നിലാവിന്റെ തോഴൻ: ഭാഗം 92
Sep 14, 2024, 12:08 IST
രചന: ജിഫ്‌ന നിസാർ
"മോള് കഴിച്ചില്ലേ " തന്നിലേക്ക് നീളുന്ന ഭക്ഷണം വാ തുറന്നു സ്വീകരിക്കും മുന്നേ ആസിയുമ്മ ചോദിച്ചതും കുറ്റബോധത്തോടെയാണ് ലില്ലി തലയാട്ടിയത്. ഈ സ്നേഹത്തിനു മുന്നിൽ താനെങ്ങനെ അഭിനയിക്കുമെന്നോർത്തു കൊണ്ടവൾ ഓരോ നിമിഷവും നീറുന്നുണ്ട്. തന്റെ കഴുത്തിൽ തൂങ്ങിയാടുന്ന കൊന്തമാല കണ്ടിട്ടും അതേ കുറിച്ചൊരക്ഷരം ചോദിച്ചിട്ടില്ല. ലില്ലിയെന്നാണ് പേരെന്നു പറഞ്ഞു കൊടുത്തിട്ടും അതീവ വാത്സല്യത്തോടെ മോളെ എന്നുള്ള വിളി ഹൃദയഭിത്തിയിൽ ചിന്നി ചിതറുന്നുണ്ടായിരുന്നു. ഷാനിക്ക ഈ നിലയിൽ എത്തി പെടാനുള്ള കഷ്ടപ്പാടിന്റെ കഥയവർ അവൾക്ക് മുന്നിൽ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു കൊടുക്കുമ്പോൾ... അതിനിടയിലെ ഉമ്മയെന്ന അവരുടെ ഒറ്റയാൾ പോരാട്ടം ആ ഓർമ്മകളിൽ പോലുമില്ലാത്തത് പോലായിരുന്നു. "ഞാനില്ലേൽ .. ന്റെ കുട്ടി ഒറ്റക്കായി പോവുന്നായിരുന്നു ഉമ്മാടെ ഏറ്റവും വലിയൊരു പേടി. ഇനി ഇനിക്കാ പേടി വേണ്ടല്ലോ.. ന്റെ മോളുണ്ടല്ലോ.. ഇയ്യ് ആരാണെന്നോ എന്താണെന്നോ ഒന്നും ഈ ഉമ്മാക്ക് അറിയണ്ട. ന്റെ മോനെ ഉള്ളറിഞ്ഞു സ്നേഹിച്ചാ മാത്രം മതി.പാവാ ഓൻ.. ഇനിക്ക് വേണ്ടി അവനെത്ര സഹിക്കുന്നുണ്ട്... അല്ലാഹ് ന്റെ കുട്ടികളെ കാത്തോളണേ.." പറയുന്നതിനിടെ തന്നെ അവരുടെ കൈകൾ പ്രാർത്ഥനപൂർവ്വം മുഖകിലേക്കുയർത്തി. ലില്ലി വന്നിട്ടിപ്പോ അനേകം തവണ അവരങ്ങനെ പ്രാർത്ഥന നടത്തുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സത്യത്തിൽ.. ഷാനവാസ് എന്ന മനുഷ്യൻ ഇത്രമാത്രം നന്മ നിറഞ്ഞൊരു മനസ്സിനുടമയാവാനും.. അയാളുടെ സാമ്രാജ്യമിത്രമേൽ വളർന്നു പന്തലിക്കാനും ആ ഉമ്മയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന മന്ത്രങ്ങളുടെ ശക്തി ചില്ലറയൊന്നുമല്ലന്ന് അവളോർത്തു. വന്നപ്പോഴുണ്ടായിരുന്ന മ്ലാനതയൊന്നും അവരുടെ മുഖത്തപ്പോൾ ഉണ്ടായിരുന്നില്ല. ലില്ലിയോട് എത്ര സംസാരിച്ചിട്ടും മതിയാവാത്തത് പോലെ.. ലില്ലിക്കൊരു ബുദ്ധിമുട്ടാവരുതെന്ന് കരുതി ഷാനവാസ് പിന്നെയാ പരിസരത്ത് പോലും വന്നിട്ടില്ല. എന്തേലും ആവിശ്യമുണ്ടങ്കിൽ... ഫോണിൽ വിളിക്കണമെന്ന് പറഞ്ഞിട്ട് അകത്തെക്കെങ്ങോ പോയതാണ് അയാൾ. ഭക്ഷണമെല്ലാം കൊടുത്തു കഴിഞ്ഞു.. ലില്ലിയും ആസിയുമ്മയും എന്തൊക്കെയോ പറഞ്ഞിരിക്കുന്നതിന്റെ ഇടയിലേക്കാണ് ഷാനവാസ് ധൃതിയിൽ കടന്നു വന്നത്. അയാളെ കണ്ടതും ലില്ലി എഴുന്നേറ്റു. "ന്തേ ഷാനോ.. അന്റെ മുഖം ഇങ്ങനെ. ന്തേലും പ്രശ്നം ണ്ടോ ടാ?" അയാളെങ്ങോട്ട് കയറി വന്നതും ആസിയുമ്മ പെട്ടന്ന് ചോദിച്ചു. അയാളുടെ നോട്ടം ലില്ലിയുടെ നേരെയാണ് പാളി വീണത്. മുഹമ്മദ് വിളിച്ചു പറഞ്ഞ കാര്യം അവളോട് പറയണോ വേണ്ടയോ എന്നതയാൾ ഒരു നിമിഷം ആലോചിച്ചു. അയാളുടെ നോട്ടം.. കണ്ടതും തല കുനിച്ചു നിൽക്കുന്നവളെ അതറിയിച്ചു വേദനിപ്പിക്കാൻ അയാൾക്ക് തോന്നിയില്ല. അവളറിയുമ്പോൾ അറിയട്ടെ... ക്രിസ്റ്റിയുടെ വിവരമറിയുമ്പോൾ അവളൊരുപാട് വേദനിക്കുമെന്ന് ഷാനവാസിന് ഉറപ്പുണ്ട്. "അതുമ്മാ.. ഇനിക്ക് അത്യാവശ്യമായി പുറത്തൊന്നു പോണം. എപ്പോ വരുമെന്ന് പറയാനാവില്ല." വീണ്ടും അയാൾ ലില്ലിയെ നോക്കി. "താൻ കൂടി എനിക്കൊപ്പം വാ.. ഇല്ലെങ്കിൽ പിന്നെ ഒറ്റയ്ക്ക് പോവേണ്ടി വരും " അയാൾ പറഞ്ഞത് കേട്ടതും ലില്ലി തലയാട്ടി. "മോളിനി എപ്പഴാ ഉമ്മാനെ കാണാൻ വരുന്നത്..?" മങ്ങിയ മുഖത്തോടെ ആസിയുമ്മ ലില്ലിയുടെ കൈ പിടിച്ചു. "ഞാൻ.. ഞാനുടനെ വരാം ഉമ്മാ " നേർത്തൊരു ചിരിയോടെ അവരോടത് പറയുമ്പോഴും ലില്ലിയുടെ കണ്ണുകൾ അറിയാതെ ഷാനവാസിനു നേരെ നീണ്ടു. അയാളുടെ മുഖത്തു നിറയെ അസ്വസ്ഥതയാണെന്ന് തിരിച്ചറിഞ്ഞതും.. പിന്നെ അധികം താമസിക്കാതെ ലില്ലി ബാഗും എടുത്തു കൊണ്ട് പോവാനിറങ്ങി. ❣️❣️ വെറും നിലത്ത് ചുവരിൽ ചാരി കണ്ണടച്ചിരിക്കുമ്പോഴും ഗൗരിയെ ഓർത്താണ് ക്രിസ്റ്റിയുടെ ഉള്ളം പിടഞ്ഞത്. ശത്രു പ്രബലനാണ്. എന്തും ചെയ്യാൻ യാതൊരു മടിയുമില്ലാത്തവനാണ്.. തനിക്കൊരുക്കിയ കുരുക്കിൽ വീണു പോയ ഗൗരിയുടെ ജീവനെ ഓർത്തവൻ ഒരുപാട് വേവലാതിപ്പെട്ടു. ആ ഓർമയിൽ പോലും അവൻ വല്ലാതെ അസ്വസ്ഥപ്പെടുന്നുണ്ടായിരുന്നു. താനും ഗൗരിയും ഇന്നലെ കണ്ട് സംസാരിച്ചു എന്നതാണ് പോലീസ് പറയുന്ന ഏറ്റവും വലിയ തെളിവ്. അന്നേരം മുതൽ ഗൗരി കരയുന്നുണ്ടായിരുന്നു എന്നവളുടെ കൂട്ടുകാർ കൂടി മൊഴി കൊടുത്തതോടെ ക്രിസ്റ്റിയുടെ മേലുള്ള സംശയങ്ങൾ ഒന്ന് കൂടി വർധിച്ചു. തന്നെ കുടുക്കാൻ വേണ്ടി വർക്കിയും റിഷിനും എന്തും ചെയ്യുമെന്നുറപ്പാണ്. "കർത്താവെ... ആ പെൺകുട്ടിയെ കാത്തോണേ.." അപ്പോഴും ക്രിസ്റ്റി പ്രാർത്ഥന നടത്തിയത് മുഴുവനും ഗൗരിക്ക് വേണ്ടിയാണ്. ❣️❣️ "നിനക്ക്... ആരെയെങ്കിലും സംശയമുണ്ടോഡാ ഫൈസി?" കമ്മീഷണർ റഷീദ് ഫൈസിയുടെ നേരെ നോക്കി. മുഹമ്മദിനെയും കൂട്ടി ഫൈസി ആദ്യം അയാളെ കാണാനാണ് ചെന്നത്. കാറിൽ ഇരുന്നു തന്നെ അവൻ അയാളെ വിളിച്ചിട്ട് കാര്യം പറഞ്ഞിരുന്നു. ആര്യനെയും വിളിച്ചറിയിച്ചു. കമ്മീഷണർ ഓഫിസിൽ അവരെത്തുമ്പോഴേക്കും ആര്യനും അവിടെത്തി ചേർന്നിരുന്നു. "ഉണ്ട്.." കല്ലിച്ച മുഖത്തോടെ ഫൈസി റഷീദിനെ നോക്കി. ശേഷം അവൻ പറഞ്ഞതെല്ലാം അയാൾ ശ്രദ്ധപൂർവ്വം മൂളി കേൾക്കുന്നുണ്ടായിരുന്നു. ആര്യൻ.. അവന്റെ അച്ചന്റെ ചെക്കപ്പിനായി മാസത്തിലൊരിക്കൽ പോകാറുള്ള ഹോസ്പിറ്റൽ യാത്രയിലായിരുന്നത് കൊണ്ട് തന്നെ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവന്റെ പ്രയാസങ്ങൾ അറിയുന്ന ക്രിസ്റ്റിയോ ഫൈസിയോ അവനെ വിളിച്ചു ബുദ്ധിമുട്ടിച്ചതുമില്ല. രണ്ട് ദിവസം കൊണ്ട് സംഭവിതെല്ലാമറിഞ്ഞവന്റെ മുഖത്തും വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്നു. "ഇയ്യ് ടെൻഷനവല്ലേ ഫൈസി.. നിന്റെ കൂട്ടുകാരന് ഒന്നും വരില്ല.. ഞാൻ ഏറ്റു " എന്തൊക്കെ പറഞ്ഞിട്ടും ഫൈസിയുടെ അൽപ്പം പോലും തെളിയാത്ത മുഖം കണ്ടതും റഷീദ് അവന്റെ ചുമലിൽ തൊട്ട് കൊണ്ട് പറഞ്ഞു. "വൈകുന്ന ഓരോ നിമിഷവും ഗൗരിയുടെ ജീവൻ അപകടത്തിലാണ്. അവളെ കണ്ടെത്തിയാൽ മാത്രമേ ക്രിസ്റ്റിയെ ഇതിൽ നിന്ന് ഊരി കൊണ്ട് വരാൻ കഴിയൂ..." ഫൈസി അസ്വസ്ഥതയോടെ പറഞ്ഞു. "എനിക്കറിയാം ഫൈസി. നിന്നെ പോലെ തന്നെ അവൻ പുറത്തിറങ്ങി കാണാൻ എനിക്കും ആഗ്രഹമുണ്ട്. ഞാനും അറിയാവുന്ന പയ്യനല്ലേ ക്രിസ്റ്റി. നിന്നെ പോലെ അവനങ്ങനെ ചെയ്യില്ലെന്ന് എനിക്കും നല്ല ഉറപ്പുണ്ട്. പക്ഷേ.. ഇവിടിപ്പോ തെളിവുകളെല്ലാം അവനെതിരെയായിട്ടാണ് മൂവ് ചെയ്തിട്ടുള്ളത്.." റഷീദ് ഫൈസിയെ നോക്കി. 