{"vars":{"id": "89527:4990"}}

പൗർണമി തിങ്കൾ: ഭാഗം 26

 

രചന: മിത്ര വിന്ദ

ലിഫ്റ്റിലേക്ക് കയറും മുന്നേ അലോഷിയൊന്നും പിന്തിരിഞ്ഞു നോക്കി. ആലോചിച്ചു പറഞ്ഞാൽ മതി,ധൃതി ഒന്നുമില്ല, തനിക്ക് എന്നെ മനസ്സിലാക്കുവാൻ ഇഷ്ടം പോലെ സമയം ഉണ്ട്,  പക്ഷേ തന്റെ ആൻസർ സത്യസന്ധമായിരിക്കണം. ഇന്നേക്ക് ഒരു മാസത്തിനു ശേഷം, മറുപടി പറഞ്ഞാൽ മതി. ഓക്കേ. ഒരു മാസത്തിന്റെ ഒന്നും യാതൊരു ആവശ്യവുമില്ല,  ഒരു സെക്കൻഡിനുള്ളിൽ തന്നെ ഞാൻ എനിക്ക് പറയാനുള്ളത് അലോഷിച്ചായനോട്‌  പറയും.. ലിഫ്റ്റിൽ ഉള്ളിലേക്ക് കയറിയപ്പോൾ അതിൽ വേറെ ഒന്ന് രണ്ട് പേരുണ്ടായിരുന്നു. അതുകൊണ്ട് പൗർണമി മൗനം പാലിച്ചു. അലോഷിയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവർ ഗ്രൗണ്ട് ഫ്ലോറിൽ ഇറങ്ങിയത്. പാർക്കിങ്ങിൽ എത്തി വണ്ടിയിൽ കയറിയതും പൗർണമിയൊന്നു  നെടുവീർപ്പെട്ടു... അലോഷി സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു.. ഗേറ്റ് കടന്ന് വെളിയിലേക്ക് ഇറങ്ങിയ ശേഷം പൗർണമി അവനെയൊന്നു നോക്കി. എന്റെ വിവാഹം,ഉറപ്പിച്ചു വച്ചിരിക്കുന്നതാണ്. അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകനുമായി. 95% അത് തന്നെ നടക്കുവാനാണ് സാധ്യത. വളരെ ചെറുപ്പം മുതലേ ഇരു വീട്ടുകാരും തമ്മിൽ നല്ല പരിചയമുണ്ട്, എല്ലാത്തരത്തിലും ഞങ്ങൾക്ക് അനുയോജ്യരായവരാണ് അവർ.  എനിക്കും മനസ്സുകൊണ്ട് ആ ബന്ധത്തിന് താല്പര്യമാണ് ,  അതുകൊണ്ട് അലോഷിച്ചായൻ കുറച്ചു മുന്നേ എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾ മാത്രം അറിഞ്ഞാൽ മതിട്ടൊ പൗർണമി പെട്ടെന്ന് അവനോട് പറഞ്ഞു. മറുത്തവളോട് ഒരു വാക്ക് പോലും സംസാരിക്കാതെ അലോഷി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.. രാഹുൽ എന്നാണ് പേര്, ആളിപ്പോൾ ദുബായിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് വർക്ക് ചെയ്യുകയാണ്. രണ്ടുവർഷത്തിനുശേഷം നാട്ടിൽ വരും, ആ സമയത്ത് ഞങ്ങളുടെ കല്യാണം നടത്തുവാനാണ് അച്ഛന്റെ തീരുമാനം. അവൾ പിന്നെയും പറഞ്ഞു.അപ്പോഴും അലോഷിയിൽ നിന്നും യാതൊരു പ്രതികരണവും വന്നില്ല.. ബാംഗ്ലൂരിലേക്ക് ജോലിക്ക് പോകുന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ രാഹുലേട്ടന് ആദ്യം സമ്മതം അല്ലായിരുന്നു, പിന്നീട് അച്ഛൻ വിളിച്ച് സംസാരിച്ചപ്പോഴാണ്, ആളൊന്നു അയഞ്ഞത്.  