നിലാവിന്റെ തോഴൻ: ഭാഗം 73
Aug 26, 2024, 08:33 IST
രചന: ജിഫ്‌ന നിസാർ
"യ്യോ.. അപ്പൊ മീരക്കിനി ആരുമില്ലേ? " പാത്തുവിന്റെ വേദനനിറഞ്ഞ ചോദ്യം.കുന്നേൽ ബംഗ്ലാവിനെ കുറിച്ചും മീരയെ കുറിച്ചും പാത്തുവിനോട് പറഞ്ഞു കൊടുത്തതാണ് ക്രിസ്റ്റി. അവളെല്ലാം അറിഞ്ഞിരിക്കണം എന്നവന് തോന്നി . "പിന്നല്ലാതെ.. ശാരിയാന്റി മാത്രമേ പോയിട്ടുള്ളു. അവൾക്കിപ്പോ ഒരമ്മയുടെ സ്നേഹം കൊടുക്കാൻ രണ്ടമ്മമാരുണ്ട് കുന്നേൽ ബംഗ്ലാവിൽ. പിന്നെ ഒരനിയത്തിയുണ്ട്.. ഒരേട്ടനുണ്ട്. പിന്നെയവന്റെ പെണ്ണുണ്ട്.." അത് പറഞ്ഞിട്ട് ക്രിസ്റ്റി കുസൃതിയോടെ പാത്തുവിനെയൊന്ന് നോക്കി. "ഇല്ലേ...?" അവളൊന്നും മിണ്ടുന്നില്ലയെന്ന് കണ്ടതും അവൻ വീണ്ടും ചോദിച്ചു. "അതൊക്കെയുണ്ട്.. പക്ഷേ.." അത് പറഞ്ഞു കൊണ്ട് പാത്തു അവനെ നോക്കി. "പക്ഷേ.. പറയെടി അങ്ങോട്ട്...?" അവൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു. "പക്ഷേ... മീരയോട് ഏട്ടാ ന്ന് വിളിക്കാൻ പറഞ്ഞൂടെ.. ഇച്ഛാ എന്റെയല്ലേ?അങ്ങനെ ഞാൻ മാത്രം വിളിച്ചാ മതി." ഒന്നറച്ചു നിന്നിട്ടാണ് ചുണ്ട് കൂർപ്പിച്ചു കൊണ്ട് പാത്തു അത് പറയുന്നത്. പൊട്ടി വന്ന ചിരി ക്രിസ്റ്റി വളരെ കഷ്ടപ്പെട്ടു കൊണ്ട് കടിച്ചമർത്തി. "അല്ലേ..?" അവൾ അവന്റെ നേരെ നോക്കി. "ആണല്ലോ " "അപ്പൊ ഞാൻ മാത്രം വിളിച്ച മതീലെ അങ്ങനെ " അവൾ വീണ്ടും കൊറുവിച്ചു. "ഞാനാണ് പാത്തോ മീരയോട് എന്നെ അങ്ങനെ വിളിക്കാൻ ആവിശ്യപെട്ടത്. എനിക്കവൾ അങ്ങനെ വിളിച്ചു കേൾക്കുമ്പോഴൊക്കെയും നിന്നെ ഓർമ വരും. നിന്നെ കാണാനുമുള്ള മോഹം ശക്തമാവും.. ഏറ്റവും ശക്തമായി മോഹിച്ചാൽ എന്തും നടക്കുമെന്ന് എനിക്കൊരു... എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ വളർത്താൻ മീരയും മീരയുടെ വിളിയും എന്നെ സഹായിച്ചിട്ടുണ്ട് " ആർദ്രതയോടെ ക്രിസ്റ്റി പറയുമ്പോൾ പാത്തു വീണ്ടും അവനരികിലേക്ക് ചേർന്നിരുന്നു. "ദാ ആ പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ഫലമാണ് ഇപ്പൊ എന്റേയീ നെഞ്ചിൽ ചാഞ്ഞിരിക്കുന്നത്." റബ്ബർ മരത്തിലേക്ക് ചാരിയിരിക്കുന്ന അവനിലേക്ക് പാത്തു ഒന്നൂടെ പതുങ്ങി. "ഇത്രയുമിങ്ങോട്ട് പറ്റി കൂടി ഇരിക്കണോടി പെണ്ണേ. ഈ ഇരിപ്പത്ര ശെരിയല്ല ട്ടോ. ഞാനും." അവളുടെ കഴുത്തിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി പറയുമ്പോൾ അവൾ ചിരിച്ചു കൊണ്ടവനെ നോക്കി. "എനിക്കത്രേം വിശ്വാസമുണ്ട് ഇച്ഛാ " അവന്റെ കൈയ്യിൽ വിരൽ കോർത്തു വെച്ച് കൊണ്ട് പാത്തു പറഞ്ഞു. "മൂന്നു ദിവസം നമ്മളൊരു മുറിയിൽ നിന്നിട്ടില്ലേ ഇച്ഛാ.. അന്നറിഞ്ഞതാ ഈ മനസ്സ് " "അന്ന് പക്ഷേ.. നമ്മൾ ഇത് പോലെ ആയിരുന്നില്ല കേട്ടോ.. " അവനോർമ്മിപ്പിച്ചു. "അന്നും ഇച്ഛക്ക് അറിയായിരുന്നില്ലേ ഞാൻ ആരായിരുന്നുവെന്ന്?" അവൾ വീണ്ടും തർക്കിച്ചു.അവനൊന്നും മിണ്ടിയില്ല. "എനിക്കങ്ങോട്ട് വരാൻ തോന്നുന്നു ഇച്ഛാ. അറക്കൽ... എനിക്ക് ശ്വാസം മുട്ടുന്നു. ഷാഹിദ്.. അവൻ എന്തൊക്കെയൊ പ്ലാൻ ചെയ്യുന്നുണ്ട് എന്നത് ഉറപ്പാണ്." പാത്തു അവനെ നോക്കി. "എനിക്കറിയാം പാത്തോ. പക്ഷേ.. പക്ഷേ എനിക്കൊരിച്ചിരി സമയം കൂടി വേണം. ഞാൻ പറഞ്ഞല്ലോ ഒത്തിരി പ്രശ്നങ്ങൾക്ക് നടുവിലാ ഇപ്പൊ ഇച്ഛാ.വീട്ടിൽ..വീട്ടിലൊരുപാട് പ്രശ്നങ്ങൾ. അതിലൊരു അറ്റം മുതൽ ഞാനൊന്ന് ക്ലിയർ ചെയ്തു വരുവാ.. എനിക്ക്.. എനിക്കും ആഗ്രഹമുണ്ട്. എനിക്ക് മനസിലാവും അറക്കൽ വീടിനെയും അതിനുള്ളിൽ ഒറ്റപെട്ടു പോയ നിന്റെ അവസ്ഥ.. " ക്രിസ്റ്റി പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "ഇതെല്ലാം തീരുമ്പോഴേക്കും.. അവനെന്നെ..." പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ട് വിതുമ്പി.. ക്രിസ്റ്റിക്കും വേദന തോന്നി. "കുന്നേൽ ബംഗ്ലാവിനെ കുറിച്ച് ഞാൻ പറഞ്ഞു തന്നത് വളരെ കുറച്ചു മാത്രമാണ്. ഇതൊന്നും അല്ല ശെരിക്കുമുള്ള ഉള്ളറകൾ. അടുത്ത മാസത്തോടെ എന്റെ ക്ലാസ് തീർന്നിട്ട് എക്സാം കഴിയും. പിന്നെ ഒന്നും പേടിക്കാനില്ല. അത് വരെയും നിനക്കൊരു പോറൽ പോലും ഏല്പിക്കാൻ ഷാഹിദിനെ കൊണ്ട് കഴിയില്ല.