ശിവാത്മിക: ഭാഗം 1

 

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.. നിറഞ്ഞ കണ്ണുകൾ സമർഥമായി മറച്ചു. പുറത്ത് അവളുടെ അപ്പ ദേവരാജൻ അയ്യർ ഉണ്ടായിരുന്നു.. അവൾ ഒരു പുഞ്ചിരി ഉണ്ടാക്കി.. “ഈ വേഷത്തിൽ നിന്നെ കാണാൻ.. അതൊരു പുണ്യമാണ് മോളെ.. “ അയാൾ നനഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ അവൾക്കും വേദനിച്ചു. അപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ് ഗൗരിശങ്കർ.. അപ്പയുടെ ഉറ്റ സുഹൃത്ത് വച്ച വിവാഹആലോചന അപ്പക്ക് നിരസിക്കാൻ കഴിഞ്ഞില്ല.. അതായിരിക്കാം അവളോട് പോലും ചോദിക്കാതെ വാക്ക് ഉറപ്പിച്ചതും.. അവന്റെ വഷളൻ സ്വഭാവവും. ശരീരത്തെ നഗ്നമാക്കുന്ന തരത്തിലെ നോട്ടവും ആലോചിച്ചപ്പോൾ അവൾക്ക് ഓക്കാനിക്കാൻ തോന്നി..

ഇനി അവന്റെ ഭാര്യയാണല്ലോ എന്ന് ആലോചിച്ചപ്പോൾ അവളുടെ കണ്ണ് കലങ്ങി. “ന്റെ കുട്ടി കരയ്യാ..?” അയാൾ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി.. അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി.. “കുട്ടി വിഷമിക്കണ്ട. കുറ്റബോധം ഉണ്ടാവും ല്ലേ ന്നോട് അവനോടുള്ള ഇഷ്ട്ടം മറച്ചു വെച്ചതിൽ..? സാരല്ല.. അവൻ പറഞ്ഞു ന്നോട് എല്ലാം.. ഞാൻ പൂർണ മാനസോടെയാ ഇത് നടത്തുന്നത്…” അയാൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി.. “അപ്പാ..?” അയാൾ എന്താണ് പറഞ്ഞത് എന്നറിയാൻ അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി.. അപ്പോഴേക്കും പെണ്ണിനെ ആനയിച്ചു കൊണ്ടുപോകാൻ സ്ത്രീകൾ എത്തി.. ഉടനെ അയാൾക്ക് ഒരു ഫോൺ കാൾ വരികയും അയാൾ അവിടെനിന്നും പോവുകയും ചെയ്തപ്പോൾ അവൾ തരിച്ചു നിന്നു.. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ് അപ്പ.. എന്നാൽ ഇപ്പോൾ പറഞ്ഞത്..? ആർക്ക് ആരെ ഇഷ്ടമായിരുന്നു എന്ന്..? അവൾക്ക് ഒന്നും മനസിലായില്ല.. “ശിവ..? എന്താ ആലോചിക്കണെ.? വന്നേ മുഹൂർത്തം തെറ്റും..” അവളെ അവർ കയ്യിൽ തലവും എടുത്തു മണ്ഡപത്തിലേക്ക് ആനയിച്ചു. അവൾക്ക് എന്താ ചെയ്യേണ്ടത് എന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥ ആയി..

അവൾ കണ്ണുകൾ ചുറ്റിനും ഓടിച്ചു.. ഇല്ല അപ്പയെ കാണാൻ ഇല്ല.. എന്തും തുറന്നു പറയുന്ന അപ്പ എന്തെങ്കിലും ഉണ്ടെങ്കിൽ അവളോട് പറയാതിരുന്നത് എന്താണെന്ന് അവൾക്ക് ആലോചിച്ചിട്ട് പിടി കിട്ടിയില്ല.. അപ്പയുടെ ഫ്രണ്ടിന്റെ മകൻ ആയതുകൊണ്ട് ആണ് എന്ന് അപ്പ അന്ന് ഒരാളോട് പറയുന്നത് കേട്ടതാണല്ലോ..? മണ്ഡപത്തിൽ എത്തി.. അവൾക്ക് കാലുകൾ തളർന്നു പോകുന്നുണ്ടായിരുന്നു.. വീണുപോകുമോ എന്നവൾ ഭയന്നു.. “അക്കാ..? എന്താ സുഖമില്ലേ..?” വൈഷ്ണവി അവളുടെ കൈ പിടിച്ചു അവളോട് തിരക്കി.. ശിവ വേഗം താലം ഒരു ആന്റിയുടെ കയ്യിൽ കൊടുത്തു.. അതിന് ശേഷം അവൾ വേഗം വൈഷ്ണവിയെ വിളിച്ചു റസ്റ്റ് റൂമിലേക്ക് നടന്നു.. “വൈഷ്ണു..? സത്യം പറ.. അന്ന് അവർ ആലോചനയും ആയി വന്നപ്പോൾ നീയിവിടെ ഉണ്ടായിരുന്നു.. അന്ന് എന്താണ് നടന്നത്..? നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു നടന്നിരുന്നത്..?” അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് വൈഷ്ണവി കണ്ണ് മിഴിച്ചു അവളെ നോക്കി.. “എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?” “പറയടീ…” ശിവ അവളെ പിടിച്ചു കുലുക്കി.. ശിവയുടെ മുഖം കണ്ടപ്പോൾ വൈഷ്ണവി അവളെ പകച്ചു നോക്കി. “അക്കാ.. അക്കാ എന്താ ഈ പറയുന്നത്? നിങ്ങൾ ഇഷ്ടത്തിൽ അല്ലെ..?

