നിലാവിന്റെ തോഴൻ: ഭാഗം 111
Oct 4, 2024, 07:51 IST
രചന: ജിഫ്‌ന നിസാർ
കോടതിയിൽ നിന്നും ക്രിസ്റ്റി തിരികെയെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. അവിടെ നിന്നിറങ്ങി അവനും ഫൈസിയും ആര്യന്റെ വീട്ടിലും കൂടി പോയിട്ടാണ് മടങ്ങിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും അവന്റെ അച്ഛനെ വീട്ടിലേക്ക് മടക്കി കൊണ്ട് വന്നിരുന്നു. ഇനിയൊരു ശ്വാസത്തിന്റെ ദൂരം മാത്രമേ മരണത്തിലേക്കൊള്ളൂ എന്നത് പോലെ... നിർജീവമായ അയാളുടെ കണ്ണുകൾ... അവരെ ഒരുപാട് വേദനിപ്പിച്ചു. അങ്ങനെയൊരു കാഴ്ച, അത് ദിവസേന കണ്ടു നിൽക്കുന്നവരെത്ര നിർഭാഗ്യവാന്മാർ ആയിരിക്കുമെന്നാണ് ക്രിസ്റ്റി അവിടെ നിന്നിറങ്ങിയ നിമിഷം ആലോചിച്ചത്. അവിടേക്ക് വേണ്ടുന്ന സാധനങ്ങൾ കൂടി വാങ്ങിച്ചിട്ടാണ് രണ്ട് പേരും പോയത്. ആ വീടിന്റെ നെടും തൂണാണ് മരണം കാത്ത് കിടക്കുന്നത്. ആര്യന് പിന്നൊരു സഹോദരി കൂടിയാണ് ഉള്ളത്.അവളുടെ വിവാഹം കഴിഞ്ഞതാണ്. "സർട്ടിഫിക്കറ്റ് വെച്ചുള്ള ജോലി കാത്ത് നിൽക്കാനൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ലെടാ. എന്തേലും ജോലി കണ്ട് പിടിക്കേണ്ടത് അത്യാവശ്യമാണെന്ന് "ആര്യൻ പറയുമ്പോൾ തന്നെ മനസ്സിലാവും എത്ര മാത്രം ബുദ്ധിമുട്ടിയാണ് അവരുടെ ജീവിതം കഴിഞ്ഞു പോകുന്നതെന്ന്. "നീ വിഷമിക്കാതെ.. നമ്മുക്ക് ശെരിയാക്കാം" എന്നൊരു ഉറപ്പോടെയാണ് ക്രിസ്റ്റീയും ഫൈസിയും യാത്ര പറഞ്ഞിറങ്ങിയത്. "പള്ളിയിൽ പോണുണ്ട്.. എല്ലാരും കൂടി. ഇന്ന് വൈകുന്നേരം. പറ്റുമെങ്കിൽ നീയും അങ്ങോട്ടിറങ്ങ് "എന്ന് ഫൈസിയോട് കൂടി പറഞ്ഞിട്ടാണ് ക്രിസ്റ്റി മടങ്ങിയത്. അവനുറപ്പൊന്നും പറഞ്ഞിരുന്നില്ല. കുന്നേൽ ക്രിസ്റ്റിയെത്തുമ്പോൾ അവിടെ ഷാനവാസ് ഉണ്ടായിരുന്നു. "ആഹാ.. ഇതാര്.. എപ്പോ വന്നു?" ഹാളിലേക്ക് കയറിയ ഉടനെ.. ക്രിസ്റ്റി അയാളെ കണ്ടതും സന്തോഷത്തോടെ ആ അരികിലേക്ക് ചെന്നു. "കുറച്ചു നേരമായെടാ..." ഷാനാവാസ് ചിരിയോടെ ക്രിസ്റ്റിയെ നോക്കി. "ഉമ്മാക്ക് എങ്ങനുണ്ട്..?" ക്രിസ്റ്റി അയാളുടെ അരികിലേക്കിരുന്നു കൊണ്ട് ചോദിച്ചു. "ആളിപ്പോ എക്സ്ട്രാ പവർ ആയെടോ " ഡെയ്സിയുടെ അരികിൽ നിൽക്കുന്ന ലില്ലിയെ കൂടിയൊന്ന് നോക്കിയിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. "കോടതിയിൽ പോയതായിരുന്നു. അല്ലേ?" ഷാനവാസ് ക്രിസ്റ്റിയെ നോക്കി. "മ്മ്.." അവന്റെ കണ്ണുകൾ ഡെയ്സിയുടെ നേരെയാണ് നീണ്ടത്. "ഇവർ തമ്മിലുള്ള കെട്ടിന്റെ കാര്യം പറയാനാണ് മോനെ ഷാനു വന്നത് " മാത്തൻ ക്രിസ്റ്റിയെ നോക്കി. "ആഹാ.. അത് കൊള്ളാലോ.. സന്തോഷം.." ആ പറഞ്ഞ സന്തോഷം അവന്റെ വാക്കിലും നോക്കിലും പ്രകടമായി തന്നെ ഉണ്ടായിരുന്നു. "വലുതായൊന്നും വേണ്ട ക്രിസ്റ്റി. ഈ കാര്യത്തിൽ എന്റെ റോൾ മോഡൽ നീയാണ്. രണ്ടൊപ്പിൽ കാര്യം തീർന്നില്ലേ? സിമ്പിൾ " ഷാനവാസ് ചിരിയോടെ പറഞ്ഞതും ക്രിസ്റ്റി തല ചെരിച്ചു കൊണ്ട് പിന്നിലേക്ക് നോക്കി. പാത്തുവിനെയാണ് തിരഞ്ഞതെങ്കിലും അതിന് മുന്നേ കല്യാണത്തിന് കൂടാൻ കഴിയാത്ത ദേഷ്യം അപ്പോഴും മുഖത്തു പടർത്തി നിൽക്കുന്ന മറിയാമ്മച്ചിയിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു. "അത് വേണോ.. ഷാനിക്കാ. പലപ്പോഴും അങ്ങനൊരു സാഹസതിന് വലിയ വില കൊടുക്കേണ്ടി വരും കേട്ടോ.. പ്രതേകിച്ചു നമ്മുടെ വീട്ടിൽ ബോധോം വിവരോം ഇല്ലാത്ത വല്ല പുരാ വസ്തുക്കളും ഉണ്ടെങ്കിൽ.." പിന്നിലേക്ക് നോക്കിയൊരു കള്ളചിരിയോടെ ക്രിസ്റ്റി പറഞ്ഞു. ഷാനവാസ് കാര്യമറിയാതെ പകച്ചിരുന്നു പോയെങ്കിലും ബാക്കിയുള്ളവരെല്ലാം സംഭവം മനസ്സിലായത് പോലെ ചിരിക്കുന്നുണ്ടായിരുന്നു. "എന്റെ കുഞ്ഞേ... വല്ല വിവരമില്ലാത്തവനും ഇച്ചിരെ കാശ് ലാഭിക്കാൻ വേണ്ടി എന്തോ പന്ന പരിപാടി കാണിച്ചെന്ന് വെച്ച് നീയും അതിന് നിക്കല്ലേ.." ആഹാ.. അത്രക്കായോ.. ശെരിയാക്കി തരാം എന്നൊരു ഭാവത്തിൽ മറിയാമ്മച്ചി അവരുടെ നേരെ മുന്നിൽ വന്നു നിന്നിട്ട് പറയുമ്പോൾ ക്രിസ്റ്റി മുഖം കുനിച്ചിരുന്നു ചിരിക്കുന്നുണ്ടായിരുന്നു. "പിശുക്കൻമാരങ്ങനെ പലതും ചെയ്യും. എന്നും കരുതി നമ്മൾ ബോധമുള്ളവർ അത് തുടരുകയാണോ വേണ്ടത്.. സാഹചര്യം കൊണ്ടങ്ങനെ സംഭവിച്ചു എന്നിരിക്കട്ടെ... ചെയ്തത് എന്തോ ആനകാര്യം ആണെന്നും പറഞ്ഞിരിക്കാതെ സ്വന്തം കല്യാണത്തിന് കൂടാൻ ഒരുങ്ങിയിരിക്കുന്നവരെ ഒരുമാതിരി പൊട്ടൻ കളിപ്പിച്ച ഈ ഇടപാട്... എനിക്കത്രയങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ " ക്രിസ്റ്റിയെ ഒളികണ്ണിട്ട് നോക്കി വലിയ കാര്യത്തിൽ ഷാനവാസിനു മുന്നിൽ നിന്നിട്ട് കത്തി കയറുവാണ് മറിയാമ്മച്ചി.. ഇതൊക്കെ ഇപ്പൊ പറയണോ എന്നൊരു ഭാവത്തിലാണ് അയാൾ മറിയാമ്മച്ചിക്ക് മുന്നിലിരിക്കുന്നത്. "എന്റെ കൊച്ചേ.. ഈ കല്യാണം ന്നൊക്കെ പറയുന്നത്.. എന്നൊന്നും ഓർക്കുമ്പോൾ അതൊരു സുഖമുണ്ടാവുന്ന സംഭവം ആയിരിക്കണം. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നല്ലേ?. അത് രണ്ടടിയും രണ്ടൊപ്പും കൊണ്ട് ഒതുക്കാൻ നോക്കിയവൻ.. അവനിനി ആരായാലും ഈ മറിയാമ്മക്ക് പുല്ലാണ്.. ഞാൻ പറയാനൊള്ളത് പറയും " ക്രിസ്റ്റിയെ നോക്കി കെറുവിച്ചു കൊണ്ട് മറിയാമ്മച്ചി പിന്തിരിഞ്ഞു. "കാര്യമാക്കണ്ട ഷാനിക്കാ.. അത് മുഴുവനും എനിക്കുള്ളതാ " ക്രിസ്റ്റി പതിയെ അയാളോട് പറഞ്ഞു. കാര്യം അപ്പോഴാണ് മനസ്സിലായതെന്ന പോലെ.. ഷാനവാസ് തലയാട്ടി. 'അപ്പൊ നിങ്ങളുടെ തീരുമാനം.. അതിനി എന്താണെങ്കിലും എന്നേ അറിയിച്ച മതി. ഞാൻ ഓക്കേയാണ്. എത്രയും പെട്ടന്ന് നടത്താൻ പറ്റുവോ അത്രയും പെട്ടന്ന് വേണം ന്ന് മാത്രം. അറിയാലോ.. ന്റുമ്മ.." നെടുവീർപ്പോടെ അത്രയും പറഞ്ഞിട്ട് ഷാനവാസ് പോകാനായി എഴുന്നേറ്റു. "ഇന്നത്തോടെ തന്നെ ഒരു തീരുമാനം അറിയിക്കാം ഷാനിക്കാ. ഇനിയും ഇതിങ്ങനെ നീട്ടി കൊണ്ട് പോവേണ്ട കാര്യമൊന്നുമില്ല." അയാൾക്കൊപ്പം എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റി പറഞ്ഞു. "അല്ലേ.. അങ്ങനല്ലേ വല്യപ്പച്ച.. വല്യമ്മച്ചി.." ക്രിസ്റ്റി രണ്ട് പേരോടുമായി വിളിച്ചു ചോദിച്ചു. "നീ നിന്റെ ഇഷ്ടം പോലെ ചെയ്യെടാ മോനെ " മാത്തൻ പറഞ്ഞു. മറിച്ചൊരു അഭിപ്രായം അവിടാർക്കും ഇല്ലായിരുന്നു. "എങ്കിൽ പോട്ടെ..." ഷാനവാസ് എല്ലാവരോടുമായി യാത്ര പറഞ്ഞു. "മറിയാമ്മച്ചിക്ക് എന്തായാലും എന്റെ വക സ്പെഷ്യൽ ഉണ്ടാവും കേട്ടോ.. കല്യാണത്തിന് " പോകും മുന്നേ ഷാനിക്കാ പറഞ്ഞു.ലില്ലിയെ നോക്കിയൊന്ന് പതിയെ ചിരിച്ചു കൊണ്ടയാൾ കാറിലേക്ക് കയറി. "പോയിട്ട് വാടാ മക്കളെ " നിറഞ്ഞ ചിരിയോടെ അവർ അയാളെ യാത്രയാക്കി. ❣️❣️ "നിങ്ങൾക്കിന്ന് പള്ളിയിൽ പോണം ന്നല്ലേ പറഞ്ഞത്. എന്റെ പട്ടി പോരും നിങ്ങടെ കൂടെ. ഹല്ല പിന്നെ " അകത്തേക്ക് കയറിയ ഉടനെ തന്നെ മറിയാമ്മച്ചിയെ നോക്കി ക്രിസ്റ്റി വിളിച്ചു പറഞ്ഞു. "പള്ളി വരെയും കണ്ണ് കെട്ടി വിട്ടാലും മറിയാമ്മ പോകുമെടാ മോനെ.. അപ്പോപ്പിന്നെ നീ നിന്റെ പട്ടിയേം കെട്ടിപിടിച്ചു കൊണ്ട് ഇവിടിരുന്നോ " അതേ നാണയത്തിൽ തന്നെ മറുപടിയും കിട്ടി. "ഇതെന്തോന്ന് സാധനം.." ക്രിസ്റ്റി അവരെയൊന്നു പൊതിഞ്ഞു പിടിച്ചു വട്ടം കറക്കി കൊണ്ട് പറഞ്ഞു. "ആ.. ഈ സാധനം ഇങ്ങനാ.." അവരും മുഖം വീർപ്പിച്ചു. 'ആ.. ഈ സാധനം ഇങ്ങനെ തന്നെ ആയാ മതി. എനിക്കതാ ഇഷ്ടം " അവൻ അവരുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. "അമ്മയെന്താ മിണ്ടാത്തെ ...?" ക്രിസ്റ്റി ഡെയ്സിയുടെ അരികിൽ ചെന്നിട്ടു ചോദിച്ചു. അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിലൊരു ഉമ്മ കൊടുത്തു ഡെയ്സി. ഒരു നന്ദി പറച്ചില് പോലെ... "പതിനഞ്ച് ദിവസം... അതിനുള്ളിൽ അമ്മയുടെ പ്രിയപ്പെട്ട മകനായി അവനിങ് വരുമല്ലോ.." ക്രിസ്റ്റി അവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "എന്താണ്.. എന്റെ കുഞ്ഞാന്റിക്കൊരു പരുങ്ങി കളി.. ഏഹ്?" അതേ ചിരിയോടെ അവൻ ലില്ലിയുടെ അരികിലേക്ക് ചെന്നു. അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു കളഞ്ഞു. "ഒന്നുല്ല... ഇത്രയും പേടിക്കാൻ.. ഞാനില്ലേ കുഞ്ഞാന്റിയുടെ കൂടെ " അവളുടെ ഹൃദയമിടിപ്പറിഞ്ഞത് പോലെ ക്രിസ്റ്റി പറയുമ്പോൾ ത്രേസ്യ കണ്ണ് തുടക്കുന്നുണ്ടായിരുന്നു. "ഓഓഓഓ.. ഇനി വന്നിട്ടാകാം ചേട്ടായി ബാക്കി കെട്ടിപ്പിടുത്തം. ഇപ്പൊ തന്നെ വൈകി. നമ്മക്ക് പോണ്ടേ " ഒടുവിൽ ദിലു ക്ഷമ കെട്ടത് പോലെ പറഞ്ഞു. "പോവാലോ.. എല്ലാരും പോയി പെട്ടന്ന് റെഡിയായി വാ ന്നാ.." ക്രിസ്റ്റി ലില്ലിയെ വിട്ടു കൊണ്ട് പറഞ്ഞു. "ഞങ്ങളൊക്കെ റെഡിയായി നിൽപ്പാ ഇച്ഛാ.. ഇനി ഇച്ഛാ മാത്രം റെഡിയാവാനൊള്ളു " മീരാ അവനെ നോക്കി. "ആഹാ.. മിടുക്കന്മാർ.. ഞാൻ ദേ.. പോയി.. ദേ വന്നു " അതും പറഞ്ഞു കൊണ്ടവൻ സ്റ്റെപ്പ് കയറി.. പാതി ദൂരം കയറി തിരിഞ്ഞു നോക്കിയപ്പോൾ പാത്തു വേഗം മുഖം വെട്ടിച്ചു മാറ്റുന്നത് ക്രിസ്റ്റി വ്യക്തമായും കണ്ടിരുന്നു. ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ മുറിയിലേക്ക് നടന്നു. ❣️❣️ "ചേട്ടായി.. ഇവിടെ മതി.ഇവിടെ നിർത്ത്.." പള്ളിയുടെ മുന്നിലെ നീളൻ പടികെട്ടിന് മുന്നിൽ എത്തിയതും ദിലു പിറകിലെ സീറ്റിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞതോടെ ക്രിസ്റ്റിയുടെ കാലുകൾ ബ്രെക്കിൽ അമർന്നു. "എന്റെ പിള്ളേരെ.. വെറുതെ പടി കയറി കഷ്ടപ്പെടണോ.. വണ്ടിയങ് ചെല്ലുമല്ലോ?" ത്രേസ്യ പിന്നിലേക്ക് നോക്കി പറഞ്ഞു. "ഞങ്ങൾ പടി കയറി വന്നോളാം വല്യമ്മച്ചി.. ഇവിടെ ഇറക്കിയ മതി " അത് പറഞ്ഞു കൊണ്ട് മീരയും ദിലുവിന്റെ പിറകെ ചാടിയിറങ്ങി. പാത്തുവിന്റെ കണ്ണുകൾ ക്രിസ്റ്റിയുടെ നേരെയാണ്. "അവനെ നോക്കാതെ അങ്ങോട്ടിറക്കോടി മോളെ നീയും " അവൾക്കും അവർക്കൊപ്പം പോകുന്നതാണ് ഇഷ്ടമാണെന്നാണ് ആ നോട്ടത്തിന്റെ അർഥമെന്ന് മനസ്സിലായത് പോലെ മറിയാമ്മച്ചി പറഞ്ഞതും പാത്തുവും ആവേശത്തിൽ അവരോടൊപ്പം ഇറങ്ങി