നിലാവിന്റെ തോഴൻ: ഭാഗം 120 || അവസാനിച്ചു
Oct 13, 2024, 22:08 IST
രചന: ജിഫ്‌ന നിസാർ
രണ്ടു ദിവസം കൊണ്ട് തന്നെ മീരയിൽ വളരെ വലിയ മാറ്റങ്ങളുണ്ടെന്ന് പാത്തു ക്രിസ്റ്റീയോട് സ്വകാര്യം പറഞ്ഞു. ശെരിയാണ്.. ഫൈസിയോട് ചേർന്നിരുന്നു എന്തോ കളി പറഞ്ഞു ചിരിക്കുന്നവളുടെ പ്രകാശം നിറഞ്ഞ മുഖം. അവനിൽ വല്ലാത്തൊരു തണുപ്പ് നിറച്ചു. ഫൈസിയുടെ വീട്ടിലായിരുന്നു അവരെല്ലാം. കുന്നേലുള്ള എല്ലാവർക്കും അന്നവിടെയായിരുന്നു വിരുന്ന്. ക്രിസ്റ്റിയെ കണ്ടപ്പോൾ തന്നെ മീരാ അത് വരെയും അനുഭവിച്ചിരുന്ന ശ്വാസം മുട്ടൽ അവസാനിച്ചുവെന്ന് ഫൈസിക്കും തോന്നിയിരുന്നു. പരമാവധി ആ വീടുമായി ഇഴകി ചേരാൻ ശ്രമിക്കുമ്പോഴും ക്രിസ്റ്റിയുടെയോ കുന്നേൽ വീടിന്റെയോ കാര്യമോർത്താൽ തന്നെ അണഞ്ഞു പോകുന്നൊരു വിളക്കാണ് അവളെന്നെന്നുള്ളത് ഫൈസിക്ക് പലപ്പോഴും തോന്നിയിരുന്നു. "ഇച്ഛയെ കാണാൻ പോണങ്കിൽ പറഞ്ഞ മതി ഞാൻ കൊണ്ട് പോയിക്കൊള്ളാം " എന്ന് ഫൈസി ഒന്ന് രണ്ടു പ്രാവശ്യം ഓർമ്മിപ്പിച്ചിട്ടും അവൾ അതിനൊരുങ്ങിയില്ല. ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ കുന്നേൽ ഉള്ളവരെയെല്ലാം കൂട്ടി ക്രിസ്റ്റി വന്നിറങ്ങിമുമ്പോൾ അന്നിറങ്ങി പോന്നപ്പോഴുള്ള അതേ കരച്ചിലോടെ മീരയവനെ ചുറ്റി പിടിച്ചു. വന്നപ്പോൾ ആദ്യം അവരെ ഗൗനിച്ചില്ലെന്ന് പറഞ്ഞിട്ട് പിണങ്ങി നടന്ന പാത്തുവിനെയും ദിലുവിനെയും പിറകെ നടന്നു കൊഞ്ചി കൊണ്ട് പെണ്ണ് വശത്താക്കി. ഫറ കൂടി ചേർന്നത്തോടെ അവരുടെ ടീം പഴയ പോലെ കെട്ടുറപ്പുള്ളതായി. "ഇതെന്താണ്.. ഈ പഹയന്റെ തൂക്കം ഇനിയും പോയില്ലേ?" മനസ്സില്ലാമനസോടെ ക്രിസ്റ്റി വിളിച്ചത് കൊണ്ട് മാത്രം ഫൈസിയുടെ വീട്ടിലേക്ക് പോന്ന റിഷിനെ നോക്കി മുഹമ്മദ് ചോദിച്ചു. അയാളെ നേരിടാൻ കരുത്തില്ലാത്തതു പോലെ അവനപ്പോഴും മുഖം കുനിച്ചു. "എല്ലാവരും എല്ലാം മറന്നു.. പൊറുത്തു. ഇനി നീയായിട്ട് ഈ കുനിഞ്ഞ മുഖത്തോടെ അതൊന്നും ആരെയും ഓർമ്മിപ്പിക്കല്ലേട മോനെ. നിനക്ക് പറ്റി പോയൊരു അബദ്ധം.. അത് ഇപ്പോഴുള്ള നിന്റെ മാറ്റത്തോടെ ഞങ്ങളെല്ലാം തന്നെ മറന്നും കളഞ്ഞു. നിന്നെയിപ്പോ ഞങ്ങളിൽ ഒരായി അംഗീകരിക്കുന്നുണ്ട്. പിന്നെയും എന്തിനാ നിനക്കീ വേണ്ടാത്ത കുറ്റബോധം. വിട്ട് കളയെട.." മുഹമ്മദ് അവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി. ഫൈസിയോടെന്തോ പറഞ്ഞു ചിരിക്കുന്ന ക്രിസ്റ്റിയുടെ നേരെ റിഷിന്റെ കണ്ണുകൾ പാളി. ആ ചിരിയിലേക്ക് നോക്കുമ്പോഴൊക്കെയും തന്നെ പൊതിഞ്ഞു നിന്നിരുന്ന അസ്വസ്ഥതയുടെ കരിമ്പടം പൊഴിഞ്ഞു വീഴുന്നുണ്ടെന്ന് അവനൊരിക്കൽ കൂടി മനസ്സിലാക്കി. ഷാനവാസിനെയും ലില്ലിയെയും കൂടി അങ്ങോട്ട് വിളിച്ചു വരുത്തി അവരെല്ലാം. ഒരുമിച്ചിരുന്ന് അന്നത്തെ ദിവസം കൂടി ഓർത്തു വെക്കാനുള്ളതാക്കിയാണ് അവർ തിരികെ മടങ്ങിയത്. പിറ്റേന്ന് തന്നെ മീരയെയും ഫൈസിയെയും കുന്നേലേക്ക് വിരുന്ന് വിളിക്കാനും മറന്നില്ല. "അവരെത്ര പെട്ടന്നാ സെറ്റായത്. ആ പെണ്ണ് കരഞ്ഞു കൊണ്ട് ഇറങ്ങി പോന്നപ്പോ ഞാൻ കരുതി ആകെ അലമ്പാവും ന്ന്.." തിരികെ വണ്ടിയൊടിക്കുന്നതിനിടെ ക്രിസ്റ്റി അവരോടെല്ലാമായി പറഞ്ഞു. "ആ.. ഫൈസി മിടുക്കനാ. നിന്നെ പോലെ.. സ്കൂളിൽ പോണ പ്രായത്തിൽ പെണ്ണ് കെട്ടിയില്ലല്ലോ. അതിന്റെ പക്വത അവന്റെ കാര്യത്തിൽ ഉണ്ടാവാതിരിക്കില്ലല്ലോ?" തീർത്തും മൗനം നിറഞ്ഞ ആ സമയം മറിയാമ്മച്ചി കിട്ടിയ അവസരത്തിലൊരു കൊട്ട് കൊടുത്തതും അവരെല്ലാം ഉറക്കെ ചിരിച്ചു പോയി. "ഓഓഓഓ. നിങ്ങൾക്കല്ലേലും ഞാൻ മാത്രമാണല്ലോ ഈ ലോകത്തു കൊള്ളരുതാത്തവൻ " ക്രിസ്റ്റി മുഖം കോട്ടി കൊണ്ട് മാറിയാമ്മച്ചിയെ നോക്കി. "ഞാൻ ഒള്ളത് പറഞ്ഞു.." മറിയാമ്മച്ചിയും വിട്ട് കൊടുക്കുന്നില്ല. പാത്തുവിനും ദിലുവിനുമൊപ്പം ബാക്ക് സീറ്റിലാണ് റിഷിയും കയറിയത്. അവൻ അൽപ്പം അകലമിട്ട് ഇരിക്കാൻ ശ്രമിച്ചിട്ടും ദിലുവും പാത്തുവും അവനെ ചെവിതല കേൾപ്പിക്കുന്നില്ല. നാളെ മീര വന്നിട്ട് ചെയ്യാനുള്ള എന്തൊക്കെയോ പ്ലാൻചെയ്യുകയാണ് രണ്ടും. ഇടയ്ക്കിടെ യാതൊരു ആവിശ്യവുമില്ലാഞ്ഞിട്ടും അങ്ങനെ ചെയ്യാം ല്ലെ.. ഇങ്ങനെ ചെയ്യാം ല്ലെ എന്നൊക്ക പറഞ്ഞു കൊണ്ട് റിഷിനോടും അഭിപ്രായം ചോദിക്കുന്നുണ്ട് ഒട്ടും താല്പര്യമില്ലയെങ്കിലും അവരുടെ ശല്യം സഹിക്കാൻ വയ്യെന്നത് പോലെ അവനതിനെല്ലാം തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.. മറിയാമ്മച്ചിയും ത്രേസ്യയും മീരയെ കുറിച്ചാണ് പറയുന്നത്. ഡെയ്സി നിശബ്ദതമായി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിപ്പാണ്. ക്രിസ്റ്റിയുടെ മനസ്സിലും മീരാ തന്നെയായിരുന്നു. അവളെയും ശാരിയെയും ആദ്യമായി കണ്ടത് മുതൽ അവിടം വരെയും അതിജീവിച്ചു കയറാൻ ആ അമ്മയ്ക്കും മകൾക്കുമൊപ്പം പൊരുതിയ ഓരോ നിമിഷവും അവനുള്ളിലൂടെ മിന്നി മായുന്നുണ്ടായിരുന്നു. ശാരിയാന്റി കൂടി വേണമായിരുന്നു.. ആ നിമിഷം അവനും അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ❣️❣️ "എന്താണ്.... ആകെക്കൂടിയൊരു മൗനം.. ന്ത് പറ്റി. അവരെയെല്ലാം കണ്ടത് കൊണ്ടാണോ?" മീരയുടെ അരികിലേക്ക് കിടന്നു കൊണ്ട് ഫൈസി ചോദിച്ചു. കുന്നേൽ ഉള്ളവർ മടങ്ങി പോയത് മുതൽ അവളെയൊരു മ്ലാനത പിടികൂടിയിരുന്നു. അത് മനസ്സിലായി. "മീരാ..." അവളൊന്നും മിണ്ടുന്നില്ല. ഫൈസി അവളുടെ നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് വിളിച്ചു നോക്കി. ശ്വാസം അടക്കി പിടിച്ചു കിടക്കുന്നവളെ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത് ഫൈസി ഇറുകെ കെട്ടിപിടിച്ചു . "അവർക്കൊപ്പം പോയേക്കണം എന്നൊന്നും കരുതല്ലേ കേട്ടോ... ഈ മുഖം കാണാതെ.. ദ ഇങ്ങനെ കിടന്നാല്ലല്ലാതെ എനിക്കിപ്പോ ഉറക്കം വരില്ലെന്നായിട്ടുണ്ട്." കാതിനരികിൽ ഫൈസിയുടെ ഹസ്കി വോയിസ്.. അകന്ന് മാറുന്നതിനു പകരം മീരയവനിലേക്ക് കൂടുതൽ ചേർന്നു കിടക്കുകയാണ് ചെയ്തത്. വാതോരാതെ സംസാരിക്കാനും കളി പറയാനുമെല്ലാം ഒപ്പം കൂടാറുള്ള അവളിൽ നിന്നും അങ്ങനൊരു പെരുമാറ്റം.. അതാദ്യമായിരുന്നത് കൊണ്ട് ഫൈസിയൊന്ന് വിറച്ചു പോയിരുന്നു. സ്വന്തം ഹൃദയത്തിനോട് ചേർന്നു മിടിക്കുന്നത് തന്റെ പ്രണയമാണെന്നുള്ള തിരിച്ചറിവ് അവനിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. കൂടിയ ഹൃദയമിടിപ്പ് അവന്റെ ഉള്ളറിയിച്ചു കൊടുത്തിട്ടും മീര അവനിൽ നിന്നും അൽപ്പം പോലും അകന്ന് മാറിയതുമില്ല... ❣️❣️ മനോഹരമായതിനെ കൂടുതൽ മനോഹരമാക്കുന്നത്, ആ ഓർമകൾ..