പക...💔🥀: ഭാഗം 9

 

രചന: ഭാഗ്യ ലക്ഷ്മി

ശ്രീനന്ദ വല്ലാത്ത അസ്വസ്ഥതയോടെ വയറിലേക്ക് അമർത്തിപ്പിടിച്ച് ദയനീയമായി പൃഥ്വിയെ നോക്കി... തൻ്റെ നിസ്സഹായവസ്ഥ അവൻ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന ആശയോടെ..!! ചുവന്നു കലങ്ങിയ അവളുടെ മിഴികൾ അവനിൽ സംശയം ജനിപ്പിച്ചതും ഇനിയും കാപ്പിയിൽ എന്തെങ്കിലും കുഴപ്പമുണ്ടോന്നറിയാനവൻ ടേബിളിന് മേലിരുന്ന ഗ്ലാസ്സെടുത്ത് ബാക്കി വന്ന കാപ്പി കുടിച്ച് നോക്കി... അല്പം നേരം കഴിഞ്ഞിട്ടും തനിക്ക് അസ്വസ്ഥതയൊന്നും തോന്നാഞ്ഞതിനാൽ അവൻ കരങ്ങൾ മാറിൽ പിണച്ച് വെച്ച് കൂർപ്പിച്ച മിഴികളോടെ ശ്രീനന്ദയെ നോക്കി.... അവൻ്റെ പ്രതികരണം കണ്ടതും മിഴികളിൽ നിസ്സഹായവസ്ഥ നിറച്ചവൾ വേദനയോടെ ശിരസ്സ് താഴ്ത്തി ഇരുന്നു... ഈശ്വരാ... എങ്ങനെ ഇവിടുന്നൊന്ന് എഴുന്നേല്ക്കും... പൃഥ്വിയിവിടെ നിൽക്കുവല്ലേ... അഥവാ ബെഡ്ഷീറ്റിൽ എങ്ങാനും ആയിട്ടുണ്ടെങ്കിൽ... ദയനീയതയോടെ അവനെ നോക്കുമ്പോൾ തന്നെ അവൻ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നവൾ ഒരുവേള മോഹിച്ചു പോയി.... "പൃ.. പൃഥ്വീ.. കുറച്ച്.. കുറച്ച് ചൂടുവെള്ളം എടുത്തിട്ട് വരാമോ പ്ലീസ്..." നാവിൻ തുമ്പിൽ വന്നത് അതേപടി ചോദിക്കുമ്പോൾ ആ കൺകോണിൽ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു..

എന്നാൽ അവളുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ടവൻ ഒരടി പോലും ചലിക്കാതെ അങ്ങനെ തന്നെ നിന്നു... "അല്ല... എന്താ നിൻ്റെ കുഴപ്പം ശരിക്കും...??? തണുത്തു വിറച്ചു കിടക്കുന്ന കണ്ടപ്പോൾ അല്പം അലിവ് തോന്നി കാപ്പിയുണ്ടാക്കി തന്നതിന് ഞാൻ നിൻ്റെ വേലക്കാരനാണെന്ന് കരുതിയോ നീ..??" പുരികം പൊക്കി ഗൗരവം നിറഞ്ഞ സ്വരത്തിലവൻ ചോദിക്കുമ്പോൾ അനുവാദമില്ലാതെ തൻ്റെ ഹൃദയത്തിനുള്ളിലേക്ക് കയറിയവനെ ഇമ ചിമ്മാതെ നോക്കിയവൾ...!! ഹൃദയത്തിൽ തളിർത്ത പ്രണയത്തിൻ മൊട്ടുകൾ വിടരും മുൻപേ കൊഴിയുന്നതറിഞ്ഞിട്ടാവണമവൾ നീർത്തുള്ളികൾ വലയം തീർത്ത കൺപീലികളോടെ മിഴികൾ അവനിൽ നിന്നും അടർത്തി മാറ്റിയത്... എന്നാൽ ആ മിഴികൾ നേരെ ചെന്ന് പതിഞ്ഞത് ഷെൽഫിലിരിക്കുന്ന ആ പൊടി പിടിച്ച ആൽബത്തിലേക്കായിരുന്നു... ആ പെൺകുട്ടിയാകുമല്ലോ ഈ മനസ്സ് നിറയെ... പിന്നെ എൻ്റെ വേദന എങ്ങനെ മനസ്സിലാക്കാനാണ്..?? വ്യഥയോടെ ചിന്തിക്കുമ്പോൾ തന്നിലേക്ക് തന്നെ ഗൗരവം നിറഞ്ഞ ആ മിഴികൾ തറപ്പിച്ച് വെച്ചിരിക്കുന്നതവൾ അറിഞ്ഞിരുന്നു... ഒ.. ഒന്ന് പുറത്തേക്കെങ്കിലും ഇറങ്ങി നിൽക്കാമോ പൃഥ്വി..?? ഉള്ളിൽ ഉയർന്നു വന്ന ദയനീയതയാർന്ന ചോദ്യം പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ തന്നെ കുടുങ്ങിക്കിടന്നു...

