സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 49

എഴുത്തുകാരി: ഗൗരി ലക്ഷ്മി ഇരിക്ക് ആതിരേ.. വിമൽ പറഞ്ഞതും ആതിര ഹാളിലുള്ള സോഫയിലേയ്ക്ക് ഇരുന്നു.. അപ്പോഴേയ്ക്കും കിച്ചു അവളുടെ ബാഗുകളും എടുത്ത് അകത്തേയ്ക്ക് വന്നു.. അമ്മേ.. താഴത്തെ
 

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഇരിക്ക് ആതിരേ.. വിമൽ പറഞ്ഞതും ആതിര ഹാളിലുള്ള സോഫയിലേയ്ക്ക് ഇരുന്നു.. അപ്പോഴേയ്ക്കും കിച്ചു അവളുടെ ബാഗുകളും എടുത്ത് അകത്തേയ്ക്ക് വന്നു.. അമ്മേ.. താഴത്തെ മുറി ആതിരയ്ക്ക് കൊടുക്കാം അല്ലെ.. കിച്ചു ചോദിച്ചു. ആ അവിടം ഒതുങ്ങി കിടക്കുകയാണ്.. ഞാൻ ഒന്നുകൂടി തൂത്തുവാരി മാറാലയും അടിച്ചിടാം.. തൽക്കാലം മോൾക്ക് വേണമെങ്കിൽ മുകളിൽ ഞങ്ങളുടെ മുറിയിലെ ബാത്റൂം ഉപയോഗിച്ചോളൂട്ടോ.. രാധിക പറഞ്ഞു.. ആതിര ചെറു പുഞ്ചിരിയോടെ തലയാട്ടി.. താൻ വാ.. ഞങ്ങൾ മുറി കാണിച്ചു തരാം.. വിമൽ ദേവുവിന്റെ കൈപിടിച്ചു പറഞ്ഞു.. അവൾ രാധികയെ നോക്കി.. മോള് ചെല്ല്..

ഞാനപ്പോഴേയ്ക്കും മോൾക്കുള്ള മുറി ശെരിയാക്കിയിടാം.. രാധിക പറഞ്ഞു.. അവൾ ബാഗുമെടുത്തു മുകളിലേയ്ക്ക് നടന്നു.. ഇതാണ് മുറി.. താൻ കുളിച്ചു മാറ്റി വാ.. ഞങ്ങൾ താഴെ കാണും.. വിമൽ പറഞ്ഞു. ആതിര ദേവുവിനെ നോക്കി.. സാധാരണ വാചാലയാകുന്ന പെണ്ണാണ്.. അവൾക്ക് പോലും മൗനം.. ആ മൗനം അവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു.. അവളുടെ പ്രതീക്ഷകളെ അവ കുത്തി നോവിക്കുകയായിരുന്നു.. എന്താടോ.. വിമൽ അനുതാപതോടെ ചോദിച്ചു.. അവൾ ഒന്നുമില്ല എന്നു തലയനക്കി കാണിച്ചു.. വീട്ടിൽ വല്ല പ്രശ്നവും ഉണ്ടോ.. വിമൽ ചോദിച്ചു.. മ്മ്.. ഞാൻ.. ഞാനവിടുന്നിറങ്ങി.. എന്നെന്നേയ്ക്കുമായി.. അവൾ വിഷാദത്തോടെ പറഞ്ഞു.. വിമൽ ഞെട്ടലോടെ അവളെ നോക്കി.. എന്ത് പറ്റി.. അവൻ ചോദിച്ചു.. വിമലേ..

കിച്ചുവിന്റെ വിളി കേട്ടതും ദേവു താഴേയ്ക്ക് ഓടി.. താൻ ഫ്രഷാക്.. എന്നിട്ട് താഴേയ്ക്ക് വാ കേട്ടോ.. വിമൽ പറഞ്ഞു.. ദേവു.. അവൾ ഒരുപാട് മാറി അല്ലെ.. ആതിര ചോദിച്ചു.. അവളുടെ ചികിത്സ നടക്കുകയാ.. അതിന്റെതായ മാറ്റങ്ങൾ അവൾക്കുണ്ട്.. പല സമയത്തും പലതാണ് പെരുമാറ്റം.. ചിലപ്പോൾ ഒരുപാട് കളിച്ചും ചിരിച്ചും അങ്ങോടി നടക്കും.. ചിലപ്പോൾ ഒന്നും മിണ്ടാതെ എവിടെയെങ്കിലും പോയി മാറി ഇരിക്കും.. മറ്റ് ചിലപ്പോൾ വല്ലാത്ത നിർബന്ധമാണ്.. വിമൽ പറഞ്ഞു.. അവളെക്കുറിച്ചു പറയുമ്പോൾ അവന്റെ കണ്ണുകളിലുണ്ടാകുന്ന തിളക്കം അവൾ ശ്രദ്ധിച്ചു.. പ്രണയമാണവന്.. ആ പൊട്ടി പെണ്ണിനോട്.. അതിന്റെ അളവ് എത്രയെന്ന്… ആഴമെത്രയെന്നു ആ കണ്ണുകളിൽ നിന്നറിയാം..

