രുദ്രതാണ്ഡവം: ഭാഗം 6

 

രചന: രാജേഷ് രാജു

എന്നാൽ നിന്റെ കൂട്ടുകാരിയോട് മാര്യാദക്ക് സംസാരിക്കാർ പറയ്... എന്റെ നേരെ കളിക്കാൻ വന്നാലുണ്ടല്ലോ അവളുടെ നാടാണെന്ന് ഞാനങ്ങ് മറക്കും... അവൻ ദേഷ്യത്തോടെ തീർത്ഥയെ നോക്കി.... പിന്നെ മുന്നിൽ നടന്നു... നടക്കുമ്പോൾ അവൻ ഉള്ളിൽ ചിരിക്കുകയായിരുന്നു... "എടീ പുന്നാര മോളേ... നിന്നെ മര്യാദ പടിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ... " അവർ നടന്ന് ബാലന്റെ കടയിലെത്തി... "ബാലേട്ടാ... കുറച്ച് സാധനങ്ങൾ വേണം... " തിർത്ഥ അയാളോട് പറഞ്ഞു... അയാൾ അവളെ നോക്കി ചിരിച്ചു... പിന്നെ രുദ്രനേയും വേണിയേയും നോക്കി... "ആരാ മോളെ പുതിയ വിരുന്നുകാര്... " "പുതിയ വിരുന്നുകാരൊന്നുമല്ല.... പടിഞ്ഞാറേല് പണ്ട് താമസിച്ചിരുന്ന പരമേശ്വരമാമയെ അറിയില്ലേ ബാലേട്ടന്... " "കൊള്ളാം അറിയോന്നോ... ഞാനും പരമുവും നിന്റെ അച്ചനും ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ...എത്ര നാളായി അവനെ കണ്ടിട്ട്... ഇപ്പോൾ എവിടെയാണെന്നാർക്കറിയാം...അവരുടെ ആരാണിവർ... " "പരമേശ്വരമാമയുടെ മകനും മകളുമാണിവർ... "

"ആണോ... എനിക്കു മനസ്സിലായില്ല... ചെറുപ്പത്തിൽ കണ്ടതല്ലേ... അച്ഛനും അമ്മക്കും സുഖമല്ലേ മോനേ... " അയാൾ രുദ്രനോട് ചോദിച്ചു "സുഖമാണ് ചേട്ടാ... അവരും വന്നിട്ടുണ്ട്.." ഉണ്ടോ... എനിക്കവരെയൊന്ന് കാണണം... ഞാനവിടേക്ക് കുറച്ചു കഴിഞ്ഞാൽ വരാം... അവരോട് പറയണേ... "പറയാം ചേട്ടാ... " ബാലൻ അവർക്കുവേണ്ട സാധനങ്ങൾ എടുത്തുകൊടുത്തു... അവർ അതുമായി വീട്ടിലേക്ക് നടന്നു.. പോകുന്ന വഴിയും അമ്പലപ്പറമ്പിലുള്ള മാവിലേക്ക് അവൻ നോക്കി... "എന്താണ് ചേട്ടാ ആ മാവും ചേട്ടനുമായി എന്തെങ്കിലും ബന്ധമുണ്ടോ... ? " വേണി ചോദിച്ചു.. അതിനവനൊന്ന് മൂളി... അവന്റെ മനസ്സിൽ എന്തോ ഒന്ന് അലട്ടുന്നതായി അവർക്കു തോന്നി... വീട്ടിലെത്തിയ അവർ സാധനങ്ങളെല്ലാം... അടുക്കളയിൽ കൊണ്ടുപോയിവെച്ചു... പിന്നെ ഹാളിലേക്ക് നടന്നു "അച്ഛാ... ഇവിടെ കട നടത്തുന്നയാൾ അച്ഛന്റെ കൂട്ടുകാരനാണല്ലേ... " വേണി ചോദിച്ചത് മനസ്സിലാവാതെ പരമേശ്വരൻ വാരിജാക്ഷൻനായരെ നോക്കി.. അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി...

