നിഴലായ് നിൻകൂടെ: ഭാഗം 21

 

എഴുത്തുകാരി: ജിച്ചന്റെ കാവു

അടച്ചുവച്ച കണ്ണിനു മീതെ കൈയ് വച്ചുകൊണ്ട് കുളപടവിൽ കിടക്കുകയായിരുന്നു ജീവ.. ഉള്ളിലെ വേദനയുടെ അടയാളമെന്നോണം ഇരു ചെന്നിയിലൂടെയും മിഴിനീർ ഒഴുകുന്നുണ്ടായിരുന്നു... ലച്ചുവിന്റെ വാക്കുകളെക്കാളുപരി നെറ്റിയിൽ വലിയൊരു കെട്ടും കയ്യ്കാലുകളിൽ മുറിവുമായി കരയുന്ന കുഞ്ഞായിരുന്നു അവനെ നോവിച്ചിരുന്നത്... അവളുടെ വേദന നിറഞ്ഞ നോട്ടവും പരിഭവം പറച്ചിലും അവനുള്ളിൽ തങ്ങി നിൽക്കുകയായിരുന്നു... ഏഴെട്ട് ആളുകളുള്ള വീട്ടിൽ ഒരു കുഞ്ഞിനെ ശ്രദ്ധിക്കാൻ പോലും ആർക്കും പറ്റിയില്ലെന്ന് ഓർക്കും തോറും ദേഷ്യം തോന്നുകയായിരുന്നു അവനെല്ലാവരോടും... കാലിൽ പതിഞ്ഞ കൈയ്കളുടെ തണുപ്പിൽ കണ്ണുതുറന്നു നോക്കുമ്പോഴേക്കും ലച്ചുവിന്റെ ഏന്തലിന്റെ സ്വരവും അവനിലേക്കെത്തിയിരുന്നു.. കൈയ്കളാൽ ചുറ്റിപ്പിടിച്ച കാലിൽ മുഖമമർത്തി കരയുന്ന പെണ്ണിനെ അടർത്തി മാറ്റാൻ ശ്രമിച്ചുകൊണ്ട് അവൻ പടികളിൽ എഴുന്നേറ്റിരുന്നു.. " വിട് ലച്ചൂ... ന്താ നീ ഈ കാണിക്കണേ... വിട്ടേ ന്നെ.. " കാലിൽ അമർന്നിരിക്കുന്ന പെണ്ണിന്റെ മുഖം ഉയർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറയുമ്പോഴും അവന്റെ ശബ്ദം ഇടറിപോവുന്നുണ്ടായിരുന്നു... " ന്നോട്... ക്ഷമിക്കോ ജിച്ചേട്ടാ... ഞാൻ... നിക്ക് അപ്പൊ അത്രേം സങ്കടം വന്ന്.... ന്തൊക്കെയോ വിളിച്ചു പറഞ്ഞുപോയതാ... നിക്ക്.. ന്നോട് ക്ഷമിക്കോ... " ഏന്തലുകൾക്കും കരച്ചിൽ ചീളുകൾക്കുമൊപ്പം വിറയാർന്ന പെണ്ണിന്റെ സ്വരവും...