ആ വാക്കുകളിൽ അവ വല്ലാതെ പ്രദിപാദിക്കുന്നുണ്ട്.. ഇതല്ലേ താനും ആഗ്രഹിച്ചത്.. തന്റെ പ്രിയനിൽ നിന്നും.. ഈ ഇഷ്ടമാണോ താൻ അവനിൽ കാണുന്നത്.. ഈ തിളക്കം.. തന്നെ കാണുമ്പോൾ തനിക്കായി മാത്രം വിരിയുന്ന കുസൃതി ചിരി.. അതൊന്നും താൻ അവനിൽ കണ്ടിട്ടേയില്ല.. അവളുടെ ഉള്ളിൽ വല്ലാത്ത വേദന ഉയർന്നു.. ഭദ്രയുടെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു.. അവളെ കാണവേ അവന്റെ കണ്ണിലുണ്ടായ കുസൃതി.. അവന്റെ ചുണ്ടിലുണ്ടായ ചിരി.. അവളെ കാണിക്കുവാൻ തന്നോട് കാണിച്ച അടുപ്പം.. അതവളിൽ പ്രതിഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ചമ്മൽ.. ആതിരയുടെ കണ്ണുകൾ നിറഞ്ഞു.. ആതിരേ.. പെട്ടെന്ന് വിമലിന്റെ വിളി കേട്ടതും അവൾ അവനെ ഞെട്ടലോടെ നോക്കി..

താൻ വിഷമിക്കേണ്ട.. കുളിച്ചു വാ.. ഞങ്ങൾ താഴെ ഉണ്ടാകും.. ഇവിടെ ഒറ്റയ്ക്കിരിക്കേണ്ടാട്ടോ.. അവൻ പറഞ്ഞു.. അവൾ യാന്ത്രികമായി തലയാട്ടി.. അവൻ താഴേയ്ക്കിറങ്ങി പോകുന്നതും നോക്കി അവൾ നിന്നു.. എല്ലാവരും എന്നിൽ നിന്നൊരുപാട് അകന്നുപോയി സൂര്യാ.. ഞാൻ വല്ലാതെ.. വല്ലാതെ ഒറ്റപ്പെടുന്നു.. നിന്റെ സാമീപ്യം ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.. നിന്റെ ഒരു പുഞ്ചിരി.. ഒന്നുമില്ലെടോ എന്നൊരു വാക്ക്.. തനിക്ക് ഞാനില്ലേ എന്നൊരു ചോദ്യം.. ചായാൻ ഒരു തോള്.. ചേർത്തുപിടിക്കാൻ തന്റെ കൈകൾ.. ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു സൂര്യാ.. ഒറ്റയ്ക്കല്ല എന്നു പറഞ്ഞുള്ള തന്റെ ഒരു ചേർത്തുനിർത്തലിൽ എന്നിലെ പെണ്ണൊരുപക്ഷെ എല്ലാ വേദനയും കുറച്ചു നിമിഷത്തേയ്ക്കെങ്കിലും മറന്നേനെ..

അവളുടെ ഹൃദയം അലറിവിളിച്ചു.. കണ്ണുനീരൊപ്പി കുളിച്ചു മാറ്റുവാനുള്ള വസ്ത്രങ്ങളുമെടുത്തവൾ കുളിക്കുവാൻ കയറി.. ഷവറിൽ നിന്ന് വീഴുന്ന ഓരോ തുള്ളി വെള്ളവും അവളുടെ ഹൃദയത്തിലേക്ക് ഇറ്റ് വീഴുന്ന ഹിമകണമാണെന്നു അവൾക്ക് തോന്നി.. കുളിച്ചു കഴിഞ്ഞതും തലയിൽ നിന്നും എന്തോ ചൂടുള്ള വസ്തു ഒഴിഞ്ഞുപോയതുപോലെ അവൾക്ക് തോന്നി.. കുളിച്ചു മാറ്റി ബാഗുമായി താഴേയ്ക്ക് ഇറങ്ങിയതും അവൾ കണ്ടു കിച്ചുവിനോട് തമാശ പറഞ്ഞു ചിരിക്കുന്ന മറ്റൊരു പെണ്കുട്ടിയെ.. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം കാണാൻ സാധിക്കുന്നില്ല.. പക്ഷേ അതാരാണെങ്കിലും അവളുമായി കിച്ചുവിന് നല്ലൊരു ആത്മബന്ധമുള്ളതുപോലെ..

വല്ലാത്ത ഒരപരിചിതത്വം ആതിരയ്ക്ക് ഫീൽ ചെയ്തു.. ഡോ.. പെട്ടെന്ന് വിമൽ വിളിച്ചതും ആതിര തിരിഞ്ഞുനോക്കി.. അപ്പോഴേയ്ക്കും ആ പെണ്കുട്ടിയും തിരിഞ്ഞു നോക്കിയിരുന്നു.. ആഹാ.. താൻ വന്നോ.. വാ.. കിച്ചു പറഞ്ഞതും അവൾ ഇറങ്ങി അവർക്കരികിലേയ്ക്ക് ചെന്നു.. ആ പെണ്കുട്ടിയെ അവൾ നോക്കി കാണുകയായിരുന്നു.. സാരിയാണ് വേഷം.. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ചന്ദനക്കുറിയും.. എവിടെയൊക്കെയോ ഭദ്രയുടെ ഒരു ഛായയുണ്ട്.. നെറ്റിയിലെ സീമന്തരേഖയിലെ ചോരച്ചുവപ്പ് കണ്ടതും അവൾ കിച്ചുവിനെ നോക്കി.. ആരാണെന്നാകും.. മുൻപ് അപ്പുറത്ത് ഒരാളെ കണ്ടില്ലേ.. അത് ഭദ്ര.. ഇത് ഭദ്രയുടെ ചേച്ചിയാണ്.. വൈഷ്ണവി.. വിച്ചു എന്നു വിളിക്കും.. കിച്ചു പരിചയപ്പെടുത്തി..

