സഖീ നിനക്കായ്....💕: ഭാഗം 11

 

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

താൻ വിശ്വസിച്ചതും വിവാഹം കഴിച്ചതും ഒരു ചതിയനെ ആണെന്നോർക്കെ വൃന്ദയുടെ ഉള്ളം നീറിക്കൊണ്ടിരുന്നു... "എന്താ... എന്ത് കൊണ്ടാ ഞങ്ങളുടെ വിവാഹത്തിന് ആരും സമ്മതിക്കാത്തത്...??" സ്പർശ് സർവ്വരെയും നോക്കി... "എന്ത് കൊണ്ട് നടക്കില്ലെന്നോ....?? ഇവൾക്കുണ്ടല്ലോ... ഈ വൃന്ദയ്ക്ക്... ഇവൾക്ക് അമ്മയില്ല..." അംബിക സ്പർശിന് നേരെ തിരിഞ്ഞതും വൃന്ദയുടെ മൂർച്ചയുള്ള നോട്ടം അവരിലേക്ക് നീണ്ടു.... "അ... അതിനിപ്പോൾ എന്താ...?? അമ്മയില്ലാത്തത് വൃന്ദയുടെ കുറ്റമല്ലല്ലോ...." സ്പർശ് വലിഞ്ഞു മുറുകിയ അംബികയുടെ മുഖത്തേക്ക് നോക്കി... "ഓഹ് അപ്പോൾ പ്രേമിക്കുന്ന നേരത്ത് അമ്മ സ്വന്തം സുഖം തേടി പോയ കഥയൊന്നും എൻ്റെ പുന്നാര മോനോട് ഇവള് പറഞ്ഞില്ലേ...??" അംബികയുടെ സ്വരത്തിൽ പരിഹാസം കലർന്നതും ഇതുവരെ അടക്കി നിർത്തിയ സങ്കടം വൃന്ദയിൽ അണ പൊട്ടി... അവൾ വേദനയോടെ സ്പർശിൻ്റെ മുഖത്തേക്ക് നോക്കി... അറിയേണ്ടതെല്ലാം അറിഞ്ഞില്ലേ... പൊയ്ക്കോ ഇവിടുന്ന്...!! അവൾ ഉള്ളിൽ ഉരുവിട്ടു കൊണ്ടിരുന്നു.... "അതിന് അവളുടെ അമ്മയുടെ കാര്യം ഞാൻ വൃന്ദയോടു തിരക്കിയിട്ടുമില്ലല്ലോ..." സ്പർശ് അംബികയുടെ മുഖത്തേക്ക് നോക്കി ശാന്തമായി പറഞ്ഞു...

"എനിക്കിവളെ ഇഷ്ടമാണ്... തിരിച്ചിവൾക്കും... അല്ലാതെ ഇവളുടെ കുടുംബ ചരിത്രം മുഴുവൻ അറിയേണ്ട ആവശ്യമൊന്നും എനിക്കില്ല... പിന്നെ ഇവളുടെ അമ്മ അങ്ങനെ ചെയ്തെന്ന് കരുതി... വൃന്ദയെ എന്തിനാ അതിൻ്റെ പേരിൽ ശിക്ഷിക്കുന്നത്...??" സ്പർശിൻ്റെ സ്വരമുയർന്നു... "നാളെ ഇവളും അത് തന്നെ ചെയ്യില്ലെന്ന് നിനക്കെന്തുറപ്പാ ഉള്ളത്...??" ശങ്കർ ദാസ് ചോദിച്ചു... "അച്ഛാ...." അവൻ നിസ്സഹായതയോടെ വിളിച്ചു... "ഇനീം നീ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് ഞങ്ങൾ സമ്മതിക്കില്ല... ഇവളോടുള്ള ദിവ്യ പ്രേമമൊക്കെ അങ്ങ് അവസാനിപ്പിച്ചിട്ട് ഇവിടുന്ന് വേഗം ഇറങ്ങുന്നതാവും എൻ്റെ മോന് നല്ലത്..." പറഞ്ഞവസാനിപ്പിച്ചതും കോപിച്ചുള്ള അംബികയുടെ നോട്ടം വൃന്ദയിലേക്ക് നീണ്ടിരുന്നു... "അപ്പോൾ ഈ വിവാഹത്തിന് ആർക്കും സമ്മതമല്ലേ...??" സ്പർശ് സർവ്വരേയും നോക്കി... "എനിക്ക് ജീവനുണ്ടെങ്കിൽ ഞാനിതിന് സമ്മതിക്കില്ല..." അംബിക ഉറച്ച സ്വരത്തിൽ പറഞ്ഞു... "അച്ഛാ... അച്ഛനും സമ്മതമല്ലേ..??" "സമ്മതമല്ല..." ശങ്കർ ദാസ് അനിഷ്ടത്തോടെ മുഖം തിരിച്ചു... "ഏട്ടാ... ഏട്ടനോ..??" സ്പർശ് ശ്രാവണിനെ നോക്കി...