"നമ്മുടെ ബാലന്റെ കാര്യമാണ് മോള് പറഞ്ഞത്.. " ഏത്... ഇല്ലിക്കലെ ബാലനോ... "അതെ... അവൻ തന്നെ... നിന്റേയും അരവിന്ദന്റേയും കൂട്ടുകാരൻ... " വാരിജാക്ഷൻനായർ പറഞ്ഞത് കേട്ട് അയാൾ സന്തോഷത്തോടെ വാരിജാക്ഷൻനായരെ നോക്കി... "എനിക്കവനെയൊന്ന് കാണണം... ഞാനവിടെയൊന്ന് പോയിവരാം..." അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങി... "അത് വേണ്ടച്ഛാ... അയാൾ കുറച്ചുകഴിഞ്ഞ് ഇവിടേക്കു വരും... " സത്യമാണോ..... എത്രകാലമായി അവനെയൊന്ന് കണ്ടിട്ട്... അന്ന് അവന്റെ മകൻ മരിച്ചതിൽപ്പിന്നെ അവൻപുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു... അതിനിടയിൽ ഞങ്ങൾഇവിടെനിന്ന് പോയ കാര്യവും അവനെ അറിയിക്കാനും പറ്റിയില്ല... അതിനവന് എന്നോട് ദേഷ്യം കാണും... അതുപോലെ തന്നെയായിരുന്നു ന്റെ രുദ്രന്റെ കാര്യവും ബാലന്റെ മകനും ഇവരും ഇണപിരിയാൻ പറ്റാത്ത കൂട്ടുകാരനായിരുന്നു... അന്ന് ഇവരും മറ്റുകൂട്ടികളുമായി അമ്പലപ്പറമ്പിലുള്ള മാവിൽ നിന്ന് മാമ്പഴം പറക്കുമ്പോൾ പിടി വിട്ട് താഴെ വീഴുകയായിരുന്നു ആ കുട്ടി... ഒരു കല്ലിൽ തലയിടിച്ചു വീണ ആ കുട്ടി ഹോസ്പിറ്റലിലെത്തുംമുന്നേ മരിച്ചിരുന്നു... അതിവനൊരു ഷോക്കായിരുന്നു.. പതിയെ എല്ലാം ശരിയായതാണ്... "

പരമേശ്വരൻ പറയുന്നത് കേട്ട് തീർത്ഥയും വേണിയും രുദ്രനെ നോക്കി... അവൻ താഴോട്ട് നോക്കിയിരിക്കുകയായിരുന്നു... "അപ്പോൾ അതാണ് ഇയാൾ ആ മാവിലേക്ക് നോക്കിയിരുന്നത്..." തീർത്ഥ വേണിയെ നോക്കി... അവൾ അപ്പോഴും രുദ്രനെ നോക്കിയിരിക്കുകയായിരുന്നു... അല്ലാ... ഇങ്ങനെ സംസാരിച്ചിരുന്നാൽ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാനുണ്ടാവില്ല... ഞങ്ങളതിന്റെ പണി നോക്കട്ടെ... അംബിക എഴുന്നേറ്റ് തീർത്ഥയേയും വേണിയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു... ഉച്ചക്ക് ഭക്ഷണം കഴിച്ച് ഹാളിൽ ഇരിക്കുമ്പോഴാണ് ബാലൻ അവിടേക്ക് വന്നത്... അയാളെ കണ്ട് പരമേശ്വരൻ ഓടിച്ചെന്നു... "ബാലാ.. എത്രനാളായെടാ നിന്നെയൊന്ന് കണ്ടിട്ട്...." പരമേശ്വരൻ അയാളെ കെട്ടിപ്പിടിച്ചു.. "എവിടെയായിരുന്നെടാ നീ... എത്ര അന്വേഷിച്ചെന്നറിയോ നിന്നെ... എന്റെ ഈ ജന്മത്തിൽ നിന്നെ കാണുമെന്ന് കരുതിയില്ല.... ഏതായാലും ഇപ്പോൾ കാണാൻ പറ്റിയല്ലോ" ബാലൻ തന്റെ കണ്ണു തുടച്ചു... അവർ അവിടെയിരുന്നു...തന്റെ കാര്യങ്ങളെല്ലാം പരമേശ്വരൻ ബാലനോട് പറഞ്ഞു...

