നിൻ നിഴലായ് : ഭാഗം 8

എഴുത്തുകാരി: ശ്രീകുട്ടി അന്ന് അഭിജിത്ത് വീട്ടിലെത്തുമ്പോൾ രാത്രി വളരെ വൈകിയിരുന്നു. എല്ലാമുറികളിലേയും ലൈറ്റുകൾ ഓഫായിരുന്നു. ബൈക്ക് പോർച്ചിൽ വച്ച് അകത്തേക്ക് കയറുമ്പോൾ മദ്യപിച്ച് ലക്ക് കെട്ടിരുന്ന അവന്റെ
 

എഴുത്തുകാരി: ശ്രീകുട്ടി

അന്ന് അഭിജിത്ത് വീട്ടിലെത്തുമ്പോൾ രാത്രി വളരെ വൈകിയിരുന്നു. എല്ലാമുറികളിലേയും ലൈറ്റുകൾ ഓഫായിരുന്നു. ബൈക്ക് പോർച്ചിൽ വച്ച് അകത്തേക്ക് കയറുമ്പോൾ മദ്യപിച്ച് ലക്ക് കെട്ടിരുന്ന അവന്റെ കാലുകൾ ഇടറിയിരുന്നു. അവൻ ശബ്ദമുണ്ടാക്കാതെ മുൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. അകത്തും വെളിച്ചമൊട്ടുമുണ്ടായിരുന്നില്ല. പക്ഷേ ലിവിങ് റൂമിൽ അരണ്ട വെളിച്ചമുണ്ടായിരുന്നു.

അവൻ വേച്ചുവേച്ച് അങ്ങോട്ട് നടന്നു. അവിടെ സോഫയിലിരുന്ന് ടീവി കാണുകയായിരുന്ന ജാനകി പിന്നിൽ കാൽ പെരുമാറ്റം കേട്ട് ഞെട്ടിത്തിരിഞ്ഞു. ” ഓഹ് എത്തിയോ ശ്രീമംഗലത്തെ സൽപുത്രൻ ??? ” അവനെ കണ്ട് പുച്ഛത്തോടെ ചോദിച്ചിട്ട് അവൾ വീണ്ടും ടീവിയിലേക്ക് തന്നെ നോക്കിയിരുന്നു. ” എന്താടീ നിനക്കൊരു പുച്ഛം ???? ” ചോദ്യം കേട്ട് അവൾ വീണ്ടും അവന്റെ നേർക് പുച്ഛം നിറഞ്ഞ ഒരു നോട്ടമെറിഞ്ഞുകൊണ്ട് ടീവിയിലേക്ക് തന്നെ മിഴിയൂന്നി. പിന്നീടവിടെ നിൽക്കാതെ അഭിജിത്ത് പതിയെ മുകളിലേക്ക് നടന്നു.

” അതേ…. പോയി കുളിച്ചിട്ട് വന്ന് കിടന്നാൽ മതി. ” മുറിയിൽ വന്ന് നേരെ കിടക്കയിലേക്ക് വീഴാനൊരുങ്ങിയ അഭിയോടായി പിന്നാലെ കയറി വന്ന ജാനകി പറഞ്ഞു. ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കുമ്പോൾ വാതിലിൽ ചാരി നിൽക്കുകയായിരുന്നു അവൾ. ” അത് പറയാൻ നീയാരാഡീ ??? ” ” ഞാനാരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ പോയി നിങ്ങടച്ഛനോട് ചോദിക്ക്. ” ” ഡീ….. ” അവളുടെ മറുപടി കേട്ട് അവൻ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ ചെന്നു. ” അയ്യോ അച്ഛാ ഓടി വരണേ…. ഈ അഭിയേട്ടനെന്നെ…. ” ” ഒന്ന് നാവടക്കഡീ അലവലാതി മനുഷ്യനെ കൊലക്ക് കൊടുക്കാതെ “

പെട്ടന്ന് നിലവിളിച്ച അവളെ ചുറ്റിപ്പിടിച്ച് മറുകൈകൊണ്ട് വായ പൊത്തിക്കോണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും മേനോന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു. അതുകണ്ട അഭിയവളെ വലിച്ചകത്തേക്ക് കയറ്റി വേഗത്തിൽ വാതിലടച്ച് ബോൾട്ടിട്ടു. ” അപ്പോ പേടിയുണ്ട് ” അവന്റെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ട് അവൾ പറഞ്ഞു. ” പേടി നിന്റച്ഛന് ” ” ദേ…. എന്റച്ഛന് പറഞ്ഞാലുണ്ടല്ലോ ” ” പറഞ്ഞാൽ നീയെന്ത് ചെയ്യൂമെഡീ ???? ” ” ഒന്നും ചെയ്യില്ല നേരെ അച്ഛന്റെ മുറിയിലേക്കങ്ങ് ചെല്ലും ” അവൾ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ അവൻ ബെഡിലേക്ക് കയറിക്കിടന്നു.