അന്ന് നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞപ്പോൾ അപ്പ അവരോടു ദേഷ്യപ്പെട്ടു.. എന്റെ കുട്ടിക്ക് അങ്ങനെയൊരു ഇഷ്ടമില്ല എന്ന് പറഞ്ഞു അപ്പ… എന്നാൽ അയാൾ അപ്പയെ ഒരു വീഡിയോ കാണിച്ചു…” അവൾ പറഞ്ഞപ്പോൾ ശിവ അവളെ പകച്ചു നോക്കി.. “എന്ത് വീഡിയോ..?” “അക്കാ പ്ലീസ്.. ഞാൻ പോട്ടെ…” വൈഷ്‌ണവി അവിടെ നിന്നും പോകാൻ നോക്കി. ശിവ അവളുടെ കൈ പിടിച്ചു വച്ചു.. “സത്യം പറയാതെ നീ പോവില്ല വൈഷ്‌ണു…” ശിവ അവളെ ബലമായി പിടിച്ചു വച്ചു. “അയാളുടെ ഒപ്പം പോയി കിടക്കുമ്പോൾ ആലോചിക്കണമായിരുന്നു അക്കാ.. അക്ക ആലോചിച്ചിട്ടുണ്ടോ ഞങ്ങളെപ്പറ്റി..? അമ്മയില്ലാത്ത വളർന്ന പിള്ളേർ ആയിട്ടും അപ്പ എന്തേലും കുറവ് വരുത്തിയോ..? എന്നിട്ടും അതുപോലെ ഒരാളുടെ കൂടെ ഏതോ ഹോട്ടലിൽ…” പറഞ്ഞു തീർന്നില്ല ശിവയുടെ കൈ അവളുടെ മുഖത്ത് ശക്തമായി പതിച്ചു.. “എന്താടീ നീ പറഞ്ഞത്….????” അവൾ അലറി.. ചേച്ചിയുടെ ആ ഭാവം കണ്ടപ്പോൾ വൈഷ്‌ണു വിറച്ചുപോയി… “അക്കാ… ഞാൻ….” പ്രാന്ത് പിടിച്ചതുപോലെ ശിവ അവളുടെ കഴുത്തിൽ കൈ മുറുക്കി.. “പറ.. എന്ത് വീഡിയോ..? പറ…” “അക്കാ.. നിങ്ങൾ ചെയ്തത് നിങ്ങൾക്ക് ഓർമയില്ലേ?