ഒരു നിമിഷം അവളെ തന്നെ നോക്കിയിരുന്നു ജീവ... കുഞ്ഞിന്റെ നോവുകണ്ടുള്ള വേദനയിൽ ദേഷ്യപ്പെട്ടതാണ് അവളോട്‌.... അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതെല്ലാം അവളെ വേദനിപ്പിക്കുന്നതായിരുന്നു എങ്കിൽകൂടി അന്നേരത്തെ തന്റെ അതെ അവസ്ഥയിൽ തന്നെയായിരുന്നു അവളെന്നുള്ളത് മനസിലാക്കാൻ പറ്റിയിരുന്നില്ല... അച്ഛനായ തനിക്ക് ഇത്രയേറെ വേദനിച്ചെങ്കിൽ കുഞ്ഞിന്റെ ഇന്നേരം വരെയുള്ള വേദനയും കരച്ചിലും കണ്ടുകൊണ്ട് നിന്ന അമ്മയ്ക്ക് എത്രത്തോളും വേദനിച്ചുകാണും.. അതുപോലും ഓർക്കാൻ ശ്രമിക്കാതെ അവളോട് കയർത്തത്തിൽ തന്നോട് തന്നെ ദേഷ്യം തോന്നിപോയി ജീവയ്ക്ക്... കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചുകൊണ്ടിരിക്കുന്ന പെണ്ണിന്റെ തലയിൽ കൈയ്കൾ നീട്ടി വാത്സല്ല്യത്തോടെ തലോടി... " ലച്ചൂട്ടാ... കരയല്ലേടാ.. എണീറ്റെ... വാ.. " സ്നേഹത്തോടെ അവൻമൊഴിഞ്ഞു... അവന്റെ തലോടലും ശബ്ദത്തിലെ വാത്സല്ല്യവും തിരിച്ചറിഞ്ഞുകൊണ്ട് പെണ്ണ് മുഖമുയർത്തി... അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു... പെട്ടന്നുള്ള അവളുടെ നീക്കത്തിൽ ഒന്ന് പിന്നിലേക്കാഞ്ഞുപോയിരുന്നു ജീവ.. പെണ്ണിന്റെ കൈയ്കളുടെ മുറുക്കം കൂടുന്നതിനനുസരിച്ചു കൂടുതൽ വ്യക്തമായി അവളുടെ ഹൃദയസ്പന്ദനം അവനു തൊട്ടറിയാൻ കഴിഞ്ഞിരുന്നു... " ലച്ചു തെറ്റാ.. തെറ്റാ ചെയ്തേ... ജിച്ചേട്ടൻ മാത്രാ ജാനിമോൾടെ അച്ഛൻ... ജിച്ചേട്ടന്റെ മോളാ അവള്... നിക്ക്... നിക്ക് തെറ്റ് പറ്റിതാ ഏട്ടാ..." നെഞ്ചിൽ കിടന്നുകൊണ്ട് പതം പറഞ്ഞു പെണ്ണ് കരഞ്ഞുകൊണ്ടിരുന്നു.. ഇടക്കെ അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു.. മുറുക്കെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈയ്കളാൽ കവിളിൽ തഴുകി... മുഖമുയർത്തി നോക്കി... പിന്നെയും കൈയ്കളാൽ വരിഞ്ഞുമുറുക്കി... " നിക്ക് സഹിച്ചില്ല... ഇഷ്ടായില്ല... ഉള്ള് പെടയാർന്നു ലച്ചൂന്റെ.. ന്റെ കുഞ്ഞിനെ ദേവേട്ടൻ എടുക്കുമ്പോ... ശ്വാസം കിട്ടീല ലച്ചൂന്... ന്റെ മോളല്ലേ... നമ്മൾടെ കുഞ്ഞല്ലേ... ന്തിനാ അവള് ദേവേട്ടെന്റേൽ പോയത്??... അതല്ലേ ഞാൻ അവളെ നോക്കാതെ മാറിപോയത്..."