"പരമൂ... നിനക്ക് ഇവിടെയെവിടെയെങ്കിലും ഒരു വീട് നോക്കിക്കൂടെ... എന്നാൽപ്പിന്നെ നിന്നെ ഞങ്ങൾ ക്കെല്ലാം എപ്പോഴും കണ്ടൂടേ... ഇത് നീ ജനിച്ചുവളർന്ന നാടല്ലേ... " ബാലൻ അവനോട് ചോദിച്ചു... "ആഗ്രഹമില്ലാഞ്ഞിട്ടല്ല... ഇതേ കാര്യം അംബികയും രുദ്രനും പലപ്പോഴും പറഞ്ഞ കാര്യമാണ്... പക്ഷേ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു... ഇപ്പോൾ എനിക്കും അതിനാഗ്രഹമുണ്ട്... പക്ഷേ അതിനു പറ്റിയ ഒരു സ്ഥലം വേണം... അതല്ലെങ്കിൽ ഏതെങ്കിലുമൊരു വീട് കിട്ടിയാലും മതി... ഇതെല്ലാം പെട്ടന്ന് നടക്കുന്ന കാര്യമല്ല... നമുക്കു നോക്കാം... " "നല്ലൊരു വീടും പറമ്പും ഇവിടെ കൊടുക്കാനുണ്ടെന്ന് എന്നോട് ഒരാൾ പറഞ്ഞിരുന്നു... പക്ഷേ നല്ല വില നൽകേണ്ടിവരും... ദൂരെയൊന്നുമല്ല... ഇവിടെയടുത്തുതന്നെയാണ്... നിന്റെ പഴയവീടുതന്നെ... അതു കൊടുക്കുന്നുണ്ട്... അതെടുത്തവർ ഇവിടെനിന്ന് മകന്റെയടുത്തേക്ക് പോയി.. അവർക്കിതിന് നോക്കാനൊന്നും സമയമില്ല... നീയെന്തു പറയുന്നൂ... " ബാലൻ പറഞ്ഞത് കേട്ട് പരമേശ്വരൻ സന്തോഷത്തോടെ രുദ്രനെ നോക്കി... "അതിന് വിലയെത്ര വരുമെന്ന് അന്വേഷിക്കൂ ബാലേട്ടാ..

നമ്മുടെ പരിധിയിൽ നിൽക്കുന്ന വിലയാണെങ്കിൽ നമുക്കു നോക്കാം... " രുദ്രൻ പറഞ്ഞു "എന്നാൽ ഞാനവരെ വിളിച്ചു നോക്കട്ടെ... എന്നിട്ട് നിങ്ങളെ അറിയിക്കാം.. നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തന്നേക്കൂ... " രുദ്രൻ തന്റെ ഫോൺ നമ്പർ അയാൾക്കു കൊടുത്തു... കുറച്ചുനേരംകൂടി സംസാരിച്ചതിനുശേഷം ബാലൻ തിരിച്ചുപോയി.... വൈകീട്ടോടെ രുദ്രനും കുടുംബവും അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി... ബാലൻ രുദ്രനെ വിളിച്ച് പടിഞ്ഞാറേലെ വീടിന്റെ കാര്യമെല്ലാം പറഞ്ഞു... അവരത് വാങ്ങിച്ചു... തങ്ങൾ താമസിച്ചിരുന്ന വീടും സ്ഥലവുമെല്ലാം വിറ്റു.. ഇവിടേക്ക് താമസം മാറ്റി... ഈ സമയത്താണ് തേവള്ളിയിൽ സേതുമാധവന്റെ മകൻ വിശാൽ നാട്ടിലെത്തിയത്... മുംബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലികിട്ടി നാലുമാസം മുമ്പാണ് അവൻ പോയത്.. അവൻ വന്ന അന്നുരാത്രി അവിടെയുള്ളവരെല്ലാം അവന്റെ മുബൈയിലെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അവന്റെ വിവാഹക്കാര്യവും എടുത്തിട്ടു... "അച്ചൂ.. നിന്നോട് ഒരുകാര്യം പറയാനിയുണ്ട്.... ഞങ്ങൾ നിന്റെ വിവാഹമങ്ങ് തീരുമാനിച്ചു... " സേതുമാധവൻ പറഞ്ഞതുകേട്ട് അവനൊന്ന് ഞെട്ടി... "അച്ഛാ... അതിപ്പോൾ പെട്ടന്ന്.... "

