്ണിനേയുംകൊണ്ടിറങ്ങി പോയൊരു കുന്നേൽ ക്രിസ്റ്റി ഫിലിപ്പിനെ കുറിച്ച് അവനും കേട്ടിരുന്നു. ഞൊടിയിട കൊണ്ടവിടെ ആള് കൂടി. പാത്തുവിനെ അമീൻ അവിടെ വെച്ച് പിടിച്ചു വലിച്ചെന്ന് പറഞ്ഞു കൊണ്ട് ക്രിസ്റ്റീയും ഫൈസിയും മാറി മാറി അവനെ തല്ലുമ്പോൾ ഒരക്ഷരം പോലും എതിർപ്പ് പറയാതെ അമീൻ അതെല്ലാം ഏറ്റു വാങ്ങി. തമ്മിൽ ഭേദം അതാണെന്ന് അവനും തോന്നിയിരുന്നു....ക്രിസ്റ്റി എന്തിനാണ് തന്നെ അടിക്കുന്നതെന്നും അവന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.......കാത്തിരിക്കൂ.........