പൗർണമി തിങ്കൾ: ഭാഗം 55
Dec 25, 2024, 08:09 IST
രചന: മിത്ര വിന്ദ
അലമാരയിൽ നിന്ന് പേഴ്സ് എടുക്കാൻ വേണ്ടിതുറന്നപ്പോ ആയിരുന്നു സത്യത്തിൽ അലോഷി ഞെട്ടിയത്. ഇപ്പോ താഴെവീണ് പൊട്ടിപ്പോയേനെ. ശോ... എന്റെ കൊച്ചിന് ഇത് കൊടുക്കാനും കഴിഞ്ഞില്ല.കഷ്ടം... മുംബൈയ്ക്ക് പോയപ്പോൾ, ആദ്യമായി അവൻ പൗർണമിക്ക് വാങ്ങിയ ഒരു ചെറിയ ഗിഫ്റ്റ് ആയിരുന്നു അത്.. ഒരു ഉണ്ണിക്കണ്ണന്റെ കുഞ്ഞു വിഗ്രഹം. ഒപ്പം ഒരു നിലവിളക്കും, തട്ടവും.. താനും കാത്തുവും കുരിശു വരച്ചു കൊണ്ടിരിക്കുമ്പോൾ, പൗർണമി കണ്ണടച്ച് പ്രാർത്ഥിക്കുന്നത് കാണാം. ഹിന്ദുക്കൾ സാധാരണ നിലവിളക്ക് കൊളുത്തി ആണല്ലോ പ്രാർത്ഥിക്കുന്നത്, അത് ഒരെണ്ണം വാങ്ങി കൊടുക്കണമെന്ന് ഓർത്തിരുന്നു. പിന്നീട് പക്ഷേ ആ കാര്യം വിട്ടുപോയി..മുംബൈയിലെ ഹോട്ടലിൽ താമസിച്ചപ്പോഴാണ്, അവിടുത്തെ റിസപ്ഷനിൽ രാവിലെ വിളക്ക് കൊടുത്തിരിക്കുന്നത് കണ്ടത്. ഫ്രണ്ട് ആയ വിഘ്നേഷ് ശിവനുമൊത്ത് ജസ്റ്റ് ഒരു മാളിലേക്ക് കയറിയപ്പോൾ വീണ്ടും നിലവിളക്കിന്റെ കാര്യം ഓർമ്മയിൽ വന്നു. അങ്ങനെ അതും മേടിച്ചപ്പോൾ, ഒരു കുഞ്ഞി കണ്ണനെ കൂടി കണ്ടു. അവൾക്ക് സർപ്രൈസ് ആയിട്ട് കൊടുക്കുവാനായി, കൊണ്ടുവന്നതായിരുന്നു. എന്നാൽ കാത്തുവിന് വയ്യെന്ന് അറിഞ്ഞ് ഓടി വന്നതിനാൽ ഇതൊക്കെ മറന്നു പോയി. ഇപ്പൊ കൊടുക്കണോ ആവോ. അവൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു.. വേണ്ട...ആളിത്തിരി വയലന്റ് ആയിട്ടിരിക്കുന്ന ടൈം അല്ലേ. അതുകൊണ്ട് വൈകുന്നേരം ആവട്ടെ.. കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഐശ്വര്യമായിട്ട് കൈമാറാം.. അതേപോലെതന്നെ അലമാരയിൽ വെച്ച് പൂട്ടിയശേഷം , അലോഷി ഓഫീസിലേക്ക് പുറപ്പെടുവാനായി തന്റെ ബാഗും എടുത്ത് വെളിയിലേക്ക് വന്നു. ഹോളിലെ ഒരു വശത്തായി പനംകുല പോലെ കിടക്കുന്ന നീളൻ മുടി , അഴിച്ചിട്ട്, കുളിപ്പിന്നൽ പിന്നിക്കൊണ്ട് നിൽക്കുകയാണ് പൗമി. പിന്നിലൂടെ ചെന്ന് അവളെ ഒന്ന് ഇറക്ക് പുണർന്ന് ആ മുടിയിലേക്ക് തന്റെ മുഖം