ഞാൻ നോക്കിക്കോളാം " ക്രിസ്റ്റി അവളുടെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. "അവന്റെ ഓരോ ചോദ്യവും എന്തൊക്കെയൊ ഉള്ളിൽ വെച്ചിട്ടെന്നത് പോലെയാണ് ഇച്ഛാ. എനിക്കവനെ ശെരിക്കും പേടിയാണ് " പാത്തു നിസ്സഹായതയോടെ പറഞ്ഞു. "ഒന്നും പേടിക്കേണ്ട. ഇച്ഛാ കൂടെയുണ്ട്. ഏറിയാ ഒരു മാസം. അതിനുള്ളിൽ ഒരു ശുദ്ധി കലശം നടത്താനുണ്ട്. അത് തീർത്തിട്ട് ഞാൻ വരും.. ഷാഹിദ് നോക്കി നിൽക്കെ നിന്റെ കൈ പിടിച്ചിറങ്ങും.. എന്റെ പെണ്ണായിട്ട് " അവളുടെ നേരെ നോക്കി ആ കവിളിൽ രണ്ട് കയ്യും ചേർത്ത് വെച്ചിട്ട് ക്രിസ്റ്റി ചിരിയോടെ പറയുമ്പോൾ പാത്തു അവനെ പ്രണയത്തോടെ നോക്കി. ഇനിയിരുന്ന എന്റെ വെട്ടും നടക്കില്ല നിന്റെ പോക്കും നടക്കില്ല " അത് പറഞ്ഞു കൊണ്ട് ക്രിസ്ടിയാണ് ആദ്യം എഴുന്നേറ്റത്. പാത്തുവും എഴുന്നേറ്റു. "നേരം വെളുക്കും മുന്നേ പോയിക്കോ. വെളിച്ചം വീണ പിന്നെ നിറയെ ചോദ്യങ്ങൾ വരും. അതോഴിവായി കിട്ടുമല്ലോ?" ക്രിസ്റ്റി അവളെ നോക്കി. "കൊറച്ചു നേരം കൂടി കഴിയട്ടെ ഇച്ഛാ.. ഇനിയെത്ര കൊതിയോടെ ഞാൻ കാത്തിരിക്കണം ഒന്ന് കാണാൻ. " പാത്തു ചിണുങ്ങി. "ആഹാ.. നീ എന്താ കരുതിയത്. എനിക്ക് നിന്നെ പറഞ്ഞു വിടാൻ തിടുക്കമുണ്ടന്നോ. നിനക്കൊരു ബുദ്ധിമുട്ട് വരരുത് എന്ന് കരുതിയല്ലേ പാത്തോ " അവൻ ചിരിയോടെ പറഞ്ഞു. പിന്നെയും ഏറെ നേരം പറഞ്ഞും ചിരിച്ചും അവന് പിറകെ അവളും ഉണ്ടായിരുന്നു. ❣️❣️ "അവര്... അവര് കുറേ പേര് ഉണ്ടായിരുന്നു മോനെ. പ്രശ്നമുണ്ടാക്കാൻ കരുതി കൂട്ടി വന്നത് പോലായിരുന്നു അവരുടെ മട്ടും ഭാവവും. വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറഞ്ഞിട്ട് ഞങ്ങളെ പ്രകോപിക്കുക എന്നോരൊറ്റ ഉദ്ദേശം ഉള്ളത് പോലെ " മുന്നിൽ നിൽക്കുന്നയാൾ പറഞ്ഞത് കേട്ടതും ക്രിസ്റ്റീയും ഫൈസിയും ഒന്നു പരസ്പരം നോക്കി. "ഗൗരി.. അവളും അവരെ കണ്ടായിരുന്നോ?" ക്രിസ്റ്റി അയാളെ നോക്കി. ഗൗരിയുടെ കോളനിയിലാണ് ക്രിസ്റ്റീയും ഫൈസിയും. കോളേജ് കഴിഞ്ഞയുടൻ അങ്ങോട്ട് പുറപ്പെട്ടതാണ്. താൻ കൂടി പ്രതി ചേർക്കപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി എന്തെന്ന് ക്രിസ്റ്റിക്ക് അറിയണമായിരുന്നു. ഒട്ടൊരു ടെൻഷനോടെ അവിടെ എത്തിയ അവരെ സൗഹാർദ്ദപൂർവ്വമാണ് അവിടെയുള്ളവർ സ്വീകരിച്ചത്. കെട്ട് പിണഞ്ഞു പോകുമായിരുന്ന വലിയൊരു കുരുക്കിനെ നിസ്സാരമായി അഴിച്ചു കൊടുത്ത നന്ദിയുണ്ടായിരുന്നു അവിടെ ഓരോരുത്തർക്കും ക്രിസ്റ്റീയോട്. ആ സ്നേഹം അവന്റെ മനസ്സ് നിറച്ചു. "അവള്.. അവള് വരുമ്പോഴേക്കും റിഷിൻ ചെറിയാനെ ക്രിസ്റ്റിയെന്ന് പറഞ്ഞിട്ട് വന്നയൊരുത്തൻ തല്ലി വീഴ്ത്തി.. പിന്നെ അവനെ താങ്ങിയെടുത്ത് കൂടെ ഉള്ളവൻന്മാർ പോകുന്നത് കണ്ട്.." ക്രിസ്റ്റിക്ക് മുന്നിൽ നിരന്നു നിന്നിട്ട് അവരെല്ലാം പറഞ്ഞു കൊടുത്തു സഹകരിക്കുന്നുണ്ട്. "ആ കൂട്ടത്തിൽ റിഷിൻ ഉണ്ടായിരുന്നോ? നിങ്ങൾ അന്നവനെ ശെരിക്കും കണ്ടോ?" ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു. "അങ്ങനെ ചോദിച്ച..ആ ചെക്കൻ.. റിഷിൻ എന്ന് പറഞ്ഞ...അവനും എന്തൊക്കെയോ പറഞ്ഞു. അത് കേട്ടിട്ടാണ് അവനെ തല്ലി വീഴ്ത്തിയതും. ഇപ്പൊ തോന്നുന്നു.. അതെല്ലാം നല്ല ഒന്നാന്തരം നാടകമായിരുന്നുവെന്ന്. നിന്നേം ഞങ്ങളേം ഒരുപോലെ കരി വാരി തേക്കാൻ മനഃപൂർവം ആരോ.. മറഞ്ഞിരുന്നു കളിക്കുന്നുണ്ടായിരുന്നുവെന്ന് " ആ കൂട്ടത്തിൽ ഏതോ ഒരാൾ പറയുമ്പോൾ വീണ്ടും ക്രിസ്റ്റിയുടെയും ഫൈസിയുടെയും കണ്ണുകളിടഞ്ഞു. "അന്ന്... അന്നിവിടെ.. അതായത് ഈ പരിസരത്ത് വേറെ വല്ലതും കണ്ടിരുന്നോ ആരെങ്കിലും. വാഹനങ്ങളോ.. അറിയാത്ത ആളുകളോ.. അങ്ങനെ എന്തെങ്കിലും..?" ഇപ്രാവശ്യം ചോദ്യം ഫൈസിയുടെതായിരുന്നു. "അതിപ്പോ... അവർ നേരം വെളുക്കും മുന്നേ ഇവിടുണ്ടായിരുന്നു. ഞങ്ങൾ ജോലിക്ക് പോവാൻ ഇറങ്ങും മുന്നേ.." ആ ഉത്തരം കേട്ടതും.. ഫൈസി നിരാശയിൽ ക്രിസ്റ്റിയെ നോക്കി. അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു. "ഒരു കറുത്ത വലിയ വണ്ടി കണ്ടിരുന്നു ചേട്ടാ. " കൂട്ടത്തിൽ പ്രായം കുറഞ്ഞൊരു പയ്യൻ ക്രിസ്റ്റിയുടെ അടികിലേക്ക് വന്നിട്ട് പറഞ്ഞു. "ഞാൻ പത്രമിടാൻ പോകാറുണ്ട്. അന്ന് തിരിച്ചു വരും വഴി ആ കറുത്ത വണ്ടിയും വേറെരു കാറും ദാ ആ ഗേറ്റിന് കുറച്ചു മാറി നിർത്തിയിരിക്കുന്നത് കണ്ടു. സാധാരണ കാണാത്ത ആ കറുത്ത വലിയ വണ്ടി കണ്ടിട്ടാണ് ഞാനും ശ്രദ്ധിച്ചത്. കാറിൽ നിന്നിറങ്ങി ആ കറുത്ത വണ്ടിയുടെ അരികിലേക്ക് ആരൊക്കെയോ ഇറങ്ങി ചെല്ലുന്നത് കണ്ടിരുന്നു. എനിക്ക് സ്കൂളിൽ പോവാനുള്ളത് കൊണ്ട് ഞാൻ പിന്നെ അതികം അത് നോക്കി നിന്നില്ല. വീട്ടിലേക്ക് പോന്നു. പിന്നെ മുട്ടൻ വഴക്ക് കേട്ട് ചെന്നു നോക്കുമ്പോ.. ആ കാറിൽ നിന്നിറങ്ങി ചെന്ന അവരാണ് ഇവിടെ വന്നു ബഹളമുണ്ടാക്കുന്നത്.അവരെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അപ്പോഴും ശ്രദ്ധിച്ചത് ആ വലിയ വണ്ടി അവിടുണ്ടോ എന്നായിരുന്നു." അവൻ ഒറ്റ ശ്വാസത്തിൽ.. വളരെ ആവേശത്തിൽ പറയുന്നുണ്ടായിരുന്നു. "എന്നിട്ട്.. അതവിടെ ഉണ്ടായിരുന്നോ?" ക്രിസ്റ്റിയും ആകാംഷയോടെ ചോദിച്ചു. "ഇല്ല ചേട്ടാ.. അത്.. അത് പിന്നെ അവിടെ ഉണ്ടായിരുന്നില്ല." അവൻ പറഞ്ഞത് കേട്ടതും വീണ്ടും ക്രിസ്റ്റി ഫൈസിയെ തിരിഞ്ഞു നോക്കി. "എന്നിട്ട് നീ എന്താടാ സജീഷേ അന്നത് പറയാഞ്ഞത്?" ആരോ ഒരാൾ ആ പയ്യനെ നോക്കി ചോദിച്ചു. "ഇപ്പൊ പറഞ്ഞത് വെച്ച് നോക്കുമ്പോൾ.. ആ കറുത്ത വണ്ടിയിൽ ഉള്ളവനാവും ഇതിന്റെയെല്ലാം സൂത്രധാരൻ. എല്ലാം അവന്റെ ഐഡിയയാവും. ഇങ്ങോട്ട് നിന്റെ പേരിൽ ഇറക്കി വിട്ടവനും അവന്റെ ആള് തന്നെ.." ക്രിസ്റ്റിയേ നോക്കി അവർ ഉറപ്പിച്ചു പറഞ്ഞു. അവനൊന്നു തല കുലുക്കി. "അന്നവനെ കിട്ടിയില്ലല്ലോ. അതെങ്ങനെ.. ഇവൻ വാ തുറന്നു പറഞ്ഞാലല്ലേ. എങ്കിൽ കയ്യോടെ അവനുള്ളത് കൊടുത്തു വിടാമായിരുന്നു " ഇച്ഛാഭംഗത്തോടെ അവരെല്ലാം ക്രിസ്റ്റിയെ നോക്കി. "സാരമില്ല.. നമ്മുക്ക് കണ്ട് പിടിച്ചിട്ട് കൊടുക്കാനുള്ളത് കയ്യോടെ തന്നെ കൊടുക്കണം. ഇനി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടല്ലോ?" ക്രിസ്റ്റി അവരെ സമാധാനിപ്പിച്ചു. റിഷിനോടും