നിളയോഴുകും പോൽ 💙: ഭാഗം 37

 

രചന: റിനു

ഉത്സാഹത്തോടെ പറയുന്നവളെ അത്ഭുതത്തോടെ തന്നെയാണ് സഞ്ജയ് നോക്കിയത്. ഒരു കണ്ണ് ഇറുക്കി അവനെ നോക്കി അവൾ ഒന്ന് ചിരിച്ചിരുന്നു അവൾ. വൃദ്ധനും അമ്മച്ചിയും നോക്കിയപ്പോഴേക്കും വിളറിയൊരു പുഞ്ചിരി സഞ്ജയ് നൽകിയിരുന്നു.. "മോനീ മോളെ കല്യാണം കഴിച്ചതും അതിനൊരു ജീവിതം കൊടുത്തതും ഒക്കെ നല്ല കാര്യം തന്നെയാണ്, പക്ഷേ ഈ ഒരൊറ്റ കാര്യത്തിൽ മാത്രം അമ്മച്ചിക്ക് മോന്റെ തീരുമാനത്തിനോട് യോജിപ്പില്ല, കുട്ടികളെന്നൊക്കെ പറയുന്നത് തമ്പുരാൻ തരുന്നത് ആണ്. അതിന് നമ്മളായിട്ട് ഒരു സമയം വയ്ക്കാൻ പാടില്ല. അത് ദൈവം നമ്മുടെ കൈയിലോട്ട് തരുമ്പോൾ രണ്ട് കൈയും നീട്ടി അങ്ങോട്ട് സ്വീകരിക്കുക, അത്രയേ ഉള്ളൂ... ഇന്നത്തെ കാലതല്ലേ ഇങ്ങനെ വർഷാവർഷത്തിന് ഇതൊക്കെ വേണ്ടെന്നു വയ്ക്കുന്നത്. ഞങ്ങളുടെയൊക്കെ കാലത്ത് ഗർഭിണിയായി കഴിഞ്ഞാ അറിയുന്നത്, അതുകൊണ്ടെന്താ നല്ല കാലത്ത് പേരക്കുട്ടികളെ കാണാൻ പറ്റും. അമ്മച്ചി പറഞ്ഞു...

"ഇനി ഇപ്പോൾ കുഞ്ഞു ഒരുപാട് നീട്ടി വയ്ക്കുന്നില്ലെന്ന് തന്നെയാണ് അമ്മച്ചി തീരുമാനിച്ചിരിക്കുന്നത്, . ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവനത് പറഞ്ഞപ്പോൾ വിളറി പോയിരുന്നു ശ്രുതി. "എങ്കിൽ പിന്നെ വല്ലതും കഴിക്കാം... ഞാൻ അങ്ങോട്ട് നിങ്ങൾക്ക് കഴിക്കാനുള്ളതുകൊണ്ട് വരാനിരിക്കുകയായിരുന്നു, നിങ്ങൾ ഇനി വന്നതുകൊണ്ട് ഇനിയിപ്പോൾ അങ്ങോട്ട് വരേണ്ട കാര്യമില്ലല്ലോ അമ്മച്ചി പറഞ്ഞു.. " അയ്യോ അമ്മച്ചി ഇപ്പോൾ വേണ്ട കഴിക്കുന്ന സമയം ഒന്നും ആയിട്ടില്ല, പിന്നെ ഭക്ഷണം ഒക്കെ തരുന്നത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ..? സഞ്ജയ് ചോദിച്ചു. " ഒരു നേരത്തെ ഭക്ഷണം തരുന്നതിൽ എന്ത് ബുദ്ധിമുട്ടാണ് കുഞ്ഞേ...? മറുപടി പറഞ്ഞത് അപ്പച്ചനാണ്. " നീ അതങ്ങ് പാത്രത്തിൽ ആക്കി കൊടുക്ക് അവര് കെട്ടിയോനും കെട്ടിയോളും എപ്പോഴാ കഴിക്കുന്നതെന്ന് വച്ചാൽ കഴിച്ചോളും, അല്ലേ മക്കളെ...? ചിരിയോടെ അദ്ദേഹം അത് പറഞ്ഞപ്പോൾ സഞ്ജയ് നന്നായി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിരുന്നു. അമ്മച്ചി അപ്പോഴേക്കും അടുക്കളയിലേക്ക് പിൻവാങ്ങി,