” മര്യാദക്ക് പോയിക്കുളിച്ചിട്ട്‌ കിടന്നോ കള്ളുംകുടിച്ച് വാളും വച്ച് കിടക്കുന്ന നിങ്ങടെ കൂടെക്കിടക്കാൻ എനിക്കൊന്നും പറ്റില്ല ” ” എനിക്ക് മനസ്സില്ലെഡീ…. എന്റെ കൂടെക്കിടക്കാൻ ഞാൻ നിന്നെ വിളിച്ചോ. പോയി വല്ല തറയിലും കിടക്കെഡീ ” അവളെ നോക്കി പറഞ്ഞിട്ട് അവൻ ചുമരിന് നേരെ തിരിഞ്ഞ് കിടന്നു. അവനെ നോക്കി നിന്ന് തറയിലൊന്നാഞ്ഞ് ചവിട്ടിയിട്ട് ലൈറ്റണച്ചിട്ട്‌ അവളും വന്ന് ബെഡിലേക്ക് കിടന്നു. ” ദൈവമേ… എന്റെ വിധി അല്ലേൽ ഈ നാറ്റമൊക്കെ സഹിക്കേണ്ട വല്ല കാര്യവുമെനിക്കുണ്ടോ ???? ” തല ചരിച്ച് അവനെ ഒന്ന് നോക്കിയിട്ട് അവൾ പറഞ്ഞു.

പെട്ടന്ന് അവളുടെ നേരെ തിരിഞ്ഞുവന്ന അഭിജിത്ത് അവളെ കൈകൾക്കുള്ളിലൊതുക്കി. പെട്ടന്നുള്ള അവന്റെ ആ പ്രവർത്തിയിൽ ജാനകിയൊന്ന് ഞെട്ടി. അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. ” അഭിയേട്ടാ വിട് …. ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ” അടങ്ങിക്കിടക്കെഡീയവിടെ ഇന്നീ നാറ്റം സഹിച്ചുറങ്ങിയാ മതി നീ…. ” അവളെ ഒന്നുകൂടി കൈകൾക്കുള്ളിലമർത്തി മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തിവച്ച് കിടക്കുമ്പോൾ അഭി പറഞ്ഞു.

പിന്നീട് ജാനകിയും എതിർക്കാൻ നിന്നില്ല. മുറിയിലേ അരണ്ട വെളിച്ചത്തിൽ അവനെത്തന്നെ നോക്കി ആ കൈകൾക്കുള്ളിലൊതുങ്ങി കിടക്കുമ്പോൾ അറിയാതെ ജാനകിയുടെ മിഴിക്കോണിലൊരുറവ പൊട്ടി. ആ കരവലയത്തിന്റെ സുരക്ഷിതത്വത്തിൽ കവിളോരം അവന്റെ ശ്വാസത്തിന്റെ ചൂടേറ്റ് കിടന്ന് രാത്രിയുടെ ഏതോ യാമത്തിൽ അവളും ഉറക്കത്തിലേക്ക് വഴുതി വീണു. പുലർച്ചെ ജാനകി കണ്ണ് തുറക്കുമ്പോഴും അഭിയുടെ അവളിലേ പിടുത്തം അയഞ്ഞിരുന്നില്ല. നിഷ്കളങ്കമായി ഉറങ്ങുന്ന അവനെയൊന്ന് നോക്കിയിട്ട് ആ കൈകൾ പതിയെ അടർത്തി മാറ്റി അവൾ എണീറ്റു.

അവൾ താഴേക്ക് പോയി പിന്നെയും ഒരുപാട് കഴിഞ്ഞായിരുന്നു അഭി ഉണർന്നത്. കണ്ണ് തുറന്നപ്പോൾ തന്നെ തലേദിവസം രാത്രിയിലെ സംഭവങ്ങളൊക്കെ അവന്റെ മനസ്സിലൂടെ കടന്നുപോയി. അവളെ കൈയ്യിലൊതുക്കി ആ കഴുത്തിൽ മുഖമമർത്തിക്കിടന്നതോർത്തപ്പോൾ വല്ലാത്തൊരു നാണക്കേട് തോന്നിയവന്. ഞായറാഴ്ചയായത് കൊണ്ട് ശ്രീമംഗലത്ത് എല്ലാവരുമുണ്ടായിരുന്നു. മേനോനും അഭിയും കൂടി എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ലിവിങ് റൂമിലിരിക്കുമ്പോഴാണ് പുറത്ത് കാളിങ് ബെല്ല് ചിലച്ചത്. ” ആരാന്ന് നോക്ക് മോളെ ” അടുക്കളയിൽ നിന്നും അങ്ങോട്ട് വന്ന ജാനകിയോടായി മേനോൻ പറഞ്ഞു.

