സ്നേഹദൂരം.....💜: ഭാഗം 16

 

എഴുത്തുകാരി: റിൻസി പ്രിൻസ്

മുറിയുടെ അരികിലേക്ക് ചെന്നപ്പോൾ തന്നെ അവളുടെ കാലുകൾക്ക് വല്ലാത്ത ബലക്ഷയം അനുഭവപ്പെട്ടത് പോലെ തോന്നി.... എങ്ങനെയാണ് എങ്ങനെയാണ് ഇനി അകത്തേക്ക് കയറുന്നത്..... എങ്ങനെയാണ് ഇനി ഹരിയേട്ടനെ അഭിമുഖീകരിക്കുന്നത്....... മനസ്സിൽ കുറെനാളുകളായി വീർപ്പുമുട്ടിച്ച ഒരു കാര്യമാണ് തുറന്നു പറഞ്ഞത്, അത് തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരല്പം അയവ് ലഭിച്ചു എന്നുള്ളത് സത്യമാണ്, പക്ഷെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ല...... ആ മുഖം കാണുമ്പോൾ തന്നെ മനസ്സിലേക്ക് ഒരു കുറ്റബോധം....... വലിയ ഒരു കുറ്റം ചെയ്തതുപോലെ ഒക്കെയുള്ള തോന്നലുകളാണ് വരുന്നത്.........

താൻ ഒരു തെറ്റ് ചെയ്തു എന്ന് തന്നെയാണ് തനിക്ക് തോന്നുന്നത്, പക്ഷേ തൻറെ മനസ്സാക്ഷിയുടെ മുന്നിൽ അത് ശരിയാണ്, മനസ്സാക്ഷിയുടെ മുന്നിൽ മാത്രം... ഒരുപക്ഷേ മറ്റാർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കില്ല, അല്ലെങ്കിലും മറ്റൊരാളുടെ വേദന അതെ തീവ്രതയോടെ മറ്റൊരാളുടെ മനസ്സിലെ വികാരങ്ങൾ അതെ തീവ്രതയോടെ എങ്ങനെയാണ് മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.....? എല്ലാവരുടെയും മുൻപിൽ തെറ്റുകാരി ആണ്, പക്ഷേ തിരിച്ചും മറിച്ചും നോക്കിയിട്ടും തനിക്ക് തൻറെ പ്രവർത്തിയിൽ യാതൊരു തെറ്റും കാണാൻ സാധിക്കുന്നില്ല.........

കുട്ടിക്കാലംമുതൽ ഹരിയേട്ടൻ തനിക്ക് നൽകിയ കരുതൽ, സംരക്ഷണം അതൊക്കെ ആയിരുന്നു പ്രണയമായി പരിണമിക്കുന്നത്, എല്ലാത്തിലുമുപരി എന്നും ഹരിയേട്ടനെ സ്വന്തം ആയിരിക്കും എന്നുള്ള ഒരു ചിന്ത, എന്നും ആ സ്നേഹത്തണലിൽ ജീവിക്കാനുള്ള ഒരു വിശ്വാസം. പക്ഷേ തങ്ങൾ തമ്മിൽ ഒരുപാട് ദൂരം ഉണ്ട്........ ഒരു വലിയ സ്നേഹ ദൂരം തന്നെ തങ്ങൾക്കിടയിൽ ഉണ്ട് എന്ന സത്യത്തിനെ തനിക്ക് മനസ്സിലാക്കി തരികയായിരുന്നു ഹരിയേട്ടൻ....... അത്രമേൽ വേദനിക്കാതെ ഹരിയേട്ടൻ അങ്ങനെ തന്നോട് ചെയ്യില്ല, അടിയുടെ വേദന ശരീരത്തിൽ ആയിരുന്നില്ല മനസ്സിലായിരുന്നു.............