പിന്നെ രണ്ടുമൂന്നു പാത്രത്തിൽ എന്തൊക്കെയോ അടച്ചുകൊണ്ട് വരുന്നത് കണ്ടു. " ഇതിൽ കുറച്ച് തേയിലപ്പൊടിയും പഞ്ചസാരയും കാപ്പിപ്പൊടിയും ഒക്കെ ഉണ്ട്.... നാളെ രാവിലെ ചായ വല്ലതുമിടണമെങ്കിൽ ഇനി വെളുപ്പാൻകാലത്ത് ഇങ്ങോട്ട് ഓടി വരണ്ടേ..? അതുകൊണ്ടാ, പാത്രമൊക്കെ അവിടെ തന്നെ ഇരിപ്പുണ്ട്. അവിടെ ഒരു ഭിത്തി അലമാര ഇല്ലേ...? അതിനകത്ത് എന്റെ പഴയ സോസ്പാനും പാത്രങ്ങളും ഒക്കെ ഉണ്ട്. അമ്മച്ചി പറഞ്ഞു. ശ്രുതി തലയാട്ടി കാണിച്ചിരുന്നു. അവർ തന്ന ഭക്ഷണവും വാങ്ങി രണ്ടുപേരും വീട്ടിലേക്ക് നടന്നിരുന്നു, പരസ്പരം മുഖത്തേക്ക് നോക്കാൻ രണ്ടുപേർക്കും ചെറിയൊരു ചളിപ്പ് തോന്നിയിരുന്നു. എങ്കിലും രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ബാക്കിയായി, ഡൈനിങ് ടേബിളിൽ ഭക്ഷണം വെച്ചതിനു ശേഷം അവനു മുഖം നൽകാതെ ശ്രുതി ഇറയത്തേക്ക് ഇരുന്നു, അവിടെ നിലാവ് അതിന്റെ മനോഹാരിത പൊഴിച്ച് വശ്യതയോടെ നിൽക്കുകയാണ്. കുറേനേരം ആകാശത്തിലെ നക്ഷത്രങ്ങളിലേക്കും നോക്കിയിരുന്നു ശ്രുതി,

അപ്പോഴും അവളുടെ ചുണ്ടിൽ മാറാതെ ഒരു പുഞ്ചിരി കൂടുകൂട്ടിയിരുന്നു... കുറെ സമയം ആയിട്ട് അവളെ കാണാത്തതുകൊണ്ടാണ് അകത്തുനിന്നും സഞ്ജയ് അവളെ തിരക്കി വന്നത്. നോക്കിയപ്പോൾ സ്വപ്നം കണ്ടിരിക്കുകയാണ് പെണ്ണ്, ആ ഇരിപ്പും ചോടിയിലെ പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ അവനും ചിരി വന്നിരുന്നു... " ആദ്യത്തെ കുട്ടിക്ക് ഇടാനുള്ള പേര് ആലോചിക്കുകയായിരിക്കും മേഡം... അവന്റെ ശബ്ദം കേട്ടാണ് അവൾ മുഖമുയർത്തിയത്, ഒരു നിമിഷം കൊണ്ട് ചമ്മലുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കാൻ സാധിക്കാതെ അവൾ മുഖം വെട്ടിച്ചു മാറ്റി... "എന്താ പറഞ്ഞേ..? കൃത്രിമ ഗൗരവത്തോടെ അവൾ ചോദിച്ചു, "താനല്ലേ പറയുന്നത് കുട്ടികൾ ഇപ്പം വേണ്ടാന്ന്, ഞാനാ തീരുമാനം മാറ്റിയാലോന്ന് ആലോചിക്കാണ്... അവളുടെ മുഖത്തേക്ക് നോക്കി ഒരു കുസൃതിയോടെ അവൻ പറഞ്ഞു, ആ നിമിഷം അവന്റെ കണ്ണുകൾ തിളങ്ങുന്നത് അവൾക്ക് കാണാമായിരുന്നു.. തനിക്ക് ഇതുവരെ പരിചിതമല്ലാത്ത മറ്റൊരു ഭാവം. ഒരു കാമുകന്റെ ലാസ്യഭാവം...!

