നിളയോഴുകും പോൽ 💙: ഭാഗം 33

 

രചന: റിനു

മണിക്കൂറുകൾ നീണ്ട യാത്രയിൽ ഇരുവരും പരസ്പരം സംസാരിച്ചില്ലന്ന് അവർ തന്നെ മനസ്സിലാക്കിയെടുത്തത്. സമയം പോയതും അറിഞ്ഞില്ല. രണ്ടുപേരും അവരുടേതായ ചിന്താഭാരങ്ങളിൽ ആയിരുന്നു. " ശ്രുതി സ്ഥലം എത്തി.... മറ്റേതോ ലോകത്ത് വിഹരിക്കുന്നവളെ അവൻ ഒരു വാക്കുകൊണ്ട് തിരികെ കൊണ്ടുവന്നു. ചിന്തയിൽ നിന്നും ഞെട്ടി ഉണർന്ന് അവൾ മുൻപിലേക്ക് നോക്കിയിരുന്നു. അപ്പോൾ പാലസ് എന്ന് എഴുതിയ ഒരു ഹോട്ടൽ ആണ് കാണുന്നത്. അവനോട് ഒന്നും പറയാതെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് എടുത്തതിനുശേഷം തോളിലേക്ക് ഇട്ട് അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. തനിക്ക് മുഖം തരാതെ നിൽക്കുന്നവളെ കണ്ടപ്പോൾ അവന് വേദന തോന്നിയിരുന്നു. വല്ലാത്തൊരു അകലം അവൾ ഇടുന്നുണ്ട്. അത് നല്ലതാണെന്ന് തോന്നുന്നുണ്ടെങ്കിലും അത് നോവ് സൃഷ്ടിക്കുന്നു എന്നതാണ് സത്യം. ഒരിക്കലും അവളോട് മനസ്സ് തുറക്കാൻ തനിക്ക് സാധിക്കില്ല. പക്ഷേ അവൾ തന്നോട് കാണിക്കുന്ന അകലം അതു തന്നെ അസ്വസ്ഥനാക്കുന്നുണ്ട്. " അകത്താണ് കോൺഫറൻസ്. ശബ്ദം പരമാവധി മയപ്പെടുത്തി അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞിട്ടും അവളിൽ യാതൊരു ഭാവ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല.

അവന് പിന്നാലെ അവനെ അനുഗമിക്കുമ്പോൾ അവളുടെ മനസ്സും മറ്റെവിടെയും ആയിരുന്നു. കോൺഫറൻസ് ഹാളിൽ വച്ച് അവൻ പറയുന്ന കാര്യങ്ങളെല്ലാം ചെറിയൊരു നോട്ട്പാഡിൽ അവൾ എഴുതി എടുത്തിരുന്നു. കൃത്യം മൂന്നര മണിക്കൂറിനു ശേഷം മീറ്റിംഗ് കഴിഞ്ഞു. അതുകഴിഞ്ഞ് രണ്ടുപേരും പുറത്തേക്ക് ഇറങ്ങിയിരുന്നു. സമയം ഏതാണ്ട് രണ്ടേകാലിനോട് അടുത്തിരുന്നു. അവളുടെ മുഖത്ത് കാലത്ത് കണ്ട അതേ നിസംഗ ഭാവമാണെന്ന് അവൻ തിരിച്ചറിഞ്ഞു. " സമയമിത്രയായില്ലേ., ഭക്ഷണം വല്ലതും കഴിച്ചാലോ..? ഇവിടെ റസ്റ്റോറന്റ് ഉണ്ട്. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. " സർ കഴിച്ചോളൂ... ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് പിന്നെ എനിക്ക് വിശപ്പുമില്ല, അവിടെയും അവന്റെ പ്രതീക്ഷയ്ക്ക് മങ്ങൽ വീഴ്ത്തിയായിരുന്നു അവളുടെ സംസാരം. " എങ്കിൽ പിന്നെ നമുക്ക് ഇറങ്ങിയേക്കാം, ഒരുപാട് ലേറ്റ് ആവാതെ തിരികെ വീട്ടിൽ കൊണ്ട് തന്നെ വിടാം... ഗൗരവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ അതിനെയും എതിർത്തില്ല.