ഡോർ അടച്ചു. അത്രയും നടക്കാൻ വയ്യാത്തത് കൊണ്ട് അവർക്കൊപ്പം പിറകിൽ തന്നെ ഇരുന്ന ലില്ലി മാത്രം ഇറങ്ങിയില്ല. ഡെയ്സിയും ത്രേസ്യയും മറിയാമ്മച്ചിയും നടുക്കുള്ള സീറ്റിലും മാത്തൻ ക്രിസ്റ്റിക്കൊപ്പം മുന്നിലുമാണ് കയറിയത്. രാവിലെ പോയത് കൊണ്ട് താൻ ഇനി വരുന്നില്ലെന്ന് പറഞ്ഞു ഡെയ്സി പരമാവധി ഒഴിയാൻ നോക്കിയെങ്കിലും അവരെല്ലാം കൂടി വിടാതെ കൂടെ കൂട്ടുകയായിരുന്നു. "ഓടി വീഴല്ലേ കേട്ടോ.." വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ മാത്തൻ തിരിഞ്ഞ് നോക്കി പറഞ്ഞതും മൂന്ന് പേരും കൂടി കൈ വിരൽ ഉയർത്തി കാണിച്ചു കൊണ്ട് ഉത്സാഹത്തോടെ സ്റ്റെപ്പ് കയറി തുടങ്ങി. വിശാലമായ പള്ളി മുറ്റത്തിന്റെ ഒത്ത നടുവിലായി വലിയൊരു വാക മരമുണ്ട്. അതിന്റെ തലപ്പ് മാത്രമേ പടികൾക്ക് താഴെ നിന്നാൽ കാണുമായിരുന്നൊള്ളു. പത്തു മുപ്പതു പടിയോളം കയറി വേണം മുകളിൽ എത്താൻ. അത് തന്നെയായിരുന്നു ആ പള്ളിയുടെ ഏറ്റവും വലിയൊരു ഭംഗിയും. നടന്നു കയറാൻ വയ്യാത്തവർക്ക് വണ്ടി എത്താനുള്ള സൗകര്യത്തിനായ് പള്ളിയുടെ മുറ്റത്തേക്ക് എത്താനുള്ള റോഡുമുണ്ട്. ചിരിയോടെ കൈ കോർത്തു പിടിച്ചു ഓടി... വാക പൂക്കൾ ചുവന്ന പരവതാനി വിരിച്ച മുറ്റത്തേക്ക് എത്തുമ്പോൾ മൂന്ന് പേരും കിതപ്പോടെ കുനിഞ്ഞു നിന്ന് പോയി. "അനുഭവിച്ചോ.. മര്യാദക്ക് പറഞ്ഞപ്പോൾ കേൾക്കാഞ്ഞിട്ടല്ലേ.." ക്രിസ്റ്റിയുടെ കൈ പിടിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനിടെ മറിയാമ്മച്ചി പറഞ്ഞത് കേട്ടതും മൂന്നു പേരും നിവർന്നു നിന്നിട്ട് ചുറ്റും നോക്കി. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ശാന്തതയുണ്ടവിടെ എന്നവർക്ക് തോന്നി. തഴുകി തലോടി തണുപ്പിക്കുന്ന കാറ്റും നിറയെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന മുറ്റവും. ഏതോ പ്രിയപ്പെട്ടയിടത്തു ചെന്നെത്തിയ പോലൊരു സന്തോഷം നിറയുന്നുണ്ടായിരുന്നു അവരിലെല്ലാം. അകത്തേക്ക് കയറാൻ അറച്ചു നിന്ന പാത്തുവിൻറെയും മീരയുടെയും കയ്യിൽ പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി കയറി പോയത്. വൈകുന്നേരത്തിന്റെ ശാന്തതയിൽ.. കാരുണ്യം നിറഞ്ഞ തിരുരൂപത്തിന് മുന്നിൽ നിൽക്കുമ്പോൾ അവരിൽ എല്ലാവരുടെ മനസ്സിലും വല്ലാത്തൊരു അനുഭൂതി നിറയുന്നുണ്ടായിരുന്നു. ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെ............കാത്തിരിക്കൂ.........