ശിവരുദ്ര്: ഭാഗം 28

 

എഴുത്തുകാരി: NISHANA

ശിവ ഹാളിലേക്ക് ചെന്നപ്പോ അവിടെ പുഞ്ചിരിയോടെ നിൽക്കുന്ന ലക്ഷ്മിയമ്മയെ കണ്ടതും അവൾ തികട്ടി വന്ന സങ്കടത്തോടെ അവരുടെ അടുത്തേക്ക് ചെന്നു, "എന്നെ പറഞ്ഞയക്കാൻ അമ്മക്കും ധൃതി ആയി അല്ലെ,," വിതുമ്പലോടെ അവൾ ചോദിച്ചതും ലക്ഷ്മിയമ്മ ചിരിയോടെ അവളുടെ കണ്ണീർ തുടച്ച് മാറ്റി നെറ്റിയിൽ മുത്തി, "അവൻ നിന്നെ അമ്പലത്തിലേക്കാ കൂട്ടിക്കൊണ്ട് പോവുന്നത്, ഒന്ന് പ്രാർത്ഥിച്ച് വരുമ്പോഴേക്ക് ഈ സങ്കടം ഒക്കെ മാറും,," കവിളിൽ കൈ വെച്ച് വാത്സല്യത്തോടെ അവർ പറഞ്ഞു, "അഛൻ വരും അമ്മേ,, അവരുടെ കൂടെ രുദ്രേട്ടൻ എന്നെ പറഞ്ഞ് വിടും,,"

സങ്കടത്തോടെ അവൾ പറയുന്നത് കേട്ട് ലക്ഷ്മിയമ്മ എന്തോ പറയാൻ തുനിഞ്ഞതും രുദ്രന്റെ വിളി കേട്ട് മിഴികൾ തുടച്ച് തലതാഴ്ത്തി അവൾ പുറത്തേക്ക് നടന്നു, ശിവ കാറിൽ കയറിയതും രുദ്രൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ലക്ഷ്മിയമ്മയെ നോക്കി കണ്ണടച്ച് കാണിച്ച് വണ്ടി എടുത്തു, ശിവ പുറത്തേക്ക് മിഴികളോടിച്ച് ഇരുന്നു, അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലെന്ന് രുദ്രന് മനസ്സിലായി, അവൻ FM ഓൺ ചെയ്ത് പാട്ടിൽ താളം പിടിച്ച് ഡ്രൈവ് ചെയ്തു, രുദ്രന്റെ മുഖത്തുളള സന്തോഷവും ചുണ്ടിലെ പുഞ്ചിരിയും കണ്ടപ്പോൾ ശിവക്ക് ദേഷ്യവും സങ്കടവും വന്നു, 'ഞാൻ പോകുന്നതിന്റെ സന്തോഷം ആവും,,

അപ്പൊ ഒരു കടുക് മണിയോളം സ്നേഹം പോലും എന്നോടില്ലേ,,' നിറഞ്ഞ് വന്ന മിഴികളെ ശാസനയോടെ നിർത്തി അവൾ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണടച്ചു, രുദ്രനെ ആദ്യം കണ്ടത് മുതൽ ഇന്നലെ വരെയുളള നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി, കഴുത്തിൽ ചുടു നിശ്വാസം തട്ടിയതും ശിവ ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്നു, തൊട്ടടുത്ത് രുദ്രനെ കണ്ടതും പരിദ്രമത്തോടെ അവൾ അവനെ നോക്കി, അവന്റെ കൈകൾ തന്റെ കഴുത്തിലേക്ക് നീളുന്നത് കണ്ട് നെറ്റിചുളിച്ച് അവൾ രുദ്രനെ നോക്കി, "ഈ അമ്പല നടയിൽ വെച്ചാണ് ഞാൻ ഈ താലി നിന്റെ കഴുത്തിലണിയിച്ചത്, ഇവിടെ വെച്ച് തന്നെ ഇത് അഴിച്ച് മാറ്റാം,,"

പറയുന്നതോടൊപ്പം തന്നെ താലി ചരട് അവൻ അഴിച്ചെടുത്തു, ശിവക്ക് തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി, ശ്വാസമെടുക്കാൻ കഴിയാത്തത് പോലെ,, രുദ്രൻ ഡോറ് തുറന്ന് അമ്പലത്തിനകത്തേക്ക് കയറിപ്പോകുന്നത് നിസ്സഹായതയോടെ അവൾ നോക്കി ഇരുന്നു, ചുണ്ടുകൾ കടിച്ച് പിടിച്ച് അവൾ കരച്ചിലടക്കി, ആരോ തന്റെ സൈഡിലെ ഡോറിൽ മുട്ടുന്നത് കേട്ട് ശിവ പതിയെ തല ഉയര്‍ത്തി നോക്കി, പുറത്ത് നിൽക്കുന്ന ഉണ്ണിയെ കണ്ട് അവൾ മുഖം അമർത്തി തുടച്ച് ഡോർ തുറന്ന് ഇറങ്ങി, "എന്താ ഏട്ടത്തി മുഖമൊക്കെ വല്ലാതിരിക്കുന്നത്, സുഖമില്ലേ,,?" ശിവയുടെ മുഖത്തേക്ക് ഉറ്റു നോക്കി ഉണ്ണി ചോദിച്ചു. "അ,, അത് ചെറിയ ഒരു തലവേദന,,"

