പക...💔🥀: ഭാഗം 22

 

രചന: ഭാഗ്യ ലക്ഷ്മി

''എന്താ നന്ദേ ഉടനെ തന്നെ വേണോ അതോ ഒരു പത്തു മാസം കാത്തിരിക്കാനുള്ള ക്ഷമയുണ്ടോ..?? അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം..." മിഴികളിൽ കുസൃതി നിറച്ചവൻ പുരികം പൊക്കി പ്രത്യേക താളത്തോടെ പറഞ്ഞതും ശ്രീനന്ദ പിടയുന്ന മിഴികളോടെ അവനെ നോക്കി... പൃഥ്വി തന്നിലേക്കടുക്കുന്തോറും ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്നത് പോലെ... "എ... എന്ത് നോക്കാമെന്ന്..??" വിറയലോടെ ചോദിക്കുമ്പോൾ ഉമിനീർ വറ്റി പോകും പോലെ തോന്നിയവൾക്ക്... "അല്ല... എന്തോ നീ കുറച്ച് മുൻപ് പറഞ്ഞല്ലോ നന്ദേ..??" "ഞാ... ഞാനെന്ത് പറഞ്ഞെന്ന്..?? ഞാനൊന്നും പറഞ്ഞില്ല പൃഥ്വീ... പിന്നെ എന്തെങ്കിലും കേട്ടതായിട്ട് തോന്നിയെങ്കിൽ അത് വെറും തോന്നൽ മാത്രമാണ് പൃഥ്വീ...'' പ്രയാസപ്പെട്ടൊരു ചിരി വരുത്തി പറ്റാവുന്നത്ര നിഷ്കളങ്ക ഭാവം വദനത്തിൽ നിറച്ചവളതു പറയുമ്പോൾ ചിരി കടിച്ചു പിടിയ്ക്കാൻ പ്രയാസപ്പെട്ടിരുന്നവൻ.. എന്തായാലും ഇവൾക്ക് മര്യാദയ്ക്ക് ഒരു കള്ളം പറയാനറിയില്ല... വിറയലോടെ തൻ്റെ മുൻപിലിരിക്കുന്ന ശ്രീനന്ദയെ അടിമുടി നോക്കി പൃഥ്വിയതു ചിന്തിക്കുമ്പോൾ അവനെന്തെങ്കിലും കേട്ടു കാണുമോ എന്നൊരു ഭയം അവളിൽ നിറഞ്ഞു...

"എ.. എന്താ പൃഥ്വീ ഇങ്ങനെ നോക്കുന്നെ...?? ഞാൻ സത്യമായിട്ടും ഒന്നും പറഞ്ഞിട്ടില്ല പൃഥ്വീ..." ചിണുക്കത്തോടെ അത് പറയുമ്പോൾ അവൾക്കവൻ്റെ മുഖത്തേക്ക് നോക്കാൻ നന്നേ പ്രയാസം തോന്നി... ശൊ! മുഖത്ത് നോക്കി കള്ളം പറയാനും പറ്റുന്നില്ലല്ലോ ഈശ്വരാ.. തൻ്റെ മുഖഭാവം കാണുമ്പോൾ തന്നെ പൃഥ്വിയ്ക്ക് മനസ്സിലായിട്ടുണ്ടാവും പറഞ്ഞത് നുണയാണെന്ന്.. തന്നിൽ നിന്നും മുഖം തിരിച്ച് നഖം കടിച്ചു കൊണ്ടത് ചിന്തിക്കുന്ന ശ്രീനന്ദയെ കാൺകെ പൃഥ്വിയുടെ മിഴികളിൽ സംശയം നിറഞ്ഞു... എന്നാൽ മെല്ലെ ആ സംശയം ഒരു കള്ളച്ചിരിക്ക് വഴിമാറി... ചുണ്ടിലൂറി വന്ന അതേ ചിരിയോടെയവൻ അവളുടെ ചുമലിലേക്ക് കൈ ചേർത്തതും നിദ്ര വിട്ടുണർന്നതു പോലെ ശ്രീനന്ദ ഞെട്ടി... മുഖത്തേക്ക് പതിയുന്ന ചുടു നിശ്വാസങ്ങൾ തൻ്റെ നാവിനെ കുരുക്കിട്ടു നിർത്തുന്നതു പോലെ ശ്രീനന്ദയ്ക്ക് തോന്നി... പൃഥ്വി വശ്യമായ ഭാവത്തോടെ അവളുടെ മുഖത്തോട് മുഖമടുപ്പിച്ചതും പിടയ്ക്കുന്ന മിഴികളിൽ മിന്നി മായുന്ന ഭാവങ്ങളും വെപ്രാളവും അവൻ അറിയുന്നുണ്ടായിരുന്നു... ഒപ്പം ഉയർന്ന ശ്വാസഗതിയാൽ ഉയർന്നു താഴുന്ന നെഞ്ചും വിയർപ്പു പൊടിഞ്ഞ കഴുത്തിടുക്കുകളും അവൻ സാകൂതം നോക്കി...

മെല്ലെ അവൻ്റെ കരങ്ങൾ അവളുടെ ചുമലിൽ നിന്ന് സാരി മറയായി കിടന്ന ഇടുപ്പിലേക്ക് ചലിച്ചു... ഇടുപ്പിൽ അവൻ്റെ സ്പർശനമേറ്റതും അവൾ പിടഞ്ഞു പോയി... ഒപ്പം തന്നെ അവൻ ചെറുതായി ചുവന്ന അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായൊന്നു കടിച്ചു... അപ്രതീക്ഷിതമായ അവൻ്റെ പ്രവർത്തിയാൽ ശ്രീനന്ദ ഒരുവേള നിശ്ചലയായി ഇരുന്നു പോയി... ഹൃദയം എന്തിനെന്നില്ലാത്ത വികാരങ്ങൾക്ക് വഴി മാറിയതു പോലെ... ആ നിമിഷത്തിൽ അവളുടെ കവിളുകളിൽ നാണത്തിൻ്റെ ചുവപ്പ് പടർന്നതും തീഷ്ണമായ തൻ്റെ നോട്ടത്തെ നേരിടാനാവാതെയവൾ മിഴികൾ താഴ്ത്തിയതുമെല്ലാം അവൻ അറിയുന്നുണ്ടായിരുന്നു... ചുവന്നു തുടുത്ത ആ കവിളുകളിലെ നുണക്കുഴിയെ തലോടിയ അവൻ്റെ വിരലുകൾ വിറ കൊള്ളുന്ന അവളുടെ അധരത്തിൽ എത്തി നിന്നതും അവൾ പിടച്ചിലോടെ മിഴകളുയർത്തി അവനെ നോക്കി... അവൻ്റെ കണ്ണുകളിലെ വശ്യ ഭാവം അവളെ തളർത്തി.... അവളുടെ അധരങ്ങളിൽ നിന്നും വിരലുകൾ അടർത്തി മാറ്റാതെയവൻ താടിരോമങ്ങൾ അവളുടെ കഴുത്തിൽ മൃദുവായി ഉരസിയതും ശ്രീനന്ദയുടെ വിരലുകൾ ബെഡ്ഷീറ്റിൽ മുറുകി... ഒരു നിമിഷം മിഴികൾ കൂമ്പിയടഞ്ഞു...