നെഞ്ചിൽ ഒരു കഠാര കുത്തുന്ന വേദന സഞ്ജയ് അറിഞ്ഞു. എന്തിനാണ് തന്റെ ഹൃദയം അവളുടെ അവഗണനയിൽ ഇത്രമേൽ മുറിപ്പെടുന്നത്..? അവഗണനയ്ക്ക് ഇത്രയും വീര്യം ഉണ്ടോന്ന് അവൻ ചിന്തിച്ചു പോയിരുന്നു. " ശ്രുതി തനിക്കെന്താ പറ്റിയത്..? തന്റെ ആ മിടുക്കൊക്കെ എവിടെപ്പോയി..? തിരികെയുള്ള യാത്രയിൽ സഞ്ജയ് ചോദിച്ചു.. " താനിങ്ങനെ മൂഡ് ഓഫ് ആയിരിക്കുമ്പോൾ എനിക്ക് അത് കാണുമ്പോൾ വല്ലാത്ത വിഷമം പോലെ, " ഞാൻ സാറിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്, സർ തരുന്ന ശമ്പളത്തിന് ജോലി കൃത്യമായി ഞാൻ ചെയ്യുന്നുണ്ടോന്ന് സാർ നോക്കിയാൽ മതി. ആ ജോലിയിൽ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച വന്നാൽ അതിനെക്കുറിച്ച് എന്നോട് ധൈര്യമായി സംസാരിച്ചോളൂ, അതിനു വ്യക്തമായ മറുപടി എന്റെ ഭാഗത്തുനിന്നുണ്ടാകും. അല്ലാതെ ഫുൾടൈം സന്തോഷത്തോടെ ഇരിക്കണം നമ്മൾ തമ്മിലുള്ള കരാറിൽ സാർ പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ..? ഈ ജോലിക്ക് കയറുന്നതിനു മുൻപ് അങ്ങനെയൊരു ക്രൈറ്റീരിയ ഈ കമ്പനിയിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞുമില്ല.

ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ മുതൽ ഞാൻ സന്തോഷത്തോടെ ഇരുന്നോളാം, വെട്ടി തുറന്നുള്ള അവളുടെ മറുപടിയിൽ ദേഷ്യവും സങ്കടവും ഒരുപോലെതന്നെ സഞ്ചയ്ക്ക് വന്നു. ആ ദേഷ്യം അവൻ തീർത്തത് വണ്ടിക്ക് അല്പം സ്പീഡ് കൂട്ടിയാണ്. " സാർ ഒറ്റയ്ക്ക് പോകുമ്പോൾ ഇങ്ങനെ ജീവൻ പണയം വച്ച് ഒക്കെ പോകുമായിരിക്കും, പക്ഷേ ഞാൻ അങ്ങനെയല്ല എന്നെ കാത്തിരിക്കാൻ ഒരുപാട് പേരുണ്ട്. അതിനും തക്ക മറുപടി തന്നെയാണ് അവൾ നൽകിയത്. എന്നാൽ ആ വാക്ക് അവന് ഒരു നൊമ്പരം സൃഷ്ടിച്ചിരുന്നു. വീണ്ടും മനസ്സ് ഒരു പതിനേഴുകാരൻ ആകുപോലെ, കാത്തിരിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന് അവൾ പറഞ്ഞപ്പോൾ ആ ഒരുപാട് പേരിൽ ആരെങ്കിലും അവളെ പ്രിയപ്പെട്ടത് ആയി കരുതുന്ന ആളായിരിക്കുമോന്ന് അവൻ ഒരു നിമിഷം ചിന്തിച്ചിരുന്നു. ഇനി അങ്ങനെ ഒരാൾ അവളുടെ ജീവിതത്തിലേക്ക് വന്നതുകൊണ്ട് ആകുമോ തന്നോട് അവൾ ഈ അകൽച്ച കാണിക്കുന്നത്.? അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ.... അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ മനസ്സ് വിങ്ങുന്നത് സഞ്ജയ് അറിഞ്ഞിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അധികമാൾത്താമസമില്ലാത്ത ഒരു വഴിയിലൂടെയാണ് വണ്ടി പോകുന്നത്.