അവന് മുഖം കൊടുക്കാതെ പറഞ്ഞ് കൊണ്ട് ശിവ പടികൾ കയറി. ഭഗവാതെ തൊഴുത് നിൽക്കുമ്പോൾ അവളുടെ മനസ്സ് ശ്യൂന്യമായിരുന്നു, ഇനി എന്ത് എന്ന ചിന്തയോടെ അവൾ മിഴികളടച്ചു, ഇത്രയും നാളും തന്റെ ധൈര്യമായിരുന്നു ആ താലി,, തന്റെ ജീവനും ജീവിതവും ആയിരുന്നു, പക്ഷേ ഇപ്പോൾ,, ആത്മാവില്ലാത്ത ശരീരത്തിന് തുല്യമായിരിക്കാ താനിപ്പോൾ,, കഴുത്തിൽ തണുത്ത എന്തോ സ്പർഷനം അറിഞ്ഞതും അവൾ മിഴികളുയർത്തിയപ്പോൾ കണ്ടു തൊട്ട് മുമ്പിൽ രുദ്രനെ,, അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്, ശിവ ഒന്നും മനസ്സിലാവാതെ ആ മുഖത്തേക്ക് നോക്കി നിന്നു, "ഇനി ഈ സിന്ദൂരം ചാർത്തിക്കോളൂ,,"

താലം രുദ്രന് നേരെ നീട്ടി പൂജാരി പറഞ്ഞതും അവൻ അതിൽ നിന്ന് ഒരു നുളള് സിന്ദുരമെടുത്ത് ശിവയുടെ നെറുകിൽ ചാർത്തി. ശിവ ഒന്നും മനസ്സിലാവാതെ രുദ്രനെയും പൂജാരിയേയും നോക്കി, "ദീർഗ സുമംഗലി ഭവഃ,," അവളുടെ തലയിൽ കൈ വെച്ച് അവരെ അനുഗ്രഹിച്ച് അദ്ധേഹം താലവുമായി പോയി, "ഏട്ടത്തി,," പിറകിൽ നിന്നുളള ഉണ്ണിയുടെ ശബ്ദം കേട്ട് ശിവ രുദ്രനിൽ നിന്ന് മിഴികൾ ഉണ്ണിയിലേക്ക് നീട്ടി, "Congratulations, " ശിവയെ കെട്ടിപ്പിടിച്ച് ഉണ്ണി പറഞ്ഞു, ഉണ്ണിയിൽ നിന്ന് അകന്ന് മാറിയപ്പോഴാണ് ശിവ തന്റെ നെഞ്ചോട് പറ്റിക്കിടക്കുന്ന മാല കണ്ടത്,അവളത് കയ്യിലെടുത്ത് നോക്കി,

നേരത്തേ രുദ്രൻ അഴിച്ചു മാറ്റിയ താലി കോർത്ത ഒരു ചെയിൻ, അവൾ ഞെട്ടലോടെ രുദ്രനെ നോക്കി, അവൻ ഇരുമിഴികളും ചിമ്മിക്കാണിച്ച് കുസൃതിയോടെ ചിരിച്ചു, ശിവ സന്തോഷം കൊണ്ട് വിതുമ്പിപ്പോയി,, "ശ്ശെ,, എന്താ ഇത്, സന്തോഷം വന്നാലും സങ്കടം വന്നാലും കരഞ്ഞോളും,, ഈ കരച്ചിൽ ഇനി എന്നാ ഒന്ന് നിർത്താ,," അവരുടെ അടുത്തേക്ക് വന്ന് അഭി ചോദിച്ചതും ശിവ മിഴികൾ തുടച്ച് ഒന്ന് ചിരിച്ചു, അവന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു, അയാൾ രുദ്രനോട് എന്തൊക്കെയോ സംസാരിച്ച് കയ്യിലിരുന്ന ഒരു ഫയൽ അവന് നേരെ നീട്ടി, രുദ്രനത് വാങ്ങി ഒപ്പിട്ട് ശിവയുടെ കയ്യിലേക്ക് കൊടുത്തു, അഭി കാണിച്ച് കൊടുത്തയിടത്ത് ഒപ്പിടുമ്പോൾ ശിവയുടെ കൈകൾ ചെറുതായി വിറച്ചിരുന്നു,......തുടരും………

ശിവരുദ്ര് : ഭാഗം 27