മനസ്സിൽ ഉരുണ്ടു കൂടിയ ആത്മസംഘർഷങ്ങൾ നാവിനെ വീണ്ടും കുരുക്കിട്ടു നിർത്തിയതും പുതപ്പ് തന്നിലേക്ക് ചേർത്ത് പിടിച്ചവൾ ബെഡിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ കൈയ്യിൽ കിട്ടിയ ഡ്രെസ്സുമെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀 അവളുടെ ചാരക്കണ്ണുകളിലേക്കവൻ പ്രണയത്തോടെ ഉറ്റു നോക്കി... മിഴികൾ തമ്മിൽ ഇടഞ്ഞപ്പോൾ ആ കണ്ണുകളിൽ ജ്വലിക്കുന്ന സ്നേഹത്തിനു മുൻപിൽ താൻ വല്ലാതെ പിടഞ്ഞു പോകുന്നതവൾ അറിഞ്ഞു... "എ.. എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നത്..?? ആദ്യമായി കാണുന്ന പോലെ...??" നാണത്താൽ ചുവന്ന കപോലങ്ങളോടെ അവനെ നോക്കുമ്പോൾ അവളുടെ നുണക്കുഴി അവന് മുൻപിൽ തെളിഞ്ഞു നിന്നു... "ഒന്നുമില്ല എൻ്റെ പവിയേ..." ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ശ്രീനാഥ് അവളെ ഇറുകെ പുണർന്നതും പവിത്ര അവൻ്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നിരുന്നു... ആ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലിരിക്കുമ്പോൾ പ്രകാശം പരത്തുന്ന സ്ട്രീറ്റ് ലൈറ്റുകൾ മാത്രം നഗരമാകെ നിറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി... "ഈ നാട്ടിലേക്ക് മടങ്ങി വരേണ്ടായിരുന്നെന്ന് തോന്നുവാ ശ്രീയേട്ടാ എനിക്ക്..." അവളുടെ സ്വരം വല്ലാതെ നേർത്തത് അവൻ അറിഞ്ഞു...