അയാൾ കാണിച്ച വീഡിയോ അക്കാ ചുരിദാർ ഒക്കെ ഊരി മാറ്റി അയാളെ കെട്ടിപിടിക്കുന്നത് ആയിരുന്നു..” “വാട്ട്…?????!!!!” ശിവ ഞെട്ടി തെറിച്ചു പുറകോട്ട് പോയി ഭിത്തിയിൽ ഇടിച്ചു നിന്നു.. കേട്ട കാര്യം വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. “യെസ്.. ഇപ്പൊ കുറ്റബോധം തോന്നുന്നു അല്ലെ? അന്ന് അപ്പ എന്നോട് സത്യം ചെയ്യിച്ചതാണ് അക്കയുടെ ഇഷ്ടമാണ്.. അത് മുടക്കരുത് ഈ വിവാഹം നടത്താം എന്നൊക്കെ… എനിക്ക് ഇപ്പോൾ അക്കയെ ഇഷ്ടമല്ല അക്ക.. യു ആർ സൊ ചീപ്.. സെക്സ് തെറ്റാണെന്നു ഞാൻ പറയില്ല.. പക്ഷെ അതും അവനെപ്പോലെ ഒരു തേർഡ് റേറ്റ് ആളുടെ ഒപ്പം.. അപ്പയുടെ കമ്പനി അവർക്ക് എഴുതികൊടുക്കണം എന്നാണ് ഡിമാൻഡ്.. അറിയുമോ അക്കക്ക്..? എങ്ങനെ അറിയാൻ ആണ്..? കണ്ട ഹോട്ടലിലും ഒക്കെ അവന്റെ ഒപ്പം… വേണ്ട.. പറയുന്നില്ല.. ചെന്ന് കഴുത്തു നീട്ടി കൊടുക്ക്.. ഇന്നത്തോടെ ആ വീടും കമ്പനിയും നമ്മുടേതും അല്ല.. “ വൈഷ്ണവി അത്രയും പറഞ്ഞു പുറത്തേക്ക് മിന്നൽ പോലെ പോയപ്പോൾ ശിവ തരിച്ചു നിന്നു.. പുറത്തേക്ക് പോയ വൈഷ്ണവി തിരിച്ചു വന്നു.. “ഇപ്പോൾ നല്ല പിള്ള ചമഞ്ഞ്‌ ഇതിനി മുടക്കാൻ നോക്കിയാൽ ഒരു കാര്യം ഓർക്കണം അക്കാ.. അപ്പ ഒരു ഹാർട്ട് പേഷ്യന്റ് ആണ്…അന്ന് ആ വീഡിയോ കണ്ടപ്പോൾ മയങ്ങി വീണ അപ്പയെ ഞാൻ ആണ് കൊണ്ടുപോയത്.. “ അടുത്ത ഞെട്ടൽ.. ശിവക്ക് ബോധം മറയുന്നത് പോലെ തോന്നി..

താൻ ഒരു പരാജയം ആണെന്ന് അവൾ മനസിലാക്കി.. അപ്പയെ വേദനിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് അപ്പ വിവാഹം തീരുമാനിച്ചു സന്തോഷമായില്ലേ എന്ന് ചോദിച്ചപ്പോൾ ഇഷ്ടമല്ലാഞ്ഞിട്ടും മിണ്ടാതെ നിന്നത്.. അപ്പ ഹാർട്ട് പേഷ്യന്റ് ആണെന്നുള്ളത് പോലും എന്നോട് പറഞ്ഞില്ല.. അത്രക്ക് വെറുത്തിട്ടുണ്ടാകും.. എന്നാലും എങ്ങനെ? അവൾ നിന്ന് ഉരുകി. “ശിവ..? ശിവ..??” പുറത്തു നിന്നും വിളി.. അവൾ മുഖം തുടച്ചു.. ആന്റിമാർ കയറിവന്നു. “മുഹൂർത്തം ആകുന്നു കുട്ടി… വന്നേ..” അവർ അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടത്തി.. പുറത്ത് എത്തിയതും താലം വച്ച് കൊടുത്തു അവളെ മണ്ഡപത്തിലേക്ക് നയിച്ചു.. തലപൊക്കി നോക്കി.. കണ്ണുകളിൽ കൗശലവും ഒരുതരം ചിരിയുമായി ഗൗരി ശങ്കർ ഇരുന്നിരുന്നു.. “നമ്മുടെ അപ്പാമാർ ഫ്രെണ്ട്സ് അല്ലെ..? കം ഓൺ ശിവ.. നമ്മൾ മൂന്നാറിന് പോകുന്നു. എ വീക്ക്. നമ്മുക്ക് എന്ജോയ് ചെയ്തു തിരിച്ചു വരാം. അത്രക്ക് ആഗ്രഹിച്ചു പോയി നിന്നെ.. “ കുറച്ചു നാൾ മുൻപേ വഴിയിൽ തടഞ്ഞു നിർത്തി അവൻ അവളോട് പറഞ്ഞത് അവൾ ഓർത്തു.. കരണം പൊട്ടും പോലെ ഒരെണ്ണം കൊടുത്തിരുന്നു അന്ന്.. “നിന്റെ വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ ആയിരിക്കും.. എന്നാൽ എന്നെ അതിന് കിട്ടില്ല.. “ അന്ന് അവൻ കവിൾ പൊത്തിപിടിച്ചു ചിരിച്ചു.. “ഇഷ്ടമായി.. അപ്പോൾ നിനക്ക് ഇഷ്ടമല്ല.. എന്നാൽ നോക്കിക്കോ..