"അച്ഛൻ്റെയും അമ്മയുടെയും അഭിപ്രായം തന്നെയാണ് എനിക്കും..." ശ്രാവണിൻ്റെ സ്വരം കനത്തു... "അച്ഛാ അച്ഛന് സമ്മതമല്ലേ അച്ഛൻ്റെ മകളെ ഞാൻ വിവാഹം കഴിക്കുന്നതിൽ...??" സ്പർശ് രാഘവന് നേരെ തിരിഞ്ഞു... "നിൻ്റെ വീട്ടുകാർ പറഞ്ഞത് നീയും കേട്ടതല്ലേ...?? എൻ്റെ ഇളയ മകളും നിൻ്റെ വീട്ടിൽ തന്നെയാണ് കഴിയുന്നത്... നിൻ്റെ അച്ഛനെയും അമ്മയെയും എതിർത്ത് നീ വൃന്ദയെ അവിടേക്ക് വിവാഹം കഴിച്ചു കൊണ്ട് ചെന്നാൽ അതെൻ്റെ വജ്ര മോളുടെ ജീവിതത്തെയും ബാധിക്കും... അതു കൊണ്ട്..." രാഘവൻ പറഞ്ഞ് വന്നത് പാതി വഴിക്ക് നിർത്തിയതും സ്പർശ് സുമിത്രയെ ഒന്ന് നോക്കി... "അമ്മേ അമ്മയ്ക്ക് സമ്മതമാണോ..??" "ഈ വീട്ടിലെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അദ്ദേഹമാണ്... എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല..." സുമിത്ര സ്വരം കനപ്പിച്ച് പറഞ്ഞതും സ്പർശ് പിന്നെ ഒന്നും മിണ്ടിയില്ല... അവൻ ഭവാനിക്കരികിലേക്ക് നടന്നു... "അച്ഛമ്മേ... അച്ഛമ്മയുടെ വൃന്ദയെ ഞാൻ വിവാഹം കഴിക്കുന്നതിൽ അച്ഛമ്മയ്ക്ക് എതിർപ്പുണ്ടോ..??" "എൻ്റെ വൃന്ദ മോളുടെ ഇഷ്ടമാണ് എൻ്റെയും ഇഷ്ടം..."