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അത്രമേൽ ഹരിയേട്ടന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു തന്റെ ഇഷ്ടമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല........... ആ മനസ്സ് വേദനിച്ചിട്ടുണ്ട്, ഇല്ലെങ്കിൽ ഒരിക്കലും തന്നെ കൈ നീട്ടി അടിക്കില്ല, അത് നന്നായി തന്നെ തനിക്കറിയാം........ പക്ഷേ ഇനിയും ഹരിയേട്ടന്റെ അരികിലേക്ക് പോകാൻ എന്തുകൊണ്ടോ കാലുകൾക്ക് ഒരു ബല കുറവ് പോലെ........ഇനിയും ഉപദ്രവിക്കും എന്ന് ഭയന്നല്ല, മറിച്ച് ആ മുൻപിലേക്ക് പോയി നിൽക്കുമ്പോൾ താൻ ചെറുതായി പോകുന്നത് പോലെ, തെറ്റ് പറ്റിയത് തനിക്ക് ആണ്,

കൗമാരം ചിറക് വിരിച്ച നിമിഷത്തിൽ തോന്നിയ ആകർഷണത്തിന്റെ അനുഭൂതിയിൽ സ്വയം മറന്നു, എങ്കിലും എന്നെ നീ ഇങ്ങനെ ആണോ കണ്ടത് എന്ന് ഒരിക്കൽ കൂടി ചോദിച്ചു പോയാൽ താൻ തകർന്നുപോകും, തിരികെ പോയാലോന്നു അവൾ ചിന്തിച്ചു, അല്ല കാണണം, ഇനിയും നിരവധി കൂടിക്കാഴ്ചകൾ തമ്മിൽ ഉണ്ടാകേണ്ടതാണ്, ഒരിക്കലും ഹരിയേട്ടനിൽ നിന്നും ഓടിയൊളിക്കാൻ തനിക്ക് സാധിക്കില്ല, മാത്രമല്ല ആ ഒരാളിൽനിന്നും താൻ എവിടേക്കാണ് ഓടിയൊളിക്കുന്നത്. തന്റെ മനസ്സിൻറെ കുടികിടപ്പവകാശം പോലും ഇപ്പോൾ ആ ഒരാൾ മാത്രമല്ലേ, താൻ പോലുമറിയാതെ തൻറെ ഹൃദയത്തിൻറെ ഭിത്തിയിൽ ഇടംനേടിയ ഒരുവൻ......

പ്രണയം എന്ന വികാരത്തിനുമപ്പുറം തന്റെ മനസ്സിൽ സ്നേഹത്തിൻറെ ഒരു പെരുമഴ തന്നെ നൽകിയവൻ........ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും സംരക്ഷണം കൊണ്ടും എല്ലാം തൻറെ മനസ്സിൽ അവനോളം വലുതായി മറ്റാരുമില്ല, എന്തും വരട്ടെ എന്ന് കരുതി അകത്തേക്ക് കയറാൻ തീരുമാനിച്ചു..... കതകിൽ ഒന്ന് കൊട്ടാൻ മറന്നിരുന്നില്ല.......ഈ മുറിയിൽ നൂറു തവണ വന്നിട്ടുണ്ട്, പലവട്ടം കയറിയിറങ്ങി നടന്നിട്ടുള്ള മുറിയാണ്, അനുവാദം ചോദിച്ചിട്ടല്ല അന്നൊന്നും വന്നത്, പക്ഷെ ഇന്ന് അനുവാദം ആവശ്യമാണെന്ന് തോന്നി, കാരണം അന്ന് തങ്ങളുടെ മനസ്സുകൾ തമ്മിൽ ഒരു ഒളിയും മറയും ഉണ്ടായിരുന്നില്ല, അന്ന് തൻറെ മനസ്സിൽ യാതൊരു കള്ളത്തരങ്ങളും ഉണ്ടായിരുന്നില്ല,

പക്ഷേ ഇപ്പോൾ അങ്ങനെയല്ല, തൻറെ മനസ്സിൽ വലിയൊരു സ്ഥാനവും അവൻറെ മനസ്സിൽ ഒരുപക്ഷേ തനിക്ക് യാതൊരു സ്ഥാനവും ഇല്ലാതായ ഒരു രാത്രി ആണിത്....... അതുകൊണ്ട് തീർച്ചയായും അനുവാദം ആവശ്യമാണ്...... വാതിൽ കൊട്ടി കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് കതക് തുറന്നത്, മുൻപിൽ തന്നെ കണ്ടപ്പോൾ ആ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ജാനകി, പ്രകടമായ മാറ്റമൊ മറ്റ് വികാരങ്ങളോ ഒന്നും ആ മുഖത്ത് മിന്നിമാറിയില്ല, തന്നെ കണ്ടിട്ട് അത്ഭുതമോ പ്രത്യേകതയൊന്നും ആ മുഖത്ത് ഇല്ല, നിറഞ്ഞുനിൽക്കുന്നത് ഗൗരവം മാത്രമാണ്, "ഉം.......??? " തികച്ചും ഗൗരവ പൂർണമായ ഒരു ചോദ്യം,

തന്റെ ഹൃദയത്തിലേക്ക് ഒരു തുള്ളി നിണം ഒഴുക്കാൻ കഴിവ് ഉള്ളതായിരുന്നു ആ ചോദ്യം എന്ന് ജാനകിക്ക് തോന്നിയിരുന്നു...... കൈ ഉയർത്തി കാണിച്ചു ഗ്ലാസിൽ നോക്കി മടിച്ചുമടിച്ച് മറുപടി പറഞ്ഞു, " കുടിക്കാൻ വെള്ളം വേണം എന്ന് വിദ്യേച്ചി പറഞ്ഞു, ചേച്ചിക്ക് കോളേജിൽ നിന്നും ഒരു ഫോൺ കോൾ വന്നു, " വളരെ മടിച്ചുമടിച്ച് ആയിരുന്നു അതും പറഞ്ഞിരുന്നത്. ഒന്നും മിണ്ടാതെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് തന്നെ ഗ്ലാസ്സിലെ മുഴുവൻ വെള്ളവും കുടിച്ചു, അപ്പോൾ തന്നെ അറിയാൻ സാധിക്കുന്നുണ്ടായിരുന്നു ഹരിയേട്ടൻറെ മനസ്സിൻറെ ഉള്ളിൽ ഉണ്ടായിരുന്ന മനസ്സമാധാനം തകർക്കാൻ കെൽപ്പുള്ളത് ആയിരുന്നു തന്റെ വാക്കുകൾ എന്ന്,

പക്ഷേ അത് മനസ്സിൽ കൊണ്ട് നടന്ന് ജീവിക്കുവാൻ തനിക്ക് അറിയില്ലായിരുന്നു, ഓരോ നിമിഷവും ആ പ്രണയത്തിന്റെ അഗ്നിയിൽ ഉരുകി പോവുകയാണ്, അതുകൊണ്ട് തീർച്ചയായും ഇനി തുറന്ന് പറഞ്ഞ മതിയാവൂ എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് ഹരി ഏട്ടനോട് ഈ കാര്യം പറഞ്ഞത്, പെട്ടെന്ന് ഹരിയേട്ടൻ ഒരു ക്ഷീണിതനായ ഒരു വ്യക്തി ആയതുപോലെ, മുഖത്തെ പ്രസന്നത നിറഞ്ഞ ഭാവം ഒക്കെ മറ്റെവിടെയോ മറഞ്ഞത് പോലെ, ആ മുഖം വിഷാദത്തിൽ കൂപ്പുകുത്തിയത് പോലെ തോന്നി അവൾക്ക്........ കണ്ണുകൾക്ക് ഒക്കെ ഒരു ചേഞ്ചുചുവപ്പ് പടർന്നിട്ടുണ്ട്.......