"ഇന്ന് പോയി കെട്ടണമെന്ന് പറഞ്ഞില്ലല്ലോ... നീ പോകുന്നതിനു മുമ്പ് എല്ലാമൊന്ന് ഉറപ്പിച്ചിടണം... അടുത്ത ലീവിന് വരുമ്പോൾ നടത്താലോ... " ഹരിഗോവിന്ദനാണ് അത് പറഞ്ഞത്... "അതിന് എനിക്കിനി അവിടേക്ക് പേകേണ്ടല്ലോ... എനിക്ക് അവരുടെ ഇവിടുത്തെ ബ്രാഞ്ചിലേക്ക് മാറ്റം കിട്ടി... ഇനി ദിവസവും ഇവിടെനിന്ന് പോയാൽ മതി..." "അതു നല്ലകാര്യമാണല്ലോ... അപ്പോൾ എല്ലാം നമുക്കനുകൂലമായിട്ടാണ് വരുന്നത്... ഇനി നിന്റെ വിവാഹംകൂടി കഴിഞ്ഞാൽ എല്ലാം നമ്മുടെ വരുതിയിൽ വരും... " ഹരിഗോവിന്ദൻ പറഞ്ഞു "നിങ്ങൾ എന്താണ് ഉദ്ദേശ്ശിക്കുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ലാ..." "എന്ത്...നിന്റെ വിവാഹക്കാര്യമാണോ മനസ്സിലാവാത്തത്... " അതല്ല... നിങ്ങൾ എന്റെ വിവാഹത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്... വേറൊന്നുമല്ല... നിനക്കറിയുന്ന കാര്യമല്ലേ... ഞങ്ങൾക്കൊരു പെങ്ങളുണ്ടായിരുന്ന കാര്യം... അവൾ ഞങ്ങളെ നാണം കെടുത്തി ഒരുത്തന്റെ കൂടെ ഒളിച്ചോടിയതും നിനക്കറിയാം... എന്നാൽ ഞങ്ങളുടെ അച്ഛനുമമ്മയും മരിക്കുന്നതിന് മുമ്പ് നമ്മുടെ തറവാടും ആ കാണുന്ന സ്വത്തുക്കളും അവളുടെ പേരിൽ എഴുതിവച്ചിരുന്നു... അത് നമ്മുടെ കയ്യിൽ നിന്നുപോയാൽ പിന്നെ ആണുങ്ങളാണെന്ന് പറഞ്ഞ് നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമെന്താണ്....