ഒളിപ്പിക്കുവാൻ അവനൊരു തോന്നൽ. എന്ത് ചെയ്യാനാ.. പിടിച്ചുനിന്നല്ലേ പറ്റൂ, ഇല്ലെങ്കിൽ തന്നെ കളഞ്ഞിട്ട് പോയാലോ... അവനു ചിരി വന്നു.. തൊട്ടു പിന്നിലായി ഒരു ആളനക്കം പോലെ തോന്നിയതും പൗർണമി തിരിഞ്ഞുനോക്കി.. ചിരിയോടെ നിൽക്കുന്ന അലോഷിയെ കണ്ടതും അവളുടെ മിഴികൾ ചുരുങ്ങി. എന്തൊരു ഐശ്വര്യമാണെന്നോ എന്റെ പൗർണമിപെണ്ണിനെ കാണാന്,, ഇങ്ങനെ മതിയാവോളം നിന്നെ നോക്കി നിൽക്കുവാൻ എനിക്ക് മനസ്സുണ്ട് കേട്ടോ.... ഇത്തിരി കൂടി അവളുടെ അടുത്തേക്ക് വന്നു അലോഷി ആ മിഴികളിലേക്ക് നോക്കി.. പെട്ടെന്ന് തന്നെ പൗർണമി തിരിഞ്ഞ് റൂമിലേക്ക് കയറി. എടി കൊച്ചേ... വേഗം വാ.. വന്നിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്...സമയം വൈകി. അവൻ ഉച്ചത്തിൽ പറഞ്ഞു. കഴിക്കാതെ എന്തായാലും അലോഷി ഇവിടുന്ന് ഇറക്കില്ലെന്ന് അവൾക്കറിയാം. അതുകൊണ്ട് പൗർണമി റെഡിയായിട്ട് ഇറങ്ങി വന്നു നേരെ അടുക്കളയിലേക്ക് പോയി,, രണ്ടു പ്ലേറ്റുകൾ കഴുകിയെടുത്ത് വേഗം തിരിച്ചുവന്നു. അലോഷി വാങ്ങി വെച്ചിരുന്ന അപ്പവും മുട്ടക്കറിയും എടുത്തു പ്ലേറ്റിലേയ്ക്ക് ഇട്ടു.. ഇന്ന് ലഞ്ച് കാന്റീനിൽ നിന്ന് വാങ്ങേണ്ടിവരും, ഞാനൊന്നും ഉണ്ടാക്കിയില്ല. പൗർണമി ഗൗരവത്തിൽ പറയുകയാണ്. അതെന്നാ ഏർപ്പാടാടീ കൊച്ചേ, ഇനിയിപ്പോ ഇച്ചായൻ എന്ത് ചെയ്യും, എനിക്കാണെങ്കിൽ ഈ പുറത്തെ ഫുഡ് കഴിച്ച് തല പെരുത്തിരിക്കുവാ. നീ ഇത്തിരി കഞ്ഞിയും ചമ്മന്തിയും മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നു എനിയ്ക്കതാ ഏറെ ഇഷ്ടം.. ഓഫീസിലേക്ക് പോകുമ്പോൾ കഞ്ഞി കൊണ്ടു പോകാൻ പറ്റുമോ അതൊക്കെ രാത്രിയിലെ ആഹാരമാണ്... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞു. ഹ്മ്മ്.. എന്നാപ്പിന്നെ രാത്രിയിൽ ഉണ്ടാക്കിയാൽ മതി, ഉച്ചയ്ക്ക് നമുക്ക് ക്യാന്റീനിൽ നിന്നും ഫുഡ് വരുത്തിക്കാം. പ്ലേറ്റിലേക്ക് തന്നെ മുഖം കുനിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ് പൗർണമി.. എന്തെങ്കിലുമൊക്കെ ഒന്നു മിണ്ടി