അത് കേട്ട് അവൾ വേഗം വാതിലിനരികിലേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ പുറത്ത് മുണ്ടും ഷർട്ടും ധരിച്ച മധ്യവയസ്കനായ ഒരാൾ നിന്നിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് നോക്കി നിന്നിരുന്ന അയാൾ വേഗം തിരിഞ്ഞു. ” അഭിമോന്റെ ഭാര്യയാ അല്ലേ ??? ” ജാനകിയെ നോക്കി പുഞ്ചിരിയോടെ അയാൾ ചോദിച്ചു. ” മ്മ്മ്…. ” ” നിങ്ങടെ കല്യാണത്തിന് വരാൻ പറ്റിയില്ല മോളെ കുറച്ച് തിരക്കായിരുന്നു. ” അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ചെറുചിരിയോടെ ജാനകിയെല്ലാം കേട്ടുനിന്നു. “

മേനോൻസാറില്ലേ മോളേ ???? ” ” അച്ഛനകത്തുണ്ട് വരൂ…. ” പറഞ്ഞുകൊണ്ട് ജാനകി അകത്തേക്ക് കയറി. ഒപ്പം അയാളും. ” ആരാ മോളേ വന്നത് ??? ” ” ഞാനാ മേനോൻ സാറെ… ” ജാനകിയോടായുള്ള മേനോന്റെ ചോദ്യത്തിന് അകത്തേക്ക് വന്ന അയാൾ തന്നെയാണ് മറുപടി പറഞ്ഞത്. ” ആഹാ ചന്ദ്രനങ്കിളായിരുന്നോ വാ അങ്കിളെ ഇരിക്ക് ” അയാളെ കണ്ടതും ഇരിപ്പിടത്തിൽ നിന്നും എണീറ്റുകൊണ്ട് അഭിജിത്ത് പറഞ്ഞു. ഒരു ചിരിയോടെ ചന്ദ്രൻ മേനോനെതിരെ സോഫയിൽ ഇരുന്നു. ” തന്നെ കുറേക്കാലമായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്താടോ വിശേഷം ??? ” മേനോൻ ചോദിച്ചു. ” ഓ ഒന്നും പറയണ്ട സാറെ ഒരു കല്യാണം നടത്താനുള്ള ഓട്ടത്തിലായിരുന്നു.

ഇപ്പൊ മാട്രിമോണിയൊക്കെ വന്നപ്പോൾ നമ്മള് പാവപ്പെട്ട ബ്രോക്കർമാർക്ക് ഡിമാൻഡ് പോരല്ലോ. വല്ലപ്പോഴും ഒരു കല്യാണം ഒത്താലൊത്തു. ” അയാൾ പറയുന്നതൊക്കെ കേട്ട് ചിരിയോടെ മേനോനും അഭിയുമിരുന്നു. ” വർത്തമാനം പറഞ്ഞിരുന്ന് വന്ന കാര്യമങ്ങ് വിട്ടുപോയി. ഞാനിവിടുത്തെ അപർണ മോൾക്കൊരാലോചനയും കൊണ്ടാ വന്നത്. മോളേ പയ്യനേതോ കല്യാണത്തിന് കണ്ടിഷ്ടപ്പെട്ടതാ. അവരുടെ വീട്ടുകാർക്കും താല്പര്യമാണ്. വല്യ തറവാട്ടുകാരാ. പയ്യൻ ഡോക്ടറാണ്. ഒരനിയത്തിയുണ്ട് അതിനെ കെട്ടിച്ചതാണ്. ഇനിയുള്ളതെല്ലാം ഈ പയ്യനാണ്. “

അയാൾ പറഞ്ഞതെല്ലാം കേട്ട് പരസ്പരം നോക്കിയിരിക്കുകയായിരുന്നു മേനോനും അഭിയും. ” പയ്യനാളെങ്ങനാഡോ ??? ” ” ഒന്നും പേടിക്കണ്ട സാറെ നല്ല തങ്കപ്പെട്ട കൊച്ചനാ. വേറൊന്നും വേണ്ട നമ്മുടെ അപർണക്കുഞ്ഞിനേമാത്രം മതിയെന്നാ പറയുന്നത്. പയ്യന്റെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു. ” മേനോന്റെ ചോദ്യത്തിന് മറുപടിയായി ചന്ദ്രൻ പറഞ്ഞു. ” കേട്ടിടത്തോളം കൊള്ളാം താനവരോട് വന്നൊന്ന് കാണാൻ പറ എന്നിട്ട് നോക്കാം ” മേനോന്റെ അഭിപ്രായം തന്നെയായിരുന്നു അഭിക്കും. അങ്ങനെ അടുത്ത ഞായറാഴ്ച അപർണയെക്കാണാൻ ചെക്കൻ വീട്ടുകാരെയും കൂട്ടി വരാമെന്ന് പറഞ്ഞ് ചന്ദ്രൻ പോയി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…