ആ സ്വത്തിന്റെ കാര്യം അവളുടെ ഭർത്താവിന്റെ അച്ഛനുമമ്മയും എങ്ങനെയോ അറിഞ്ഞിരിക്കുന്നു.. ആ അവകാശം ചോദിച്ച് അവർ വന്നിരുന്നു.. " ഹരിഗോവിന്ദൻ പറഞ്ഞു... അങ്ങനെയൊന്നുണ്ടെങ്കിൽ അത് അവർക്ക് നൽകണം... അവർ മരിച്ച സ്ഥിതിക്ക് അവർക്കൊരു മകളുണ്ടല്ലോ... അത് അവൾക്ക് അവകാശപ്പെട്ടതല്ലേ... അത് കൊടുക്കേണ്ട കടമ നമ്മുടേതാണ്... അവർ കേസിനുപോയാൽ നമ്മൾ കുടുങ്ങും... അതെല്ലാം ഞങ്ങൾക്കറിയാവുന്നതാണ്... പക്ഷേ ആ സ്വത്ത് ഒന്നുംരണ്ടും രൂപയുടെ മുതലല്ലാ... കോടികൾ ആസ്തി വരുന്നതാണ്... അതുകൊണ്ട് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഞങ്ങളൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്... അവളുടെ മകളെ നിന്നെക്കൊണ്ടു കെട്ടിക്കാൻ തീരുമാനിച്ചു... അപ്പോൾ ആ സ്വത്ത് നമ്മുടെ കയ്യിലെത്തുകയും ചെയ്യും... " സേതുമാധവനാണ് പറഞ്ഞത്.... വിശാൽ എന്തോ ആലോചിച്ചുകൊണ്ട് എഴുന്നേറ്റു പിന്നെ എല്ലാവരേയും നോക്കി... സംഗതിയൊക്കെ നല്ലതാണ്... പക്ഷേ അവളെ ആര് കല്യാണം കഴിക്കും... എന്നെക്കൊണ്ട് ഏതായാലും പറ്റില്ല... കാരണം അവൾ എനിക്കെന്റെ സഹോദരിയാണ്... ആ സ്ഥാനമാണ് ഞാനവൾക്ക് കൊടുത്തത്... ഇനിയത് അങ്ങനെത്തന്നെ മുന്നോട്ടു പോകും... "അച്ചൂ.... "

സേതുമാധവൻ ദേഷ്യത്തോടെ അവനെ വിളിച്ചു.. അലറണ്ടാ... ഞാൻ പറഞ്ഞത് സത്യമാണ്... നിങ്ങൾക്കാർക്കും അവളെ അറിയില്ലെങ്കിലും എനിക്കവളെ അറിയാം... എന്റെയൊരു കൂട്ടുകാരൻ വഴി എനിക്കവളെ അറിയാം... അവൾക്കെന്നേയും അറിയാം.. പക്ഷേ അവളുടെ മുത്തശ്ശനും മുത്തശ്ശിക്കും അറിയില്ല... അവളോട് ഞാൻ പറയേണ്ടെന്നും പറഞ്ഞിരുന്നു... പിന്നെ എന്റെ വിവാഹക്കാര്യം... അതെന്നോ തീരുമാനിച്ചതാണ്.... ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്... നിങ്ങൾ കരുതുന്നതുപോലെ വലിയ സ്വത്തുള്ള തറവാട്ടിലേതല്ല അവൾ... ഒരു പാവം വീട്ടിലെ കുട്ടിയാണത്... നിങ്ങൾ ഈ പറയുന്ന പെങ്ങളുടെ മകളുടെ കൂട്ടുകാരിയാണത്... പേര് ദേവിക... കഴിഞ്ഞ ഒരു വർഷമായി ഞാനുമവളും ഇഷ്ടത്തിലാണ്... അവളെയല്ലാതെ മറ്റൊരുത്തി എന്റെ ജീവിതത്തിലില്ല... " അതും പറഞ്ഞ് അവൻ തന്റെ മുറിയിലേക്ക് നടന്നു "അച്ചൂ... ഒന്നു നിന്നേ... " സേതുമാധവൻ അവനെ വിളിച്ചു... അവൻ നിന്നു.. എന്റെ മോൻ പറയുന്നകാര്യമെല്ലാം ഇവിടെ നടക്കുമെന്ന് തോന്നുന്നുണ്ടോ... ഈ സേതുമാധവൻ മനസ്സിൽ ഒരു കാര്യം നിനച്ചാൽ അത് നിറവേറ്റിയിട്ടേയുള്ളു... അതിന് ആര് എതിരുനിന്നാലും അതെല്ലാം കടക്കൽവെച്ച് വെട്ടിമാറ്റിയിട്ടുണ്ട്... അത് സ്വന്തം മോനാണെങ്കിൽ പോലും...