'പക്ഷേ നീ വിഷമിക്കരുത്. ഞാനെന്റെ മാക്സിമം ശ്രമിക്കും.. ഈ നിമിഷം മുതൽ " റഷീദ് ഉറപ്പോടെ പറഞ്ഞതും.. ഫൈസി പിന്നൊന്നും പറയാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. അവന് പിറകെ ആര്യനും. പുറത്തെത്തും മുന്നേ ഫൈസിയുടെ ഫോണിലേക്ക് വീണ്ടും മീരയുടെ വിളിയെത്തി. ആ പേര് കണ്ടതും അവന്റെ ഹൃദയമൊന്നു പിടച്ചു. നല്ലൊരു വാർത്ത കേൾക്കാൻ കൊതിയോടെ വിളിക്കുന്നതാണ് പടച്ചോനെ.. താനെന്ത് പറയും? ഫൈസി ഫോണിലേക്ക് തുറിച്ചു നോക്കി. "ആരാടാ..?"ആര്യൻ അവന്റെ തോളിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചു. "അവന്റെ വീട്ടീന്നാ.. ന്തായി ന്നറിയാനുള്ള വിളിയാണ് " ഫൈസി പതിയെ പറഞ്ഞു. "നീ എടുത്തിട്ട് കാര്യം പറ.അല്ലേൽ അവർക്കത് വീണ്ടും ടെൻഷനാവും " ഒരു നിമിഷം നിലച്ച ബെല്ലടി വീണ്ടും തുടർന്നതും ആര്യൻ ഫൈസിയെ നോക്കി പറഞ്ഞു. വിറയലോടെ തന്നെ അവൻ അത് അറ്റാന്റ് ചെയ്തു. മറുവശം ഡെയ്സിയായിരുന്നു. "കമ്മീഷണർ ഓഫീസിലാണ് അമ്മേ.." ഫൈസി പറഞ്ഞു. കോളനിക്കാർ വീട്ടിൽ വന്നതെല്ലാം ഡെയ്സി അവനോടും പറയുന്നുണ്ടായിരുന്നു. "വിഷമിക്കരുത്.ഞാൻ.. ഞാനെന്റെ മാക്സിമം ശ്രമിക്കുന്നുണ്ട്.ഇന്ന് തന്നെ അവനെയിറക്കി കൊണ്ട് വരും ഞാൻ " ഉറപ്പോടെ ഫൈസി പറഞ്ഞത് കേട്ടിട്ട് ഡെയ്സിക്ക് അൽപ്പം ആശ്വാസം കിട്ടിയിരുന്നുവെങ്കിലും... മുന്നോട്ടുള്ള വഴിയിലെ ശൂന്യതയെ ഭയത്തോടെ നോക്കുന്നവന്റെ ഉള്ളിലെ പിടച്ചിൽ ആ നിമിഷം മുതൽ കൂടുകയാണ് ചെയ്തത്. "വാതിൽ അടച്ചിരിക്കണം.ആര് വന്നാലും തുറക്കരുത്... ഞാൻ.. ഞാൻ അങ്ങോട്ട് വരുന്നുണ്ട് " അത്ര പറഞ്ഞു കൊണ്ട് ഫൈസി ഫോൺ വെച്ചു. "ഇനി.. ഇനിയെന്ത് ചെയ്യുമെടാ...?"ആര്യനും ടെൻഷനോടെ ചോദിച്ചു. "എനിക്കറിയില്ല..." ഫൈസി തളർച്ചയോടെ ചുവരിലേക്ക് ചാരി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ അവന്റെ തോളിലുള്ള മുറിവിൽ നിന്നും വീണ്ടും ചോരയൊഴുകി വരുന്നുണ്ട്... കുറേശ്ശേയായി. കൈയറ്റ് പോരുന്നത് പോലെ കടയുന്നുമുണ്ട്. പക്ഷേ... അതിനേക്കാൾ കടച്ചിൽ ഹൃദയത്തിലായിരുന്നത് കൊണ്ട് തന്നെ.. അവനതൊന്നും അറിഞ്ഞില്ല. "എനിക്കൊരു വഴി കാണിച്ചു താ പടച്ചോനെ..." കണ്ണടച്ച് ചുവരിൽ തല ചേർത്ത് വെച്ചവൻ ഹൃദയം കൊണ്ട് കേഴുന്നുണ്ടായിരുന്നുവപ്പോഴും. "ഫൈസി .. വേദനനിക്കുന്നുണ്ടോ ടാ?" മുഹമ്മദ് ആധിയോടെ വന്നു ചുമലിൽ പിടിച്ചതും ഫൈസി കണ്ണുകൾ തുറന്നു. ഇല്ലെന്ന് തലയാട്ടി കൊണ്ടവൻ തോളു കൊണ്ട് മുഖം തുടച്ചു. "റഷീദിക്ക അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇയ്യിങ്ങനെ ബേജാറാവണ്ട ഡാ.. ഓനെ നമ്മള് കൊണ്ട് വരും..." മുഹമ്മദ് അവന്റെ വേദന നിറഞ്ഞ മുഖത്തു നോക്കി പറഞ്ഞു. "പോവ..ല്ലേയിനി...?" അതിനുത്തരമൊന്നും പറയാതെ ഫൈസി കാറിന് നേരെ നടന്നു. "ഇയ്യ് ഇവനേം കൂട്ടി പോ.. ഞാൻ ഷാനവാസിനെ വിളിച്ചിട്ടുണ്ട്. " മുഹമ്മദ് ആര്യാനെ നോക്കി പറഞ്ഞു. "ഷാനിക്കായെ .. അതെന്തിനാ ഉപ്പാ?" ഫൈസി നടത്തം നിർത്തി തിരിഞ്ഞു നിന്നിട്ട് ചോദിച്ചു. "റഷീദ് ഓന്റെ നിലയിൽ അന്വേഷണം നടത്തട്ടെ. എന്നും കരുതി നമ്മൾ മാറി നിക്കണ്ടല്ലോ. ഇയ്യ് പ്പോ ചെല്ല്.. " മുഹമ്മദ് അവന്റെ തോളിൽ തട്ടി. ഫൈസി ഒന്നും പറയാതെ അയാളെ ഒന്ന് നോക്കിയിട്ട് പോയി കാറിൽ കയറിയിരുന്നു. മുഹമ്മദ് കീ ആര്യന് നേരെ നീട്ടി. "പതിയെ പോണം കേട്ടോ... ഘട്ടറിൽ ചാടുമ്പോൾ ഓന്റെ കൈ നല്ല വേദനയുണ്ട്. ഓനത് പറയാഞ്ഞിട്ടാ..." ആര്യാനെ നോക്കി ഓർമ്മിപ്പിച്ചു കൊണ്ടയാൾ തിരിഞ്ഞു നടന്നു. ❣️❣️ "നിങ്ങളിൽ ഒരാളായിട്ട് നിങ്ങളോടൊപ്പം നിന്നവനല്ലേയവൻ ..? അവനെ നന്നായി അറിഞ്ഞിട്ടും ഇങ്ങനൊരു ആരോപണം വന്നപ്പോ... ആ വീട്ടിൽ പോയി ബഹളമുണ്ടായിക്കിയത് ഒട്ടും ശരിയായില്ല... വളരെ മോശമായി പോയി.." ഫൈസി പരുക്കമായി പറയുന്നത് കേട്ടതും കോളനിക്കാർ പരസ്പരം നോക്കി. അവൻ പറയുന്നതെന്തെന്ന് അവർക്കാർക്കും മനസ്സിലായതുമില്ല. "ഒരാൾക്കൊരു ബുദ്ധിമുട്ട് വരുമ്പോഴാണ് നമ്മൾ നന്ദി കാണിക്കേണ്ടത്.. നിങ്ങൾക്കൊപ്പം നിന്നത് കൊണ്ടാ അവനിന്ന് ഈ ഗതി വന്നത് " ഫൈസിയുടെ സ്വരം ഒട്ടും മയമില്ലായിരുന്നു. "മോനെന്താ പറയുന്നത്..?ഞങ്ങൾക്കൊന്നും മനസ്സിലായില്ല " അവരിൽ ഒരാൾ വേദന നിഴലിക്കുന്ന മുഖത്തോടെ ഫൈസിയെ നോക്കി പറഞ്ഞു. ക്രിസ്റ്റിക്കൊപ്പം വരുന്നത് കൊണ്ട് തന്നെ ഫൈസി അവിടെ പരിചിതനാണ്. ക്രിസ്റ്റീയോടുള്ള സ്നേഹം അവനിലേക്കും അവർ പകർന്നു കൊടുക്കാറുണ്ട് . "രാവിലെ മുതൽ ഗൗരിയെ തേടി അലയുവാണ് ഞങ്ങൾ. അതിനിടയിൽ ക്രിസ്റ്റിയും സ്റ്റേഷനിൽ ആണെന്നറിഞ്ഞു.. അത് വേറൊരു സങ്കടം..