വർക്കിയോടും അവർക്കപ്പോഴും ദേഷ്യമുണ്ടെന്ന് സംസാരത്തിൽ നിന്നും ക്രിസ്റ്റി മനസ്സിലാക്കി. അതവരെ ഒന്നടങ്കം അപമാനിച്ചതിന്റെയാണ്. അത് അവരായിട്ട് തീർക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ട് ക്രിസ്റ്റി അതേ കുറിച്ചൊന്നും പറഞ്ഞില്ല. "ഇതൊക്കെ ശെരിയാവും. ഈ പേരിൽ നിന്റെ പഠനം നഷ്ടപ്പെടുത്തരുത്. അത് പിന്നെ തിരികെ കിട്ടാൻ അത്ര എളുപ്പമല്ല " അന്നത്തെ സംഭവത്തിന് ശേഷം വീടിന്റെ പുറത്തിറങ്ങാൻ മടിച്ച ഗൗരിയെ കണ്ട് ക്രിസ്റ്റി പറഞ്ഞു. അവനെയൊന്ന് നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി എന്നല്ലാതെ അവളൊന്നും മിണ്ടിയില്ല. "എല്ലാം ശെരിയാവും. ഒന്നും ഓർത്തു സങ്കടപ്പെടരുത്. എന്താവിശ്യമുണ്ടെങ്കിലും വിളിക്കണം. ഞാനുണ്ടാകും കൂടെ " ക്രിസ്റ്റി തന്റെ നമ്പർ ഗൗരിയുടെ കയ്യിലുള്ള ചെറിയ ഫോണിൽ സേവ് ചെയ്തു കൊടുത്തു കൊണ്ട് പറഞ്ഞു. മകളുടെ അവസ്ഥയിൽ തകർന്ന് നിൽക്കുന്ന ഗൗരിയുടെ മാതാപിതാക്കൾക്കുള്ള പുതുജീവൻ കൂടിയായിരുന്നു അവന്റെ വാക്കുകൾ. അവരെല്ലാം നിറഞ്ഞ സ്നേഹത്തോടെയാണ് ക്രിസ്റ്റിയെ യാത്രയാക്കിയതും. ❣️❣️ "ആളെ മനസ്സിലായല്ലോ അല്ലേ?" പിന്നിലിരിക്കുന്ന ഫൈസിയോട് ക്രിസ്റ്റി മുഖം ചെരിച്ചു കൊണ്ട് ചോദിച്ചു. "അറക്കലെ പോർച്ചിൽ കിടക്കുന്ന ആ വലിയ കറുത്ത താറിന്റെ ഉടമ.. അതവനാണ്. ഷാഹിദ്.." ഫൈസി പറഞ്ഞതും ക്രിസ്റ്റി തല കുലുക്കി. "ഒടുവിൽ നമ്മൾ സംശയിച്ചത് പോലെ തന്നെ.. ഇരുട്ടിൽ പതുങ്ങിയിരുന്നു എനിക്കെതിരെ കളിക്കുന്നവൻ.. അതവൻ തന്നെയാണ്. ഉദ്ദേശം ഫാത്തിമ.. " ക്രിസ്റ്റി നേർത്തൊരു ചിരിയോടെ പറഞ്ഞു. "മ്മ്.. അതേ. നീയും നിന്റെ പാത്തുവും തമ്മിലുള്ള ഇഷ്ടം. അതവനറിയാം. അത് ഇല്ലാതെയാക്കാൻ നിന്നെ കുടുക്കിലാക്കാനാണ് ആ നാറിയുടെ പ്ലാൻ " ഫൈസി പല്ല് കടിച്ചു. 'അവൻ കളിക്കട്ടെ ഫൈസി. ഏതു വരെയും പോകുമെന്ന് നോക്കാലോ. ഇത് വരെയും ഒരു സംശയം മാത്രമായിരുന്നു. ഇന്നത് ഉറപ്പായി. ഇനി അവനെ നമ്മളും വാച് ചെയ്യും. ഇരുട്ടിന്റെ മറവിൽ അവൻ പുതിയ കളികൾ പ്ലാൻ ചെയ്യട്ടെ.. അവന്റെ മുഖമൂടി മാറ്റി ആ വികൃതമുഖം നമ്മൾ കണ്ട് പിടിച്ചെന്ന് അവനറിഞ്ഞിട്ടില്ല.