രണ്ടുവർഷത്തേ എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ,  വിവാഹശേഷം ദുബായിലേക്ക് പോയി,  അവിടെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാം എന്നാണ് രാഹുലേട്ടനും പിന്നീട് പറഞ്ഞത്. പൗർണമി കാര്യങ്ങളൊക്കെ ഏകദേശം ഒന്നു വിശദീകരിച്ച ശേഷം പിന്നീട് ഒന്നും  പറഞ്ഞതേയില്ല,അലോഷിയൊട്ട് ചോദിച്ചതുമില്ല.. എന്നാലും എല്ലാം ഒന്ന് പറഞ്ഞപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നി. പക്ഷേ അവന്റെ മൗനം,  അത് അവളെ സംശയപ്പെടുത്തി. ആൾ എന്തെങ്കിലുമൊക്കെ ചോദിക്കും എന്നാണ് താൻ കരുതിയത്,  പക്ഷേ ഇതിപ്പോ ഒരക്ഷരം പോലും മിണ്ടുന്നില്ല... ആഹ്, എന്നതെങ്കിലും ആവട്ടെ, അല്ലാണ്ടിപ്പോ തനിയ്ക്കെന്താ. അല്ല പിന്നെ. അവൾ പുറത്തേക്ക് കണ്ണു നട്ടിരുന്നു.. അല്പം കഴിഞ്ഞതും അലോഷി വണ്ടിയൊതുക്കി നിറുത്തി. പൗർണമി നോക്കിയപ്പോൾ അവൻ സീറ്റ് ബെൽറ്റ് ഊരി മാറ്റുകയാണ്.. ഇതേതാ സ്ഥലം... വീടെത്തിയില്ലാലോ. അവൾ ചുറ്റിനുമൊന്നു നിരീക്ഷിച്ചു.. ഡോർ തുറന്ന് അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു. പൗർണമി ഒട്ടും പ്രതീക്ഷിക്കാതെ അവൻ ബാക്കിലെ ഡോർ തുറന്നു അവളുടെ അരികിലേക്ക് കയറിയിരുന്നു.. എന്താ......എന്ത് പറ്റി അവൾ പതറാതെ അവനെ നോക്കി ചോദിച്ചു. കുറച്ചു മുന്നേ പറഞ്ഞ കാര്യങ്ങൾ എന്റെ മുഖത്തുനോക്കി, പൗർണമികൊച്ചൊന്നു പറഞ്ഞേ, ഇച്ചായൻ കേൾക്കട്ടെ. കുസൃതി നിറഞ്ഞ ഒരു പുഞ്ചിരി ചൊടികളിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് അവൻ പൗർണമിയോട് ആവശ്യപ്പെട്ടു. എപ്പോഴുമെപ്പോഴും എന്തിനാ പറയുന്നത്,എന്റെ വിവാഹം തീരുമാനിച്ചു വച്ചിരിക്കുന്നതാണ്,അത്രതന്നെ. ഹ്മ്മ് ഓക്കേ ഓക്കേ....ആയിക്കോട്ടെ, അതിവിടെ നോക്കി പറയുന്നേ. എവിടെ നോക്കിയാണ് പറയേണ്ടത് എന്നൊക്കെയുള്ളത് എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്, എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്റെ സ്റ്റാൻഡ് വ്യക്തമാക്കി എന്നേയുള്ളൂ. പിന്നെ അത് കണ്ണിൽ നോക്കി പറയണം മുഖത്ത് നോക്കി പറയണം, ഇങ്ങനെയൊക്കെ ആവശ്യപ്പെട്ടാൽ കുറച്ച് ബുദ്ധിമുട്ടാണ് അലോഷിച്ചായ. അപ്പോഴും അവൾ അവനെ നോക്കിയതേയില്ല. ഒരാളുടെ മുഖത്ത് നോക്കി സംസാരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ പൗർണമി, നിന്റെ തീരുമാനം എന്തുമായിക്കോട്ടെ,നോ ഇഷ്യൂ,  ബട്ട് അത് നേരിട്ട് എന്നോട് പറയണം,എങ്കിൽ മാത്രമേ ഞാന് ഈ വണ്ടി ഇനി സ്റ്റാർട്ട് ചെയ്യുവൊള്ളൂ. ഇരു കൈകളും നെഞ്ചിലേക്ക് പിണച്ചു വച്ചുകൊണ്ട് അലോഷി സീറ്റിലേക്ക് ചാഞ്ഞു കിടന്നു. ആഹ്,  എങ്കില് ഇന്നിവിടെ കഴിച്ചു കൂട്ടാം, വീട്ടിലേക്ക് പോകണ്ട.. പൗർണമിയും വിട്ടുകൊടുത്തില്ല. പൗർണമിക്കൊച്ചിന് നുണ പറയാൻ അറിയില്ലന്നെ, അതല്ലേ പ്രോബ്ലം. ഇനിയിപ്പോ എന്താ ചെയ്യുക. . അവൻ പറയുന്നത് കേട്ടതും അവൾ മുഖം തിരിച്ച് അലോഷിയെ ഒന്നു നോക്കി.. അവന്റെ മിഴികളിലേക്ക് ദൃഷ്ടി പതിഞ്ഞപ്പോൾ, വല്ലാത്തൊരു കാന്തിക വലയത്തിൽ അകപ്പെട്ടതുപോലെ പൗർണമിക്ക് തോന്നി. അലോഷിയൊന്ന് ചെറുതായി ചിരിച്ചപ്പോൾ, അവന്റെ മിഴികൾ കുറുകി,ഒരു പുരികം മേൽപ്പോട്ട് ഉയർത്തി,അവൻ എന്താണെന്ന് അവളോട് ചോദിച്ചു.. അപ്പോഴാണ് അലോഷിയുടെ ഫോൺ ശബ്ദിച്ചത്.. കാത്തുവായിരുന്നു... ആഹ് കാത്തു... ഇച്ചായാ ഇത് എവിടെയാണ്?  പൗർണമിയെ വിളിച്ചപ്പോൾ ഔട്ട് of കവറേജ് ആണെന്ന് പറയുന്നു,അവൾ ഉണ്ടോ ഇച്ചായന്റെ കൂടെ,? ഹ്മ്മ്.. ഉണ്ട്, ഞാൻ കൊടുക്കാം. അവൻ ഫോണ് പൗർണമിയുടെ കയ്യിൽ കൊടുത്തു. ഹലോ കാത്തു..വന്നോണ്ടിരിക്കുവാ. എടി അങ്കിൾ വിളിച്ചിട്ട് നിന്നെ കിട്ടുന്നില്ലന്ന് പറഞ്ഞു, എന്തുപറ്റി നിന്റെ ഫോണിന്? അത് സ്വിച്ച് ഓഫ് ആയി, ഇന്നലെ രാത്രിയിൽ ബാറ്ററി ചാർജ് ചെയ്യാൻ വിട്ടുപോയി,. ഹ്മ്മ്... എന്നാൽ പിന്നെ നീ ഇച്ചായന്റെ ഫോൺ മേടിച്ച് അങ്കിളിനെ ഒന്ന് വിളിച്ച് സംസാരിക്ക്.. പാവം ആകെ പേടിച്ചിരിക്കുവാ. ഒരു 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തും കാത്തു, എന്നിട്ട് വിളിച്ചോളാം... ആഹ്. ഓക്കേ ഒക്കെ....എന്നാൽപ്പിന്നെ ഞാൻ ഇപ്പോ വിളിച്ചു പറഞ്ഞോളാം. അവൾ ഫോൺ കട്ട്‌ ചെയ്തു. അലോഷിയ്ക്കു ഫോൺ കൈമാറിയപ്പോൾ ഗൗരവത്തിൽ തന്നെ ഉറ്റുനോക്കുന്നവനെ പൗർണമി കണ്ടു കാത്തുവിനറിയാമോ ഈ കാര്യങ്ങളൊക്കെ?പെട്ടെന്ന് അവൻ ചോദിച്ചു. ഇല്ല..ഞാൻ ആരോടും പറഞ്ഞിട്ടില്ല... അതെന്താ പൗർണമി, അത്രമേൽ ചങ്കായ കൂട്ടുകാരിയോട് ഈ വിവരം ഒന്നും പറയാഞ്ഞത്. പറയാനുള്ള ഒരു അവസരം വന്നില്ല അതുകൊണ്ട്..... ഹ്മ്മ്..... മറുപടിയൊക്കെ വളരെ കൃത്യമായി തന്നെ പഠിച്ചു വച്ചിരിക്കുവാണല്ലേ..ബ്രില്ല്യന്റ് ഗേൾ. അവൻ പൗർണമിയുടെ തോളിലൊന്നു തട്ടിയപ്പോൾ അവൾ ഇത്തിരി പിന്നിലേക്ക് ആഞ്ഞു. ഇച്ചായന്റെ പൗർണമികൊച്ചിന് അങ്ങനെ മുഖത്ത് നോക്കി നുണ പറയാൻ ആവില്ലന്നാണ് എന്റെ വിശ്വാസം,പിന്നെ അറിയില്ല,ഇനി കുടുംബക്കാരൊക്കെ തീരുമാനിച്ചു വെച്ചിരിക്കുവാണോ എന്നുള്ളത്, എന്തായാലും ഒരു മാസത്തെ സമയം ഉണ്ടല്ലോ, എന്നിട്ട് പറഞ്ഞാൽ മതി എനിക്കുള്ള മറുപടി.... പക്ഷേ ഒരു കാര്യം ഞാൻ അങ്ങ് പറഞ്ഞേക്കാം,  നീ അലോഷിയുടെ പെണ്ണാടി.. Nഅതുകൊണ്ടാണ്,കർത്താവ് ഇത്തിരി , കറക്കിത്തിരിച്ചണേലും നിന്നെ എന്റെ അരികിൽ എത്തിച്ചത്. പറയുമ്പോൾ ആ വാക്കുകളിൽ അവന്റെ പ്രണയം തുളുമ്പി നിന്നു...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...