ഏന്തലുകൾക്കിടയിൽ മുറിഞ്ഞു മുറിഞ്ഞു പോവുന്നുണ്ടായിരുന്നു പെണ്ണിന്റെ സ്വരം.. " നിക്ക്.. നിക്ക് ഇഷ്ടല്ല.. ദേവേട്ടൻ അവളെ തൊടണതും മുത്തം കൊടുക്കണതും ഒന്നും ഒന്നും ഇഷ്ടല്ല... അതാ.. ലച്ചൂന് സഹിക്കാഞ്ഞേ... അയാള് ന്റെ കുഞ്ഞിനെ... കൊണ്ടുപോയി തട്ടിയിട്ടില്ലേ.. നോവിച്ചില്ലേ... അപ്പോത്തെ ദേഷ്യത്തിൽ ഞാൻ... ന്റെ ജിച്ചേട്ടനേം... ജിച്ചേട്ടനേം വേദനിപ്പിച്ചില്ലേ... ഒത്തിരി നോവിച്ചില്ലേ... ലച്ചു പറയാൻ പാടില്ലാർന്നു... ഒരിക്കലും പറയരുതായിരുന്നു... നിക്ക് പറ്റിപോയതാ ഏട്ടാ... " കരഞ്ഞു വീർത്ത കണ്ണുകളും ചുവന്ന മൂക്കിൻതുമ്പും കൈവിരൽപാടുകൾ തെളിഞ്ഞു നിക്കുന്ന കവിൾത്തടങ്ങളുമായി തന്റെ നെഞ്ചിൽ കിടന്നു കരയുന്ന പെണ്ണിനെ തന്നെ നോക്കിക്കൊണ്ട് ജീവ ഇരുന്നു.. അവളുടെ ഓരോ വാക്കുകളും പ്രവർത്തിയും ഉള്ളിലുള്ള വേദനയും കുറ്റബോധവും വിളിച്ചോതുന്നുണ്ടായിരുന്നു... വേദനിപ്പിച്ചുകൊണ്ടവളെക്കൊണ്ട് പറയിപ്പിച്ചതല്ലേ താൻ??.. കുഞ്ഞിനുമേൽ തനിക്കുള്ളപോലെ ഒരുപക്ഷെ അതിനേക്കാൾ ശ്രദ്ധയും സ്നേഹവും അവളിലെ അമ്മയ്ക്കുണ്ടാവില്ലേ... മോളൊന്ന് വീണപ്പോൾ തനിക്കു നൊന്താതിനേക്കാൾ അവളുടെ അമ്മമനം ഉരുകി കാണില്ലേ??.. ആ അവളെയല്ലേ കുറ്റപ്പെടുത്തിയത്... സഹിക്കാനാവാതെയായപ്പോളാവില്ലേ അവള് പൊട്ടിത്തെറിച്ചുപോയത്... അപ്പോഴും തല്ലിനോവിക്കയല്ലേ ചെയ്തത്... സ്വയം ഉരുകുന്ന മനസ്സിന്റെ വേദനയിലും ആ പെണ്ണിന്റെ മനസ്സുൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് അവളെ തന്നെ ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ... അവളുടെ വാക്കുകൾ മുറിവേൽപ്പിച്ച ഹൃദയത്തെ അവളുടെ വേദനകൾക്കാഴം ചൊല്ലി മയപെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു...

അവനൊരു അച്ഛൻ മാത്രമല്ല ജീവനുതുല്യം ഭാര്യയെ സ്നേഹിക്കുന്നൊരു ഭർത്താവും കൂടെയായിരുന്നു... ഓരോ നിമിഷവും കുഞ്ഞിനും പെണ്ണിനും വേണ്ടി ജീവിക്കുന്നവനായിരുന്നു... നെഞ്ചിൽ കിടന്നു പതം പറഞ്ഞു കരയുന്ന പെണ്ണിനെ സ്നേഹത്തോടെ പുണർന്നു... അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു...കവിളിൽ മൃതുവായി തലോടി.. " കരയല്ലേടാ... ന്നോടും ക്ഷമിക്ക് ലച്ചൂ... ഞാൻ... അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു... നിന്നെ തല്ലാൻ പാടില്ലായിരുന്നു... ഒരിക്കലും... ന്റെ മോളെ കണ്ടപ്പോ സഹിച്ചില്ലടാ.. അതാ... പറ്റിപോയതാ..." പെണ്ണിനെ മുറുക്കെ പുണർന്ന് പറഞ്ഞുകൊണ്ട് അവനൊന്നു നിർത്തി " മോള്.. മോളെന്തേ ലച്ചൂ??.. വേദന കുറഞ്ഞോ??.. കരയണോ ഇപ്പോഴും?? ന്റെ കുഞ്ഞേവിടെ??.. " മോളെ പറ്റി പറയുമ്പോൾ വെപ്രാളമായിരുന്നു അവനിൽ.. വാക്കിനാൽ മുറിവേറ്റ് നോവുന്ന അവസ്ഥയിലും കുഞ്ഞിനെ പറ്റി മാത്രം ചിന്തിക്കുന്നവനെ ആ പെണ്ണ് മുഖമുയർത്തി നോക്കി.. ആരാധനയ്ക്കും സ്നേഹത്തിനുമൊപ്പം പ്രണയം കൂടുകയായിരുന്നു... നിറഞ്ഞ സ്നേഹത്തോടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തുവയ്ച്ചുകൊണ്ട് ചുംബിച്ചു... മുറുക്കെ പുണർന്നു... " വേദിന്റെ കൂടെയാ... എടുത്തോണ്ട് നടന്നു കൊഞ്ചിക്കുന്നുണ്ട്... അവളും വേദന മറന്ന് കളിചിരിയിലാ.. " മുറുകുന്ന കരങ്ങൾക്കൊപ്പം ഏങ്ങളോടെ പെണ്ണിന്റെ മൃതുവാർന്ന സ്വരം... "മ്മ്... ലച്ചൂ... നിക്ക്...ന്റെ മോളെ വേണം.. ന്റെ മരണം വരെയും... അവള് മാത്രേ ഉള്ളൂ നിക്ക്..." വേദന നിറഞ്ഞ അവന്റെ സ്വരം കാതുകളിൽ പതിഞ്ഞതും കഴുത്തിടുക്കിൽ നിന്നും പെണ്ണ് മുഖമുയർത്തി നോക്കി... ഉള്ളിലെ വേദന എടുത്ത് കാണിക്കും കണ്ണുകളിൽ പതിയെ തലോടി... പെണ്ണിന്റെ സ്പർശനതാലവ കൂമ്പിയടഞ്ഞിരുന്നു... അവളെ ചേർത്തുപിടിച്ചിരുന്ന കയ്യ്കൾക്ക് മുറുക്കമേറി..

താടിരോമങ്ങൾ നിറഞ്ഞുനിൽക്കും മുഖം ഇരു കൈയ്കളാൽ കോരിയെടുത്തു കണ്ണുകളിൽ മാറി മാറി ചുംബിച്ചു.. അവയിൽ നിന്നുതിരുന്ന നീർതുള്ളികളെ സ്വന്തമാക്കി... " ലച്ചൂന്റേം ജിച്ചേട്ടന്റേം കുഞ്ഞാ ജാനി... എന്നും എപ്പോഴും.. ഒരിക്കൽ കൂടെ ലച്ചു ഇനി എതിർത്ത് പറയില്ല... ജാനീടെ അച്ഛൻ നിങ്ങൾ മാത്രാ ജിച്ചേട്ടാ.. " കാതിൽ പതിയുന്ന പെണ്ണിന്റെ മൃതു സ്വരത്തോടൊപ്പം അധരങ്ങൾ തമ്മിലുരസുന്നതും അവനറിഞ്ഞു... ഉള്ളം പിടഞ്ഞു.. പെണ്ണിനോടെന്തൊക്കെയോ ഇനിയും പറയാൻ ബാക്കിയെന്നപോലെ അവളെ അടർത്തിമാറ്റാൻ തുടങ്ങുമ്പോഴേക്കും അധരത്തിന്റെ ചൂടും തലോടലും അവനിലേക്കൊഴുകി... അവളുടെ അധരങ്ങളുടെ മൃതുലതയോ രുചിയോ തിരിച്ചറിയാൻ പോലുമാകാത്ത വിധം അവന്റെ ചിന്തകൾ കെട്ടുപിണഞ്ഞു... മനസ്സ് നീറി... ഉള്ളിനുള്ളിൽ ഒളിപ്പിച്ചിരുന്ന വേദനയെ ഇനിയെങ്കിലും അവൾക്കുമുൻപിൽ തുറന്നു കാണിക്കാൻ വെമ്പി... നിർജീവമായിരുന്ന അവന്റെ അധരങ്ങൾ പെണ്ണിനെ നോവിക്കുമ്പോൾ പതിയെ അവനെ വിട്ടകന്നിരുന്നു അവൾ.. " ഒരിക്കൽ കൂടെ അവളെന്റെയല്ലെന്ന് പറയല്ലേടാ... ഹൃദയം നിന്നു പോവും ന്റെ.. നിക്ക്.. നിക്ക് മറ്റൊരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയില്ലെടോ... " അവളുടെ വലതുകരം കൂട്ടിപിടിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് കുനിഞ്ഞ മുഖത്തോടെ പറയുന്നവനെ പെണ്ണ് സംശയത്തോടെ നോക്കി... "നിക്ക്.. അതിനുള്ള കഴിവില്ല ലച്ചൂ.. ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാനുള്ള ഭാഗ്യം നിക്ക് ഇല്ലാതെപോയി.." ഇടറുന്ന അവന്റെ വാക്കുകൾ വിശ്വസിക്കാനാകാതെ പെണ്ണിരുന്നു... ശ്വാസം വിലങ്ങും പോലെ... അപ്പോഴും മുഖം കുനിച്ചിരിക്കുന്നവന്റെ കണ്ണിൽ നിന്നുതിരുന്ന തുള്ളികൾ അവളെ പൊള്ളിച്ചു...

അച്ഛനെന്ന സ്ഥാനത്തോടുള്ള ആ മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹവും കൊതിയുമെല്ലാം ഓർത്തെടുത്തു.. മറ്റൊരുവന്റെ കുഞ്ഞിന്റെ അച്ഛൻസ്ഥാനം ആശിച്ചുമോഹിച്ചു നേടിയെടുത്തോർത്തു... തനിക്കു ലഭികാതെ പോയെന്നു കരുതിയ ഭാഗ്യത്തെ തേടിനടന്നു സ്വന്തമാക്കി ജാനിയുടെ സ്വന്തം അച്ഛനായി മാത്രം ജീവിക്കുകയായിരുന്നു ആ മനുഷ്യൻ... പതിയെ കൈയ്കളാൽ ആ പെണ്ണവന്റെ തലയിൽ തഴുകുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അവളെ ഉറ്റു നോക്കിയ അവനെ നെഞ്ചോരം ചേർത്തു... ഇരു കയ്യാലെയും പൊതിഞ്ഞു പിടിച്ചു... " ന്റെ പ്രണയോം ജീവിതോം ഒക്കേം ഇല്ലാതാക്കി കളഞ്ഞൊരു ആക്‌സിഡന്റ്... ലച്ചൂന് ഓർമകാണോ??.. നീയന്നു പ്ലസ്ടു പഠിക്കാ.. ഞാനൊരു അച്ഛനാവില്ലെന്നു ഡോക്ടർ തൊണ്ണൂറ് ശതമാനവും ഉറപ്പ് പറഞ്ഞപ്പോ എല്ലാം.. എല്ലാം അതോടെ ഉപേക്ഷിച്ചതാ ഞാൻ... പിന്നെ ജീവിച്ചതുപോലും ആർക്കോ വേണ്ടിയെന്നപോലെയായിരുന്നു... എന്നോ നെഞ്ചിൽ പതിഞ്ഞ പ്രണയം പോലും നിക്ക് വേണ്ടാന്ന് വെക്കേണ്ടി വന്നു... ജീവിക്കാനൊരു മോഹം ആദ്യമായി പിന്നെ തോന്നിയത് ലച്ചൂന്റെ ഉള്ളിലെ ജീവന്റെ തുടിപ്പിൽ നിന്നാ... ഇപ്പോഴും ന്റെ ജീവൻ നിലനിർത്തുന്നത് തന്നെ ന്റെ മോളാ... നിക്കവളെ ഉള്ളൂ... നിക്ക് ന്റെ കുഞ്ഞിനെ വേണം ലച്ചൂ... ഇല്ലാച്ചാ ജീവ ഉണ്ടാവില്ലിനി.. നിക്ക്... നിക്ക് പറ്റാത്തോണ്ടാടോ.. " അവളെ ചുറ്റിപ്പിടിച്ചുകരഞ്ഞുകൊണ്ട് ആ മനുഷ്യൻ പറഞ്ഞുകൊണ്ടിരുന്നു.. " ജിച്ചേട്ടൻ ഇല്ലാച്ചാ ലച്ചൂവും വാവേം കാണില്ല... ന്റെ ഭാഗ്യാ ജിച്ചേട്ടൻ.. ജാനീടേം.. ആരും പിരിക്കില്ല നമ്മളെ മൂന്നാളേം..." മറ്റുപടിയായി പറഞ്ഞുകൊണ്ട് പെണ്ണവനെ നെഞ്ചിൽ ചേർത്തു പിടിച്ചു തലയിൽ തഴുകൊണ്ടിരുന്നു... വാത്സല്യത്തോടെ നെറുകിൽ ചുണ്ട് ചേർത്തു... ഉള്ളിലെ നോവല്ലാം കരഞ്ഞു തീർക്കാൻ ശ്രമിച്ചു അവൻ... ഇടക്കൊക്കെ ശ്വാസം വിലങ്ങും പോലെ...