വിച്ചു ആതിരയ്ക്കായി മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.. തന്റെ ചിരിക്കൊരു തെളിച്ചമില്ലല്ലോ.. ഹേ.. വീട്ടുകാരെ ഓർത്തുള്ള വേദനയാണോ.. വിച്ചു ചോദിച്ചു.. ആതിര ബുദ്ധിമുട്ടി ഒന്നു പുഞ്ചിരിച്ചു എന്നു വരുത്തി.. വിച്ചൂ.. അപ്പോഴേയ്ക്കും ഫോണുമായി ജിഷ്ണു അകത്തേയ്ക്ക് വന്നു.. ദേ ഭദ്രയാ.. താൻ അച്ഛന്റെ കുഴമ്പെടുത്തു മാറ്റിയോ.. ജിഷ്ണു ഫോൺ അവൾക്ക് കൈമാറി അവൻ ചോദിച്ചു.. അയ്യോ മറന്നു.. അവൾ ഫോണും വാങ്ങി പുറത്തേയ്ക്ക് നടന്നു.. ഈയിടെയായി പെണ്ണിന് നല്ല മറവിയാ.. ജിഷ്ണു പറഞ്ഞു.. വിച്ചുമോളെവിടെ.. അപ്പോഴേയ്ക്കും കട്ടൻകാപ്പിയുമായി വന്നു രാധിക ചോദിച്ചു. അവൾ ഫോണുമായി പുറത്തേക്കിറങ്ങി ആന്റി..

ജിഷ്ണു പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ് കട്ടൻ കയ്യിലെടുത്തു.. വിമലും കിച്ചുവും ഓരോ ഗ്ലാസ് കാപ്പി എടുത്തതോടെ താല്പര്യത്തോടെ ദേവുവും ഒരു ഗ്ലാസ് കയ്യിലെടുത്തു. ആതിരമോളെ.. നിനക്ക് പാൽക്കാപ്പിയോ ചായയോ വേണോ.. രാധിക ചോദിച്ചു. വേണ്ട അപ്പച്ചി.. ഞാൻ.. എനിക്കിത് മതി.. അവളും ഒരു ഗ്ലാസ് കയ്യിലെടുത്തു.. അപ്പോഴേയ്ക്കും വിച്ചുവും വന്നു.. അവളും ഒരു ഗ്ലാസ് കയ്യിലെടുത്തു.. രാധിക പുഞ്ചിരിയോടെ അവരോടൊപ്പമിരുന്നു.. ആതിരയ്ക്ക് ജോബ് വിസയാണോ.. ജിഷ്ണു ചോദിച്ചു. ആ അതേ.. മറുപടി പറഞ്ഞെങ്കിലും അവൾ സംശയത്തോടെ തന്നെ നോക്കുന്നത് കണ്ട് വിച്ചു ചിരിച്ചു..

എന്റെ കെട്ട്യോനാടോ.. പിന്നെ ഇന്നാട്ടിലെ ഒരു കുഞ്ഞു എസ് ഐ ആണ്.. വിച്ചു ജിഷ്ണുവിന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.. കിച്ചു പുഞ്ചിരിച്ചു.. അല്ല.. ആതിര അവിടെ പോലീസിൽ കംപ്ലൈന്റ് കൊടുത്തിട്ടില്ലേ.. ജിഷ്ണു ചോദിച്ചു.. ഉവ്വ്.. അവിടെ എന്നെ പൂട്ടിയിട്ടേക്കുകയായിരുന്നു.. ആലോചനയ്ക്ക് മുൻപ് തന്നെ എന്തോ സംശയം എനിക്ക് തോന്നിതുടങ്ങിയിരുന്നു.. അപ്പോഴാ ഒരു കൂട്ടുകാരിയെ കാണാൻ എന്നും പറഞ്ഞു ഞാൻ ചിറ്റൂർ വന്നത്.. അവിടെ സൂര്യൻ വന്നിരുന്നു.. അന്ന് ഞാൻ സൂര്യനോട് എല്ലാം സൂചിപ്പിച്ചതാ.. അവൾ പറഞ്ഞതും വിമലും രാധികയും അവനെ നോക്കി.. അന്ന്.. ഞാൻ കുറച്ചു വൈകി വന്നില്ലേ..