എന്നാൽ പെട്ടെന്ന് സ്വബോധം വന്നതു പോലെ ശ്രീനന്ദ പൃഥ്വിയെ തള്ളി മാറ്റി... "അയ്യോ വേണ്ട... ഞാൻ വെറുതെ പറഞ്ഞതാ പൃഥ്വീ... സത്യമായിട്ടും നിങ്ങൾ കേട്ടതൊക്കെ... അത്... അതൊക്കെ ഞാൻ വെറുതെ പറഞ്ഞതാ..." മിഴികൾ ഇറുക്കിയടച്ച് ശ്രീനന്ദ പറഞ്ഞു കൊണ്ടിരുന്നതും ഇതുവരെ അടക്കി നിർത്തിയ ചിരി പുറത്തേക്ക് വരും പോലെ പൃഥ്വിയ്ക്ക് തോന്നി... ഉറക്കെയുള്ള പൃഥ്വിയുടെ ചിരി കേട്ടു കൊണ്ടാണ് ശ്രീനന്ദ മിഴികൾ വലിച്ചു തുറന്നത്... പൃഥ്വിയെല്ലാം കേട്ടല്ലോ എന്ന തിരിച്ചറിവിനാൽ അവൾക്കവൻ്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ചമ്മൽ തോന്നി... പരിഭവത്താൽ മുഖം തിരിച്ചിരിക്കുന്ന ശ്രീനന്ദയെ കാൺകെ ഒരു വിധത്തിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് പൃഥ്വി അവൾക്കരികിലേക്കിരുന്നു... "എൻ്റെ നന്ദേ നീയിങ്ങനെ കാടു കയറി ഒന്നും ചിന്തിക്കണ്ട... എല്ലാം സമയമാവുമ്പോൾ അതിൻ്റെ വഴിക്ക് നടന്നോളും... ഇപ്പോൾ എൻ്റെ പെണ്ണിനു വയ്യാതെ ഇരിക്കുവല്ലേ... അല്പ സമയം വിശ്രമിക്കാൻ നോക്ക്..." തൻ്റെ മൂക്കിൽ ഒന്നു തട്ടിക്കൊണ്ട് ഒരു പുഞ്ചിരിയാലവൻ തന്നെ ആശ്വസിപ്പിക്കുന്നതറിഞ്ഞിട്ടും വല്ലാത്ത വെപ്രാളവും പരവേശവുമൊക്കെ തൻ്റെ മനസ്സിനെയും ശരീരത്തെയും മൂടുന്നതവൾ അറിഞ്ഞു...

ചലനമൊന്നുമില്ലാതെ ഇരിക്കുന്ന ശ്രീനന്ദയെ പൃഥ്വി മെല്ലെ തൻ്റെ നെഞ്ചോടു ചേർത്തു.... അവളുടെ മുഖം പിടിച്ചുയർത്തി ആ മിഴികളിലേക്കവൻ നോക്കിയതും ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം തന്നെ തളർത്തുമ്പോൾ അവൾ ഒരിക്കൽക്കൂടി ചുവക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു.... പരവേശത്തോടെ താൻ മിഴികൾ താഴ്ത്തുമ്പോൾ അവന്റെ ചൂണ്ടു വിരൽ ഒരിക്കൽക്കൂടി തൻ്റെ അധരങ്ങളെ തലോടി താഴേക്ക് സഞ്ചരിക്കുന്നതവൾ അറിഞ്ഞു... തൻ്റെ ഇടുപ്പിലെത്തിയ അവൻ്റെ കരങ്ങൾ തൻ്റെ നാഭിച്ചുഴിയിലേക്ക് നീളുന്നതറിഞ്ഞതും ശ്രീനന്ദ പരിഭ്രമപ്പെട്ടു.... എന്നാൽ വാതിലിനരികിൽ ലക്ഷ്മിയമ്മയുടെ സാമീപ്യം അറിഞ്ഞതോടെ ശ്രീനന്ദ പൊടുന്നനെ വെപ്രാളത്തോടെ അവനിൽ നിന്നും അടർന്നു മാറി... എന്നാൽ പൃഥ്വി അവൾ അകന്നു മാറിയതിൻ്റെ കാരണം മനസ്സിലാവാതെ മീശ പിരിച്ചു കൊണ്ട് വീണ്ടും അവളിലേക്കടുത്തതും ലക്ഷ്മിയമ്മ ഒന്നു ചുമച്ചു... മുഖം തിരിച്ചതും വാതിലിനരികിൽ ശ്രീനന്ദയ്ക്കുള്ള ഭക്ഷണവുമായി നിൽക്കുന്ന ലക്ഷ്മിയമ്മയെ കാൺകെ പൃഥ്വി പെട്ടെന്ന് ഞെട്ടലോടെ എഴുന്നേറ്റു... "എൻ്റെ ദേവാ മോളുടെ വയ്യായ്ക ഒക്കെ മാറിയിട്ട് പോരെ നിൻ്റെ ഈ പരാക്രമം...??"

