ശിവമയൂഖം: ഭാഗം 25

 

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഞാനും ഇത് ഉദ്ദേശിച്ചാണ് വന്നത്... അന്നൊക്കെ ഇവിടെ വരുമ്പോൾ ആ വീടിനടുത്തുള്ള നെല്ലിമരത്തിനുചുവട്ടിൽ ഞാനും ശിവനും ആദിയുമെല്ലാം എത്രനേരം ഇരുന്നെന്ന് അറിയില്ല... അന്നെനിക്ക് ആ വീടിനോട് എന്തെന്നില്ലാത്ത കൊതിയായിരുന്നു... വലുതാകുമ്പോൾ അതുപോലൊരു വീട് ഉണ്ടാക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു.... ഇപ്പോൾ ഇവിടെയാണ് പുതിയ പോസ്റ്റെന്നറിഞ്ഞപ്പോൾ ആ വീടാണ് മനസ്സിൽ വന്നത്.... " കിഷോറത് പറഞ്ഞ് നിർത്തിയതും ശിവന്റെ ഫോൺ റിംഗ് ചെയ്തു... പരിചയമില്ലാത്ത നമ്പർ കണ്ട് അവനൊരു നിമിഷം നിന്നു പിന്നെ അതെടുത്തു.... അവൻ മുറ്റത്തേക്കിറങ്ങി... കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചുവന്നു... "ആരായിരുന്നു ഫോണിൽ..." ആദി ചോദിച്ചു... "അത് ആ മോഹനന്റെ ഭാര്യയാണ്.. അവർക്കെന്തോ നമ്മളോട് സംസാരിക്കാനുണ്ടെന്ന്... നാളെ അവർ വരുന്നുണ്ട്... നമ്മളോട് നാളെ ഇവിടെ കാണണമെന്ന്..... " "പിന്നേ.... അവര് പറയുമ്പോഴേക്കും അവരെ കാത്ത് ഇവിടെ ഇരിക്കാണല്ലോ.... പോയി പണി നോക്കാൻ പറ.... " അതല്ല ആദീ.... അവർ വരട്ടെ ചിലപ്പോൾ നമ്മൾക്ക് അനുകൂലമായ എന്തെങ്കിലും അവരുടെ കയ്യിൽനിന്നും കിട്ടിയാലോ...

ഒരു കാര്യവും നമ്മൾ നിഷേദിക്കരുത്... എവിടെയാണ് നമ്മൾക്കനുകൂലമായ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതെന്ന് പറയാൻ പറ്റില്ല... അതുകൊണ്ട് അവർ വരട്ടെ അവർക്ക് പറയാനുള്ളത് കേട്ടിട്ടു മതി നമ്മുടെ അടുത്ത നീക്കം.... " കിഷോർ പറഞ്ഞു.... "അവർക്കെന്തായിരിക്കും പറയാനുള്ളത്... എന്തായാലും അവർ സ്വന്തം ഭർത്താവിനെ തള്ളിപ്പറയുകയില്ല.... പിന്നെ ഇത് അവരുടെ ഏതെങ്കിലും തരത്തിലുള്ള പുതിയ തന്ത്രമായിരിക്കമോ... " വിശ്വനാഥമേനോൻ ചോദിച്ചു.... "നമുക്കു നോക്കാം.... നാളെ അവർ എപ്പോഴാണ് വരുന്നത്... " കിഷോർ ചോദിച്ചു "ഉച്ചക്കുമുന്നേ വരുമെന്നാണ് പറഞ്ഞത്.... " ശിവൻ പറഞ്ഞു ഉം വരട്ടെ... ▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്തദിവസം ശിവനും ആദിയും വിശ്വനാഥമേനോനും ഓഫീസിൽ പോയില്ല... ഒരു ഒൻപതുമണിയായപ്പോഴേക്കും കിഷോറും എത്തി.... "എന്തായി.... അവരിപ്പോഴെങ്ങാനും വരുമോ.... " "അറിയില്ല... ഏതായാലും ഉച്ചവരെ നോക്കാം എന്നിട്ടും വന്നില്ലെങ്കിൽ നമുക്ക് നമ്മുടെ പണിയും നോക്കി പോവാലോ.... " ശിവൻ പറഞ്ഞു....

