❣️ശിവതീർത്ഥം❣️: ഭാഗം 2

 

എഴുത്തുകാരി: സ്‌നേഹാ സാജു

 "എന്താ എന്താ പറ്റിയെ തീർത്തു. നീ എന്തിനാ ഞെട്ടി നിലവിളിച്ചത്. അടുക്കളയിൽ നിന്നും ഇതും ചോദിച്ചോണ്ടാണ് മീര മുറിയിലേക്ക് ഓടിയെത്തിയത്. അപ്പോളെ കണ്ടു തല കുമ്പിട്ട് കണ്ണുനിറച്ചിരിക്കുന്ന തീർത്ഥയെ. മീര പതിയെ ഒന്നുകൂടി അവളെ വിളിച്ചു. " തീർത്തു എന്താ മോളെ എന്താ പറ്റിയെ. നിന്റെ കണ്ണെല്ലാം കലങ്ങി ഇരിക്കുന്നല്ലോ കരഞ്ഞോ നീ. അത് കേൾക്കേണ്ട താമസം അവൾ മീരയുടെ മാറിൽ വീണു പൊട്ടികരഞ്ഞു. അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ മീര പകച്ചു പോയെങ്കിലും തന്റെ മാറിൽ പറ്റിച്ചേർന്നിരിക്കുന്ന തീർത്ഥയുടെ തലയിൽ തലോടികൊണ്ടിരുന്നു. അപ്പോൾ അവളിൽ നിറഞ്ഞത് ഒരു സഹോദരിയുടെ സ്നേഹവും വാത്സല്യവും മാത്രമായിരുന്നു. കുറച്ച് സമയത്തിന് ശേഷം തീർത്ഥ ഒന്നു ഒക്കെ ആയെന്ന് മനസിലായ മീര അവളെ പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി കട്ടിലിലേക്ക് ഇരുത്തിയിട്ട് ചോദിച്ചു " എന്താടാ എന്താ പറ്റിയെ, എന്തിനാ നീ കരഞ്ഞേ പഴയതെല്ലാം പിന്നെയും ഓർത്തോ നീ.

ഇനിയും എന്തിനാ അതെല്ലാം ഓർത്ത് ഇങ്ങനെ നീറുന്നത് മറന്നൂടെ നിനക്കെല്ലാം കഴിഞ്ഞത് കഴിഞ്ഞു. അവൾക്ക് ഒരു മങ്ങിയ ചിരി സമ്മാനിച്ചോണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി തീർത്ഥ പറഞ്ഞു " മറക്കണമെന്ന് ആഗ്രഹമുണ്ട് മീര പക്ഷെ എനിക്ക് കഴിയുന്നില്ല. എന്റെ ജീവനും ജീവിതവും നശിപ്പിച്ച ആ രാത്രി ഇപ്പോളും സ്വപ്നത്തിൽ ഇങ്ങനെ തെളിഞ്ഞു വരുമ്പോൾ, തളർന്നു പോകുവാ ഞാൻ കഴിയുന്നില്ല എനിക്ക്. " മതി പെണ്ണെ ഈ മൂന്നു വർഷവും ഇതോർത്ത് തന്നെയല്ലേ നീ നീറിയിരുന്നത് മറക്കാൻ ശ്രമിക്കണം. അതൊക്കെ പോട്ടെ നീ പോകാൻ തന്നെ തീരുമാനിച്ചോ. സംശയത്തോടെ അത്രയും പറഞ്ഞു മീര തീർത്ഥയുടെ മുഖത്തേക്ക് നോക്കി അപ്പോളേക്കും അത് മനസിലാക്കിയെന്നോണം തീർത്ഥ പറഞ്ഞു " പോണം ഇത്രയും നാൾ ഞാൻ എന്റെ വിഷമങ്ങൾ മാത്രമേ കാണാൻ ശ്രമിച്ചുള്ളൂ. എല്ലാത്തിൽ നിന്നും ഓടിയോളിക്കുവായിരുന്നു ഞാൻ എന്നാൽ എന്റെ മനസ് നീറുന്നതിനുമിരട്ടി വേദനയോടെ നീറിപുകയുന്ന രണ്ടുപേരെക്കുറിച്ച് ഞാൻ ഓർക്കാൻ ശ്രമിച്ചിട്ട് കൂടിയില്ല.