എന്നിട്ടും കരഞ്ഞു.. ഉറക്കെ.. പെണ്ണിനെ മുറുക്കി വരിഞ്ഞുകൊണ്ട് അവളുടെ മാറിനെ കണ്ണീരാൽ നനച്ചു... ഏങ്ങലുകളും വിങ്ങലുകളും ബാക്കിയായി...അപ്പോഴും പെണ്ണിന്റെ കൈകളവനെ തഴുകികൊണ്ടിരുന്നു... " ഞാനെല്ലാം മറച്ച് വച്ചു പറ്റിക്കായിരുന്നെന്നു തോന്നുന്നുണ്ടോ??.. തെറ്റായിപോയോ ലച്ചൂ... നിന്റെ ജീവിതം നശിപ്പിക്കാണെന്ന് തോന്നുന്നോ??.." കരച്ചിലും ഏന്തലുമൊന്നടങ്ങിയതും മുഖമുയർത്തിക്കൊണ്ടവൻ മടിച്ചു മടിച്ചു ചോദിക്കുമ്പോൾ പെണ്ണവന്റെ ചുണ്ടുകളെ കൈയ്കളാൽ മറച്ചുപിടിച്ചു... " അങ്ങനെയൊന്നും പറയല്ലേ ഏട്ടാ... ന്റെ ജീവൻ പോലുമിപ്പോ നിലനിൽക്കുന്നത് ജിച്ചേട്ടനൊരാൾ ഉണ്ടായതുകൊണ്ട് മാത്രാ... നിക്ക് വേണം നിങ്ങളെ.. ന്റെയാ ജിച്ചേട്ടൻ... ലച്ചൂന്റെ മാത്രം.. " അവന്റെ തോളിൽ മുഖം ചേർത്തുകൊണ്ട് പെണ്ണവനെ പുണർന്നു.. " പിന്നേയ്... നിക്കാ പത്തു ശതമാനം ഉറപ്പ് മതിട്ടോ... കാത്തിരുന്നോളാം ലച്ചു... ജിച്ചേട്ടന്റെ ചോരയെ ഉദരത്തിലേറ്റാൻ... നിക്ക് വിശ്വാസമുണ്ട്... " പ്രണയത്തോടെ അവളവന്റെ താടിരോമങ്ങൾ നിറഞ്ഞ കവിളിൽ അമർത്തി ചുംബിക്കുമ്പോൾ അവന്റെ വിടർന്ന കണ്ണുകളിൽ സമ്മിശ്ര ഭാവങ്ങളായിരുന്നു... ഉള്ളിലുള്ള വേദനകളെല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതാവും പോലെ...പ്രണയത്തിന്റെ ഭാവങ്ങൾ ഉള്ളിൽ നിറഞ്ഞുവരികയായിരുന്നു അവന്റെ... രോമാവൃതമായ കൈയ്കൾ അവളുടെ അരക്കെട്ടിനെ പൊതിഞ്ഞു.. പടിക്കെട്ടിൽ നിന്നും പൊക്കിയുയർത്തിക്കൊണ്ട് മടിയിലേക്കിരുത്തി... മിഴിഞ്ഞുവന്ന അവളുടെ കണ്ണിൽ അത്രയും സ്നേഹത്തോടെ നോക്കുമ്പോൾ അവനു പ്രേതീക്ഷയുടെ പ്രണയ കണിക്കകളായിരുന്നു കാണാൻ കഴിഞ്ഞത്... അരയിലെ ബലമായ കൈകളുടെ മുറുക്കം കൂടുന്നതിനൊപ്പം പെണ്ണും അവനിലേക്ക് ചേർന്നിരുന്നു... " ന്നോട് എന്നേലും വെറുപ്പ് തോന്നോ പെണ്ണെ..??.. " പതിഞ്ഞ സ്വരത്തിൽ ചോദിക്കുന്നവന്റെ കണ്ണുകളിലേക്കുറ്റുനോക്കിയിരുന്നു ലച്ചു..ആകാംഷയായിരുന്നു അതിൽ നിറയെ.. ഒപ്പം പ്രണയവും.. " ന്തിന്?? "