കുറച്ചുസമയം കഴിഞ്ഞപ്പോൾ വണ്ടി ഓടിക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് സഞ്ജയ്ക്ക് തോന്നിയിരുന്നു. അവൻ കാർ നിർത്തി. മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. " വണ്ടിക്ക് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഡ്രൈവ് ചെയ്തിട്ട് അത്ര ശരിയാവുന്നില്ല. അവൻ പുറത്തിറങ്ങി വണ്ടി മൊത്തത്തിൽ ഒന്ന് പരിശോധിച്ചു. പ്രത്യക്ഷത്തിൽ ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് പുറകിലെ ടയർ പഞ്ചറായി എന്നും അതിൽ നിന്നും കാറ്റ് പോയിക്കൊണ്ടിരിക്കുകയാണ് എന്നും അവൻ കണ്ടത്. മുട്ടുകുത്തിയിരുന്ന് അവൻ അതിലേക്ക് തന്നെ നോക്കി. ടയർ നന്നായി കീറിയിട്ടുണ്ട് ഏതോ മുള്ളിലോ മറ്റോ കൊണ്ടതാണ്. അങ്ങോട്ടുള്ള റോഡും അത്ര നല്ലതായിരുന്നില്ലല്ലോ. തലയ്ക്ക് കൈവെച്ച് ഇരുന്നു പോയി സഞ്ജയ്. അപ്പോഴേക്കും ശ്രുതി പുറത്തേക്ക് ഇറങ്ങി വന്നു. " എന്തുപറ്റി..? അവൾ ചോദിച്ചു "കണ്ടില്ലേ ടയർ പഞ്ചറായി, അതിലേക്ക് നോക്കി അവൻ പറഞ്ഞു. "ഇനി എന്ത് ചെയ്യും..? ആവലാതിയുടെ അവൾ ചോദിച്ചു. എന്ത് ചെയ്യാൻ സാധാരണ ടയർ പഞ്ചറായാൽ പഞ്ചർ ഒട്ടിക്കുകയാണ് ചെയ്യുക.

ഇവിടെ ഒരു മനുഷ്യജീവിയെ പോലും കാണുന്നില്ല എവിടെയാണ് വർക്ക്ഷോപ്പ് എന്നും അറിയില്ല. അവൻ കാറ് തുറന്ന് തന്റെ മൊബൈൽ ഫോൺ എടുത്തു നോക്കി. " നാശം പിടിക്കാൻ...! ദേഷ്യത്തോടെ അവൻ പറഞ്ഞപ്പോൾ മനസ്സിലാവാതെ ശ്രുതി അവന്റെ മുഖത്തേക്ക് നോക്കി, " ഒരു തുള്ളി പോലും റേഞ്ച് ഇല്ല. പെട്ടെന്ന് അവൾ ബാഗിൽ നിന്നും തന്റെ ഫോണെടുത്ത് നോക്കി. അവൻ പറഞ്ഞത് സത്യമാണ് റെയിഞ്ച് ഒട്ടുമില്ല. " ഇനി എന്ത് ചെയ്യും നമ്മൾ ഇവിടെ പെട്ട് പോകുമെന്നാ തോന്നുന്നത്. അടുത്തെങ്ങും ഒരു വീട് പോലും കാണുന്നില്ല. " നമുക്ക് കുറച്ച് മുൻപോട്ട് നടന്നു നോക്കാം, എന്തെങ്കിലും കാണാതിരിക്കില്ല. വണ്ടി ലോക്ക് ചെയ്തതിനുശേഷം മുന്നോട്ടു നടന്നു അവൻ. അവനെ അനുഗമിക്കുകയല്ലാതെ അവൾക്കു മുൻപിൽ മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. അവന് പിന്നാലെ അവളും നടന്നു. കുറേ അധികം ദൂരം നടന്നിട്ടും ഒരു കടയോ വീടോ കണ്ടില്ല. കുറച്ചുകൂടി നടന്നപ്പോഴാണ് ചെറിയൊരു പെട്ടിക്കട കണ്ടത്. രണ്ടുപേർക്കും ചെറിയ ആശ്വാസം തോന്നി.