പതിനൊന്നുമണിയോടെ മുറ്റത്ത് ഒരു കാർ വന്നുനിന്നു... അതിൽനിന്നും ഗീതയും വിമലയും ഇറങ്ങി... "ഞങ്ങൾ താമസിച്ചോ... ഗുരുവായൂർ പോവുകയാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും പോന്നത്... " വിമല പറഞ്ഞു "നിങ്ങൾ കയറിയിരിക്ക്... " ശിവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.... അവർ ഹാളിൽ വന്നിരുന്നു... "എന്താണ് നിങ്ങൾക്ക് പറയാനുണ്ടെന്ന് പറഞ്ഞത്... " ശിവൻ ചോദിച്ചു... പറയാം അതിനുമുമ്പ് നമുക്കൊന്ന് പരിചയപ്പെടാം.... ഇത് ഗീത... ഇവരാണ് ഇന്നലെ നിങ്ങളെ വിളിച്ചത്... ചുരുക്കിപ്പറഞ്ഞാൽ രണ്ടു ദിവസം മുന്നേ നിങ്ങളൊരു സമ്മാനം കൊടുത്തുവിട്ട മോഹനന്റെ ഭാര്യ.... ഞാൻ വിമല മോഹനന്റെ ചേട്ടൻ ഭരതന്റെ ഭാര്യ... "ഓ അപ്പോൾ അയാൾ ഒറ്റക്കല്ല ഈ കളിയിൽ... " ആദി ചോദിച്ചു... അതിനു മറുപടിയായി അവർ ചിരിച്ചതേയുള്ളൂ... "നിങ്ങളുടെ പേരൊന്നും പറഞ്ഞില്ല... " വിമല ചോദിച്ചു... അതുകേട്ട് ആദി ക്ക് ദേഷ്യമാണ് വന്നത്... എന്നാൽ ശിവൻ ഓരോരുത്തരേയും പരിചയപ്പെടുത്തി...

ഇനി ഞങ്ങൾ വന്ന കാര്യം പറയാം.... ഞങ്ങളുടെ ഭർത്താക്കന്മാരുടെ ചേട്ടൻ ഗണേശൻ ഈ വീട്ടിലെ ഒരു പെൺകുട്ടിയുമായി പണ്ടൊരു ബന്ധമുണ്ടായിരുന്നത് അറിയാലോ... എന്നാൽ ഞങ്ങൾ ആ മനുഷ്യനെ കണ്ടിട്ടില്ല... ഞങ്ങളെ വിവാഹം കഴിച്ച് അവിടേക്ക് കൊണ്ടുവരുന്നതിനുമുമ്പേ അയാൾ മരിച്ചിരുന്നു... അതുകൊണ്ട് കൂടുതൽ അയാളെപറ്റി ഞങ്ങൾക്കറിയില്ല... പക്ഷേ ഇന്ന് അയാളുടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുകയാണ് ഞങ്ങളുടെ ഭർത്താക്കന്മാർ... അത് തടയണം ഇല്ലെങ്കിൽ വലിയൊരു ദുരന്തമാകും ഉണ്ടാവുക... " "ഇത് അവരോട് നേരിട്ട് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ.... " കിഷോർ ചോദിച്ചു... "അവരോട് അതു ചോദിക്കാനുളള ദൈര്യം ഞങ്ങൾക്കില്ല... " "അതാണ് പ്രശ്നം... അതിന് ആദ്യമേ നിങ്ങൾ വളംവച്ചുകൊടുത്തു... ഇവിടെ തെറ്റ് നിങ്ങളുടെ ഭാഗത്താണ്... ഒരു ഭാര്യ എപ്പോഴും അവരുടെ ഭർത്താവ് എങ്ങനെയാണ് നടക്കുന്നത്... അത് തെറ്റായ വഴിയാണെങ്കിൽ അതിനെ എതിർക്കാനുമുള്ള തന്റേടമുണ്ടാകണം.... എന്നു കരുതി ഭർത്താക്കന്മാരെ അടിമകളാക്കി വക്കണമെന്നല്ല.... അയാൾ പുറത്തു പോകുമ്പോൾ അത് എവിടേക്കാണ്...