" സാർ എന്തൊക്കെ വൃത്തികെടാണ് ഈ പറയുന്നത്, അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. "ഞാൻ എന്തെങ്കിലും പറയുമ്പോൾ മാത്രം അത് അനാവശ്യവും വൃത്തികേടും, താൻ പറയുമ്പോൾ അത് തമാശ. അത് എവിടുത്തെ ഏർപ്പാടാ..? പിന്നിൽ കൈ കെട്ടികൊണ്ട് അവൻ ചോദിച്ചു. "അത്.... കുറച്ചു മുൻപ് സാർ പറഞ്ഞില്ലേ കള്ളം പറയുമ്പോൾ ഒരു പെർഫെക്ഷൻ വേണമെന്ന്... പെർഫെക്ഷന് വേണ്ടി പറഞ്ഞതല്ലേ, അവൾ വക്കി തപ്പി... "ഓഹോ....! പെർഫെക്ഷനു വേണ്ടി എന്ത് തോന്നിവാസവും വിളിച്ചു പറയാമെന്നും ഞാൻ പറഞ്ഞിട്ടില്ല... അവനൊന്നു മീശ പിരിച്ചു അവളെ അടിമുടി നോക്കി പറഞ്ഞു... "തോന്നിവാസമൊ..? എന്ത് തോന്നിവാസം..? ഞാനൊരു തോന്നിവാസവും പറഞ്ഞില്ല. അവൾ അവനിൽ നിന്ന് മുഖം മാറ്റി... " ഒന്നും പറഞ്ഞില്ലേ...? ഏഹ്... ഇല്ലേ....? അവൾക്കരികിലേക്ക് നീങ്ങി കൊണ്ട് അവൻ ചോദിച്ചു. അവന്റെ ആ മുഖഭാവവും വരവും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു അവളിൽ. കുതിറി മാറാൻ പോകുന്നതിനു മുൻപേ രണ്ട് കൈകൾ കൊണ്ടും ഭിത്തിയിലേക്ക് ചേർന്ന് അവളെ അവൻ ലോക്ക് ചെയ്തു കളഞ്ഞിരുന്നു.

അവളുടെ മുഖത്തിന് അരികിലേക്ക് മുഖം അടിപ്പിച്ചു കൊണ്ടുവന്ന് ഒരിക്കൽക്കൂടി ഏറെ ആർദ്രമായി ചോദിച്ചു... " ഒന്നും പറഞ്ഞില്ലേ....? "അത്... അത്.... പിന്നെ അപ്പോൾ അറിയാതെ നാവിൽ വന്നത് ഒരു ഓളത്തിന് പറഞ്ഞു പോയതാ.... സാറിനത് ഇഷ്ടമായില്ലെങ്കിൽ സോറി.... അവന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ സാധിക്കാത്ത പതർച്ചയോടെ അവൾ പറഞ്ഞു, "ഇഷ്ടായെങ്കിൽ....... അവൻ ഒരിക്കൽ കൂടി മുഖത്തിനരികിലേക്ക് മുഖം അടുപ്പിച്ചു, അവളുടെ കണ്ണുകളിൽ തന്നെ നോക്കി, പിന്നെ ചെറുചിരിയോടെ അകലം ഇട്ടു നിന്നു... " ഒരു നിമിഷം ഞാനും ആഗ്രഹിച്ചിരുന്നു അതൊക്കെ.... പക്ഷേ താൻ പറഞ്ഞതുപോലെ അല്ല, വലിയ ബിസിനസും ബാധ്യതകളും ഒന്നുമില്ലാത്ത ഒരു ലോകം. ഇപ്പോൾ നമ്മളെ കണ്ട അപ്പച്ചനെയും അമ്മച്ചിയെയും പോലെ ചെറിയ ചെറിയ സന്തോഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു കുഞ്ഞു വീട്. അന്നന്നത്തെ അന്നത്തിനുവേണ്ടി രാവിലെ ധൃതിപിടിച്ച് ഓടുന്ന ഒരാൾ, അയാളെ കാത്തിരിക്കുന്ന പെണ്ണോരുത്തി. പിന്നെ അവരുടെ ചെറിയ പിണക്കങ്ങളും കുസൃതികളും വഴക്കുകളും. അങ്ങനെ അങ്ങനെ..