എന്നെ ഒന്നു കാണാനുള്ള ആഗ്രഹം പോലും എന്നെ വിഷമിപ്പിക്കണ്ടാന്ന് കരുതി ഉള്ളിലൊതുക്കി എന്നെങ്കിലും അവരുടെ പഴയ തീർത്ഥ മോളായി ഞാൻ വരുന്നതും കാത്തിരിക്കുന്ന എന്റെ അമ്മയെയും അച്ഛയെയും ഇനിയും സങ്കടപ്പെടുത്താനാകില്ല എനിക്ക് അതുകൊണ്ട് തന്നെ പോണം എനിക്ക്. എല്ലാം മറന്ന് അവരുടെ തീർത്ഥ കുട്ടിയായി കഴിയണം. " അതെ അത് തന്നെയാ വേണ്ടത് ഓരോ പ്രാവശ്യവും നിന്റെ വിവരങ്ങൾ അറിയാൻ ആന്റി വിളിക്കുമ്പോൾ നിന്റെ കാര്യങ്ങൾ കേൾക്കുമ്പോൾ ആ മുഖത്ത് തെളിയുന്ന പ്രതീക്ഷ ഉണ്ടല്ലോ അത് കാണുമ്പോൾ പലപ്പോളും എനിക്ക് സങ്കടം തോന്നിട്ടുണ്ട്. എന്ത് പറയാനാ എല്ലാം തീരുമാനിക്കുന്നത് ഈശ്വരൻ അല്ലെ അവിടന്ന് ഈ സങ്കടത്തിന് ഒരു സന്തോഷം തരാതിരിക്കില്ല. മീര അവളോട് പറഞ്ഞു പുറത്തേക്ക് നടന്നു എന്നിട്ട് വാതിലിന്റെ അടുത്തെത്തി തിരിഞ്ഞു നോക്കി പറഞ്ഞു. " അതെ രാവിലെ 7 മണിക്കാ ഫ്ലൈറ്റ് നിന്റെ പാക്കിങ് ഒക്കെ കഴിഞ്ഞെങ്കിൽ കിടന്നോ, എനിക്ക് കുറച്ചൂടെ പണിയുണ്ട് അടുക്കളയിൽ. " പാക്കിങ് ഓക്കേ കഴിഞ്ഞു ചുമ്മാ പുസ്തകം മറിച്ചു നോക്കിയിരുന്നപ്പോൾ അറിയാതെ ഒന്നു മയങ്ങിപോയി അപ്പോളാ ആ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നത്.

ഇനി ഏതായാലും ഇപ്പൊ ഉറക്കം വരുമെന്ന് തോന്നുന്നില്ല, ഞാൻ കൂടി നിന്നെ സഹായിക്കാം എന്നിട്ട് നമുക്ക് ഒപ്പം കിടക്കാം മീരയുടെ പുറകെ അടുക്കളയിലേക്ക് നടന്നുകൊണ്ട് തീർത്ഥ പറഞ്ഞു. രണ്ടു പേരും പെട്ടെന്നു തന്നെ പണികൾ എല്ലാം ഒതുക്കി കിടന്നു. ഇരുവരുടെയും ഇടയിൽ മൗനം തളം കെട്ടിനിന്നു. തീർത്ഥ ഓർക്കുകയായിരുന്നു ഈ കാലമത്രയും തനിക്ക് ഒരു കൂട്ടായിരുന്ന മീരയെ കുറിച്ച്. അതെ സമയം മീരയുടെ ചിന്തയും മറ്റൊന്നായിരുന്നില്ല. അവരുടെ ഇടയിലെ മൗനത്തെ മുറിച്ചുകൊണ്ട് തീർത്ഥ സംസാരിച്ച് തുടങ്ങി. " മീര നീ ഉറങ്ങിയോ, നിനക്ക് വിഷമമുണ്ടോ ഞാൻ പോകുന്നതിന്. " വിഷമം ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് എന്നാൽ അതിനേക്കാൾ ഉപരി സന്തോഷമാ. നിന്റെ അച്ഛന്റെയും അമ്മയുടേം കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടായല്ലോ. " അതും ശരിയാ, ഉള്ളിലെ സങ്കടം ഒതുക്കി കാത്തിരിക്കുവല്ലായിരുന്നോ എനിക്ക് വേണ്ടി. " ആ പിന്നെ നാളെ നിന്നെ എയർപോർട്ടിൽ ഞാൻ ഡ്രോപ്പ് ചെയാം. " അല്ലെങ്കിലും നീ എന്നെ ഡ്രോപ്പ് ചെയ്തിട്ട് പോയാൽ മതി ഞാൻ അത് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു.