തത്കാലം അതാണ് നമ്മുടെ പിടി വള്ളി " ക്രിസ്റ്റി ഒരു പുച്ഛത്തോടെ പറഞ്ഞു കേട്ടപ്പോഴും തന്റെ മനസ്സിൽ നുരഞ്ഞു പൊന്തുന്ന ആധി ഫൈസി അവനോട് പറഞ്ഞില്ല. അതവന്റെ മനോബലം തകർക്കുമോ എന്ന ഭയമായിരുന്നു അതിന് കാരണം. "മീരാ.. മീരായുടെ അവസ്ഥ എന്താടാ?" കുതിച്ചു തുള്ളുന്ന മനസ്സിനെ പണിപ്പെട്ടടക്കി തികച്ചും സ്വാഭാവികതയോടെ ഫൈസി ചോദിച്ചു. "കൊണ്ട് വന്നപ്പോഴുള്ള അതേ ഭാവം തന്നെ. ഒട്ടും ഓക്കേ ആയിട്ടില്ല ടാ അവള്.." സങ്കടത്തോടെ ക്രിസ്റ്റിയത് പറയുമ്പോൾ പിന്നിലിരുന്നവൻ അതിനേക്കാൾ പൊള്ളി പിടഞ്ഞു പോയിരുന്നു. "ആ പെണ്ണാകെ ഉലഞ്ഞു പോയി. പഴയ ആളെ അല്ല. എന്നാണാവോ ഇനി പഴയ പോലൊന്നു തിരിച്ചു കിട്ടുന്നത്.?" ആത്മാഗതം പോലെ ക്രിസ്റ്റി പറയുമ്പോൾ... എത്രയും വേഗം എന്റെയാ പഴയ കുറുമ്പുകാരിയെ തിരിച്ചു തരണേ പടച്ചോനെ എന്നായിരുന്നു ഫൈസിയും ഹൃദയം പിടഞ്ഞു കൊണ്ട് പ്രാർത്ഥിച്ചത്... ❣️❣️ "മകന്റെ കല്യാണം വിളിയൊക്കെ തുടങ്ങിയോ വർക്കിച്ചായ?" മുന്നിൽ യാതൊരു പരിചയവുമില്ലാത്ത ഒരുത്തൻ നിറഞ്ഞ ചിരിയോടെ ചോദിക്കുന്നു. വർക്കി അമ്പരന്ന് പോയിരുന്നു. "പുതിയൊരു ബിസിനസ് ക്‌ളയിന്റ് ആണ്.. ഒന്ന് കാണാൻ ആഗ്രഹിക്കുന്നു നിങ്ങളെ. ഇത് നിങ്ങൾക്കൊരു സുവർണ അവസരമാണെന്ന് "വർക്കിയുടെ സുഹൃത്തു പറഞ്ഞതനുസരിച്ചു വന്നതായിരുന്നു അയാൾ. പാടെ തകർന്ന് നിൽക്കുന്ന അയാൾക്കൊരു പിടിവള്ളിയപ്പോൾ അത്യാവശ്യമായിരുന്നു. "ഹാ... ഉത്തരം പറയെന്റെ വർക്കിച്ചായോ?" കണ്മുന്നിൽ ഇരിക്കുന്നവൻ വീണ്ടും ആവിശ്യപെട്ടു. "അതെങ്ങനെ നിനക്കറിയാം.. നീ ആരാ?" വർക്കിയുടെ ചോദ്യത്തിന് അയാളെ ഞെട്ടിപ്പിച്ചു കൊണ്ട് ഉറക്കെ ഒരു പൊട്ടി ചിരി ആയിരുന്നു മറുപടി. ആ ചിരിയിലേക്ക് നോക്കുമ്പോൾ അയാൾക്കൊരു അസ്വസ്ഥത തോന്നി. ശീതികരിച്ച ആ മുറിയിലും അയാൾ വിയർത്തു. "ഞാൻ ആരാണ്... അത് പറഞ്ഞു തരാം. പക്ഷേ അതിന് മുന്നേ... വേറെ ചിലത് കൂടി പറഞ്ഞു തരാം ഞാൻ നിങ്ങൾക്ക് " അത് പറഞ്ഞു കൊണ്ട് അയാൾക്ക് മുന്നിലേക്ക് വന്നവനെ വർക്കി തുറിച്ചു നോക്കി. "ഹൃദയമിടിപ്പ് പോലെ കൊണ്ട് നടന്ന വർക്കിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. കുന്നേൽ ഫിലിപ്പ് മാത്യു.. അല്ലല്ല... അൽപ്പം തിരുത്തുണ്ട്.. ഹൃദയമിടിപ്പ് പോലെ കുന്നേൽ ഫിലിപ്പ് മാത്യു കൊണ്ട് നടന്ന പ്രിയപ്പെട്ട കൂട്ടുകാരൻ വർക്കി ചെറിയാൻ " ഈണത്തിൽ പറയുന്നത് കേട്ടതും വർക്കിയുടെ കണ്ണുകൾ മിഴിഞ്ഞു.. "സ്വന്തം കൂട്ടുകാരന്റെ അപകടമരണം.. അതീ കൈകൾ കൊണ്ട് മനഃപൂർവം ഉണ്ടാക്കി എടുത്തതാണെന്ന് കൂടി എനിക്കറിയാം. ഉദ്ദേശം കുന്നേൽ ഫിലിപ്പ് മാത്യുവിന്റെ കണക്കില്ലാത്ത സ്വത്തും പിന്നെ അയാളുടെ സുന്ദരിയായ ഭാര്യയും.. ശെരിയല്ലേ?" വീണ്ടും അതേ പൊട്ടി ചിരി. വർക്കി സ്തംഭിച്ചു പോയിരുന്നു. അയാൾക്ക് ശ്വാസം വിലങ്ങി. "ഇത് എങ്ങനെയോ മണുത്തറിഞ്ഞ സ്വന്തം ഏട്ടൻ വർഗീസിന് ഇപ്പോഴും കുന്നേൽ ഗ്രുപ്പിന്റെ ഏഴയലത്തു കൂടി കൊണ്ട് വരാത്തത് ഈ രഹസ്യം പുറത്തറിയാതിരിക്കാൻ വേണ്ടി... അതും ശെരിയല്ലേ?" കാന്തം പോലെ കൊരുത്തിട്ട അവന്റെ കണ്ണുകളുടെ കണ്ണുകളുടെ മൂർച്ചയിൽ വർക്കി പിടഞ്ഞു. "അന്നും ഇന്നും മെയിൻ എതിരാളി.. കുന്നേൽ ക്രിസ്റ്റി.. ക്രിസ്റ്റി ഫിലിപ്പ്. അവനെയൊന്ന് ഒതുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം എട്ടു നിലയിൽ പൊട്ടി തോറ്റു പണ്ടാരമടങ്ങി നിൽക്കുന്ന... വർക്കി.. വർക്കി ചെറിയാൻ അത് ആസ്വദിച്ചു കൊണ്ടവൻ ഉറക്കെ ഉറക്കെ ചിരിച്ചു. "ഇനി ഞാൻ ആരാണെന്ന് പറയട്ടെ.. ഏഹ് " ആവേശത്തിൽ അവൻ വർക്കിയുടെ മുന്നിൽ ചെന്നു നിന്നു. "ഷാഹിദ്... അറക്കൽ ഷാഹിദ്. നീ ഒരുക്കിയ അപകടത്തിൽ അന്ന് നിന്റെ കൂട്ടുകാരൻ ഫിലിപ്പിനൊപ്പം പരലോകം പൂകിയ ഫിലിപ്പിന്റെ ചങ്കും ലിവറുമായ കൂട്ടുകാരൻ അറക്കൽ സലാമിന്റെ ബന്ധു.. അറക്കൽ ഷാഹിദ് " വീണ്ടും അവന്റെ പൊട്ടിച്ചിരി അവിടെയാകെ അലയടിച്ചു.........കാത്തിരിക്കൂ.........