അവർ ചിരിയോടെ ചോദിച്ചു കൊണ്ട് ശ്രീനന്ദയുടെ അടുക്കലേക്ക് നടന്നതും ശ്രീനന്ദ ഉള്ളിലെ ചമ്മൽ മറച്ചു കൊണ്ട് ലക്ഷ്മിയമ്മയെ നോക്കി പുഞ്ചിരിച്ചു.. "എൻ്റെ മോളെ... ഇവനുണ്ടല്ലോ നീയെന്ന് വെച്ചാൽ ജീവനാ... എന്നിട്ടാ നിന്നെ നിൻ്റെ ഏട്ടൻ കൂട്ടിക്കൊണ്ട് പോയപ്പോൾ ഒരക്ഷരം പറയാതെ ഇവനിവിടെ നിന്നത്... പിന്നീടുള്ള ഭ്രാന്ത് പിടിച്ചതു പോലെയുള്ള ഇവൻ്റെ പ്രവർത്തികൾ കണ്ടപ്പോൾ മുഖമടച്ചൊന്ന് കൊടുക്കാനാ എനിക്ക് തോന്നിയത്... നിൻ്റെ പേരും പറഞ്ഞോണ്ടുള്ള ഇവൻ്റെ അലർച്ചകൾ മാത്രമായിരുന്നു പിന്നീട് ഈ വീട്ടിൽ ഞാൻ കേട്ടത്... ഇവൻ്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ പോലും ഇവൻ ഇത്രയും സങ്കടപ്പെട്ടിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്... പല തവണ ഞാൻ ചോദിച്ചതാ ഇവനോട് ഇത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ എന്തിനാ നിന്നെ കൈവിട്ടതെന്ന്... ശരിക്കും ഒരു മരണവീട് പോലെയായിരുന്നു ഇവിടം.." ലക്ഷ്മിയമ്മ തന്നെ ചേർത്തു പിടിച്ചു പറഞ്ഞതും ശ്രീനന്ദ നിറ കണ്ണുകളോടെ എല്ലാം കേട്ട് തങ്ങളിൽ നിന്നും അകന്ന് മാറി നിൽക്കുന്ന പൃഥ്വിയെ നോക്കി.... അവൻ്റെ മിഴികളുമപ്പോൾ തൻ്റെ പ്രാണൻ്റെ മേൽ തന്നെയായിരുന്നു... "നിൻ്റെ ഏട്ടനോടുള്ള ദേഷ്യത്തിലാ ഇവൻ നിന്നെ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ദേഷ്യമായിരുന്നു ഇവനോടെനിക്ക്...

എന്നാൽ നിൻ്റെ അഭാവത്തിലുള്ള ഇവൻ്റെ ദയനീയാവസ്ഥ കണ്ടതും ആ ദേഷ്യമൊക്കെ എങ്ങോ പോയി മോളെ... ഇവൻ നിന്നെ ഏതേലും തരത്തിൽ വേദനിപ്പിച്ചെങ്കിൽ അമ്മ ക്ഷമ ചോദിക്കുവാ നിന്നോട്..." ലക്ഷ്മിയമ്മ തൻ്റെ ശിരസ്സിൽ തഴുകിയതു പറഞ്ഞതും ശ്രീനന്ദ വേണ്ട എന്ന അർത്ഥത്തിൽ അവരുടെ കൈകൾ കൂട്ടിപ്പിടിച്ച് തൻ്റെ നെഞ്ചോട് ചേർത്തു... "അപ്പോൾ ദേവാ ഞാൻ പോവാ.. നീ തന്നെ നിൻ്റെ ഭാര്യയ്ക്ക് ഭക്ഷണം കൊടുക്ക്..." ലക്ഷ്മിയമ്മ പൃഥ്വിയെ നോക്കി അടക്കിപ്പിടിച്ച ചിരിയാലതും പറഞ്ഞ് പുറത്തേക്ക് നടന്നതും അവൻ്റെ മുഖം ഭാവം കാൺകെ ശ്രീനന്ദ പൊട്ടിച്ചിരിച്ചു... "ഓഹ്... എൻ്റെ അമ്മ എന്നെ രണ്ട് വഴക്കൊക്കെ പറഞ്ഞെന്നിരിക്കും... അതിനെന്തിനാടീ നീയിങ്ങനെ ചിരിക്കുന്നെ..??" പൃഥ്വി കൃത്രിമ ഗൗരവത്തോടെ അതും ചോദിച്ച് ശ്രീനന്ദയ്ക്കരികിലേക്ക് നടന്നതും അവൾ പ്രയാസപ്പെട്ട് ചിരിയടക്കി... "അതിന് ഞാൻ അമ്മ വഴക്കു പറയുന്നത് കേട്ടാ ചിരിച്ചതെന്ന് ആര് പറഞ്ഞു...?? ഞാനീ കള്ള കാമുകൻ്റെ അവസ്ഥയോർത്ത് ചിരിച്ചു പോയതല്ലേ..??" അതു പറയുമ്പോൾ കുറുമ്പ് നിറയുന്ന അവളുടെ മിഴികളിലേക്കവൻ സംശയത്തോടെ നോക്കി...