"അറിയാം.... അങ്ങനെ പണ്ട് നിങ്ങൾ ഏട്ടനും അനിയനുംകൂടി വെട്ടിമാറ്റിയതല്ലേ പലതും... ഞാൻ എല്ലാം വിളിച്ചു പറഞ്ഞാലുണ്ടല്ലോ... എന്റെ അമ്മയും ചെറിയമ്മയും നിങ്ങളോട് എങ്ങനെ പെരുമാറുമെന്ന് അറിയാലോ.... നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ... പക്ഷേ അതിലേക്ക് എന്നെയും തീർത്ഥയേയും വലിച്ചിഴക്കരുത്... ഓ തീർത്ഥ അരാണെന്നാവും നിങ്ങളുടെ മനസ്സിൽ... അത് നിങ്ങളുടെ പെങ്ങളുടെ മകളുടെ പേരാണ്... മാളുട്ടി എന്നു വിളിക്കും... " വിശാൽ അയാളുടെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ച് അകത്തേക്ക് നടന്നു... അവൻ പറഞ്ഞതെല്ലാം കേട്ട് സ്തംഭിച്ച് നിൽക്കുകയായിരുന്നു സേതുമാധവൻ... അയാൾ തിരിഞ്ഞ് മറ്റുള്ളവരെ നോക്കി... അവർ അയാളേയും നോക്കിനിൽക്കുകയായിരുന്നു... എന്തു പറഞ്ഞു ഏട്ടാ അവൻ... നമ്മുടെ പദ്ധതികൾ നടക്കുമോ... ഹരിഗോവിന്ദൻ ചോദിച്ചു സേതുമാധവൻ ഹരിഗോവിന്ദനെയൊന്ന് നോക്കി മുറിയിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ അടുത്തദിവസം രുദ്രൻ ഓഫീസിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു.... മോനെ നീ പോകുമ്പോൾ വേണിയേയും മാളുട്ടിയേയും അവരുടെ കോളേജിലൊന്ന് ഇറക്കിയേക്ക്... നീയേതായാലും ആ വഴിക്കല്ലേ പോകുന്നത്... "അതെന്താ അവർക്ക് ബസ്സിൽ പൊയ്ക്കൂടേ... " "നീ ഞാൻ പറയുന്നതനുസരിച്ചാൽ മതി...

അവർ നിന്റെകൂടെ വന്നാൽ ആകാശമൊന്നും ഇടിഞ്ഞുവീഴില്ലല്ലോ... " അംബിക അവനോട് ദേഷ്യപ്പെട്ടു... "അതല്ല അമ്മേ... വേണിയെ കൊണ്ടുപോകുന്നതിനല്ല കുഴപ്പം... മാളുട്ടിയെ കൊണ്ടുപോകുന്നതിനാണ്... ആരെങ്കിലും കണ്ടാൽ അതുമിതും പറയും... " "ആരെന്തു പറയുമെന്നാണ് നീ പറയുന്നത്... അവൾ ഒറ്റക്കല്ലല്ലോ നിന്റെ കൂടെ വരുന്നത് വേണിയുമില്ലേ... ഇനി അവളൊറ്റക്കാണെങ്കിലും എന്താ കുഴപ്പം... അന്ന് വേണിയുടെ പിറന്നാളിന്റെയന്ന് നീയവളെ ഒറ്റക്കല്ലേ വീട്ടിലേക്ക് കൊണ്ടുചെന്നാക്കിയത്... നിനക്കു പറ്റില്ലെങ്കിൽ അതു പറഞ്ഞാൽ മതി... വെറുതെ നാട്ടുകാരുടെമേൽ കുറ്റം ചാരേണ്ട... " അംബിക തിരിഞ്ഞു നടന്നു... അത് കണ്ട് അവനൊന്ന് ചിരിച്ചു... ഉമ്മറത്തേക്ക് ചെന്ന രുദ്രൻ വേണിയോട് സംസാരിക്കുന്ന അംബികയുടെ അടുത്തേക്ക് ചെന്നു... "ഇനി ഞാൻ കൊണ്ടുവിടാത്തതുകൊണ്ട് ഇവരുടെ പഠനം മുടങ്ങേണ്ടാ... വേണി അവളെ വിളിച്ചുകൊണ്ടു വാ... " "വേണ്ട നിന്റെ വണ്ടിയിൽ ഇവർ കറയിട്ട് നിനക്ക് പേരുദോഷം ഉണ്ടാവേണ്ട... അവർ ബസ്സിൽ പൊയ്ക്കോളും..." അംബിക പറഞ്ഞു