അങ്ങനെ ഒരുപാട് മനോഹരമായ ഒരു ചിത്രം എന്റെ മനസ്സിലും തെളിഞ്ഞു, അങ്ങനെയായിരുന്നെങ്കിൽ എന്ത് നന്നായിരുന്നേനെ... അവന്റെ തുറന്നുപറച്ചിൽ അവളിൽ അമ്പരപ്പ് നിറച്ചിരുന്നു, അത്ഭുതത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, " എന്നെങ്കിലും ആ ഭംഗിയുള്ള ലോകം നമുക്ക് കാണാൻ പറ്റുമോ....? പ്രതീക്ഷ നിറഞ്ഞ മിഴികളോട് അവൾ ചോദിച്ചു, ആ കണ്ണുകളിൽ നിരാശ കൂടുകൂട്ടുന്നത് അവൾ കണ്ടു. " ദൂരെ ദൂരെ.... ആരും കാണാത്ത ഒരു ലോകത്തേക്ക് ഓടി പോയാലോ...? പെട്ടന്നവൻ തിരിച്ചു ചോദിച്ചു... തനിക്ക് അപരിചിതനായ ഒരു സഞ്ജയെയാണ് ആ ചോദ്യത്തിൽ അവൾ കണ്ടത്... " വരുമോ എനിക്കൊപ്പം താൻ ....? അവളുടെ കണ്ണുകളിലേക്ക് നോക്കി മുഖത്തേക്ക് മുഖമടിപ്പിച്ചുള്ള ചോദ്യം, " സാർ വിളിച്ചാൽ ഏത് ലോകത്തേക്കും ഒരു പേടിയില്ലാതെ ഞാൻ വരും, ആ മറുപടിയിൽ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി... " ശരിക്കും.....?

കണ്ണുകളിൽ പ്രണയത്തിന്റെ ലാസ്യഭാവങ്ങൾ ഒളിപ്പിച്ചവൻ ചോദിച്ചു.... "മ്മ്മ്മ്മ്.... ഏറെ സമ്മതത്തോടെ അവൾ തലയാട്ടി, അവന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുത്തുവരുന്നത് അവൾ കണ്ടു. ആ നിമിഷം തന്നെ അവൾ കണ്ണുകൾ അടച്ചു കളഞ്ഞു.. കുറെ സമയമായിട്ടും അവന്റെ ശ്വാസഗതികളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാതെ വന്നപ്പോൾ പതിയെ കണ്ണ് തുറന്നപ്പോൾ തന്നെ നോക്കി നിൽക്കുകയാണ് അവൻ, തൊട്ടരികിൽ.... കണ്ണ് തുറന്നതും അവളെ നോക്കി ഒന്ന് കുസൃതിയായി ചിരിച്ചവൻ, അവൾ മറ്റെന്തോ അവനിൽ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് ആ നിമിഷം അവനും തോന്നിയിരുന്നു, നേർമയോടെ അവന്റെ കൈതലം അവളുടെ കവിളുകളെ തഴുകി, ആദ്യമായാണ് അവനിൽ നിന്നും അങ്ങനെ ഒരു സ്പർശം...! അവന്റെ വിരലുകൾ അവളുടെ മുഖത്ത് ഒരു ഓട്ടപ്രദക്ഷിണം നടത്തി, ചൂണ്ടു വിരലാൽ അവളുടെ അധരങ്ങൾക്ക് ചുറ്റുമൊരു കളം വരച്ചവൻ....പിന്നെ കൈകൾ കൊണ്ട് വലതുകവിളിൽ വാത്സല്യം നിറച്ചൊരു തലോടൽ ....