"ഏട്ടൻ കൂട്ടിക്കൊണ്ട് പോയപ്പോൾ എന്നെ ഒന്നു നിങ്ങൾ തിരിച്ചു വിളിക്കും എന്നു വിചാരിച്ച് ഞാൻ വേദനയോടെ എത്ര തവണ നിങ്ങളെ നോക്കിയെന്നോ...?? എന്നാൽ അപ്പോൾ ഒരു വാക്കു പോലും പറയാതെ മസിലു പിടിച്ച് നിന്നിട്ട് പിന്നെ ഇവിടെ കാട്ടിക്കൂട്ടിയതൊക്കെ കേട്ടപ്പോൾ എങ്ങനെ ചിരിക്കാതെ ഇരിക്കും...?? അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ എന്താ എന്നെ ഒന്ന് തിരികെ വിളിക്കാതിരുന്നത് പൃഥ്വീ...?? പോകരുതെന്ന് ഒരു വാക്ക് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഈ ലോകത്തിൽ ആര് വന്നു വിളിച്ചാലും ഞാൻ നിങ്ങളെ വിട്ടു പോകില്ലായിരുന്നു... പക്ഷേ നിങ്ങളുടെ മൗനം... അതെന്നെ വല്ലാതെ വേദനിപ്പിച്ചു പൃഥ്വീ... ഈ മൂന്നു മാസങ്ങളിൽ നിങ്ങൾ വേദനിച്ചതിലുമധികം നീറി നീറിയാ ഞാൻ കഴിഞ്ഞത്.... എൻ്റെ ദിനങ്ങൾ തുടങ്ങിയതും അവസാനിച്ചതുമെല്ലാം നിങ്ങളുടെ ഓർമ്മയിൽ മാത്രമായിരുന്നു..." പറഞ്ഞവസാനിപ്പിച്ചതും കവിളിനെ തലോടിയ അവളുടെ മിഴിനീരവൻ തുടച്ചു മാറ്റി ആ മുഖം കൈക്കുമ്പിളിൽ എടുത്തു.... "കുറ്റബോധമായിരുന്നു നന്ദാ എനിക്ക്.. പകയുടെ പുറത്ത് ഒന്നുമറിയാത്ത നിന്നെ ഇതിലേക്ക് വലിച്ചിഴച്ച് നിൻ്റെ ജീവിതം ബലിയാടാക്കി എന്ന കുറ്റബോധം...

എന്നെ വിവാഹം കഴിക്കാൻ നിനക്കൊട്ടും ഇഷ്ടമല്ലെന്നറിഞ്ഞിട്ടും നിൻ്റെ മനസ്സ് കാണാൻ ശ്രമിക്കാതെ വെറും പകയുടെ പുറത്ത് നിന്നെ താലികെട്ടി എൻ്റെ ജീവിതത്തോട് ചേർത്തു വെച്ചതിൻ്റെ കുറ്റബോധം... ശ്രീനാഥ് സത്യങ്ങളെല്ലാം നിന്നോടു പറഞ്ഞിട്ടും അവനെ വിശ്വസിക്കാതെ നിനക്ക് വേദനകൾ മാത്രം സമ്മാനിച്ച എന്നെ നീ അന്ധമായി വിശ്വസിക്കുന്നത് കണ്ടപ്പോൾ എന്നിലെ കുറ്റബോധത്തിൻ്റെ ആഴം വർദ്ധിച്ചു... നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും എന്നോടുള്ള നിൻ്റെ വിശ്വാസം മുതലെടുത്ത് നിന്നെ കള്ളം പറഞ്ഞ് എൻ്റെ കൂടെ ചേർത്ത് നിർത്താൻ തോന്നിയില്ല ശ്രീനന്ദാ.. എല്ലാമറിഞ്ഞതിനു ശേഷം എന്ത് വേണമെന്ന് നീ തന്നെ തീരുമാനിക്കട്ടെന്ന് കരുതി ഞാൻ... പക്ഷേ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് നീ കരഞ്ഞു കൊണ്ട് നിന്നതിനാൽ ഒരിക്കലും നീ എന്നെ വിട്ട് പോകുമെന്ന് ഞാൻ കരുതിയില്ലെടീ... നീ അവനോടൊപ്പം പോകുന്നതു കണ്ടപ്പോൾ ഈ ചങ്കാ പിടഞ്ഞത്... പക്ഷേ ഇനിയും.... ഇനിയും നീയായിട്ട് എന്നെ വിട്ട് പോകണമെന്ന് പറഞ്ഞാലും വിടില്ല നിന്നെ ഞാൻ എവിടേക്കും..." അവൻ പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദ കപട ദേഷ്യത്തിൽ അവൻ്റെ നെഞ്ചിൽ ഇടിച്ചു... "നിർത്തെടീ പെണ്ണേ... നോവുന്നു എനിക്ക്.."

പൃഥ്വി ചിരിയോടെ പറഞ്ഞു.. "നോവട്ടെ... കുറ്റബോധം പോലും... കുറ്റബോധം...!! നിങ്ങൾ തിരിച്ചു വിളിക്കാതിരുന്നപ്പോൾ ഞാൻ കരുതി ഈ ഹൃദയത്തിൽ എനിക്കൊരു സ്ഥാനവുമില്ലെന്ന്.. നിങ്ങൾക്കെന്നെ നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ലെന്ന്... പിന്നെന്തിനാ എൻ്റെ ആത്മാഭിമാനം വ്രണപ്പെടുത്തി ഇവിടെ നിൽക്കുന്നതെന്ന് തോന്നിപ്പോയി എനിക്ക്..." അവൾ കരഞ്ഞു കൊണ്ട് വീണ്ടുമവൻ്റെ നെഞ്ചിൽ പരിഭവത്തോടെ അടിച്ചതും പൃഥ്വി അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് കലങ്ങിയ ആ മിഴികളിലേക്കുറ്റു നോക്കി... പ്രണയവും കുസൃതിയും നിറഞ്ഞ ആ നോട്ടം തൻ്റെ ഹൃദയത്തെ തളർത്തുന്നതറിഞ്ഞപ്പോൾ അവൾ മിഴികൾ താഴ്ത്തി... പൃഥ്വിയവളുടെ കരങ്ങളിലെ പിടി വിട്ടതും ശ്രീനന്ദ ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീണവനെ ഇറുകെ പുണർന്നു... "അപ്പോൾ നമ്മൾ എവിടെയായിരുന്നു നിർത്തിയത്..??" അവളുടെ കാതോട് ചുണ്ടുകൾ ചേർത്തവൻ കുറുമ്പോടെ ചോദിച്ചതുമവൾ സംശയത്തോടെ നോക്കി... ''അല്ല... അമ്മ വരുന്നതിനു മുൻപ് നമ്മൾ എന്തോ പാതി വഴിയിൽ നിർത്തിയില്ലേ..??"