താൻ തുറന്നു പറഞ്ഞ ഈ സത്യം ഇത്രത്തോളം ഈ മനുഷ്യനെ തകർക്കാൻ ഉള്ളതായിരുന്നോ എന്ന് പോലും ഒരു നിമിഷം അവൾ ചിന്തിച്ചു പോയിരുന്നു...... ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു വേദന തോന്നിയിരുന്നു....... കുറച്ചു സമയം കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തതിന് മനസ്സാക്ഷി തന്നെ വിധിച്ചു തുടങ്ങിയിരുന്നു, പാടില്ലായിരുന്നു ഒരിക്കലും ഒറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് ഈ മനുഷ്യനോട് നന്ദികേട് കാണിക്കാൻ പാടില്ലായിരുന്നു........ ഒരിക്കൽ മോഹം മനസ്സിൽ തോന്നി പോയെങ്കിൽ പോലും തുറന്നു പറയാൻ പാടില്ലായിരുന്നു........ ജാനകി നീ ചെയ്തത് തെറ്റ് ആണ് .....!! മനസ്സാക്ഷി അലമുറയിട്ടു കരയുന്നുണ്ട്.......

പക്ഷേ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തിനു മുൻപിൽ അതൊന്നുമല്ല എന്ന് അവൾക്ക് തോന്നി......... വിവേകവും വികാരവും തമ്മിൽ നടക്കുന്ന കൊടിയ യുദ്ധം, കടന്നു പോയിരുന്ന ഓരോ നിമിഷവും ആ മുഖം കാണുമ്പോഴും ഏറെ ആഴത്തിൽ വീണ്ടും വീണ്ടും നിറഞ്ഞുനിൽക്കുകയാണ്....... ഉള്ളിൽ വേരുറച്ചുപോയൊ ഈ മനുഷ്യൻ ഇത്ര പെട്ടെന്ന്....? ഒന്നും മിണ്ടാതെ തന്നെ അഭിമുഖീകരിക്കാൻ കഴിയാതെ നിൽക്കുന്ന അവൻറെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി മെല്ലെ മിണ്ടാതെ തിരിച്ചുനടക്കാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും വിളിച്ചത്.... "ജാനിക്കുട്ടി....!!! എന്നും ഏറെ സ്നേഹം നിറച്ച വിളി, ഓരോ പ്രാവശ്യവും ആ വിളിയിൽ ഒതുങ്ങി നിന്നത് സംരക്ഷണവും കരുതൽ മാത്രമായിരുന്നില്ല തന്നോടുള്ള സ്നേഹം കൂടിയായിരുന്നു,

ഓരോ വട്ടവും ആ വിളി കേൾക്കുമ്പോൾ തന്നെ മനസിന്‌ ആശ്വാസം ആയിരുന്നു, പക്ഷേ ഇപ്പോൾ എന്തോ ഒരു അപരിചിതത്വം തോന്നുന്നു, എന്തോ ഒരു അകൽച്ച തോന്നുന്നുണ്ടോ....? ഒരിക്കലും ഞങ്ങൾ ഒരുമിച്ച് ചേരില്ല എന്ന് പറയുന്നതുപോലെ, അല്ലെങ്കിൽ അത്രയും ആത്മാർഥതയില്ലാതെ വിളിക്കുന്നതുപോലെ....... ഒന്നും മിണ്ടാതെ നിന്നു...... കുറച്ചുസമയം കഴിഞ്ഞപ്പോഴും ഏട്ടൻറെ നിശ്വാസങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... " ഞാൻ നിന്നെ അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ..... ക്ഷമിക്കണം......!! ആ മുഖം കണ്ടപ്പോൾ വീണ്ടും തന്നോട് തന്നെ പുച്ഛം തോന്നിയത് പോലെ, വേദനിക്കുകയാണ് ആ മനുഷ്യൻ ഇപ്പോഴും, " ആരാണെന്ന് ചിന്തിക്കാതെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചത് ഞാനാണ്, ഹരിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല........ ആ മുഖത്തേക്ക് നോക്കാതെ എങ്ങനെയോ പറഞ്ഞു......