"ആഗ്രഹിച്ചിട്ടല്ലല്ലോ പവീ... രണ്ടര വർഷങ്ങൾക്ക് ശേഷം നിൻ്റെ നാട്ടിലേക്ക് വരണമെന്ന് ഞാൻ വാശി പിടിച്ചത്... ഉള്ളിലെവിടെയോ ഒരു വിങ്ങൽ... എന്താണെന്നറിയില്ല... പ്രിയ്യപ്പെട്ട ആരോ വല്ലാതെ വേദനിക്കുന്നതു പോലെ... ഓർമ്മയിലാകെ ഉള്ളത് ഏട്ടാന്ന് വിളിച്ച് എൻ്റെ കൈയ്യിൽ തൂങ്ങി നടന്ന ഒരേഴു വയസ്സുകാരിയുടെ നിഷ്കളങ്കമായ മുഖമാണ്... എൻ്റെ ശ്രീക്കുട്ടി...!!" പറയുമ്പോൾ ശ്രീനാഥിൻ്റെ മിഴികൾ കുട്ടിക്കാലത്തെ ഓർമ്മയിൽ ഈറനണിഞ്ഞു... "വിഷമിക്കാതെ ശ്രീയേട്ടാ... ശ്രീയേട്ടൻ്റെ അനുജത്തിയെ നമ്മുക്ക് കണ്ടെത്താം.. സന്തോഷമായിട്ട് ഇരിക്കുന്നുണ്ടാവും ആ കുട്ടി.." പവിത്ര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... "എനിക്ക് തോന്നുന്നില്ല പവീ അവൾ സന്തോഷവതി ആയിരിക്കുമെന്ന്.. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം എൻ്റെ നാട്ടിലേക്ക് ചെന്നപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് എൻ്റെ അച്ഛനെയും അമ്മയേയും ശ്രീക്കുട്ടിയേയും ആയിരുന്നു... അമ്മ ബ്ലഡ് കാൻസർ ബാധിച്ച് മരിച്ചതും ആ വേദന താങ്ങാനാവാതെ വൈകാതെ അച്ഛനും പോയതറിഞ്ഞ് ഞാനാകെ തളർന്നു പോയിരുന്നു... അപ്പോഴും ഉള്ളിൽ നേരിയ പ്രതീക്ഷ ശ്രീക്കുട്ടിയെ കാണാമെന്നത് ആയിരുന്നു.. എന്നാൽ അനാഥയായ അവളെ അന്ന് ചെറിയച്ഛൻ ഈ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതറിഞ്ഞാ അവളെ അന്വേഷിച്ച് ഞാൻ നാല് വർഷങ്ങൾക്ക് മുൻപ് ഈ നാട്ടിലേക്ക് വരുന്നതും നിന്നെ കണ്ടു മുട്ടുന്നതും...

പിന്നീട് നിൻ്റെ ഏട്ടന് എന്നോടുള്ള പകയും വൈരാഗ്യവും കാരണം വീണ്ടും ഈ നാട് ഉപേക്ഷിക്കേണ്ടി വന്നു എനിക്ക്... പക്ഷേ ഇനിയും വയ്യ പവീ... എനിക്ക് കാണണം എൻ്റെ ശ്രീക്കുട്ടിയെ... അവളിപ്പോൾ ഒരുപാട് വളർന്നിട്ടുണ്ടാകും അല്ലേ..?? അവൾ ഇപ്പോൾ കാണാൻ എങ്ങനെയാവും ഉണ്ടാവുക..?? ഞങ്ങളുടെ അമ്മയെ പോലെ ആകുമോ...?? എ... എന്നെ കണ്ടാൽ അവൾ തിരിച്ചറിയുമോ പവീ...?? ഇ.. ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെന്നെങ്കിലും അവൾ ഓർക്കുന്നുണ്ടാവുമോ...??" ശ്രീനാഥിൻ്റെ സ്വരമിടറി തുടങ്ങിയതും പവിത്ര വേദനയോടെ അവൻ്റെ നെഞ്ചോട് ചേർന്നിരുന്നു... "നമ്മുക്ക് ശ്രീക്കുട്ടിയെ കണ്ടെത്താം ശ്രീയേട്ടാ..." അവനെ ആശ്വസിപ്പിക്കുമ്പോൾ പവിത്രയുടെ മിഴികളും ഈറനണിഞ്ഞു... "ഇ... ഇതേപോലെ എന്നെയോർത്ത് എൻ്റെ പൃഥ്വിയേട്ടനും വേദനിക്കുന്നുണ്ടാവും അ... അല്ലേ ശ്രീയേട്ടാ... ആ നെഞ്ചിൽ ചവിട്ടിക്കൊണ്ടല്ലേ അന്ന് ഞാൻ എല്ലാം ഉപേക്ഷിച്ച് വന്നത്... ആ ദുഃഖം താങ്ങാനാവാതെ അച്ഛനും..." പവിത്ര വിങ്ങിപ്പൊട്ടി... "ഞാൻ പറഞ്ഞതല്ലേ പവീ ചൂണ്ടിക്കാണിക്കാൻ ഒരു കുടുംബം പോലുമില്ലാത്ത എന്നെ മറന്നേക്കാൻ... എങ്കിൽ നിനക്കിന്ന് അമ്മയും അച്ഛനും ഏട്ടനും എല്ലാവരും ഉണ്ടാകുമായിരുന്നില്ലേ..??" ശ്രീനാഥ് അവളുടെ ചുരുളൻ മുടിയിഴകളിലൂടെ വിരലുകൾ പായിച്ചു... "കഴിയുമായിരുന്നോ ശ്രീയേട്ടാ നിങ്ങൾക്ക് ഞാനില്ലാതെ... മറക്കാൻ പറയുമ്പോഴും ഈ ചങ്ക് തറച്ച് കയറുന്ന വേദന ഞാൻ അറിഞ്ഞതല്ലേ..??