അതിങ്ങനെ ഓർമകളിൽ കൂടുതൽ കൂടുതൽ വസന്തം തീർക്കുമ്പോഴണെന്ന് റിഷിൻ തിരിച്ചറിയുന്നുണ്ടായിരിന്നു. ഓർമകളിൽ എവിടെയോ പ്രണയമൊളിപ്പിച്ചു പിടിച്ചു രണ്ടു ഈറൻ കണ്ണുകൾ അവന്റെയും ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു! തനിക്കവളോടുള്ളത് അഭിനയമായിരുന്നുവെങ്കിലും അവൾക്കുള്ളം നിറയെ തന്നോടുള്ള ആത്മാർത്ഥ പ്രണയം തന്നെയായിരുന്നുവെന്ന് അനേകം തവണ അനുഭവിച്ചറിഞ്ഞതാണ്. 'നീയെനിക്കെന്റെ ടൈം പാസ് മാത്രമായിരുന്നുവെന്ന് 'ആ മുഖത്തു നോക്കി പറഞ്ഞപ്പോൾ ആ ഉള്ളം നൂറായിരം കഷ്ണങ്ങളായി ചിതറി തെറിച്ചത് കണ്ട് നിന്നപ്പോൾ, അന്ന് തോന്നാത്ത വേദന ഇന്നവന്റെയുള്ളിലെ തീരാ മുറിവായി തീർന്നിരിക്കുന്നു. അവളെയൊന്ന് കാണാൻ അത്രമേൽ കൊതിക്കുന്നതും തനിക്കുള്ളിലെ കുറ്റബോധമോ സ്നേഹമോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലയെങ്കിലും.. ഒന്നവളെ കണ്ടേ തീരുവെന്ന് ഹൃദയം വല്ലാതെ ശാട്യത്തിലാണ്. ഒടുവിൽ ഒരുങ്ങിയിറങ്ങി ചെല്ലുമ്പോൾ ക്രിസ്റ്റീയുണ്ടായിരിന്നു താഴെ. "ഞാൻ.. ഞാനൊന്ന് പുറത്ത് പോകുവാ ചേട്ടായി.." അവനരികിൽ ചെന്നിട്ട് റിഷിൻ പതിയെ പറഞ്ഞു. "പോയിട്ട് വാടാ..." എങ്ങോട്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ക്രിസ്റ്റി അത് മാത്രം പറഞ്ഞു. അവിടെയിരിക്കുന്നവരെ കൂടി നോക്കിയൊന്ന് ചിരിച്ചിട്ട് റിഷിൻ തിരിഞ്ഞു നടന്നു. "ടാ.. കാറെടുത്തോ..." ക്രിസ്റ്റി വിളിച്ചപ്പോൾ തിരിഞ്ഞ റിഷിന് നേരെ അവൻ കീ എറിഞ്ഞു കൊടുത്തു. റിഷിനത് പിടിച്ചെടുത്തു കൊണ്ട് ഒരു നിമിഷം ക്രിസ്റ്റിയെ നോക്കി.. "ചെല്ല്..." കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു. ❣️❣️ "അവനാ പെണ്ണിനെ കാണാൻ ഓടുവാ " അവൻ പോയ വഴിയേ നോക്കി ത്രേസ്യ പറഞ്ഞു. അത് ശെരി വെക്കും പോലെ ക്രിസ്റ്റി തലയാട്ടി. "അങ്ങനാ സ്നേഹമുള്ളവര് " മറിയാമ്മച്ചി ഇരുന്നിടത് നിന്നും വിളിച്ചു പറഞ്ഞു. "അതേ..ഞങ്ങൾ കുടുംബത്തോടെ സ്നേഹമുള്ളവരാ.. അതിങ്ങനെ കണ്ണ് കടിച്ചിട്ട് യാതൊരു കാര്യവുമില്ല.കേട്ടോ" ഡെയ്സിയുടെ മടിയിൽ കിടക്കുകയായിരുന്ന ക്രിസ്റ്റി തലയുയർത്തി നോക്കി കൊണ്ട് പറഞ്ഞു. "ഉവ്വാ..നിന്നെ കൂട്ടാതെ പറ. അപ്പഴേ ആ പറഞ്ഞത് ശരിയാവുകയുള്ളു " അവരും വിട്ട് കൊടുത്തില്ല. "ഓഓഓ ഇന്ന് രാവിലെ തന്നെ തുടങ്ങിയോ രണ്ടും കൂടി.. നിങ്ങൾക്ക് നാണമില്ലേ.. കുട്ടികളെ കൂട്ട് തല്ല് പിടിക്കാൻ.. അയ്യേ.." പാത്തു രണ്ട് പേരെയും മാറി മാറി നോക്കി മുഖം ചുളിച്ചു.. "അത്രമേൽ സ്നേഹിക്കയാൽ തല്ലു കൂടുന്നതാ ഞങ്ങൾ. അല്ല്യോ മറിയാ കുട്ടിയെ..." ക്രിസ്റ്റി എഴുന്നേറ്റു കൊണ്ട് മറിയാമ്മച്ചിയുടെ അരികിൽ പോയിരുന്നിട്ട് പറഞ്ഞു. "ആണോ.. എനിക്കറിയത്തില്ല.പോടാ അവിടുന്ന് " ചിരിയോടെ തന്നെ അവരവനെ പിടിച്ചു തള്ളി. ക്രിസ്റ്റി പക്ഷേ പിടി വിടാതെ അവരെ ചേർത്ത് പിടിച്ചിരുന്നു. കുഞ്ഞു കുഞ്ഞു സങ്കടങ്ങളെയവർ സന്തോഷം കൊണ്ട് തടഞ്ഞു നിർത്തിയിരുന്നു. ❣️❣️ കോളനിക്ക് മുന്നിൽ കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോഴും റിഷിനറിയില്ലായിരുന്നു എന്താണ് ഗൗരിയോട് പറയേണ്ടതെന്ന്. പക്ഷേ അവളോയൊന്ന് കാണാതെ വയ്യെന്നുള്ള തീരുമാനത്തിൽ അവനുറച്ചു നിന്നു. അങ്ങോട്ട് ചെല്ലുമ്പോൾ ചെറിയൊരു വിറയലുണ്ട്. എന്നിട്ടും നേരെ ഗൗരിയുടെ വീട്ടിലേക്ക് കയറി ചെന്നത് ചെയ്തു പോയ തെറ്റിനുള്ള എല്ലാ ശിക്ഷയും ഏറ്റു വാങ്ങാനുള്ള മനസ്സോടെയാണ്. പക്ഷേ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമായാണ് കാര്യങ്ങൾ നടന്നത്. ഹൃദ്യമായൊരു ചിരിയോടെ രാജൻ അവനെ ക്ഷണിച്ചു. മുഖം കുനിച്ചു കൊണ്ട് ഒരക്ഷരം മിണ്ടാതെയിരുന്നവന് വെള്ളം കൊണ്ട് കൊടുക്കുമ്പോൾ ഗൗരിയുടെ അമ്മയും അവനെ നോക്കി ചിരിച്ചു. അപ്പോഴൊക്കെയും അവനുള്ളം വല്ലാതെ നീറുന്നുണ്ടായിരുന്നു. "മോളകത്തുണ്ട്.. അങ്ങോട്ട് ചെന്നേളൂ " വെള്ളം കുടിച്ചു തീർന്ന അവന്റെ ശ്വാസം മുട്ടൽ മനസ്സിലാക്കി കൊണ്ട് അവനിൽ നിന്നും ഗ്ലാസ് വാങ്ങി ഗൗരിയുടെ അമ്മ പറഞ്ഞു. അവരെയൊന്നു നോക്കി തലയാട്ടി കൊണ്ട് റിഷിൻ അകത്തേക്ക് നടന്നു. അവനെക്കാൾ ശ്വാസം മുട്ടലോടെ അതിനകത്തെ കുഞ്ഞു മുറിയിൽ നിന്നവൾ റിഷിൻ കയറി ചെല്ലുന്നത് കണ്ടതും ചുവരിൽ ചാരി മുഖം കുനിച്ചു. അകത്തേക്ക് കയറി അവനാ വാതിൽ പതിയെ ചാരി. ചുറ്റുമോന്ന് കണ്ണോടിച്ചു. വൃത്തിയായി മനോഹരമായി ഒതുക്കി സൂക്ഷിച്ച ആ മുറിയിൽ നിന്നും ദാരിദ്രത്തിന്റെ മാറാലകൾ മാറ്റി നിർത്തിയിരിക്കുന്നു. കിടക്കയിലെക്കിരുന്നു കൊണ്ട് റിഷിൻ ഗൗരിയെ നോക്കി. കരച്ചിലാവും.. ഇടയ്ക്കിടെ ഉലഞ്ഞു പോകുന്ന ശരീരം. അപ്പോഴും അവന് വല്ലാതെ നോവുന്നുണ്ടായിരുന്നു. ദീർഘ നിശ്വാസത്തോടെ റിഷിൻ എഴുന്നേറ്റു.. അവൾക്ക് മുന്നിൽ പോയി നിന്നു. "എന്നോടിപ്പോഴും ദേഷ്യം തന്നെയാണോ ഗൗരിക്ക്?" ആത്മനിന്ദയോടെയുള്ള ആ ചോദ്യം. ഗൗരി അറിയാതെ തന്നെ മുഖമുയർത്തി. നോട്ടങ്ങൾ തമ്മിലിടഞ്ഞ നിമിഷം.. രണ്ട് പേരും ഒരു പോലെ സ്റ്റാക്കായി പോയി. "നിന്റെ മുന്നിൽ വന്നു നിൽക്കാനുള്ള അർഹതയില്ല. എനിക്കറിയാം.. ചെയ്യുന്നതും ചെയ്തു പോയതുമെല്ലാം അത്ര വലിയ ക്രൂരതകളായിരുന്നു. തെറ്റുകളായിരുന്നു " വെറുപ്പോ സ്നേഹമോ എന്നറിയാത്തൊരു ഭാവം അവളെയൊന്നാകെ പൊതിഞ്ഞു നിന്നിരുന്നതവൻ തിരിച്ചറിഞ്ഞു. "അന്ന്.. അന്നെന്റെ വിവരകേട് കൊണ്ട് പറഞ്ഞു പോയതാ. പക്ഷേ.. പക്ഷേ ഇപ്പോഴെനിക്കറിയാം ഗൗരി.. നിന്നെ.. നിന്റെ സ്നേഹത്തെ..." അവൻ പറഞ്ഞു. ഗൗരി ശ്വാസം മുട്ടി കൊണ്ടാണ് അവന് മുന്നിൽ നിൽക്കുന്നത്. "ഒരിത്തിരി സ്നേഹം ഇനിയും എന്നോട് ബാക്കിയുണ്ടെങ്കിൽ.. അതെനിക് തിരികെ താ.. നീ.. നീയില്ലാതെ എനിക്കിനി വയ്യെടി... ഞാൻ.. ഞാൻ വീണ്ടും വീണ്ടും തോറ്റു പോകുന്നത് സ്നേഹത്തിനു മുന്നിൽ മാത്രമാണ്.." റിഷിൻ അപേക്ഷിക്കുന്നത് പോലെ ഗൗരിക്ക് മുന്നിൽ നിന്നു. എന്നിട്ടും ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്നവളിൽ ഇനിയൊരു പ്രതീക്ഷയുമില്ലാതെ അവൻ തിരിഞ്ഞു. പക്ഷേ മുന്നോട്ടു നടക്കും മുന്നേ ഗൗരിയവന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. "അന്നത്തെ.. അതേ സ്നേഹം എനിക്കിപ്പോഴുമുണ്ട്.. മാറ്റം വന്നതും മറന്നിട്ട് പോയതും നിങ്ങൾക്കാണ് റിഷിയേട്ട.. ഗൗരി അന്നും ഇന്നും ജീവനെ പോലെ സ്നേഹിച്ചിട്ടേയുള്ളൂ.." കണ്ണ് നിറഞ്ഞിട്ടും ചിരിയോടെ റിഷിനവളെ ഒറ്റ വലിക്ക് അവന്റെ നെഞ്ചിക്ക് ചേർത്തു പിടിച്ചു. പരാതിയും പരിഭവവും കൂടി കണ്ണുനീരിൽ ഒഴുകി പോയി. തെളിഞ്ഞ മനസ്സോടെ ആശ്വാസത്തോടെ പുറത്തേക്കിറങ്ങിയവനെ കാത്ത് ഒരുപാട് പേരുണ്ടായിരുന്നു പുറത്ത്. അവരാരും യാതൊരു ദേഷ്യവും കാണിക്കാതെ അവനെ ചേർത്ത് നിർത്തി.. റിഷിനിൽ ബാക്കിയുണ്ടായിരുന്ന കുറ്റബോധം കൂടി അലിഞ്ഞു പോകുന്നുണ്ടായിരുന്നു അവരുടെ സ്നേഹസമീപനത്തിനു മുന്നിൽ.. ❣️❣️ കാലം എല്ലാത്തിനും സാക്ഷിയാണ്. ആഡംബരകാറിൽ ചാനൽ ഇന്റർവ്യൂവിന് വേണ്ടി അവരൊരുക്കിയ റിസോർട്ടിലേക്ക് വന്നിറങ്ങുമ്പോൾ ക്രിസ്റ്റിയുടെ ഇടവും വലവുമായി ഫൈസിയും ആര്യനും അപ്പോഴുമുണ്ടായിരുന്നു. കുറച്ചു കാലങ്ങൾ കൊണ്ട് ലോക പ്രശസ്തി നേടിയ അവരുടെ സ്വന്തം ബ്രാൻഡ്.. "ഫിനിക്സ് "വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യം.. അതിനെ കുറിച്ച് സോഷ്യൽ മിഡിയകളും ആളുകളും ചർച്ച ചെയ്യുന്നുണ്ടായിരുന്നു. കൂട്ട് കെട്ടിന്റെ ഉറപ്പുള്ള അടിത്തറയിൽ ക്രിസ്റ്റി കണ്ട സ്വപ്നം പോലെ അങ്ങനൊരു സംരഭം തുടങ്ങുമ്പോൾ ഫൈസിയുടെയും ആര്യന്റെയും സാന്നിധ്യം നിഴൽ പോലെ.. നിലാവ് പോലെ അവനൊപ്പമുണ്ടായിരുന്നു. കുന്നേൽ ഗ്രുപ്പിന്റെ അമരക്കാരനിപ്പോൾ റിഷിനാണ്. ക്രിസ്റ്റിയത് അവനെയെല്പിച്ചു. ഒരുപാട് എതിർപ്പ് പറഞ്ഞിട്ടും ഒടുവിൽ ക്രിസ്റ്റിയുടെ സ്നേഹത്തിനു മുന്നിൽ എപ്പോഴെത്തെയും പോലെ അവൻ അടിയറവ് പറഞ്ഞു... സ്നേഹിച്ചും ചേർത്ത് പിടിച്ചും അവൻ പറയിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. റിഷിനൊപ്പം കുന്നേൽ ഗ്രൂപ്പിന്റെ വളർച്ചക്കായ് പ്രയത്നിക്കാൻ മൂന്ന് പെൺപടകൾ കൂടി സജീവമാണ്. പാത്തുവും മീരയും ഗൗരിയും കൂടി അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ തന്നെയും ക്രിസ്റ്റിക്ക് അതോർത്തു കൊണ്ട് ടെൻഷനാവേണ്ടി വരാതെ കൂടുതൽ സമയം അവന്റെ സ്വപ്നത്തിനായി മാറ്റി വെക്കാനായി. അവൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അവരുടെ സൗഹൃദത്തെ പോലെ... ബിസിനസ് കൂടി വളർന്നു.. മറ്റുള്ളവരുടെ ചർച്ചക്കെടുക്കാൻ പാകത്തിന്...അതങ്ങനെ പ്രശസ്തിയാർജിക്കുകയായിരുന്നു. ❣️❣️ പപ്പാ.... " ക്രിസ്റ്റിയെ ടിവി സ്‌ക്രീനിൽ കണ്ടതും മറിയാമ്മച്ചിയുടെ കയ്യിൽ നിന്നും അല്ലി ചാടി തുള്ളി.. "പോടീ.. അതെന്റെ കൊച്ചാ. നിന്റെ പപ്പയൊന്നുമല്ല " അവനെ കണ്ട സന്തോഷത്തിൽ ചാടി മറിയുന്ന രണ്ട് വയസ്സുകാരി അല്ലിയെ നോക്കി മറിയാമ്മച്ചി പറഞ്ഞു "നമ്മടെ പപ്പായ.. ല്ലെ " അനുനയമാണ് മറിയാമ്മച്ചിയിൽ പാകമാവുന്നതെന്ന് പപ്പയെ പോലെ മോൾക്കും മനസ്സിലായതാണ് "നീ നിന്റെ പപ്പയുടെ മോള് തന്നെ " മറിയാമ്മച്ചി വാത്സല്യത്തോടെ.. സ്നേഹത്തോടെ അവളുടെ കവിളിൽ മുത്തി..