പൗർണമി തിങ്കൾ: ഭാഗം 47
Dec 16, 2024, 07:29 IST
രചന: മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ പൗർണമിയും അലോഷിയും തിരികെ ബാംഗ്ലൂരിലേക്ക് പോകുവാനായി തയ്യാറായി. അതിനു മുൻപ് ഒരുതവണകൂടി അവർ കാത്തുവിനെ പോയി കണ്ടിരുന്നു.. മെഡിസിൻ കറക്റ്റ് ടൈമിൽ കൊടുക്കുന്നത് കൊണ്ട് വലിയ വേദനയൊന്നും അവൾക്കില്ലായിരുന്നു. എങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുമ്പോൾ, മുറിവ് വലിയുന്നതായി അവൾക്ക് തോന്നി. അപ്പോഴൊക്കെ സഹിക്കാനാവാത്ത വേദനയായിരുന്നു എന്ന് അവൾ അവരോട് പറഞ്ഞു. അടുത്ത ഞായറാഴ്ച ഹെലൻ വരുന്നുണ്ടെന്നും, അപ്പോഴേക്കും അലോഷി നാട്ടിലേക്ക് എത്തിക്കോളാമെന്നുമൊക്കെ കാത്തുവിനോട് പറഞ്ഞശേഷം ആയിരുന്നു ഐസിയുവിൽ നിന്ന് അവർ പുറത്തേക്ക് പോന്നത്. അത്യാവശ്യം ഓരോ ജോഡി ഡ്രസ്സ് എടുത്തു കൊണ്ടായിരുന്നു പൗർണമിയും അലോഷിയും നാട്ടിലേക്ക് തിരിച്ചത്. അതുകൊണ്ട് കുളിച്ച് ഫ്രഷായി ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷമാണ് , ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്. പാർക്കിങ്ങിലേക്ക് പപ്പയും മമ്മിയും അവരുടെ ഒപ്പം വന്നിരുന്നു. തലേരാത്രിയിൽ പൗർണമിയോട് അലോഷിയുടെ ഇഷ്ടത്തെക്കുറിച്ച് ഒക്കെ പപ്പയും മമ്മിയും സംസാരിച്ചത് ഉള്ളൂ.. പിന്നീട് ഒന്നും അവർ പറഞ്ഞിരുന്നില്ല, കാരണം പൗർണമി തന്നെ ആലോചിച്ച് ഒരു തീരുമാനമെടുക്കട്ടെ എന്നതായിരുന്നു അവരുടെയും ആഗ്രഹം. ഒരുപാട് നിർബന്ധിച്ച് അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് പോള് തന്റെ ഭാര്യയോട് പറയുകയും ചെയ്തു. കാറിലേക്ക് കയറാൻ നേരം പൗർണമി ബാക്ക് ഡോർ തുറക്കുന്നതിന് മുന്നേ, പോൾ വന്നിട്ട് അവൾക്ക് കയറാൻ വേണ്ടി മുന്പിലെ ഡോർ തുറന്നു കൊടുത്തു. പപ്പാ.. ഞാൻ ഇവിടെയിരുന്നോളാമായിരുന്നു അവൾ അയാളെ നോക്കി. ഹേയ്.. അതിന്റെ ആവശ്യമൊന്നുമില്ല. ഇവിടെ ഇരുന്നാൽ മതിന്നേ.. അയാൾ പറഞ്ഞപ്പോൾ പൗർണമി പിന്നീട് ഒന്നും പറയാതെ വണ്ടിയിലേക്ക് കയറി. ഇരുവരോടും യാത്ര പറഞ്ഞു അലോഷി വണ്ടി മുന്നോട്ട് എടുത്തു. പൗർണമി അവരെയൊന്നു കൈവീശികാണിയ്ക്കുവാനും മറന്നിരുല്ല.. പോളച്ചായാ . ആ പെങ്കൊച്ചു അവനോട് എന്തോ പറയും.. താല്പര്യമില്ലെന്ന് എങ്ങാനും പറഞ്ഞാല് നമ്മുടെ ചെറുക്കൻ തകർന്നുപോകും കേട്ടോ. അവൾക്ക് അവനെ ഇഷ്ട്ടമാടി നാൻസി,, അല്ലേലും എന്റെ ചെറുക്കനെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോടി ,പാവമല്ലേ നമ്മുടെ അലോഷി. കാര്യമൊക്കെ ശരിയായ അച്ചായാ, പക്ഷേ ആ കൊച്ചിന്റെ ഉള്ളിലെന്താണെന്ന് അവൾക്ക് മാത്രമല്ലേ അറിയൂ... ഹമ്.... അതിന്ന് അലോഷി അവളെ കൊണ്ട് പറയിപ്പിക്കും, ഇല്ലെങ്കിൽ നോക്കിക്കോടി. ആഹ് എനിയ്ക്ക് അറിയാൻ മേല,,, അവനെ ഇഷ്ടമാണെടീ അവള്‍ക്ക് എനിക്ക് 100% അത് അറിയാം, അങ്ങനെയൊന്നും ഇല്ലായിരുന്നുവെങ്കിൽ ഇന്നലെ ഈ കാര്യം നീ പറഞ്ഞപ്പോഴേ പൗർണമി എതിർത്തേനെ.. ആ കൊച്ചിന് പേടിയുണ്ട് അതിന്റെ വീട്ടുകാരെ, അതുകൊണ്ട് അവൾ മൗനം പാലിക്കുന്നത്.. അതിന് ആ കൊച്ചിന് ഇഷ്ടമാണെങ്കിൽ നമുക്ക് പോയി വീട്ടുകാരെ കണ്ട് സംസാരിക്കാം. അവരുടെ സ്റ്റാൻഡ് നോക്കിയിട്ട് മതി ബാക്കി കാര്യങ്ങൾ. നാൻസി പറഞ്ഞു അവര് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും? എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം, മക്കളുടെ സന്തോഷമല്ലേ വലുത്.... ഹമ്.. M നമ്മുടെ കാത്തുവാണ് ഇപ്പോൾ സ്ഥാനത്ത്ങ്കിൽ നീ എങ്ങനെയായിരിക്കും നാൻസി. മറുപടി സത്യസന്ധമായിരിക്കണം കേട്ടോ. കാത്തു ആണെങ്കിൽ, ഞാൻ ഒരുപക്ഷേ അവളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കില്ലായിരിക്കും. പക്ഷേ എന്തോ പൗർണമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്,അലോഷിയ്ക്ക് ചേരുന്ന ഒരു പെൺകുട്ടിയാണ് അവൾ. മനസ്സുകൊണ്ട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അവളെപ്പോലെ ഒരു മരുമകളെ കിട്ടിയിരുന്നെങ്കിൽന്ന്. അതുകൊണ്ട് മാത്രമാണ് ഈ ബന്ധത്തിന് ഞാൻ എന്റെ മകനോടൊപ്പം കൂട്ടുനിൽക്കുന്നത്. അല്ലെങ്കിൽ ഏതെങ്കിലും മാതാപിതാക്കൾ മകന്റെ പ്രണയത്തിനു ചുക്കാൻ പിടിച്ചു നിൽക്കുമോ അച്ചായാ. നാൻസി പറഞ്ഞത് വളരെ സത്യമായ മറുപടിയായിരുന്നു എന്ന് പോളിന് അറിയാം. സത്യത്തിൽ അയാളും അതൊക്കെ തന്നെയാണ് ആലോചിച്ചത്. എന്താണെന്നറിയില്ല പൗർണമിയോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു അവർക്കും. രണ്ടാളും കൂടി റൂമിലേക്ക് ചെന്നപ്പോൾ ഒരു സിസ്റ്റർ അവരെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. കാലത്തെ 10:00 മണിയാവുമ്പോൾ, ഡോക്ടർ സർജിക്കൽ ഐസിയുവിൽ റൗണ്ട്സിന് വരുമെന്നും അതിനുശേഷം കാത്തുവിനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും എന്നുമൊക്കെയായിരുന്നു സിസ്റ്റർ അറിയിച്ചത്.. കൊച്ചൊന്നു വന്നാലേ സമാധാനം അകത്തൊള്ളൂ മോളെ ... ഇവിടെയാകുമ്പോൾ അവളോട് മിണ്ടി പറയുവാനൊക്കെ ഞങ്ങൾ ഉണ്ടല്ലോ കൂടെ.. പോള് ആ സിസ്റ്ററോട് പറഞ്ഞപ്പോൾ അവരൊന്ന് പുഞ്ചിരിച്ചു.. *** വലിഞ്ഞു മുറുകിയ മുഖവുമായി തന്റെ അരികിൽ ഇരിക്കുന്ന അവളെ ഇടയ്ക്കൊക്കെ അലോഷി നോക്കുന്നുണ്ട്. എവിടുന്ന്.. പെണ്ണ്തൊന്നുമറിയുന്നത് പോലുമില്ല.. യാത്ര തുടർന്നിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടു. എന്നിട്ടും ഒരക്ഷരം പോലും അവൾ അലോഷിയോട് സംസാരിച്ചതുമില്ല.. എന്നതെങ്കിലും ഒന്ന് അവൾ പറയുമെന്ന് കരുതി അവനും അങ്ങോട്ട് ഒന്നും ചോദിയ്ക്കാൻ പോയില്ല.പക്ഷെ ഒടുവിൽ താൻ തന്നെ തോറ്റു കൊടുക്കേണ്ടി വരുമെന്ന് അവന് തോന്നി. പൗമി..... അലോഷി വിളിച്ചുവെങ്കിലും അവൾ ശ്രദ്ധിക്കാതെയിരുന്നു. നിന്റെ വല്യച്ഛന്റെ വിവരം വല്ലതും നീ തിരക്കിയാരുന്നോടി കൊച്ചേ.. അവൻ പിന്നെയും ചോദിച്ചു. അപ്പോളാണ് സത്യത്തിൽ, അവളും അതേക്കുറിച്ച് ഓർക്കുന്നത്. വേഗന്നു ഫോൺ എടുത്തു അവൾ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. പിന്നിൽ നിന്നും കയറി വന്ന ഒരു സഫാരി , അലോഷിയുടെ ബെൻസിൽ തട്ടിയത് പെട്ടന്നായിരുന്നു. കണ്ണടച്ച് തുറക്കും മുന്നേ എല്ലാം കഴിഞ്ഞു.....തുടരും.........