അവർ പറഞ്ഞതും സ്പർശിൻ്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "ചുരുക്കി പറഞ്ഞാൽ ആർക്കും നമ്മളുടെ രണ്ടു പേരുടെയും വിവാഹത്തിന് സമ്മതമല്ലെന്ന്..." സ്പർശ് അതേ പുഞ്ചിരിയോടെ ഈറൻ മിഴികളോടെ നിൽക്കുന്ന വൃന്ദയെ ഒന്ന് നോക്കി... അവളുടെ കണ്ണുകളിൽ ദയനീയതയുടെയും നിസ്സഹായതയുടെയും സമ്മിശ്ര ഭാവം അലതല്ലി... "വാ വൃന്ദേ..." സ്പർശ് അവളുടെ കൈകളിൽ ഇറുകെ പിടിച്ചതും സ്വയമറിയാതെ വൃന്ദയുടെ പാദങ്ങൾ ചലിച്ചു തുടങ്ങിയിരുന്നു... "എന്താടാ നീയീ കാണിക്കുന്നത്..?? ഇവളെ വിളിച്ചിറക്കി കൊണ്ടു വരാനാണോ നിൻ്റെ ഭാവം...??" അംബിക ദേഷ്യത്തിൽ ചോദിച്ചു.. "അതെ.. ഞാനെവിടെയാണോ അവിടെ എൻ്റെയൊപ്പം വൃന്ദയും ഉണ്ടാകും..." അവൻ്റെ സ്വരം ഉറച്ചതായിരുന്നു... "വിടെടാ അവളുടെ കൈയ്യിൽ നിന്ന്... നീയാരാ ഇവളെ കൊണ്ട് പോകാൻ..??ടീ.. ഏതെങ്കിലുമൊരുത്തൻ വന്ന് വിളിച്ചാൽ നീ അവൻ്റെയൊപ്പം അങ്ങ് പോവോടീ....?? അതെങ്ങനാ തള്ളയുടെ അല്ലേ മോള്... പോയില്ലെങ്കിലേ അത്ഭുതമുള്ളൂ...." രാഘവൻ ദേഷ്യത്തിൽ വൃന്ദയെ നോക്കി പറഞ്ഞതും സ്പർശിൻ്റെ മുഖം വലിഞ്ഞു മുറുകി.... "അതിന് ഞാനിവളുടെ ഏതെങ്കിലുമൊരുത്തൻ അല്ലല്ലോ അച്ഛാ..!!" അവൻ്റെ സ്വരം കനത്തു... സ്പർശ് പൊടുന്നനെ വൃന്ദ ചുരിദാറിനുള്ളിൽ ഒളിപ്പിച്ച താലിയെടുത്ത് പുറത്തേക്കിട്ടു...

അവളുടെ സീമന്തരേഖയെ മറച്ചിരുന്ന മുടിയെ വകഞ്ഞ് മാറ്റി... സർവ്വരുടെയും മിഴികൾ ഞെട്ടലോടെ പതിഞ്ഞത് വൃന്ദയുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്ന താലിയിലേക്കും അവളുടെ നെറുകയിലെ സിന്ദൂരച്ചുവപ്പിലേക്കും ആയിരുന്നു..!! "വൃന്ദയെൻ്റെ ഭാര്യയാണ്...!!" ഉറച്ച സ്വരത്തിൽ സ്പർശ് വിളിച്ചു പറഞ്ഞതും കേട്ടത് വിശ്വസിക്കാനാവാതെ ഏവരും തറഞ്ഞു നിന്നു.. വൃന്ദയുടെ മിഴികൾ നിറഞ്ഞൊഴുകിയതും സർവ്വരും കാൺകെ സ്പർശ് അവളെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു... "അച്ഛൻ പറഞ്ഞതു പോലെ ഏതെങ്കിലും ഒരുത്തൻ വന്നു വിളിച്ചാൽ കൂടെ പോകുന്നവളല്ല അച്ഛൻ്റെ മകൾ...!! എല്ലാ അധികാരത്തോടെയും അവകാശത്തോടെയും തന്നെയാ ഞാനിവളെ വിളിച്ചത്.." സ്പർശ് പറഞ്ഞതും രാഘവൻ്റെ മുഖം വിളറി വെളുത്തു... അംബികയും ശങ്കർ ദാസും കോപത്തോടെ സ്പർശിനെ നോക്കുമ്പോഴും അല്പം മുമ്പ് കേട്ട വാക്കുകൾ തങ്ങളിൽ ഉണ്ടാക്കിയ ഞെട്ടലിൽ നിന്നു മുക്തരാവാനാകാതെ നിൽക്കുകയായിരുന്നു ശ്രാവണും വജ്രയും... "എന്തൊക്കെയാ നീയീ പറയുന്നത്..??" അംബിക സ്പർശിന് നേരെ അലറി...