എൻ്റെ അച്ഛൻ ശ്രീയേട്ടനിൽ കണ്ട കുറവ് അനാഥത്വം ആയിരുന്നു... ഈ നല്ല മനസ്സ് മാത്രം ആരും കണ്ടില്ല..." പവിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി.... "പഴയതൊന്നും ഓർത്ത് ഇനിയും വിഷമിക്കാതെ ശ്രീയേട്ടാ... ഈ നാട്ടിലേക്ക് നമ്മൾ വീണ്ടും വന്നിട്ടുണ്ടെങ്കിൽ ശ്രീക്കുട്ടിയെ ഉറപ്പായും കണ്ടിരിക്കും... ഒത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ശ്രീയേട്ടൻ ചെറിയച്ഛൻ്റെ അഡ്രസ്സ് കണ്ടു പിടിച്ചില്ലേ..." പവിത്ര മിഴിനീർ തുടച്ചവനെ ചേർത്തു പിടിച്ചതും ശ്രീനാഥിൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀 ബാത്ത് റൂമിൻ്റെ വാതിൽ വലിച്ചടച്ച് ഏങ്ങലടിക്കാനാണവൾക്ക് തോന്നിയത്... ശരീരത്തിൻ്റെ വേദനയേക്കാളും ഹൃദയത്തെ ആഴത്തിൽ മുറിവേല്പ്പിക്കുന്നത് മനസ്സിൻ്റെ വേദനയാണെന്നവൾ ഓരോ നിമിഷവും തിരിച്ചറിഞ്ഞു... എന്താ പൃഥ്വി ഇങ്ങനെ..?? മനസ്സിലാക്കാൻ കഴിയുന്നില്ല എനിക്കാ മനസ്സ്... ഒരുപക്ഷേ പവിത്ര തിരിച്ചു വന്നിരുന്നെങ്കിൽ... ആ കുട്ടിയെ ഒന്ന് കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ... പൃഥ്വിയുടെ മനസ്സ് മാറില്ലേ...?? ആ കുട്ടിയ്ക്ക് ഇവിടേക്ക് വരാൻ മനസ്സുണ്ടാവണേ ഭഗവാനേ... തണുത്ത വെള്ളം തലയിൽ വീഴുമ്പോഴും മനമുരുകി പ്രാർത്ഥിച്ചത് അതായിരുന്നു... ടെൻഷൻ കാരണമാകും ഡേറ്റ് തെറ്റിയത്... അവൾ വയറിൽ അമർത്തിപ്പിടിച്ചു...