എന്തിനാണ് എന്നെല്ലാം ഭാര്യ അറിഞ്ഞിരിക്കണം... അല്ലാതെ വെറും അടുക്കളയിൽ ഒതിങ്ങിക്കൂടാനുള്ളതല്ല അവരുടെ ജീവിതം... ഒരു ദാമ്പത്യത്തിൽ ഭർത്താവിനും ഭാര്യക്കും ഒരേ സ്ഥാനമാണ്... " കിഷോർ പറഞ്ഞു "അറിയാഞ്ഞിട്ടല്ല പക്ഷേ... " "പേടി അല്ലേ... അതു പോട്ടെ നിങ്ങൾ പറഞ്ഞു വന്ന കാര്യം മുഴുവനാക്കിയില്ല... " ഇന്നലെയാണ് ഞങ്ങൾ എല്ലാം അറിഞ്ഞത്... അവർ അവിടുത്തെ എസ്ഐ രാജനെ സ്വാധീനിച്ച് ഇവിടുത്തെ സ്റ്റേഷനിലെ ആരേയോ കൂട്ടി ഒരുകൃമിനലിനെ കൂടെ കൂട്ടിയിട്ടുണ്ട്... ഏതോ ഒരു സതീശൻ എന്നോ മറ്റോ ആണ് പേര്... അദ്ദേഹത്തിന്റെ ഏട്ടന്റെ മകളെ ഏറ്റെടുത്ത് വളർത്തിയ ആളുടെ അനിയത്തിയുടെ മകനാണ് ആള്... " വിമല പറഞ്ഞതു കേട്ട് എല്ലാവരുമൊന്ന് ഞെട്ടി... അവർ പരസ്പരം നോക്കി... "എന്താണ് അവരുടെ ലക്ഷ്യം.... " കിഷോർ ചോദിച്ചു.... "ആ സതീശനെവച്ച് പിന്നിൽ നിന്ന് കളിക്കാനാണ് അവരുടെ പ്ലാൻ..... ആ സതീശന് നിങ്ങളോട് പകയുണ്ട്... അതു വച്ച് ശിവനേയും പിന്നെ മോഹനനെ അടിച്ചവനേയും " "കൊല്ലിക്കാനാകും പ്ലാൻ അല്ലേ... എന്നിട്ട് ?" അതിനുശേഷം അവളെക്കൊണ്ട് അവർക്കുള്ള ആവശ്യം കഴിഞ്ഞ് ആ സതീശന് അവളെ കൈമാറാനാണ് പ്ലാൻ.... "

സൂപ്പർ പ്ലാൻ... ഏതായാലും നിങ്ങൾ രണ്ടും ഭൂലോക വിഢികളാണെന്ന് മനസ്സിലായി.... ഭർത്താക്കന്മാർ പറഞ്ഞ രഹസ്യം അത് ചോർത്തി അവർ ആരുടെ നേരെയാണോ കളിക്കുന്നത് അവരോടു തന്നെ പറയുന്നത് വിഡ്ഢികളുടെ സ്വഭാവമല്ലേ... നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാരുടെ ജീവിതമാണ് നോക്കിയത്.... പക്ഷേ നിങ്ങൾ പറഞ്ഞതത്രയും ഇവിടെ റിക്കാർഡ് ചെയ്തു കഴിഞ്ഞു.... ഇതു മതി നിങ്ങളുടെ ഭർത്താക്കന്മാരെ അകത്താക്കാൻ.... പക്ഷേ ഞങ്ങളിപ്പോൾ തൽക്കാലം അത് ചെയ്യുന്നില്ല.... കാരണം അവരെ പേടിച്ചിട്ടല്ല... നിങ്ങളെയോർത്താണ്.... നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാരെ രക്ഷിക്കാനാണ് ഇതെല്ലാം പറഞ്ഞത്.... മാത്രമല്ല അവരുടെ നീക്കം എന്താണെന്ന് മനസ്സിലാക്കാൻ പറ്റി... നിങ്ങൾ പേടിക്കേണ്ട... അവർ ഇത്രയും ചെയ്തതിന് ഇവന്റെ കയ്യിൽന്നിന്ന് വാങ്ങിച്ചിട്ടുണ്ട്...