നിന്റെ കഴുത്തിൽ താലി കെട്ടുന്നത് ഞാൻ ആയിരിക്കും.. അനുഭവിപ്പിക്കും നിന്നെ…” അന്ന് അവൻ പറഞ്ഞ വാക്കുകൾ.. കാര്യമായി എടുത്തില്ല.. അതിന് ശേഷം ഒരു ഹോസ്പിറ്റലിൽ മുംബൈയിൽ ആയിരുന്നു.. പെട്ടെന്നാണ് ഒരു ദിവസം അപ്പ വിളിച്ചു വീട്ടിൽ എത്താൻ പറഞ്ഞത്.. ലീവ് എടുത്ത് എത്തിയപ്പോൾ കൂടുതൽ ഒന്നും പറഞ്ഞില്ല.. “അപ്പ മോളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. മോൾ എതിർക്കില്ല എന്നറിയാം. വാക്ക് കൊടുത്തു. അടുത്ത ഞായർ ആണ് വിവാഹം. പതിവ് ചടങ്ങുകൾ ഒന്നും ഇല്ല.. വേഗം ഇത് നടന്നാലേ അപ്പക്ക് സമാധാനം ആകു…” പണ്ട് വാക്ക് കൊടുത്തിട്ടുണ്ട് അപ്പ വിവാഹ കാര്യം പറഞ്ഞാൽ എതിര് പറയില്ല എന്ന്.. എന്നാൽ വരൻ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപോയി.. ഗൗരിയുടെ ശരിക്കും മുഖം ആർക്കും അറിയില്ല. അവൻ പുറമെ മാന്യൻ ആണ്.. “അപ്പാ ഗൗരി ശങ്കർ….” അവൾ അത്രക്കും പറഞ്ഞപ്പോൾ അയാൾ അന്ന് അവളെ തടഞ്ഞിരുന്നു.. “മോളുടെ മനസ് എനിക്കറിയാം. സന്തോഷമായി എന്നും അറിയാം.. ചെന്നോളു.. ഒന്നും പറയരുത്..” അന്ന് അത് പറഞ്ഞു പോയ അപ്പ പിന്നെ അവൾക്ക് മുഖം തരാതിരുന്നതിന്റെ കാരണം ശിവക്ക് മനസിലായി.. ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. അന്ന് മുതൽ അപ്പയും വൈഷ്ണവിയും അകൽച്ച കാണിച്ചിരുന്നു.. “കുട്ടി എന്ത് ആലോചിച്ചു ആണ് നിൽക്കുന്നത്..? മണ്ഡപത്തിലേക്ക് കയറുക..”

ആരോ പിടിച്ചു അവളെ ഗൗരിശങ്കറിന്റെ അടുത്തിരുത്തി.. അപ്പ അല്പം മാറി നെഞ്ചിൽ കൈവച്ചു നിക്കുന്നത് അവൾ കണ്ടു. വിഷമം ആണ്. വൈഷ്ണവി ദേഷ്യത്തോടെ നിൽക്കുന്നു.. പുച്ഛം ആണ് അവൾക്ക്.. അവർ ഒന്ന് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ? ഇത്രക്ക് വിശ്വാസം ഇല്ലേ അവർക്ക്..? അവളുടെ കണ്ണ് നിറഞ്ഞു.. “പറഞ്ഞതല്ലെടീ ഞാൻ.., ഇനി നീ ഗൗരിയെ അറിയും…” ഒരു ചിരിയോടെ ഗൗരി ശങ്കർ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞപ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവൾക്ക് എന്ത് പറയണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. എല്ലാവരും ചതിച്ചു.. ഇത്ര വിശ്വാസം ഇല്ലെങ്കിൽ അതും ചതി അല്ലെ? ഒന്നറിയാം.. ഇപ്പോൾ ഈ താലി കഴുത്തിൽ വീണാൽ ജീവിതം അവിടെ അവസാനിക്കും എന്ന് അവൾ ചിന്തിച്ചു.. അവിടെ നിന്നും എങ്ങനെ രക്ഷപെടും എന്നറിയാതെ അവൾ ഇരുന്നു ഉരുകി.. ഗൗരി ശങ്കർ താലി എടുത്ത് ചിരിയോടെ അവളുടെ കഴുത്തിന് നേരെ നീട്ടി.. തുടരും