" എനിക്കൊന്നു മാത്രം അറിഞ്ഞാൽ മതി, ഒരിക്കലെങ്കിലും വാക്കുകൊണ്ടോ നോക്കുകൊണ്ടോ സ്പർശം കൊണ്ടു മോശമായ രീതിയിൽ എപ്പോഴെങ്കിലും നിന്നോട് ഞാൻ ഇടപെട്ടിട്ടുണ്ടോ മോളെ.....? നിനക്ക് മോഹം തോന്നുന്ന രീതിയിൽ എപ്പോഴെങ്കിലും എൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു ഇടപെടൽ ഉണ്ടായിട്ടുണ്ടോ......? നീ എന്നോട് തുറന്നു പറയണം, ഇല്ലെങ്കിൽ സമാധാനം കിട്ടില്ല എനിക്ക്.... ആത്മാർത്ഥമായി ആയിരുന്നു അവന്റെ ചോദ്യം..... " ഇല്ല ഹരിയേട്ടാ.......!! ഒരിക്കൽപോലും ഹരിയേട്ടന്റെ ഭാഗത്തുനിന്നും മോശം ആയിട്ടുള്ള ഒരു നോട്ടമോ സ്പർശനമൊ പോലും വന്നിട്ടില്ല........ എൻറെ തെറ്റായിരുന്നു....... ഞാൻ മാത്രമാണ് തെറ്റ് ചെയ്തത്.........

പക്ഷേ ഇതിൽ പൂർണമായി ഞാൻ തെറ്റ് ചെയ്തു എന്ന് എനിക്ക് സമ്മതിച്ചു തരാൻ പറ്റില്ല......... ഒരാളോട് ഒരു മോഹം തോന്നുന്നത് , ഒരു ഇഷ്ടം തോന്നുന്നത് തെറ്റാണോ ഹരിയേട്ടാ......? അത് തെറ്റാണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ.....? ഞാനും മോഹിച്ചുപോയി ഇഷ്ടപ്പെട്ടുപോയി, അച്ഛൻ ഇല്ലാതെ എനിക്ക്, അച്ഛൻ നൽകിയിട്ടില്ലാത്ത സംരക്ഷണവും കരുതലും ഒക്കെ ഹരിയേട്ടൻ നൽകി, ഒരിക്കലും ഹരിയേട്ടനെ പിരിയരുതേ എന്ന് ആഗ്രഹിച്ചു, അപ്പോഴും ഇഷ്ടത്തിന് ഈ ഒരു നിറം ഉണ്ടായിരുന്നില്ല........ ഒരിക്കൽ മറ്റൊരു വിവാഹം കഴിഞ്ഞാൽ പിന്നീട് ഹരിയേട്ടൻ എനിക്ക് ആരാണെന്ന് ഒരു ബോധം അമ്മ നൽകിയ നിമിഷം അന്നേരം പോലും ചിന്തിച്ചിരുന്നില്ല, പിന്നീട് എപ്പോഴോ ഏതോ ഒരു നിമിഷം എൻറെ മനസ്സിലേക്ക് കടന്നു വന്ന ഒരു ചിന്തയാണ്,

അങ്ങനെയാണെങ്കിൽ ഒരിക്കലും ഹരിയേട്ടനെ പിരിയേണ്ടി വരില്ലല്ലോ എന്ന്, അത് മാത്രമേ ആ നിമിഷം ഞാൻ ചിന്തിച്ചിരുന്നുള്ളു, പിന്നീട് ആ ഇഷ്ട്ടം ഇത്രത്തോളം വളരും എന്ന് എനിക്ക് അറിയില്ലാരുന്നു, ആ ഇഷ്ട്ടം എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയ നിമിഷം ആണ് ഹരിയേട്ടനോട്‌ എങ്കിലും അത് പറയണം എന്ന് എനിക്ക് തോന്നിയത്, പറയുമ്പോൾ ഒരു വലിയ പൊട്ടിത്തെറി തന്നെ ഞാൻ പ്രതീക്ഷിച്ചു, " അവന് നേരിയ ഒരു ആശ്വാസം തോന്നി........ അവളുടെ മനസ്സിൽ നിറഞ്ഞ അരക്ഷിതാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു പ്രണയമായിരുന്നു തന്നോടുള്ളത്, താൻ നൽകിയ സുരക്ഷിതത്വവും കരുതലുമായിരുന്നു തന്നിൽ ഒരു മോഹമായി വളരാൻ അവളെ പഠിപ്പിച്ചത്, താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾ തന്നെ പറഞ്ഞപ്പോൾ ഒരു സമാധാനം അവന് തോന്നിയിരുന്നു.........