അന്ന്.. കിച്ചു പറഞ്ഞതും വിമൽ പുഞ്ചിരിച്ചു. ആലോചനയായി അത് മുന്നോട്ട് വന്നപ്പോഴേ ഞാൻ എതിർത്തതാ.. പക്ഷെ ആരും എന്റെ വാക്ക് കേട്ടില്ല.. സഹികെട്ടിട്ടാ ഞാൻ.. അവൾ പറഞ്ഞവസാനിപ്പിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. സാരമില്ലെടോ.. വിച്ചു അവളെ ആശ്വസിപ്പിച്ചു.. മോള് പോയിട്ട് വാ.. ആരുമില്ല എന്നൊരു ചിന്ത മനസ്സിൽ വേണ്ട.. ഞങ്ങളൊക്കെയില്ലേ മോൾക്ക്.. രാധിക അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. ജിഷ്ണുവെട്ടാ.. പോകേണ്ടേ.. അമ്മ നോക്കിയിരിക്കും.. വൈകി വാ.. വിച്ചു പറഞ്ഞു.. അയ്യോ.. സമയം ഇത്രേമായോ.. ആന്റി.. കിച്ചൂ..ഇറങ്ങട്ടെ…നാളെ കാണാം.. ജിഷ്ണു വാച്ചിൽ നോക്കി എഴുന്നേറ്റു.. കഴിച്ചിട്ട് പോകാം മക്കളെ.. രാധിക പറഞ്ഞു..

അമ്മ നോക്കിയിരിക്കും ആന്റി.. ജിഷ്ണു പറഞ്ഞു.. രാധിക പുഞ്ചിരിച്ചു. യാത്ര ചോദിച്ചു അവരിറങ്ങി പോകുന്നതും നോക്കി ആതിര ഇരുന്നു.. മോൾക്ക് കഴിക്കാറായോ.. ഇവിടെ ഇപ്പൊ കഴിപ്പോക്കെ ലേറ്റായിട്ടാ.. രാധിക ചോദിച്ചു.. വിശപ്പില്ല അപ്പച്ചി.. ഒന്നു കിടന്നാൽ മതി.. അവൾ പറഞ്ഞു.. ആ അതൊന്നും പറ്റില്ല.. കഴിച്ചിട്ട് കിടക്കാം.. രാധിക തറപ്പിച്ചു പറഞ്ഞു.. ആഹാരം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെയും ഭദ്രയെക്കുറിച്ചുള്ള സംസാരം ഇടയ്ക്കിടെ അവർക്കിടയിലേയ്ക്ക് കയറി വരുന്നത് ആതിര ശ്രദ്ധിച്ചിരുന്നു… അതവളെ നോവിക്കുന്നുണ്ടായിരുന്നു..

അവളുടെ മൗനം എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിലും വീട്ടുകാരെ ധിക്കരിച്ചു വന്നതിന്റെ വേദനയാണ് അവളിലെന്നാണ് അവർ കരുതിയത്.. രാത്രി കിടക്കാൻ നേരം അവളെ കണ്ട് ആശ്വസിപ്പിച്ചായിരുന്നു കിച്ചുവും വിമലും രാധികയും പോയത്.. ദേവു മാത്രം അപ്പോഴും അവളിൽ നിന്നൊരകലം പാലിച്ചു.. ഈറനുള്ള കണ്ണുകളുമായി കിടക്കയിൽ വീഴുമ്പോഴും എന്തോ അവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു.. പ്രിയപ്പെട്ടതെന്തോ തന്നിൽ നിന്നാരോ പറിച്ചെടുക്കാൻ പോകുന്ന വേദന അവളെ തളർത്തുന്നുണ്ടായിരുന്നു..

ആതിരേ.. പിറ്റേന്ന് ഉച്ചയോടെ അവർ എയർപ്പോർട്ടിലേയ്ക്ക് ഇറങ്ങുകയായിരുന്നു.. ദാ എത്തി.. ആതിര വിളിച്ചു പറഞ്ഞു.. ഡോ വെളുപ്പിനെയാ ഫ്‌ളൈറ്റ്.. നേരത്തെ അവിടെ എത്തണം.. തന്റെ അച്ഛൻ വഴിയിൽ എന്താ ഏർപ്പാടാക്കിയേക്കുന്നത് എന്നുമറിയില്ല.. വാ.. വേഗം പോയേക്കാം.. കിച്ചു പറഞ്ഞു.. അപ്പച്ചി പിടിച്ചു നിർത്തിയതാ സൂര്യാ.. അവളതും പറഞ്ഞിറങ്ങി.. അപ്പോഴേയ്ക്കും തൊട്ടു പുറകെ ഒരു കുപ്പി അച്ചാറുമായി രാധിക വന്നു. കൊഞ്ച് അച്ചാറാണ് മോളെ.. ഇത്ര പെട്ടെന്നുള്ള യാത്ര ആയതുകൊണ്ട് വേറൊന്നും ഉണ്ടാക്കാൻ പറ്റിയില്ല.. രാധിക സങ്കടത്തോടെ പറഞ്ഞു..ആതിരയുടെ കണ്ണുകൾ നിറഞ്ഞു..