ഇത് വരെയും അവളെ കണ്ട് കിട്ടാത്ത വേവലാതിയിലാണ് ഞങ്ങൾ." കൂട്ടത്തിൽ ആരോ ഒരാൾ കൂടി മുന്നോട്ട് വന്നിട്ട് പറഞ്ഞു. "ആ സങ്കടം.. തീർക്കാനാണോ ഇവിടെ നിന്നും നിങ്ങളിൽ ചിലർ കുന്നേൽ ബംഗ്ലാവിൽ പോയി ബഹളമുണ്ടാക്കിയത്.?ഇപ്പൊ അവിടുള്ളവർ ക്രിസ്റ്റിയുടെ പ്രിയപ്പെട്ടവരാണ്. അവനോടുള്ള സ്നേഹമാണോ.. നിങ്ങളിന്ന് അവിടെ പോയി പ്രകടനം നടത്തിയത്?" ഫൈസി ദേഷ്യത്തോടെ പറഞ്ഞതും അവരെല്ലാം സംശയത്തോടെ പരസ്പരം നോക്കി. "ഇവിടെ നിന്നാരും കുന്നേൽ ബംഗ്ലാവിൽ പോയിട്ടില്ല ഫൈസി..." ഉറപ്പോടെ അവരിൽ ഒരാൾ പറഞ്ഞതും ഫൈസിയും ആര്യനും പരസ്പരം നോക്കി. "പോയിട്ടില്ലേ..?" നെറ്റി ചുളിച്ചു കൊണ്ടവൻ ചോദിച്ചു. "ഇല്ല.. പോയിട്ടില്ല..ഇവിടെ നിന്നങ്ങനെ ഞങ്ങളറിയാതെ ആരും പോകില്ല.അങ്ങനൊരു നീതികേട് ഇവിടാരും ചെയ്യില്ലടാ മോനെ.. പണത്തിന് കുറവുണ്ടെലും ഞങ്ങൾക്ക് മനസാക്ഷിക്ക് ഒട്ടും കുറവില്ല " അവരുടെ ശബ്ദം വല്ലാതെ കടുത്തു പോയിരുന്നു. "ഇവിടൊരു പെൺകുട്ടിയെ കാണാഞ്ഞിട്ട് നെഞ്ച് പൊടിഞ്ഞു നാല് പാടും ഓടി നടക്കുവാ ഞങ്ങൾ. പക്ഷേ.. ക്രിസ്റ്റി അവളെ അപകടത്തിൽ പെടുത്തില്ലെന്ന് നിന്നെ പോലെ ഞങ്ങൾക്കും നന്നായി അറിയാം " വീണ്ടും അവരുടെ വാക്കുകൾ. ഫൈസിയുടെ നെറ്റി ചുളിഞ്ഞു. കോളനിക്കാരല്ല കുന്നേൽ ചെന്നതെന്ന് അവനേറെ കുറേ ഉറപ്പായി.. പിന്നെയാര്...? അവനുള്ളം ആ ചോദ്യം പ്രകമ്പനംകൊള്ളുന്നുണ്ടായിരുന്നു. ആരായാലും നാന്നായി അറിഞ്ഞാണ് വല വീശിയിട്ടുള്ളതെന്ന് അവൻ മനസ്സിലാക്കി. ഗൗരിയുടെ അച്ഛനും അമ്മയും പോലും ഉറച്ചു പറയുന്നുണ്ട് ക്രിസ്റ്റി അത് ചെയ്യില്ലെന്ന്. കലുഷിതമായ മനസ്സോടെ ഫൈസി അവിടെ നിന്നും മടങ്ങി.. ചേട്ടാ... " കാറിലേക്ക് കയറും മുന്നേ അവന്റെ നേർക്ക് രാജേഷ് ഓടി വരുന്നുണ്ടായിരുന്നു. മുന്നെയൊരു ദിവസം... ഷാഹിദിന്റെ താർ ആണ് ഇവിടെ വന്നതെന്നുറപ്പിക്കാൻ കാരണം രാജേഷ് ആയിരുന്നു. അവനന്ന് പറഞ്ഞ വാക്കുകളാണ്.. ഷാഹിദിന് നേരെ വഴി തിരിച്ചു വിട്ടത്. മുന്നിൽ വന്നു നിന്ന് കിതച്ചു കൊണ്ട് രാജേഷ് ഫൈസിയെ നോക്കി.. അവനെന്തോ പറയാനുണ്ടെന്ന് ഫൈസിക്ക് ഉറപ്പുണ്ടായിരുന്നു..........കാത്തിരിക്കൂ.........