ഈ നിമിഷം വരെ താൻ ചിന്തിച്ചു കൊണ്ടിരുന്നത് തന്നിൽ നിന്ന് തെറ്റായ ഒരു നോട്ടമോ ഭാവമോ ഉണ്ടായിട്ടുണ്ടോ എന്നാണ്....? തെറ്റായ ഒരു മോഹം താൻ അവൾക്ക് നൽകിയിട്ടുണ്ടോ എന്നായിരുന്നു......? തന്റെ ഭാഗത്തുനിന്നും അങ്ങനെയെന്തെങ്കിലും ഉണ്ടായത് കൊണ്ടാണോ അവൾ തന്നെ ആ ഒരു രീതിയിൽ ആഗ്രഹിച്ചത് എന്നായിരുന്നു, അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവൾ പറയുന്നത് സത്യമാണെന്ന് ശ്രീഹരിക്ക് തോന്നി....... അച്ഛൻ ഇല്ലാത്ത ഒരു പെൺകുട്ടി അവൾക്ക് കരുതൽ നൽകി അവളുടെ സുരക്ഷിതത്വത്തിനായി നില കൊണ്ട ഒരു മുതിർന്ന പുരുഷനോട് അവൾക്ക് സ്വാഭാവികമായി ഒരു മോഹം തോന്നും, അത് തെറ്റല്ല,

ഈ പ്രായത്തിൽ തോന്നുന്നതാണ്....... അവളെ തെറ്റ് പറയാൻ സാധിക്കില്ല, പക്ഷേ ഒരു വട്ടം അല്ല, നൂറു പ്രാവശ്യം എങ്കിലും താൻ പറയാറുണ്ട്, വിദ്യയെ പോലെയാണ് ജാനകി എന്ന് അവളോട് തന്നെ പറഞ്ഞിട്ടുണ്ട്, എന്നിട്ടും അവൾ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് തനിക്ക് ദേഷ്യം വന്നത്, പാടില്ലായിരുന്നു ഒരു കൊച്ചുകുട്ടി, വല്ലാത്ത ദേഷ്യം തോന്നിയതുകൊണ്ട് ആണ് അടിച്ചത്, അവൾ ചെയ്ത ഒരു തെറ്റ് ഉപദേശിച്ച് തനിക്ക് ശരിയാക്കാമായിരുന്നു.......... അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചു പോയതാണ്, തിണർത്തു കിടക്കുന്ന അവളുടെ കവിൾ കണ്ടപ്പോൾ വീണ്ടും അവന് വേദന തോന്നി......