അവൻ്റെ സ്വരത്തിൽ വീണ്ടും കുറുമ്പ് നിറഞ്ഞതും ഒപ്പം തന്നെ അവൻ്റെ നോട്ടം തൻ്റെ അണി വയറിലേക്ക് നീണ്ടതുമറിഞ്ഞപ്പോൾ ശ്രീനന്ദ പിടച്ചിലോടെ അവനെ തള്ളി മാറ്റി... "വിശന്നിട്ട് വയ്യ എനിക്ക്... ഞാനാദ്യം അമ്മ കൊണ്ടു വന്ന ഭക്ഷണമൊന്നു കഴിക്കട്ടെ... ഹാവൂ നല്ല കപ്പ പുഴുങ്ങിയതിൻ്റെയും മീൻ പൊരിച്ചതിൻ്റെയും മണം... വായിൽ വെള്ളം വരുന്നു..." ശ്രീനന്ദ കൈ കഴുകി കൊണ്ട് വിഷയം മാറ്റാനെന്നോണം അതു പറഞ്ഞതും നിന്നെ ഞാൻ എടുത്തോളാം എന്ന മട്ടിൽ പൃഥ്വിയവളെ നോക്കി.... ഈശ്വരാ ഈ നോട്ടമത്ര പന്തിയല്ലല്ലോ... എങ്ങനെയെങ്കിലും പൃഥ്വിയെ ഇവിടുന്ന് പറഞ്ഞു വിടണം മോളെ ശ്രീനന്ദേ... ഞാൻ ഒറ്റയ്ക്കിരുന്ന് പറഞ്ഞതെല്ലാം കേട്ട സ്ഥിതിക്ക് ഇനിയും ഇങ്ങേരിവിടിരുന്നാൽ ശരിയാവില്ല... ഭക്ഷണം കഴിക്കുമ്പോഴും തന്നിൽ തന്നെ മിഴികൾ നട്ടിരിക്കുന്നവൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായതുമവൾ പരവേശത്തോടെ ചിന്തിച്ചു... "അല്ല പൃഥ്വീ.. ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ.... നിങ്ങൾക്ക് ഇവിടെ അടുത്ത് ഏക്കറു കണക്കിനു കൃഷി സ്ഥലങ്ങൾ ഉണ്ടെന്നും കുറച്ചു മാറി തടി മില്ലുകളും തേയില തോട്ടങ്ങളുമൊക്കെ ഉണ്ടെന്നും എല്ലാം ജോലിക്കാരുടെ സഹായത്തോടെ നിങ്ങളാണ് നോക്കി നടത്തുന്നതുമെന്നൊക്കെ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു..." ഒരു കഷ്ണം കപ്പ കൈയ്യിലെടുത്തു കൊണ്ട് ശ്രീനന്ദ പറഞ്ഞതും ഇവളെന്തിനാണ് ഈ വിഷയം ഇപ്പോൾ എടുത്തിടുന്നതെന്ന് പൃഥ്വി ചിന്തിച്ചു..