"എന്നാലങ്ങനെയാവട്ടെ... ഇനി ഞാനവരെ കൊണ്ടുവിട്ടില്ല എന്നു പറയരുത്... വേണമെങ്കിൽ വന്ന് കയറിക്കോ..." അവൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു... വേണി അംബികയെ നോക്കി.. അവർ തലയൊന്നാട്ടി... അവൾ കാറിൽ കയറി... എന്താടീ നിന്റെ കൂട്ടുകാരിയില്ലേ കൂടെ... അവൻ ചോദിച്ചു... അവളുടെ വീടിനുമുന്നിലൂടെയല്ലേ പോകുന്നത്... അവൾ അവിടെനിന്നു കയറിക്കോളും... " രുദ്രൻ വണ്ടിയെടുത്തു... പോകുന്ന വഴിയിൽ തീർത്ഥയേയും കയറ്റി.... പോകുന്ന വഴിയേ വേണിയും തീർത്ഥയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു... രുദ്രൻ ആ ഭാഗത്തേക്ക് മൈന്റ് ചെയ്തില്ല.... "എന്താടീ നിന്റെ ഏട്ടനെ രാവിലെത്തന്നെ വല്ല കടന്നലും കുത്തിയോ... മുഖം വല്ലാതെ കനത്തിരിക്കുന്നു... " തീർത്ഥ വേണിയോട് ചോദിച്ചു... ഹാ.. ഇന്ന് പോരുമ്പോൾ വലിയൊരു കടന്നൽ കുത്തി... അതിന്റെതാണിത്... " വേണി പറഞ്ഞു... പെട്ടന്ന് രുദ്രൻ വണ്ടി നിറുത്തി... ദേഷ്യത്തോടെ തിരിഞ്ഞ വരെ നോക്കി.. മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരിക്കാമെങ്കിൽ വണ്ടിയിലിരുന്നാൽമതി...

വെളച്ചിലെടുക്കുകയാണെങ്കിൽ രണ്ടിനേയും തൂക്കി പുറത്തിടും... വണ്ടിയിൽ കയറിയപ്പോൾ തുടങ്ങിയതാണ്... രണ്ടുംകൂടിയുള്ള നായാട്ട്... അവൻ രണ്ടുപേരെയും കനപ്പിച്ചൊന്ന് നോക്കിയിട്ട് കാർ മുന്നോട്ടെടുത്തു... പിന്നീട് പുറകിൽനിന്ന് സംസാരമൊന്നും കേട്ടില്ല... അവൻ ഉള്ളാലെ ഒന്നു ചിരിച്ചു... പെട്ടന്നാണ് അവനത് ശ്രദ്ധിച്ചത്... അവരുടെ കാറിനെ പിന്തുടർന്ന് മറ്റൊരു കാർ വരുന്നത്... അവൻ കാറിന്റെ സ്പീഡൊന്ന് കൂട്ടി... അപ്പോൾ പുറകിലുള്ള കാറും സ്പീഡ് കുട്ടി... രുദ്രൻ അതിനുപോകാൻ സൈഡ് കൊടുത്തു... ആ കാറ് അവരെ ഓവര്‍ടേക്ക് ചെയ്ത് അവരുടെ കാറിന് കുറുകേയിട്ടു... രുദ്രൻ തന്റെ കാർ നിർത്തി... അന്നേരം മുന്നിലുള്ള കാറിൽ നിന്ന് ഒരാളിറങ്ങി... അയാൾ അവരുടെയടുത്തേക്കുവന്നു... അയാളെ കണ്ട് അവർ സ്തംഭിച്ചുനിന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...