" നീ പറഞ്ഞതുപോലെ അച്ഛൻറെ സ്ഥാനത്തു നിന്നാണ് ഞാൻ നിന്നെ സ്നേഹിച്ചിട്ട് ഉള്ളത്, അല്ലെങ്കിൽ മുതിർന്ന ഒരു ഏട്ടന്റെ സ്ഥാനത്തുനിന്ന്, അതിനുമപ്പുറം എന്നെ മോള് മറ്റൊരു രീതിയിലും മനസ്സിൽ കാണരുത്, മോളെ നിനക്ക് എന്നും ഞാൻ ഉണ്ടാവും, ഒരിക്കലും പ്രതിബന്ധം കൊണ്ടും നിന്നിൽ നിന്നും അകന്നു പോകാൻ എനിക്ക് സാധിക്കില്ല, കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നത് അത്രമേൽ വാത്സല്യത്തോടെ ആണ്..... ഓരോ വട്ടവും നിന്നെ ഞാൻ നോക്കിയിട്ട് ഉള്ളത് ഏട്ടന്റെ കരുതലോടെ ആണ്, രക്തബന്ധത്തെക്കാൾ വലുതാണ് മോളെ ചില കർമ്മബന്ധങ്ങൾ ...... ഇപ്പോൾ ഈ നിമിഷം പോലും നിന്നോട് ഉള്ള ഇഷ്ട്ടം കുറഞ്ഞിട്ടില്ല,

നീ ചെയ്യുന്നത് തെറ്റാണ് മോളെ...... എന്നെ കുറിച്ച് തോന്നിപ്പോയ നിൻറെ ആ ഒരു ചിന്ത നീ മനസ്സിൽ നിന്നും തന്നെ മായ്ച്ചു കളയണം, ഏട്ടനാണ്, ഏട്ടനായി മാത്രമേ കാണാവൂ...... അല്ലാതെ നീ ചെയ്യുന്നതെല്ലാം തെറ്റായി പോകും, മറ്റുള്ളവർ കേട്ടാലും അത് തെറ്റായി മാത്രമേ കാണു, ഇപ്പൊൾ നീയും ഞാനും മാത്രമേ അറിഞ്ഞിട്ടുള്ളൂ, ഒരു മുതിർന്ന പുരുഷനോട് തോന്നിയ ഒരു അഭിനിവേശം, അങ്ങനെ മാത്രമേ ഏട്ടൻ എടുത്തിട്ടുള്ളു, മോഹം തോന്നും, തോന്നണം സ്വാഭാവികമാണ്...... ഏട്ടൻ ആ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ, മറ്റാരും അറിയില്ല, ഏട്ടന്റെ മനസ്സിൽ മാത്രമേ ഇത് ഉണ്ടാകു, നീയൊരു തെറ്റ് ചെയ്തു, ആ തെറ്റ് ഏട്ടൻ ക്ഷമിക്കുകയാണ്.......

നിൻറെ മനസ്സിൽ ഇനി അങ്ങനെ ഒരു തെറ്റ് ആവർത്തിക്കരുത്, മനസ്സിൽ ഒരു നൂറുവട്ടം നീ അത് തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മാത്രം മതി.........ഞാനുണ്ടാകും എന്നും നിന്നോട് ഒപ്പം, മനസ്സിൽ അങ്ങനെയൊരു ചിന്ത വന്നു പോട്ടെ, ഇപ്പോൾ സംഭവിച്ചു പോയതൊക്കെ അറിവില്ലായ്മയാണ് എന്ന് എനിക്ക് മനസ്സിലാകും, ഇപ്പൊ സംസാരിച്ചു പിരിയുന്നതോടെ നിൻറെ മനസ്സിൽ നിന്നും ആ ചിന്ത പോകണം, ഏട്ടന്റെ പഴയ ജാനികുട്ടി ആകണം, ശ്രീഹരി അത് പറഞ്ഞിരുന്നപ്പോൾ ഒരിക്കലും അവനിൽനിന്നും അങ്ങനെ ഒരു വാക്ക് അവൾ പ്രതീക്ഷിച്ചിരുന്നില്ല, " ഏട്ടൻ എല്ലാം മറക്കുക ആണ്.....നീ ഇനി ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല എന്ന് ഏട്ടന് വാക്ക് താ.... തന്റെ വലംകൈ നീട്ടിപ്പിടിച്ച് തനിക്ക് നേരെ നിൽക്കുന്ന ശ്രീഹരിയോട് എന്തുപറയണമെന്നറിയാതെ ഒരു നിമിഷം ജാനകി നിന്ന് പോയി...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...