ഇനി ഇതും പറഞ്ഞിറങ്ങിയാൽ അവരെ നിങ്ങൾക്ക് ജയിലിൽ വന്ന് കാണേണ്ടിവരും... " ഇല്ല സാറേ.... നിങ്ങൾ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് എനിക്ക് മനസ്സിലായി.... പക്ഷേ അവരെ നിങ്ങൾക്ക് തൊടാൻ പോലും പറ്റില്ല അത്രക്കും മുകളിലാണ് അവരുടെ പിടി.... പിന്നെ ഞങ്ങൾ വന്നത് ഞങ്ങളുടെ ഭർത്താക്കന്മാരെ രക്ഷിക്കുമെന്നു പറഞ്ഞ് യാചിക്കാനല്ല.... അവരു മൂലം പാവം ഇവർക്കും ആ പെൺകുട്ടിക്കും ഒന്നു സം ഭവിക്കരുതേ എന്നു തോന്നി... ദയവു ചെയ്ത് ഈ പാവങ്ങളെ രക്ഷിക്കണം.... അവർക്ക് ഒന്നും നഷ്ടമാവില്ല.... അവർ എന്തുചെയ്താലും ആ കുറ്റം ഏറ്റെടുക്കാൻ തീറ്റി പോറ്റി വളർത്തുന്ന ഒരുപാടെണ്ണമുണ്ട്... അവരേൽക്കും കുറ്റങ്ങൾ...സാറിന് എന്റെ അനിയന്റെ പ്രായമേ ഉള്ളൂ.... ഒരു ചേച്ചി പറയണതുപോലെ കണക്കാക്കി ഇതിനൊരു തീരുമാനമുണ്ടാക്കണം.... " വിമല പറഞ്ഞതു കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു എല്ലാവരും... അപ്പോൾ അങ്ങനെയാണല്ലേ... എന്നാൽ പേടിക്കേണ്ട... അവർ ഇവരുടെ രോമത്തിൽപ്പോലും തൊടില്ല...

മാത്രമല്ല ഒരിക്കലും ആ സ്വത്ത് അവർക്ക് കിട്ടാനും പോകുന്നില്ല.... അത് അവൾക്കവകാശപ്പെട്ടതാണെങ്കിൽ അവൾക്കു തന്നെ കിട്ടും... കളിക്കുമ്പോൾ പുലികളോടുതന്നെ കഴിക്കണം... അതാണ് എനിക്കും ഇഷ്ടം... ഇതെല്ലാം ഞങ്ങളെ അറിയിച്ചിതിന്നു നന്ദി... " "എന്നാൽ ഞങ്ങളിറങ്ങുകയാണ്... ഗണേശേട്ടന്റെ മകളെ കാണണമെന്നുണ്ടായിരുന്നു... ഇനിയത് പിന്നെയാവട്ടെ... ഇനിയും നിന്നാൽ അവർ സംശയിക്കും... " ഗിരിജ പറഞ്ഞു... "ഇതുവരെ വന്നിട്ട് ഒന്നും കഴിക്കാതെ പോവുകയാണോ... ഞാൻ ചായ ഉണ്ടാക്കാം.... " ഇപ്പോൾ ഒന്നും വേണ്ട... എല്ലാം കലങ്ങിത്തെളിഞ്ഞുകഴിയുമ്പോൾ ഞങ്ങൾ വരും അന്ന് ചായ മാത്രമല്ല ഭക്ഷണംവരെ കഴിച്ചിട്ടേ ഞങ്ങൾ പോകൂ... " അവർ അവിടെനിന്നും ഇറങ്ങി... അവർ പോകുന്നതും നോക്കി ഒരു ചിരിയുമായി കിഷോർ നിന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...