അവൾ രാധികയെ കെട്ടിപ്പിടിച്ചു.. അവളുടെ കണ്ണുനീർ അവരുടെ തോളിലേയ്ക്ക് വീണു ചിതറി.. അവരാ കുപ്പി മേശമേൽ വെച്ചു.. അയ്യേ.. എന്താ ഇത്.. കരഞ്ഞോണ്ടാണോ ഒരിടത്തേയ്ക്ക് ഇറങ്ങുന്നത്.. പോയി മിടുക്കിയായി വാ.. അവരവളെ തഴുകി. ആതിരേ.. കിച്ചു വീണ്ടും വിളിച്ചു.. ചെല്ലെടോ.. ദേ ഇതുകൂടി വെച്ചോ.. നല്ല സൂപ്പർ അച്ചാറാണ്.. അതും പറഞ്ഞു വിമൽ ആ കുപ്പിയെടുത്തു അവൾക്ക് നൽകി.. അവളത് വാങ്ങി ബാഗിൽ വെച്ചു.. അവനായി നല്ലൊരു പുഞ്ചിരി നൽകി.. പോയി വരാം വിമൽ.. അവൾ പറഞ്ഞു. ഓകെ ഡോ.. അവനും പറഞ്ഞു.. നിങ്ങളുടെ കല്യാണത്തിന് വിളിക്കണം.. എവിടെയാണെങ്കിലും ഞാൻ വരും.. ദേവുവിനെ നോക്കി അവൾ ഉറപ്പോടെ പറഞ്ഞു..

അവൻ പുഞ്ചിരിച്ചു.. ഉറപ്പായും.. അവൻ പറഞ്ഞു.. അവൾ യാത്ര ചോദിച്ചിറങ്ങുമ്പോഴും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ശൂന്യമായ ഭദ്രയുടെ വീട്ട് മുറ്റത്തേക്ക് പാറി വീണിരുന്നു.. കാറിലേക്ക് കയറും മുൻപവൾ ഒരിക്കൽ കൂടി എല്ലാവരെയും നോക്കി.. കണ്ണുകൾകൊണ്ട് യാത്ര ചോദിച്ചവൾ ആ നാടിനോട് വിടപറഞ്ഞു.. ************ കടലിരമ്പം അവളുടെ കാതുകളിൽ ഉയർന്നു കേട്ടു… അവളുടെ അയഞ്ഞ ടോപ്പ് കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു.. വളരെ സിമ്പിളായ ഒരു ജീൻസും ടോപ്പുമായിരുന്നു അവളുടെ വേഷം.. മിതമായ മേക്കപ്പും പോണി ടെയ്ൽ കെട്ടി വെച്ച അവളുടെ നീളൻ മുടിയും കടൽ കാറ്റേറ്റ് പാറി പറക്കുന്നുണ്ടായിരുന്നു..

ആതിര.. പരിചിതമായ ഒരു പുരുഷ ശബ്ദം കേട്ടതും ആതിര തിരിഞ്ഞു നോക്കി.. അഖിൽ.. അവൾ രൂക്ഷമായി അവനെ നോക്കി.. പോകുകയാണ് അല്ലെ.. അവൻ മുഖവുര തീരെയില്ലാത്ത ചോദിച്ചു.. അതേ.. അവളും പറഞ്ഞു.. അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു… കുറ്റബോധം തോന്നുന്നില്ല എനിക്ക്.. തീരെ.. അവൾ പറഞ്ഞു.. എല്ലാം ഞാൻ പറഞ്ഞിരുന്നല്ലോ.. എന്നിട്ടും നിങ്ങൾ വിവാഹത്തിന് സമ്മതിച്ചു.. ആതിര തുടർന്നു.. ഈ കൂടിക്കാഴ്ച തന്നെ സൂര്യന്റെ നിർബന്ധമാണ്.. ആതിര പറഞ്ഞു.. സാരമില്ല.. താൻ പോകും എന്നറിയാമായിരുന്നു.. എന്റെ മുൻപിലും മറ്റ് വഴികൾ ഇല്ലായിരുന്നെഡോ..

അഖിൽ പറഞ്ഞു.. അവൾ അവനെ നോക്കി.. അച്ഛൻ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയുടെ സമുന്നത നേതാവ്.. ആ ലേബലിൽ വളർന്നതുകൊണ്ടാകും എന്നും എന്റെ ജീവിതം എനിക്കൊരു ബന്ധനം ആയിരുന്നു.. എന്റെ ഇഷ്‌ടങ്ങളൊന്നും അന്നുമിന്നും അച്ഛൻ അന്വേഷിച്ചിട്ടുമില്ല നടത്തി തന്നിട്ടുമില്ല.. അവൻ പറഞ്ഞു.. പഠിത്തമോ ആഹാരമോ ഇടുന്ന ഡ്രെസ്സൊ ഷൂവോ പോലും.. എന്തും മറ്റുള്ളവരുടെ ഇഷ്ടത്തിനൊപ്പമുള്ള ജീവിതം.. പ്ലസ് റ്റു കഴിഞ്ഞപ്പോൾ എം ബി ബി എസ് എടുക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.. അത് വേണ്ടാന്ന് പറഞ്ഞു നിർബന്ധിച്ചു ബി ബി എയ്ക്ക് ചേർത്ത് അച്ഛൻ അച്ഛന്റെ വാശി തെളിയിച്ചത് മുതൽ ഞാൻ വല്ലാതെ ഡെസ്പ് ആയി..