തനിക്ക് സ്വയം നഷ്ടമാകുന്നതുപോലെ സഞ്ജയ്ക്ക് തോന്നി, " എനിക്കൊരുപാടിഷ്ടമാ....! ഒരുപാട് ഒരുപാട്.... അതുകൊണ്ട് അതുകൊണ്ട് മാത്രമാണ് ഞാൻ ഇത്രയും വേദനിക്കുന്നത്, ഈ ഉള്ളിലുള്ളതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതല്ല ഞാൻ, താൻ ഇപ്പൊൾ അവരോട് പറഞ്ഞതുപോലെ എല്ലാ പ്രശ്നങ്ങളെയും തോൽപ്പിച്ച് ഒരു ജീവിതം അത് സാധ്യമാകും എന്ന് ഒരു ശതമാനം പോലും ഉറപ്പില്ലാത്ത കൊണ്ടാണ് ഞാൻ... ഇങ്ങനെയൊക്കെ..... അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നിയിരുന്നു, " സാർ കരയാണോ...? വേദനയോടെ അവൾ ചോദിച്ചു, അപ്പോഴേക്കും ഒരു തുള്ളി അവന്റെ കണ്ണിൽ നിന്നും ഇറ്റു വീണ് കഴിഞ്ഞിരുന്നു, അവളുടെ നേർത്ത വിരലുകൾ അവന്റെ കവിളിനെ നനച്ച ആ കണ്ണുനീർത്തുള്ളിയെ തലോടി.... അവൾ രണ്ടു കൈയ്യിൽ അവന്റെ മുഖം കോരിയെടുത്തു.... " സാരല്യ.....! എന്നെപ്പോലൊരാളെ.... സാറിന്റെ വീട്ടിലുള്ള ആരും സമ്മതിക്കില്ല...., സാരല്യ..... അതിന്റെ പേരിൽ വിഷമിക്കരുത്. അത് എനിക്ക് സഹിക്കില്ല..... അവളും ഇടറി തുടങ്ങി....

 "നിനക്കൊന്നും അറിയില്ല കുട്ടി...! ഇന്നുവരെ എന്റെ ഉള്ളിലുള്ള വിഷമങ്ങൾ ഒന്നും ആയിരുന്നില്ല, പക്ഷേ ഇപ്പോ.... ഇപ്പോൾ നീയാണ് എന്റെ ഏറ്റവും വലിയ വിഷമം...! ഞാൻ നിന്നെ കണ്ടില്ലായിരുന്നുവെങ്കിൽ, നമ്മൾ തമ്മിൽ പരിചയപ്പെട്ടിരുന്നില്ലായിരുന്നെങ്കിൽ.... ഞാൻ എന്റെ ലോകത്ത് ഒതുങ്ങിക്കൂടായിരുന്നില്ലേ, നീ എന്തിനാ അവിടേക്ക് ഇടിച്ചുതള്ളി വന്നത്...? ആ ചോദ്യം ചോദിച്ചതും അവന്റെ മിഴികൾ ചുവക്കുന്നതും രണ്ട് നേത്രങ്ങളിലും നീർക്കുമിളകൾ നിറയുന്നതും അവൾ കണ്ടു, പെട്ടെന്ന് തന്നെ അത് അവന്റെ കവിളുകളെ നനച്ചു, ആദ്യമായാണ് ഒരു പുരുഷൻ കരയുന്നത് അവൾ കാണുന്നത്..... കൂടുതൽ ഒന്നും അവളോട് സംസാരിക്കാൻ താല്പര്യം ഇല്ലാതെ അവൻ അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു... ശ്രുതി അവനെ തേടി ചെന്നപ്പോൾ അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു കളഞ്ഞിരുന്നു. എന്താണ് അവനിൽ വന്ന മാറ്റം എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...