"അല്ല... എല്ലാത്തിൻ്റെയും മുതലാളി ആയിട്ട് അവിടേക്കൊക്കെ വല്ലപ്പോഴുമെങ്കിലും ഒന്നു പോകണ്ടേ പൃഥ്വീ... ഇത്രയും ദിവസം എന്നോടൊപ്പം ആശുപത്രിയിൽ ആയതിനാൽ നിങ്ങൾക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് എനിക്കറിയാം..." അവൾ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി... ഓഹ് അപ്പോൾ അതാണ് കാര്യം... എന്നെ ഇവിടുന്ന് പറഞ്ഞു വിടുകയെന്നതാണ് തമ്പുരാട്ടിയുടെ ഉദ്ദേശ്യം.. പൃഥ്വി മീശ പിരിച്ചു കൊണ്ട് ചിരിയോടെ ചിന്തിച്ചു... "എ.. എന്താ പൃഥ്വീ ചിന്തിക്കുന്നെ..??" "അല്ല.. ഞാൻ ഓർക്കുവായിരുന്നു ഇത്രയും ദിവസം എങ്ങോട്ടെങ്കിലും പോകാൻ സമ്മതിക്കാതെ നിൻ്റെ അരികിൽ തന്നെ എന്നെ പിടിച്ചിരുത്തിയിട്ട് ഇപ്പോൾ എന്താ ഒരു മനം മാറ്റമെന്ന്..!!" അവൻ ചോദ്യഭാവത്തിൽ പുരികമുയർത്തി... "അല്ല അതു പിന്നെ... അപ്പോൾ എനിക്ക് വയ്യായിരുന്നല്ലോ.. പക്ഷേ ഇപ്പോൾ.. ഇപ്പോൾ കുഴപ്പമൊന്നുമില്ല.. അതാ ഞാൻ പറഞ്ഞത്...." ശ്രീനന്ദ ഒരു ചിരി വരുത്തി പ്രതീക്ഷയോടെ പൃഥ്വിയെ നോക്കി.. "ഓഹോ അപ്പോൾ നിനക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ലേ..??" "ഇല്ലല്ലോ.. ഞാൻ കംപ്ലീറ്റ്ലി ഓക്കെയാണ്..." "അപ്പോൾ പിന്നെ അമ്മ പറഞ്ഞതു പോലെ ഒന്നിനും ഇനിയും നിൻ്റെ വയ്യായ്ക മാറാൻ ഞാൻ കാത്തിരിക്കണ്ടല്ലോ.."

ഇടം കണ്ണിൽ കുസൃതി നിറച്ചവൻ താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞതും താൻ തന്നെ തൻ്റെ കുഴി കുഴിച്ചതോർത്ത് കുടിച്ചു കൊണ്ടിരുന്ന വെള്ളം ശ്രീനന്ദയുടെ നെറുകയിൽ കുടുങ്ങി... "ഹാ.. അപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമായി..." ഒളികണ്ണിട്ടവളെ നോക്കിയതു പറയുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളെ ചിരിയടക്കി പിടിച്ചു കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നവൻ... "അയ്യോ പൃഥ്വീ എനിക്ക് തീരെ വയ്യ..!! നല്ല ക്ഷീണം... ഭക്ഷണം കഴിച്ചിട്ട് വേണം ഒന്നു വിശ്രമിക്കാൻ... നിങ്ങളപ്പോൾ ചെന്ന് തടി മില്ലിലെ കാര്യങ്ങളൊക്കെ നോക്ക് കേട്ടോ..." മുഖത്തല്പ്പം അവശത വരുത്തി ശ്രീനന്ദയതു പറഞ്ഞതും നിൻ്റെ അടവൊന്നും എൻ്റെയടുത്ത് നടക്കില്ല മോളെ എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പൃഥ്വി മെല്ലെ റൂമിന് പുറത്തേക്ക് നടന്നു... അവൻ നടന്നകലുന്നത് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെയ്ക്കുമ്പോൾ ഇപ്പോഴാണ് തൻ്റെ ശ്വാസം നേരെ വീണതെന്നവൾ ചിന്തിച്ചു... കഴിച്ചു കഴിഞ്ഞതും തലയ്ക്ക് നേരിയ ഭാരം അനുഭവപ്പെട്ടതു പോലെ തോന്നിയതിനാൽ ബെഡിലേക്ക് കിടന്ന് മിഴികൾ ഇറുക്കിയടച്ചു.. നിദ്രയിലേക്ക് വഴുതി വീഴാൻ തുടങ്ങുമ്പോഴും പൃഥ്വിയ്ക്ക് തൻ്റെ ഏട്ടനോടും പവിത്രയോടുമുള്ള ദേഷ്യമെങ്ങനെ മാറ്റും എന്നോർത്ത് ഉഴലുകയായിരുന്നു അവളുടെ മനസ്സ്... എന്നാൽ പൊടുന്നനെ വന്ദന മോളുടെ മുഖം ഓർമ്മയിലേക്ക് തടഞ്ഞതും എന്തോ വഴി തെളിഞ്ഞതു പോലെയവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...