അച്ഛനോടുള്ള വാശിയായിരുന്നു എന്റെ ജീവിതം.. അന്ന് വരെ ക്ലാസ് ടോപ്പർ ആയിരുന്ന ഞാൻ അന്ന് മുതൽ ഉഴപ്പി.. നല്ലതുപോലെ.. മദ്യത്തിനും മയക്കുമരുന്നിനും കൂടി അടിമപ്പെട്ടതോടെ ജീവിതം മറ്റൊരു രീതിയിലേക്ക് ഒഴുകി തുടങ്ങിയിരുന്നു..അന്നും ഞാൻ കാണാതെ പോയിരുന്നത് എന്റെ പാവം അമ്മയുടെ കണ്ണുനീർ മാത്രമായിരുന്നു.. ആയിടക്കാണ് എന്റെ ലൈഫിലേയ്ക്ക് അവൾ കടന്നു വരുന്നത്.. ആരതി.. ആതിര അവനെ നോക്കി.. പാവമായിരുന്നു.. എന്നെ ജീവനായിരുന്നു.. അവളുടെ പ്രെസെൻസ് കൊണ്ട് ഞാൻ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു..പക്ഷെ ദൈവം അവളെ എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്തു.. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ..

അതോടെ ഞാൻ വീണ്ടും തകർന്നു.. പഴയതുപോലെയായി.. പക്ഷെ ഒടുവിൽ വീണ്ടുമെന്റെ കണ്ണു തുറപ്പിയ്ക്കുവാൻ എനിക്ക് ദൈവം ആക്സിഡന്റിന്റെ രൂപത്തിൽ ഒരവസരം കൂടി തന്നു.. അന്ന് ഞാൻ കണ്ടു ഉറക്കമില്ലാതെ കരഞ്ഞും പ്രാർത്ഥിച്ചും എനിക്കായി കാവലിരിക്കുന്ന എന്റെ അമ്മയെ.. അമ്മയ്ക്ക് അന്ന് ഞാൻ കൊടുത്ത വാക്കാണ് അമ്മ പറയുന്ന പോലെയാകും ബാക്കിയുള്ള എന്റെ ജീവിതമെന്ന്.. എന്നിട്ടും കുറെ വർഷമെടുത്തു എന്റെ ലൈഫ് ഒന്നു നോർമലാകാൻ.. എംബിഎ കഴിഞ്ഞപ്പോൾ ബിസിനസിലേക്ക് തിരിഞ്ഞു.. ഈയടുത്താണ് അച്ഛൻ തന്റെ വീട്ടിലേയ്ക്ക് വരണം എന്നു പറഞ്ഞത്.

അന്നത് സത്യമായും ഒരു പെണ്ണുകാണൽ ആണെന്ന് എനിക്കറിയില്ലായിരുന്നു.. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നിങ്ങൾ ഒന്നിക്കണം എന്നാ ഞാൻ ആഗ്രഹിച്ചത്.. പിന്നീട് അച്ഛൻ അതൊരു ആലോചനയായി കൊണ്ടുവന്നപ്പോൾ ഞാൻ എതിർത്തതാണ്.. അമ്മ കണ്ണുനീർ കൊണ്ടവിടെയും എന്നെ തോൽപ്പിച്ചു.. താൻ കല്യാണം വരെ നിന്നു കൊടുക്കില്ല എന്ന ഉറപ്പിന്മേൽ ആണ് ഞാൻ വിവാഹത്തിന് സമ്മതിച്ചതും.. അഖിൽ പറഞ്ഞു.. സത്യത്തിൽ ഈ പ്രണയം വല്ലാത്ത ഒരു ഫിലാടോ.. അതിന്റെ ആഴം മനസ്സിലാക്കണം എങ്കിൽ അത് നമ്മളിൽ നിന്നും നഷ്ടപ്പെടുന്നു എന്നൊരാവസ്ഥ വരണം..

ഒരിക്കൽ ആ അവസ്ഥയിൽകൂടി കടന്നു വന്നതുകൊണ്ടാകും ഇന്ന് ഞാൻ ഏറ്റവും പ്രാർത്ഥിക്കുന്നത് നിങ്ങൾ രണ്ടാളും ഒന്നിക്കുവാനാടോ.. അഖിൽ നിറകണ്ണുകളോടെ പറഞ്ഞതും ആതിരയുടെ കണ്ണുകളും നിറഞ്ഞു.. സോറി അഖിൽ. ഞാൻ.. ഞാൻ തന്നെ തെറ്റിദ്ധരിച്ചു.. അവൾ പറഞ്ഞു.. നോ പ്രോബ്ലം.. അവൻ പറഞ്ഞു.. സൂര്യനോട് എല്ലാം പറഞ്ഞോ.. അവൻ ചോദിച്ചു.. ഇല്ല.. ആതിര പറഞ്ഞു.. മാക്സിമം വേഗം കാര്യങ്ങൾ തുറന്നു സംസാരിക്കേടോ.. അവൻ പറഞ്ഞു.. മ്മ്.. അവൾ മൂളി.. അപ്പൊ ഓൾ ദി ബെസ്റ്റ്..