" എന്നാലേ മതി സംസാരിച്ചത് ഉറങ്ങണ്ടേ രാവിലെ പോകാൻ ഉള്ളതാ അതും പറഞ്ഞു മീര തിരിഞ്ഞു കിടന്നു. എന്നാൽ തീർത്ഥക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല അവൾ അപ്പോളും മീരയെ കുറിച്ച് ഓർക്കുകയായിരുന്നു. മുംബൈയിൽ എത്തിയപ്പോൾ തനിക്ക് ആദ്യമായി കിട്ടിയ കൂട്ട്, പരിചയമില്ലാത്ത ഈ നഗരത്തിൽ അവൾ ഒരു വഴിക്കട്ടിയായിരുന്നു. മീര പ്രമോദ്, അഡ്വ. മുകുന്ദൻ മേനോന്റെയും രമ്യ മുകുന്ദന്റെയും മകൾ. നാലുവർഷങ്ങൾക്ക് മുന്നേ ഒരു ആക്സിഡന്റിൽ അവർ അവളെ തനിച്ചാക്കി യാത്രയായി. പിന്നെ ബന്ധുക്കൾ ആയിരുന്നു അവളെ നോക്കിയിരുന്നത് സ്വത്തുക്കൾ എല്ലാം അവളുടെ പേരിലായിരുന്നതിനാൽ നല്ല രീതിയിൽ തന്നെ അവർ നോക്കിയിരുന്നു. പതിയെ അവളിൽ നിന്നും എല്ലാം കൈക്കലാക്കി അവളെ അവർ ഒഴിവാക്കി. എന്ത് ചെയ്യണമെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങിയ അവളുടെ മുന്നിലേക്ക് ഒരു താങ്ങായി കടന്നു വന്നതാണ് മുംബൈക്കാരനായ പ്രമോദ് വാര്യർ. അനാഥനായിരുന്നു അവൻ വളർന്നത് എല്ലാം ഓർഫാണേജിൽ അതുകൊണ്ട് തന്നെ അവളുടെ സങ്കടം അവന് പെട്ടെന്ന് മനസിലായിരുന്നു. പിന്നെ അവനായിരുന്നു അവൾക്ക് എല്ലാം അവന്റെ സഹായത്തോടെ അവൾ ഒരു ഓഫീസിൽ ഡിസൈനർ ആയി ജോലിക്ക് കയറി.

പതിയെ പതിയെ സൗഹൃദം എന്നതിനുപരി രണ്ടുപേരും പ്രണയമെന്ന ലോകത്തെ കീഴടക്കി. മറ്റൊന്നും ചിന്തിക്കാതെ പ്രമോദ് തന്നെ അവളെ അവന്റെ ജീവിത സഖിയാക്കി. കല്യാണത്തിന് ശേഷം പ്രമോദിന് ദുബായിലേക്ക് ട്രാൻസ്ഫർ ആയി പോകേണ്ടതായി വന്നു. അവിടെ ചെന്ന് എല്ലാം അറെൻജ് ചെയ്ത ശേഷം മീരയെയും കൂടെ കുറ്റണമെന്ന തീരുമാനത്തോടെ അവൻ പോയി. ഇപ്പോൾ അകലെ നിന്ന് അവർ പ്രണയിക്കുകയാണ് ഒരു പുഞ്ചിയോടെ ഓർത്തുകൊണ്ട് തീർത്ഥ പതിയെ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് തീർത്ഥയെ എയർപോർട്ടിൽ കൊണ്ടാക്കിയ ശേഷമാണ് മീര ഓഫീസിലേക്ക് പോയത്. ഫ്ലൈറ്റിൽ കയറുന്നതിന് മുൻപ് അവൾ ഒന്നുകൂടി മുംബൈ നഗരത്തെ നോക്കി കണ്ടു. ഈ മൂന്നു വർഷ കാലം തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ നഗരത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞവൾ ഫ്ലൈറ്റിലേക്ക് കയറി. ആ യാത്രയിൽ അവളുടെ മനസ് ശാന്തമായിരുന്നു................ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...