വീണ്ടും ടിവിയിലേക്ക് നോക്കി. കുന്നേൽ ഉള്ളവർ എല്ലാവരും ആ ടീവിക്ക് മുന്നിൽ നിരന്നിരിപ്പുണ്ട്. അന്നാണ് ക്രിസ്റ്റിയുടെ ഇന്റർവ്യൂ ടെലികാസ്റ്റ് നടത്തുന്നത്. സ്‌ക്രീനിൽ ചിരിയോടെ ഫൈസിയുടെയും ആര്യന്റെയും നടുവിൽ അവനങ്ങനെ നിവർന്നിരുന്നു. "തോറ്റു പോകാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു. പക്ഷേ ജയിക്കുമെന്നും ജയിക്കണമെന്നും എന്നെ പഠിപ്പിച്ചൊരു വാശിക്കാരിയുണ്ടായിരുന്നു എന്റെ വീട്ടിൽ..." ക്രിസ്റ്റി അവതാരികയെ നോക്കി പറയുന്നുണ്ട്.. "അതാരാണ്... സാറിനെ ഇത്രേം മോറ്റീവ് ചെയ്തൊരു വ്യക്തി.. അമ്മയാവും അല്ലേ?" അവതരിക അവനെ നോക്കി ചിരിച്ചു. "എന്റെ അമ്മയാണ്.. പക്ഷേ എന്നെ പ്രസവിക്കാതെ എന്നെ വളർത്തിയ.. ഞാൻ നന്നായി വളരാൻ വേണ്ടി എനിക്ക് ചുറ്റും രാപ്പകൽ കഷ്ടപ്പെട്ട എന്റെ അമ്മ. എന്റെ പ്രിയപ്പെട്ട മറിയാമ്മച്ചി. ഈ ജന്മം പോരാ.. എനിക്കാ പോരാളിയോടുള്ള കടം തീർക്കാൻ.." ഇടയിലെപ്പഴോ ക്രിസ്റ്റിയുടെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു. "എന്നതൊക്കെയാ ഈ വിവരം കെട്ടവൻ ഇരുന്നു പറയുന്നത്.. അവന്റെയൊരു കടം തീർക്കാൻ.. ഇങ്ങ് വാ നീ.. ശെരിയാക്കി തരാം ഞാൻ.. അവനൊരു ബിസിനസ്കാരൻ വന്നിരിക്കുന്നു.." ആ അംഗീകാരത്തിൽ അവരുടെ ഉള്ള് നിറഞ്ഞ സന്തോഷം കവിളിലൂടെ ഒഴുകി പറഞ്ഞിട്ടും മറിയാമ്മച്ചി കരഞ്ഞു കൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു. അവിടുള്ളവരെല്ലാം ഏറെ സന്തോഷത്തോടെ മറിയാമ്മച്ചിയെ നോക്കുന്നുണ്ട്.അസൂയയുടെയോ കുശുമ്പിന്റെയോ നേർത്തൊരു കണിക പോലും അവരിലാരിലും ഉണ്ടായിരുന്നില്ലയെന്നാണ് ഏറ്റവും വലിയൊരു പ്രതേകതയും. ❣️❣️ കോടതി മുറിയിലെ കനത്ത നിശബ്ദത.. പ്രതിക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്ന റോയ്‌സിനെയും സൂസനെയും ദിൽന സംതൃപ്തിയോടെ നോക്കുന്നുണ്ടായിരുന്നു. സൂസൻ ദയനീയമായി ദിൽനയുടെ നേരെയാണ് നോക്കുന്നത്. റോയ്സ് പക്ഷേ മുഖം ഉയർത്തി നോക്കുന്നില്ല. അഡ്വക്കേറ്റ് ദിൽനയുടെ സാമർധ്യം കേളി കേട്ടതാണ്. അവനുറപ്പായിരുന്നു തന്റെ വിധി നിർണായക നിമിഷമാണെന്ന്. കാലത്തിന്റെ നീതിയോ.. യാഥാർച്ഛികതയോ.. റോയിസിനെതിരെ പരാതിയുമായി അവന്റെ ഭാര്യയും കുടുംബവും ചെന്നെത്തിയത് ദിൽനയുടെ മുന്നിലാണ്.കല്യാണം കഴിഞ്ഞു ഒരു വർഷം കൊണ്ട് തന്നെ അവന്റെ പരസ്ത്രീ ബന്ധവും സൂസന്റെ പണത്തിനോടുള്ള ആക്രാന്തവും ആ ദാമ്പത്യമൊരു ഏച്ചു കെട്ടലാക്കി മാറ്റിയിരുന്നു. പക്ഷേ റോയ്സിന്റെ ഭാര്യയായി വന്ന പെൺകുട്ടി മിടുക്കിയാണ്. തോറ്റു കൊടുക്കാനും സർവം സഹിച്ചു കുലസ്ത്രീ പട്ടം ഏറ്റെടുക്കാനുമൊന്നും അവളൊരുക്കമായിരുന്നില്ല. വ്യക്തമായ തെളിവുകളോടെ തന്നെ അവൾ റോയ്സിനെതിരെ പൂട്ടുകൾ തയ്യാറാക്കി. കൂട്ടത്തിൽ സൂസനെയും ചേർക്കാൻ മറന്നില്ല. കാരണം ആ വൃത്തിക്കെട്ട അമ്മയുടെ സപ്പോർട്ട് കൊണ്ടാണ് റിഷിനെന്ന മകൻ അത്രമാത്രം അതപതിച്ചു പോയതെന്ന് എല്ലാവരെയും പോലെ അവൾക്കുമറിയാം. കേസെത്തി നിന്നത് അവിടുത്തെ ജൂനിയർ അഡ്വകേറ്റ് ആണേലും കുറച്ചു സമയം കൊണ്ട് തന്നെ തന്റെ പ്രഫഷണൽ ജോലിയിൽ ഏറെ തിളങ്ങാൻ കഴിഞ്ഞ ദിൽനയുടെ മുന്നിലും. അവളത് നല്ലൊരു അവസരമാക്കി മാറ്റുകയായിരുന്നു. കാലം അവളുടെ കയ്യിൽ തന്നെ വിധി നിർണയിക്കാൻ അവസരം നൽകിയ അപൂർവ സന്ദർഭം. ❣️❣️ ഫറയുടെ കല്യാണത്തിന് പോകാൻ ചെല്ലുമ്പോൾ ഇച്ചിരി വൈകിയെന്നും പറഞ്ഞിട്ട് ഷാനിക്കയേ നിർത്തി പൊരിക്കുകയാണ് മൂന്ന് വയസ്സ്ക്കാരി ജാസ്മിൻ. അയാളോന്നും മിണ്ടാതെ അവൾ പറയുന്നത് കേട്ടിരിക്കുന്നത് കണ്ടതും ലില്ലി ചിരിയോടെ ഒരുങ്ങുന്നുന്നത് തുടർന്നു. അതിനുള്ളിലേക്ക് ചെന്നിട്ട് കാര്യമില്ലെന്ന് ലില്ലിക്കും അറിയാം. അബ്ബയും മോളും ഒരു ടീമാണ്. ആ വഴക്ക് കഴിഞ്ഞു നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടും കൂടി കുത്തി മറിയുന്നതും കാണാം.. ഷാനിക്കയുടെ ഉമ്മയുടെ ആഗ്രഹം പോലെ തന്നെ.. മകന്റെ കുഞ്ഞിനെ കണ്ടും അവളുടെ കൊഞ്ചൽ അനുഭവിച്ചുമാണ് അവർ മരണത്തിനൊപ്പം നടന്നു മറഞ്ഞത്. ഷാനിക്കെയേക്കാൾ ലില്ലിയെയായിരുന്നു ആ അഭാവം കൂടുതൽ തളർത്തികളഞ്ഞതും. ഹൃദയം നിറയെ സ്നേഹിച്ചും ചേർത്ത് പിടിച്ചും ഷാനവാസ് എന്നാ ഭർത്താവിന്റെ കീഴിൽ അവളെന്തു ദുഃഖവും മറികടക്കുമായിരിന്നു. ❣️❣️ തനിക്കു മുന്നിൽ തലയിയർത്തി നിൽക്കുന്ന കുന്നേൽ ഫിലിപ്പ് മാത്യുവും അവന്റെ കുടുംബവും. നാഴികക്ക് നാല്പതു വട്ടം എന്റെ കുടുംബം എന്റെ കുടുംബമെന്ന് ഊറ്റം കൊണ്ട തനിക്കിപ്പോ ബന്ധങ്ങളില്ല.. ബന്ധനം മാത്രം. മരണത്തോടെ മാത്രം തന്നിൽ നിന്നും അഴിഞ്ഞു മാറുന്ന ബന്ധനം. വർക്കി കൂടുതൽ തളർച്ചയോടെ ചുവരിലേക്ക് ചാരി. കാൽ വേദന കാരണം അയാൾക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ വയ്യ.. ഇത്തിരിയുള്ള ആ സ്ഥലത്ത് ഇഴഞ്ഞും കിടന്നും അയാളാ നിമിഷങ്ങളിൽ മരണത്തെ കൊതിക്കുന്നുണ്ടായിരുന്നു പലപ്പോഴും. ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുന്ന ക്രിസ്റ്റിക്കൊപ്പം മീരയും കൂടെ പാത്തുവും തിരിഞ്ഞു നടന്നു. ഫൈസി കാറിലുണ്ട്. അവന്റെ കയ്യിലാണ് അവരുടെ ഒരുവയസ്സുള്ള മകൻ..ആയുഷും ക്രിസ്റ്റിയുടെ അല്ലിയും. വർക്കിയേ കാണാൻ വന്നതായിരുന്നു അവരെല്ലാം. പൂർണ്ണമായും ജയിച്ചിട്ടേ അയാൾക്ക് മുന്നിൽ പോയി നിൽക്കൂ എന്നതവന്റെയൊരു വലിയ വാശിയായിരുന്നു. എന്തൊക്കെയോ പറയാനുറച്ചു പോയ ഡെയ്സി പോലും വർക്കിയുടെ ദയനീയമായ അവസ്ഥയിൽ ശബ്ദം നഷ്ടപ്പെട്ടു പോയി. അവരും ക്രിസ്റ്റിയുടെ പിറകെ പുറത്തേക്ക് നടന്നു. "നിങ്ങൾ നടക്.. ഫൈസിയുണ്ട് പുറത്ത്.. ഞങ്ങളിപ്പോ വരാം " മീരയെയും ഡെയ്സിയെയും പുറത്തേക്ക് പറഞ്ഞു വിട്ടിട്ട് ക്രിസ്റ്റി പാത്തുവിനെ നോക്കി. മറ്റൊരു ബ്ലോക്കിലേക്കാണ് അവർ ചെന്നത്. അവിടുണ്ടായിരുന്നു... കണ്ണിലെ കനലുകളെല്ലാം കെട്ട്.. ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ലയെന്നത് പോലെ... അത്രയും മരവിച്ചു കൊണ്ട് ഷാഹിദ്. അറക്കൽ ഷാഹിദ്. കൊമ്പൊടിഞ്ഞ കൊമ്പനെപോലുള്ള അവന്റെ അവസ്ഥ..ജാമ്യം പോലുമില്ല... അത്രേം ദുഷ്കരമായിരുന്നു അവന്റെ വിധി. ക്രിസ്റ്റിയും പാത്തുവും കണ്മുന്നിൽ നിൽക്കുന്നതറിഞ്ഞിട്ടും ഷാഹിദ് മുഖമുയർത്തിയില്ല. പാത്തു സംതൃപ്തിയോടെ നോക്കുമെന്നും അവന്റെ പതനത്തിൽ സന്തോഷിക്കുമെന്നും കരുതിയ ക്രിസ്റ്റിയെ അത്ഭുതപ്പെടുത്തികൊണ്ട് പാത്തു ഒറ്റ നോട്ടത്തോടെ തിരിഞ്ഞു നിന്നിരുന്നു. പോവാം ഇച്ഛാ.. " അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു. "നടക്ക്.. ഞാൻ വരാം." പാത്തുവിനെ നോക്കി ക്രിസ്റ്റി പറഞ്ഞു. "വരാം ഡീ.. ചെല്ല് " പിന്നെയും മടിച്ചു നിൽക്കുന്നവളുടെ കവിളിൽ തട്ടി കൊണ്ട് ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു. നേർത്തൊരു ചിരിയോടെ പാത്തു തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നു. "അറക്കൽ ഷാഹിദ്..." ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം കേട്ടതും ഷാഹിദ് അറിയാതെ തന്നെ തലയുയർത്തി നോക്കി. "സുഖമാണോ...?" അങ്ങേയറ്റം പുച്ഛം നിറഞ്ഞ അവന്റെ ചോദ്യം. വീണ്ടും കഴുത്തോടിഞ്ഞത് പോലെ ഷാഹിദിന്റെ മുഖം കുനിഞ്ഞു. കൂടുതൽ വേദന കണ്ട് രസിക്കാൻ അറക്കൽ ഷാഹിദിനെ പോലൊരു മനകട്ടി ഇല്ലെന്നുള്ളതിനാൽ ക്രിസ്റ്റിയും തിരിഞ്ഞു നടന്നു. കുറച്ചു നടന്നു കഴിഞ്ഞവൻ തല ചെരിച്ചു നോക്കുമ്പോൾ... തടിച്ച ഇരുമ്പ് കമ്പികളിൽ പിടി മുറുക്കി അവനെ നോക്കി ഷാഹിദ് നിൽപ്പുണ്ടായിരുന്നു.. ❣️❣️ "ദെ... എനിക്കങ്ങ് ദേഷ്യം വരുന്നുണ്ട് കേട്ടോ ആര്യേട്ടാ.." ദിലുവിന്റെ മുഖം ചുവന്നു വിങ്ങി. "അതൊരു പുതിയ സംഭവമൊന്നും അല്ലല്ലോടി " അവൾക്ക് മുന്നിൽ നിൽക്കുന്ന ആര്യന് പുച്ഛഭാവം. "നിങ്ങക്കെന്താ പറഞ്ഞ മനസ്സിലാവില്ലേ?" ദിലു അവനെ തുറിച്ചു നോക്കി.. "നിനക്കും ഉണ്ടല്ലോ ആ അസുഖം.. പറഞ്ഞ മനസ്സിലാകാത്ത അസുഖം.." അവനപ്പോഴും ചിരിയോടെ പറഞ്ഞു. ദിലു ഇനിയെന്ത് പറയണമെന്നറിയാതെ അവനെ നോക്കി നിന്നു. "ഞാൻ പറയുന്നതൊന്നു കേൾക്ക്. എന്റെ മനസ്സിലൊരു കല്യാണം കുടുംബം...ഇതൊന്നുമില്ല. ഒത്തിരി പ്രാവശ്യം ഞാനത് പറഞ്ഞല്ലേ. പിന്നെയും പിന്നെയും സ്നേഹമാണ്.. ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞേന്റെ പിറകെ നടന്ന ഇല്ലാത്ത ഇഷ്ടം എങ്ങനെ ഉണ്ടാവും. ഒന്നേന്നെ മനസ്സിലാക്ക്.. കുന്നേൽ ഉള്ളവർക്കെല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണല്ലോ. അവിടെ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. എന്നെ കെട്ടിച്ചേ അടങ്ങൂ എന്നുള്ള വാശിയാല്ല്യോ..?നിങ്ങളുടെ കൂടെയാണ്.. എന്റെ ടീം പോലും. പ്ലീസ്..അത് കൊണ്ട് ഞാൻ പറയുന്നതൊന്ന്..." "സ്റ്റിൽ ഐ ലവ് യൂ" കൂടുതലൊന്നും പറയാനില്ലാതെ അതും പറഞ്ഞു കൊണ്ട് തന്റെ ഓഫീസ് വരാന്തയിൽ കൂടി മുണ്ടും മടക്കി കുത്തി പോകുന്നവനെ കാണെ.. ദിൽന ചിരിക്കുന്നുണ്ടായിരുന്നു.പ്രണയത്തോടെ.....അവസാനിച്ചു...