അവൻ അവൾക്ക് കൈ കൊടുത്തു. അവൾ തിരിച്ചും.. അവനെ കണ്ട് യാത്ര പറഞ്ഞു കിച്ചുവിനൊപ്പം കാറിൽ കയറി ഇരിക്കുമ്പോൾ അവളുടെ മനസ്സിലും ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു.. പുഞ്ചിരിയോടെ തന്നെ നോക്കുന്ന കിച്ചുവിനായി ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ പുറത്തേയ്ക്ക് കണ്ണുനട്ടിരുന്നു.. *********** സൂര്യാ.. ഇട്ട്സ് യു.. പെട്ടെന്നുള്ള അവളുടെ വാക്കുകൾ കേട്ട് കിച്ചു അവളെ ഞെട്ടലോടെ നോക്കി.. എന്താ ആതിരേ.. അവൻ ചോദിച്ചു.. ഇറ്റ്‌സ് യു സൂര്യാ.. ഞാൻ പറഞ്ഞില്ലേ ഞാൻ ഒരാളെ വല്ലാതെ സ്നേഹിക്കുന്നു എന്നു.. ഞാൻ പറഞ്ഞില്ലേ അയാളെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും മറ്റൊരാളോടൊപ്പം ജീവിക്കുവാനും എനിക്ക് കഴിയില്ല എന്ന്..

അത് താൻ ആയിരുന്നു സൂര്യാ.. എയർ പോർട്ടിൽ വെയിറ്റിങ് ലോഞ്ചിൽ ആതിരയോടൊപ്പം ഇരിക്കുമ്പോഴും എ സിയുടെ തണുപ്പിലും അവൻ നിന്നു വിയർക്കുന്നുണ്ടായിരുന്നു.. ആതിരേ ഞാൻ.. അവൻ വിക്കി… വേണ്ട സൂര്യാ.. പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം.. തനിക്ക് അങ്ങനെ ഒന്നില്ല എന്നല്ലേ.. തനെന്നെ അങ്ങനെ കണ്ടിട്ടില്ല എന്നല്ലേ. തന്റെ മനസ്സിൽ മറ്റൊരുവൾ ഉണ്ടെന്നല്ലേ.. എനിക്ക് അറിയാം സൂര്യാ.. അവൾ പറഞ്ഞു.. അവനവളെ നോക്കി.. അത്രത്തോളം വേദന അവളുടെ കണ്ണുകളിലുണ്ടെന്നു അവനു തോന്നി..

തുച്ഛമായ ശമ്പളവും വാങ്ങി തന്റെ ചിലവും മറ്റും നോക്കി കയ്യിൽ ഒരു രൂപ പോലും എടുക്കാനില്ലാതെ ആകുന്ന അവസ്ഥയിലും ഫീസെന്നും മറ്റും പറഞ്ഞു അങ്കിളിനെ പറ്റിച്ചു വാങ്ങുന്ന നോട്ടുകളുമായി ചെറു പുഞ്ചിരിയോടെ തന്റെ മുൻപിൽ കുസൃതി ചിരിയോടെ നിൽക്കുന്നവളെ അവനോർമ്മ വന്നു.. നിങ്ങൾ തമ്മിൽ എങ്ങനെയാ ഇഷ്ടത്തിലായെ.. അവൾ ചോദിച്ചു.. അവനൊന്നും മിണ്ടിയില്ല.. ഹാ..സൂര്യാ… ഫ്‌ളൈറ്റിനിനിയും കുറെ ടൈമുണ്ട് പറയ്.. പ്ലീസ്.. അവൾ വേദന മറച്ചൊരു കുഞ്ഞു ചിരിയോടെ പറഞ്ഞു.. അവനവളെ അനുതാപതോടെ നോക്കി.. ആ കുട്ടി.. ആ കുട്ടി പാവമാ അല്ലെ.. അവൾ ചോദിച്ചു.. പവമാണോ എന്നു ചോദിച്ചാൽ..അത്ര പാവമൊന്നുമല്ല.. കിച്ചു പറഞ്ഞു..

അവൾ അവനെ കേൾക്കാനെന്നോണം ഇരുന്നു.. ആദ്യമായി ഞാനവളെ കാണുന്നത് അന്ന് ഞങ്ങൾ ആദ്യമായിട്ട് ആ ഗ്രാമത്തിലെത്തിയ ദിവസമാണ്.. അന്ന് വണ്ടി തടഞ്ഞു പാലിശയ്ക്കായി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഒരു ഗുണ്ടയെ പോലെ ഒരു പെണ്ണ്.. അങ്ങനെയാ തോന്നിയത്.. അവൻ പറഞ്ഞു.. അടിപൊളി.. എന്നിട്ട്.. അവൾ ആകാംഷയോടെ ഇരുന്നു.. കിച്ചു ഭദ്രയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.. അവളെക്കുറിച്ചു പറയുമ്പോൾ അന്നുവരെ അവന്റെ കണ്ണുകളിൽ കാണാത്ത ഒരുതരം തിളക്കം അവന്റെ കണ്ണുകളിൽ നിറയുന്നത് അവൾ കണ്ടു.. അവളെപ്പറ്റി അവൻ വാചലനാകുന്നത് കാണുംതോറും. തന്റെ ഹൃദയം പിടയുന്നത് അവളറിയുന്നുണ്ടായിരുന്നു..