പറയെടി പൗമി.. ഇതെപ്പോഴും നീ സീരിയസ് ആയിട്ട് തന്നെ ഇരുന്നാൽ യാതൊരു സുഖവും ഇല്ല കേട്ടോ. ഇത്രയൊക്കെ സുഖം മതി, കൂടുതലായി പോകുന്നതുകൊണ്ടാ ഇച്ചായൻ വിളിച്ചിലെടുക്കുന്നത്. അവൾ പിറു പിറുത്തു. എന്റെ പൊന്നോ.. ഞാൻ സുല്ലിട്ടു കേട്ടോ.. ഇനിയൊന്നും പറയുന്നില്ല.. പോരെ. പിന്നീട് അവനും സൈലന്റ് ആയി. കൂടെക്കൂടെ ഇങ്ങനെ മിണ്ടിപ്പറഞ്ഞിരിക്കുന്നവൻ, ഒന്ന് നിശബ്ദൻ ആയപ്പോഴേ അവൾ അസ്വസ്ഥയായി. ഭക്ഷണം കഴിച്ച എഴുന്നേറ്റ ശേഷം, അലോഷിയുടെ പ്ലേറ്റ് എടുക്കുവാനായി അവൾ തുടങ്ങിയതും, കൈയെടുത്തവൻ വിലക്കി. അതൊന്നും വേണ്ട കൊച്ചേ, ഞാൻ കഴുകിക്കോളാം. അലോഷിച്ചായൻ ഡ്രസ്സ് മാറിയതല്ലേ, ഇനി വെള്ളമോ മറ്റോ പറ്റിയാൽ,,, നീയും, ഓഫീസിലേക്ക് പോകാൻ റെഡിയായിട്ടല്ലേ നിൽക്കുന്നത്,, ഒരു കണ്ണ് ഇറുക്കിക്കൊണ്ട് അവൻ അടുക്കളയിലേക്ക് പോയി. എല്ലാദിവസവും ഇറങ്ങും മുന്നേ അലോഷി രണ്ടുമിനിറ്റ്, തിരുകുടുംബത്തിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നതാണ്. അന്നും പ്ലേറ്റ് ഒക്കെ കഴുകി, തുടച്ചുവെച്ച ശേഷം ,അവൻ ഹോളിലേക്ക് വന്നു.എന്നിട്ട്, പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോൾ, പൗർണമി അവളുടെ ബാഗും തോളിലിട്ടു ഇറങ്ങിയിരിന്നു വാതിൽ പൂട്ടി അലോഷി വന്നപ്പോൾ പൗർണമിയുടെ ഫോണിലേക്ക് അവളുടെ അനുജത്തിയുടെ കോൾ വന്നു. പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു. എന്തൊക്കെയോ സംസാരിച്ച ശേഷം പൗർണമിയുടെ മുഖം തെളിഞ്ഞു വരുന്നത് അലോഷി കാണുന്നുണ്ട്. ഏകദേശം കാര്യങ്ങൾ പിടികിട്ടിയെങ്കിലും ഒന്നുമറിയാത്തതുപോലെ അവൻ അങ്ങനെ മുറ്റത്തേയ്ക്ക് ഇറങ്ങി. ഇച്ചായാ..... പൗർണമി വിളിച്ചതും അലോഷിയൊന്നവളേ നോക്കി അത്രമേൽ സ്നേഹത്തോടെ ആദ്യമായി ആയിരുന്നുതന്റെ പെണ്ണ് വിളിയ്ക്കുന്നതെന്ന് അലോഷിയ്ക്ക് തോന്നി. ഹ്മ്മ്.. എന്താടി പെണ്ണെ.ആകെ സന്തോഷത്തിലാണല്ലോ നീയ് അവൻ അവളെയൊന്നു നോക്കിപറഞ്ഞു പെട്ടന്നവൾ അവന്റെ അടുത്തേയ്ക്ക് വേഗത്തിൽ വന്നു.......തുടരും.........