നിളയോഴുകും പോൽ 💙: ഭാഗം 40

 

രചന: റിനു

ഇത്രമേൽ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...! ഈ കരുതലും സ്നേഹവുമൊക്കെ എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചു പോവാ ശ്രുതി. അവളുടെ കവിളിൽ തലോടി അവൻ പറഞ്ഞു. ഒരു ഏങ്ങലോട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അവളെ അകറ്റി നിർത്താതെ സ്വയമറന്നവനും അവളെ പുണർന്നു പോയിരുന്നു.. " തനിക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല..! എല്ലാം അറിയുമ്പോൾ ചിലപ്പോൾ ഇത് ബുദ്ധി മോശമായിരുന്നു എന്ന് തനിക്ക് തോന്നും... തന്റെ മുഖഭാവത്തിൽ എങ്കിലും എന്തെങ്കിലും വ്യത്യാസം വന്നാൽ എനിക്കത് സഹിക്കാൻ പറ്റിയെന്ന് വരില്ല.... അതുകൊണ്ട് താൻ ആദ്യം എന്നെപ്പറ്റി അറിയണം, എന്റെ ജീവിതത്തെക്കുറിച്ച് അറിയണം... എന്തൊക്കെയോ കാര്യമായി പറയാൻ വന്നവന്റെ ചുണ്ടിൽ അവൾ തന്റെ വിരലുകൾ കൊണ്ട് ഒരു മറ തീർത്തു. " എനിക്കൊന്നും അറിയണ്ട..! ഒന്നും കേൾക്കുകയും വേണ്ട അറിയാൻ പോകുന്നതും പറയാൻ വരുന്നതും എന്നെ അകറ്റി നിർത്താൻ ഉണ്ടായിരുന്ന കാരണങ്ങളാണ് എന്ന് എനിക്കറിയാം.

എന്തോ ഒരു ശക്തമായ കാരണം കൊണ്ടാണ് എന്റെ സ്നേഹത്തെ സാർ അകറ്റി നിർത്തുന്നത് എന്ന് അറിയാം. ആ കാരണം കേട്ട് മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യമില്ല. എനിക്കറിയാവുന്ന ഞാൻ സ്നേഹിച്ച ഈ ഒരാളെ എനിക്ക് നന്നായി അറിയാം. എന്റെ മനസ്സിൽ മിഴിവേകിയ ഒരു ചിത്രം തന്നെയുണ്ട് ഈ ആളിന്റെ. അതിനപ്പുറം മറ്റൊന്നും എനിക്ക് അറിയേണ്ട. മറ്റൊന്നും എന്നെ ബാധിക്കുന്ന പ്രശ്നവും അല്ല...! ഉറപ്പോടെ പറഞ്ഞവൾ..... "അങ്ങനെയല്ല ശ്രുതി, "വേണ്ട സർ. ഈ നിമിഷം സാർ എന്നോട് അത് പറയേണ്ട. എത്രയോ നാളുകളായി ഞാൻ കൊതിക്കുന്ന ഒരു നിമിഷമാണ് ഇത് എന്നറിയോ...?സാറെന്നെ ഇങ്ങനെ നിറഞ്ഞ മനസ്സോടെ അറിഞ്ഞു ചേർത്തുപിടിക്കുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഒരുവട്ടം അല്ല പലവട്ടം. പക്ഷേ ഇത് യാഥാർത്ഥ്യമാവും എന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് ഈ നിമിഷം ഞാൻ മതിയാവോളം ഒന്ന് ആസ്വദിച്ചോട്ടെ... അവന്റെ ശരീരത്തിൽ നിന്നും വിട്ട് അകലാൻ ആഗ്രഹിക്കാതെ ഇരുകൈകൾ കൊണ്ടും അവൾ അവനെ പൂണ്ടടക്കം പുണർന്നിരുന്നു.

ആ നിമിഷം അവളെ അകറ്റാൻ അവനും തോന്നിരുന്നില്ല. അവന്റെ കൈകളും അവളെ തിരികെ പുണർന്നു. " എനിക്ക് ഒരുപാട് ഇഷ്ടമാണ് സാർ, അത് സാറിന്റെ സ്വത്തോ പണമോ സൗന്ദര്യമോ ഒന്നും കണ്ടിട്ടില്ല. ഈ സംരക്ഷണം അതെന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അവന്റെ നെഞ്ചുകൾ നനഞ്ഞ നിമിഷം അവൾ കരയുകയാണെന്ന് അവന് തോന്നി. അവളുടെ മുഖമുയർത്തി അവൻ തന്നെയാണ് ആ മിഴിനീർ തുടച്ചു കൊടുത്തത്. " എനിക്ക് ശ്രുതിയേക്കാൾ എത്ര വയസ്സ് കൂടുതൽ ഉണ്ടെന്ന് അറിയോ...? താൻ ചെറിയ കുട്ടിയാണ് നമ്മൾ തമ്മിൽ ഒരു പത്ത് 15 വയസ്സിന്റെ എങ്കിലും വ്യത്യാസമുണ്ട്. "അതൊന്നും എന്റെ വിഷയമല്ല... " ശ്രുതി താൻ ഒട്ടും പക്വത ഇല്ലാതെ ആണ് ഇപ്പോൾ സംസാരിക്കുന്നത്. എനിക്ക് പരിചയമുള്ള ശ്രുതി ഇങ്ങനെയൊന്നും ആയിരുന്നില്ല. വളരെ പക്വതയോടെ കാര്യങ്ങളെ നേരിടുന്ന ഒരു പെൺകുട്ടിയെ ആണ് ഞാൻ കണ്ടത്. പക്ഷേ ഇപ്പോൾ വല്ലാതെ ചൈൽഡിഷ്‌ ആയിട്ടാണ് താൻ ഇടപ്പെടുന്നത്. "