അവളെപറ്റി കേട്ട ഒരോ വാക്കും ആതിരയ്ക്ക് അത്ഭുതമായിരുന്നു. ഒറ്റയ്ക്ക് ജീവിതത്തിനോട് പൊരുതുന്നവളോട്.. ഒറ്റയ്ക്ക് ഒരു കുടുംബത്തിന്റെ താങ്ങും തണലുമായവളോട് ആതിരയ്ക്കും വല്ലാത്ത ബഹുമാനം തോന്നി. ഫ്‌ളൈറ്റിന്റെ അനൗണ്സ്മെന്റ് വന്നതും ആതിര ബാഗുമെടുത്തു എഴുന്നേറ്റു.. പോട്ടെ.. അവൾ അവനോടായി ചോദിച്ചു.. ആതിരേ ഞാൻ.. അവൻ പറയാൻ വന്നതും അവൾ ബാഗ് കസേരയിലേക്ക് വെച്ചു അവനെ കെട്ടിപ്പിടിച്ചു.. ഒന്നെതിർക്കാൻ കഴിയും മുൻപേ നിറകണ്ണുകളോടെ അവൾ അവന്റെ കവിളിൽ എത്തിവലിഞ്ഞു ചുണ്ടമർത്തി.. പോവാ ഞാൻ.. എനിക്ക്.. എന്താ സൂര്യാ.. ഞാൻ പറയേണ്ടത്.. ഇഷ്ടമായിരുന്നു ഒരുപാട്..

പക്ഷെ.. ഇപ്പൊ ഈ നിമിഷം ഒരുപാട് ബഹുമാനത്തോടെ ഞാൻ വിട്ട് തരികയാണ് എന്റെ പ്രണയം.. ഒന്നിക്കേണ്ടത് നിങ്ങൾ തന്നെയാണ്.. അവിടെവന്നു ഭദ്രയെ ആദ്യം കണ്ടപ്പോൾ തന്നെ സൂര്യന് അവളോടുള്ള ഇഷ്ടം എനിക്ക് മനസ്സിലായിരുന്നു..എല്ലാം മറച്ചുവെച്ചുകൊണ്ട് എനിക്ക് വേണമെങ്കിൽ പോകാമായിരുന്നു.. പക്ഷെ എല്ലാം തുറന്നു പറഞ്ഞിട്ട് പോകണം എന്ന് തോന്നി.. അതാ ഞാൻ.. പോട്ടെ.. അവൾ പറഞ്ഞു.. മറുപടിയില്ലാതെ അവൻ തലയനക്കി.. അവൾ ബാഗുമെടുത്തു പോകുന്നതിനിടയിലും പലവട്ടം അവൾ തിരിഞ്ഞു നോക്കിയിരുന്നു.. അവനെയുപേക്ഷിച്ചു തന്റെ സ്വപ്നങ്ങളുപേക്ഷിച്ചു അവൾ യാത്രയാകുമ്പോൾ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള യാത്ര അവനും ആരംഭിക്കുകയായിരുന്നു..

ആ.. പറയെടാ.. കിച്ചു കോൾ കണക്റ്റ് ചെയ്തു ചോദിച്ചു.. എവിടെയെത്തി കിച്ചൂ.. വിമൽ ചോദിച്ചു.. ഞാനിപ്പോ ഹൈവേയിലാ.. കിച്ചു പറഞ്ഞു.. ആതിര പോയോ.. വിമൽ ചോദിച്ചു.. മ്മ്.. കിച്ചു മൂളി.. നീ എന്തെങ്കിലും കഴിച്ചോ.. വിമൽ ചോദിച്ചു.. മ്മ്.. കഴിച്ചു.. അല്ല നിങ്ങൾ കഴിച്ചോ.. കിച്ചു ചോദിച്ചു.. ആ കഴിച്ചു.. അപ്പൊ ശെരി.. സൂക്ഷിച്ചു വണ്ടി ഓടിക്കണേ.. വിമൽ പറഞ്ഞു.. ഓകെ ടാ.. കിടന്നോ.. ഞാൻ വരുമ്പോൾ ലേറ്റാകും.. കിച്ചു പറഞ്ഞു.. ഓകെ.. വിമൽ ഫോൺ വെച്ചതും കിച്ചു വണ്ടി മുൻപോട്ടെടുത്തു.. സ്റ്റീരിയോയിൽ നിന്നു വരുന്ന പാട്ടിന്റെ ഈണത്തിനനുസൃതമായി ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്നതിനിടയിലെപ്പോഴോ മുൻപിൽ നിന്നു വന്ന അപകടത്തെ അവൻ ശ്രദ്ധിക്കാതെ പോയിരുന്നു..

വലിയൊരു ശബ്ദത്തോടെ അവന്റെ കാറിലേക്ക് ആ ലോറി ഇടിച്ചതും വണ്ടി പിന്നോട്ട് തെറിച്ചുമാറി കറങ്ങി ഒരു പോസ്റ്റിലേക്ക് ഇടിച്ചു നിന്നിരുന്നു.. ശരീരം നുറുങ്ങുന്ന വേദനയിലും മരണവെപ്രാളത്തിനിടയിലും കിച്ചുവിന്റെ ഉള്ളിൽ രാധികയുടെയും ദേവുവിന്റെയും മുഖം നിറഞ്ഞുനിന്നിരുന്നു.. കണ്ണുകളിലേക്ക് പടർന്നു കയറിയ ഇരുട്ടിനിടയിലും ലോറിയുടെ സൈഡ് സീറ്റിൽ നിന്നും തല പുറത്തേയ്ക്കിട്ടു നോക്കുന്ന വിഷ്ണുവിന്റെ ക്രൂരമായ പുഞ്ചിരിയുള്ള മുഖം അവൻ കണ്ടിരുന്നു…..തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 48