സഞ്ജയ് തന്നെയാണ് കടയുടെ അരികിലേക്ക് നടന്നതും കടക്കാരനോട് കാര്യം പറഞ്ഞതും. അയാൾ എന്തൊക്കെയോ സഞ്ജയയോട് സംസാരിക്കുന്നത് കാണാമായിരുന്നു. കുറച്ചുകഴിഞ്ഞ് തിരികെ വന്ന സഞ്ജയുടെ മുഖത്തേക്ക് അവൾ പ്രതീക്ഷയോടെ നോക്കി. " ഇവിടുന്ന് കാലത്തെ അടിവാരത്തെക്കൊരു ബസ്സുണ്ട്. ആ ബസ്സിൽ കയറി വേണം അടിവാരത്തേക്ക് പോകാൻ. അവിടെ ചെന്നാൽ ചെറിയൊരു വർക്ഷോപ്പ് ഉണ്ടെന്നാ പറഞ്ഞത്. ഇനിയിപ്പോ ബസ് ഒന്നും ഇവിടെ നിന്ന് കാണില്ലെന്ന് സമയം നാലുമണിയോടെ അടുത്തു, ഇനി കോടമഞ്ഞ് കയറാൻ തുടങ്ങുമെന്നാ പറഞ്ഞത്, പിന്നെ യാത്ര ബുദ്ധിമുട്ടാവും, റോഡിൽ ചിലപ്പോൾ ആനയും കാണും, സഞ്ജയ് പറഞ്ഞപ്പോൾ നിസ്സഹായതയോടെ അവന്റെ മുഖത്തേക്ക് അവൾ നോക്കി. " തന്നെ പരിചയപ്പെട്ട ദിവസം മുതൽ എനിക്ക് പറ്റുന്നതൊക്കെ ഇങ്ങനെ തന്നെയാണല്ലോ, അവളുടെ മുഖത്തേക്ക് നോക്കി അവൻ ഒരു തമാശപോലെ പറഞ്ഞപ്പോൾ അതത്ര അവൾക്ക് രസിക്കാൻ സാധിച്ചിരുന്നില്ല.

" അപ്പൊൾ ഇന്നു മുഴുവൻ നമ്മൾ ഈ റോഡിൽ നിൽക്കാൻ പോവണോ..? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. " വേണ്ട റോഡിൽ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല. താൻ ആ കടയുടെ തിണ്ണയിലേക്ക് കയറിയിരുന്നോ, നാളെ കാലത്ത് വരെ അവിടെയിരുന്നോ..? ദേഷ്യത്തോടെ അവൾ അവനെ കലിപ്പിച്ചു നോക്കിയപ്പോൾ അവന് ചിരി വന്നിരുന്നു. " തൽക്കാലം താമസിക്കാനുള്ള സൗകര്യം ആ ചേട്ടൻ ശരിയാക്കിത്തരാം എന്നാണ് പറഞ്ഞത്. പക്ഷേ അഞ്ചു മണി കഴിഞ്ഞെ ആൾക്ക് വരാൻ പറ്റൂ, പോയിട്ട് അഞ്ച് മണിയാകുമ്പോൾ വരാനാ പറഞ്ഞത്. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. " അപ്പോൾ ഇന്ന് പോവാൻ പറ്റില്ലേ...? ആകുലതയോടെ അവൾ ചോദിച്ചു. " പറന്നു പോകാൻ നമുക്ക് ചിറകൊന്നുമില്ലല്ലോ, അത്രയും പറഞ്ഞ് അവൻ തിരികെ വണ്ടി കിടക്കുന്നിടത്തേക്ക് നടന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു പോയിരുന്നു ശ്രുതി.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...