എത്രയൊക്കെ പക്വത കാണിച്ചാലും എന്റെ മനസ്സിലും ഒരു സാധാരണ പെൺകുട്ടി ഉണ്ട്. പ്രണയം കൊണ്ട് തരളിതയായി പോയ ഒരു സാധാരണ പെൺകുട്ടി. അത് മാത്രമാണ് ഞാൻ ഇപ്പോൾ. സാർ പറഞ്ഞതുപോലെ ഒരു കൗമാരക്കാരി എന്നോ അല്ലെങ്കിൽ ഒരു ചെറിയ കുട്ടിയുടെ വാശി എന്നോ എങ്ങനെ വേണമെങ്കിലും വിളിക്കാം, പക്ഷേ ഒന്നുമാത്രം ഞാൻ പറയാം ആദ്യമായും അവസാനമായും എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള ഒരു പുരുഷൻ സാർ മാത്രമാണ്. അവന്റെ മുഖത്തേക്ക് നോക്കി ഉറപ്പോടെ പറഞ്ഞവൾ "ശ്രുതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഒരുപാട്. പക്ഷേ.... അവന് ഒന്ന് നിർത്തി " ഈ രണ്ട് അക്ഷരമാണ് സർ നമുക്കിടയിൽ എപ്പോഴും വില്ലനായിട്ട് വരുന്നത്.. ആ രണ്ടു അക്ഷരം നമുക്ക് വേണ്ട.. സാറിന് എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരിക്കാല്ലോ.... പ്രതീക്ഷയോടെ അവൾ പറഞ്ഞു "എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാൻ പറ്റില്ല ശ്രുതി. ഉദാഹരണമായിട്ട് എന്റെ പ്രശ്നം ഒരു മാറാരോഗം ആണെങ്കിലോ.?

ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയാണ് ഞാൻ എങ്കിലോ ആ പ്രശ്നം ശ്രുതി എങ്ങനെ പരിഹരിക്കും...? " സാർ ജീവിക്കുന്നത് വരെ മാത്രം ഈ ഭൂമിയിൽ ജീവിച്ച് പരിഹരിക്കും... അവളുടെ ആ മറുപടി അവനെ അത്ഭുതപ്പെടുത്തി കളഞ്ഞിരുന്നു... ആ നിമിഷം അവൻ അവളുടെ മുഖം കൈക്കൊമ്പിൽ എടുത്തു. കണ്ണുനീർ ഉണങ്ങി വരണ്ടിരിക്കുന്ന ആ മിഴികൾ ആണ് അവന്റെ ശ്രദ്ധയിൽ ആദ്യം പതിഞ്ഞത്. പിന്നെ ഒന്നും നോക്കാതെ അവൻ തന്റെ അധരങ്ങൾ ആ മിഴികളോട് അടുപ്പിച്ചു. വിറച്ചു പോയവൾ.. ഏറെ പ്രിയപ്പെട്ട ഒരാളിൽ നിന്നും ലഭിക്കുന്ന ആദ്യ ചുംബനം. അതിന്റെ അനുഭൂതിയിൽ ആയിരുന്നു ശ്രുതി ആ നിമിഷം. അവളുടെ മിഴികളിൽ ചുംബിച്ച് മുഖമുയർത്തിയവന്റെ മിഴി കോണിലും കണ്ണുനീർ നിറഞ്ഞത് അവൾ കണ്ടിരുന്നു. ഏറെ ആർദ്രമായി അവൾ ആ കണ്ണുനീർ തുടച്ചു കൊടുത്തു. " അത്രത്തോളം ഇഷ്ടമാണോ എന്നെ...? കരച്ചിലിന്റെ അകമ്പടിയോടെയാണ് അവന് ആ ചോദ്യം ചോദിച്ചത്. " എന്റെ ജീവനേക്കാൾ ഏറെ. ഒന്നു ആലോചിക്കാതെ അവളെ അവൻ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

മുറുകെ പുണർന്നു. ശേഷം അവളുടെ നെറ്റിയിൽ അവൻ ഒരു ചുംബനം നൽകി. " ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഈ നിമിഷം ഇതല്ലാതെ മറ്റൊന്നും എനിക്ക് പറ്റുന്നില്ല. കണ്ണുനീരിലും അവളുടെ ചുണ്ടിൽ ഒരു ചിരി നിലനിന്നിരുന്നു. ഏറെ ആർദ്രമായി അവന്റെ കവിളുകളെ പുണർന്നൊഴുകിയിരുന്ന കണ്ണുനീർ തന്റെ ഷാൾ കൊണ്ട് അവൾ തുടച്ചു. പിന്നെ അവന്റെ നെഞ്ചോരം ചേർന്നുനിന്നു.. കുറച്ച് സമയം ഇരുവരും അങ്ങനെ തന്നെ നിന്നു, മറ്റൊന്നും കാണാനും കേൾക്കാനും ആഗ്രഹിക്കാത്തത് പോലെ.... " പോയി കിടക്ക് കുറച്ചുനേരം. ക്ഷീണം കാണും... അവൾ തന്നെയാണ് മുൻകൈ എടുത്ത് അവനിൽ നിന്നും അകന്നത്. അവന്റെ മുഖത്തേക്ക് നോക്കാതെ അടുക്കളയിലേക്ക് ഓടുമ്പോൾ കഴിഞ്ഞുപോയ നിമിഷങ്ങൾ ഒന്നും സ്വപ്നമല്ലെന്ന് അവൾ ഒരിക്കൽ കൂടി കൈത്തണ്ടയിൽ നുള്ളി ഉറപ്പിച്ചിരുന്നു.

സന്തോഷവും സങ്കടവും എല്ലാം ഒരേപോലെ വന്ന നിമിഷമായിരുന്നു ശ്രുതിക്ക്.. സഞ്ജയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല. അവളെ കണ്ട ദിവസം മുതൽ വീർപ്പുമുട്ടി ഉള്ളിൽ നിന്നിരുന്ന വികാരങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. എത്ര മൂടിക്കെട്ടി വെച്ചാലും ഒരു മനുഷ്യന് ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്തത് അവന്റെ പ്രണയമാണ്. അതൊരിക്കൽ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും. ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലുടക്കിയ പെൺകുട്ടി. ഇനിയും ഒരു വസന്തത്തിന് സ്ഥാനം ഉണ്ടാകാതിരുന്ന തന്റെ മനസ്സിൽ ഒരു വലിയ പൂക്കാലം വിരിയിച്ചവൾ. ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവൻ. കിടക്കയിലേക്ക് കിടന്നതും ക്ഷീണം കൊണ്ട് അവൻ ഉറങ്ങിപ്പോയിരുന്നു. ആ സമയം കൊണ്ട് ഉച്ചയ്ക്ക് അവനുവേണ്ടി ഭക്ഷണം ഉണ്ടാക്കിയിരുന്നു ശ്രുതി.

അവൻ ഉണർന്നപ്പോഴേക്കും കഞ്ഞിയും പയറും, ചുട്ടരച്ച തേങ്ങാ ചമ്മന്തിയും തയ്യാറായിരുന്നു. അവൾ തന്നെയാണ് അവന് ഭക്ഷണം വിളമ്പിയത്. ഭക്ഷണം വിളമ്പുമ്പോൾ ഒന്നും തന്നെ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. കുറച്ചു നിമിഷങ്ങൾക്കു മുൻപ് സംഭവിച്ച സ്നേഹപ്രകടനങ്ങളാണ് അവളിൽ ചമ്മലിന്റെ കാരണമായതെന്ന് അവനും തോന്നിയിരുന്നു. " താൻ കഴിക്കുന്നില്ലേ...? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. "ഞാൻ പിന്നെ കഴിച്ചോളാം. " അത് വേണ്ട താനും കൂടി ഇരിക്ക് നമുക്കൊരുമിച്ചു കഴിക്കാല്ലോ. " ഞാൻ കഴിച്ചോളാം സർ. " തന്റെ പ്ലേറ്റിൽ നിന്നും ഒരു സ്പൂൺ കഞ്ഞി കോരി അവൾക്ക് നേരെ അവൻ നീട്ടിയിരുന്നു. അവനെ നോക്കാൻ പലപ്പോഴും അവൾക്കൊരു അല്പം മടി തോന്നിയിരുന്നു.

എങ്കിലും ആ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിക്ക് നാണത്തിന്റെ മേമ്പടി ഉണ്ടെന്ന് അവൻ കണ്ടെത്തി. " ഇത്ര നാണിക്കാനും വേണ്ടി ഞാൻ മോശമായിട്ട് എന്തെങ്കിലും ചെയ്തോ...? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. "അപ്പോൾ ഞാൻ കാര്യമായിട്ട് എന്തെങ്കിലും പറഞ്ഞാൽ ഈ മുഖത്ത് നാണത്തിന്റെ സൂര്യൻ ഉദിക്കുമല്ലോ.... കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മുഖമുയർത്തി അറിയാതെ അവന്റെ മുഖത്തേക്ക് അവളും നോക്കി പോയിരുന്നു.. ചെറുചിരിയോടെ ഒരു കണ്ണ് ഇറുക്കി കാണിച്ച് കീഴ്ചൂണ്ട് ഒന്ന് കടിച്ച് ഭംഗിയായി ചിരിച്ചിരുന്നു അവൻ. അവൾ ആ ചിരിയുടെ മാസ്മരികതയിൽ മതി മറന്നു പോയി.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...