വസ്ത്രങ്ങൾ ധരിച്ച് ഒരു വിധത്തിൽ പുറത്തേക്കിറങ്ങി... മുറിയിൽ നോക്കിയപ്പോൾ പൃഥ്വിയെ എങ്ങും കാണാനില്ല... നല്ല ക്ഷീണം തോന്നിയതു കാരണം നേരെ വന്ന് ബെഡിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.. പതിയെ കണ്ണുകൾ അടഞ്ഞു വന്നതും ശിരസ്സിൽ മൃദുവായി ആരോ തലോടുന്നത് പോലെ തോന്നി... ഒരു നിമിഷം അമ്മയെ ഓർത്തു പോയി... എന്നാൽ ചാരെ നിൽക്കുന്ന പൃഥ്വിയെ കണ്ടതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.... മിഴികളിൽ വല്ലാത്തൊരു പിടപ്പ്.... "ദാ ചൂടുവെള്ളം..." തനിക്ക് നേരെ ഗ്ലാസ്സ് നീട്ടിയവൻ പറഞ്ഞതും അത്ഭുതം നിറഞ്ഞു തുടങ്ങിയിരുന്നു അവളിൽ.. നേരത്തെ ആ മുഖത്തു കണ്ട ഗൗരവം നിറഞ്ഞ ഭാവം ഒരു നിമിഷത്തേക്ക് അവന് അന്യമായതു പോലെ തോന്നിയവൾക്ക്... തന്നെ മിഴിച്ച് നോക്കുന്നവളെ കണ്ടിട്ടാകണമവൻ ആ ഗ്ലാസ്സ് അവളുടെ ചുണ്ടോട് ചേർത്തത്... പൃഥ്വിയുടെ കരുതലോടെയുള്ള പെരുമാറ്റത്താൽ തന്നെ തൻ്റെ വേദനയ്ക്ക് അല്പം ശമനം വന്നത് ശ്രീനന്ദയറിഞ്ഞു... അവൾ നന്ദിയോടെ പൃഥ്വിയെ നോക്കി... അവന് വേണ്ടി ചുണ്ടിൽ വിരിഞ്ഞ ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ... എന്നാൽ പൃഥ്വി തിരികെ ഒരു പുഞ്ചിരി സമ്മാനിക്കാഞ്ഞതവളിൽ നേരിയ നിരാശ നിറച്ചു... എങ്കിലും ഉള്ളിൻ്റെ ഉള്ളിലെവിടെയോ പ്രണയത്തിൻ്റെ മൊട്ടുകൾ തളിരിടാൻ വെമ്പൽ കൊണ്ടതവൾ അറിഞ്ഞു.. ചെറിയൊരു ആശ്വാസത്തോടെയവൾ ബെഡിലേക്ക് ചാഞ്ഞതും പൃഥ്വി പുതപ്പെടുത്ത് അവളുടെ മേലേക്കിട്ടു....

ചുണ്ടിൽ വിരിഞ്ഞ അതേ പുഞ്ചിരിയോടെ അവളുടെ മിഴികൾ മെല്ലെ അടഞ്ഞു വന്നു... 🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ ഉണർന്നതും തൻ്റെ ചാരെ കിടക്കുന്ന പൃഥ്വിയെ ഇമ ചിമ്മാതെ ഏറെ നേരം അങ്ങനെ തന്നെ നോക്കിക്കിടന്നു.. എന്നാൽ ആൽബത്തിൽ കണ്ട ആ പെൺകുട്ടിയുടെ ഫോട്ടോ നെഞ്ചിലൊരു നോവ് തീർത്തതും ധൃതിയിൽ എഴുന്നേറ്റു.. കുളിച്ചിറങ്ങി വന്നവൾ കർട്ടൺ മാറ്റിയിട്ടതും പുറത്തു നിന്നും വന്ന ആദിത്യ കിരണങ്ങൾ മുഖത്തേക്കടിച്ചതിനാൽ പൃഥ്വിയൊന്നു ഞെരുങ്ങി... ശ്രീനന്ദ പൃഥ്വിയുടെ അരികിലേക്ക് നടന്ന് പെട്ടെന്ന് തോന്നിയ ഉൾപ്രേരണയാൽ അവൻ്റെ നെറ്റിയിൽ ഒന്നു തലോടി... അവളുടെ കരങ്ങളിലെ തണുപ്പ് അവൻ്റെ നെറ്റിയിൽ അനുഭവപ്പെട്ടതോടെ പൃഥ്വി പൊടുന്നനെ മിഴികൾ തുറന്നതും ശ്രീനന്ദ ഒന്നു ഞെട്ടിക്കൊണ്ട് ഭീതിയോടെ കരങ്ങൾ പിൻവലിച്ചു... തന്നെ ഉറ്റു നോക്കുന്ന അവനോട് എന്തു പറയണമെന്നറിയാതവൾ ഭയന്ന് ഉമി നീരിറക്കി... പിടച്ചിലോടെ തൻ്റെ മുൻപിൽ നിൽക്കുന്ന ആ പെണ്ണിനെ അവൻ നോക്കി കാണുകയായിരുന്നു... പുരികക്കൊടികൾക്കിടയിൽ ഒരു കുഞ്ഞ് കറുത്ത വട്ടപ്പൊട്ട്... അതല്ലാതെ ആ വദനത്തിൽ മറ്റലങ്കാരങ്ങൾ ഒന്നും തന്നെയില്ല... നെറുകയിൽ സിന്ദൂരം..