"സത്യം...!! ഞങ്ങൾ നിയമപരമായി വിവാഹിതരായിട്ട് ദിവസങ്ങളായി... ഞാനിവളുടെ ഭർത്താവാണ്... ഇനീം മുതൽ എന്നും വൃന്ദ എൻ്റെയൊപ്പം ഉണ്ടാവും..." സ്പർശ് വൃന്ദയുടെ കരങ്ങളിൽ ഇറുകെ പിടിച്ച് പുറത്തേക്ക് നടന്നതും ഒന്ന് പ്രതികരിക്കാൻ പോലുമാകെ വൃന്ദ അവനെ അനുഗമിച്ചിരുന്നു.... "എന്തോ കാണാൻ ഇരിക്കുവാ ഇനീം ഇവിടെ....??" ശങ്കർ ദാസ് പല്ലിറുമിക്കൊണ്ട് പുറത്തേക്ക് നടന്നതും ഒന്നും ഉരിയാടാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ അംബികയും ശ്രാവണും വജ്രയും അയാളുടെ പിന്നാലെയായി നടന്നു... "ഏട്ടാ ഏട്ടൻ ബാക്കിലിരുന്നോ.. ഞാനും എൻ്റെ പെണ്ണും ഫ്രണ്ടിലിരിക്കട്ടെ...." ഡ്രൈവിംഗ് സീറ്റിലേക്ക് കയറാനിരുന്ന ശ്രാവണിനെ നോക്കി അതു പറഞ്ഞതിനു ശേഷം സ്പർശ് വൃന്ദയുമായി ഫ്രണ്ട് സീറ്റിലേക്കിരുന്നു.. ശ്രാവൺ ചമ്മിയ മുഖത്തോടെ പിൻസീറ്റിലേക്ക് കയറി... തൊട്ടു പിന്നാലെയായി വജ്രയും അംബികയും ശങ്കർ ദാസും പുറകിലേക്ക് കയറി... ഏവരുടെയും മുഖം ഇരുണ്ടിരുന്നു... സ്പർശ് വൃന്ദയെ നോക്കി ഒരു കുസൃതി ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു... എന്നാൽ പ്രണയം നിറഞ്ഞ അവൻ്റെ നോട്ടങ്ങളെ പാടെ അവഗണിച്ചു കൊണ്ടവൾ പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ടു... യാത്രയിലുടനീളം വൃന്ദയുടെ ഒരു നോട്ടത്തിനു വേണ്ടി സ്പർശ് ആഗ്രഹിച്ചെങ്കിലും അറിയാതെ പോലും തൻ്റെ മിഴികൾ അവനിലേക്ക്‌ പതിയാതിരിക്കാനവൾ ശ്രദ്ധിച്ചു...

താനൊരു കുടുംബ ജീവിതം തുടങ്ങും മുൻപേ വൃന്ദയ്ക്കൊരു ജീവിതം കിട്ടിയതിൽ വജ്രയിൽ ആസ്വാസ്ഥ്യം ഉടലെടുത്തപ്പോൾ താൻ ആഗ്രഹിച്ച പെണ്ണിനെ അനുജൻ സ്വന്തമാക്കിയതിൻ്റെ നിരാശയിലായിരുന്നു ശ്രാവൺ... വീടെത്തിയതും അംബിക മുഖം വീർപ്പിച്ച് ധൃതിയിൽ കാറിൽ നിന്നും ഇറങ്ങിപ്പോയി... തൊട്ടു പിന്നാലെയായി ശങ്കർ ദാസും... വൃന്ദ മെല്ലെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... ഒരു ശില പോലവൾ മുഖം താഴ്ത്തി നിന്നു... "ഏട്ടത്തീ...." ശ്രാവണിനൊപ്പം അകത്തേക്ക് നടക്കാൻ തുടങ്ങിയ വജ്രയെ സ്പർശ് വിളിച്ചതും അവൾ പിൻ തിരിഞ്ഞു... "ചടങ്ങുകളൊക്കെ അതിൻ്റെ മുറയ്ക്ക് തന്നെ നടക്കട്ടെ... എന്തായാലും അമ്മ നിലവിളക്കുമായി വരില്ല... ഏട്ടത്തി പോയി ഒരു നിലവിളക്ക് കത്തിച്ചിങ്ങ് എടുത്തോണ്ട് വാ..." സ്പർശ് കൂളായി പറഞ്ഞതും വജ്രയുടെ ഉള്ളിൽ അരിശം നിറഞ്ഞു... എങ്കിലുമത് പുറമെ പ്രകടിപ്പിക്കാതവൾ മനസ്സില്ലാ മനസ്സോടെ നിലവിളക്കെടുക്കാൻ അകത്തേക്ക് കയറി... വൃന്ദ നിസ്സഹായതയോടെ വജ്ര മറയുന്നതും നോക്കി നിന്നു... ഈ വല്ല്യ വീട്ടിൽ താൻ നേരിടാൻ പോകുന്ന പരീക്ഷണങ്ങൾ എന്തെന്നറിയാതെ............. തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...