കഴുത്തിലൂടെ കയ്യിട്ടു ചുറ്റിപിടിച്ചു പെണ്ണവന്റെ.. " നിന്റെ വിശ്വാസംപോലെ നടക്കാതെ വന്നാലോ.??.." പിന്നെയും അവനുള്ളിലെ ആധി പുറത്തേക്ക് വന്നിരുന്നെങ്കിലും സ്വയത്തിൽ വല്ലാത്തൊരു ശാന്തഭാവമായിരുന്നു.. " നിക്കറിയാം.. നടക്കുംന്ന്.. ന്റെ ജിച്ചേട്ടന്റെ കുഞ്ഞ് ഈ വയറ്റിൽ വളരും.." അവളെ ചുറ്റിയിരുന്ന കയ്യ്കളിലൊന്നു പിടിച്ചു വയറിലേക്ക് വയ്ക്കുന്നതിനോടൊപ്പം പെണ്ണ് പറഞ്ഞിരുന്നു.. വല്ലാത്തൊരു തിളക്കം അവന്റെ കണ്ണുകളിൽ തെളിയുമ്പോൾ ഒത്തിരി സ്നേഹത്തോടെ പെണ്ണാ കണ്ണുകളിൽ അമർത്തി മുത്തി... നഗ്നമായഅവളുടെ വയറിൽ പതിഞ്ഞ അവന്റെ കൈയിവിരലുകൾ പ്രണയത്തോടെ ഒഴുകി നടക്കുമ്പോൾ ഒന്നുകൂടിയവനിലേക്കായി ചേർന്നിരുന്നു പെണ്ണ്... നൂലിഴ വ്യത്യാസത്തിൽ അധരങ്ങൾ കഥ പറയുമ്പോൾ കണ്ണുകളിൽ അവയുടെ ഗാഢമായ പുൽകലിലായിരുന്നു... പരസ്പരം മറന്നുകൊണ്ടവ കൊരുത്തുവലിക്കുമ്പോൾ അധരങ്ങളും പരസ്പരം തലോടാൻ തുടങ്ങി.. ജീവയുടെ കൈയിവിരലുകൾ പെണ്ണിന്റെ ഉദരത്തെ പുണർന്നുകൊണ്ട് തന്റെ അധരങ്ങളാൽ പുതുകവിത രചിച്ചു... പ്രണയത്തിന്റെ... സോഫയിലായി കിടക്കുന്ന വേദിന്റെ വയറിൽ ഇരുന്നുകൊണ്ട് അവന്റെ നെഞ്ചിൽ കുഞ്ഞിപ്പാവയെ വച്ചുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്... അവളുടെ ചുണ്ട് വീർപ്പിച്ചുകൊണ്ടുള്ള ഒച്ചകൾക്കൊപ്പം വേദും ശബ്ദങ്ങൾ ഉണ്ടാക്കികൊണ്ട് പെണ്ണിനെ കളിപ്പിച്ചുകൊണ്ടിരുന്നു.. ഇടക്ക് പെണ്ണ് കുനിഞ്ഞു കിടന്നുകൊണ്ട് അവന്റെ മീശയിൽ പിടിച്ചു വലിക്കുന്നുണ്ട്.. കളിക്കിടയിൽ അറിയാതെ പോറിയ ഭാഗങ്ങളിൽ അമരുമ്പോൾ പെണ്ണൊന്നു ചിണുങ്ങും... അതെ വേഗത്തിൽ ചെറിയച്ഛനവളെ ചിരിപ്പും കളിപ്പിച്ചും വേദന മാറ്റിയെടുത്തുകൊണ്ടിരിന്നു.. അച്ഛനും അമ്മയും കൂടി ഒന്നിച്ച് അകത്തേയ്ക്ക് കയറി വരുന്നത് കണ്ടതും ചെറിയച്ഛന്റെ വയറ്റിൽ അടിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് വിടർന്ന കണ്ണുകളാലെ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു....

ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ ആ കുഞ്ഞുമനസ്സിൽ സന്തോഷം നിറയുകയായിരുന്നു... വേദിന്റെ വയറിലിരുന്നുകൊണ്ട് പെണ്ണ് തുള്ളിക്കൊണ്ട് അച്ഛന് നേരെ കയ്നീട്ടുമ്പോൾ ജീവയവളെ വാരിയെടുത്തു.. നെഞ്ചോട് ചേർത്തു മുത്തി.. " ന്റെ പൊന്നു കുഞ്ഞേ.. നീയെന്റെ നെഞ്ചിൻകൂട് തകർക്കൊടി..." കുഞ്ഞിപ്പെണ്ണിന്റെ കാലിനടിയിൽ പല്ലുകൊണ്ട് ഇക്കിളിക്കൂട്ടി വേദ് പറയുമ്പോൾ അവളച്ചന്റെ നെഞ്ചിൽ ഞെരിപിരികൊണ്ട് ചിരിച്ചു... അച്ഛനവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് വേദിനെ കളിയായി ഓടിക്കുമ്പോൾ പെണ്ണ് പിന്നെയും ചിരിച്ചുകൊണ്ടിരുന്നു.. അച്ഛനെയും മകളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നിരുന്ന ലച്ചുവിനെ വലിച്ചു ജീവ ചേർത്തുപിടിക്കുമ്പോൾ ഞെട്ടിപോയിരുന്നു പെണ്ണ്... രാത്രിയിൽ കുഞ്ഞിപ്പെണ്ണിനെ പാലൂട്ടി കിടക്കുമ്പോൾ പിന്നിലൂടമ്മയെ പുണർന്നുകൊണ്ട് അച്ഛനുമുണ്ടായിരുന്നു... കരുത്തേറിയ കൈയ്കളാൽ പെണ്ണിന്റെ അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് തോളിൽ താടി കുത്തി പെണ്ണിനെ ചേർത്തുപിടിച്ചുകൊണ്ടവൻ കുഞ്ഞിപ്പെണ്ണിനെ കളിപ്പിക്കുമ്പോൾ അച്ഛനെ നോക്കി കിടന്നുകൊണ്ടവൾ അമൃതുനുകർന്നുകൊണ്ടിരുന്നു... ഇടക്ക് കുഞ്ഞികയ്യ്കൊണ്ട് കണ്ണുമൂടിയും ഇടയ്ക്കച്ചനെ ഒളിഞ്ഞുനോക്കിയും കളിച്ചുകിടന്നുകൊണ്ട് പെണ്ണ് ഉറക്കത്തിലേക്ക് വീഴുമ്പോൾ അച്ഛന്റെ കൈയ്കളും അമ്മയ്‌ക്കൊപ്പം അവളെ തഴുകിയിരുന്നു... അന്നാദ്യമായി ഉറങ്ങുന്ന കുഞ്ഞിനരികെ കിടക്കുന്ന പെണ്ണിലേക്കവന്റെ കൈയ്കളും അധരങ്ങളും പ്രണയത്തോടെ പതിഞ്ഞിരുന്നു... വാത്സല്ല്യമെന്ന ഭാവത്തിനപ്പുറം പ്രണയംകൊണ്ട് അവനവളെ പുൽകി.. കൈയ്കളാൽ അവളിലെ സ്ത്രിയെ തൊട്ടുണർത്തി... അധരങ്ങൾ കൊണ്ട് ചുംബിച്ചു... അതിലേറെ പ്രണയത്തോടവൾ അവനെ തന്നിലേക്കായി ചേർത്തുപിടിച്ചു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...