ഇളം റോസ് നിറത്തിലുള്ള ചുണ്ടുകൾ... അവ വിറയ്ക്കുന്നുണ്ട്... നനവാർന്ന കുറുനരികൾ മുഖത്തോട് ഒട്ടിക്കിടക്കുന്നു... ഈറൻ മുടിയിഴകൾ തോർത്തിനാൽ കെട്ടി വെച്ചിരിക്കുന്നു.. ഇളം പച്ച നിറത്തിലുള്ള ഒരു കോട്ടൺ സാരിയാണ് വേഷം... അതവൾക്ക് നന്നേ ഇണങ്ങുന്നതു പോലെ... ഗ്രാമീണതയുടെ നൈർമല്യം ആവോളം അവളിൽ നിറഞ്ഞു നിൽക്കുന്നു... ഒരു നിമിഷം തൻ്റെ മിഴികൾ അവളിൽ അലിഞ്ഞു പോയതും പൃഥ്വി തലയൊന്നു കുടഞ്ഞു കൊണ്ട് എഴുന്നേറ്റു.. അവൻ്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടതും ശ്രീനന്ദ പിന്നീടവൻ്റെ മിഴിമുനകളെ നേരിടാനാവാതെ ധൃതിയിൽ താഴേക്കോടി.... താഴേക്ക് ചെന്നതും ഗേറ്റ് കടന്നു വരുന്ന ലക്ഷ്മിയമ്മയെ കാൺകെ ശ്രീനന്ദ ചിരിയോടെ വാതിൽ തുറന്നു... തിരികെ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചവർ അകത്തേക്ക് കയറി... "എൻ്റെ കുട്ടികളെ ഒറ്റയ്ക്കാക്കി പോയതോർത്തപ്പോൾ ഒരു സങ്കടം.. അതാ അമ്മ രാവിലെ തന്നെ ഇങ്ങു വന്നത്.." ശ്രീനന്ദ പുഞ്ചിരിയോടെ അവർക്ക് നല്ലൊരു കേൾവിക്കാരിയായി... "ദേവനെവിടെ എഴുന്നേറ്റില്ലേ..??" ആ അമ്മ ചോദിച്ചതും എഴുന്നേറ്റു എന്നവൾ മറുപടി നൽകി... ലക്ഷ്മിയമ്മ വസ്ത്രം മാറി വന്നതും തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ശ്രീനന്ദയെ കാൺകെ അവൾക്ക് തന്നോടെന്തെങ്കിലും ചോദിക്കാൻ കാണുമോ എന്നവർ ആശങ്കപ്പെട്ടു..

"എന്തെങ്കിലും മോൾക്ക് പറയാനുണ്ടോ...??" ഉണ്ടെന്ന അർത്ഥത്തിലവൾ തലയനക്കി... "അമ്മേ.. ഞാൻ ചോദിക്കുന്നത് കൊണ്ട് അമ്മയ്ക്ക് ഒന്നും തോന്നരുത്... ഇനിയും ഇത് മനസ്സിൽ വെച്ച് നീറിയിരിക്കാൻ എനിക്ക് കഴിയുന്നില്ല... പൃ.. പൃഥ്വിക്ക് മറ്റാരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ..??" ശ്രീനന്ദയുടെ ആശങ്കയോടെയുള്ള ചോദ്യം കേട്ടതും ലക്ഷ്മിയമ്മ തറഞ്ഞു നിന്നു... "എന്താ മോളെ നീ അങ്ങനെ ചോദിച്ചത്..?? ദേവൻ അങ്ങനെ എന്തെങ്കിലും ഉണ്ടെന്ന് നിന്നോട് പറഞ്ഞോ...?? എൻ്റെ അറിവിൽ അങ്ങനെ ആരുമില്ല... അവനെ ഞാൻ വിവാഹത്തിന് നിർബന്ധിക്കുമ്പോഴൊക്കെ അവൻ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്... അവൻ്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്ന് ചോദിക്കുമ്പോഴൊക്കെ അങ്ങനെയാരും ഇല്ലെന്നായിരുന്നു അവൻ്റെ മറുപടി... നിന്നെ കണ്ടപ്പോൾ മാത്രമാണ് അവന് ഇഷ്ടമായതും നീയാണ് വധുവെങ്കിൽ വിവാഹത്തിന് സമ്മതിക്കാമെന്ന് അവൻ പറഞ്ഞതും.... അവൻ്റെ മനസ്സിൽ മറ്റാരും ഇല്ല മോളെ... അല്ല എന്തേ എൻ്റെ കുട്ടിക്കിപ്പോൾ ഇങ്ങനെ തോന്നാൻ...??" അവർ ആകുലതയോടെ ചോദിച്ചതും ശ്രീനന്ദ എന്തു പറയണമെന്നറിയാതെ ആശങ്കപ്പെട്ടു... ഒടുവിൽ ആലോചനയ്ക്ക് അന്ത്യം വരുത്തിയവൾ ധൃതിയിൽ മുറിയിലേക്കോടി... പൃഥ്വി ബാത്ത് റൂമിലാണെന്ന് ഉറപ്പ് വരുത്തിയവൾ ആ ആൽബവുമെടുത്ത് താഴേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀

ഒരു വയസ്സുള്ള വന്ദന മോളെ തോളിലേക്കിട്ട് കൊണ്ട് പവിത്ര ശ്രീനാഥിൻ്റെ പിന്നാലെയായി കേശവൻ്റെ വീട്ടിലേക്ക് നടന്നു... ആ വീട്ടുമുറ്റത്തേക്ക് ചുവടുകൾ വെയ്ക്കുമ്പോൾ പ്രതീക്ഷയോടെ അവൻ്റെ മിഴികൾ ആരേയോ തേടുന്നുണ്ടായിരുന്നു... "പവീ... ഒരുപാട് കഷ്ടപ്പെട്ടതാ ഞാൻ ചെറിയച്ഛൻ്റെ അഡ്രസ്സ് കണ്ടു പിടിക്കാൻ... ഇ.. ഇപ്പോൾ എനിക്ക് എൻ്റെ സന്തോഷം നിയന്ത്രിക്കാൻ കഴിയുന്നില്ല... എൻ്റെ.. എൻ്റെ ശ്രീക്കുട്ടിയെ ഞാൻ കാണാൻ പോവല്ലേ..?? അതു കഴിഞ്ഞാൽ അവളെ എനിക്ക് നമ്മളോടൊപ്പം കൂട്ടണം.. എനിക്കുറപ്പാ ഞാനവളുടെ ഏട്ടനാണെന്ന് അറിഞ്ഞാൽ എവിടെയാണെങ്കിലും അവൾ എന്നോടൊപ്പം വരും..." ശ്രീനാഥ് ആനന്ദാശ്രുക്കളോടെ പറഞ്ഞതും പവിത്ര നിറഞ്ഞ ചിരിയോടെ അവനെ നോക്കി.... ശ്രീനാഥ് അക്ഷമനായി കാളിംഗ് ബെൽ അമർത്തിയതും നിമയാണ് വാതിൽ തുറന്നത്... അവളെ കണ്ടതും തേടിയതെന്തോ കണ്ട പോലെ അവൻ്റെ മിഴികൾ തിളങ്ങി.... "ശ്രീക്കുട്ടി...." അവൻ്റെ ചുണ്ടുകൾ സ്വയമറിയാതെ മൊഴിഞ്ഞു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...